Monday, December 15, 2008

രാഷ്‌ട്രീയവിരുദ്ധതയുടെ രാഷ്‌ട്രീയം

ഇന്നത്ത ആഗോള മൂലധനവ്യവസ്ഥയെന്നത് മുതലാളിത്തത്തിന്റെ സവിശേഷമായ വര്‍ഗവ്യവസ്ഥയിലധിഷ്‌ഠിതവും ബൂര്‍ഷ്വാസിയുടെ അന്തര്‍ദേശീയവും ദേശീയവുമായ അധികാരരൂപവുമാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് പലപ്പോഴും ഉത്തരാധുനികര്‍ കാണാതെ പോകുന്നത്. ഓരോ രാജ്യത്തിന്റെയും ദേശീയ സവിശേഷതകള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് ലോകതൊഴിലാളിവര്‍ഗം സാമ്രാജ്യത്വത്തിനെതിരായ അതിന്റെ രാഷ്‌ട്രീയ തന്ത്രവും അടവുകളും വികസിപ്പിക്കുന്നത്. ഈ അനിവാര്യമായ രാഷ്‌ട്രീയസമീപനത്തെയാണ് പലപ്പോഴും ഉത്തരാധുനികരും അരാഷ്‌ട്രീയ പ്രസ്ഥാനങ്ങളും സോഷ്യലിസത്തിന്റെ നവീകരിച്ച ആവിഷ്‌ക്കാരങ്ങള്‍ നടത്തുന്ന നവ സാമൂഹ്യപ്രസ്ഥാനത്തിന്റെ വക്താക്കളും നിരസിക്കുന്നത്. ജനതയുടെ വിമോചനത്തിനും ഒരു പുതിയ സാമൂഹ്യവ്യവസ്ഥക്കും വേണ്ടിയുള്ള അഭിലാഷങ്ങളെ വഴി തെറ്റിക്കാനാണ് അരാഷ്‌ട്രീയവാദികള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം സാമ്രാജ്യത്വം ബോധപൂര്‍വം രാഷ്‌ട്രീയരഹിത പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മറ്റൊരു തന്ത്രവും പ്രയോഗിക്കുന്നുണ്ട്.

