Thursday, June 27, 2013

"അത്ഭുത രോഗശാന്തി ശുശ്രൂഷ"

രാജഭരണകാലത്ത് പേരും പെരുമയും ആഗ്രഹിക്കുന്ന ചില രാജാക്കന്മാര്‍ പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ പരിവാരസമേതം എഴുന്നള്ളുമായിരുന്നു. രാജകിങ്കരന്മാര്‍ തെരഞ്ഞെടുത്ത ജനങ്ങളെ തിരുമനസ്സിനുമുമ്പില്‍ അണിനിരത്തും. ജനങ്ങളുടെ സങ്കടനിവേദനങ്ങളില്‍ മനസ്സലിയുന്ന രാജാവ് ദാനധര്‍മം നടത്തി പ്രജാക്ഷേമ തല്‍പ്പരന്‍ എന്ന സല്‍കീര്‍ത്തി കരസ്ഥമാക്കും. കരംകൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന ചില രാജാക്കന്മാര്‍ ഇടയ്ക്കിടെ അന്നദാനം നടത്തി അന്നദാതാവായ പൊന്നുതമ്പുരാന്‍ എന്ന ഖ്യാതി നേടിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2004ലും 2011ലും നടത്തിയ ജനസമ്പര്‍ക്ക പരിപാടി ഒരു രാജകീയദര്‍ബാര്‍ ആയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ അത്ഭുത രോഗശാന്തി ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ 14 ജില്ലകളിലും മൈതാനങ്ങളില്‍ പുരുഷാരം തടിച്ചുകൂടി. ആയിരക്കണക്കിന് രോഗികളാണ് സ്ട്രെച്ചറിലും വീല്‍ചെയറിലും പരസഹായത്തോടെ മുഖ്യന്റെ ദര്‍ശന സൗഭാഗ്യത്തിനായെത്തിയത്. ദാഹജലം കിട്ടാതെ പലരും പൊരിവെയിലില്‍ തളര്‍ന്നുവീണു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പിച്ചക്കാശു കിട്ടാനാണ് ഈ പാവങ്ങള്‍ യാചകവേഷം കെട്ടിയത്. 14 ജില്ലകളില്‍ അരങ്ങേറിയ ജനസമ്പര്‍ക്കം എന്ന തെരുവുനാടകത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുടക്കിയത് 11 കോടിയോളം രൂപയാണ്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് വേറെ നാലുകോടി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്പോണ്‍സര്‍ചെയ്ത പരിപാടികള്‍ക്ക് പിന്നെയും കോടികള്‍. മൈതാനങ്ങളില്‍ വന്നെത്തിയ ലക്ഷങ്ങളില്‍ കുറെപ്പേര്‍ക്ക് 2000 മുതല്‍ 4000 രൂപ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ലഭിച്ചു. ഭൂമിക്ക് അപേക്ഷ നല്‍കിയ ലക്ഷങ്ങളില്‍ 11 പേര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മാനദണ്ഡങ്ങള്‍ക്കു വിധേയമായി ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് ചെക്കായി സഹായത്തുക തപാലില്‍ വീട്ടിലെത്തിച്ചിരുന്നു. വയോധികര്‍, വിധവകള്‍, വികലാംഗര്‍, അപകടം സംഭവിച്ചവര്‍ തുടങ്ങിയവര്‍ക്കെല്ലാം യഥാസമയം എല്ലാ ആനുകൂല്യങ്ങളും കൃത്യമായിരുന്നു. ഇവര്‍ക്കാര്‍ക്കും മൈതാനങ്ങളിലെത്തി മുഖ്യമന്ത്രിയുടെ ദര്‍ശന സൗഭാഗ്യത്തിനായി കാത്തുകെട്ടി കിടക്കേണ്ടിവന്നില്ല. മൈതാനങ്ങളില്‍ പതിനായിരങ്ങള്‍ കണ്ണീര്‍ പൊഴിക്കുകയും മുഖ്യമന്ത്രി കാല്‍ നിലത്തുറപ്പിക്കാതെ അവരുടെ "കണ്ണീരൊപ്പുകയും" നിവേദനങ്ങളില്‍ "ശു" വരച്ചുവിടുകയും ചെയ്ത "റിയാലിറ്റി ഷോ" അന്നുതന്നെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതാണ്. ഇതിന്റെ വീഡിയോ ചിത്രങ്ങളും ചില പത്രറിപ്പോര്‍ട്ടുകളും കാണിച്ചാണ് മുഖ്യമന്ത്രി ഐക്യരാഷ്ട്ര സംഘടനയില്‍നിന്ന് അവാര്‍ഡ് തരപ്പെടുത്തിയത്. ശശി തരൂര്‍മുതല്‍ ഷാഫി മേത്തര്‍വരെയുള്ളവരാണ് അണിയറയില്‍ ചരടുവലിച്ചത്. കഥയറിയാതെ ആട്ടംകണ്ട ഉദ്യോഗസ്ഥര്‍ അത്ഭുത വീഡിയോ കാഴ്ചകള്‍ കണ്ട് മതിമറന്നു.

