Saturday, December 6, 2008

ഛേദിക്കപ്പെട്ട നാവുകള്‍ പാടിയത്

പാണന്റെ കുലമറ്റാല്‍
പാട്ടുപാടാന്‍ നാവില്ലേല്‍
നാട്ടാരെന്നും നേരറിയാന്‍
നേരറിഞ്ഞില്ലെങ്കിലെന്നീ
നാടാകെത്തുയിലുണരാന്‍

തുയിലുണര്‍ത്തുപാട്ട് കേവലമൊരു മംഗളഗീതമല്ല. നേരറിയാനും അറിയിക്കാനുമുള്ള വിളിച്ചുണര്‍ത്തലാണ്. അടിയന്തരാവസ്ഥയുടെ ഭീകരരാത്രിയില്‍ ആത്മാഭിമാനമുള്ള കവികള്‍, പാരതന്ത്ര്യം മൃതിയേക്കാന്‍ ഭയാനകം എന്നുറപ്പിച്ച മാനികള്‍, വാക്കുകളെ ഭാവികാലത്തിന്റെ വാളും പരിചയുമാക്കി.

അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ കവിതയുടെ യുവത്വം വെളിച്ചത്തിന്റെ സ്വപ്‌നമാണ് വിതച്ചത്. ജനതയുടെ കൈയും കാലും ചങ്ങലയ്‌ക്കിട്ട് നാവറുത്തുമാറ്റി ദുരധികാരം ആശ്വസിച്ചു നിന്നപ്പോള്‍ കവികള്‍ സ്വാതന്ത്ര്യത്തിന്റെ പ്രവാചകരായി. അടിയന്തരാവസ്ഥയെ പ്രകീര്‍ത്തിക്കുന്ന കവിതകളും ധാരാളമായി അക്കാലത്ത് ഉണ്ടായെങ്കിലും അമിതാധികാരത്തിന്റെ അന്ത്യനാളില്‍ത്തന്നെ മൃതിയടയുകയാണുണ്ടായത്. അക്ഷരത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച രചനകള്‍ മാത്രമേ കാലം കടന്നുള്ളൂ.

ധ്വനിപ്പിച്ചും തുറന്നടിച്ചും പരിഹസിച്ചും അക്ഷരയുദ്ധം നടത്തിയ വൈലോപ്പിള്ളി എണ്ണമറ്റ കവിതകളിലൂടെ തന്റെ മഹാകവിത്വവും കവിത്വത്തിന്റെ മഹത്വവും തെളിയിച്ചു. അടിയന്തരാവസ്ഥയുടെ കപടവെളിച്ചത്തില്‍ പലര്‍ക്കും കണ്ണുമഞ്ഞളിച്ചപ്പോള്‍ കാണേണ്ടതുകാണുകയും പറയേണ്ടതു പറയുകയും ചെയ്ത വൈലോപ്പിള്ളിയുടെ 'മാവേലി നാടുവാണീടും കാലം' (മാതൃഭൂമി ഓണപ്പതിപ്പ് 1976) പ്രത്യക്ഷവും അടിമുടിരാഷ്‌ട്രീയവുമായ കാവ്യപ്രതിരോധമായി. മഹാബലിയോട് മഹാകവി പറയുന്നു:

ഏകാധിപത്യത്തിന്റെ മേല്‍മീശ ചലിക്കവേ
മൂകാനുസരണത്തിന്‍ നുകമേന്തിയ മര്‍ത്യന്‍
വിളയിച്ചുപോല്‍ നൂറുമേനികള്‍ വയല്‍തോറും
വിരചിച്ചുപോല്‍ വ്യവസായത്തിന്‍ ചമയങ്ങള്‍
കൊള്ളായിതെന്നാല്‍ മര്‍ത്ത്യരീ മഹൈശ്വര്യത്തിങ്ക
ലുല്ലാസമിയന്നുവോ? ഭയത്തില്‍ സുഖമെങ്ങോ?
തിരുവായ്‌ക്കെതിര്‍വായ മിണ്ടുകില്‍ കേള്‍ക്കാം രാവില്‍
പുരവാതിലിലങ്ങേക്കിങ്കരന്‍ മുട്ടുംശബ്‌ദം.
യാത്ര ചൊല്ലാനും കൂടിയാകാതെയവനെത്തും
കാത്തുനിന്നീടും കഴുവിങ്കലോ തുറുങ്കിലോ

മാവേലിനാടുവാണീടും കാലം എന്ന കവിത രാജാവിനെ പ്രീതിപ്പെടുത്താന്‍ ഏതോ ആശ്രിതന്‍ കെട്ടിയുണ്ടാക്കിയ നുണയാണെന്ന് കവിയുടെ പഴയ മനസ്സിനു തോന്നുന്ന ശങ്കയാണിവ. മാവേലിക്കാലത്തെക്കുറിച്ചെന്ന മട്ടില്‍ അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ചാണ് വൈലോപ്പിള്ളി പറയുന്നത്. ഇവയ്‌ക്ക് മഹാബലി നൽ‌കുന്ന മറുപടി അന്നത്തെ സ്വേച്ഛാധിപതികള്‍ പറഞ്ഞതുതന്നെയാണ്.