ഇതിനായി മൂന്നാം ലോകരാജ്യങ്ങളിലെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിനും രാഷ്‌ട്രീയപാര്‍ട്ടികളില്‍ അംഗമാകുന്നതിനും എതിരെ പ്രചണ്ഡമായ പ്രചരണവും അഴിച്ചുവിടുന്നു. രാഷ്‌ട്രീയവും രാഷ്‌ട്രീയപ്രവര്‍ത്തനവും നിന്ദാകരമായ ഒരു മണ്ഡലമാണെന്ന അവസ്ഥ സൃഷ്‌ടിച്ചെടുക്കുന്നു. ഈയൊരു പ്രചാരണത്തിന്റെ പിന്‍ബലത്തില്‍ രാഷ്‌ട്രീയേതരമായ സന്നദ്ധസംഘടനകളെ രൂപപ്പെടുത്തിയെടുക്കുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ ഔപചാരികമായ രാ‍ഷ്‌ട്രീയപ്രക്രിയയെ സ്വന്തം താല്പര്യത്തിനു വേണ്ടി കൈക്കൂലി, ബ്ലാക്ക്മെയിലിങ്ങ്, സാമ്പത്തികസഹായം, സ്വഭാവഹത്യ, കൊലപാതകം, പാര്‍ട്ടിക്കകത്തും പുറത്തും സ്വന്തം ഏജന്റുമാരെ നേതാക്കളായി ഉയര്‍ത്തിയെടുക്കല്‍ തുടങ്ങി ഒട്ടേറെ തന്ത്രങ്ങളിലൂടെ അങ്ങേയറ്റം ക്രിമിനലൈസ് ചെയ്യാനും ശ്രമിക്കുന്നു. എത്രയോ ലാറ്റിന് അമേരിക്കൻ‍, ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ഏഷ്യന്‍ രാജ്യങ്ങളുടെയും വിധിയെ അമേരിക്കന്‍ സാമ്രാജ്യത്വവും സി.ഐ.എയും ഈവിധം മാറ്റിമറിച്ചിട്ടുണ്ട്. ജനങ്ങളെ സ്വാധീനിക്കുന്ന ദേശീയ പത്രങ്ങളെയും മാധ്യമങ്ങളെയും വിലക്കെടുത്തുകൊണ്ട് രാഷ്‌ട്രീയത്തിലും രാഷ്‌ട്രീയനേതാക്കളിലും അവിശ്വാസവും അവജ്ഞയും വളര്‍ത്തുകയെന്നത് മൂന്നാം ലോകരാജ്യങ്ങളിലെ വിമോചനപ്രസ്ഥാനങ്ങളെ ദുബലപ്പെടുത്താനും തകര്‍ക്കാനുമുള്ള തന്ത്രമായി സാമ്രാജ്യത്വം നിരന്തരമായി പരീക്ഷിക്കുന്നുണ്ട്. അതേപോലെ വംശീയവും സങ്കുചിത ദേശീയവാദപരവുമായ വിഭാഗീയപ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കലും വിശാല ബഹുജനപിന്തുണയുള്ള പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പരിപാടിയുടെ ഭാഗമാണ്. ഇങ്ങനെ ഔപചാരിക രാഷ്‌ട്രീയപ്രക്രിയയെ അങ്ങേയറ്റം മലീമസമാക്കുകയും ഇതിനോടെല്ലാം അങ്ങേയറ്റത്തെ പ്രതിഷേധമുള്ള ജനങ്ങളില്‍ രാഷ്‌ട്രീയത്തെയും രാഷ്‌ട്രീയനേതാക്കളെയും കുറിച്ച് വിദ്വേഷവും പുച്ഛവും സൃഷ്‌ടിച്ചെടുക്കുകയും ചെയ്യുന്നു. രാജ്യം എത്തപ്പെട്ട മാഫിയാവല്‍ക്കരണത്തിന്റെയും അഴിമതിയുടെയും സാമൂഹ്യ സാമ്പത്തിക കാരണങ്ങളെയും ജീര്‍ണ്ണമായ സാമ്രാജ്യത്വ രാഷ്‌ട്രീയത്തെയും മറച്ചു പിടിച്ച് രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ ഇറങ്ങുന്നതിനപ്പുറം മ്ലേച്‌ഛമായൊരു കാര്യമില്ലെന്ന മനോഭാവം പുതുതലമുറയില്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു.

