Saturday, December 27, 2008

ഏഴ് കുറവുകള്‍ അവശേഷിക്കുമ്പോൾ

ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ, തിരിമറി ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓര്‍ത്ത് ഖിന്നരായവരൊക്കെയും ഇങ്ങനെയാണ് സ്വയം സമാശ്വസിച്ചത് : “വാഷിങ്ങ്ടണിലെ കാര്യങ്ങളൊക്കെ സ്‌തംഭനാവസ്ഥയിലാണല്ല്ല്ലോ? തെറ്റുകളിലേക്ക് നീങ്ങുന്നതിൽ നിന്നും തടയുന്ന ധാരാളം വ്യവസ്ഥകൾ സ്വന്തമായുള്ളതിനാൽ, അട്ടിമറിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പ് കൊണ്ട് വലിയ അപകടമൊന്നും വരാനിടയില്ലല്ലോ.” പക്ഷെ ഇപ്പോള്‍ നമുക്കറിയാം: ഏറ്റവും വലിയ അശുഭാപ്‌തിവിശ്വാസി സങ്കല്‍പ്പിച്ചതിലുമൊക്കെ അപ്പുറത്താണ് ദുരന്തഫലങ്ങൾ. ഇറാഖിലെ യുദ്ധം മുതല്‍ ക്രെഡിറ്റ് മാര്‍ക്കറ്റുകളുടെ തകര്‍ച്ച വരെ, സാമ്പത്തിക നഷ്‌ടങ്ങളുടെ ആഴം അളക്കുവാന്‍ വളരെ പ്രയാസമാണ്. ഈ നഷ്‌ടങ്ങളുടെ കാര്യം നമുക്ക് തൽക്കാലം മറക്കാം, കാരണം ഇതിലുമൊക്കെ എത്രയോ വലുതാണ് നാം നഷ്‌ടപ്പെടുത്തിയ അവസരങ്ങൾ.

യുദ്ധത്തില്‍ ദീവാളി കുളിച്ച പണം, രാജ്യത്തെ കുട്ടിച്ചോറാക്കുകയും വളരെ കുറച്ച് പേരെ ധനികരാക്കുകയും ചെയ്‌ത ഹൌസിങ്ങ് പിരമിഡ് പദ്ധതിയില്‍ തുലച്ച പണം, സാമ്പത്തിക മാന്ദ്യം മൂലം നഷ്‌ടമായ പണം - ഇതെല്ലാം ചേര്‍ത്താല്‍ നമുക്ക് ഉല്പാദിപ്പിക്കാമായിരുന്നതും നാം യഥാര്‍ത്ഥത്തില്‍ ഉല്പാദിപ്പിച്ചതും തമ്മിലുള്ള വ്യത്യാസം 1.5 ട്രില്യൺ ഡോളറിനും അധികമാകും. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥക്ക്, ഇൻഷുറൻസ് സുരക്ഷ ഇല്ലാത്തവരുടെ ആരോഗ്യ പരിരക്ഷക്ക്, ഹരിത സാങ്കേതികവിദ്യയുടെ നിര്‍മ്മാണത്തിന് ഒക്കെ ഈ പണം ഉതകുമായിരുന്നു . ഇതു മാത്രമല്ല നമുക്ക് ചെയ്യുവാനാകുമായിരുന്നത്, പട്ടിക നീളുക തന്നെയാണ്.

