Wednesday, June 30, 2010

ഇഎംഎസ് പറഞ്ഞു, ഞാന്‍ മന്ത്രിയായി, ന്യായാധിപനായി

വി ആര്‍ കൃഷ്ണയ്യരുമായി എന്‍ എസ് സജിത് നടത്തിയ അഭിമുഖം.

തൊണ്ണൂറാം വയസ്സിലും കണ്ണും മനസ്സും തുറന്നുപിടിക്കുക. ചുറ്റും നടക്കുന്ന കാര്യങ്ങളെ ജാഗ്രതയോടെ വിലയിരുത്തുക. മൂര്‍ച്ചയോടെ പ്രതികരിക്കുക. കേരളത്തില്‍ ഇങ്ങനെയൊരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്-വി ആര്‍ കൃഷ്ണയ്യര്‍.

ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അതികായന്‍. ജീവിക്കാന്‍വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരത്തെ നേരിടാന്‍ പൊലീസിനെ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച ഇ എം എസ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി. സംസ്ഥാനഭരണം എങ്ങനെ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കാമെന്ന് അരനൂറ്റാണ്ടുമുമ്പ് ലോകത്തിന് കാട്ടിക്കൊടുത്ത മന്ത്രിസഭയിലെ പ്രമുഖന്‍. കുടിയൊഴിപ്പിക്കല്‍ നിരോധിക്കുകയും കേരളീയന് തന്റേതായ ഒരിടം ഉണ്ടാക്കിക്കൊടുക്കുകയും സ്വകാര്യമാനേജര്‍മാരുടെ തേരോട്ടം നടന്ന വിദ്യാഭ്യാസമേഖല ഉടച്ചുവാര്‍ക്കുകയുംചെയ്ത ഇ എം എസ് മന്ത്രിസഭയുടെ നിയമനിര്‍മാണങ്ങള്‍ക്കുമേല്‍ മായാത്ത കൈയൊപ്പ് ചാര്‍ത്തിയ നിയമമന്ത്രി. ഇന്ത്യന്‍ ജുഡിഷ്യറിക്ക് മനുഷ്യമുഖമുണ്ടെന്ന് കാണിച്ചുകൊടുത്ത നീതിപതി.

എഴുതിയത് എണ്‍പതിലേറെ പുസ്തകങ്ങള്‍. ഏറെയും നീതിയെയും നിയമത്തെയും സംബന്ധിച്ച്. ക്യൂബയെക്കുറിച്ചും ഒരു ഗ്രന്ഥമുണ്ട്, ക്യൂബന്‍ പാനോരമ. അഞ്ച് ജീവചരിത്രകൃതികളാണ് കൃഷ്ണയ്യരെക്കുറിച്ച് ഇറങ്ങിയിട്ടുള്ളത്. രവി കുറ്റിക്കാട് എഴുതി തൊണ്ണൂറുകളുടെ ആദ്യം ദേശാഭിമാനി വാരിക ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ജനഹൃദയങ്ങളിലെ ന്യായാധിപന്‍ അതിലൊന്ന്. മലയാളത്തിലിറങ്ങിയ ഏക ജീവചരിത്രവും ഇതുതന്നെ. കൃഷ്ണയ്യരുടെ വിധികളെ അധികരിച്ച് തയ്യാറാക്കിയ പിഎച്ച്ഡി പ്രബന്ധങ്ങള്‍ നിരവധി. നിയമപഠനത്തിന്റെ പാഠ്യക്രമത്തില്‍ ആവര്‍ത്തിച്ചുവരുന്നു അമ്പരപ്പിക്കുന്ന ഭാഷാസൌന്ദര്യമുള്ള അദ്ദേഹത്തിന്റെ ജഡ്ജ്മെന്റുകള്‍. പരന്ന വായനയുടെ ഫലമാണ് ഈ ഭാഷാജ്ഞാനം. ഓരോ ജഡ്ജ്മെന്റും ഫിക്ഷന്‍ പോലെയാവുന്നതും അതുകൊണ്ടുതന്നെ.