എന്നാല്‍, ജനസമ്പര്‍ക്ക തെരുവുനാടകത്തിലെ മുഖ്യമന്ത്രിയുടെ ഭാവാഭിനയത്തിന് ഓസ്കര്‍ അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നു. ഒരു ജനകീയ പ്രണയത്തിന്റെ റൊമാന്റിക് പ്രതിച്ഛായയാണ് 14 ജില്ലകളിലും ജനക്കൂട്ടത്തിനുമുമ്പാകെ ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചത്. "പോപ്പുലിസം" എന്ന തരികിടയില്‍ വിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രചാരണതട്ടിപ്പാണ് ബഹുജനസമ്പര്‍ക്കപരിപാടി. ക്രിയാത്മകമാകേണ്ട ഭരണത്തെ ഉമ്മന്‍ചാണ്ടി പ്രകടനാത്മകമാക്കി. മുഖ്യമന്ത്രി ഒപ്പുവച്ച പരാതികളില്‍ 90 ശതമാനവും ജില്ലാതലത്തിലും ഗ്രാമതലത്തിലും പരിഹരിക്കപ്പെടേണ്ടവയാണ്. വില്ലേജ് ഓഫീസറുടെയും തഹസില്‍ദാരുടെയും കലക്ടറുടെയും അധികാരം നേരിട്ടു കൈയടക്കി കൈയടി വാങ്ങാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. മുഖ്യമന്ത്രി നേരിട്ടുവാങ്ങിയ ലക്ഷക്കണക്കിന് നിവേദനങ്ങളില്‍ ഭൂരിപക്ഷവും ഒരു പരിഹാരവുമില്ലാതെ കലക്ടറേറ്റുകളില്‍ കെട്ടിക്കിടക്കുകയാണ്. ചുവപ്പുനാടയില്‍ കുരുങ്ങിയ സാധാരണക്കാരന്റെ വേദനയും വേവലാതികളും അവസാനിപ്പിക്കേണ്ടത് തെരുവുനാടകത്തിലൂടെയല്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിലിരുന്ന് ഉദ്യോഗസ്ഥഭരണ സംവിധാനത്തെ ഊര്‍ജിതമാക്കേണ്ട മുഖ്യമന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്നാണ് തെരുവുഭരണത്തിന് പുറപ്പെട്ടത്. ഇരുപതു മന്ത്രിമാരും നൂറിലേറെ വകുപ്പുമേധാവികളും അനേകായിരം ഉദ്യോഗസ്ഥരും അടങ്ങിയ ഭരണയന്ത്രത്തെ എണ്ണയിട്ട് ചലിപ്പിക്കേണ്ട മുഖ്യമന്ത്രി ചവിട്ടുനാടകം അഭിനയിക്കാന്‍ ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്നത് അസംബന്ധമാണ്. സംസ്ഥാന ഭരണത്തലവനായ മുഖ്യമന്ത്രി താന്‍ തീരുമാനിക്കേണ്ട പരാതികള്‍മാത്രം സ്വീകരിക്കുന്നതാണ് കരണീയം. മറ്റുകാര്യങ്ങള്‍ നോക്കാന്‍ മന്ത്രിമാരെ പ്രാപ്തമാക്കുകയാണ് മുഖ്യമന്ത്രിയുടെ നേതൃപരമായ ചുമതല. ഒരു പ്രാഥമിക പരിശോധനയും നടത്താതെ മുഖ്യമന്ത്രി ഒരു നിവേദനത്തില്‍ പരിശോധിക്കാന്‍ ഉത്തരവുനല്‍കിയാല്‍ പല തലങ്ങള്‍ കടന്ന് ആ പരാതി താഴെ തട്ടില്‍ എത്തുമ്പോഴേക്കും നിവേദകന്‍ മരിച്ചിരിക്കും. സെക്രട്ടറിയറ്റിലിരുന്ന് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ഉദ്യോഗസ്ഥ മേധാവിത്വത്തെക്കൊണ്ട് അതു നടപ്പാക്കുകയും ചെയ്യേണ്ട മുഖ്യമന്ത്രി തന്റെ വിലപ്പെട്ട സമയം തെരുവില്‍ നഷ്ടപ്പെടുത്തുന്നത് ഭ്രാന്തമായ നടപടിയാണ്. അധികാരം ജനങ്ങളിലേക്ക് എന്നതിനുപകരം അധികാരം മുഖ്യമന്ത്രിയിലേക്ക് എന്ന വിപരീതദിശയിലാണ് നീങ്ങുന്നത്. അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായി ത്രിതല പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തേണ്ട മുഖ്യമന്ത്രി താഴത്തെ അധികാരങ്ങള്‍കൂടി കവര്‍ന്നെടുക്കുന്നു- പഞ്ചായത്ത് ഗ്രാമതലഭരണങ്ങളെ ബോധപൂര്‍വം കശാപ്പു ചെയ്യുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണം ആള്‍ക്കൂട്ടത്തിന്റെ ഭരണമാണ്. സെക്രട്ടറിയറ്റിന്റെ ഇടനാഴികളില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നത് അധികാരദല്ലാളന്മാരാണ്. മുഖ്യമന്ത്രിയുടെ ചുറ്റം കൂടിയിരിക്കുന്നത് ഒരുപറ്റം കൊള്ളക്കാരാണ്. അവിഹിത കാര്യസാധ്യത്തിന് കക്ഷികളെയും കക്ഷത്തില്‍ ഇടുക്കിക്കൊണ്ടുവരുന്ന ഉപജാപകരുടെ തടവറയില്‍ ഉമ്മന്‍ചാണ്ടി അകപ്പെട്ടിരിക്കുന്നു. ശുപാര്‍ശാവ്യവസായം ജനകീയവല്‍ക്കരിച്ചതാണ് അദ്ദേഹത്തിന്റെ ഭരണനേട്ടം. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തു കാനായിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കിയതും, അഞ്ചപ്പംകൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കിയതും, മരിച്ച ലാസറിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതും, കുരുടന് കാഴ്ച നല്‍കിയതും, കുഷ്ഠരോഗിയെ സൗഖ്യമാക്കിയതുമാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്ന അത്ഭുതരോഗ ശാന്തി ശൂശ്രൂഷയുടെ അടിസ്ഥാനം. ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കമെന്ന അത്ഭുതരോഗശാന്തിയെ യുഎന്‍ സര്‍ട്ടിഫിക്കറ്റുകൊണ്ട് മഹത്വവല്‍ക്കരിക്കാനാവില്ല. ഈ പുറംവാതില്‍ പുരസ്കാരം പെയ്ഡ് ന്യൂസ് പോലെ കള്ളത്തരമാണ്.

*
ചെറിയാന്‍ ഫിലിപ്പ്

സോളാര്‍ തട്ടിപ്പും വൈദ്യുതി രംഗത്തെ പ്രതിസന്ധിയും

കേരളം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തെ മുതലെടുത്തുകൊണ്ട് 10000 കോടി രൂപയുടെ സോളാര്‍ പദ്ധതിക്ക് അനുമതി തരപ്പെടുത്തികൊടുക്കുവാനും അതുവഴി 500 കോടി രൂപയുടെ കമ്മീഷന്‍ നേടിയെടുക്കാനുമാണ് മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഉന്നതരും അദ്ദേഹത്തിന്റെ ഓഫീസും ശ്രമിച്ചത്. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും നേതൃത്വം കൊടുക്കുന്ന ടീം സോളാര്‍ എന്ന കറക്ക് കമ്പനിക്ക് പണം വാരിക്കൂട്ടാനും ജനങ്ങളെ കൊള്ളയടിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തുകൊടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രത്യാരോപണങ്ങള്‍ നിരത്തി ക്രിമിനലുകളായ "പണമിടപാട്" സംഘങ്ങളുമായുള്ള മുഖ്യന്ത്രിയുടെ അവിശുദ്ധ ബാന്ധവത്തെ മറച്ചുപിടിക്കാനുള്ള വിലകുറഞ്ഞ കളികളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും ആരംഭിച്ചിരിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ മാഫിയാ മൂലധന ശക്തികള്‍ക്ക് എല്ലാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും മറികടന്ന് സമ്പദ്ഘടനയുടെ സമസ്ത മണ്ഡലങ്ങളിലും ഇടപെടാനുള്ള സാഹചര്യമാണ് ലോകത്തെല്ലായിടത്തും സൃഷ്ടിച്ചിട്ടുള്ളത്. സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങള്‍ ധന മൂലധനത്തിന്റെ ക്രിമിനല്‍ വൃത്തികള്‍ക്കും വ്യാപനത്തിനുമാവശ്യമായ ഘടനാപരമായ പരിഷ്കാരങ്ങളെ ലക്ഷ്യംവെക്കുന്നതാണല്ലോ. ഈയൊരു സാഹചര്യമാണ് എല്ലാതരത്തിലുമുള്ള സാമൂഹ്യജീര്‍ണതകളെയും ക്രിമിനല്‍ പ്രവൃത്തികളെയും പേറുന്ന ധന പ്രഭുക്കന്‍മാര്‍ക്ക് ഭരണകൂട സംവിധാനങ്ങളെ നിയന്ത്രിക്കാവുന്ന അധികാര ശക്തിയാവാന്‍ അവസരമൊരുക്കുന്നത്.