ജനങ്ങളെ ഇവ്വിധം അരാഷ്‌ട്രീയവല്‍ക്കരിക്കുന്നതിലൂടെ സാമ്രാജ്യത്വ ചൂഷണത്തിനെതിരായി വളര്‍ന്നു വരുന്ന എതിര്‍പ്പുകളെയും സംഘടിത ജനകീയപ്രസ്ഥാനങ്ങളെയും ആശയക്കുഴപ്പത്തിലാക്കാനും ദുര്‍ബലപ്പെടുത്താനും മൂലധനശക്തികള്‍ക്ക് കഴിയുന്നു. ദേശീയ അടിമത്തത്തിലേക്ക് രാജ്യത്തെ നയിക്കുന്ന നവകൊളോണിയല്‍ അധിനിവേശത്തിനെതിരായ എല്ലാ എതിര്‍പ്പുകളെയും സൈദ്ധാന്തികമായ വിയോജിപ്പുകളായി ലഘൂകരിച്ച് നിര്‍ത്താനും ധാര്‍മ്മികവാദി സംഘങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനു കഴിയുന്നു. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ രാഷ്‌ട്രീയപ്രക്രിയയില്‍ നിന്നൊഴിവാക്കാന്‍ കുഴിയുന്നുവെന്ന് മാത്രമല്ല, ആവശ്യമാകുന്ന ഏത് സന്ദര്‍ഭത്തിലും ജനങ്ങളുടെ കാര്യമായ എതിര്‍പ്പില്ലാതെയോ, ഒരര്‍ത്ഥത്തില്‍ അവരുടെ പിന്തുണയോടെയോ ഒരു സ്വേച്‌ഛാധിപത്യ സൈനിക ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ അധികാരത്തില്‍ വാഴിക്കാനും രാഷ്‌ട്രീയപ്രക്രിയയെ ഔപചാരികമായിത്തന്നെ അവസാനിപ്പിക്കാനും അനുകൂലമായ സ്ഥിതി സംജാതമായിരിക്കുന്നു. രാജ്യത്തിന്റെ വിമോചനം, പുതിയൊരു സാമൂഹ്യവവസ്ഥക്കായുള്ള പ്രവര്‍ത്തനം, ഭാവിയെ രൂപപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഇവയൊക്കെ രാഷ്‌ട്രീയമാകയാല്‍ ഇവയില്‍നിന്നൊക്കെ സാമ്രാജ്യത്വത്തിന്റെ അരാഷ്‌ട്രീയവല്‍ക്കരണ പ്രക്രിയ വഴി ബഹുഭൂരിപക്ഷം ഒഴിഞ്ഞു നില്‍ക്കുന്ന അവസ്ഥ രൂപപ്പെടുത്തപ്പെടുന്നു. തങ്ങളുടെ ഏജന്റുമാരായ ഭരണാധികാരികള്‍ക്ക് മൂന്നാം ലോകരാജ്യങ്ങളില്‍ വലിയ എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടിവരികയും അവര്‍ സമ്മതരല്ലാതായിത്തീരുകയും ചെയ്യുമ്പോള്‍ ജനപ്രിയരായ എഴുത്തുകാര്‍, കവികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സാമ്പത്തിക ശാസ്‌ത്രജ്ഞര്‍, ശാസ്‌ത്രജ്ഞന്മാര്‍ തുടങ്ങി രാഷ്‌ട്രീയത്തിലില്ലാത്ത, പൊതുപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങളില്ലാത്ത ഏതെങ്കിലും ജനപ്രിയ വ്യക്തിത്വങ്ങളെ അധികാരത്തില്‍ വാഴിക്കുന്നു. രാഷ്‌ട്രീയമെന്തെന്നും ഭരണമെന്തെന്നും അറിയാത്ത ഇത്തരം അലങ്കാരങ്ങളെ ഭരണത്തിലിരുത്തിക്കൊണ്ട് നിലവിലുള്ള ഉദ്യോഗസ്ഥ-സൈനിക മേധാവിത്വത്തിലൂടെ സാമ്രാജ്യത്വം തീവ്രമായ രീതിയില്‍ തങ്ങളുടെ ചൂഷണപരിപാടികള്‍ തുടരുന്നു. ഇതിനായി ഇത്തരം വ്യക്തിത്വങ്ങള്‍ക്ക് അവാര്‍ഡുകളും പുരസ്‌ക്കാരങ്ങളും മറ്റും നല്‍കിയും വന്‍ മാധ്യമ സഹായത്തോടെ അവരെ സാമ്രാജ്യത്വം പ്രോജൿട് ചെയ്‌തെടുക്കുന്നുണ്ട്.

ഇങ്ങനെ രാഷ്‌ട്രീയപ്രക്രിയയെയും രാഷ്‌ട്രീയത്തെയും ജനങ്ങളില്‍ നിന്നും അകറ്റുന്നതോടൊപ്പം ഒട്ടേറെ ഗവര്‍മ്മെന്റേതര സംഘങ്ങളെ ജനങ്ങള്‍ക്കിടയില്‍ വേരുപിടിപ്പിച്ചെടുക്കുകയും ചെയ്യുന്നു.