ബര്‍ണാഡ് ഷായെ ആരാധിക്കുന്ന താന്‍ ഇപ്പോഴും ഫേബിയന്‍ സോഷ്യലിസ്റ്റാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് അദ്ദേഹം. അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഭൂതദയ ഇപ്പോഴും കാക്കുന്നു. അതിവേഗത്തില്‍ കാറോടിക്കുന്നതില്‍ ഏറെ കമ്പമുണ്ടായിരുന്ന അദ്ദേഹം ദിനചര്യയുടെ ഒരു ഭാഗം ഇപ്പോഴും സംഗീതത്തിന് നീക്കിവെയ്ക്കുന്നു. ഒരിക്കല്‍ യേശുദാസ് യേശുദാസ് ആവുന്നതിന് മുമ്പ് ഗാനമേളയില്‍ പാടുമ്പോള്‍ വിളിച്ചു വരുത്തി വീട്ടില്‍ വച്ച് പാട്ടുപാടിപ്പിച്ചിട്ടുണ്ട് കൃഷ്ണയ്യര്‍.

കൊച്ചി നഗരത്തിന്റെ തിരക്കിലൂടെ ഇപ്പോഴും വേദികളില്‍ നിന്ന് വേദികളിലേക്ക് നീങ്ങാന്‍ അദ്ദേഹത്തിന് മടിയൊന്നുമില്ല. വീട്ടില്‍ വരുന്ന മന്ത്രിമാര്‍ തൊട്ട് സാധാരണക്കാര്‍ വരെയുള്ളവരോട് ഒരുപോലെ പെരുമാറാനും അദ്ദേഹത്തിന് കഴിയുന്നു, അനാരോഗ്യം വലയ്ക്കുന്നുണ്ടെങ്കിലും. ഞങ്ങള്‍ കൃഷ്ണയ്യരുടെ വീട്ടിലെത്തുമ്പോള്‍ നിയമമന്ത്രി എം വിജയകുമാറുമായി അദ്ദേഹം സംസാരിക്കുകയായിരുന്നു. പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ല. ഐക്യകേരളത്തിലെ ആദ്യ നിയമമന്ത്രിയുമായി കണ്ട് സംസാരിക്കാന്‍ പുതുതലമുറക്കാരന്റെ ഔത്സുക്യമാണ് വിജയകുമാറില്‍ കണ്ടത്.

ഏറെനാളായി ശ്രമിക്കുന്ന കൃഷ്ണയ്യരുമായുള്ള അഭിമുഖം തരപ്പെടുന്നത് വാരിക പത്രാധിപര്‍ ഐ വി ദാസ്മാഷുടെ ശ്രമഫലമായി. ഇരുവരും പതിറ്റാണ്ടുകളായി ഗാഢമായ സ്നേഹബന്ധവും പരസ്പര ബഹുമാനവുമുള്ള തലശേരിക്കാര്‍. പൊതുജീവിതത്തില്‍ ഏറെ പരിചയസമ്പന്നതയുള്ളവര്‍. തലശേരിയില്‍ നിന്നാരംഭിച്ച സൌഹൃദം ഇന്നും സുദൃഢം. കൃഷ്ണയ്യരെക്കുറിച്ചുള്ള 'ജസ്റ്റിസ് കൃഷ്ണയ്യര്‍-പ്രതിബദ്ധതയുടെ പ്രകാശഗോപുരം(ലിപി പബ്ളിക്കേഷന്‍സ്) എന്ന പുസ്തകം ഐ വി ദാസ് ആണ് എഡിറ്റ് ചെയ്തത്. ഇവര്‍ തമ്മിലുള്ള സംസാരം രേഖപ്പെടുത്തുകയെന്നതായിരുന്നു തുടക്കത്തിലെ പ്ളാന്‍. കൊച്ചിയിലെ കൃഷ്ണയ്യരുടെ വീട്ടിലേക്കുള്ള വഴിയില്‍ മാഷോട് പറഞ്ഞുറപ്പിച്ചതും അങ്ങനെതന്നെ. ഇരുവരും സംസാരിച്ചു തുടങ്ങിയപ്പോള്‍ പദ്ധതിയൊക്കെ പാളി. അനൌപചാരികതയുടെ ഊടുവഴികളിലൂടെ ഈ സംഭാഷണം 'കാടുകയറി.' മന്ത്രിയെന്ന നിലയ്ക്കുള്ള കൃഷ്ണയ്യരുടെ ഓര്‍മകളിലേക്കും നിലപാടുകളിലേക്കുമൊക്കെ സംസാരം വളര്‍ന്നു. ഇ എം എസ്, നെഹ്റു, ഇന്ദിരാഗാന്ധി, അച്യുതമേനോന്‍, കെ ആര്‍ ഗൌരിയമ്മ എന്നിവരൊക്കെ പലവട്ടം അഭിമുഖത്തില്‍ കടന്നുവന്നു. പലപ്പോഴും ഓര്‍മകളുടെ തിര മുറിഞ്ഞുപോകുന്നുണ്ട്. ശാരീരികാവശതകള്‍ക്കൊപ്പം സ്മൃതിഭ്രംശവും സംഭവിക്കുമോ എന്ന ഭീതിയും അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു.

സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന കുടുംബത്തില്‍നിന്ന് വന്ന താങ്കള്‍ ആറേഴ് പതിറ്റാണ്ടുമുമ്പ് കമ്യൂണിസ്റ്റു ധാരയുമായി അടുക്കുന്നത് എങ്ങനെയാണ്?

തലശേരിയില്‍ വക്കീലായിരിക്കെ ക്രിമിനല്‍ കേസുകളാണ് ഞാന്‍ കൈകാര്യം ചെയ്തിരുന്നത്. അന്ന് കണ്ണൂരില്‍ മൂന്നുനാല് തുണിമില്ലുകളുണ്ട്. സാമുവല്‍ ആറോണിന്റെയും കായ്യത്ത് ദാമോദരന്റെയും മറ്റും. അവിടെ തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലിയാണ് ലഭിച്ചിരുന്നത്. അതിനെതിരെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഞാനാണ് വാദിച്ചത്. അതുകൂടാതെ ചിറക്കല്‍ രാജാവിനെതിരെയും മറ്റും കര്‍ഷകസംഘം നടത്തിയ സമരങ്ങളുടെയും കേസുകള്‍ ഞാനാണ് നടത്തിയത്. കേസുകളിലൂടെ പ്രധാന കമ്യൂണിസ്റ്റ് നേതാക്കളുമായി അടുക്കാന്‍ സാധിച്ചു. വടക്കേ മലബാറായിരുന്നു അന്നത്തെ സമരങ്ങളുടെ കേന്ദ്രബിന്ദു. അക്കാലത്താണ് 1952ലെ തെരഞ്ഞെടുപ്പ്. ആ സമയത്ത് ജനങ്ങളും കമ്യൂണിസ്റ്റ് പാര്‍ടിയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. സി എച്ച് കണാരനാണ് അന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി, ഞാന്‍ ഏറെ ആദരിച്ച നേതാവ്. കിനാത്തി നാരായണന്‍ നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ടിയും എന്നെ പിന്തുണച്ചു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ബഡായി പറയുകയാണെന്നും പറഞ്ഞ് കെ കേളപ്പന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോന്നവരാണ് കെഎംപിപി എന്ന പാര്‍ടിയുണ്ടാക്കിയത്. കേളപ്പനും എ കെ ജിയും സംയുക്തമായി എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സ്ഥാനാര്‍ഥിയാവുന്നത്.

തെരഞ്ഞെടുപ്പ് രംഗത്തെക്കുറിച്ച് ഓര്‍ക്കുന്നുണ്ടോ. ആരെയാണ് തോല്‍പ്പിച്ചത്?

കെ ടി ഹരീന്ദ്രനാഥ് എന്ന സോഷ്യലിസ്റ്റിനെയാണ് തോല്‍പ്പിച്ചത്. പിന്നെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമുണ്ടായിരുന്നു. മുസ്ലിംലീഗും എന്നെ പിന്തുണച്ചു. ലീഗ്നേതാവ് സീതിസാഹിബും ഞാനും ഒരു കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്. അന്ന് സീതിസാഹിബിന്റെ മകളുടെ ഭര്‍ത്താവ് അബ്ദുള്‍ഖാദര്‍ എന്റെ പതിനഞ്ച് ജൂനിയര്‍മാരില്‍ ഒരാളാണ്. പിന്തുണ ആവശ്യപ്പെട്ട് ഞാന്‍ സീതിസാഹിബിന് ഒരു കത്തയച്ചു. അങ്ങനെയാണ് ലീഗിന്റെ പിന്തുണ കിട്ടിയത്. ബാഫഖിതങ്ങളും അന്ന് എനിക്കുവേണ്ടി പ്രചാരണം നടത്തി. മുസ്ലിംലീഗ് ചത്ത കുതിരയാണെന്ന് നെഹ്റു പറഞ്ഞ കാലമാണത്. ആ ചത്ത കുതിരയെ കെട്ടിപ്പുണരാന്‍ ഇന്നും കോണ്‍ഗ്രസിന് മടിയില്ല.

