Tuesday, December 9, 2008

നിത്യനിദ്ര

കര്‍ത്താവിന്റെ ശവക്കല്ലറയില്‍ മഗ്ദലന മറിയം കാത്തിരുന്നു.

ഇത് മൂന്നാംനാളാണ്.

ജീവിതം മരണത്തെ തോല്‍പ്പിക്കുന്നതിന്റെ പിറന്നാള്‍. മരണമില്ലാത്തവന്റെ ഉത്‌ഥാനം. മരണമില്ലാത്ത കാരുണ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.

അവള്‍ക്ക് ആഹ്ളാദമായി.

ശ്‌മശാനത്തിലെ നിശ്ശബ്‌ദതയില്‍ അശരീരി മുഴങ്ങി.

'നിന്റെ കാത്തിരിപ്പിന് അന്ത്യമായി. നിന്റെ നാഥന്‍ എഴുന്നുള്ളാറായി. മനസ്സിലെ എല്ലാ ദീപങ്ങളും തെളിയട്ടെ, എല്ലാ വാതിലുകളും തുറക്കട്ടെ. നിന്റെ ഹൃദയം അവന്നായി ഒരുക്കി വെക്കുക.'

യെരുശലേമിന്റെ ആകാശത്ത് സുഗന്ധം നിറഞ്ഞു. കുന്തിരിക്കം പുകഞ്ഞു. കാട്ടെരിക്കുകള്‍ വിരിഞ്ഞു. ശലോമോന്റെ സംഗീതം നിറഞ്ഞു.

അവള്‍ കാത്തിരുന്നു.

മരണം മുദ്ര വെച്ച കല്ലറകള്‍ ഇപ്പോള്‍ പിളരും. പിശാചുക്കള്‍ അതിന്റെ മാളത്തിലൊളിക്കും, സര്‍പ്പസന്തതികളുടെ വിഷപ്പല്ലുകള്‍ കൊഴിയും, അന്ധകാരം മായും, നക്ഷത്രങ്ങള്‍ തിളങ്ങും. അവളുടെ നാഥന്‍ ഇതാ വരുന്നു- സ്‌നേഹമായി..സാന്ത്വനമായി..അവസാനമില്ലാത്ത കാരുണ്യക്കടലായി.

ആണിപ്പഴുതുള്ള കൈയില്‍ അപ്പോള്‍ അവള്‍ ഉമ്മവെക്കും. ആ വിലാപ്പുറത്തെ മുറിവില്‍ തലചായ്‌ക്കും. ആ പാദങ്ങള്‍ മാനസാന്തരം കൊണ്ട് കഴുകും. തലമുടി കൊണ്ട് തുടയ്‌ക്കും.

അവള്‍ കാത്തിരുന്നു.

ഇരുട്ടിന്റെ കൈയില്‍ നിമിഷാര്‍ധങ്ങള്‍ നിശ്ശബ്‌ദമായി അടര്‍ന്നു വീണു. ഒരു യുഗം പോലെ തോന്നി അവള്‍ക്ക്.

സമയമേറെ കഴിഞ്ഞു.

അവളുടെ കര്‍ത്താവ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ല. അവള്‍ പരിഭ്രമിച്ചു. സമര്‍പ്പിക്കാന്‍ കരുതിവെച്ച ജീവിതം പളുങ്കുപാത്രം പോലെ ഉടയുന്നു. പ്രതീക്ഷയുടെ വിളക്കുകളില്‍ എണ്ണ വറ്റുന്നു. കല്ലറയ്‌ക്കു മുന്നില്‍ അവള്‍ മെഴുതിരിയായി ഉരുകി.

അവള്‍ നിലവിളിച്ചു.

'എന്റെ കര്‍ത്താവേ നീ ഇറങ്ങി വരാത്തതെന്ത് ?..മൌനം കൊണ്ട് മരണത്തെ തോല്‍പ്പിച്ച മനുഷ്യപുത്രാ..യാമങ്ങള്‍ കൊഴിയുന്നു..അഗ്നിച്ചിറകുള്ള മാലാഖമാര്‍ കാത്തിരിക്കുന്നു..സങ്കീര്‍ത്തനങ്ങളുടെ സംഗീതവുമായി ആകാശദൂതികള്‍ കാത്തിരിക്കുന്നു..മണ്‍തരികള്‍ നിന്റെ പാദസ്‌പര്‍ശം കൊതിക്കുന്നു....മേഘങ്ങള്‍ കിന്നരികളാകാന്‍ കൊതിക്കുന്നു..

അന്ധന് കാഴ്ച കൊടുത്തവനേ..ബധിരന് നാവു കൊടുത്തവനേ..ചെകിടന് നാദം കൊടുത്തവനേ..എന്റെ കര്‍ത്താവേ..നീ വരാത്തതെന്ത് ?'

കല്ലറയില്‍ കിടന്ന് കര്‍ത്താവ് ആ ശബ്‌ദം കേട്ടു. കണ്ണുകളടച്ചു.

പുറത്ത് നിലവിളി നിലച്ചില്ല. നിലയ്‌ക്കാത്ത നെഞ്ചിടിപ്പായി കല്ലറയില്‍ അത് കര്‍ത്താവിനെ തേടിയെത്തി.

അവന്‍ വിളിച്ചു.

' മഗ്ദലനക്കാരി മറിയമേ..'

കല്ലറയില്‍ മുഖം ചേര്‍ത്ത് പ്രാര്‍ഥിച്ച അവള്‍ ആ ശബ്‌ദം തിരിച്ചറിഞ്ഞു. തന്റെ കര്‍ത്താവിന്റെ ശബ്‌ദം!

അവള്‍ തിരഞ്ഞു; അവനെ കണ്ടില്ല. ഇരുട്ടു മാത്രം.

'കര്‍ത്താവേ.. നീ എവിടെയാണ്..?'

'ഞാന്‍ എന്റെ കല്ലറയില്‍ തന്നെയാണ്..'

'നീ എന്താണ് എഴുന്നുള്ളിവരാത്തത്..?'

ശ്‌മശനത്തില്‍ ഭയാനകമായ നിശബ്‌ദത. കാറ്റില്‍ കരിയിലകള്‍ ഇളകുന്ന ശബ്‌ദം പോലുമില്ല. അവസാനത്തെ മിന്നാമിന്നിയും മടങ്ങിപ്പോയി.

അവള്‍ വീണ്ടും നിലവിളിച്ചു.

വാക്കുകളില്‍ ഭ്രാന്തിന്റെ സ്വരഭേദം കലര്‍ന്നു.

'നീ എന്താണ് എഴുന്നള്ളി വരാത്തത്..?'

'മഗ്ദലനക്കാരി മറിയമേ..നീ സങ്കടപ്പെടരുത്..ഞാന്‍ മരണത്തിന് കീഴടങ്ങുന്നു..'

അവളുടെ ക്ഷീണിച്ച വിരലുകള്‍ കല്ലറയില്‍ മുറുകി. തലകൊണ്ട് കല്ലിലിടിച്ചു.

മുഖത്ത് ചെമ്മണ്ണ് കലര്‍ന്നു. അതിലൂടെ കണ്ണീര്‍ ഒഴുകി.

കുരിശിന്റെ ചുവട്ടില്‍ അവള്‍ കുഴഞ്ഞു വീണു- മരിക്കാത്ത രക്തസാക്ഷിയെപ്പോലെ.

'കര്‍ത്താവേ..ഞങ്ങളുടെ സങ്കടങ്ങളുടെ മീതെ നീ വരുമെന്ന് കരുതി..ഞങ്ങളുടെ പാപങ്ങളുടെ മീതെ നീ വരുമെന്ന് കരുതി..ഞങ്ങളുടെ അന്ധകാരങ്ങളുടെ മീതെ നീ വരുമെന്ന് കരുതി..ആ പ്രതീക്ഷ മാത്രമായിരുന്നു ഇതുവരെ ഞങ്ങളുടെ ജീവിതം..ചുഴികളും മലരികളും നിറഞ്ഞ ജീവിതം ഞങ്ങള്‍ നീന്തിയത് ഈ കാത്തിരിപ്പിന്റെ കൈകള്‍ കൊണ്ടാണ്..കര്‍ത്താവേ..ഞങ്ങളുടെ കൈകള്‍ കുഴയുന്നു..കാലുകള്‍ തളരുന്നു..ഒറ്റ നിമിഷം കൊണ്ട് ഞങ്ങള്‍ അനാഥരാകുന്നു. മരണമില്ലെന്ന് ഞങ്ങള്‍ വിശ്വസിച്ച നീ മരണത്തിലേക്ക് മടങ്ങുന്നുവെന്നോ..'

അരിപ്പിറാവിനെപ്പോലെ അവള്‍ തേങ്ങി.