രാഷ്‌ട്രീയപ്രവര്‍ത്തനം തങ്ങളുടെ മണ്ഡലമേയല്ലെന്ന് പ്രഖ്യാപിക്കുന്ന ഇത്തരം സംഘടനകള്‍ നൂറുകണക്കിന് സവിശേഷമേഖലകളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഇതില്‍ പല സംഘടനകളും ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ശാക്തീകരണ സിദ്ധാന്തങ്ങളുടെയും പ്രചാരണത്തിലൂടെ രാഷ്‌ട്രീയരഹിതമായ സാമൂഹ്യനിര്‍മ്മിതിയെക്കുറിച്ചുള്ള പ്രത്യയശാസ്‌ത്രവല്‍ക്കരണത്തിലാണൂന്നുന്നത്. പല സംഘടനകളും ബഹുരാഷ്‌ട്രക്കുത്തകള്‍ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളിലൂടെ കോര്‍പ്പറേറ്റ് മൂലധനാധിനിവേശത്തിനെതിരായ ദേശാഭിമാന പ്രക്ഷോഭങ്ങളുടെ സോഫ്റ്റ് വാല്‍‌വുകളായി മാറുന്നു. പരിസ്ഥിതി, ആദിവാസി സംരക്ഷണം, മനുഷ്യാവകാശം, ചേരി നിര്‍മ്മാര്‍ജ്ജനം, ബദല്‍ ഊര്‍ജ്ജമേഖലകള്‍, ബദല്‍ വികസനം, സ്‌ത്രീവിമോചനം തുടങ്ങിയ നൂറുകണക്കിന് മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന എന്‍.ജി.ഓ കള്‍ രാജ്യത്തിന്റെ വിമോചനം, പുതിയൊരു വ്യവസ്ഥ കെട്ടിപ്പെടുക്കല്‍ തുടങ്ങിയവെയെല്ലാം വിദൂരലക്ഷ്യങ്ങളാണെന്നും അതൊന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും പ്രഖ്യാപിച്ചുകൊണ്ട് സ്ഥിതവ്യവസ്ഥയുടെ അനിവാര്യമായ പതനത്തെ തടുത്തുനിര്‍ത്താനും ശ്രമിക്കുന്നു. സോഷ്യലിസവും ജനാധിപത്യവുമെല്ലാം നിരാകരിക്കപ്പെടേണ്ടതാണെന്ന പ്രചാരണം ബുദ്ധിപൂര്‍വം ഈ സന്നദ്ധ സംഘടനകള്‍ അരാഷ്‌ട്രീയവല്‍ക്കരണത്തിലൂടെ നിര്‍വഹിക്കുന്നു. സാമൂഹ്യനീതിയും സമത്വവും ലക്ഷ്യം വെക്കുന്ന സാമൂഹ്യദര്‍ശനങ്ങള്‍ക്കും പ്രത്യയശാസ്‌ത്രങ്ങള്‍ക്കുമെതിരെ ജനാധിപത്യപ്രസ്ഥാനത്തിലൂടെ കേരളം ആര്‍ജ്ജിച്ച രാഷ്‌ട്രീയമൂല്യങ്ങളെത്തന്നെ കടന്നാക്രമിച്ചുകൊണ്ടാണ് ആഗോളവല്‍ക്കരണത്തിന്റെ ദുശ്ശാസന നീതിക്ക് നമ്മുടെ സമൂഹവും ജനതയും വിധേയരായിക്കൊണ്ടിരിക്കുന്നത്.