സാമൂഹ്യ നിയന്ത്രണ തത്വങ്ങളെയും പൊതു മേഖലയെയും തകര്‍ക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ ചുവടുപിടിച്ചാണ് വന്‍കിട അഴിമതിക്കാരും ക്രിമിനല്‍ മൂലധന ശക്തികളും സമ്പദ്ഘടനയിലും ഭരണരംഗത്തും പിടിമുറുക്കുന്നത്. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ കടുത്ത സാഹചര്യം ഉപയോഗിച്ചാണ് സരിത എസ്.നായര്‍ക്കും ബിജു രാധാകൃഷ്ണനും സോളാര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പുകള്‍ നടത്താനായത്. കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് കേരളത്തെ തള്ളിവിട്ടത് യു.പി.എ-യു.ഡി.എഫ് സര്‍ക്കാര്‍ നയങ്ങളാണ്. സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങളാണ് വൈദ്യുതി മേഖലയില്‍ ആസൂത്രണമോ സര്‍ക്കാര്‍ ഇടപെടലോ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചത്. ആഭ്യന്തരമായ വൈദ്യുതി ആവശ്യത്തെ കണക്കിലെടുത്തുകൊണ്ടുള്ള ഉത്പാദന - പ്രസരണ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളുടെ അഭാവമാണ് ടീം സോളാര്‍ പോലുള്ള കറക്ക് കമ്പനികള്‍ക്ക് തട്ടിപ്പ് നടത്തുവാന്‍ അവസരമുണ്ടാക്കിക്കൊടുത്തത്. വൈദ്യുതി രംഗത്തെ ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നയങ്ങളില്‍നിന്നും സര്‍ക്കാരിന്റെ അശാസ്ത്രീയമായ സമീപനങ്ങളില്‍നിന്നും അടര്‍ത്തിമാറ്റി, സോളാര്‍തട്ടിപ്പ് ചര്‍ച്ചചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളെയും, സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ആസൂത്രണത്തെയും അട്ടിമറിച്ചുകൊണ്ടാണ് തട്ടിപ്പുസംഘങ്ങള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ യു.ഡി.എഫുകാര്‍ കളമൊരുക്കിയത്.

അതായത് യു.ഡി.എഫ് സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയത്തിലധിഷ്ഠിതമായ വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണ സമീപനമാണ് തട്ടിപ്പുസംഘങ്ങള്‍ക്ക് ഈ രംഗത്ത് വിലസാന്‍ അവസരമുണ്ടാക്കികൊടുത്തത്. 2013-14 ല്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യം 22000 ദശലക്ഷം യൂണിറ്റുവരുമെന്നാണ് കണക്കാക്കിയത്. ഇതില്‍ 7000 - 8000 ദശലക്ഷം യൂണിറ്റുവരെയാണ് നിലവിലുള്ള ജലവൈദ്യുതി പദ്ധതികളില്‍നിന്ന് പരമാവധി ലഭ്യമാവുക. ബാക്കിവരുന്ന 14000 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളത്തിലെതന്നെ മറ്റ് നിലയങ്ങളില്‍നിന്നും, കേന്ദ്രപൂളില്‍നിന്നും കമ്പോളത്തില്‍നിന്നും ലഭ്യമാക്കേണ്ടതാണ്. കേരളത്തിലെ കായംകുളം, ബ്രഹ്മപുരം, കോഴിക്കോട്, കാസര്‍ഗോഡ്, കൊച്ചി താപനിലയങ്ങളില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 12 രൂപയോളംവരും. കേന്ദ്രപൂളില്‍നിന്ന് പരമാവധി കിട്ടാവുന്ന വൈദ്യുതി 8600 - 9000 ദശലക്ഷം യൂണിറ്റാണ്. 2000 - 3000 ദശലക്ഷം വൈദ്യുതി കമ്പോളത്തില്‍നിന്ന് വാങ്ങേണ്ടിവരും. ഇതിനാണെങ്കില്‍ പീക്ക്ലോഡ് സമയങ്ങളില്‍ യൂണിറ്റിന് 16 രൂപയോളം വിലവരും. പുറത്തുനിന്ന് ഇവിടേക്ക് വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ ശേഷിക്കുറവ് ഇങ്ങനെ യഥേഷ്ടം വൈദ്യുതി കൊണ്ടുവരുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്.

കേരളത്തിന്റെ 2016-17ലെ വൈദ്യുതി ആവശ്യം 4419 മെഗാവാട്ടും 2021 - 22 ലേത് 6093 മെഗാവാട്ടും ആയിരിക്കുമെന്നാണ് 18-ാം പവര്‍ സര്‍വ്വേ പറയുന്നത്. ഇത് നിറവേറ്റണമെങ്കില്‍ നമ്മുടെ സ്ഥാപിതശേഷി 2016 - 17 ല്‍ 6500 മെഗാവാട്ടും, 2021 -22 ല്‍ 8500 മെഗാവാട്ടും ആയിരിക്കണം. ഇപ്പോഴുള്ള ആഭ്യന്തരമായ ശേഷി 2873 മെഗാവാട്ടും കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന 1273 മെഗാവാട്ടും അടക്കം 4146 മെഗാവാട്ടാണ്. അടുത്തവര്‍ഷംകൊണ്ട് കേന്ദ്ര പൂളില്‍നിന്ന് കൂടുതലായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 500 മെഗാവാട്ടും പുറത്ത്നിന്ന് വാങ്ങുന്ന 500 മെഗാവാട്ടും കഴിച്ച് ബാക്കി 1354 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്. ഈയൊരു ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറി സ്വകാര്യ സോളാര്‍ കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കുവാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ് ഉമ്മന്‍ചാണ്ടിയും സംഘവും ചെയ്തത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പള്ളിവാസല്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ പദ്ധതി (40മെഗാവാട്ട്) തുടങ്ങിയവ യാതൊരുവിധ പുരോഗതിയുമില്ലാതെ കിടക്കുകയാണ്. ഇടതുപക്ഷ ഭരണകാലത്ത് പണിതുടങ്ങിയതും ടെന്‍ഡര്‍ ചെയ്തതുമായ പദ്ധതികളില്‍ മണിയാര്‍ ടെയ്ല്‍ റെയസ (4 മെഗാവാട്ട്), പീച്ചി (1.25 മെഗാ വാട്ട്) എന്നിവമാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. വിലങ്ങാട്, ബാരാപോള്‍ എന്നിവയുടെ പണി കുറച്ചെങ്കിലും പരോഗമിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്ക് പുറമെ ഒറീസ്സയിലെ ബൈതരണിയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1000 മെഗാവാട്ട് നിലയത്തിനാവശ്യമായ കല്‍ക്കരിപാടം യു.ഡി.എഫ് സര്‍ക്കാരിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടിരിക്കുകയാണ്. ചീമേനി പദ്ധതിയും അനിശ്ചിതത്വത്തിലാണ്. വന്‍തോതില്‍ ആഭ്യന്തരമായി വൈദ്യുതി ഉത്പാദനം ലക്ഷ്യംവെച്ചുകൊണ്ട് ആസൂത്രണംചെയ്ത എല്ലാപദ്ധതികളും ഈ സര്‍ക്കാര്‍ പൊളിച്ചിരിക്കുകയാണ്. കേരളത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കും വികസന പ്രതിസന്ധിയിലേക്കുമാണ് സര്‍ക്കാര്‍ നയങ്ങള്‍ എത്തിച്ചിരിക്കുന്നത്. ആഭ്യന്തരമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള എല്ലാപദ്ധതികളെയും വേണ്ടത്ര ശ്രദ്ധിക്കാതെ എല്ലാപ്രശ്നവും സോളാര്‍കൊണ്ട് പരിഹരിക്കുവാന്‍ കഴിയുമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ടാണ് ടീം സോളാര്‍ പോലുള്ള കറക്ക് കമ്പനികള്‍ക്ക് ജനങ്ങളെകൊള്ളയടിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തിരിക്കുന്നത്. സരിതമാരെയും ശാലുമേനോന്‍മാരെയും രംഗത്തിറക്കി സ്വകാര്യ സൗരോര്‍ജ പദ്ധതിക്കാവശ്യമായ അന്തരീക്ഷമൊരുക്കുകയാണ് മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഉന്നതന്‍മാരും അദ്ദേഹത്തിന്റെ ഓഫീസും ചെയ്തത്. കൊറിയന്‍ കമ്പനിയുടെ സമ്മര്‍ദം മൂലമാണ് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എമര്‍ജിംഗ്കേരളയില്‍ ടീം സോളാര്‍ പദ്ധതിക്ക് അനുമതി നല്‍കാതിരുന്നത്. സൗരോര്‍ജ രംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടിനെപ്പോലും അവഗണിച്ചുകൊണ്ടാണ് ടീം സോളാര്‍ പോലുള്ള കറക്ക് കമ്പനികളെ ഉമ്മന്‍ചാണ്ടിയും സംഘവും പ്രോത്സാഹിപ്പിച്ചത്. കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഹരിക്കുവാന്‍ സൗരോര്‍ജ പദ്ധതിക്ക് ഇന്ന് എത്രത്തോളം കഴിയുമെന്ന കാര്യംപോലും ശാസ്ത്രീയമായി പഠിക്കാതെയാണ് ക്രിമിനല്‍ സഘങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ജനങ്ങളില്‍നിന്ന് പണം വാരിക്കൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നത്.

