Wednesday, June 20, 2012

വെള്ളാനിക്കരയിലെ ഗൂഢാലോചന

വെള്ളാനിക്കരയിലെ കൊലക്കേസ് എന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുള്ള ഗൂഢാലോചനയാക്കി മാറ്റിയത് അന്നത്തെ മുഖ്യമന്ത്രി ശങ്കറും ആഭ്യന്തരമന്ത്രി പി ടി ചാക്കോയുമാണ്. സീതാറാം സമരവും അന്തിക്കാട്ടെ ചകിരി സമരവും തൃശൂരിലെ പീടികത്തൊഴിലാളികളുടെ സമരവും നയിച്ച എനിക്ക്, വെള്ളാനിക്കര എസ്റ്റേറ്റിലെ ദുര്‍നിയമങ്ങള്‍ കണ്ടുനില്‍ക്കാനാവുമായിരുന്നില്ല...... യൂണിയന്‍ സംഘടിപ്പിക്കാന്‍ പ്രയാസമില്ലായിരുന്നു. പക്ഷേ, എസ്റ്റേറ്റ് ഉടമയുടെ എതിര്‍പ്പ് ഇത്രയും രൂക്ഷമാണെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ശങ്കര്‍- ചാക്കോ അച്ചുതണ്ടിന്റെ വിമര്‍ശകനായ എന്നെ വേട്ടയാടിപ്പിടിക്കാന്‍ വെള്ളാനിക്കര കൊലക്കേസിലൂടെ വഴിനോക്കുകയായിരുന്നു ചിലര്‍. മുഖ്യശത്രുവായ കമ്യൂണിസ്റ്റുകാരില്‍നിന്നുപോലും എനിക്കിത്ര എതിര്‍പ്പുണ്ടായിട്ടില്ല.

വെള്ളാനിക്കരയില്‍ തട്ടില്‍ എസ്റ്റേറ്റ് ഒരു റബര്‍ എസ്റ്റേറ്റായിരുന്നു. എനിക്ക് നല്ല പരിചയമുള്ള പ്രദേശമാണിത്. ഓരോ വീട്ടുകാരെയും എനിക്കറിയാം. ഒരുകാലത്ത് ഞാന്‍ അവരുടെ എംഎല്‍എയും ആയിരുന്നു. എസ്റ്റേറ്റിലെ യൂണിയന്‍ രൂപീകരണത്തിന് ഞാനും കെ വി കെ പണിക്കരുമാണ് യത്നിച്ചത്. വെള്ളാനിക്കരയിലെ തൊഴിലാളികള്‍ അങ്ങേയറ്റം ശോചനീയമായ ചുറ്റുപാടിലാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തൊഴിലാളികള്‍ സമരം തുടങ്ങിയത്. സമരം ആരംഭിച്ചപ്പോള്‍ എസ്റ്റേറ്റ് ഉടമയും ശിങ്കിടികളും തൊഴിലാളികളുടെ നേരെ ഭീഷണി മുഴക്കാന്‍ തുടങ്ങി. ഇത് നിരന്തരം തുടര്‍ന്നു. പെട്ടെന്നൊരു പ്രതികാര നടപടി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ യൂണിയനിലെ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവം ഞങ്ങള്‍ പ്രതീക്ഷിക്കാത്തതായിരുന്നു. കുത്തേറ്റ കെ വി വാറുണ്ണി തല്‍ക്ഷണം മരിച്ചു. കൈപ്പിള്ളി തിലകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 82 ദിവസങ്ങള്‍ക്കുശേഷം ഞങ്ങളെ മുഴുവന്‍ കണ്ണീരിലാഴ്ത്തി തിലകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് മരണമടഞ്ഞു. അതോടെ ആ പ്രദേശം മുഴുവന്‍ പ്രതിഷേധംകൊണ്ട് തിളച്ചുമറിയാന്‍ തുടങ്ങി. ......

അന്നുരാത്രി ഞങ്ങള്‍ പൂര്‍ണമായ പണിമുടക്കുതുടങ്ങി. "തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷമേ പണിക്കുകയറൂ"- ഞങ്ങള്‍ പ്രഖ്യാപിച്ചു. എസ്റ്റേറ്റ് ഉടമ തട്ടില്‍ കൊച്ചുവറീത് ഒരു കടുംപിടിത്തക്കാരനായിരുന്നു. സമരത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ നടന്ന യോഗത്തില്‍ യൂണിയന്‍ സെക്രട്ടറിയായിരുന്ന കോയക്കുട്ടിയെ പങ്കെടുപ്പിച്ചത് വറീതിന് രസിച്ചില്ല. യൂണിയന്‍ നേതാക്കളായി പനമ്പിള്ളിയും ഞാനും കൂടെയുണ്ടായിരുന്നു. എന്നാല്‍, എസ്റ്റേറ്റിലെ ടാപ്പര്‍ തൊഴിലാളിയായ കോയക്കുട്ടിയുടെകൂടെ പ്രശ്നം ചര്‍ച്ചചെയ്യാന്‍ എസ്റ്റേറ്റ് ഉടമ തയ്യാറായില്ല. ഒരു തെണ്ടിച്ചെക്കന്റെ കൂടെ ഞാനിരിക്കില്ല- കൊച്ചുവറീത് പൊട്ടിത്തെറിച്ചപ്പോള്‍ പനമ്പിള്ളി തിരിച്ചടിച്ചു. "കോയക്കുട്ടിയെപ്പറ്റി പറഞ്ഞത് പിന്‍വലിച്ചില്ലെങ്കില്‍ നിങ്ങള്‍ ഇവിടെനിന്നും പുറത്തുകടക്കില്ല." തൊഴിലാളികളോടുള്ള ഉടമയുടെ സമീപനം വ്യക്തമാക്കാനാണ് ഇക്കാര്യം എടുത്തുപറഞ്ഞത്. അത്തരമൊരന്തരീക്ഷമായിരുന്നു എസ്റ്റേറ്റിലുടനീളം. ഈ സാഹചര്യത്തിലാണ് ഉടമയുടെ കൂടെനിന്ന സൂപ്രണ്ട് ജോണ്‍ കൊല്ലപ്പെട്ട വിവരം ഞങ്ങള്‍ അറിയുന്നത്. .....