നാം നഷ്‌ടപ്പെടുത്തിയ അവസരങ്ങളുടെ യഥാര്‍ത്ഥമൂല്യമാകട്ടെ ഇതിലും എത്രയോ അധികമാണ്. യുദ്ധത്തിന്റെ കാര്യമെടുക്കുക: ഗവര്‍മ്മെണ്ട് യുദ്ധത്തിനായി നേരിട്ട് വകയിരുത്തിയ തുക ബുഷ് ഭരണകൂടത്തിന്റെ തെറ്റിദ്ധാരണാജനകമായ എസ്റ്റിമേറ്റ് അനുസരിച്ച് തന്നെ ഒരു മാ‍സം 12 ബില്യണ്‍ ഡോളർ ആണ് .‍ കെന്നഡി സ്‌കൂളിലെ ലിന്‍ഡ ബില്‍മ്സും ഞാനും ചേര്‍ന്ന് എഴുതിയ The Three Trillion Dollar War എന്ന പുസ്‌തകത്തില്‍ രേഖപ്പെടുത്തിയ തരത്തിലുള്ള പരോക്ഷ ചെലവുകള്‍ യഥാർത്ഥത്തിൽ വളരെ ഉയര്‍ന്നതാണ്: പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌ത സൈനികർ സമ്പാദിക്കാതെ പോകുന്ന ശമ്പളം, അമേരിക്കൻ ആശുപത്രികളിൽ ചെലവഴിക്കപ്പെടുന്ന തുക, നേപ്പാളി കരാർ പടയാളികൾക്കായി ചെലവഴിക്കുന്ന തുക തുടങ്ങിയ പുന: ക്രമീകരിക്കപ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും പരോക്ഷ ചെലവുകളിൽ പെടും. ഇത്തരം സാമൂഹ്യവും സ്‌ഥൂല സാമ്പത്തിക(macroeconomic factors) സ്വഭാവവുമുള്ളതുമായ ഘടകങ്ങളെല്ലാംകൂടി ചേർത്താൽ അത് യുദ്ധത്തിനായി ചെലവഴിച്ച മൊത്തം തുകയായ 2 ട്രില്യണ്‍ ഡോളറിനേക്കാള്‍ വളരെ ഉയർന്നതായിരിക്കും.

ഈ കാര്‍മേഘങ്ങള്‍ക്കിടയിലും ഒരു രജത രേഖ തെളിയുന്നുണ്ട്. ഈയൊരു വിഷമാവസ്ഥയില്‍ നിന്നും നമുക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞാല്‍, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ എങ്ങിനെ ശക്തമാക്കാം, നമ്മുടെ സമൂഹത്തെ എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെപ്പറ്റി കൂടുതല്‍ ശ്രദ്ധയോടെയും അധികം പ്രത്യയശാസ്‌ത്രശാഠ്യങ്ങളില്ലാതെയും നമുക്ക് ചിന്തിക്കാന്‍ കഴിഞ്ഞാല്‍, ഒരു പക്ഷെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നമുക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞേക്കും. എവിടെ നിന്ന് തുടങ്ങണം എന്നതിനെക്കുറിച്ചൊരു രൂപരേഖ എന്ന നിലക്ക് ബുഷ് ഭരണകൂടം അവശേഷിപ്പിച്ചു പോകുന്ന ഏഴ് പ്രധാന കുറവുകളെപ്പറ്റി നമുക്കാലോചിക്കാം.

മൂല്യങ്ങളിൽ വന്ന ശോഷണം (The values deficit):

അമേരിക്കയുടെ ശക്തി എന്നു പറയുന്നതില്‍ പ്രധാനമായ ഒന്ന് അതിന്റെ നാനാത്വം ആണ്. നമ്മുടെ മൌലിക തത്വങ്ങളെ സംബന്ധിച്ചു പോലും (ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിൾസ്‍) - കുറ്റക്കാരനെന്നു തെളിയുന്നതുവരെ ഒരാൾ നിരപരാധി ആണ്, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി, നിയമവാഴ്ച തുടങ്ങിവയുടെ കാര്യത്തിൽ പോലും- പണ്ടു മുതലേ വിവിധങ്ങളായ കാഴ്‌ചപ്പാടുകള്‍ പുലർത്തുന്നവരുണ്ടായിട്ടുണ്ട് . എങ്കിലും അംഗീകൃത മൂല്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ തന്നെ അവരെ അവഗണിക്കുക പ്രയാസമുള്ള കാര്യമായിരുന്നില്ല. ഇപ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, വളരെ കുറച്ച് എന്നത് അത്ര ചെറുതല്ലെന്നും അതില്‍ പ്രസിഡന്റും, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാക്കളും ഉള്‍പ്പെടുന്നു എന്നതുമാണ്. നാമിത്ര കാലവും ഉയർത്തിപ്പിടിച്ചിരുന്ന മൂല്യങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം പ്രത്യക്ഷപ്പെടുവാന്‍ ഇതിലും മോശമായൊരു സമയമുണ്ടാവില്ല എന്നു തന്നെ തോന്നുന്നു . നമുക്ക് പൊതുവായി ഉള്ളവ എന്ന് നാം കരുതിയിരുന്നവയേക്കാള്‍ കുറച്ചു മാത്രമേ പൊതുവായി ഉള്ളൂ എന്ന തിരിച്ചറിവ് നമ്മള്‍ ഒരുമിച്ച് അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നത് വിഷമകരമാക്കുന്നു.