ഒരു മെഗാവാട്ട് സോളാര്‍പദ്ധതിയില്‍നിന്ന് 1.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഒരു വര്‍ഷം പരമാവധി ലഭിക്കുക. ഇതിനാകട്ടെ 10കോടി രൂപയെങ്കിലും മുതല്‍മുടക്ക് വേണം. സോളാര്‍ വൈദ്യുതി പകല്‍മാത്രമേ ലഭിക്കുകയും ചെയ്യൂ. രാത്രി ലഭിക്കണമെങ്കില്‍ ഇത്രയും വൈദ്യുതി ബാറ്ററിയില്‍ ശേഖരിച്ചുവെക്കാനുള്ള സൗകര്യംവേണം. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയായി വിഭാവനംചെയ്യപ്പെട്ട കാലിഫോര്‍ണിയയിലെ "ഇവാന്‍ സോളാര്‍ ഇലക്ട്രിക്ക് ജനറേറ്റിംഗ് സിസ്റ്റം" ഇനിയും പൂര്‍ത്തിയായിട്ടില്ല. വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും ശേഖരിച്ചുവെക്കുന്നതിനുമുള്ള സാങ്കേതിക വിദ്യ കാലിഫോര്‍ണിയയില്‍പോലും പരീക്ഷണ ഘട്ടത്തിലാണ്.

വലിയതോതില്‍ വൈദ്യുതി ശേഖരിച്ചുവെയ്ക്കാനുള്ള ബാറ്ററി സംവിധാനം ചെലവ് കൂടിയതാണ്. സൂര്യപ്രകാശത്തില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് സ്ഥിരസ്വഭാവമില്ലാത്തതിനാല്‍ അതിനെ മാത്രം ആശ്രയിച്ച് ഒരു വൈദ്യുതി ശൃംഖലയ്ക്ക് നിലനില്‍പ്പുമില്ല. പരമ്പരാഗത സ്രോതസ്സുകള്‍ ശക്തിപ്പെടുത്തി നിലനിര്‍ത്തിക്കൊണ്ടേ പാരമ്പര്യേതര സ്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗിക്കാന്‍പറ്റൂ. സൗരോര്‍ജ പദ്ധതികളും കാറ്റാടി പദ്ധതികളും ഇന്നത്തെ അവസ്ഥയില്‍ പാരമ്പര്യ വൈദ്യുതോല്‍പ്പാദന പദ്ധതികള്‍ക്ക് പകരം വെയ്ക്കാവുന്ന തരത്തില്‍ വികസിച്ചുവന്നിട്ടില്ല. പാരമ്പര്യേതര സ്രോതസ്സുകളെ പാരമ്പര്യ സ്രോതസ്സുകള്‍ക്കൊപ്പം വികസിപ്പിക്കുകയാണ് വേണ്ടത്. മൊത്തം സ്ഥാപിത ശേഷിയുടെ 15%ത്തിലധികം പാരമ്പര്യേതര സ്രോതസ്സില്‍നിന്നുള്ള വൈദ്യുതി ആയാല്‍ അത് വൈദ്യുതി ശൃംഖലയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് വിദഗ്ധന്‍മാരുടെ അഭിപ്രായം. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് സോളാര്‍ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന പ്രതീതി വന്‍പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ച് കറക്ക് കമ്പനികള്‍ക്ക് തട്ടിപ്പ് നടത്തുവാന്‍ കളമൊരുക്കിക്കൊടുത്തത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത വാരിക

Wednesday, June 26, 2013

സോളാര്‍ തട്ടിപ്പ് വെളിപ്പെടുത്തുന്നതെന്ത്?

കേരള നിയമസഭ ഏതാനും ദിവസങ്ങളായി സ്തംഭനത്തിലാണ്. സംസ്ഥാന രാഷ്ട്രീയം വലിയ കോളിളക്കത്തിലും. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം എന്ന ആവശ്യമുന്നയിച്ച് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടക്കുന്നു. പാമോയില്‍ കേസ്, തിരുവനന്തപുരം ടൈറ്റാനിയം അഴിമതി, കൊല്ലം ടൈറ്റാനിയം അഴിമതി എന്നിവയില്‍ നിന്ന് മുഖം രക്ഷിച്ച് ഊരിപ്പോരാന്‍ കഴിഞ്ഞ മുഖ്യമന്ത്രി വിളറി വിവശനായി നിയമസഭയില്‍ നില്‍ക്കുന്നത് കേരളമാകെ കണ്ടു. പാമോയില്‍ കേസ് ജിജി തോംസനെക്കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. വിജിലന്‍സ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ടു നല്‍കി.

തിരുവനന്തപുരം ടൈറ്റാനിയം അത്രയ്ക്ക് എളുപ്പമായിരുന്നില്ല. വിജിലന്‍സ് ജഡ്ജി തന്നെ പ്രതികൂലമായ പരാമര്‍ശങ്ങള്‍ നടത്തി. പി സി ജോര്‍ജിനെപ്പോലുളളവരെക്കൊണ്ട് ജഡ്ജിയെ ഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റിച്ചു. എന്നിട്ടിപ്പോള്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവ പോലെ എളുപ്പമാകാന്‍ പോകുന്നില്ല, മുഖ്യമന്ത്രി ചെന്നു ചാടിയിരിക്കുന്ന പുതിയ ഊരാക്കുടുക്ക്. സരിതാ നായരുടെയും ബിജു രാധാകൃഷ്ണന്റെയും ഉടമസ്ഥതയിലുളള ടീം സോളാര്‍ കമ്പനിയാണ് വിവാദത്തിന്റെ കേന്ദ്രം. കേരളത്തിലും ഇന്ത്യയിലും അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പോളമാണ് സോളാര്‍ ഊര്‍ജ ഉപകരണങ്ങളുടേത്. ഇവയുടെ പ്രോത്സാഹനത്തിനായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഏതാണ്ട് 50 ശതമാനം തുക സബ്സിഡിയായി നല്‍കുന്നു. സോളാര്‍ ഉപകരണങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ഘടിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മുന്നൂറോളം ഏജന്‍സികളുണ്ട്. കേരളത്തിലെ അനൗപചാരിക ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ട് ഇവയില്‍ 28 എണ്ണത്തിന് അംഗീകാരവും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയുടെ നേരിട്ടുളള നിയന്ത്രണത്തിലല്ല ഇവ. ഏജന്‍സികള്‍ ഗുണഭോക്താക്കളുമായി നേരിട്ട് കരാര്‍ ഉറപ്പിക്കുന്നു, ചെയ്തുകൊടുക്കുന്നു. സബ്സിഡി അംഗീകൃത ഏജന്‍സികളാണ് വാങ്ങുന്നത്. ഇതിലെ തട്ടിപ്പ് പലരീതികളിലാണ് അരങ്ങേറുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ഉപകരണത്തിന്റെ വിലയുടെ കാര്യത്തിലാണ്. സര്‍ക്കാര്‍ അംഗീകരിച്ച ബെഞ്ച് മാര്‍ക്ക് വിലയുണ്ടെങ്കിലും കമ്പോള വിലയെക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് ഉപഭോക്താവിനു നല്‍കുക. സബ്സിഡി കൂടി കിട്ടുമ്പോള്‍ സാധാരണ വിലയില്‍ അവര്‍ തൃപ്തരാകും. അംഗീകൃത ഏജന്‍സികളല്ലാത്ത, എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികളെ ലേഖകന് നേരിട്ടറിയാം. സബ്സിഡി ഇല്ലാതെ തന്നെ അംഗീകൃത ഏജന്‍സികളെക്കാള്‍ വില കുറച്ച് ഉപകരണങ്ങള്‍ ഇവര്‍ നല്‍കാറുണ്ട്. മറ്റൊരു തട്ടിപ്പുരീതി അംഗീകൃത കപ്പാസിറ്റിയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം കപ്പാസിറ്റിയുളള സോളാര്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കലാണ്. ഇവയോടൊപ്പം ഇന്‍വേര്‍ട്ടറുമുണ്ടാകും. കുറച്ചു സമയം സോളാര്‍ ഊര്‍ജം ഉപയോഗിക്കും. ബാക്കി കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിച്ചായിരിക്കും ഉപകരണം പ്രവര്‍ത്തിക്കുക. ടീം സോളാറിനെക്കുറിച്ച് ലഭ്യമായ വിവരം വെച്ചു നോക്കുമ്പോള്‍ പണ്ടത്തെ ആട്, മാഞ്ചിയം - തേക്കു തട്ടിപ്പു മോഡലിലുളള ഒരു ബിസിനസ് കൂടി ഇവര്‍ക്കുണ്ടായിരുന്നു എന്നു വേണം കരുതാന്‍. സൗരോര്‍ജ - കാറ്റാടി ഊര്‍ജോപകരണങ്ങള്‍ക്കു വേണ്ടി പരക്കെ ആളുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുക, വെച്ചുകൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പുതിയ ഇരകളില്‍ നിന്നുളള പണം ഇവര്‍ക്കു മറിച്ചുകൊടുക്കുക - ഇത്തരമൊരു ചെയിനുണ്ടാക്കാനായിരുന്നു ശ്രമം.