1957ലെ തെരഞ്ഞെടുപ്പിന്റെ ഓര്‍മകള്‍ എന്തെല്ലാമാണ്?

അമ്പത്തേഴില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച എല്ലാ എംഎല്‍എമാരും എറണാകുളത്ത് യോഗം ചേരുമ്പോഴാണ് ഇ എം എസ് പൊടുന്നനെ എന്നോടൊരു കാര്യം ആവശ്യപ്പെട്ടത്. ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭയില്‍ മന്ത്രിയാവാനുള്ള ക്ഷണമായിരുന്നു അത്. തികച്ചും അപ്രതീക്ഷിതം. എന്റെ ജീവിതത്തിലെ വഴിത്തിരിവ്.

അന്ന് തലശേരിയില്‍ എനിക്ക് നല്ല പ്രാക്ടീസുള്ള കാലമായിരുന്നു. നല്ല വരുമാനവും. എംഎല്‍എക്കും മന്ത്രിക്കുമൊന്നും അന്നത്ര ശമ്പളമില്ല. മന്ത്രിമാര്‍ക്ക് നിയമപ്രകാരം അഞ്ഞൂറു രൂപയാണ് ശമ്പളം. കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളായ മന്ത്രിമാര്‍ മുന്നൂറ്റമ്പത് രൂപയേ വാങ്ങാവൂ എന്ന് ഇ എം എസ് നിഷ്കര്‍ഷിച്ചു. മന്ത്രിസ്ഥാനം ലഭിച്ച സ്വതന്ത്ര എംഎല്‍എമാരായ ഞങ്ങള്‍ മൂന്നുപേര്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും ഡോ. എ ആര്‍ മേനോനും ഞാനും അഞ്ഞൂറു രൂപ ശമ്പളം വാങ്ങി. ഞാന്‍ മന്ത്രിയാവുന്നതിനെ ഭാര്യ ശക്തമായി എതിര്‍ത്തിരുന്നു. പലരും എതിര്‍ത്തു. പക്ഷേ ഇ എം എസിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ ഞാന്‍ കീഴടങ്ങി.

മന്ത്രിയാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നോ? ആകസ്മികമായി ലഭിച്ച മന്ത്രിപദം ജീവിതത്തിലെ ഒരു വഴിത്തിരിവാകുകയായിരുന്നില്ലേ?

മന്ത്രിയാവുന്നതിനെ വ്യക്തിപരമായി ഞാന്‍ എതിര്‍ത്തിരുന്നു. അങ്ങനെയൊരു വീക്ഷണമേയില്ല. ഇ എം എസിന്റെ ക്ഷണമാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. എത്ര വകുപ്പുകളാണ് അന്ന് ഇ എം എസ് എനിക്ക് തന്നത്. ആഭ്യന്തരം, നിയമം, ജയില്‍, സാമൂഹ്യക്ഷേമം, ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം. മുഖ്യമന്ത്രിക്ക് പോലും ഇത്രയും വകുപ്പുകളില്ല. എല്ലാ വകുപ്പിലും എന്റെ വ്യക്തിത്വം പതിപ്പിക്കാനായി.

ആ ക്ഷണം സ്വീകരിച്ചിരുന്നില്ലെങ്കില്‍ വെറുമൊരു നിയമവിശാരദന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങിപ്പോവുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