..................................ദുസ്വാതന്ത്ര്യം
പെരികെ സുഖമെന്ന് നീ പരിഗണിക്കുന്നു
നിതരാം ശുദ്ധാത്മാക്കളന്ധ വിശ്വാസങ്ങളാല്‍
ഹതരായ്, സുഖാലസ്യരതരായ് മദിക്കുവോര്‍,
പാപരാരോചക വാക്കുകളോതുന്നുപ-
ജാപ മന്ത്രം കേട്ടെന്നെത്തുരത്താന്‍ തുനിഞ്ഞവര്‍,
അത്തരം പൌരന്മാരാമസുരന്മാരെ ക്രമാ-
ലുത്തമ പൌരന്മാരായുരത്ത യോദ്ധാക്കളായ്
അഗ്ര്യധര്‍മ്മത്തിന്‍ സംസ്‌ക്കാരത്തിലേയ്‌ക്കുയര്‍ത്തുവാ-
നുഗ്രശാസനനായി ഞാന്‍ ഭവിച്ചതു തെറ്റോ
കളക തടങ്ങലിന്‍ കഥയും വിമര്‍ശവും
കളകള്‍ പറിയ്‌ക്കാതെ കളഭം തഴയ്‌ക്കുമോ?

ഇതിന് എളിമയോടെ മഹാകവി നൽ‌കുന്ന മറുപടിയില്‍ അന്നത്തെ ഇന്ത്യയുടെ മൃതശാന്തതയുടെ അവസ്ഥ തുറന്നടിക്കുകയാണ്.

അങ്ങുതാന്‍ നീതിന്യായ, മങ്ങുതാന്‍ വാര്‍ത്താ കേന്ദ്ര-
*മങ്ങുതാന്‍ രാജ്യം, രാജ്യമങ്ങുതാന്‍ സമസ്‌തവും
മോളിലാകാശത്തിന്റെ തോളില്‍ ഞാന്നിടും 1ചെണ്ട
മേലവിടുത്തെപ്പുണ്യകേളി മാറ്റൊലിക്കൊള്‍വൂ,
ഉന്നതപ്രസാദത്തിനൂണുകിട്ടുവാനേവം
ഉണ്‍മയെയത്യുക്തിയാലൂതി വീര്‍പ്പിപ്പോരിവര്‍
കോഴ വാങ്ങുവോര്‍, മായം വില്‍ക്കുവോര്‍, സ്ഥാനം കിട്ടാന്‍
കേഴുവോ, രീമട്ടേറെ കൂട്ടരുണ്ടിവര്‍ക്കൊപ്പം
പ്രാഭവം ദുഷിപ്പിപ്പൂനരനെ, നിശ്ശേഷമാം
പ്രാഭവം ദുഷിപ്പിപ്പൂ നിശ്ശേഷമെന്നുണ്ടല്ലോ
അനുകൂലമല്ലാത്ത വാക്കിനെ ഞെരുക്കുവാ-
നധികാരത്തിന്‍ കൈകളായിരം ചലിക്കവേ...............

കാവ്യപ്രതീകങ്ങള്‍ കേവലമായ സാഹിത്യസങ്കേതം എന്നതിനുപുറത്തേയ്‌ക്ക് കടന്ന് ശക്തമായ രാഷ്‌ട്രീയ പ്രയോഗമായി മാറുകയാണ് അടിയന്തരാവസ്ഥയിലെ കവിതകളില്‍. വൈലോപ്പിള്ളിയുടേയും അയ്യപ്പപ്പണിക്കരുടേയുമൊക്കെ കാര്‍ട്ടൂണ്‍ കവിതകള്‍ അവയുടെ ധ്വനി സുക്‌ഷ്‌മതകൊണ്ട് പ്രഹരശേഷിയുള്ളവയായി.

പൂജ്യങ്ങള്‍ കൊണ്ടൊരു പൂന്തോപ്പു വാര്‍ത്തതില്‍
പൂജ്യം കൊരുത്തൊരു പുല്‍ക്കുടില്‍ നെയ്‌തതില്‍
പൂജ്യത്തരുണിയെ പൂജിച്ചുവെച്ചൊരു
പൂജ്യമായ് ഞാനും കഴിഞ്ഞു

(അയ്യപ്പപ്പണിക്കര്‍ പൂജ്യം വിവേകോദയം 1976 ഫെബ്രുവരി)

1977 ജനുവരിയില്‍ വൈലോപ്പിള്ളി ദേശാഭിമാനി വാരികയില്‍ എഴുതിയ കാര്‍ട്ടൂണ്‍ കവിതകള്‍ പരിഹാസവും രാഷ്‌ട്രീയധ്വനിയും കൊണ്ട് ഉയര്‍ന്നു നിൽ‌ക്കുന്നു.