ടീം സോളാര്‍ കമ്പനിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വാങ്ങാന്‍ കഴിഞ്ഞില്ല എന്നുളളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനെര്‍ട്ടാകട്ടെ, കേന്ദ്ര പാനലില്‍ ഉള്‍പ്പെടുന്നവരില്‍ നിന്നു മാത്രമേ ക്വട്ടേഷന്‍ സ്വീകരിക്കാനും തയ്യാറായുളളൂ. മുഖ്യമന്ത്രിയുടെ ഓഫീസുമായിട്ടുളള ഇടപാടുകളുടെ മുഖ്യലക്ഷ്യങ്ങള്‍ കമ്പനിയെക്കുറിച്ച് വിശ്വാസ്യത സൃഷ്ടിയ്ക്കലും അനെര്‍ട്ടില്‍ നിന്നും അംഗീകാരം നേടലുമായിരുന്നു. ഇത് ലഭിക്കുമെന്ന ഉറപ്പ് ആരൊക്കെയോ ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. പക്ഷേ, അനെര്‍ട്ട് അവസാനം കാലുവാരി. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ല എന്നതാണ് വൈദ്യുതി മന്ത്രി നല്‍കുന്ന വിശദീകരണം. പക്ഷേ, ആരൊക്കെ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു, എന്തുകൊണ്ടവ തളളപ്പെട്ടു തുടങ്ങിയ അണിയറക്കാര്യങ്ങള്‍ ഇന്നും രഹസ്യമാണ്. ഇവിടെയാണ് പതിനായിരം കോടി രൂപയുടെ കമ്പോളത്തിലെ കൊളളയ്ക്കാണ് സോളാര്‍ ടീം ലക്ഷ്യമിട്ടിരുന്നത് എന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന പ്രസക്തമായി തീരുന്നത്. ഇതിന്റെ പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിക്കൊടുക്കുന്നതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ഒരു കോണ്‍ഗ്രസ് എംപിയുടെ പേര് നിയമസഭാലോബിയില്‍ ചര്‍ച്ചയാണ്. ഏതായാലും ജോര്‍ജു പറഞ്ഞ പതിനായിരം കോടി രൂപയുടെ കമ്പോളം സൃഷ്ടിക്കുന്നതിനുളള നയരൂപീകരണം നടന്നത് ടീം സോളാര്‍ മുഖ്യമന്ത്രിയുടെ ഓഫീസുകളിലെല്ലാം സജീവമായിരുന്ന കാലത്താണ്. എമര്‍ജിംഗ് കേരളയില്‍ ടീം സോളാര്‍ പ്രൊജക്ട് ഉണ്ടായിരുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാകാം. പക്ഷേ, സെഷനുകളില്‍ അവര്‍ സജീവസാന്നിദ്ധ്യമായിരുന്നു. ഒക്ടോബര്‍ മാസത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ ഔട്ട് ഓഫ് അജണ്ടയായി സൗരോര്‍ജ നയത്തിന്റെ കാതലായ തീരുമാനങ്ങള്‍ കൈക്കൊളളുകയും ചെയ്തു. 2500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുളള വീടുകള്‍ നിര്‍മിക്കുമ്പോള്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചേ തീരൂ. ഇതുപോലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കണം. വാണിജ്യാടിസ്ഥാനത്തില്‍ കെഎസ്ഇബിയുടെ ഗ്രിഡിലേയ്ക്കു കണക്ടു ചെയ്യുന്ന സൗരോര്‍ജ പ്ലാന്റുകളെയും കാറ്റാടി യന്ത്രങ്ങളെയും കുറിച്ച് വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനങ്ങളുമുണ്ടായി. ടീം സോളാറിന്റെ മുഖ്യ ആശ്രയവും സ്വാധീനകേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു എന്നതിനെക്കുറിച്ച് ഇന്നൊരു സംശയവുമില്ല. പ്രശ്നം വിവാദമായതിനു ശേഷം നിയമസഭാ ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ആദ്യത്തെ രണ്ടുദിവസവും സരിതയെയും ബിജുവിനെയും അറിയാമെന്ന് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തികഞ്ഞ നിശ്ശബ്ദത പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. ഏഷ്യാനെറ്റിനു നല്‍കിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി സമ്മതിച്ചതു തന്നെ. സരിതാ നായരെ സംബന്ധിച്ചാണെങ്കില്‍ വിജ്ഞാന്‍ ഭവനില്‍ വെച്ചു കണ്ടില്ല എന്നല്ലാതെ അവരുമായി നേരിലോ ഫോണിലോ സംസാരിച്ചിട്ടില്ല എന്ന് ഇന്നേവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഏതായാലും വിജ്ഞാന്‍ ഭവന്‍ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ തോമസ് കുരുവിളയാണ് വെളിപ്പെടുത്തിയത്. ജോപ്പന്‍ എന്ന അസിസ്റ്റന്റിനെയും സലീംരാജ് എന്ന ഗണ്‍മാനെയും പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി സന്നദ്ധനായി. ആദ്യദിവസം അതിനദ്ദേഹം തയ്യാറായിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടു വരട്ടെ എന്നായിരുന്നു നിലപാട്. എന്തിന് അന്വേഷണ റിപ്പോര്‍ട്ട്? എഴുപതു തവണ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഫോണ്‍ ചെയ്തതിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രിയ്ക്കു ലഭ്യമായിരുന്നില്ലേ. അദ്ദേഹം സില്‍ബന്തികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ, വിജയിച്ചില്ല എന്ന അനുമാനത്തിലേ നമുക്ക് എത്താന്‍ കഴിയൂ. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജോപ്പനിലോ സലീംരാജിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ടീം സോളാറുമായുളള ബന്ധം. മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ ജിക്കുവിന്റെ ഫോണില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും വിളിയുണ്ടായിട്ടുണ്ട്. മറ്റു ചില സ്റ്റാഫ് അംഗങ്ങളെക്കുറിച്ചും കഥകള്‍ കേള്‍ക്കുന്നുണ്ട്. ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം. പോലീസ് അന്വേഷണ സംഘത്തിനു മാത്രമല്ല, ഒരു പൊതു രാഷ്ട്രീയ പ്രശ്നമായി മാറിയ ഇക്കാര്യത്തെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് ആകെ താല്‍പര്യമുണ്ട്. ടീം സോളാറും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ ഒരു തട്ടിപ്പു സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് എത്രമാത്രം കെട്ടുപിണഞ്ഞു കിടന്നിരുന്നു എന്നു വ്യക്തമാകും. മുഖ്യമന്ത്രിക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അദ്ദേഹത്തെ ബന്ധപ്പെടണമെങ്കില്‍ ജോപ്പന്‍, സലിംരാജ്, ജിക്കു, ആര്‍കെ എന്നിവരുടെ ഫോണ്‍ വഴിയേ പറ്റൂ. ഇവരെല്ലാവരെയും തമ്മില്‍ ഘടിപ്പിക്കുന്ന പൊതുവായ ഘടകം മുഖ്യമന്ത്രിയാണ്. അദ്ദേഹം സ്ഥലത്തുണ്ടായിരുന്ന വേളയിലും ഇല്ലാത്ത വേളയിലും ഫോണ്‍ കോളുകളുണ്ടായിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയും ഫോണ്‍ വിളികളുമായി യാതൊരു ബന്ധവുമില്ല എന്ന് മാലോകര്‍ വിശ്വസിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. യുഡിഎഫ് ഭരണം ഉപജാപകരുടെയും സര്‍ക്കാര്‍ ബാഹ്യശക്തികളുടെയും പിടിയിലാണ്. നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചല്ല മറിച്ച്, വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീക്കുന്ന ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ഇത് ഏതറ്റം വരെ പോകാമെന്നുളളതിന്റെ തെളിവാണ് ടീം സോളാര്‍ തട്ടിപ്പ്. പതിനാലില്‍പ്പരം കേസുകളിലാണ് കേരളത്തില്‍ അവര്‍ പ്രതികളായിരിക്കുന്നത്. ഇതിനു പുറമെയാണ് തമിഴ്നാട്ടിലെ കേസുകള്‍. ബിജുവാകട്ടെ, കൊലക്കേസില്‍ അന്വേഷണ വിധേയനായിരുന്നു. ഇങ്ങനെയുളള ഒരു തട്ടിപ്പു സംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല മറ്റു ഭരണതലങ്ങളിലും പിടിമുറുക്കി നാട്ടിലെ പൗരന്മാരെ കബളിപ്പിക്കുകയാണ്. ഈ വീഴ്ചകള്‍ മറച്ചുവെയ്ക്കുന്നതിനു വേണ്ടി ഉമ്മന്‍ചാണ്ടിയും മനോരമയും മുന്നോട്ടു വെയ്ക്കുന്ന വാദങ്ങള്‍ രണ്ടാണ്. എന്തുകൊണ്ട് എല്‍ഡിഎഫ് ഭരണത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല? എന്തുകൊണ്ട് ബിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തില്ല? അന്നും ഭരണതലത്തില്‍ ഇവര്‍ക്കു സ്വാധീനമുണ്ടായിരുന്നു എന്നാണ് വ്യംഗ്യം. അങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അതുകൂടി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരട്ടെ എന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര കൊല്ലപ്പെട്ടത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കവെയാണ്. എന്നിട്ട് കേസെടുത്തത് സ്ത്രീധനപീഡനത്തിന്റെ പേരിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പിതാവിന്റെ പരാതിയെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ കളങ്കിതനായ ഈ വ്യക്തിയുമായി യുഡിഎഫ് ഭരണം ഉറ്റബന്ധമാണ് പുലര്‍ത്തിയത്. ഇന്നിപ്പോള്‍ മറിച്ചൊരു നിലപാടെടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് കര്‍ശനമായ നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇരുവരും ജയിലിലായത് എല്‍ഡിഎഫ് ഭരണകാലത്താണ്. ജാമ്യത്തിലിറങ്ങിയവര്‍ തമിഴ്നാടിലേക്ക് മുങ്ങുകയാണുണ്ടായത്. പിന്നീട് തലപൊക്കുന്നത് യുഡിഎഫ് ഭരണം വരുമ്പോഴാണ്. മറ്റൊരു കാര്യവും കൂടിയുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് അവരുടെ തട്ടിപ്പ് ഭരണത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടോ സര്‍ക്കാര്‍ സ്കീമുകളിലെ തിരിമറികളിലൂടെയോ അല്ലായിരുന്നു. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. അതുകൊണ്ട് സര്‍ക്കാരിനു നഷ്ടമൊന്നുമുണ്ടായിട്ടില്ല എന്ന തര്‍ക്കുത്തരമൊന്നും നല്‍കി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നോക്കേണ്ട.