സെപ്തംബറില്‍ എട്ട് തൊഴിലാളികളുടെ പേരില്‍ പൊലീസ് കേസെടുത്തു. ഈ ഘട്ടത്തില്‍ ഞാനോ, പണിക്കരോ കൊലക്കേസില്‍ പ്രതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഒക്ടോബര്‍ മൂന്നാമത്തെ ആഴ്ചയില്‍ തിരുവനന്തപുരത്തുനിന്ന് വ്യക്തമായ നിര്‍ദേശം പൊലീസിന് ലഭിച്ചു. മുഖ്യമന്ത്രിയും തൃശൂരിലെ ചില സമുദായപ്രമാണികളും നടത്തിയ ഗൂഢാലോചനയായിരുന്നു അത്. ഒക്ടോബര്‍ 24ന് എന്നെയും പണിക്കരെയും പ്രതിചേര്‍ത്ത് അഡീഷണല്‍ ചാര്‍ജ് ഷീറ്റ് നല്‍കി. ഞാന്‍ ഒമ്പതാംപ്രതിയും പണിക്കര്‍ പത്താംപ്രതിയും. കൊലപാതകം ചുമത്തിയായിരുന്നു കുറ്റപത്രം. തൃശൂരില്‍ ഡിസിസി ഓഫീസില്‍വെച്ചാണ് ഞാന്‍ വിവരമറിയുന്നത്. സൂപ്രണ്ടിനെ കൊലപ്പെടുത്തിയ കേസില്‍ എന്നെ പ്രതിയാക്കി നശിപ്പിക്കാനായിരുന്നു ചാക്കോയും ശങ്കറുംകൂടി ഗൂഢാലോചന നടത്തിയത്. അന്ന് ശങ്കര്‍ മന്ത്രിസഭയെ സി കെ ജിയും മറ്റും നഖശിഖാന്തം എതിര്‍ത്തിരുന്നു. എതിര്‍പ്പ് മന്ത്രിമാരോടായിരുന്നില്ല. നയങ്ങളോടായിരുന്നു. അക്കാലത്ത് സി കെ ജിയോടൊപ്പം നിന്ന എന്നെ ദുര്‍ബലപ്പെടുത്തിയാല്‍ ഈ ഗ്രൂപ്പ് തന്നെ ഇല്ലാതാവുമെന്നായിരുന്നു ശങ്കറിന്റെ ഉള്ളിലിരിപ്പ്. കൊച്ചിയിലും മലബാറിലുമുള്ള നേതാക്കള്‍ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ടത്തില്‍ത്തന്നെ രംഗത്തുവന്നവരാണ്. അവരുടെ വിമര്‍ശനം ശങ്കറിന് ഇഷ്ടപ്പെട്ടിരുന്നില്ല. "മലബാറില്‍നിന്നും കൊച്ചിയില്‍നിന്നും ആരും നേതാവാകേണ്ട" എന്ന അഹന്തയും ഇതിന് പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ യഥാര്‍ഥ പോരാളികള്‍ പിന്തള്ളപ്പെടുന്ന ദുഃഖകരമായ സാഹചര്യം അന്നുമുണ്ടായിരുന്നു. എസ്റ്റേറ്റില്‍വെച്ച് മുന്നൂറില്‍പ്പരംപേര്‍ പങ്കെടുത്ത യോഗത്തില്‍ സൂപ്രണ്ടിനെ കൊലപ്പെടുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.....

ഈ കേസില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടേയില്ലെന്ന് ലോക്കല്‍ പൊലീസിനും ബോധ്യപ്പെട്ടതാണ്. എന്നാല്‍, തിരുവനന്തപുരത്തുനിന്നും വന്ന ഉത്തരവ് എന്നെ പ്രതിയാക്കണം എന്നു തന്നെയായിരുന്നു. എന്നു മാത്രമല്ല, എന്നെ അറസ്റ്റുചെയ്ത് വിലങ്ങുവെച്ച് തൃശൂര്‍ നഗരത്തില്‍ക്കൂടി നടത്തണമെന്നും ചിലര്‍ നിര്‍ദേശിച്ചു. ഇത് അറിഞ്ഞയുടനെ അന്നത്തെ ഡിഎസ്പി പണിക്കര്‍തന്നെ എന്നെ വിവരം അറിയിച്ചു. ഞാന്‍ കോണ്‍ഗ്രസ് ഓഫീസില്‍നിന്നും നേരെ വീട്ടിലെത്തി. ഒന്നോ രണ്ടോ ജോഡി വസ്ത്രം, നൂറുരൂപ ഇത്രയും ഒരു പെട്ടിയിലാക്കി ഞാന്‍ ഒളിവില്‍ പോകാന്‍ തയ്യാറായി. കല്ല്യാണിയോട് വിവരം പറഞ്ഞു. മക്കളെ അറിയിക്കണ്ട. "അവര്‍ ഇതറിഞ്ഞാല്‍ ആകെ വിഷമിക്കും." അന്ന് മുരളിക്ക് എട്ടോ ഒമ്പതോ വയസ്സേയുള്ളൂ. പത്മജ ചെറിയ കുട്ടിയാണ്.....കാറുമായി കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എത്തി. എന്നെ വിലങ്ങുവെച്ച് തൃശൂരില്‍കൂടി നടത്താന്‍ അന്ന് ആഭ്യന്തരമന്ത്രി തൃശൂര്‍ കലക്ടര്‍ ശ്രീധരന്‍നായരെ വിളിച്ച് ചട്ടംകെട്ടിയ വിവരം കുറൂര്‍ അറിഞ്ഞിരുന്നു. ""ആരും വിഷമിക്കണ്ട. കരുണാകരനെ ഞാന്‍ കൊണ്ടുപോകാം"". കുറൂര്‍ എല്ലാവരോടുമായി പറഞ്ഞു. കുറൂരിനോടൊപ്പം ഞാന്‍ കാറില്‍ കയറി. വണ്ടി കോയമ്പത്തൂരിലേക്ക് പാഞ്ഞു. അവിടെനിന്നും മദ്രാസിലേക്കും. ""എന്ത് പ്രശ്നമുണ്ടെങ്കിലും എന്നെ അറിയിക്കണം. ഈ ചതിക്ക് നമുക്ക് പിന്നീട് മറുപടി നല്‍കാം."" കുറൂര്‍ പറഞ്ഞു. കുറൂരിന്റെ വാക്കുകള്‍ എനിക്ക് ധൈര്യം പകര്‍ന്നു. പിന്നീട് മദ്രാസില്‍, ഒരു ബന്ധുകൂടിയായിരുന്ന ഇന്‍കംടാക്സ് കമീഷണറുടെ വീട്ടില്‍ അധികമാരുമറിയാതെ ഞാന്‍ ഒളിവില്‍ കഴിഞ്ഞു. .....എവിടെ കണ്ടാലും എന്നെ പിടിക്കണം എന്നായിരുന്നു തിരുവനന്തപുരത്തുനിന്നുള്ള ഉത്തരവ്. കുന്നംകുളം കോടതിയില്‍ ജാമ്യമെടുക്കാന്‍ വരുന്നതിനുമുമ്പ് പിടികൂടാനായിരുന്നു നീക്കം. അത് മണത്തറിഞ്ഞ് ഞങ്ങള്‍ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ നീക്കിയത്. തൃശൂരോ കുന്നംകുളത്തോ ജാമ്യം കിട്ടാതെ സഞ്ചരിച്ചാല്‍ അറസ്റ്റ് ഉറപ്പ്. ....

തലേ ദിവസംതന്നെ ഞാന്‍ കോയമ്പത്തൂരില്‍ എത്തി. അവിടെനിന്ന് രാത്രി കാറില്‍ കമ്പിളിയും പുതച്ചാണ് പെങ്ങാമുക്കിലുള്ള കെ എസ് നാരായണന്‍ നമ്പൂതിരിയുടെ ഇല്ലത്തെത്തിയത്. അവിടെനിന്ന് ഗുരുവായൂരപ്പനെ തൊഴുത് തിരിച്ചുവന്നു. കോടതിയിലേക്ക് പുറപ്പെടുമ്പോള്‍ നമ്പൂതിരിയും പി പി ജോര്‍ജും യൂസഫലി കേച്ചേരിയുടെ അമ്മാവനും കൂടെയുണ്ടായിരുന്നു. എന്നെ രക്ഷിക്കാന്‍ എന്തിനും തയ്യാറായിരുന്നു അവര്‍. ജാമ്യം എടുക്കാന്‍ ഞാന്‍ എത്തുമെന്ന് പൊലീസിനും വിവരം കിട്ടിയിരുന്നു. കോടതിയില്‍ കയറുന്നതിനുമുമ്പ് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും ഒരുങ്ങിനിന്നു. രാത്രി പെങ്ങാമുക്ക് എത്തിയ കുറൂര്‍ നമ്പൂതിരിപ്പാട് ഒരു നിര്‍ദേശംവെച്ചു. "കരുണാകരന്‍ കോടതിയില്‍ എത്തിയാലുടനെ ഞാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അടിക്കാം. ആ ബഹളത്തിനിടയില്‍ കോടതിയില്‍ ഓടിക്കയറിക്കൊള്ളണം." ....ഇതൊന്നും വേണ്ടിവന്നില്ല. രാവിലെ ടാക്സിയില്‍ കോടതിമുറ്റത്ത് വന്നിറങ്ങിയ ഉടനെ ഞാന്‍ ഓടി കോടതിക്കകത്തുകയറി. പൊലീസിന് എന്നെ തൊടാന്‍ പറ്റിയില്ല. കൂടെ വന്നവര്‍ക്കൊക്കെ ആശ്വാസമായി...... കൊലക്കേസില്‍ പ്രതിയാക്കി ശിക്ഷിക്കപ്പെട്ടാല്‍ പിന്നെ എന്റെ വളര്‍ച്ച തടസ്സപ്പെടും എന്ന തോന്നലിന്റെ ബലത്തിലാണ് കല്യാണി എന്ന പാവം സ്ത്രീയെ കള്ളസാക്ഷി പറയാന്‍ അവര്‍ നിര്‍ബന്ധിച്ചതും.

(മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച "പതറാതെ മുന്നോട്ട്" എന്ന കെ കരുണാകരന്റെ ആത്മകഥയില്‍നിന്ന്)
*
ദേശാഭിമാനി 20 ജൂണ്‍ 2012

കര്‍ഷകനെ കൊല്ലുന്ന വളംവിലവര്‍ധന

ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന കര്‍ഷക ജനസാമാന്യത്തിന്റെ ജീവിതം തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. 1995-2012ല്‍ 2,70,000ത്തോളം കൃഷിക്കാര്‍ ആത്മഹത്യയില്‍ അഭയംതേടി എന്ന കണക്ക്, രാജ്യത്തെ കാര്‍ഷികമേഖല എത്രമാത്രം ഗുരുതരമായ അവസ്ഥയിലെത്തിനില്‍ക്കുന്നു എന്ന് തെളിയിക്കുന്നു. കാര്‍ഷികരാജ്യമാണ് ഇന്ത്യ എന്നതും ജയ് കിസാന്‍ വിളികളും മറന്ന യുപിഎ സര്‍ക്കാര്‍ നവ ലിബറല്‍ നയങ്ങളില്‍ കൂടുതല്‍ കൂടുതല്‍ മുറുകെപ്പിടിക്കുമ്പോള്‍ കര്‍ഷകന്റെ കഴുത്തിലെ കുരുക്കും മുറുകിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ട് കാര്‍ഷികമേഖലയ്ക്ക് മുന്തിയ പരിഗണനയാണ് സ്വാതന്ത്ര്യാനന്തരം ലഭിച്ചത്. ഒപ്പം കൃഷി നവീനമാക്കാനും പഞ്ചവത്സരപദ്ധതികളില്‍ തയ്യാറായി. കാര്‍ഷികവളര്‍ച്ചയുടെ നേട്ടങ്ങള്‍ കാര്യമായി ലഭിച്ചത് ധനിക കൃഷിക്കാര്‍ക്കായിരുന്നു എന്നത് ചൂണ്ടിക്കാട്ടുമ്പോള്‍ത്തന്നെ, ഭക്ഷ്യസ്വയംപര്യപ്തതയിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റവും ചെറുകിട- ഇടത്തരം കൃഷിക്കാര്‍ക്കുണ്ടായ പരിമിതമായ പുരോഗതിയും അവഗണിക്കാവുന്നതല്ല. അത്തരമൊരവസ്ഥയില്‍നിന്നുള്ള പുറകോട്ടുപോക്കാണ് രണ്ടുപതിറ്റാണ്ടുമുമ്പ് കൊണ്ടുവന്ന നയംമാറ്റത്തിലൂടെ സംഭവിച്ചത്. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ കാര്‍ഷികനയങ്ങളില്‍ അടിസ്ഥാനമാറ്റം വരുത്തി. അതിന്റെ ദോഷം പടിപടിയായി കാര്‍ഷികമേഖലയെ ബാധിച്ചു. തുടര്‍ന്ന്, കയറ്റുമതിക്ക് മുന്‍ഗണന നല്‍കുന്നതും കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന പാട്ടകൃഷി വിപുലീകരിക്കുന്നതുമായ നവ ഉദാരണവല്‍ക്കരണനയംവന്നു. കാര്‍ഷിക സമ്പദ്ഘടനയെ തകിടംമറിച്ചാണ് ആ നയം നടപ്പാക്കപ്പെട്ടത്. കാര്‍ഷികമേഖലയിലേക്കുള്ള നീക്കിയിരുപ്പ് 1980കളില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 14.5 ശതമാനം എന്നത് ഇപ്പോള്‍ 5.5 ശതമാനമായി ചുരുക്കി.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കല്‍, സബ്സിഡി വെട്ടിക്കുറയ്ക്കല്‍, കാര്‍ഷിക കമ്പോളത്തിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള വിലതകര്‍ച്ച, ഉല്‍പ്പാദന ചെലവിലെ വന്‍ വര്‍ധന ഇവയെല്ലാമാണ് ആഗോളവല്‍ക്കരണനയങ്ങളുടെ ഫലം. ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ താളം തെറ്റിയിരിക്കുന്നു. രാസവളങ്ങളുടെ നേരിട്ടുള്ള സബ്സിഡി എടുത്തുകളഞ്ഞാണ് യുപിഎ സര്‍ക്കാര്‍ ഈ പ്രതിസന്ധിയുടെ ആഴം വീണ്ടും കൂട്ടിയത്. തകരുന്ന കാര്‍ഷികമേഖലയ്ക്ക് വീണ്ടും ആഘാതമായി കമ്പനികള്‍ രാസവളംവില വന്‍തോതില്‍ ഉയര്‍ത്തിയിരിക്കുന്നു. യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില 30 മുതല്‍ 60 ശതമാനംവരെയാണ് ഒറ്റയടിക്ക് കൂട്ടിയത്. ജൂണ്‍ ഒന്നിന് വര്‍ധന നിലവില്‍ വന്നു. കീടനാശിനി വിലയും കാണെക്കാണെ ഉയരുകയാണ്. ഉല്‍പ്പന്നവിലയും കൃഷിച്ചെലവും ഒത്തുപോകാതെ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് താങ്ങാനാകുന്നതല്ല ഈ ആഘാതം. രണ്ട് വര്‍ഷത്തിനിടെ ഇത് പതിനൊന്നാംതവണയാണ് രാസവളത്തിന് വില കൂട്ടുന്നത്. വില വര്‍ധിപ്പിക്കാന്‍ നീക്കമുണ്ടെന്നറിഞ്ഞതോടെ വളം കമ്പനികള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചു. വിലക്കയറ്റം മാത്രമല്ല, സീസണില്‍ ആവശ്യമായ വളം കിട്ടാത്തതും കൃഷിക്കാരെ തളര്‍ത്തുന്നു. കോര്‍പറേറ്റുകളുടെ പാട്ടകൃഷി പോഷിപ്പിക്കാന്‍ ഇന്ത്യയിലെ കര്‍ഷകരെ കൊലയ്ക്ക് കൊടുക്കുകയാണ്. യൂറിയ വില വര്‍ധിപ്പിക്കണമെന്ന് ആസൂത്രണ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വില വര്‍ധന തീരുമാനം തല്‍ക്കാലം നടപ്പാക്കുന്നില്ല എന്നേയുള്ളൂ. യൂറിയക്ക് പത്തു ശതമാനം വില വര്‍ധിപ്പിക്കാനാണ് രാസവളം മന്ത്രാലയത്തിന്റെ നിര്‍ദേശം. നിര്‍ദേശം കൂടുതല്‍ വ്യക്തത വരുത്താനെന്നപേരില്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി രാസവളം മന്ത്രാലയത്തിന് തിരിച്ചയച്ചത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞുകിട്ടാനാണ്. അതിനുമുമ്പ് തീരുമാനം വന്നാല്‍ ഇടതുപക്ഷമടക്കം ഉയര്‍ത്തുമെന്നുറപ്പുള്ള എതിര്‍പ്പും അതുമൂലമുണ്ടാകുന്ന പ്രതിസന്ധിയും ഒഴിവാക്കാനാണ് ഈ മെല്ലെപ്പോക്കെന്ന് വ്യക്തമായ സൂചനയുണ്ട്. യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില നിശ്ചയിക്കുന്നത് സ്വകാര്യകമ്പനികളാണ്. വളം ഇറക്കുമതിയിലൂടെ ബഹുരാഷ്ട്ര കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്. ഫോസ്ഫേറ്റ്, പൊട്ടാഷ് തുടങ്ങിയ പോഷകങ്ങളടങ്ങിയ 22 ഇനം വളങ്ങളുടെ വിലനിയന്ത്രണാധികാരം 2010ലാണ് കേന്ദ്രം കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. വിലനിയന്ത്രണാധികാരം കമ്പനികള്‍ക്ക് ലഭിക്കുന്നതിനുമുമ്പ് ഡിഎപിക്ക് ടണ്ണിന് 9350 രൂപയായിരുന്നു. എംഒപിക്ക് 4455ഉം. ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയിലെന്നതുപോലെ, രൂപയുടെ മൂല്യശോഷണമാണ് വളം വിലവര്‍ധനയ്ക്ക് കമ്പനികളുടെ ന്യായീകരണം.