സോഷ്യലിസ്റ്റ് പ്രത്യയശാസ്‌ത്രത്തെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയും മാത്രമല്ല പുരോഗമനപരമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും തിരസ്‌ക്കരിക്കുന്ന നവ ലിബറല്‍ നയങ്ങള്‍ തൊഴിലാളികളെയും മറ്റിതര ബഹുജനങ്ങളെയും അവരുടെ ആര്‍ജിതമായ എല്ലാവിധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്നും സമരപ്രക്ഷോഭങ്ങളില്‍ നിന്നും അന്യരാക്കിക്കൊണ്ടിരിക്കുന്നു. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെതുമായ പ്രക്ഷോഭവഴികളും സമരമാര്‍ഗങ്ങളും ജനാധിപത്യവിരുദ്ധവും വികസനവിരുദ്ധവുമാണെന്ന് വന്‍ മാധ്യമ സഹായത്തോടെ പ്രചാ‍രണം നടത്തുന്നു. കോടതികള്‍ ഇടപെട്ട് പണിമുടക്ക് നിരോധിക്കുകയും വിദ്യാര്‍ത്ഥി രാഷ്‌ട്രീയം നിരോധിക്കുകയും ബന്ദ് പോലുള്ള വിപുലമായ ബഹുജനപങ്കാളിത്തമുള്ള സമരമുറകള്‍ നിയമവിരുദ്ധമാക്കുകയും ചെയ്യുന്നു. നിക്ഷേപത്തിനും വ്യവസായവല്‍ക്കരണത്തിനും തടസ്സം തൊഴില്‍ സമരങ്ങളാണെന്ന് പ്രചരിപ്പിച്ച് തൊഴില്‍ത്തര്‍ക്ക നിയമങ്ങളും വ്യവസായബന്ധനിയമവും തൊഴിലാളികള്‍ക്കെതിരായി ഭേദഗതി ചെയ്യുന്നു. മൂലധന അദ്ധ്വാന ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉല്പാദനത്തിന്റെയും ഫൈനാന്‍സിംഗിന്റെയും സാര്‍വദേശീയവല്‍ക്കരണം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കുറഞ്ഞകൂലിയും അരക്ഷിതത്വവും രാഷ്‌ട്രീയ അടിച്ചമര്‍ത്തലുമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. അത് ദേശീയ രാഷ്‌ട്രസമൂഹങ്ങളെ അപകടപ്പെടുത്തുന്നു. മൂലധനത്തിന്റെ ഈ ലാഭാര്‍ത്തമായ ആഗോളവല്‍ക്കരണപ്രക്രിയയെ അരാഷ്‌ട്രീയവല്‍ക്കരണത്തിലൂടെ മറച്ചുപിടിക്കാനാണ് നവലിബറല്‍ ഭരണകൂടങ്ങള്‍ ആസൂത്രിത പരിപാടികളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാർൿസ് നിരീക്ഷിക്കുന്നതുപോലെ ലക്ഷ്യബോധത്തോടെ പുതിയ പുതിയ സാങ്കേതികവിദ്യകള്‍ ആവിഷ്‌ക്കരിച്ച് സാമൂഹ്യക്ഷേമപരമായ എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ട് സാമ്പത്തികാധിപത്യശക്തികള്‍ക്ക് വേണ്ടി ഭരണം നടത്തുന്ന മുതലാളിത്തം ഇന്ന് അതിന്റെ പ്രത്യയശാസ്‌ത്ര ഉപകരണങ്ങളിലൂടെ സമൂഹത്തെ ആകെ അരാഷ്‌ട്രീയവല്‍ക്കരിക്കുകയും പരമ്പരാഗതമായ എല്ലാവിധ പ്രതിരോധസംഘടകളെയും നിര്‍ജീവമാക്കി പുതിയ രീതിയിലുള്ള സാമൂഹ്യ അടിമത്തം ഘടനാപരമായി രൂപപ്പെടുത്തുകയുമാണ്.

സാമൂഹ്യ അടിമത്തത്തിനെതിരായും, അധഃസ്ഥിതന്റെ പള്ളിക്കൂടപ്രവേശനത്തിനും വേണ്ടി സവര്‍ണ്ണ ജന്മിമാരുടെ കൃഷി ചെയ്യുന്ന ഭൂമി തരിശിടുന്ന രീതിയില്‍ പണിമുടക്കിന്റെ സമരായുധമാക്കിയ അയ്യങ്കാളിയുടെ ധീരോദാത്തമായ സമരപാരമ്പര്യമുള്ള കേരളത്തില്‍ തൊഴിലാളി സംഘടനകളും സമരങ്ങളുമാണ് സാമൂഹ്യപുരോഗതിക്കും വികസനത്തിനും തടസ്സമെന്ന് ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുകയാണ്. അങ്ങേയറ്റം ചരിത്രവിരുദ്ധവും സര്‍വവിധ സാമൂഹ്യപുരോഗതിക്കും എതിരായ ഇത്തരം അരാഷ്‌ട്രീയവല്‍ക്കരണശ്രമങ്ങള്‍ മൂലധനാധിപത്യത്തിന്റെതായ പ്രത്യയശാസ്‌ത്ര പദ്ധതികളുടെ ഭാഗമാണെന്ന് ജനാധിപത്യവാദികള്‍ തിരിച്ചറിയണം.