പശുവും കിടാവും, ഹാ, പണ്ടേതാന്‍ നമുക്കിഷ്‌ടം
പശുകുത്തുന്നൂ പക്ഷേ പാലീമ്പും പൈക്കുട്ടനോ
ഒരു വര്‍ഷത്തിന്നുള്ളിലോരാതെ വളര്‍ന്നുകാല്‍
ചുരമാന്തി നേര്‍ക്കുന്നു ചുവപ്പുകാണും ദിക്കില്‍. (പശുവും കിടാവും)

അടിയന്തരാവസ്ഥ അച്ചടക്കത്തിന്റെ കാലം. അച്ചടക്കം കൂടിക്കൂടി ബ്രിട്ടീഷുകാര്‍ ഭരിച്ചകാലം പോലെയായി. ഇന്ത്യ വീണ്ടും പാരതന്ത്ര്യത്തിലമര്‍ന്നു എന്ന് വെളിപ്പെടുത്തുകയാണ്.

പൊന്തുന്നൂയാത്രക്കാര്‍ തന്‍ പൊതുസല്ലാപം ബസ്സില്‍
'എന്തെന്തു മഹാശാന്തി,യിപ്പൊഴുതെല്ലാടവും!'
ചൊല്ലിനാനൊരു വാധ്യാര്‍, "ചോദിപ്പാനാളുണ്ടിപ്പോള്‍
ഇല്ലഘെരാവോ ബന്ദും പഠിപ്പുമുടക്കവും
കേടകന്നതാം വാര്‍ത്ത മാത്രമായ് പത്രങ്ങളില്‍
കോടതികളില്‍ത്തീരെക്കുറവായ് വ്യവഹാരം''
ഉരച്ചാനൊരു കൊച്ചുഗുമസ്‌തന്‍ "സമയത്തു
ശരിക്കുവന്നെത്തുന്നു സ്‌റ്റേഷനില്‍ തീവണ്ടികള്‍''
ഓതിനാന്‍ പുരോഹിതന്‍ " ആത്മീയം വര്‍ധിക്കുന്നു
പാതിയും നോക്കൂ ബസ്സില്‍ തീര്‍ഥയാത്രികരല്ലേ''
വിലപിക്കുകയാണര്‍ദ്ധനഗ്ധനാം കൃഷീവലന്‍
വിലതാണുപോയ് നെല്ലിനെന്നതേ മഹാകഷ്‌ടം
ഇടക്കു സന്തോഷിപ്പൂ വ്യാപാരിയൊരാള്‍ കള്ള
ക്കടത്തുനിന്നൂ കരിഞ്ചന്തയു മതേനേട്ടം''
കുഴപ്പക്കാരെക്കൊത്തിക്കൊണ്ടു പോകുവാന്‍ കണ്ണു
മിഴിച്ചു ചെവിപാര്‍ത്തു കാവല്‍ ചുറ്റുന്നു നീതി
തൃപ്‌തിതേടുന്നു പെന്‍ഷന്‍ താസീല്‍ദാര്‍,''

എല്ലാമിപ്പോള്‍ ഭദ്രമാണ് ബ്രിട്ടീഷുകാര്‍ വാണകാലത്തെപ്പോലെ. പിന്നെ എന്തിനാണ് ബ്രിട്ടീഷുകാരെ നാം പുറത്താക്കിയത് എന്ന ചോദിക്കേണ്ട ചോദ്യം തന്നെയാണ് അച്ചടക്കത്തിന്റെ കാലത്ത് ഒട്ടും അച്ചടക്കമില്ലാതെ മഹാകവി ചോദിക്കുന്നത്.

അടിയന്തരാവസ്ഥയില്‍ മലയാളത്തിന്റെ ഏറ്റവും ധീരമായ മുഴക്കങ്ങളിലൊന്ന് എം കൃഷ്‌ണന്‍കുട്ടിയാണ്. സ്‌കൂള്‍ അധ്യാപകനായിരുന്ന ഈ യുവാവ് വളയാത്ത നട്ടെല്ലുമായി അഭിമാനഭരിതവും ഉജ്വലവുമായ കവിതകൊണ്ട് ഭരണകൂടത്തെ വെല്ലുവിളിച്ചു. ഒരു യഥാര്‍ഥവിപ്ലവകവിയെ നാം കൃഷ്‌ണന്‍കുട്ടിയില്‍ കണ്ടു. കര്‍ഷകത്തൊഴിലാളി മാസികയില്‍ 1976 ജനുവരിയില്‍ പ്രസിദ്ധപ്പെടുത്തിയ 'ആത്മഗാഥ' സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. കൃഷ്‌ണന്‍കുട്ടി അറസ്‌റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥ കഴിഞ്ഞിട്ടും ഏറെ നാള്‍ ജയിലില്‍ കഴിയേണ്ടിവന്നു കവിയ്‌ക്ക്.

കവിതയുടെ അഭിജാതമായ അലങ്കാരങ്ങളെ കടപുഴക്കിയെറിഞ്ഞുകൊണ്ടുള്ള രോഷത്തിന്റെ മഹാപ്രവാഹമാണ് ആത്മഗാഥ ഉള്‍പ്പെടെയുള്ള കൃഷ്‌ണന്‍കുട്ടിയുടെ കവിതകള്‍. തഞ്ചം നോക്കി നിശ്ശബ്‌ദരാവുകയും നിര്‍വികാരരാവുകയും കീര്‍ത്തനങ്ങള്‍ കെട്ടുകയും പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കുകയും ചെയ്‌ത വരേണ്യകവികളുടെ നാണംകെട്ട ജീവിതത്തിനു പ്രായശ്ചിത്തം ചെയ്‌തത് കൃഷ്ണന്‍കുട്ടിയുടെ സമരോത്സുകമായ കാവ്യയൌവനമാണ്.

