Monday, December 8, 2008

ആസക്തിയും ജാഗ്രതയും - അധികാരത്തിന്റെ ഭൂപടങ്ങള്‍

ആഖ്യാനാത്മകമായ ആവിഷ്ക്കാരങ്ങള്‍ക്കു പകരം കാഴ്ച, ചലനം, ശബ്ദം, കാലം, ശില്‍പചാരുത, മൌലികവും ഡിജിറ്റലുമായ ഭാവനയുടെ ഭ്രാന്തവും അനിയന്ത്രിതവുമായ സഞ്ചാരങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളുടെ സംയോജനവും വിയോജനവുമായി സിനിമ മാറിത്തീരുമെന്ന് കരുതുന്നവരുണ്ട്. അത്തരത്തിലുള്ള 'പുതിയ' സിനിമയുടെ പരീക്ഷണങ്ങളിലൊന്നായിരുന്നു ബെനഡിക്റ്റ് ഫ്ളീഗോഫ് സംവിധാനം ചെയ്ത മില്‍ക്കി വേ (തെജൂത്ത്/ഹങ്കറി/2007).

ഗോവയില്‍ നടന്ന മുപ്പത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ലോക സിനിമാവിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒട്ടു മിക്ക കാണികളും ഇറങ്ങിപ്പോവുകയാണുണ്ടായത് (അവര്‍ ഇപ്പോഴും സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ആദിമധ്യാന്തപ്പൊരുത്തമുള്ള സാമ്പ്രദായികമായ കഥാഖ്യാനമായിരിക്കുമോ?). ലൊക്കാര്‍ണോയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ അവാങ്ഗാദ് സിനിമ കാവ്യാത്മകമായ കുറുക്കലിലൂടെ ഷോട്ടുകളെ നിശ്ചലമായ ക്യാമറക്കു വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. അവയെ സൂചനകളായി വളരാന്‍ പോലും സംവിധായകന്‍ അനുവദിക്കുന്നില്ല. എല്ലാം ലോങ് ഷോട്ടുകള്‍. കഥാപാത്രങ്ങളുടെ - അവര്‍ കഥാപാത്രങ്ങളോ? - മുഖമോ വേഷവിധാനങ്ങളോ വ്യക്തിത്വമോ തെളിയുന്നതേ ഇല്ല. പലപ്പോഴും അവര്‍ ആണാണോ പെണ്ണാണോ എന്നു പോലും വ്യക്തമാകുന്നില്ല. അവരുടെ ചെയ്തികളും ചലനങ്ങളുമാകട്ടെ ചിലപ്പോള്‍ അപ്രതീക്ഷിതവും വിസ്മയകരവുമാണെങ്കിലും ചിലപ്പോള്‍ അതിസാധാരണവുമാണ്. കാറ്റിന്റെ അളവ് രേഖപ്പെടുത്തുന്ന ഒരു ടവറിനടുത്ത് എത്തുന്ന ഒരാള്‍ വിശാലമായ പാടത്ത് മൂത്രമൊഴിക്കുന്നതുപോലുള്ള ദൃശ്യത്തിലെന്തു പ്രത്യേകതയാണുള്ളത് എന്ന് ആര്‍ക്കും തോന്നാവുന്നതാണ്. എന്നാല്‍ പിന്നീടുള്ള മറ്റൊരു ഷോട്ടില്‍ ചളി കൊണ്ട് ഉറപ്പിച്ച കുറെ പാറക്കഷണങ്ങളുടെ ഒരു കൊച്ചു കുന്നാണുള്ളത്. അതിനടുത്ത് രണ്ടു കൊമ്പുകളുള്ള ഒരു മരവുമുണ്ട്. ഈ കുന്നിനു മുകളിലേക്ക് ബ്രേക്കും ബെല്ലുമില്ലാത്ത സൈക്കിളുകളില്‍ രണ്ട് അഭ്യാസികള്‍ ബാലെ കളിക്കുന്നതു പോലെ, ചവിട്ടിക്കയറുന്നതും തിരിച്ചിറങ്ങുന്നതും പിന്നീട് നിഷ്ക്രമിക്കുന്നതും എന്തിന്റെയും പ്രതീകങ്ങളായി കാണികള്‍ക്ക് സങ്കല്‍പ്പിച്ചെടുക്കാവുന്നതാണ്. കാര്‍ട്ടൂണില്‍ നിന്നിറങ്ങി വന്നവരെപ്പോലെയാണ് മിക്ക 'കഥാപാത്ര'ങ്ങളും പെരുമാറുന്നത്. ആധുനിക ലോകത്തിലും കാലത്തിലും കാര്‍ട്ടൂണുകളല്ലാതെ ഏതു മനുഷ്യരാണുള്ളത് എന്നും നാടകങ്ങളും നാടകീയതയുമല്ലാതെ എന്തു യാഥാര്‍ത്ഥ്യമാണുള്ളതെന്നും ആലോചിക്കുമ്പോള്‍ ഈ ദൃശ്യവത്ക്കരണങ്ങള്‍ സാധൂകരിക്കപ്പെടും. ആകപ്പാടെ ഒരു സൈക്കഡലിക്ക് അനുഭവമാണ് കാണിക്കുണ്ടാവുന്നത്. പല തരത്തിലുള്ള നോട്ടങ്ങളും ശ്രദ്ധകളുമാണ് കാണി സിനിമയിന്മേല്‍ പതിപ്പിക്കുന്നത്. അയാള്‍ക്ക് (അവള്‍ക്ക്) ഏതു തരത്തിലുള്ള വ്യാഖ്യാനവും തുടര്‍ന്ന് നടത്താവുന്നതുമാണ്. സത്യത്തില്‍ കഥ വിവരിക്കുന്നതായി നടിക്കുന്ന സിനിമകളും കാണികള്‍ ഇപ്രകാരം തന്നെയല്ലേ കണ്ടെടുക്കുന്നത്?