കാലാവസ്ഥാ അപചയം (The climate deficit) :

എൿസോണ്‍ മൊബില്‍ പോലുള്ള കോര്‍പ്പറേറ്റ് പങ്കാളികളുടെ സഹായത്തോടെ ബുഷ് ശ്രമിച്ചത് ആഗോള താ‍പനം എന്നത് കെട്ടുകഥയാണെന്ന് അമേരിക്കക്കാരെ വിശ്വസിപ്പിക്കാനാണ്. അതല്ല വാസ്തവം, എന്ന് ഭരണകൂടം പോലും അവസാനം സമ്മതിച്ചിരിക്കുകയാണ്. എങ്കിലും കഴിഞ്ഞ എട്ട് വര്‍ഷം നാം ഒന്നും ചെയ്‌തില്ല, അമേരിക്കയാകട്ടെ എക്കാലത്തേയുംകാള്‍ കൂടുതലായി മലിനീകരണം ഉണ്ടാക്കുകയുമാണ്. ഈ വിളംബത്തിന് നാം വലിയ വില കൊടുക്കേണ്ടി വരും.

സമത്വ സങ്കൽ‌പ്പങ്ങളുടെ തകർച്ച (The equality deficit):

കഴിഞ്ഞ കാലത്ത്, സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവര്‍ക്ക് സാമ്പത്തികവികാസത്തില്‍ നിന്ന് വലിയ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ജീവിതം തുല്യാവസരമുള്ള ഭാഗ്യക്കുറിയായി കരുതപ്പെട്ടിരുന്നു. സ്വപ്രയത്നത്താല്‍ ഉന്നതി പ്രാപിക്കുന്ന കഥകള്‍ അമേരിക്കന്‍ സ്വത്വത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ന്, ഹൊറാഷ്യൊ അല്‍ജര്‍(Horatio Alger-United States author of inspirational adventure stories for boys; virtue and hard work overcome poverty (1832-1899)) ഐതിഹ്യങ്ങള്‍ നൽകുന്ന വാഗ്‌ദാനങ്ങൾ തെറ്റുകയാണ്. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുക എന്നത് കൂടുതല്‍ കൂടുതല്‍ വിഷമകരമാവുകയാണ്. വരുമാനത്തിലും സമ്പത്തിലും വളര്‍ന്നുവരുന്ന അസമത്വം ആകട്ടെ ആഗോളവല്‍ക്കരണത്തിന്റെ നേട്ടങ്ങള്‍ മറ്റുള്ളവരുടെ ചിലവില്‍ കൊയ്‌ത(globalization sweepstakes)വരെ മാത്രം തുണയ്‌ക്കുന്ന നികുതിനിര്‍ദ്ദേശങ്ങളാല്‍ ഒന്നു കൂടി ബലപ്പെടുകയുമാണ്. ആ തിരിച്ചറിവ് രൂഢമൂലമാകുമ്പോൾ പൊതുതാല്പര്യമുള്ള വിഷയങ്ങള്‍ എന്നത് ഇല്ലാതാകുന്നു.

കുറയുന്ന ഉത്തരവാദിത്വം (The accountability deficit):

അമേരിക്കന്‍ ധനകാര്യരംഗത്തെ മുടിചൂടാമന്നന്മാർ അവര്‍ക്ക് ലഭിക്കുന്ന ആകാശം മുട്ടുന്ന വേതനത്തെ ന്യായീകരിച്ചിരുന്നത് അവരുടെ മൌലികതയെയും, അത് രാജ്യത്തിനു ഉണ്ടാക്കിക്കൊടുക്കുന്ന നേട്ടങ്ങളെയും ചൂണ്ടിക്കാട്ടിയാണ്. ചക്രവര്‍ത്തിമാര്‍ക്ക് ഉടുവസ്‌ത്രമില്ലെന്നുള്ളത് ഇപ്പോള്‍ വെളിവായിരിക്കുന്നു. അവര്‍ക്ക് അപകടസാദ്ധ്യതയെ(risk) എങ്ങിനെ മെരുക്കണം(manage) എന്നറിയില്ലെന്നുമാത്രമല്ല, അവരുടെ പ്രവൃത്തികള്‍ അതിനെ വലുതാക്കുകയുമാണ്. മൂലധനം ശരിയായല്ല വിനിയോഗിക്കപ്പെട്ടത്, നൂറു കണക്കിനു ബില്യണുകള്‍ തെറ്റായി ചെലവഴിക്കപ്പെടുകയായിരുന്നു. സാധാരണയായി ജനങ്ങള്‍ ഗവര്‍മ്മെണ്ടില്‍ ആരോപിക്കുന്ന കാര്യക്ഷമതയില്ലായ്‌മയേക്കാള്‍ എത്രയോ ഭീകരമാണിവരുടേത്. എന്നിട്ടും ഈ പ്രഭുക്കൾ നികുതിദായകരും, തൊഴിലാളികളും, സമ്പദ്‌വ്യവസ്ഥ ആകെയും മുന്നോട്ടുള്ള വഴികാണാതെ ഉലയവേ നൂറുകണക്കിനു മില്യണ്‍ ഡോളറുകളുമായി കടന്നു കളഞ്ഞു,