വഴിയിലീ ഞങ്ങളെ വിട്ടിട്ടു ശത്രുവിന്‍
ചെളികാലു നക്കുവാന്‍ പോയവരേ
ഒരുമിച്ചു തോളൊത്തു മുന്നോട്ടു പോകുമ്പോള്‍
സഹജര്‍തന്‍ കുതികാലു വെട്ടിയോരേ
കിലുകിലെക്കിലുകിലെ നിങ്ങള്‍ കിലുക്കുന്ന
പ്രതിഫല നാണയത്തുട്ടുകളില്‍
ചിതറുന്നതാരുടെ ചോരയെന്നോര്‍ക്കാതെ
ലഹരിയില്‍ മൂടുമറന്നവരേ
കരുതിക്കോ നിങ്ങള്‍ക്കുമര്‍ഹതപ്പെട്ടതു
കടമാക്കിവെക്കാതെ തന്നുതീര്‍ക്കാന്‍
വിധിരേഖയെഴുതിപ്പതിച്ചിരിപ്പു കാറ്റില്‍
തെരുവിലിരമ്പും പെരുമ്പടകള്‍
എവിടെപ്പോയ് നമ്മുടെ മഹനീയ മുനിനാട്ടില്‍
മണികൊട്ടിപ്പാടുന്ന ഗായകന്മാര്‍
എവിടെപ്പോയവരുടെ ആര്‍ഷസങ്കീര്‍ത്തനം
കവിയുടെ നാവില്‍ മസൂരി വന്നോ,'

ആ കെട്ടകാലത്തിന്റെ ഉലയില്‍ വീണു വെന്തതുകൊണ്ടാണ് ഈ വാക്കുകള്‍ക്ക് ഇത്ര പഴുപ്പും പകയും. ഒട്ടും മയമില്ലാതെ കൃഷ്ണന്‍കുട്ടി പ്രവചിച്ചു.

അധികാരിവര്‍ഗ്ഗമേ, നീ ചരിത്രത്തിന്റെ
ഇതളുകളൊന്നു മറിച്ചുനോക്കൂ
അതിരറ്റ മര്‍ദ്ദകാഹന്തകള്‍ ചാമ്പലായ്
പുകയുന്ന ചിതകള്‍ ചികഞ്ഞു നോക്കൂ
അതുകാണ്‍കിലെങ്കിലും നിന്റെ നെറികെട്ട
കുടിലതന്ത്രങ്ങള്‍ നിറുത്തിയെങ്കില്‍!
ലഹരി പിടിച്ചു സമനില തെറ്റിയ
തലയില്‍ കൊടുങ്കാറ്റടങ്ങിയെങ്കില്‍
അടിമുടിയായുധം ചാര്‍ത്തിയാലും നിന
ക്കൊരുനാളുമില്ല വിജയപീഠം
വെടിയുണ്ടകള്‍ക്കീ വിമോചനപ്പട്ടാള
നിരകള്‍ പിളര്‍ക്കുവാനാവുകില്ല
കരിനിയമങ്ങളാല്‍ കാടിന്റെ നീതിയാല്‍
കുടില മാര്‍ഗങ്ങളാല്‍ കുത്സിതത്താല്‍
ഭരണാധികാരമേ മോഹിച്ചിടേണ്ട നീ
ഭയവീതര്‍ ഞങ്ങളെയടിപണിക്കാന്‍
ഇടിമുഴക്കീടുന്ന ചക്രവാളത്തില്‍ നി-
ന്നൊരു വെള്ളിടിവാള്‍ പിറന്നുവീഴും
മദമുരു പൊട്ടിയ നിന്റെ തലക്കുമേല്‍
അതുവന്നു വീണു പിളര്‍ത്തുപായും

ഈ വാക്കുകള്‍ക്ക് സ്വന്തം യൌവനവും സ്വാതന്ത്ര്യവും പകരം കൊടുക്കേണ്ടി വന്നു കൃഷ്‌ണന്‍കുട്ടിയ്‌ക്ക്. കവിയായതിനാല്‍ ജയിലില്‍ പോയവനാണ് കൃഷ്‌ണന്‍കുട്ടിയെങ്കില്‍ ജയിലില്‍ കിടന്നതിനാല്‍ കവികളായിത്തീര്‍ന്നവരുമുണ്ട് അക്കാലത്ത്. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍ കവിതയില്‍ എത്തിപ്പെട്ടവരാണവര്‍. തുണ്ടുകടലാസുകള്‍ പോലും നിഷേധിക്കപ്പെട്ട തടവറയില്‍ ബാഹ്യവിനിമയങ്ങള്‍ എല്ലാം വിലക്കപ്പെട്ട കാലത്ത് ഒഴിഞ്ഞ സിഗരറ്റ് കൂടുകളിലും മറ്റും എഴുതിവെച്ച വാക്കുകള്‍ കവിതകളായിത്തീര്‍ന്നു. സിവിക് ചന്ദ്രനും ഉദയഭാനുവുമൊക്കെ ഇങ്ങനെ കവിതയില്‍ എത്തിപ്പെട്ടവരാണ്.