ക്രിമിനല്‍ അന്വേഷണം നടക്കുന്ന വേളയില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് കുറ്റവാളികളെ രക്ഷപ്പെടുത്താനാണെന്ന വിചിത്രമായ വാദവും ഉയര്‍ത്തുന്നുണ്ട്. ജൂഡീഷ്യല്‍ അന്വേഷണം ക്രിമിനല്‍ കേസ് അന്വേഷണത്തിന് തടസമേയല്ല. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരിക, മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത്ര എളുപ്പത്തില്‍ എങ്ങനെ ഭരണബാഹ്യ ശക്തികള്‍ക്ക് ദുരുപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ്. ഇത്തരമൊരു അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കുക തന്നെ വേണം. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നല്ലാതെ, യുഡിഎഫ് അധികാരമൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. നിയമസഭയില്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം യുഡിഎഫിനു ഭരിക്കാം. പക്ഷേ, ഇന്നത്തെ മുഖ്യമന്ത്രിയെ ആ സ്ഥാനത്തിരുത്തിയുളള ഏതന്വേഷണത്തിനും പാമോയിലിന്റെയും ടൈറ്റാനിയത്തിന്റെയും അഴിമതി അന്വേഷണത്തിന്റെ ഫലമേയുണ്ടാകൂ.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

വിവാഹപ്രായവും നിയമവും

പെണ്‍കുട്ടിയുടെ വിവാഹപ്രായം പലപ്പോഴും തര്‍ക്കവിഷയമാകും. മിക്കപ്പോഴും വ്യക്തിനിയമങ്ങള്‍ തന്നെ വില്ലന്‍. മുസ്ലിം വ്യക്തിനിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം ഇല്ല. ഋതുമതി (attaining age of puberty)യായാല്‍ മതി കുട്ടിയെ കെട്ടിക്കാം. എന്നാല്‍, സംശയം വന്നാല്‍ 15 വയസ്സ് എന്നൊരു പരിധി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് ചെറിയ കുട്ടികളെ വിവാഹം കഴിക്കാന്‍ തടസ്സമില്ലെന്ന വാദം പതിവ്. പലപ്പോഴും കോടതികള്‍ക്ക് ഇത് ശരിവയ്ക്കേണ്ടിവരുന്നു. എന്നാല്‍, നിലവിലുണ്ടായിരുന്ന ശൈശവ വിവാഹ നിയന്ത്രണ നിയമം (Child Marriage Restraint Act 1929) കേന്ദ്ര സര്‍ക്കാര്‍ ശൈശവ വിവാഹ നിരോധന നിയമ (Prohibition of Child Marriage Act 2006) മാക്കി പുതുക്കി. 2007 നവംബര്‍ ഒന്നിന് പ്രാബല്യത്തിലായ ഈ നിയമമനുസരിച്ച് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നടത്തുന്നവര്‍ക്ക് രണ്ടുകൊല്ലം വരെ തടവ് ശിക്ഷ കിട്ടാം.