വ്യാപാര കമ്മി (The trade deficit):

കഴിഞ്ഞ ഒരു ദശകത്തിലേറെയായി രാജ്യം വിദേശത്തുനിന്നും വന്‍‌തോതില്‍ കടമെടുക്കുകയാണ് - 2007ല്‍ മാത്രം 739 ബില്യണ്‍ ഡോളറോളം കടമെടുത്തു. അതെന്തുകൊണ്ടെന്ന് മനസ്സിലാക്കുക വളരെ എളുപ്പമാണ്: സര്‍ക്കാരിന്റെ കടം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ, അമേരിക്കൻ കുടുംബങ്ങളുടെ സമ്പാദ്യം പൂജ്യത്തോടടുക്കെ, കടം വാങ്ങുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? അമേരിക്ക കഴിഞ്ഞ കുറെ കാലമായി കടം വാങ്ങിയ പണത്തിലും, കടം വാങ്ങിയ സമയത്തിലുമാണ് ജീവിച്ചുപോരുന്നന്നത്. കണക്കെടുപ്പിന്റെ നാൾ വന്നേ മതിയാവൂ. മെച്ചപ്പെട്ട സാമ്പത്തിക നയം എന്ത് എന്നതിനെപ്പറ്റി മറ്റുള്ളവരെ പഠിപ്പിക്കുകയായിരുന്നു നമ്മുടെ ഒരു രീതി. അവരിപ്പോള്‍ നമ്മുടെ പുറകില്‍ നിന്ന് ചിരിക്കുകയാണ്, ചിലപ്പോഴൊക്കെ നമുക്ക് പാഠം പറഞ്ഞുതരികയുമാണ്. മറ്റു രാജ്യങ്ങളിലെ ഗവര്‍മ്മെണ്ടുകള്‍ സ്വരൂപിച്ചിട്ടുള്ള, അവരുടെ രാജ്യാതിര്‍ത്തിക്കപ്പുറത്ത് നിക്ഷേപിക്കാവുന്ന അധിക സമ്പത്തിനായി സോവറിൻ വെൽത്ത് ഫണ്ടുകളുടെ പിറകേ നടന്ന് യാചിക്കേണ്ട സ്ഥിതിയിലാണ് നാം. സര്‍ക്കാര്‍ ബാങ്ക് നടത്തുക എന്ന ആശയത്തോട് നാം എതിര്‍പ്പുള്ളവരാണ്. പക്ഷെ, നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് വളരെ അത്യന്താപേക്ഷിതമെന്ന് നാം കരുതുന്ന, അമേരിക്കയിലെ പല ഐക്കോണിക്ക് ബാങ്കുകളിലും സ്ഥാപനങ്ങളിലും (അവരെ രക്ഷിച്ചെടുക്കാനായി ട്രഷറി വകുപ്പിനൊരു ബ്ലാങ്ക് ചെക്ക് കൊടുക്കുന്നിടത്തോളം എത്തി കാര്യങ്ങൾ) വിദേശ സര്‍ക്കാരുകള്‍ ഭൂരിഭാഗം ഷെയറും സ്വന്തമാക്കുന്നത് നാം അംഗീകരിക്കുന്നതു പോലെ തോന്നുന്നു.