മൂന്നാം ലോകരാജ്യങ്ങള്‍ ആഗോളവല്‍ക്കരണപ്രക്രിയയില്‍ പങ്കുചേരാനും ആഗോളവിപണിയുമായി സ്വന്തം സമ്പദ്‌ഘടനകളെ ഉദ്ഗ്രഥിക്കാനും നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഇത് നവസ്വതന്ത്ര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പോയകാലങ്ങളിലെ കൊളോണിയല്‍ വിരുദ്ധസമരത്തിലൂടെയും സ്വാതന്ത്ര്യാനന്തരം സ്വീകരിച്ച ആപേക്ഷികമായ കൊളോണിയല്‍ വിരുദ്ധ വികസനപാതയിലൂടെയും കൈവരിച്ച എല്ലാ സാമൂഹ്യനേട്ടങ്ങളെയും കൈയൊഴിയാൻ നിര്‍ബന്ധിക്കുന്ന ബ്രെട്ടൻ ‌വുഡ് സ്ഥാപനങ്ങളുടെ ഘടനാപരിഷ്‌ക്കാരങ്ങള്‍ക്ക് നാടകീയമായിത്തന്നെ വിധേയരാക്കപ്പെടുന്നു. ഈ ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ സാമൂഹ്യജീവിതത്തെ ആകമാനം ബാധിക്കുകയും ഗുരുതരമായ രാഷ്‌ട്രീയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. സാങ്കേതികവിദ്യയും ഉല്പാദനക്ഷമതയും വ്യാപാരവുമെല്ലാം എല്ലാവിധ സാമൂഹ്യതാല്പര്യങ്ങളെയും നിരാകരിക്കുന്ന ഘടകങ്ങളായി മാറ്റുന്നു. നവലിബറല്‍ നയങ്ങളിലൂടെ മുതലാളിത്തം അന്ധമായ വികസനവാദവും അതിനനുപൂരകമായ സമ്പദ്‌ നിര്‍മിതിയുടേതായ പ്രതിലോമകരമായ പ്രത്യയശാസ്‌ത്രവുമായി നമ്മുടേതുപോലുള്ള സമൂഹങ്ങളെ നവ അധിനിവേശത്തിന് പരുവപ്പെടുത്തുകയാണ്. മുതലാളിത്ത വികസനത്തെയും അതിന്റെ സാംസ്‌ക്കാരിക ഉല്പന്നങ്ങളെയും ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന മനോഭാവവും സാംസ്‌ക്കാരികാവസ്ഥയുമാണ് അരാഷ്‌ട്രീയവല്‍ക്കരണത്തിലൂടെ സൃഷ്‌ടിക്കപ്പെടുന്നത്. ആഗോളവല്‍ക്കരണപ്രക്രിയയെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന, അനിവാര്യമായ മൂലധന വ്യാപനത്തെ സാമൂഹ്യനിയന്ത്രണത്തിന്റെയും സര്‍ക്കാര്‍ ഇടപെടലുകളുടെയും കര്‍ശനമായ വ്യവസ്ഥക്കകത്ത് കൊണ്ടുവരുകയെന്നതാണ് ദേശാഭിമാന രാഷ്‌ട്രീയശക്തികളും സോഷ്യലിസ്‌റ്റ് ശക്തികളും ചെയ്യേണ്ടത്. അതുവഴി മാത്രമെ നമ്മുടെ സാമൂഹ്യ താല്പര്യങ്ങളെ ആഗോളവല്‍ക്കരണകാലത്ത് സംരക്ഷിക്കാനാവൂ.

*
കെ.ടി കുഞ്ഞിക്കണ്ണന്‍

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ‘കേരളം 50 വര്‍ഷം 50 പുസ്തകം’ പരമ്പരയില്‍ പ്രസിദ്ധീകരിച്ച കെ.ടി.കുഞ്ഞിക്കണ്ണന്റെ ‘കേരളം സമൂഹവും രാഷ്‌ട്രീയവും’ എന്ന പുസ്‌തകത്തിലെ മൂന്നാം അദ്ധ്യായം. പകര്‍പ്പവകാശം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിക്ഷിപ്‌തം.

10 comments:

വര്‍ക്കേഴ്സ് ഫോറം said...