ആനിമേഷന്‍ ഉപയോഗിച്ചുകൊണ്ട് എടുത്ത ഡോക്കു ഫിക്ഷന്‍ സിനിമയായ വാള്‍ട്സ് വിത്ത് ബഷീര്‍(ഇസ്രായേല്‍, ജര്‍മനി, ഫ്രാന്‍സ്/2007) വിസ്മയകരമായ ഒരു പരീക്ഷണമായിരുന്നു. സംവിധായകനായ ആരി ഫോള്‍മാന്‍ പത്തൊമ്പതു വയസ്സുള്ളപ്പോള്‍ ഇസ്രായേല്‍ പട്ടാളത്തില്‍ ജവാനായിച്ചേര്‍ന്നു. 1982ലെ ലെബനോന്‍ യുദ്ധകാലമായിരുന്നു അത്. സാബ്ര-ഷാത്തില കൂട്ടക്കൊലയുടെ അതിതീക്ഷ്ണമായ ഓര്‍മകളാണ് പേടിസ്വപ്നങ്ങളായി പുനര്‍ജനിച്ച് സംവിധായകനെ വേട്ടയാടുന്നത്. ഈ പേടിസ്വപ്നങ്ങളാണ് അദ്ദേഹം ആനിമേഷനിലൂടെ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ ശൂന്യമായ ഓര്‍മകള്‍ എന്ന യാഥാര്‍ത്ഥ്യമായിരുന്നു സംവിധായകന്‍ നേരിട്ടതെങ്കില്‍ കൂട്ടക്കൊലയുടെ ഓര്‍മ തിരിച്ചെടുക്കുന്നതിനു വേണ്ടി തന്റെ സഹഭടന്മാരെയും മറ്റ് അനുഭവസ്ഥരെയും തേടി നടക്കുകയാണയാള്‍ പിന്നീട്. അന്ന് ബെയ്റൂത്തിലുണ്ടായിരുന്ന മനശ്ശാസ്ത്രജ്ഞന്‍, പത്രപ്രവര്‍ത്തകന്‍ എന്നിവരെയെല്ലാം അയാള്‍ ഇന്റര്‍വ്യൂ ചെയ്യുന്നു. പാശ്ചാത്യ ക്ളാസിക്കല്‍/റോക്ക് സംഗീതവും സര്‍റിയല്‍ ബിംബങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ഒരു എഴുത്താണ് ഫോള്‍മാന്‍ നടത്തുന്നത്. ക്യാമറയും ദൃശ്യയാഥാര്‍ത്ഥ്യവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ രൂപപ്പെടുന്നതായി പരിഗണിക്കപ്പെടുന്ന ചലച്ചിത്രഭാവനയെ ഡിജിറ്റല്‍ സാധ്യതയിലൂടെ പുനക്രമീകരിക്കുന്നു എന്നതിനപ്പുറം, കുട്ടിക്കഥാനാട്യങ്ങളിലൂടെ നിസ്സാരവത്ക്കരിക്കപ്പെട്ട ഒരു ആവിഷ്ക്കരണരീതിയായ ആനിമേഷനെ രാഷ്ട്രീയദൃഢമാക്കുകയും ചെയ്യുന്നു എന്നതാണ് വാള്‍ട്സ് വിത്ത് ബഷീറിന്റെ സവിശേഷത.