ബജറ്റ് കമ്മി (The budget deficit):

നിയന്ത്രണമില്ലാതുള്ള സൈനിക ചെലവഴിക്കല്‍ കാരണം വെറും എട്ട് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ദേശീയ കടം മൂന്നില്‍ രണ്ട് ഭാഗം കണ്ട് വര്‍ദ്ധിച്ചിരിക്കുകയാണ്, 5.7 ട്രില്യണ്‍ ഡോളറില്‍ നിന്നും 9.5 ബില്യണ്‍ ഡോളറിലും അധികമായി. ഈ യുദ്ധത്തിലെ നാടകീയത പോലെ തന്നെ ഈ സംഖ്യകളും പ്രശ്‌നത്തെ ലഘുവല്‍ക്കരിക്കുകയാണ്. ഇറാഖ് യുദ്ധത്തിലെ പല ബില്ലുകളും, മുറിവേറ്റ വെറ്ററന്‍സിനു നല്‍കാനുള്ള തുകയുള്‍പ്പെടെ, പാസ്സാക്കേണ്ട ദിവസം ഇതുവരെയും ആയിട്ടില്ല. അതെല്ലാം കൂടി ഏതാണ്ട് 600 ബില്യണ്‍ ഡോളര്‍ വരും. ഈ വര്‍ഷത്തെ ഫെഡറല്‍ കമ്മിയാകട്ടെ നമ്മുടെ രാജ്യത്തിന്റെ കടബാദ്ധ്യതയിലേക്ക് അര ട്രില്യണ്‍ ഡോളര്‍ കൂടി കൂട്ടിയേക്കും. ഇതാകട്ടെ ബേബി ബൂമര്‍മാരുടെ (A member of the baby boom generation in the 1950s) സാമൂഹ്യസുരക്ഷാ, മെഡികെയര്‍ ബില്ലുകള്‍ വരുന്നതിനു മുന്‍പേ ചിലവഴിക്കേണ്ടവയുമാണ്.

നിക്ഷേപ കമ്മി (The investment deficit):

സർക്കാരിന്റെ കണക്കെഴുത്തുരീതികൾ സ്വകാര്യ മേഖലയുടേതിൽ നിന്നും തീർത്തും വിഭിന്നമാണ്. ഒരു നല്ല നിക്ഷേപം നടത്തുന്നതിനായി കടം വാങ്ങുന്നതിലൂടെ കമ്പനിയുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുകയും അതിന് നേതൃത്വം കൊടുക്കുന്നവർ നമ്മുടെ അഭിനന്ദനത്തിന് പാത്രമാകുകയും ചെയ്യും. പൊതുമേഖലയിൽ ബാലൻസ് ഷീറ്റില്ലാത്തതിനാൽ നമ്മളിലധികം പേരും ഇത്തരം കമ്മിയെ വളരെ ഇടുങ്ങിയ ദൃഷ്‌ടിയിലൂടെയാണ് നോക്കിക്കാണുന്നത്. എന്നാൽ വാസ്‌തവമെന്താണ് ? സർക്കാർ നിക്ഷേപം ബുദ്ധിപൂർവം നടത്തുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ അവയിൽ നിന്നുള്ള വരുമാനം, ഇത്തരം കടങ്ങൾക്ക് സര്‍ക്കാര്‍ നൽകേണ്ടി വരുന്ന പലിശയേക്കാൾ വളരെ അധികമായിരിക്കും. ചുരുക്കത്തിൽ ഇത്തരം നിക്ഷേപങ്ങൾ കമ്മി കുറച്ചുകൊണ്ടുവരാൻ സർക്കാരിനെ സഹായിക്കും. അത്തരം നിക്ഷേപങ്ങളെ വെട്ടിച്ചുരുക്കുന്നത് താൽക്കാലികമായി ലാഭകരമായേക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വമ്പിച്ച നഷ്‌ടം വരുത്തി വയ്‌ക്കുമെന്ന് ന്യൂ ഓർലിയൻസിലെ ലെവീസും മിനിയാപോളീസിലെ പാലവും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വർദ്ധിച്ചുവരുന്ന ബജറ്റ് കമ്മിയെക്കുറിച്ച് എന്തു കൊണ്ടാണ് റിപ്പബ്ലിക്കന്മാർ ബേജാറാവാത്തത് എന്നതിനെക്കുറിച്ച് രണ്ട് (അവരുടെ ശുദ്ധ കാര്യശേഷിയില്ലായ്‌മ കൂടാതെ ) സിദ്ധാന്തങ്ങളാണ് നിലവിലുള്ളത്. സപ്ലൈ സൈഡ് എക്കണോമിൿസിൽ വിശ്വസിക്കുന്ന ആ ശുദ്ധാത്മാക്കൾ കുറഞ്ഞ നികുതി നിരക്കുകൾ തുടരാൻ കഴിഞ്ഞാൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ നല്ല വള‌ർച്ച നേടും എന്നും കമ്മി വെറും താൽക്കാലികം മാത്രമായിരിക്കുമെന്നും ആത്മാർത്ഥമായി വിശ്വസിക്കുന്നു. ആ തോന്നൽ വെറും ഫാന്റസിയായിരുന്നെന്ന് കാലം തെളിയിയിച്ചു.