കല്ലറയില്‍ കിടന്ന് കര്‍ത്താവ് ആ നിലവിളി കേട്ടു.

' മഗ്ദലനക്കാരി മറിയമേ..എന്റെ ശിഷ്യരിലൊരുവന്‍ മുപ്പത് വെള്ളിക്കാശിന് എന്നെ വിറ്റപ്പോള്‍ ഞാന്‍ വേദനിച്ചില്ല..ശത്രുക്കള്‍ ചമ്മട്ടികൊണ്ട് അടിച്ചപ്പോള്‍ എനിക്ക് വേദനിച്ചില്ല.. കനത്ത കുരിശുമായി കാല്‍വരി താണ്ടിയപ്പോഴും എനിക്ക് വേദനിച്ചില്ല...എന്റെ തലയില്‍ മുള്‍മുടി തറച്ചപ്പോഴും, എന്റെ മുഖത്ത് തുപ്പിയപ്പോഴും എനിക്ക് വേദനിച്ചില്ല..മരക്കുരിശില്‍, മൂന്നാണിയില്‍ മലര്‍ത്തിയടിച്ചപ്പോഴും എനിക്ക് വേദനിച്ചില്ല..മരണം ഉറപ്പിക്കാന്‍ കുന്തം കൊണ്ട് നെഞ്ച് പിളര്‍ന്നപ്പോഴും എനിക്ക് വേദനിച്ചില്ല..അപ്പോഴെല്ലാം മാംസത്തിന്റെ മുറിവുകളിലൂടെ ഞാന്‍ മനസ്സിനെ മെരുക്കുകയായിരുന്നു..ഞാന്‍ എന്നെ ശുദ്ധീകരിക്കുകയായിരുന്നു..എന്റെ രക്തത്തില്‍ ഞാന്‍ എന്റെ ജീവനെക്കഴുകുകയായിരുന്നു..കഴുകി വെടുപ്പാക്കിയ ജീവന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.

ഞാന്‍ തോറ്റവരുടെ യുദ്ധം നയിക്കുകയായിരുന്നു. സ്‌നേഹമുള്ള മരണം വാത്സല്യപൂര്‍വം എന്നെ തലോടി. അതിന്റെ തണുത്ത ആലിംഗനത്തില്‍ കിടന്ന് ഞാന്‍ പുനരുത്ഥാനത്തിന്റെ സുഗന്ധം ശ്വസിച്ചു.

മഗ്ദലനക്കാരി മറിയമേ.. ഇപ്പോള്‍ ഞാന്‍ തോറ്റു..'

'അങ്ങ് തോറ്റെന്നോ..?മരണത്തെപ്പോലും തോല്‍പിച്ച അങ്ങ് തോറ്റെന്നോ..?'

'എനിക്ക് മരിക്കേണ്ട സമയമായി..'

'അങ്ങേക്കും മരണമോ..? അങ്ങയോടുള്ള വിശ്വാസത്തിന്റെ ബലത്തില്‍ കടലുകള്‍ മാറിപ്പോകുന്നതും, പര്‍വതങ്ങള്‍ ഇളകിപ്പോവുന്നതും ഞങ്ങള്‍ അറിയുന്നു.'

'മറിയമേ..എല്ലാത്തിനും മരണമുണ്ട്..മനുഷ്യനും അവന്റെ വിശ്വാസങ്ങള്‍ക്കും..'

'സ്‌നേഹത്തിനും..?'

'എല്ലാ സ്‌നേഹവും അവസാനിക്കുന്നു, നീ തനിച്ചാവുമ്പോള്‍; നിന്റെ ചിരി നിന്റെ തന്നെ ചുണ്ടില്‍ അസ്‌തമിക്കുന്ന പോലെ..ഞാന്‍ ഇപ്പോള്‍ മനുഷ്യപുത്രനല്ല; ദൈവപുത്രനല്ല. നീ കാത്തിരിക്കുന്ന മിശിഹയല്ല, ജഡമാണ്. ഇത് കല്ലും മണ്ണും കുമ്മായവും കൊണ്ടുണ്ടാക്കിയ കല്ലറയായിരുന്നെങ്കില്‍ എനിക്ക് പൊളിക്കാമായിരുന്നു. എന്റെ തന്നെ വിശ്വാസപ്രമാണങ്ങളുടെ കല്ലറയിലാണ് മഗ്ദലനക്കാരി മറിയമേ..ഇവര്‍ എന്നെ അടക്കിയിരിക്കുന്നത്. ഇത് എനിക്ക് പൊളിക്കാനാവില്ല. സ്വന്തം പ്രവചനങ്ങളുടെ നടുവില്‍ മരിച്ചുകിടക്കുന്ന പ്രവാചകന്‍!