അമിതോപയോഗം തടയാന്‍ എന്ന പേരിലാണ് യൂറിയക്ക് വില വര്‍ധിപ്പിക്കുന്നതത്രെ. എന്നാല്‍, കര്‍ഷകര്‍ക്ക് സഹായകമാകുമായിരുന്ന യൂറിയ ഇറക്കുമതി അനുവദിക്കുന്നുമില്ല. കേരളത്തില്‍ ഒന്നാംവിള നെല്‍ക്കൃഷിക്കും തെങ്ങ്, കവുങ്ങ്, റബര്‍ എന്നിവയ്ക്കും വളപ്രയോഗം നടത്തേണ്ട സമയമാണിത്. എല്ലാത്തരം കര്‍ഷകരെയും വളംവിലവര്‍ധന സാരമായി ബാധിച്ചിരിക്കുന്നു. എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കും എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞുകേട്ടത്. ആ എതിര്‍പ്പിന് ഒരു വിലയുമില്ല എന്ന് കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ ജനദ്രോഹനടപടികളിലൂടെ കേരളീയര്‍ക്ക് ബോധ്യപ്പെട്ടതാണ്. കോണ്‍ഗ്രസ് മാത്രമല്ല, കര്‍ഷക പാര്‍ടി എന്ന് സ്വയം വിളിക്കുന്നവരും ഭരണത്തിലിരിക്കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കര്‍ഷകദ്രോഹത്തിന് കുടപിടിച്ചുകൊടുക്കുകയാണവരും. ഭരണം നുണയുമ്പോള്‍ അത്തരക്കാര്‍ക്ക് കര്‍ഷകന്റെ കണ്ണീര്‍ അലോസരമാകുന്നില്ല. കര്‍ഷകര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ സന്നദ്ധതയുണ്ടെങ്കില്‍, യുപിഎ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ സ്വമേധയാ പങ്കാളികളാകാന്‍ അവര്‍ തയ്യാറാകുകയാണ് വേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 20 ജൂണ്‍ 2012

ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍


തലശേരി സെയ്താര്‍പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡില്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ ഒരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത് മുഹമ്മദ് ഫസല്‍. എന്‍ഡിഎഫ് എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഫസല്‍. കൊലപാതകം ആര്‍എസ്എസാണ് ചെയ്തതെന്ന് എന്‍ഡിഎഫ് തറപ്പിച്ചു പറഞ്ഞു. "എന്‍ഡിഎഫ് സബ്ഡിവിഷന്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് ഫസലിനെ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു" എന്ന് എന്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എ സി ജലാലുദീന്‍ പ്രസ്താവനയിറക്കി. തലശേരി ആര്‍ഡിഒ കെ വി ഗംഗാധരന്‍ അന്നുതന്നെ സമാധാനയോഗം വിളിച്ചു. അതില്‍നിന്ന് പക്ഷേ, എന്‍ഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. "കൊലപാതകത്തിലെ ഗൂഢാലോചന നടത്തിയ ആര്‍എസ്എസുകാരെ പങ്കെടുപ്പിച്ചുവെന്നാരോപിച്ച് എന്‍ഡിഎഫ് പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി" എന്നാണ് 2006 ഒക്ടോബര്‍ മൂന്നിന്റെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്. പെരുനാളിന്റെ തലേദിവസം കൊലപാതകത്തിന് തെരഞ്ഞെടുത്തത് അന്നുതന്നെ സംശയമുണര്‍ത്തിയിരുന്നു. ഒരു വര്‍ഗീയ കലാപത്തിന് വീണ്ടും അരങ്ങൊരുക്കുകയാണോ? നൂര്‍ജഹാന്‍ ഹോട്ടലില്‍നിന്ന് കലശഘോഷയാത്രയ്ക്കുനേരെ വന്ന ചെരിപ്പേറ് തലശേരിയുടെ മനസ്സിലുണ്ട്. അങ്ങനെ ഒന്നാണോ ഫസലിന്റെ ജീവനെടുത്തതിനു പിന്നില്‍? കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി വ്യക്തമാക്കി. എന്‍ഡിഎഫ്- സിപിഐ എം സംഘട്ടനത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന ആരോപണവും അവരില്‍നിന്ന് വന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്ന് തലശേരിയിലുണ്ടായിരുന്നു. അദ്ദേഹം ഇടപെട്ട് ഡിഐജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. സംഭവത്തിനു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫസലിന്റെ മൃതദേഹം കണ്ടശേഷം കോടിയേരി വ്യക്തമാക്കുകയും ചെയ്തു.