രണ്ടാമത്തെ സിദ്ധാന്തം ഇതാണ്, ബജറ്റ് കമ്മി വീണ്ടും വീണ്ടും വലുതാകുവാൻ ബോധപൂർവം അനുവദിച്ചുകൊണ്ട് ബുഷും കൂട്ടരും ചെയ്യാൻ ആഗ്രഹിച്ചത് സർക്കാരിന്റെ വലിപ്പം കുറച്ചു കൊണ്ടു വരിക എന്നതായിരുന്നു. ഇന്നിപ്പോൾ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഭയാനകമാംവണ്ണം രൂക്ഷമായിക്കഴിഞ്ഞിരിക്കുന്നു. പല ഉത്തരവാദിത്വപ്പെട്ട ഡെമോക്രാറ്റുകളും ഇന്നിപ്പോൾ ‘മൃഗത്തെ പട്ടിണിക്കിടൂ’ ("starve the beast" )എന്നാക്രോശിക്കുന്ന റിപ്പബ്ലിക്കന്മാരുടെ കയ്യിലെ കളിപ്പാവകളായി മാറിയിട്ടുണ്ട്. അവരും സർ‌ക്കാരിന്റെ ചെലവുകൾ കുറയ്‌ക്കണമെന്ന ആവശ്യം ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളിൽ തങ്ങൾ മൃദു സമീപനമാണ് സ്വീകരിക്കുന്നത് എന്നു ചിത്രീകരിക്കപ്പെടാൻ ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നില്ല, അതിൽ തന്നെ, സൈനിക ബജറ്റിൽ കൈ വയ്‌ക്കാൻ അവർ ധൈര്യപ്പെട്ടേക്കില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ അവശ്യം ചെയ്യേണ്ട ചില നിക്ഷേപങ്ങളിൽ വെട്ടിക്കുറവ് വരുത്തുക എന്നത് മാത്രമാണ് അവർക്കാകെ ചെയ്യാനാകുക.