ഈ നിയമവും വ്യക്തിനിയമവും തമ്മില്‍ വൈരുധ്യം വന്നാല്‍ എന്തുചെയ്യും എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അക്കാര്യം കോടതിക്കേ പറയാനാകൂ. പറയേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി പറഞ്ഞേക്കും. ഒരു കേസ് അവിടെയുണ്ട്. ദേശീയ വനിതാകമീഷന്‍ നല്‍കിയ ഹര്‍ജിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ വിവാഹം അംഗീകരിച്ച് ദല്‍ഹി ഹൈക്കോടതിയുടെ വിധി വന്നിരുന്നു. 2005ല്‍ വന്ന വിധിക്കെതിരെ 2006ല്‍ കമീഷന്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതിയിലുള്ളത്. 13 തവണ കേസ് പരിഗണിച്ച കോടതി ഇനി ജൂലൈ 24 ന് പരിഗണിക്കും. അന്ന് തീരുമാനമായേക്കും. മുസ്ലിം വ്യക്തിനിയമത്തില്‍ മാത്രമല്ല മറ്റ് പല നിയമങ്ങളിലും പ്രായപൂര്‍ത്തിയുടെ നിര്‍വചനം പലതാണ്. ഇതെല്ലാം ഒരുപോലെയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഈ കേസ് കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം അനുവദിച്ചാല്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ ഉദ്ദേശ്യം തന്നെ അട്ടിമറിക്കപ്പെടും. ഇന്ത്യയിലാകെ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണത്. സുപ്രീംകോടതിയില്‍നിന്ന് അന്തിമ ഉത്തരവ് വരാത്ത സ്ഥിതിക്ക് ഹൈക്കോടതി ഉത്തരവുകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ബാധകം. പല ഹൈക്കോടതികളും ശൈശവ വിവാഹങ്ങള്‍ സാധുവാണെന്ന് വിധിച്ചിട്ടുണ്ട്. ഡല്‍ഹി, ആന്ധ്രാ ഹൈക്കോടതികള്‍ കേസുകള്‍ കൂട്ടത്തോടെ പരിഗണിച്ചാണ് ഇത്തരം വിധി നല്‍കിയത്. വിവാഹിതയായ സ്ത്രീ പ്രായപൂര്‍ത്തിയായ ശേഷം കോടതിയിലെത്തി അവരുടെ അനുമതിയോടെയാണ് വിവാഹം നടന്നതെന്ന് പറഞ്ഞാല്‍ ആ വിവാഹം അസാധുവാകില്ലെന്നായിരുന്നു ഈ വിധികളുടെ സാരം.

ഇപ്പോള്‍ കേരള സര്‍ക്കാര്‍ വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവാദ ഉത്തരവിന് ആധാരമാക്കിയത് ഇത്തരമൊരു വിധിയാണ്. 2005ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുവന്ന ഈ വിധിയാണ് വനിതാ കമീഷന്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാല്‍, വളരെ ശക്തവും കൂടുതല്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നുള്ളതുമായ വിധികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് ഉള്‍പ്പെടെ പിന്നീടുണ്ടായി. ഏറ്റവും ശ്രദ്ധേയം ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ 2012 ജൂലൈ 28ലെ വിധിയാണ്. പ്രത്യേക ലക്ഷ്യത്തോടെയുള്ള നിയമം എന്ന നിലയില്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ പ്രാബല്ല്യം വ്യക്തിനിയമങ്ങള്‍ക്ക് മുകളിലാണെന്ന് ആ വിധിയില്‍ പറഞ്ഞു. ശൈശവ വിവാഹങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതിയുടെ വിധിയും സമാനമായുണ്ടായി. അത് 2013 ഫെബ്രുവരി 26 നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നത്. അതില്‍ പറയുന്നത് 18 വയസ്സില്‍ താഴെ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ചെയ്ത് കൊടുക്കണമെന്നാണ്.

അതായത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമായ ഒരു ചെയ്തിക്ക് കുട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ "കര്‍ശന നിര്‍ദേശം" നല്‍കുന്നു. അതിനായി എട്ടുകൊല്ലം മുമ്പത്തെ ഒരു ഹൈക്കോടതി വിധി ആധാരമാക്കുന്നു. അതിനുശേഷം അടുത്തിടെ വരെ വന്ന മറ്റ് കോടതിവിധികള്‍ തമസ്കരിക്കുന്നു. ഇത്തരത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനേക്കാള്‍ ആധികാരികത ഒരു മതനിയമത്തിലെ വിവാദ വ്യവസ്ഥയ്ക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. ഇവിടെയാണ് സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആകുന്നത്. നടന്നുപോയ വിവാഹങ്ങള്‍ അംഗീകരിക്കാനാണ് ഉത്തരവെന്നൊരു വ്യാഖ്യാനം സര്‍ക്കാര്‍ വക്താക്കളില്‍ നിന്നുണ്ടായി. ഇത് കൂടുതല്‍ നിയമവിരുദ്ധമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് ആശ്വാസം എത്തിക്കല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ചെയ്യേണ്ടതല്ല. കുറ്റം ചെയ്തവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം. കോടതി ഓരോ കേസിലും അതിന്റെ ഉള്ളടക്കം പരിശോധിച്ച് തീരുമാനിക്കും, അതാണ് വേണ്ടതും. കേരളത്തില്‍ത്തന്നെ അത്തരം രണ്ട് കേസുകളില്‍ രജിസ്ട്രേഷന്‍ ഹൈക്കോടതി അടുത്തിടെ അനുവദിച്ചിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന ശൈശവവിവാഹങ്ങളെല്ലാം മുസ്ലിം സമുദായത്തിലാണെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ശൈശവവിവാഹ നിരോധന നിയമത്തിനെതിരെ ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയതും ഇപ്പോഴും ഉയര്‍ത്തുന്നതും രാജസ്ഥാനിലെ ഖാപ് പഞ്ചായത്തുകളാണ്. അധികൃതരുടെ ഒത്താശയോടെ ശൈശവവിവാഹങ്ങള്‍ ഇവിടെ നടക്കുന്നു. ഹിന്ദുവിവാഹ നിയമത്തിലെ ചില പഴുതുകള്‍ ചൂണ്ടിക്കാട്ടി ഇവയുടെ രജിസ്ട്രേഷനുവേണ്ടിയും വാദങ്ങള്‍ ഉയരുന്നു. സുപ്രീംകോടതി അടുത്തമാസം കേസ് കേള്‍ക്കുമ്പോള്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കരുതാം

കേരളത്തില്‍ ശൈശവ വിവാഹം 6.8 ശതമാനം

ശൈശവ വിവാഹം കേരളത്തിലും തുടരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 2010ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസും കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ (District Level Household Survey) ജില്ലാതല സര്‍വേ കണക്കനുസരിച്ച് കേരളത്തില്‍ 6.8 ശതമാനം പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് നിയമപ്രകാരം തികയേണ്ട 18 വയസ്സിനു മുമ്പാണ്. 1.2 ശതമാനം ആണ്‍കുട്ടികളുടെ വിവാഹം 21 വയസ്സ് തികയും മുമ്പാണെന്നും പഠനം പറയുന്നു. 2007-08ല്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികളുടെ വിവാഹങ്ങളില്‍ നാലിലൊന്ന് ഇത്തരത്തില്‍ നിയമപ്രകാരമുള്ള വിവാഹപ്രായം എത്തുംമുമ്പാണ്. മറ്റ് ജില്ലകളിലെ കണക്ക് ചുവടെ: പാലക്കാട്-12.6, വയനാട്-9.4, കണ്ണൂര്‍-6.7, കാസര്‍കോട്-5.1, എറണാകുളം-3.9, കോഴിക്കോട്-3.1, ഇടുക്കി-3.1, തൃശൂര്‍- 2.7, കൊല്ലം-2.6, തിരുവനന്തപുരം-1.8, കോട്ടയം-0.8, ആലപ്പുഴ-0, പത്തനംതിട്ട-0.