അസാധാരണമായ ഒരു കൊലപാതകം. എന്താണ് അതിലേക്ക് നയിച്ച കാരണമെന്ന് ആര്‍ക്കും വ്യക്തമായില്ല. കൊല്ലപ്പെട്ടയാളുടെ സംഘടനതന്നെ, ആരാണ് കൊലപാതകികളെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പൊലീസ് നീക്കവും ആ വഴിക്കായി. ലോക്കല്‍പൊലീസിന്റെ അന്വേഷണത്തില്‍ കൊലപാതകികളെ കണ്ടെത്താനായില്ല. ഏറെ ദുരൂഹമായ കാര്യങ്ങളാണ് അന്വേഷണത്തില്‍ മുന്നില്‍ വന്നത്. ഫസല്‍ കൊല്ലപ്പെട്ടത് പുലര്‍ച്ചെ നാലിനാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ വയറ്റില്‍ ദഹിക്കാത്ത ബിരിയാണി കണ്ടെത്തിയിരുന്നു. ഫസലിന്റെ വീട്ടില്‍നിന്ന് ബിരിയാണി കഴിച്ചിരുന്നില്ല. മറ്റെവിടെയെങ്കിലും പോയതായി വീട്ടുകാര്‍ക്ക് അറിവുമില്ല. കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന താല്‍പ്പര്യം അന്ന് ചില എന്‍ഡിഎഫ് നേതാക്കളില്‍ പ്രകടമായിരുന്നു. ആര്‍എസ്എസുകാരെ അറസ്റ്റുചെയ്യാന്‍ അവര്‍ പൊലീസില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി. അതേ ആവശ്യമുന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. പക്ഷേ, തെളിവില്ലാതെ നിഗമനത്തിലെത്താന്‍ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷണം തുടക്കംമുതല്‍ ഇരുട്ടിലായിരുന്നു. തലശേരി സിഐ ആയിരുന്ന പി സുകുമാരനാണ് എഫ്ഐആര്‍ ഇട്ടത്. അദ്ദേഹം മൂന്നു ദൃക്സാക്ഷികളെ ചോദ്യംചെയ്തു. കൊന്നവരെ തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞില്ല. പരാതിക്കാരനോ പ്രതികളെക്കുറിച്ച് കൃത്യമായ വിവരമോ ഇല്ലാത്ത സാഹചര്യത്തില്‍ കൊലപാതകക്കുറ്റത്തിന് പൊലീസ് സ്വമേധയാ കേസ് ചാര്‍ജ്ചെയ്തു. ഡിവൈഎസ്പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 105 പേരെ ചോദ്യംചെയ്തു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഒരു പുരോഗതിയുമില്ലാതെ വന്നപ്പോള്‍ അന്വേഷണച്ചുമതല കണ്ണൂര്‍ ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറി. 2006 നവംബര്‍ എട്ടിന് ഡിവെഎസ്പി ഡി സാലി സംഘത്തിന്റെ നേതൃത്വമേറ്റു. പിന്നെയും ചോദ്യംചെയ്യല്‍. ഇത്തവണ 149 പേരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. 2007 ജനുവരി 22 വരെ അന്വേഷണം അതേ നിലയില്‍ തുടര്‍ന്നു- കണ്ടെത്തല്‍മാത്രം ഉണ്ടായില്ല. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി മോഹന്‍ദാസായി തുടര്‍ന്നുള്ള അന്വേഷണച്ചുമതലക്കാരന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 33 പേരെയാണ് ചോദ്യംചെയ്തത്. കോഴിക്കോട് സ്ഫോടനക്കേസ് വന്നപ്പോള്‍ അതന്വേഷിക്കാന്‍ പോയ മോഹന്‍ദാസിനു പകരം ടി കെ രാജ്മോഹന്‍ വന്നു. തെളിവെടുപ്പും ചോദ്യംചെയ്യലും പരിശോധനകളുമെല്ലാം മുറയ്ക്ക് നടന്നതല്ലാതെ കേസിനെക്കുറിച്ച് ഒരു തുമ്പും അപ്പോഴും കിട്ടിയില്ല.

കുറ്റവാളികളെ പിടിക്കാത്തതില്‍ ഫസലിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി. പൊലീസ് അനാസ്ഥയെക്കുറിച്ച് തുടരെ വാര്‍ത്തകള്‍ വന്നു. അന്വേഷണത്തില്‍ ഒത്തുകളി നടക്കുന്നു എന്ന ആക്ഷേപമുയര്‍ന്നു. അതോടെ, കേസ് എവിടെയെങ്കിലും കൊണ്ടുകെട്ടാനായി ശ്രമം. സംഭവം നടന്ന് ഒരു വര്‍ഷമാകുമ്പോള്‍, 2007 ഒക്ടോബര്‍ എട്ടിനും പത്തിനുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ കൃത്യമായ തെളിവുണ്ടായിട്ടല്ല- ക്രൈംബ്രാഞ്ചിന്റെ മുഖം രക്ഷിക്കാനുള്ള അഭ്യാസം. ഈ മൂന്നുപേര്‍ 90 ദിവസത്തെ റിമാന്‍ഡിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. വിചിത്രമായ കാര്യം, പിന്നീട് സിബിഐ അന്വേഷിച്ചപ്പോള്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ല എന്നതാണ്. എന്നിട്ടുമെന്തേ അവരെ ഒഴിവാക്കുന്നില്ല എന്ന ചോദ്യത്തിന്, അവരെ ഒഴിവാക്കാനുള്ള തെളിവൊന്നും കിട്ടിയില്ല എന്നാണ് സിബിഐ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. ഒന്നാംപ്രതിയായി ചേര്‍ത്തത്, ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനിയെ ആണ്. സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അയാള്‍ ക്ഷുഭിതനായത്രേ. "ഒരു കേസില്‍ ഒന്നാം പ്രതിയേക്കാള്‍ വലിയ പ്രതിയുണ്ടോ? നിങ്ങള്‍ ഏതായാലും എന്നെ ഒന്നാംപ്രതിയാക്കി. ഇതില്‍കൂടുതല്‍ ഒന്നും വരാനില്ലല്ലോ. അതുകൊണ്ട് ഹാജരാകാന്‍ സൗകര്യമില്ല" എന്നാണ് സുനി പ്രതികരിച്ചത്. പിന്നെ ചോദ്യംചെയ്യാന്‍ സിബിഐക്ക് തോന്നിയില്ല. ആയിടയ്ക്ക് എന്‍ഡിഎഫ് ഉള്‍പ്പെട്ട നിരവധി അക്രമസംഭവങ്ങള്‍ അനുദിനം വാര്‍ത്തയാകുന്നുണ്ടായിരുന്നു. ആ സംഘടനയുടെ താലിബാന്‍ രീതികള്‍ക്കെതിരെ സിപിഐ എം ശക്തമായ നിലപാടെടുത്തു. പൊലീസ് കാര്‍ക്കശ്യത്തോടെ എന്‍ഡിഎഫ് അക്രമങ്ങളെ നേരിട്ടു. സിപിഐ എമ്മിനെ കടുത്ത ശത്രുക്കളായി കാണാന്‍ തുടങ്ങിയ എന്‍ഡിഎഫ്, തലശേരിയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള പാര്‍ടി സ്വാധീനം തകര്‍ക്കുന്നതിന് മുന്‍ഗണന നല്‍കി. ആര്‍എസ്എസിന്റെ ആക്രമണത്തില്‍നിന്ന് തലശേരിയിലെ ന്യൂനപക്ഷ സമുദായാംഗങ്ങളെ രക്ഷിക്കാന്‍ സ്വജീവന്‍ കൊടുക്കാന്‍ തയ്യാറായ കമ്യൂണിസ്റ്റുകാര്‍ക്ക് തലശേരിയിലെ മുസ്ലിം സമൂഹത്തില്‍ അസൂയാര്‍ഹമായ സ്ഥാനമാണുള്ളത്. എന്‍ഡിഎഫിന്റെ പടയോട്ടം തടയപ്പെട്ടതും ആ സ്വാധീനംകൊണ്ടുതന്നെ. സിപിഐ എമ്മിനെ പഴിചാരാനുള്ള ആയുധമായി ഫസല്‍വധക്കേസ് പരിവര്‍ത്തനപ്പെടുന്നത് ആ സാഹചര്യത്തിലാണ്. അതുവരെ ഫസല്‍വധത്തില്‍ മറ്റുവിധത്തിലുള്ള സംശയങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. ഫസലും സിപിഐ എമ്മും തമ്മില്‍ പ്രത്യേക വിരോധമുണ്ട് എന്ന കഥകളും ജനിച്ചിരുന്നില്ല. എന്‍ഡിഎഫുകാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തലശേരിയില്‍ ആര്‍എസ്എസ്- എന്‍ഡിഎഫ് സംഘട്ടനം വന്നാലുണ്ടാകുന്ന വിപത്ത് തിരിച്ചറിഞ്ഞ് ഇരുകൂട്ടര്‍ക്കുമെതിരെ ശക്തമായ പ്രചാരണമാണ് സിപിഐ എം സംഘടിപ്പിച്ചത്. കൊലയാളികളെ നിയമത്തിനുമുന്നില്‍കൊണ്ടുവരണമെന്ന് പാര്‍ടി നിരന്തരം ആവശ്യപ്പെട്ടു. പെട്ടെന്നൊരുനാള്‍ ഫസലിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അതിന് ചുക്കാന്‍ പിടിച്ചത് എന്‍ഡിഎഫ് നേതൃത്വംതന്നെയാണ്. ഹൈക്കോടതി ആ അപേക്ഷ പരിഗണിക്കുമ്പോഴേക്കും പുതിയ കഥകള്‍ പിറന്നു. സംഭ്രമജനകമായ വാര്‍ത്തകള്‍കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു. ഏറെ പ്രകോപനപരമായ ചില പരാമര്‍ശങ്ങളോടെയാണ് ജസ്റ്റിസ് രാംകുമാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. സാധാരണ നിലയില്‍ കേസന്വേഷണം എങ്ങനെയെങ്കിലും ഒതുക്കാനല്ലാതെ സിബിഐയെ വിളിക്കാനൊന്നും എന്‍ഡിഎഫ് തയ്യാറാകാറില്ല. ഏതുതരം അന്വേഷണത്തെയും അവര്‍ ഭയപ്പെടുന്നു. ആയുധശേഖരണം, പരിശീലനം, വിദേശ ബന്ധങ്ങള്‍, സദാചാരപൊലീസ് ചമയല്‍, ധനസ്രോതസ്സുകള്‍- ഇങ്ങനെ മറച്ചുവയ്ക്കാന്‍ പലതുമുള്ളവര്‍ക്ക് അവരുമായി നേരിട്ടു ബന്ധമുള്ള അന്വേഷണത്തെ നേരിടാനാകില്ല. ഇവിടെ മറിച്ചു സംഭവിച്ചത് ഒറ്റനോട്ടത്തില്‍ വിചിത്രമാണ്- സുക്ഷ്മാംശത്തില്‍ കുശാഗ്രബുദ്ധിയും. എന്‍ഡിഎഫും സിബിഐയും യോജിക്കുന്ന മേഖല ഏതെന്ന അന്വേഷണത്തില്‍, തലശേരിയുടെ പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായി രംഗത്തുവന്ന ഒരു യുഡിഎഫ് നേതാവിന്റെ മുഖമാണ് തെളിയുക. ഒരേസമയം രണ്ടുകാര്യങ്ങള്‍- സിപിഐ എമ്മിന്റെ തലശേരിയിലെ സ്വാധീനം തളര്‍ത്തലും എന്‍ഡിഎഫിന്റെ സഹായം പറ്റലും. ഫസല്‍ വധക്കേസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു പിന്നില്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഈ സൃഗാല തന്ത്രമാണ്. (അവസാനിക്കുന്നില്ല)