പുതിയ പ്രസിഡന്റ് വളരെ അടിയന്തിരമായി ചെയ്യേണ്ടത് സമ്പ്ദ്‌വ്യവ്സ്ഥയുടെ ശൿതി പുന:സ്ഥാപിക്കുക എന്നതാണ്. നമ്മുടെ രാഷ്‌ട്രം വാങ്ങിക്കൂട്ടിയിട്ടുള്ള പൊതുകടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ നാണ്യത്തിനായുള്ള (ഡോളർ)ഡിമാൻഡ് പരമാവധി വർദ്ധിപ്പിക്കുവാനും തദ്വാര മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഒരു കമ്മിയുടെയെങ്കിലും പ്രശ്‌നത്തെ അല്പമെങ്കിലും അഭിസംബോധന ചെയ്യുവാനും ഉതകുന്ന നയസമീപനങ്ങൾ കൈക്കൊള്ളുക എന്നത് അത്യന്താപേക്ഷിതമാണ്. നികുതി നിരക്കുകൾ കുറച്ചാൽ ,തീർച്ചയായും, ഉപഭോഗം വർദ്ധിക്കും. എന്നാൽ അമേരിക്കയുടെ പ്രശ്‌നം ഉപഭോഗം കുറവാണ് എന്നതല്ല, നമ്മുടെ പ്രശ്‌നം നാം ഉപഭോഗം ചെയ്യാവുന്നതിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുന്നു എന്നതാണ്. ഇനിയും കൂടുതൽ ഉപഭോഗം നടത്തുവാന്‍ ഉത്തേജനം ന‌ൽകുക എന്നാൽ, കൂടുതൽ ആഴമേറിയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നത് പിന്നീടൊരു സമയത്തേയ്‌ക്ക് നീട്ടി വയ്‌ക്കുക എന്നു മാത്രമാണർത്ഥം. നികുതി വരുമാനം കുറയുന്നതിനാൽ സംസ്ഥാനങ്ങളും പ്രാദേശികഭരണകൂടങ്ങളും തങ്ങളുടെ ബജറ്റിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപ്പാട് പെടുകയാണ്. എന്തെങ്കിലും ഉടനെ ചെയ്‌തില്ലെങ്കിൽ അവർക്ക് തങ്ങളുടെ ചെലവുകൾ വെട്ടിച്ചുരുക്കേണ്ടി വരും. അതാകട്ടെ, ഇപ്പോഴത്തെ താഴോട്ടുള്ള പോക്കിനെ കൂടുതൽ മൂർച്ഛിപ്പിക്കും. ഫെഡറൽ ഗവർൺ‌മെന്റിന്റെ നിലവാരത്തിൽ ചെലവു ചുരുക്കലല്ല, കൂടുതൽ കൂടുതൽ ചെലവു ചെയ്യലാണ് വേണ്ടത്. ആഗോള താപനം ഉൾപ്പെടെയുള്ള പുതിയ യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുമാറ് സമ്പദ്‌വ്യവസ്ഥയെ പുന:സംഘാടനം ചെയ്യേണ്ടതുണ്ട്. വേഗതയേറിയ കൂടുതൽ തീവണ്ടികളും ഊർജ്ജക്ഷമതയേറിയ പവർ പ്ലാന്റുകളും നമുക്ക് ആവശ്യമായി വരും. ഇത്തരം ചെലവുകൾ ദീർഘകാലം നിലനിൽക്കുന്ന സാമ്പത്തിക വളർച്ചക്ക് അറിത്തറയിടുക മാത്രമല്ല സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക കൂടി ചെയ്യും.

ഇത്തരം നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ രണ്ടു മാർഗങ്ങൾ മാത്രമേ ഉള്ളൂ : ഒന്നുകിൽ നികുതികൾ വർദ്ധിപ്പിക്കുക, അല്ലെങ്കിൽ മറ്റു ചെലവുകൾ കുറയ്‌ക്കുക. ഉയർന്ന വരുമാനക്കാരായ അമേരിക്കക്കാർക്ക് ഉയർന്ന നികുതി നിരക്ക് തീർച്ചയായും താങ്ങാനാകും. യൂറോപ്പിലെ മിക്ക രാജ്യങ്ങൾക്കും തങ്ങളുടെ നികുതി നിരക്കുകൾ താരതമ്യേനെ ഉയർന്നതാണെങ്കിലും ആഗോളവൽകൃത ലോകത്ത് വേണ്ടത്ര നിക്ഷേപം നടത്താനും മത്സരിക്കാനും കഴിയുന്നതു കൊണ്ടാണ് വിജയിക്കാനാവുന്നത്