സ്കൂള്‍ കുട്ടികള്‍ പാടുന്നു: നമ്മുടെ റിപ്പബ്ലിക്
തെരുവുപുരുഷാരം പാടുന്നു: നമ്മുടെ റിപ്പബ്ലിക്
പ്രക്ഷേപണനിലയങ്ങള്‍ പാടുന്നു നമ്മുട റിപ്പബ്ലിക്
വൃത്താന്തപത്രങ്ങള്‍ പാടുന്നു; നമ്മുടെ റിപ്പബ്ലിക്
ഇതാ നമ്മുടെ കണ്‍മുന്നില്‍ നിന്നീ ഉദ്യോഗസ്ഥ ദുഷ്പ്രഭുവും പാടുന്നു
റിപ്പബ്ലിക് ഹിപ്പ് ഹുറേയ്!
അല്ലല്ല തോഴരേ ഇത് നമ്മുടെ റിപ്പബ്ലിക് അല്ല
അല്ലേ അല്ല ഇത് നമ്മുടെ റിപ്പബ്ലിക് അല്ല
(സിവിക് ചന്ദ്രന്‍ റിപ്പബ്ലിക്)

ഇവന്റെ ദുഃഖം
സ്വന്തം കാലത്തിന്റെ പീഡാനുഭവമാണ്
അത് തണുത്തുറയുന്നില്ല
എരിഞ്ഞുകത്തുകയാണ്
അടുത്ത അറയിലെ കൂട്ടുകാരന്റെ
മൂക്കില്‍ നിന്നൊഴുകുന്ന ചോരയായും
അയാളുടെ നെഞ്ചിലേറ്റ കനത്ത പ്രഹരങ്ങളായും
അത് കവിയെ അസ്വസ്ഥനാക്കുന്നു
ആത്മാലാപം ഒരു പോംവഴിയല്ലെന്നും
കവി ചാരനല്ലെന്നും മനസ്സിലാക്കുന്ന ഇവന്‍
ചുട്ടുമിന്നുന്ന ഇടവഴികളിലാണ് കണ്ണുനട്ടിരിക്കുന്നത്
ഇവന്റെ സ്വപ്‌നങ്ങള്‍ അവിടെയാണല്ലോ പൂവിടുന്നത്
(പി ഉദയഭാനു കവി)

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയില്‍ അക്കാലത്തിന്റെ അരക്ഷിതാവസ്ഥയും വേദനയും നിറഞ്ഞു നിൽ‌പ്പുണ്ട്. ബാലന്റെ കാവ്യവ്യക്തിത്വത്തിന്റെ രൂപീകരണത്തിന്റെ കാലമെന്നും പറയാം. 1976 ജൂണ്‍ 27 ലെ ദേശാഭിമാനി വാരികയില്‍ എഴുതിയ 'ഒട്ടകപ്പക്ഷി' ബാലന്റെ അടിയന്തരാവസ്ഥാപ്രതികരണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. കുങ്കുമം വാരികയിലെ 'ജ്വരഗീതങ്ങള്‍' ശ്രദ്ധേയമായ മറ്റൊരു കവിതയാണ് 'യാത്രാമൊഴി' എഴുതപ്പെട്ടത് അടിയന്തരാവസ്ഥയിലാണ്. വീടുവിട്ടുപോവേണ്ടിവന്ന യുവത്വത്തിന്റെ വിഹ്വലതയും വേദനയും നിറഞ്ഞു നിൽ‌ക്കുന്ന രചനയാണല്ലോ അത്.

1973 ല്‍ പ്രേരണയില്‍ പ്രസിദ്ധപ്പെടുത്തിയ 'വാര്‍ഷികം'എന്ന കവിതയിലൂടെ അടിയന്തരാവസ്ഥയുടെ വരവ് പ്രവചിച്ച കവിയാണ് ഡി വിനയചന്ദ്രന്‍. ഡയറി 76, മുറിവ്, ഹെഡ്‌മാസ്‌റ്റര്‍, തിരിച്ചുവരാത്തവര്‍, നഗരവൃത്തം ഒന്ന്, നഗരവൃത്തംരണ്ട് തുടങ്ങിയ അനേകം കവിതകളിലൂടെ അടിയന്തരാവസ്ഥയെ ചെറുത്ത വിനയചന്ദ്രന്‍ ദേശാഭിമാനിവാരികയില്‍ 'കിലോമീറ്റര്‍ 20' എന്നൊരു നാടകവും എഴുതിയിട്ടുണ്ട്.