* പി എം മനോജ് ദേശാഭിമാനി 20 ജൂണ്‍ 2012

രണ്ടാം ഭാഗം :കെട്ടുകഥകളുടെ ഘോഷയാത്ര

Tuesday, June 19, 2012

മേഷയുദ്ധം

സ്റ്റാഫ് റൂമില്‍ കോമ്പോസിഷന്‍ നോക്കുകയായിരുന്നു പത്മാവതി ടീച്ചര്‍. ഏകാഗ്രതയിലാണ്. അപ്പോഴാണ് നന്ദിനി ടീച്ചറെത്തിയത്. ടീച്ചറാകെ വല്ലാതെയിരിക്കുന്നു. നന്ദിനി ടീച്ചറൊന്ന് തോണ്ടി. പത്മാവതി ടീച്ചര്‍ ആംഗ്യമായി ചോദിച്ചു. " എന്തു പറ്റി?"

നന്ദിനിടീച്ചര്‍ ആംഗ്യമായി തന്നെ താടികൊണ്ട് വിനയപൂര്‍വം പറഞ്ഞു. "ഒന്ന് പുറത്തേക്കു വരൂ, പ്ലീസ്.."

കോമ്പോസിഷന്‍ അടച്ച് പത്മാവതി ടീച്ചര്‍ പുറത്തിറങ്ങി. ശബ്ദതരംഗങ്ങള്‍ ആരുടെയും ചെവിട്ടിലെത്താത്ര ദൂരത്തേക്ക് അവര്‍ നടന്നു. ഓരോ അടി വെക്കുമ്പോഴും പത്മാവതി ടീച്ചര്‍ക്ക് ആകാംക്ഷ കൂടി. ഒരു മനുഷ്യന് സംഭവിക്കാവുന്ന എല്ലാ ആപത്തുകളെയും കുറിച്ച് പത്മാവതി ടീച്ചര്‍ ആലോചിച്ചു. സുരക്ഷിത സ്ഥാനത്തെത്തിയപ്പോള്‍ നന്ദിനി ടീച്ചര്‍ നിന്നു, പത്മാവതി ടീച്ചറും. നന്ദിനി ടീച്ചറുടെ മുഖത്ത് ചോരയില്ല. പത്മാവതി ടീച്ചര്‍ പരിഭ്രമിച്ചു.

" നന്ദിനി എന്തു പറ്റീ?"

" ടീച്ചറെന്നെ സഹായിക്കണം."

" എന്താ വേണ്ടത്? നന്ദിനി കാര്യം പറയൂ."

" ടീച്ചറാരോടും പറയരുത്"

" അതെന്താ നന്ദിനി അങ്ങനെ. എനിക്കറിയില്ലേ അതൊക്കെ...കാര്യം പറയ്.."

" ഞാന്‍ ഇന്ന് ടെന്‍ സിയില്‍ ചെന്നപ്പോ ഒരു സംഭവമുണ്ടായി..."

" എന്താ സംഭവം?" പരിഭ്രമം പത്മാവതി ടീച്ചറെയും ബാധിച്ചു.

" ടീച്ചറാരോടും പറയരുത്.."

" പറയ് നന്ദിനി.."

" ആ ക്ലാസിലെ കുരുത്തംകെട്ട ചെക്കനൊരു സംശയം ചോദിച്ചു."

" അതാണോ..ഇത്ര വലിയ കാര്യം?. സംശയം വളര്‍ച്ചയുടെ ലക്ഷണമല്ലേ.. എന്താ അവന്റെ സംശയം?"

" ടീച്ചറെ അത് ചെറിയ കാര്യോന്നുമല്ല. അത് വളര്‍ച്ചേടെ ലക്ഷണോമല്ല. ന്താ അവന്‍ ചോദിച്ചതെന്നറിയോ?"

"പറയ്.."

" മേഷയുദ്ധം എന്ന് പറഞ്ഞാല്‍ എന്താന്ന്?."

"അങ്ങനെ അവന്‍ ചോദിച്ചോ..."

" ചോദിച്ചു ടീച്ചറേ.."

" അങ്ങനെയൊരു യുദ്ധം ഉണ്ടോ ടീച്ചറേ..?"

" അതാ ടീച്ചറെ ഞാനും ആലോചിക്കുന്നത്. അങ്ങനെയൊരു യുദ്ധം ണ്ടോ?"