കുട്ടി ആര്‍ക്കൊപ്പം

അഡ്വ. കെ ആര്‍ ദീപ

പപല വിവാഹബന്ധങ്ങളും വേര്‍പെടുത്താതിരിക്കാന്‍ കാരണമാകുന്നത് കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയാണ്. തകര്‍ച്ചയുടെ വക്കിലുള്ള കുടുംബങ്ങള്‍പോലും "കുട്ടികളെക്കരുതി തകര്‍ക്കരുതെന്ന" വാദം ഉയരാറുണ്ട്. എന്നാല്‍, അശാന്തിയും പരസ്പര വിശ്വാസമില്ലായ്മയും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരേണ്ടിവരുന്ന കുട്ടികള്‍ നേരിടുന്ന മാനസികവ്യഥ വേര്‍പെടുന്ന കുടുംബങ്ങളില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളേക്കാള്‍ മിക്കപ്പോഴും കടുത്തതാണ്. കുടുംബകേസുകളില്‍ കുട്ടി ആര്‍ക്കൊപ്പം എന്നത് എന്നും കോടതിക്ക് ഉത്തരം കണ്ടെത്തേണ്ടിവരുന്ന ചോദ്യമാണ്. വിവാഹമോചനക്കേസുകളില്‍ മാത്രമല്ല ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്.

പ്രസവത്തിനൊപ്പം അമ്മ മരിച്ചാല്‍, അച്ഛനും അമ്മയും മരിച്ചാല്‍ ഒക്കെ കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന തര്‍ക്കം ഉയരാം. കുട്ടിയോടുള്ള സ്നേഹത്തില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ മുതല്‍ കുട്ടിയെ വിട്ടുകിട്ടുന്നത് അഭിമാനപ്രശ്നമായി കരുതുന്നവരുടെ അവകാശവാദങ്ങള്‍വരെ കോടതികള്‍ക്കു മുന്നിലെത്തും. പതിനെട്ടു വയസ്സുവരെയുള്ളവരാണ് നിയമത്തിനുമുന്നില്‍ കുട്ടികള്‍. കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന് നിശ്ചയിക്കാന്‍ മുസ്ലിങ്ങള്‍ ഒഴികെയുള്ള മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ബാധകമാകുന്നത് 1890ലെ ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്സ് ആക്ട് , ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ് ആക്ട്  എന്നിവയാണ്. മുസ്ലിങ്ങള്‍ക്ക് മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകളാണ് ബാധകം. അഞ്ച് വയസ്സുവരെ കുട്ടി അമ്മയ്ക്കൊപ്പം എന്നതിന് പൊതുസമ്മതിയും നിയമ പിന്‍ബലവുമുണ്ട്. പലപ്പോഴും നിയമം വിട്ട് കോടതികള്‍ തീരുമാനിക്കുന്ന വിഷയങ്ങളിലൊന്നാണ് കുട്ടികളെ ആര് പരിപാലിക്കും എന്നത്. ഇത്തരം കേസുകളില്‍ ""നിയമമോ, കര്‍ശനമായ ചട്ടങ്ങളോ തെളിവോ നടപടിക്രമമോ കീഴ്വഴക്കമോ അല്ല പരിഗണിക്കേണ്ടത്" എന്ന് 2009ല്‍ നീല്‍ രത്തന്‍ കുണ്ടു വേഴ്സസ് അഭിജിത് കുണ്ടു കേസില്‍ സുപ്രീംകോടതിതന്നെ പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാക്കാലത്തേക്കും ബാധകമായ ഒരു തീര്‍പ്പില്ലെന്നും സുപ്രീംകോടതി 1973 ല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ""നിലവിലുള്ള സാഹചര്യം പരിഗണിച്ചാണ് കോടതികള്‍ ഉത്തരവ് നല്‍കുന്നത്. സാഹചര്യം മാറുമ്പോള്‍, കാലം പോകുമ്പോള്‍ ആ കോടതിക്കുതന്നെ മുമ്പുനല്‍കിയ ഉത്തരവില്‍ മാറ്റം വരുത്തേണ്ടിവന്നേക്കാം. അപ്പോഴും മുഖ്യപരിഗണന കുട്ടിയുടെ ക്ഷേമമായിരിക്കണം.""-റോസി ജേക്കബ് വേഴ്സസ് ജേക്കബ് കേസില്‍ സുപ്രീംകോടതി പറഞ്ഞു. കുട്ടിയുടെ ക്ഷേമം പ്രധാനമായി പരിഗണിക്കുമ്പോള്‍ കേസിലെ കക്ഷികള്‍ തമ്മിലുണ്ടാക്കുന്ന ഒത്തുതീര്‍പ്പുകള്‍പോലും പ്രസക്തമല്ലെന്നും കോടതി 2011ല്‍ മറ്റൊരുകേസില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കുട്ടികള്‍ ആര്‍ക്കൊപ്പം എന്നത് കോടതിക്ക് വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കാവുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരുകേസിലെ വിധി മറ്റൊരുകേസില്‍ പകര്‍ത്താനായെന്നു വരില്ല.

കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് മൂന്നുതരം ഉത്തരവുകളാണ് കോടതികള്‍ നല്‍കുന്നത്. സ്ഥിരം കസ്റ്റഡിയാണ് ഒന്ന്. താല്‍ക്കാലിക കസ്റ്റഡി , സന്ദര്‍ശനാനുമതി എന്നിവയാണ് മറ്റ് രണ്ടുതരം ഉത്തരവുകള്‍. കേസിലെ അന്തിമതീര്‍പ്പിനനുസരിച്ചാണ് സ്ഥിരംകസ്റ്റഡി അനുവദിക്കുക. താല്‍ക്കാലിക കസ്റ്റഡി, കേസ് പരിഗണനയിലിരിക്കുന്ന കാലത്തെ കസ്റ്റഡിക്കുള്ള അനുമതിയാണ്. കസ്റ്റഡിക്കുള്ള അനുമതി കിട്ടാത്ത രക്ഷിതാവിന് കുട്ടിയെ ഇടയ്ക്ക് സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കുന്ന ഉത്തരവാണ് സന്ദര്‍ശനാനുമതി. ഈ ഉത്തരവുകള്‍ നല്‍കുമ്പോള്‍ കോടതി പരിഗണിക്കുന്ന ഘടകങ്ങള്‍ പലതാണ്. അച്ഛന്റെയും അമ്മയുടെയും വിദ്യാഭ്യാസം, ഇരുവരുടെയും കുടുംബ പശ്ചാത്തലം, സാമ്പത്തിക സ്ഥിതി, കുട്ടിയുടെ അഭിപ്രായം, കുട്ടിയുടെ വ്യക്തിത്വവികസനത്തിന് കൂടുതല്‍ സഹായകമായ അന്തരീക്ഷം, കക്ഷികള്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്നിവയൊക്കെ കോടതി കണക്കിലെടുക്കും.

*
ദേശാഭിമാനി