തായ്‌വാനില്‍ ജനിച്ച് യു എസ് എയിലേക്ക് കുടിയേറിപ്പാര്‍ത്ത പ്രശസ്ത സംവിധായകന്‍ ആങ് ലീയുടെ പുതിയ സിനിമ ലസ്റ്റ്, കോഷന്‍ (സെ, ജൈ/ചൈന, തായ്‌വാ‍, യു എസ് എ, ഹോങ്കോങ്/മാണ്‍ഡറിന്‍ ചൈനീസ്/2007) അധികാരം, രതി, കാമാസക്തി, അധിനിവേശം, പ്രതിരോധം, 'ഭീകരത' എന്നിങ്ങനെ തൊട്ടാല്‍ പൊള്ളുന്നതും എന്നാല്‍ ആധുനിക സിനിമക്ക് എപ്പോഴും പ്രചോദനമാകുന്നതുമായ പ്രമേയങ്ങളെയാണ് ആഖ്യാനം ചെയ്യുന്നത്. ചൈനയുടെ മഹാപാരമ്പര്യത്തില്‍ അഭിമാനം കൊള്ളുകയും എന്നാലവിടെ ജീവിക്കാന്‍ കഴിയാതെ പോകുകയും ചെയ്ത എല്ലാ ചൈനീസ് വംശജരുടെയും പ്രാതിനിധ്യമാണ് ആങ് ലീയുടെയും ദൃശ്യാഖ്യാനങ്ങളെ നിര്‍ണയിക്കുന്നത്. 1938നും 1942 നുമിടയില്‍, രണ്ടാം ലോകമഹായുദ്ധ കാലത്താണ് കഥ നടക്കുന്നത്. ഹോങ്കോങും ഷാങ്ഹായിയുമാണ് പശ്ചാത്തലം. ജപ്പാന്റെ അധിനിവേശത്തിന്‍ കീഴിലായിരുന്നു അന്ന് ചൈന. അധിനിവേശശക്തികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പാവസര്‍ക്കാരിന്റെ (കൊളാബറേറ്റീവ് ഗവണ്മെന്റ്) ഇന്റലിജന്‍സ് മേധാവിയാണ് യീ. വോങ് കാര്‍ വായിയുടെ ഇഷ്ട നടനായ ടോണി ലിയൂങ് ച്യൂ വായ് ആണ് അതിശക്തനായ ഈ നായകകഥാപാത്രത്തെ അവിസ്മരണീയനാക്കുന്നത്. ചൈനയുടെ സ്വാതന്ത്ര്യം, സ്വാഭിമാനം, സ്വാശ്രയത്വം എന്നിവ വീണ്ടെടുക്കാന്‍ സമരം ചെയ്യുന്ന പോരാളികളുടെ പക്ഷം ചേരുകയാണ് സിനിമയും സംവിധായകനും എന്ന യാഥാര്‍ത്ഥ്യത്തെ തള്ളിക്കളയാതിരിക്കുമ്പോള്‍ തന്നെ അധിനിവേശസര്‍ക്കാരിന്റെ പ്രമുഖ സൈനികോദ്യോഗസ്ഥനായ ഈ രാജ്യദ്രോഹിയെ മഹത്വവത്ക്കരിക്കുകയാണ് ആഖ്യാനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. രാജ്യദ്രോഹത്തെ രാജ്യസ്നേഹം എന്ന മുഖപടത്തിനുള്ളില്‍ അതിസമര്‍ത്ഥമായി ഒളിപ്പിച്ചുവെക്കാന്‍ ഇക്കാലത്തും സാധ്യമാണെന്നിരിക്കെ, ഇത്തരമൊരു സന്ദിഗ്ദ്ധതയുടെ പേരില്‍ ആങ് ലീ വിചാരണ ചെയ്യപ്പെടേണ്ടതുണ്ടോ?