" ലോകയുദ്ധം, ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധം എന്നൊക്കെ കേട്ടിട്ടുണ്ട്. ഇങ്ങനെയൊരെണ്ണം ഞാനാദ്യമായി കേക്കുകയാണ്."

"ഞാനും കേട്ടിട്ടില്ല, ടീച്ചറേ"

" നന്ദിനി കേട്ടതിന്റെ കൊഴപ്പം വല്ലതുമാണോ..?"

" ഏയ് അല്ല ടീച്ചറേ.."

" മേശയുദ്ധം എന്നാണോ..?"

"..ഏയ്.."

" എന്നാല്‍ മോക്ഷയുദ്ധം എന്നായിരിക്കും"

" അല്ല ടീച്ചറേ.."

" ഇനി ഇങ്ങനെയൊരു യുദ്ധം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ നന്ദിനി.. ഈ പിള്ളേരുടെ കാര്യോല്ലെ.?"

നന്ദിനി ടീച്ചറും പത്മാവതി ടീച്ചറും ഒറ്റക്കും കൂട്ടമായും ആലോചിച്ചു. പരിഹാരമായില്ല. പ്രശ്നം കുറെക്കൂടി വിപുലമായ വേദിയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനിരുന്നപ്പോള്‍ പത്മാവതി ടീച്ചര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ വിഷയം അവതരിപ്പിച്ചു. ഒരു അജ്ഞാതബോംബു പോലെ മേഷയുദ്ധം അവര്‍ക്കു മുന്നിലിരുന്നു.

പത്മാവതി ടീച്ചര്‍ മറിയാമ്മ ടീച്ചറോട് ചോദിച്ചു. " ടീച്ചര്‍ക്കറിയോ..?"

" അയ്യോ...എന്റെ വിഷയം ബയോളജിയല്ലേ ടീച്ചറെ. അതിലിങ്ങനെയൊന്നുമില്ല."

പത്മാവതി ടീച്ചര്‍ ഉഷാകുമാരി ടീച്ചറോടു ചോദിച്ചു. " ടീച്ചര്‍ ഫിസിക്സല്ലെ. അതില്‍ കൊറെ മോഷന്‍സൊക്കെ ഉണ്ടല്ലൊ. അതിലെന്തെങ്കിലും പെട്ടതാണോ ഇത്?"

"ഫിസിക്സില്‍ അങ്ങനെയൊന്നുമില്ല ടീച്ചറേ..അതൊരു പാവമല്ലെ..."

" മേഷന്‍ എന്ന പേരില്‍ വല്ല ശാസ്ത്രജ്ഞന്മാരുമുണ്ടോ?.അവരു നടത്തിയ വല്ല സംഭവവുമാണോ ഈ "മേഷന്‍സ് വാര്‍"?. അത് മലയാളത്തിലാക്കിയാല്‍ മേഷയുദ്ധം എന്നാവുമല്ലോ.."

" നമ്മുടെ സിലബസില്‍ അങ്ങനെയൊന്നുമില്ല ടീച്ചറെ. ഈ കുട്ടിക്ക് ഇതെവിടെന്ന് കിട്ടിയാവോ..?"

" ഇപ്പ്ളത്തെ കുട്ടികളല്ലെ ടീച്ചറെ..ഒന്നും പറയണ്ട."

ഉത്തരമില്ലാതെ നില്‍ക്കുകയാണ് മേഷയുദ്ധം. ഇതിന് ഒരു മറുപടിയില്ലാതെ ക്ലാസില്‍ ചെല്ലാന്‍ നന്ദിനി ടീച്ചര്‍ക്ക് കഴിയില്ല. നന്ദിനി ടീച്ചര്‍ക്ക് മാത്രമല്ല, അധ്യാപക സമൂഹത്തിന് ആകെ വെല്ലുവിളിയാണ് മേഷയുദ്ധം. "നെറ്റിലടിച്ച് നോക്കിയാലോ." " അടിച്ചു നോക്കി. മോശയുടെ സുവിശേഷമാണ് കിട്ടുന്നത്.." ഇനി എന്താണ് മാര്‍ഗം? കുട്ടീഷ്ണമ്മാഷിനെ കാണാന്‍ തീരുമാനിച്ചു. നാലംഗ പ്രതിനിധി സംഘത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കുട്ടീഷ്ണമ്മാഷാണ് സ്ക്കൂളിലെ ഏക ജ്ഞാനി. സ്ക്കൂളില്‍ മാത്രമല്ല, പുറത്തും ജ്ഞാനിയാണ് കുട്ടീഷ്ണമ്മാഷ്. സാഹിത്യം, സംസ്ക്കാരം എന്നിവയിലാണ് പയറ്റ്. പ്രതിനിധി സംഘം കുട്ടീഷ്ണമ്മാഷിന്റെ അടുത്തെത്തി. കുട്ടീഷ്ണമ്മാഷിന് ചെറുതല്ലാത്ത സന്തോഷം. ഒരാള്‍ക്ക് കാല്‍ മണിക്കൂര്‍ അനുവാദിച്ചാല്‍ തന്നെ ഒരു മണിക്കൂര്‍ ജീവിക്കാനുള്ള വക കിട്ടും. മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മറന്നുവെച്ച യൗവനകാല ചിരി ചുണ്ടത്ത് ഫിറ്റു ചെയ്തു. കൃത്യം. ഒരിഞ്ചു പുറത്തില്ല. " എന്താ എല്ലാവരും കൂടി..?"

എണ്ണം കുറഞ്ഞതിലുള്ള നിരാശ പുറത്തുകാണിക്കാതെ ഉള്ളതുകൊണ്ട് സന്തോഷിക്കുക എന്ന പ്രായോഗിക സിദ്ധാന്തത്തില്‍ അടിയുറച്ച് കുട്ടികൃഷ്ണമ്മാഷ് ചോദിച്ചു. " ഇല്ല. വെറുതെ." നാലു പേരും വെവ്വേറെ ചിരിച്ചു. പക്ഷെ എല്ലാം ഒന്നു പോലെയാണ് കുട്ടീഷ്ണമ്മാഷിന് തോന്നിയത്. ഒരെണ്ണത്തില്‍ കേന്ദ്രീകരിക്കാനായില്ല.

"എന്നാലും ഒന്നുമില്ലാതെ ഇത്തരത്തിലൊരു സന്ദര്‍ശനം ഭവിക്കുകയില്ലല്ലോ.."

" തീര്‍ത്തും വെറുതെയല്ല മാഷെ. ഒരു സംശയം.."

മാഷ് പുളകിതനായി. " ചോദിക്കൂ" മാഷ് താഴ്മയായി അഭ്യര്‍ഥിച്ചു.

"മാഷേ..മേഷയുദ്ധം എന്നു പറഞ്ഞാല്‍ എന്താ?"

അത്ര പ്രതീക്ഷിച്ചില്ല. മുഖത്ത് ഒരു മണ്‍സൂണ്‍ കാറ്റടിച്ചു. ശബ്ദമില്ലാത്ത ഒരിടിവെട്ട്. ഒരു പരീക്ഷണം. കുട്ടീഷ്ണമ്മാഷ് ആലോചിക്കുന്നതായി കാണിച്ചു. പ്രതിനിധി സംഘത്തെ സൂക്ഷിച്ച് നോക്കി.

"..യ്യോ..മാഷേ എന്തെങ്കെിലും കൊഴൊപ്പമുള്ള വാക്കാണോ..?"

" കൊഴപ്പം എന്ന് ഉദ്ദേശിച്ചത്.....?" മാഷ് പണ്ഡിതന്റെ ഫോമിലായി.