ഞാന്‍ ഒഴുക്കിയ രക്തമോ ഞാന്‍ ചിന്തിയ മാംസമോ പോലും എനിക്ക് കൂട്ടിനില്ല. എന്റെ പീഡാനുഭവങ്ങള്‍ വഴിയോരക്കാഴ്‌ചകളായി, എന്റെ ആത്മബലി വില്‍പ്പനച്ചരക്കായി, എന്റെ ഗദ്ഗദങ്ങള്‍ പെരുമ്പറകളായി..എന്റെ ജീവിതം പോലും എന്റേതല്ലാതായി.കവര്‍ച്ച ചെയ്യപ്പെട്ടവനെപ്പോലെ ഞാന്‍ ഈ കല്ലറയില്‍ കിടക്കുന്നു. മഗ്ദലനക്കാരി മറിയമേ.. ജയിക്കുന്നവര്‍ക്കുള്ളതാണ് ജീവിതം, തോല്‍ക്കുന്നവര്‍ക്കോ മരണവും. ഞാന്‍ തോറ്റവനാണ്.'

'അങ്ങ് തോല്‍ക്കില്ല. തോല്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല.ഞങ്ങള്‍ പാപികള്‍, അഭിസാരികകള്‍ പശ്ചാത്താപത്തിന്റെ കണ്ണീരൊഴുക്കി ഈ കല്ലറകള്‍ അലിയിക്കും.'

'നിന്റെ സ്‌നേഹം നിനക്ക് വെളിച്ചമാവട്ടെ. പക്ഷേ അന്ധകാരത്തില്‍ വഴി കണ്ടെത്താനായില്ലെങ്കില്‍ ഈ വിളക്കുകൊണ്ട് എന്ത് പ്രയോജനം? വിളക്കുകള്‍ വഴിതെറ്റിക്കുകയാണെങ്കില്‍ വെളിച്ചം കൊണ്ടെന്ത് പ്രയോജനം? ഞാന്‍ തൃപ്‌തനാണ്, ഈ കല്ലറയില്‍. നീ വിളിച്ചുണര്‍ത്തരുത്.'

'അരുത്. അങ്ങ് പുനര്‍ജനിക്കണം. ഞങ്ങള്‍ക്ക് രക്ഷകനാവണം.'

'മറിയമേ..ഞാന്‍ ആര്‍ക്ക് രക്ഷകനാവണം..?എന്റെ പ്രാര്‍ഥനാലയങ്ങള്‍ വേശ്യാലയങ്ങളാക്കിയവര്‍ക്കോ?.എന്റെ അള്‍ത്താരകളെ അറവുശാലകളാക്കിയവര്‍ക്കോ? കാല്‍വരിയിലെ കുരിശുമരണത്തിലൂടെ ഞാന്‍ നല്‍കിയ സന്ദേശം ഒരു കിണറ്റില്‍ പതിനാറു വര്‍ഷമായി മരിച്ചുകിടന്നത് ഈ കല്ലറയില്‍ കിടന്ന് ഞാന്‍ കണ്ടു. മഗ്ദലനക്കാരി മറിയമേ..അതൊരു കൊലപാതകമോ? ആത്മഹത്യയോ? ആര്‍ക്കാണ് ഞാന്‍ രക്ഷകനാവേണ്ടത്?, ആത്മഹത്യക്കോ? കൊലയ്‌ക്കോ?'

'ഞങ്ങള്‍ക്ക് കരയാനേ പറ്റൂ'

'ഇപ്പോള്‍ എനിക്കും. എന്റെ പിന്നാലെ വന്നവര്‍ കുരിശേന്തിയത് മഹാത്യാഗത്തിന്റെ വന്മലകള്‍ താണ്ടാനായിരുന്നില്ല, എന്നെ തറയ്‌ക്കാനായിരുന്നു.പുനരുത്ഥാനം ചെയ്യപ്പെടുന്ന എന്നെ വീണ്ടും വീണ്ടും തറയ്‌ക്കാനുള്ള കുരിശുകള്‍. പിലാത്തോസുമാര്‍ എന്നെ വ്യാഖ്യാനിക്കുകയും എന്റെ വാക്യങ്ങളെ കഴുവിലേറ്റുകയും ചെയ്യുമ്പോള്‍ മഗ്ദലനക്കാരി മറിയമേ..എവിടെയാണ് ഞാന്‍..?പ്രതിപ്പട്ടികയിലോ..? സാക്ഷിപ്പട്ടികയിലോ..?'