എയ്ലീന്‍ ചാങ് 1950കളിലെഴുതി തുടങ്ങി 1970കളില്‍ പൂര്‍ത്തിയാക്കിയ ഒരു ചെറുകഥയാണ് സിനിമക്കാധാരം. ബ്രോക്ക് ബാക്ക് മൌണ്ടന്‍(2005), ക്രോച്ചിങ് ടൈഗര്‍ ഹിഡ്ഡണ്‍ ഡ്രാഗണ്‍ (2000) പോലുള്ള സിനിമകളിലൂടെ അതിപ്രശസ്തനായി തീര്‍ന്ന ആങ് ലീ തികഞ്ഞ കൈയടക്കത്തിലൂടെയാണ് കാമാസക്തി, ജാഗ്രത എന്ന ഈ പുതിയ സിനിമയും പൂര്‍ത്തീകരിച്ചിരിക്കുന്നത്. ക്രോച്ചിങ് ടൈഗറില്‍ ധാരാളമായുള്ള പറക്കല്‍ ദൃശ്യങ്ങള്‍ക്കു സമാനമായ ഒരു രംഗം ഈ സിനിമയിലുമുണ്ട്. ഷാങ്ഹായ് നഗരത്തിലെ ഫെര്‍ഗൂസണ്‍ റോഡിലുള്ള ഇന്ത്യന്‍ ജ്വല്ലറിയായ ചാന്ദ്നി ചൌക്ക് ജ്വല്ലേഴ്സില്‍ വെച്ച് കാമുകിയായ മാക്ക് തായ് തായ് അഥവാ വോങ് ചിയാ ചിക്ക് മരതകക്കല്ലു പതിച്ച മോതിരം കൈമാറിയതിനു തൊട്ടുപിറകെ ഇനി പോവാം എന്ന് അവള്‍ പറയുമ്പോള്‍, കൂര്‍മശ്രദ്ധാലുവായ യീ അപകടം മണക്കുന്നു. ജ്വല്ലറിയുടെ കോണിപ്പടികളിറങ്ങലും തിരക്കേറിയ റോഡ് മുറിച്ചുകൊണ്ട് തുറക്ക് എന്ന അയാളുടെ ആജ്ഞ പ്രകാരം ഇതിനകം തുറന്നു പിടിച്ച ഡോറിലൂടെ കാറിലേക്ക് അയാള്‍ പറന്നു കയറുന്നതും സിനിമക്കു മാത്രം ആവിഷ്ക്കരിക്കാനാവുന്ന ദൃശ്യസാങ്കല്‍പികതയാണ്. അത്തരമൊരു ആവിഷ്ക്കരണത്തിലൂടെ മാത്രമേ കാമാസക്തി കൊണ്ട് ജ്വലിച്ചു നില്‍ക്കുമ്പോഴും യീയുടെ സൈനിക ജാഗ്രതയുടെ ഒരംശവും ഇടറുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ വ്യക്തമാക്കാനാവുകയുള്ളൂ. അവള്‍ വഴങ്ങാന്‍ തയ്യാറായിട്ടും അതിനിഷ്ഠൂരമായ വിധത്തില്‍ ബലാല്‍ക്കാരത്തിലൂടെയാണ് അയാള്‍ ആദ്യത്തെ വേഴ്ചയില്‍ അവളെ കീഴ്പ്പെടുത്തുന്നത്. സ്ത്രീക്കു മേല്‍ പുരുഷന്‍ നടത്തുന്ന ലൈംഗികമായ കടന്നാക്രമണവും കീഴ്പ്പെടുത്തലും അധികാരസ്ഥാപനവും, രാഷ്ട്രീയ-അധിനിവേശ-സ്വേഛാധികാര പ്രവണതകളുടെ എല്ലാക്കാലത്തെയും സംവിധാനമാണല്ലോ. കോളേജ് പഠനത്തിനു ശേഷം ഹോങ്കോങിലെത്തിയ വോങും കൂട്ടരും പ്രതിരോധത്തിന്റെ ഒരു നാടകസംഘം രൂപീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്. സ്ത്രീ വിഷയത്തിലുള്ള യീയുടെ ദൌര്‍ബല്യങ്ങളെക്കുറിച്ച് അറിവു കിട്ടുന്ന ഈ തീവ്രവാദികള്‍ അയാളെ പ്രലോഭിപ്പിക്കാനായി വോങിനെ ചട്ടം കെട്ടുന്നു. കന്യകയായ അവള്‍ അയാളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുമ്പോള്‍ അയാള്‍ക്ക് ഹരം നഷ്ടപ്പെടുമോ എന്ന് കരുതി അവളെ ലൈംഗികബന്ധത്തില്‍ വിദഗ്ദ്ധയാക്കാനായി ഒരു പുരുഷ സഖാവ് തന്നെ പരിശീലനം കൊടുക്കുന്നു. സദാചാരം, സ്ത്രീശരീരത്തിന്റെ പരിശുദ്ധിയും സ്വയം നിര്‍ണയാവകാശവും എന്നീ ഘടകങ്ങളെ വിപ്ളവകാരികളുടെ ആദര്‍ശം പരിഗണനക്കെടുക്കുന്നില്ല എന്ന ആരോപണവും ഈ ആഖ്യാനത്തിലൂടെ ഉന്നയിക്കപ്പെടുന്നുണ്ടെന്നത് കാണാതിരിക്കാനാവില്ല. ഹോങ്കോങില്‍ വെച്ച് ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതിനു മുമ്പ് യീയും സംഘവും ഷാങ്ഹായിയിലേക്ക് മടങ്ങുന്നു. ആ ഘട്ടത്തില്‍ സംഘവുമായി വേര്‍ പിരിയുന്ന വോങ് പിന്നീട് മൂന്നു വര്‍ഷത്തിനു ശേഷം ഷാങ്ഹായിയില്‍ വെച്ച് അവരെ കണ്ടുമുട്ടുകയും വീണ്ടും അവരുമായി കൂട്ടുചേരുകയുമാണ് ചെയ്യുന്നത്. അതിനെതുടര്‍ന്നാണ് അവരുടെ വേഴ്ചകളും സമ്മാനദാനവും പാളിപ്പോയ കൊലപാതകശ്രമവും നടക്കുന്നത്. അവളടക്കമുള്ള വിപ്ലവകാരികള്‍ പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്നു. തികഞ്ഞ കാമാസക്തിയും ആഹ്ളാദത്തിനുള്ള ആര്‍ത്തിയുമുണ്ടായിരിക്കെതന്നെ ഓരോ നിമിഷവും ജാഗ്രതയോടെയിരിക്കുന്ന സൂക്ഷ്മശ്രദ്ധാലുവാണ് അധികാരി എന്ന തുടരുന്ന യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്ന ഈ സിനിമ, അധികാരികള്‍ക്കും വിപ്ലവകാരികള്‍ക്കും ജനാധിപത്യവാദികള്‍ക്കും വ്യത്യസ്തമായ പാഠങ്ങള്‍ സമ്മാനിക്കുന്നു.