പിന്നീട് ജൂറിസ്റ്റായി മാറി. 1964ലെ തെരഞ്ഞെടുപ്പില്‍ തോറ്റ് ഞാന്‍ എറണാകുളത്ത് വന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എം എസ് മേനോന്‍ പറഞ്ഞു, തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെങ്കില്‍ നിങ്ങളൊരു ജഡ്ജ് ആവണമെന്ന്. ഞാന്‍ പറഞ്ഞു, തെരഞ്ഞെടുപ്പില്‍ മത്സരിക്കലല്ല എന്റെ രാഷ്ട്രീയം. തെരഞ്ഞെടുപ്പില്‍ നിന്നതും മന്ത്രിയായതും ഇഎംഎസ് പറഞ്ഞിട്ടാണ്. മന്ത്രിയായി നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ജഡ്ജ് ആവാനും ഞാനില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഇഎംഎസിന്റെ ദൂതുമായി കെ ആര്‍ ഗൌരിയമ്മ എന്റെയടുത്തെത്തിയത്. ഒരു കമ്യുണിസ്റ്റുകാരന് സ്റ്റേറ്റ് പവര്‍ കിട്ടുമ്പോള്‍ നോ എന്നല്ല യെസ് എന്നു തന്നെ പറയണമെന്ന പാര്‍ടിയുടെ അഭിപ്രായമാണ് അവര്‍ എന്നെ അറിയിച്ചത്. പക്ഷേ അച്യുതമേനോന്‍ ഞാന്‍ ജഡ്ജി ആവുന്നതിനെ എതിര്‍ത്തു. എല്ലാവരുടെയും ഉപദേഷ്ടാവായി ഞാന്‍ മാറണമെന്നായിരുന്ന അച്യുതമേനോന്റെ അഭിപ്രായം. ജഡ്ജായാല്‍ ആര്‍ക്കും സമീപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഇഎംഎസിന്റെ നിര്‍ദേശമാണ് ഞാന്‍ സ്വീകരിച്ചത്. അതു പ്രകാരം ജഡ്ജിയായി. കോടതിയില്‍ നിന്ന് വിരമിക്കുന്ന സമയത്ത് ഇഎംഎസ് എന്നെ വിശേഷിപ്പിച്ചത് ജുഡിഷ്യറിയില്‍ ലെഫ്റ്റിസം കൊണ്ടുവന്ന ന്യായാധിപന്‍ എന്നാണ്. അന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന ഒരു വക്കീല്‍ പ്രസംഗിച്ചത് ഞാന്‍ കോടതിയെ 'കൃഷ്ണയ്യറൈസ്' ചെയ്തുവെന്നാണ്. മറ്റൊന്നു കൂടി അയാള്‍ പറഞ്ഞു. സുപ്രിംകോര്‍ട് ഓഫ് ഇന്ത്യ വാസ് മെയ്ഡ് ബൈ കൃഷ്ണയ്യര്‍ ഏസ് സുപ്രിംകോര്‍ട് ഫോര്‍ ഇന്ത്യന്‍സ്. ഒരുപാട് പരിഷ്കാരങ്ങള്‍ ജുഡിഷ്യറിയില്‍ കൊണ്ടുവരാനായി. പൊതുതാല്‍പര്യഹര്‍ജികള്‍ പ്രാബല്യത്തില്‍ വരുന്നത് ഞാനുള്ളപ്പോഴാണ്. ഞാന്‍ മാത്രമാണ് അതിന് പിന്നിലെന്ന് പറയാനാവില്ല. ജസ്റ്റിസ് ചിന്നപ്പ റെഡ്ഡിയെപ്പോലുള്ളവര്‍ എനിക്കൊപ്പമുണ്ടായിരുന്നു.

മന്ത്രിയായിരുന്ന കാലത്ത് ഏതെല്ലാം തരത്തിലുള്ള എതിര്‍പ്പുകളാണ് നേരിട്ടത്?

എതിര്‍പ്പുകള്‍ ധാരാളമുണ്ടായിരുന്നു. അതെല്ലാം ഞാനെന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. എല്ലാമൊന്നും ഓര്‍മ കിട്ടുന്നില്ല.

1957ലെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടുന്നതിന് നെഹ്റുവിന് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ലെന്ന് കേട്ടിട്ടുണ്ട്. പിന്നെ എങ്ങനെയാണ് 1959ല്‍ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. നെഹ്റുവുമായുള്ള ചര്‍ച്ചകള്‍ക്ക് താങ്കള്‍ നിയോഗിക്കപ്പെട്ടിരുന്നില്ലേ?