നികുതി വർദ്ധിപ്പിക്കാൻ നടത്തുന്ന ഏതു ശ്രമത്തിനു നേരെയും എതിർപ്പുകൾ ഉയർന്നു വരും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ? അതിനാൽ തന്നെ ചെലവു ചുരുക്കലിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധ തിരിയാനാണ് സാദ്ധ്യത. എന്നാൽ നമ്മുടെ സാമൂഹ്യ ചെലവുകൾ ഇപ്പോൾ തന്നെ വെറും എല്ലും കൂടം മാത്രമാണ്, അതിൽ എന്ത് വെട്ടിക്കുറവാണിനി വരുത്താനാവുക? വികസിത വ്യവസായവത്‌കൃത രാജ്യങ്ങളുടെ ഇടയിൽ സാമൂഹ്യ സംരക്ഷണത്തിന്റെ അപര്യാപ്‌തതയുടെ കാര്യത്തിൽ നമ്മൾ വേറിട്ടു തന്നെ നിൽക്കുകയാണ്. ഉദാഹരണത്തിന് അമേരിക്കൻ ആരോഗ്യ ശുശ്രൂഷാ രംഗത്തിന്റെ കുഴപ്പങ്ങൾ നമുക്കെല്ലാം അറിവുള്ളതാണ്. അവയെ പരിഹരിക്കുന്നതിലൂടെ മെച്ചപ്പെട്ട സാമൂഹ്യ നീതി മാത്രമല്ല , കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക കാര്യക്ഷമതയും നമുക്ക് ഉറപ്പാക്കാനാവും.( കൂടുതൽ ആരോഗ്യമുള്ള തൊഴിലാളികൾ കൂ‍ടുതൽ മെച്ചപ്പെട്ട ഉൽ‌പ്പാദനം ഉറപ്പു വരുത്തും.) അങ്ങനെ വരുമ്പോൾ ചെലവുകൾ കുറയ്‌ക്കാനാവുന്ന ഒരു മേഖല മാത്രമേ അവശേഷിക്കുന്നുള്ളൂ- അത് പ്രതിരോധ മേഖലയാണ്. ആഗോള സൈനിക ചെലവിന്റെ പകുതിയോളം നമ്മുടെ സംഭാവനയാണ്. നമ്മുടെ നികുതിപ്പണത്തിന്റെ 42 ശതമാനം നേരിട്ടോ അല്ലാതെയോ പ്രതിരോധത്തിനായാണ് മാറ്റി വയ്‌ക്കപ്പെടുന്നത്. യുദ്ധേതര സൈനിക ചെലവുകൾ പോലും നാൾക്കുനാൾ വർദ്ധിക്കുകയാണ്. നിലവിലില്ലാത്ത ശത്രുക്കള്‍ക്കെതിരെ പ്രയോജനപ്രദമല്ലാത്ത ആയുധങ്ങൾക്കുവേണ്ടി ഇത്രയേറെ പണം ചെലവഴിക്കുന്നതിനാൽ പ്രതിരോധ ചെലവ് കുറച്ചുകൊണ്ടു പോലും സുരക്ഷ വർദ്ധിപ്പിക്കാൻ ധാരാളം സാദ്ധ്യതകൾ ഉണ്ട്.

നാം നമ്മുടെ ഭൌതികമായ ഉപഭോഗം നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വേദനാജനകമായ വാർത്തകൾക്കിടയിലും കടന്നുവരുന്ന നല്ല വാർത്ത. നാമിത് ശരിയായ അർത്ഥത്തിൽ തുടരുകയാണെങ്കിൽ, നമുക്ക് ആഗോളതാപനത്തെ നിയന്ത്രിച്ചു നിർത്താനായേക്കുമെന്നു മാത്രമല്ല ഉയർന്ന ജീവിത നിലവാരമെന്നതിന്റെ യഥാർത്ഥ അർത്ഥം കൂടുതൽ കൂടുതൽ ഭൌതിക വസ്‌തുക്കളുടെ ഉപഭോഗം എന്നതല്ല, മറിച്ച് കൂടുതൽ വിശ്രമവും ആഹ്ലാദവുമൊക്കെയാണെന്ന തിരിച്ചറിവിലേക്കും ഒരു പക്ഷെ നാം എത്തിച്ചേർന്നേക്കും.

പ്രകൃതിയുടേയും സമ്പദ്‌വ്യവസ്ഥയുടേയും നിയമങ്ങൾ ദയാരഹിതമാണ്. നമുക്ക് നമ്മുടെ പരിസ്ഥിതിയോട് പരുഷമായി പെരുമാറാം, പക്ഷെ അൽ‌പ്പനേരത്തേക്ക് മാത്രം. വരവിനെക്കൾ കൂടുതൽ നമുക്ക് ചെലവ് ചെയ്യാം, അൽ‌പ്പനേരത്തേക്ക് മാത്രം. പണ്ടെപ്പോഴോ നടത്തിയ നിക്ഷേപങ്ങളുടെ പേരിൽ നമുക്കാഘോഷിക്കാം, അൽ‌പ്പനേരത്തേക്ക് മാത്രം. ലോകത്തിലെ ഏറ്റവും ധനിക രാഷ്‌ട്രം പോലും പ്രകൃതിയുടേയും സമ്പദ്‌വ്യവസ്ഥയുടേയും നിയമങ്ങൾ ലംഘിക്കുമ്പോൾ അത് പ്രതിസന്ധിയിലാവുന്നതിന്റെ ദൃക്‌‌സാക്ഷികളാണ് നമ്മൾ.

*
ജോസഫ് സ്റ്റിഗ്ലിറ്റ്സ് എഴുതിയ The Seven Deadly Deficits: What the Bush Years Really Cost Us എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

1 comment:

വര്‍ക്കേഴ്സ് ഫോറം said...