"..വല്ല ചീത്ത വാക്കോ മറ്റോ ആണോ...?"

അജ്ഞാനത്തെ അവഗണിച്ച് കുട്ടീഷ്ണമ്മാഷ് പ്രതിനിധി സംഘത്തെ ഉല്‍ബുദ്ധരാക്കി. "മലയാളത്തില്‍ " ഷ" കാരമുള്ള ഒറ്റ ചീത്ത വാക്കുമില്ല. ഉറച്ച് ഉച്ചരിക്കാവുന്ന അക്ഷരങ്ങള്‍ മാത്രമെ നാം ഉദ്ദേശിക്കുന്ന ചീത്ത വാക്കുകളിലുള്ളൂ. ചീത്ത വാക്കുകളില്‍ എപ്പോഴും കടുപ്പത്തില്‍ പറയാവുന്ന അക്ഷരങ്ങള്‍ വേണം. "ഷ" എന്ന അക്ഷരം ബലത്തില്‍ ഉച്ചരിക്കാനാവില്ല. കഷായം എന്ന വാക്ക് ദേഷ്യത്തില്‍ ഉച്ചരിക്കാനാവുമോ?"

ഒരു വിവരം ലഭിച്ചതില്‍ പ്രതിനിധി സംഘം തൃപ്തരായി.

"അപ്പോ എന്താ മാഷേ..ഇതിന്റെ അര്‍ഥം?"

" പെട്ടെന്ന് ഉത്തരം പറയാവുന്ന ഒരു വാക്കല്ല ഇത്.ഇതിന് വേറൊരു തലമുണ്ട്. അത്തരത്തില്‍ കാണുമ്പോഴാണ് ഇതിന്റെയൊരു....ഒരു...എന്താ പറയ്‌യാ?..കോംപ്ലിക്കേഷന്‍..അല്ലെങ്കില്‍ സങ്കീര്‍ണത എന്നൊക്കെ പറയാം....മനസ്സിലാക്കൂ." പ്രതിനിധി സംഘത്തിന് ആകെ വിഷമമായി. " എന്താ മാഷേ..ഇതിന്റെ തലം..?"

" ഞാന്‍ പറഞ്ഞില്ലേ...ഇതില്‍ ചില സമീപനങ്ങളുടെ പ്രശ്നങ്ങള്‍ കൂടിയുണ്ട്. അത്തരത്തിലാണ് ഇതിനെ സമീപിക്കേണ്ടത്..." " അങ്ങനെ സമീപിച്ചാല്‍ എന്തായിരിക്കും മാഷേ ഇതിന്റെ അര്‍ഥം?" " ഇതൊക്കെ അങ്ങനെ ലളിതമായി പറഞ്ഞു തരാന്‍ പറ്റുന്ന കാര്യങ്ങളല്ല.അനുഭവിച്ചു തന്നെ അറിയണം. ഇപ്പോള്‍ "ആസ്വാദനം" എന്ന വാക്കുണ്ടല്ലോ. അതിന് നമ്മള്‍ എങ്ങനെയാണ് അര്‍ത്ഥം പറഞ്ഞു തരുന്നത്."

" അപ്പോള്‍ ആസ്വാദനം പോലെ അനുഭവിച്ചറിയേണ്ടതാണോ മാഷേ..മേഷയുദ്ധം..?"

" ഇത്തരം വാക്കുകളെ സമീപിക്കുമ്പോള്‍ നാം ആര്‍ജിക്കേണ്ട ചില അറിവുകളുണ്ട്.അതാണ് പ്രശ്നം."

“ഏതറിവാണ് മാഷേ ആര്‍ജിക്കേണ്ടത്..?"

" അതൊക്കെ നമ്മുടെ അന്വേഷണബുദ്ധിയില്‍ നിന്ന് സ്വയം തിരിച്ചറിയപ്പെടേണ്ടതാണ്.."

"..മാഷേ നമുക്ക് ഇപ്പോ ആ ക്ലാസീച്ചെന്ന് ചെക്കനോട് എന്ത് പറയാന്‍ പറ്റും?"

" ഇത് വെറുമൊരു പറച്ചിലിന്റെ പ്രശ്നം മാത്രമായി കാണരുത്. അതിനെക്കാളൊക്കെ ഗൗരവമുള്ളതാണ് ഇത്. ചുമ്മാ പറഞ്ഞു പോവാന്‍ പറ്റില്ല."

" അപ്പോ ഇത് വലിയ ഗൗരവമുള്ള കാര്യമാണ് അല്ലെ മാഷെ?. ചെക്കനോട് അവന്റെ അച്ഛനെ വിളിച്ചുകൊണ്ടുവരാന്‍ പറയണോ..?"

" എന്താ..നിങ്ങള്‍ ഇതിനെയൊക്കെ ലളിതവല്‍ക്കരിക്കുന്നത്?. ഇത് ഒരു പിതൃ-പുത്ര ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ടതല്ല."

" എന്താ മാഷേ..പ്രതിവിധി?. “

" പ്രശ്നം", "പ്രതിവിധി" എന്ന മട്ടിലല്ല ഇതിനെയൊക്കെ കാണേണ്ടത്. അതിനിടയില്‍ ഒരു പാട് ജീവിതങ്ങളും സമസ്യകളുമുണ്ട്."

"അപ്പോ ഇത് കടങ്കഥയാണ് അല്ലെ മാഷെ..?"

" എന്നോട് കോപിക്കരുത്..നിങ്ങള്‍ ഏതു ലോകത്താണ്...?"

" അപ്പോ ഇങ്ങനെ ഒരു വാക്കില്ലേ മാഷേ..?"

" ഞാന്‍ പറഞ്ഞില്ലേ...നിങ്ങള്‍ ഇതിനെ ഒരു വാക്കു മാത്രമായി കാണല്ലെ..."

പ്രതിനിധി സംഘം ആകെ കുഴപ്പത്തിലായി. വേലിയിലിരുന്ന മേഷയുദ്ധം ഭഗവാനേ ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്?.

പ്രശ്നം പ്രധാന അധ്യാപികയുടെ ചെവിട്ടിലെത്തി. "...യ്യോ..." പ്രധാനാധ്യാപിക തലയില്‍ കൈവെച്ചു. ഒരു വിധം നല്ല റിസല്‍റ്റുണ്ടാക്കി കൊണ്ടുവരുമ്പോഴാണ് ഇങ്ങനെയൊക്കെ... സ്കൂളില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. കടുത്ത പ്രതിസന്ധി. മേഷയുദ്ധം. കുരുക്കഴിയുന്നില്ല. സ്റ്റാഫ് മീറ്റിങ് ചേര്‍ന്നു. അവിടെ കുട്ടീഷ്ണമ്മാഷ് പണ്ഡിതോചിതമായ പ്രസംഗം നടത്തി. പ്രശ്നം കുറെക്കൂടി വഷളായി. പി ടി എ യോഗം ചേര്‍ന്നു. സ്കൂളിന്റെ നിലനില്‍പു തന്നെ അപകടത്തിലാണ്. അതിജീവനത്തിന്റെ പല മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഒടുവില്‍ ഒരു മാര്‍ഗം തെളിഞ്ഞു. എല്ലാവര്‍ക്കും ആശ്വാസമായി. പ്രശ്നം രമ്യമായി പരിഹരിച്ചു. ആശ്വാസം. അടുത്ത വര്‍ഷം ഇംഗ്ലീഷ് മീഡിയം തുടങ്ങാന്‍ തീരുമാനിച്ചു.

*
എം എം പൗലോസ് ദേശാഭിമാനി വാരിക