കവിതകള്‍ നേരിട്ട് എഴുതുന്നതിനുപകരം പരിഭാഷകളിലൂടെ അര്‍ത്ഥവത്തായി പ്രതികരിക്കാനും നമ്മുടെ കവികള്‍ക്ക് കഴിഞ്ഞു. ബര്‍തോള്‍ഡ് ബ്രെഹ്ത്തിന്റെ കവിതകളും നാടകങ്ങളും ലാറ്റിനമേരിക്കന്‍ കവിതകളുമൊക്കെ പരിഭാഷപ്പെടുത്തിക്കൊണ്ട് ഡി വിനയചന്ദ്രനും സച്ചിദാനന്ദനും ഒക്കെ തങ്ങളുടെ കാവ്യജീവിതത്തെ സാര്‍ത്ഥമായി പൂരിപ്പിച്ചു. പരിഭാഷ എന്നത് ശക്തമായ ഒരു രാഷ്‌ട്രീയപ്രയോഗമായി മാറിയത് ഇക്കാലത്താണ്. (ഗാന്ധിയുടേയും ഭഗത്‌സിംഗിന്റെയും നെഹ്റുവിന്റെ പോലും രചനകളുടെ പുനഃ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കപ്പെട്ട കാലമായിരുന്നു അതെന്നത് ഇന്ന് അവിശ്വസനീയമായ ഫലിതമായിത്തോന്നാം.)

കടമ്മനിട്ടയുടെ കവിത രാഷ്‌ട്രീയമായ ശക്തിസ്വരൂപങ്ങള്‍ പ്രകടിപ്പിച്ച കാലമാണിത്. അലക്ക് (1975), പൂവുതേടിപ്പോയ കുട്ടികളുടെകഥ (1975), കുട്ടികള്‍ക്കൊരു കഥ (1975), ഉയിര്‍ത്തെഴുന്നേൽ‌പ്പ്(1976), ഐകമത്യം (1976), തേങ്ങ (1976) മുഖപ്രസംഗം (1976) തുടങ്ങിയ കവിതകളെല്ലാം തന്നെ രാഷ്‌ട്രീയധ്വനികള്‍ ഉള്ളവയാണ്. പ്രശസ്‌തമായ 'ശാന്ത' എഴുതിയതും 1976 ലാണ്.

അതുകൊണ്ട് നമുക്ക് വര്‍ത്തമാനം പറയാന്‍ ശ്രമിക്കാം
മൌനത്തിന്റെ കരിന്തോടു പൊട്ടിച്ചു പുറത്തിറക്കാം
നിര്‍വ്വികാരതയെ നിഷേധിക്കാം
ഹാ നാം ഇവിടെ ഈ കരിമ്പനച്ചുവട്ടില്‍
കാല്‍ച്ചങ്ങലയില്‍ തളഞ്ഞുകിടക്കുകയാണല്ലോ
നാം കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതുമെല്ലാം
ഈ ചങ്ങലക്കണ്ണികള്‍ക്കിടയിലൂടെയാണല്ലോ
എന്റെ പെണ്ണേ ഞാന്‍ നിന്നെ കാണുന്നതുപോലും
ഈ കണ്ണികളിലൂടെയാണല്ലോ
ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ കാല്‍ച്ചങ്ങല
നമുക്ക് പൊട്ടിക്കാം
(കടമ്മനിട്ട ശാന്ത 1976)

ആ കാലത്തിന്റെ ഭയാനകമായ നിശ്ശബ്‌ദതയും തോല്‍വിയിലേക്ക് മുതലക്കൂപ്പു കുത്തുന്ന ഏകാകിതയുമൊക്കെ സ്‌നേഹസുരഭിലമായ ദാമ്പത്യത്തിന്റെ പശ്ചാത്തലത്തില്‍ കടമ്മനിട്ട ആവിഷ്‌ക്കരിക്കുന്നുണ്ട്.

കേള്‍ക്കരുതു ചെവിയോര്‍ക്കരു
തിമചിമ്മരുതുരിയാടരു
തൊരുവാക്കും
അറുകൊലച്ചിരിചിരിച്ചാ
രരുതെന്നു വിലക്കുന്നു
കുറുമൊഴിച്ചിരിചിരിച്ചാ
രരുതെന്നു വിലക്കുന്നു

വിലക്കുകള്‍ വിലങ്ങിട്ട അടിമത്തത്തിന്റെ കാലത്തെയാണ് 'കര്‍ത്താവില്ലാത്ത കവിത'യില്‍ പഴവിള രമേശന്‍ വെളിപ്പെടുത്തുന്നത്. ആ തലക്കെട്ടിലുമുണ്ട് നിശ്ശബ്‌ദരാക്കപ്പെട്ട ജനതയുടെ നിശ്വാസം. 'അച്ചടക്കമുള്ള നുണക്കവിതകള്‍' എന്ന് സി പി അബൂബക്കര്‍ പേരിടുന്നതിലുമുണ്ട് ഒരു കുതറല്‍. (ദേശാഭിമാനി വാരിക 1975 ജൂലായ്)