സോഷ്യലിസ്റ്റ് പ്രത്യയശാസ്‌ത്രത്തെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയും മാത്രമല്ല പുരോഗമനപരമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും തിരസ്‌ക്കരിക്കുന്ന നവ ലിബറല്‍ നയങ്ങള്‍ തൊഴിലാളികളെയും മറ്റിതര ബഹുജനങ്ങളെയും അവരുടെ ആര്‍ജിതമായ എല്ലാവിധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്നും സമരപ്രക്ഷോഭങ്ങളില്‍ നിന്നും അന്യരാക്കിക്കൊണ്ടിരിക്കുന്നു. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെതുമായ പ്രക്ഷോഭവഴികളും സമരമാര്‍ഗങ്ങളും ജനാധിപത്യവിരുദ്ധവും വികസനവിരുദ്ധവുമാണെന്ന് വന്‍ മാധ്യമ സഹായത്തോടെ പ്രചാ‍രണം നടത്തുന്നു........

ശ്രീ.കെ.ടി. കുഞ്ഞിക്കണ്ണന്‍ എഴുതുന്നു.

Salu said...

Idiotic Blah Blah Blah Blah..........!

Please grow up!!!

Anonymous said...

saluvinte id create cheythathu thanne ee bla bla adikkaan aavum alle matured old man?

Anonymous said...

സാലു വെറും തൃണന്‍ നമ്മുടെ മഹാ അരുഷിയുറെ മുന്നില്‍.അരുഷി മാമാ വേഗം തിരിച്ചു വരൂ,ആ കിഡ്നിയോമിക്സ്(കിഡ്നി കച്ചോടം വഴി സാമ്പത്തിക,സാമൂഹിക പുരോഗതി ഉണ്ടാക്കുന്ന ശാസ്ത്രശാഖ) വിശേഷം ഒന്നു പങ്കു വെക്കൂ.എല്ലാരും ആ അരുളപ്പാടിന് വെയിറ്റ് ചെയ്യുന്നു.

Anonymous said...

Salu is a four letter word!!

haha

Anonymous said...

എവിടെ ആരുഷി ഏട്ടന്‍? ഏട്ടാ വേഗം തിരിച്ചു വരൂ.

Anonymous said...

ഈ ബ്ളോഗിലെ സ്ഥിരം മൂടു താങ്ങി ആയിരുന്ന ബൈജു ഏലിക്കാട്ടൂറ്‍ പോലും ബ്ളൊഗിനെ വിമറ്‍ ശിക്കാന്‍ തുടങ്ങിയതില്‍ ആരുഷി അതിയായി സന്തോഷിക്കുന്നു, ഇനി ആരുഷിയുടെ സമയം ഇതില്‍ കമണ്റ്റിടാന്‍ മെനക്കെടേണ്ടതില്ല, മദനിയുടെയും ജമാ അത്‌ ഇസ്ളാമിയുടെയും പിറകെ പോയി അവശേഷിക്കുന്ന മാറ്‍ക്സിസവും ഇല്ലാതാക്കുന്ന പിണറായി നയങ്ങള്‍ സീ പീ എം എന്ന എഹ്‌ ഐ വീ വൈറസില്‍ നിന്നും കേരളീയരെ രക്ഷിക്കുമെന്നുറപ്പായി , എങ്കിലും ഗീബല്‍ സുകള്‍ അരങ്ങു തകറ്‍ ക്കുമ്പോള്‍ ആരുഷി സംഭവാമി യുഗേ യുഗേ

Anonymous said...

"വ്യത്യസ്തനാമൊരു" ആരുഷി പറഞത് ശരിയായില്ല. താങ്കളുടെ കമന്റുകള്‍ വ്യത്യസ്തമായതുകൊണ്ട് തന്നെ സ്വാഗതാറ്ഹം. അതു നിര്‍ത്തേണ്ട.

Baiju Elikkattoor said...

ആരുഷി, താന്‍ അമേരിക്കയുടെ മൂട് താങ്ങി മടുത്തോ? എനിക്ക് വിയോജിപ്പ് തോന്നിയ കാരൃം ഞാന്‍ പറഞ്ഞു. അല്ലാതെ തന്നെ പോലെ മഞ്ഞപിത്തം ബാധിച്ചതല്ല എന്‍റെ കണ്ണുകള്‍.

Anonymous said...

ആരുസി, എവിടെ ആയിരുന്നു ഇതുവരെ കൊച്ചു കള്ളാ. കിഡ്നി കച്ചോടത്തിനു പോയതാ....
ഉസ്മാനെ ഓവര്‍ ആക്കല്ലേ. ..