പുറത്ത് കരയുന്ന ശബ്‌ദം മാത്രം.

' മഗ്ദലനക്കാരി മറിയമേ..നിന്റെ ജീവിതം നിനക്ക് ഞാന്‍ തിരിച്ചുതരുന്നു. ഞാന്‍ എന്റെ മരണത്തെ സ്വീകരിക്കുന്നു. ഇനി ഞാന്‍ ഉണരാതെ ഉറങ്ങിക്കോട്ടെ. ഇത് ഞാന്‍ കണ്ട രാജ്യമല്ല, ഇതെന്റെ പറുദീസയല്ല. എന്നെന്നേക്കുമായി തോറ്റവനെ വിളിക്കരുത്. മറിയമേ..ഇനി ഇത് മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന മഹാത്യാഗത്തിന്റെ വിരൽ‌സ്‌പര്‍ശമല്ല, തോറ്റവന്റെ ശാവകുടീരം മാത്രം..മൃതിയുടെ സ്വന്തം കല്ലറ.'

പെട്ടെന്ന് വീശിയ കാറ്റില്‍ അവളുടെ വസ്‌ത്രത്തിന്റെ അറ്റം കല്ലറയുടെ നിറുകയില്‍ തൊട്ടു.

അത് ശാന്തമായി ഉറങ്ങി.അവള്‍ ഒരിക്കല്‍ കൂടി കുരിശു വരച്ചു.

***

എം എം പൌലോസ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കര്‍ത്താവിന്റെ ശവക്കല്ലറയില്‍ മഗ്ദലന മറിയം കാത്തിരുന്നു.

ഇത് മൂന്നാംനാളാണ്.

ജീവിതം മരണത്തെ തോല്‍പ്പിക്കുന്നതിന്റെ പിറന്നാള്‍. മരണമില്ലാത്തവന്റെ ഉത്‌ഥാനം. മരണമില്ലാത്ത കാരുണ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.

അവള്‍ക്ക് ആഹ്ളാദമായി.

ശ്‌മശാനത്തിലെ നിശ്ശബ്‌ദതയില്‍ അശരീരി മുഴങ്ങി.

'നിന്റെ കാത്തിരിപ്പിന് അന്ത്യമായി. നിന്റെ നാഥന്‍ എഴുന്നുള്ളാറായി. മനസ്സിലെ എല്ലാ ദീപങ്ങളും തെളിയട്ടെ, എല്ലാ വാതിലുകളും തുറക്കട്ടെ. നിന്റെ ഹൃദയം അവന്നായി ഒരുക്കി വെക്കുക.'

യെരുശലേമിന്റെ ആകാശത്ത് സുഗന്ധം നിറഞ്ഞു. കുന്തിരിക്കം പുകഞ്ഞു. കാട്ടെരിക്കുകള്‍ വിരിഞ്ഞു. ശലോമോന്റെ സംഗീതം നിറഞ്ഞു.

അവള്‍ കാത്തിരുന്നു.

മരണം മുദ്ര വെച്ച കല്ലറകള്‍ ഇപ്പോള്‍ പിളരും. പിശാചുക്കള്‍ അതിന്റെ മാളത്തിലൊളിക്കും, സര്‍പ്പസന്തതികളുടെ വിഷപ്പല്ലുകള്‍ കൊഴിയും, അന്ധകാരം മായും, നക്ഷത്രങ്ങള്‍ തിളങ്ങും. അവളുടെ നാഥന്‍ ഇതാ വരുന്നു- സ്‌നേഹമായി..സാന്ത്വനമായി..അവസാനമില്ലാത്ത കാരുണ്യക്കടലായി.

ആണിപ്പഴുതുള്ള കൈയില്‍ അപ്പോള്‍ അവള്‍ ഉമ്മവെക്കും. ആ വിലാപ്പുറത്തെ മുറിവില്‍ തലചായ്‌ക്കും. ആ പാദങ്ങള്‍ മാനസാന്തരം കൊണ്ട് കഴുകും. തലമുടി കൊണ്ട് തുടയ്‌ക്കും.

അവള്‍ കാത്തിരുന്നു.