ഇന്നലെ വരെ സ്വസ്ഥമായിരുന്ന എന്റെ ഗ്രാമത്തിന്റെ
വൈദ്യുതിയില്ലാത്ത ഇടവഴിയിലൂടെ
ഇന്നലെ രാത്രി ഞാന്‍ നടന്നു പോകുമ്പോള്‍
ധൃതിവെച്ചടിവെച്ചിരുന്ന എന്റെ കാലുകള്‍
പരിചിതമല്ലാത്ത ഏതോ വസ്‌തുവില്‍ പരിചയപ്പെട്ടു
മുറിഞ്ഞു കിടന്നു പിടയുന്ന ഒരു കാല്‍.
അൽ‌പ്പനിമിഷം മുമ്പുവരെ
എന്റെ കാലിനെപ്പോലെതന്നെ
ഇരുട്ടിലൂടെ നടക്കാന്‍ അര്‍ഹതയുണ്ടായിരുന്ന
എന്റെ കാലിന്റെ സഹയാത്രികനാവാനവകാശമുള്ള
ഒരു കാലായിരുന്നു അത്
യൌവനമുള്ള ഒരു കാല്‍
(കുഞ്ഞപ്പപട്ടാനൂര്‍ എന്റെ ഗ്രാമം ഗ്രാമങ്ങള്‍ ദേശാഭിമാനി ഓണപ്പതിപ്പ് 1976)

വിഹ്വലമാക്കപ്പെട്ട ഗ്രാമങ്ങള്‍.
അജ്ഞാതകേന്ദ്രങ്ങളില്‍വെച്ച്
കൊല്ലപ്പെടുന്ന യൌവനങ്ങള്‍.
ഇവിടെ ചരിത്രം
അനുഗ്രഹം ചൊരിയുന്ന ഒരു ദേവതയായി
ഒരിക്കലും ഇറങ്ങിവരില്ല
ഇവിടെ ചരിത്രം
ആയുധം ധരിച്ച ഒരു യോദ്ധാവായേ
കടന്നുവരൂ ...

എന്ന് പട്ടാനൂരിന്റെ കവിത ആയുധമണിയുന്നുണ്ട്.

അടിയന്തരാവസ്ഥയില്‍ എത്രയോ കവിതകള്‍ നിരോധിക്കപ്പെട്ടു. പോലീസുകാരാണ് കവിതകള്‍ വെട്ടിച്ചുരുക്കുകയോ വെട്ടിമാറ്റുകയോ ചെയ്‌തത്. 1976 ലെ ദേശാഭിമാനി റിപ്പബ്ലിക് പതിപ്പില്‍ സച്ചിദാനന്ദന്‍, കെ വി രാമകൃഷ്ണന്‍, എസ് രമേശന്‍, മുല്ലനേഴി തുടങ്ങിയവരുടെ കവിതകള്‍ നിരോധിക്കപ്പെട്ടു. അടിയന്തരാവസ്ഥക്കുശേഷമാണ് ഈ നിരോധിത കവിതകള്‍ പ്രയോഗിക്കപ്പെട്ടത്.

നാടോടി വാങ് മയത്തിന്റെ മനോഹാരിതയുള്ള മുല്ലനേഴി കവിതകള്‍ ആഴമുള്ള രാഷ്‌ട്രീയത്താല്‍ ശക്തമായി. നാണക്കേട് (ദേശാഭിമാനി), കരിങ്കല്‍ച്ചീളുകള്‍ (ചിന്ത) സമയം (വിവേകോദയം), എന്നും ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി (കലാകൌമുദി) എന്നിവ മുല്ലനേഴിയുടെ പ്രധാനപ്പെട്ട രാഷ്‌ട്രീയ കവിതകളാണ്. എന്നും ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഇന്നും പ്രസക്തമായ രാഷ്‌ട്രീയ കവിതയാണ്.

ഏഴാച്ചേരി, പുനലൂര്‍ ബാലന്‍. ഹിരണ്യന്‍, വിഷ്‌ണുനാരായണന്‍ നമ്പൂതിരി, ദേശമംഗലം രാമകൃഷ്ണന്‍, പി നാരായണക്കുറുപ്പ് തുടങ്ങിയ എത്രയോ കവികള്‍ അടിയന്തരാവസ്ഥയെ ചെറുത്തുനിന്നു. മൃത്യുപാസനയിലും അസ്‌തിത്വദുഃഖത്തിലുമൊക്കെ ഇഴഞ്ഞുനീങ്ങിയ നമ്മുടെ കവിത രാഷ്‌ട്രീയമായ പോര്‍ വീര്യത്തോടെ എഴുന്നേറ്റു നിന്നത് അടിയന്തരാവസ്ഥയിലാണ്. നമ്മുടെ കവിതയെ രാഷ്‌ട്രീയമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ആ കാലം ചെറുതല്ലാത്ത പങ്കുവഹിച്ചു. നമ്മുടെ കാലത്തിന്റെ മഹാപ്രതിഭകളില്‍ മുമ്പനായ സച്ചിദാനന്ദന്റെ അനേകം കവിതകള്‍ ഉള്‍ക്കരുത്തോടെ രൂപപ്പെട്ടുവന്നത് ഇക്കാലത്താണ്. സച്ചിയുടെ നാവുമരത്തില്‍ നിന്നാണ് ഈ കുറിപ്പ് തുടങ്ങിയത്.