പ്രാദേശികത്തനിമ സൂക്ഷ്മതയോടെ രേഖപ്പെടുത്തുന്നതിനു പാകമായ വിധത്തില്‍ പുതിയ ഒരു ഗണം(ഴാങ്റ്) തന്നെ ഇക്കാലത്തുണ്ടായി വരുന്നുണ്ടെന്നു വേണം കരുതാന്‍. റോബര്‍ട് ജെ ഫ്ളാഹര്‍ടിയുടെ നാനൂക്ക് ഓഫ് ദ നോര്‍ത്തി(1922/നിശബ്ദം/കറുപ്പും വെളുപ്പും/യു എസ് എ)നെ മാതൃകയായി കണ്ടുകൊണ്ട് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഠിനയാഥാര്‍ത്ഥ്യത്തെ ചലച്ചിത്രവത്ക്കരിക്കാനുള്ള സാഹസികമായ പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നതിന്റെ തെളിവായി തുള്‍പാനെ കാണാവുന്നതാണ്. മനുഷ്യന്‍ എന്ന പ്രതിഭാസത്തിന്റെ ഗാംഭീര്യവും അവന്റെ കരവിരുതും അതിജീവനശേഷിയും കലാപരതയും ആണ് ഫ്ളാഹര്‍ടി രേഖപ്പെടുത്തിയത്. സെര്‍ഗീവ് ദ്വോര്‍ത്സെവോയ് സംവിധാനം ചെയ്ത ആദ്യത്തെ ഫീച്ചര്‍ സിനിമയായ തുള്‍പാന്‍ (കസാഖ്‌സ്ഥാന്‍, ജെര്‍മനി, സ്വിറ്റ്സര്‍ലണ്ട്, റഷ്യ, പോളണ്ട്/2008) ഗോവ അന്താരാഷ്ട്ര മേളയുടെ മത്സരവിഭാഗത്തിലാണുണ്ടായിരുന്നത്. കാനില്‍ അണ്‍ സെര്‍ടന്‍ റിഗാര്‍ഡ് പുരസ്കാരവും ലണ്ടന്‍ മേളയില്‍ സുതര്‍ലാണ്ട് പുരസ്കാരവും സൂറിച്ചിലും ന്യൂയോര്‍ക്കിലും ടോക്കിയോവിലും റെയ്ക്ക്ജാവിക്കിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ തുള്‍പാന്‍ ഓസ്കാറിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ഒട്ടകങ്ങളുടെ ഒരു കൂട്ടം കസാഖ്‌സ്ഥാനിലെ പുല്ലുള്ളതും വരണ്ടതുമായ വിജനമായ മൈതാനപ്രദേശത്ത്(സ്റ്റെപ്പെ) വീശിയടിക്കുന്ന പൊടിക്കാറ്റിനിടയിലൂടെ നടന്നുനീങ്ങുന്ന ദൃശ്യമാണ് തുള്‍പാനിലാദ്യമുള്ളത്. റഷ്യന്‍ പട്ടാളത്തിലെ സേവനമവസാനിപ്പിച്ച് പുതിയ ഒരു ജീവിതം കരുപ്പിടിപ്പിക്കാനാണ് ആസ എന്ന യുവാവ് തന്റെ പെങ്ങളും ഭര്‍ത്താവും കുട്ടികളും ചേര്‍ന്ന നാടോടി കുടുംബത്തോടൊപ്പം ചേരുന്നത്. തനിക്കും ഒരാട്ടിടയനാവണമെന്നും അതിനായി ഒരാട്ടിന്‍ പറ്റത്തെ അനുവദിച്ചു തരണമെന്നുമുള്ള ആസയുടെ ആവശ്യം നിറവേറ്റണമെന്നുണ്ടെങ്കില്‍ ഒരു നിബന്ധനയുണ്ടെന്ന് അളിയനായ ഓണ്ടാസ് പറയുന്നു. ആസ കല്യാണം കഴിക്കണമെന്നതാണ് ആ നിബന്ധന. ആ പ്രദേശത്താണെങ്കില്‍ കല്യാണപ്രായമായ ഒരേ ഒരു പെണ്ണേ ഉള്ളൂ. അവളുടെ പേരാണ് തുള്‍പാന്‍. ആസയും അളിയനും ട്രാക്റ്റര്‍ ഡ്രൈവറായ ബോണിയും ചേര്‍ന്ന് തുള്‍പാനെ പെണ്ണു കാണാന്‍ പോകുന്നു. ആസയുടെ പട്ടാള വീരസ്യങ്ങള്‍ സഹിക്കാതെ അളിയന്‍ തന്നെ അവന്റെ വായടപ്പിക്കുന്നു. തുള്‍പാന്റെ മാതാപിതാക്കളാകട്ടെ പ്രത്യേകിച്ച് അമ്മ വലിയ താല്‍പര്യമൊന്നും ആസയുടെ നേര്‍ക്ക് കാണിക്കുന്നില്ല. അവര്‍ക്കിഷ്ടം മകളെ ഒരു നഗരവാസിയെക്കൊണ്ട് കല്യാണം കഴിപ്പിക്കാനാണ്. തുള്‍പാനെ ഒരു വട്ടം പോലും നേരിട്ട് കാണാനോ സംസാരിക്കാനോ ആസക്ക് സാധ്യമാവുന്നതുമില്ല. കാഴ്ചക്കാരായ നമുക്കും തുള്‍പാന്റെ മുഖമോ ശരീരമോ ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടാകുന്നില്ല. ആസയുടെ ചെവികള്‍ കൂടുതല്‍ വിടര്‍ന്നതും വലുതുമാണെന്നും അതിനാല്‍ അവനെ തനിക്ക് വേണ്ടെന്ന് തുള്‍പാന്‍ പറഞ്ഞുവെന്നും പറഞ്ഞ് അവളുടെ വീട്ടുകാര്‍ അവനെ പറഞ്ഞയക്കുന്നു. പിന്നീട് പലവട്ടം അവന്‍ ശ്രമം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരിക്കലും ആ ആഗ്രഹം സഫലമാവുന്നില്ല. പരുക്കനായ അളിയന്റെ ധാര്‍ഷ്ട്യം സഹിക്കവയ്യാതെ പല തവണ അവിടം വിട്ടു പോകാന്‍ ആസ ഒരുങ്ങുന്നുണ്ടെങ്കിലും ഓരോ തവണയും അവന്‍ അവരുടെ അടുത്തേക്കു തന്നെ തിരിച്ചുവരികയാണ്. കാറ്റു സഹിക്കാതെ നാടോടികളായ അവര്‍ അടുത്ത സ്ഥലത്തേക്ക് തമ്പടിക്കാന്‍ പോകുന്ന ദൃശ്യമാണവസാനമുള്ളത്. ആടുകളുടെ പ്രസവം എടുക്കുന്നതും ജീവനുള്ളതും മരിച്ചതുമായ കുട്ടികളെ കണ്ട് അവര്‍ ആനന്ദിക്കുകയോ വ്യസനിക്കുകയോ ചെയ്യുന്നതും മറ്റും വളരെ യാഥാര്‍ത്ഥ്യനിഷ്ഠതയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂന്നു കുട്ടികളാണ് ആസയുടെ പെങ്ങള്‍ക്കുളളത്. മൂത്തവനായ ആണ്‍കുട്ടി സദാ കസാക്ക് റേഡിയോ കേട്ടുകൊണ്ടിരിക്കുന്നവനും രണ്ടാമത്തവളായ പെണ്‍കുട്ടി നാടന്‍ പാട്ടു പാടിക്കൊണ്ടിരിക്കുന്നവളും മൂന്നാമത്തെ കൊച്ചുകുട്ടി ആമയെയുമെടുത്ത് കുസൃതി കാട്ടിനടക്കുന്നവനുമാണ്. റേഡിയോ വാര്‍ത്തകള്‍ ഓര്‍ത്തു പറയുന്ന മൂത്ത ആണ്‍കുട്ടി കസാല്‍ജ്‌സ്ഥാനെ ആധുനിക വികസിത രാജ്യമാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ദൃഢനിശ്ചയവും മറ്റും ആവര്‍ത്തിക്കുമ്പോള്‍ ആ കുടുംബത്തിന്റെ പ്രാകൃതമായ അവസ്ഥയും ആ പ്രഖ്യാപനങ്ങളും തമ്മിലുള്ള വൈരുദ്ധ്യം പരിഹാസ്യമായ മുഴക്കമായി നമ്മുടെ മസ്തിഷ്ക്കത്തിലേക്ക് സംക്രമിക്കും. നിയോ റിയലിസ്റ്റ് രീതിയിലുള്ള തുള്‍പാന്‍, സിനിമക്കു കണ്ടെത്താനും തേടിയെടുക്കാനും ആവിഷ്ക്കരിക്കാനും ഇനിയുമെത്ര ജീവിതങ്ങളും ഭൂഭാഗങ്ങളും സംസ്ക്കാരങ്ങളുമാണ് ലോകത്ത് ബാക്കിവെച്ചിരിക്കുന്നതെന്ന സത്യത്തെയാണ് മുന്നോട്ടുവെക്കുന്നത്.

മാര്‍ക്ക് മെയര്‍ സംവിധാനം ചെയ്ത ഫാമിലി റൂള്‍സ് (ജര്‍മനി/2007) ആയുധങ്ങളും തടങ്കലും ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ കുടുംബം എന്ന സ്ഥാപനത്തെ നിര്‍ബന്ധിച്ച് നിര്‍മിച്ച് നിലനിര്‍ത്താനുള്ള ഒരു തീവ്രവാദിയുടെ പരിശ്രമത്തെ പ്രഹസനരൂപത്തിലാവിഷ്ക്കരിക്കുന്ന സിനിമയാണ്. നോബല്‍ സമ്മാനത്തിനര്‍ഹമായ ജോസ് സരമാഗോയുടെ പോര്‍ച്ചുഗീസ് നോവലായ ബ്ളൈന്‍ഡ്നെസ്സിനെ ആസ്പദമാക്കി ഫെര്‍ണാണ്ടോ മീറെലസ്സ് സംവിധാനം ചെയ്ത അതേ പേരിലുള്ള ബ്രസീലിയന്‍ സിനിമ ദുര്‍ബലമായ ആവിഷ്ക്കാരമായി അനുഭവപ്പെട്ടു. ചൈനയില്‍ നിന്നുള്ള ലൈഫ് ഈസ് ഈസി(സംവിധാനം: വെന്‍ വൂ/2008), നൈറ്റ് ട്രെയിന്‍(സംവിധാനം: ദിയാവോ യിനാന്‍/2007), എന്നിവ വിദേശ മൂലധനവും പുതിയ സാമ്പത്തിക ക്രമവും വികസന വൈരുദ്ധ്യങ്ങളും ചേര്‍ന്ന് മാറ്റിമറിക്കുന്ന ചൈനയുടെ ഉള്‍ക്കിടിലങ്ങളെയാണ് വെളിപ്പെടുത്തുന്നത്.