നാട്ടമ്മ നല്ലതേവി
കോട്ടയില്‍ നിന്നരുള്‍ ചെയ്തു
തട്ടകത്തെ നാവെല്ലാം
കെട്ടിയിട്ടു കുരുതി ചെയ്യാന്‍
കുരുകാര്‍നോര്‍ നാവരിഞ്ഞു.
മരുമകന്റേം നാവരിഞ്ഞു.
മാറ്റാന്റെ നാവരിഞ്ഞു.
വര്‍ത്തമാനം വിളിച്ചുകൂവും ചെക്കന്റേം നാവരിഞ്ഞു.
ചുവരിലെല്ലാം കരിവരക്കും കരുമാടീ നാവരിഞ്ഞു.
പുലയന്റെ നാവരിഞ്ഞു. പണിയന്റെ നാവരിഞ്ഞു.
വായില്ലാ കുന്നിലപ്പന്‍ കാവില്‍ നിന്നു കുളിരുകൊണ്ടു.
അപ്പോള്‍ നാവൊരെണ്ണം തുടിമുഴക്കി
തിരുവരങ്കന്‍ നാവുന്നാര്
ഉലകത്തേയിരുളില്‍ നിന്ന്
തുയിലുണര്‍ത്തിയെന്റെ വാക്ക്
വായില്ലാക്കുന്നിലപ്പന്‍ വാപൊളിക്കാന്‍ വയ്യാതെ
മോളിലേക്കുനോക്കി നില്ക്കെ
മരത്തിന്റെ കടയറുക്കാന്‍ നല്ലതേവി വാളെടുത്തു.
അറുത്തിടത്തു ചോരവന്നു
ആയിരം നാവിലവിരിഞ്ഞു
മറചെയ്‌ത നേരെല്ലാം
ഇലതോറും മിന്നി നിന്നു
നാവുമരം പന്തലിച്ചു
പൂവിരിഞ്ഞ നാട്ടിനപ്പോള്‍
മാലോകര്‍ പേര്‍ വിളിച്ചു
നാവായ തിരുനാവായ

അറുത്ത നാവുകള്‍ വീണിടത്തുനിന്ന് ശബ്‌ദിച്ചുകൊണ്ടറിയുന്നു. കവിത നാവുമരമാണ്. അറുക്കാന്‍ നീളുന്നകൈകള്‍ കാലത്താല്‍ ഛേദിക്കപ്പെടുകയേ ഉള്ളൂ. എല്ലാ വിലക്കുകളെയും അതിലംഘിച്ചുകൊണ്ട് കവിത മുഴങ്ങിക്കൊണ്ടിരിക്കും. കവിതയെ കവിതയാക്കുന്നത് ഈ അതിജീവനമാണ്. കവിതയെ കവിതയാക്കുന്നത് ഈ ധീരതയാണ്.

*
രാവുണ്ണി
കടപ്പാട് യുവധാര

അധിക വായനയ്ക്ക്

അമര്‍ഷത്തിന്റെ കാവ്യകാലം
ഒരു വാള്‍ തരിക, ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ കവിതയുടെ യുവത്വം വെളിച്ചത്തിന്റെ സ്വപ്‌നമാണ് വിതച്ചത്. ജനതയുടെ കൈയും കാലും ചങ്ങലയ്‌ക്കിട്ട് നാവറുത്തുമാറ്റി ദുരധികാരം ആശ്വസിച്ചു നിന്നപ്പോള്‍ കവികള്‍ സ്വാതന്ത്ര്യത്തിന്റെ പ്രവാചകരായി. അടിയന്തരാവസ്ഥയെ പ്രകീര്‍ത്തിക്കുന്ന കവിതകളും ധാരാളമായി അക്കാലത്ത് ഉണ്ടായെങ്കിലും അമിതാധികാരത്തിന്റെ അന്ത്യനാളില്‍ത്തന്നെ മൃതിയടയുകയാണുണ്ടായത്. അക്ഷരത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച രചനകള്‍ മാത്രമേ കാലം കടന്നുള്ളൂ.

രാവുണ്ണി എഴുതിയ ലേഖനം.

വികടശിരോമണി said...
This comment has been removed by the author.
വികടശിരോമണി said...

ശരിതന്നെ,അന്നത്തെ കവിതയിൽ പ്രതീക്ഷയുടെ വെളിച്ചമുണ്ടായിരുന്നു.‘ഇടിത്തീ വെടിക്കും വാക്ക്‘ എന്ന് ഗോവിന്ദൻ പറഞ്ഞത് വെറുംവാക്കായിരുന്നില്ല.കവിത പിന്നീട് യാത്രചെയ്തത് എങ്ങോട്ടാണ്? “ജീവിതം നിറച്ചൊരീ കൂടുകൾ നാളേക്കില്ല” എന്ന രാമചന്ദ്രൻ പറഞ്ഞ ഈ നിസ്സംഗാവസ്ഥയിലേക്ക് എങ്ങനെയാണ് നാം വീണു പോയത്?നമുക്കു നേരിടാനുള്ള യുദ്ധങ്ങൾ തീർന്നുപോയോ?

Anonymous said...

ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന കവികളെ കിട്ടും എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ? :)