അധിനിവേശങ്ങളും സാംസ്കാരിക സംക്രമണങ്ങളും പലായനങ്ങളും അഭയാര്‍ത്ഥിത്വങ്ങളും പ്രതിരോധങ്ങളും കൂടിക്കലരുന്ന പുതിയ ലോകത്തിന്റെ അറിയപ്പെടാത്ത പ്രദേശങ്ങളില്‍ നിന്നുയരുന്ന നിലവിളികളും ഗതിവിന്യാസങ്ങളുമായി പുതിയ കാലത്തെ സിനിമ മാനവികതയുടെ വെളിച്ചം പ്രസരിപ്പിക്കാന്‍ ഇനിയുള്ള കാലത്തും അതിന്റെ കളികള്‍ ശക്തമായി തുടരുമെന്നതിന്റെ സാക്ഷ്യങ്ങളാണ് ഇക്കാലത്തിറങ്ങുന്ന സൃഷ്ടികളുമെന്നത് ആശാവഹമായ വസ്തുത തന്നെയാണ്.

*
ജി. പി. രാമചന്ദ്രന്‍

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ആഖ്യാനാത്മകമായ ആവിഷ്ക്കാരങ്ങള്‍ക്കു പകരം കാഴ്ച, ചലനം, ശബ്ദം, കാലം, ശില്‍പചാരുത, മൌലികവും ഡിജിറ്റലുമായ ഭാവനയുടെ ഭ്രാന്തവും അനിയന്ത്രിതവുമായ സഞ്ചാരങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളുടെ സംയോജനവും വിയോജനവുമായി സിനിമ മാറിത്തീരുമെന്ന് കരുതുന്നവരുണ്ട്. അത്തരത്തിലുള്ള 'പുതിയ' സിനിമയുടെ പരീക്ഷണങ്ങളിലൊന്നായിരുന്നു ബെനഡിക്റ്റ് ഫ്ളീഗോഫ് സംവിധാനം ചെയ്ത മില്‍ക്കി വേ (തെജൂത്ത്/ഹങ്കറി/2007).

ഗോവയില്‍ നടന്ന മുപ്പത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ലോക സിനിമാവിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒട്ടു മിക്ക കാണികളും ഇറങ്ങിപ്പോവുകയാണുണ്ടായത് (അവര്‍ ഇപ്പോഴും സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ആദിമധ്യാന്തപ്പൊരുത്തമുള്ള സാമ്പ്രദായികമായ കഥാഖ്യാനമായിരിക്കുമോ?).

ജി.പി.രാമചന്ദ്രന്‍ എഴുതിയ ലേഖനം.

Anonymous said...

എന്തിനാടാ സിനിമ കാണുന്നത്? ആ പൈസക്ക് ഒരു മസാലദോസ വാങ്ങിത്തിന്നുകൂടേ എന്ന് ചോദിക്കുന്ന ഒരു ചെറിയച്ഛനുണ്ടായിരുന്നു എന്റെ ഒരു സുഹൃത്തിന്. പക്ഷെ അവന്‍ മസാല ദോശ തിന്നേണ്ട കാശുകൊണ്ട് സിനിമ കാണുമായിരുന്നു.

ഇത്രയധികം ചിത്രങ്ങള്‍ കണ്ട് അവയെക്കുറിച്ച് എഴുതാന്‍ സമയം ചിലവഴിക്കുന്നതിനു ജി.പി.രാമചന്ദ്രന്‍ സാറിനു നന്ദി.

Roby said...

ഇതിൽ ലസ്റ്റ്,കോഷൻ മാത്രമേ കണ്ടുള്ളൂ.
ഈ പരിചയപ്പെടുത്തലിനു നന്ദി.

ഓരോ ഫെസ്റ്റിവലും കഴിയുമ്പോൾ അതിൽ പങ്കെടുത്ത, ചില സുഹൃത്തുക്കളോടു ചോദിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കാറുണ്ട്. ഇതെല്ലാം ലിസ്റ്റിൽ ചേർക്കുന്നു.