വിമോചനസമരം മഹാതോന്ന്യാസമായിരുന്നു. റൌഡിയിസം. കുതിരപ്പുറത്തുകയറി സെക്രട്ടറിയേറ്റിലേക്ക് കടന്ന് അധികാരം പിടിച്ചെടുക്കുമെന്നൊക്കെയാണ് അന്ന് മന്നത്ത് പദ്മനാഭന്‍ പറഞ്ഞത്. സമരം ശക്തമായ സമയത്ത് ഇഎംഎസ് എന്നോട് പറഞ്ഞു, നെഹ്റുവിനെ ചെന്നു കണ്ട് സംസാരിക്കാന്‍. ഊട്ടിയില്‍ എഐസിസി സമ്മേ ളനത്തിന് നെഹ്റു വന്നപ്പോള്‍ ഞാന്‍ ചെന്നു കണ്ടു. സമരത്തെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ ഐ വില്‍ ഒപ്പോസ് ഇറ്റ് എന്നൊക്കെ നെഹ്റു പറഞ്ഞു. സമരത്തിന്റെ പേരില്‍ എന്തൊക്കെയായിരുന്നു അക്രമങ്ങള്‍. നെഹ്റുവിനോട് കേരളത്തില്‍ വന്ന് സ്ഥിതി മനസ്സിലാക്കണമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം ഇന്ദൂ എന്ന് വിളിച്ച് ഇന്ദിരാഗാന്ധിയെ വരുത്തി. കേരളത്തിലെ കാര്യങ്ങള്‍ പറയാനാണ് കൃഷ്ണയ്യര്‍ വന്നതെന്ന് പറഞ്ഞു. അവരോടും ഞാന്‍ സമരത്തിന്റെ പേരിലുള്ള അക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. പക്ഷേ അവര്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് മുന്‍കൂട്ടി തീര്‍ച്ചപ്പെടുത്തിയപോലെ എനിക്ക് തോന്നിയിരുന്നു.

എന്റെ ക്ഷണപ്രകാരം നെഹ്റു കേരളത്തിലെത്തി. സമരക്കാര്‍ അമ്പത് ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്നു. മൂന്ന് ആവശ്യങ്ങളായിരുന്നു സമരക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. ഇത് അശോക് മേഹ്ത പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അമ്പത് ആരോപണങ്ങള്‍ അന്വേഷിക്കണം, ഫ്ളോറിയുടെ മരണം അന്വേഷിക്കണം, വിദ്യാഭ്യാസനിയമത്തിന്റെ സ്െകഷന്‍ പതിനൊന്ന് പിന്‍വലിക്കണം. ഈ മൂന്ന് ആവശ്യങ്ങളും അംഗീകരിക്കാമെന്ന് പാര്‍ടി തീരുമാനിച്ചു. ഈ തീരുമാനം നെഹ്റുവിനെ അറിയിച്ചു. അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് സര്‍ക്കാരിനെ പിരിച്ചുവിട്ടേ തീരൂ എന്നാണ്. ഡിസ്മിസ് ചെയ്യണമെന്ന് കേരളത്തിലെ സര്‍ക്കാരിനോട് പറയുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വം നെഹ്റുവിനോട് നിര്‍ദേശിച്ചു. ജനങ്ങളും സര്‍ക്കാരും തമ്മില്‍ അകന്നിരിക്കയാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പാണ് വേണ്ടതെന്നും പറഞ്ഞാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നെഹ്റു ഡല്‍ഹിക്ക് തിരിച്ചത്.

പിരിച്ചുവിടുന്നതില്‍ ഇന്ദിരാഗാന്ധിക്കായിരുന്നു കൂടുതല്‍ താല്‍പര്യം എന്നു കേട്ടിട്ടുണ്ട് ....?

അതവര്‍ നേരത്തെ കൂട്ടി തീരുമാനിച്ചതായിരുന്നു. മന്ത്രിസഭ പിരിച്ചുവിട്ടാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന മോഹം കോണ്‍ഗ്രസുകാര്‍ക്കുണ്ടായി. അതിന് മുമ്പ് മന്നത്ത് പദ്മനാഭനും കൂട്ടരും ഈഴവരെ ആക്ഷേപിച്ച് പ്രസംഗിച്ചിരുന്നു. പന്നിപെറ്റ് പെരുകുന്നപോലെയാണ് ഈഴവര്‍ പെരുകുന്നതെന്നും അവരുമായി ഒരുതരത്തിലും ഐക്യമുണ്ടാവില്ലെന്നും മന്നം പ്രസംഗിച്ചു നടന്നു. അപ്പോഴൊന്നും ഈഴവനായ കോണ്‍ഗ്രസ് പ്രസിഡണ്ട് ആര്‍ ശങ്കര്‍ ഒന്നും മിണ്ടിയില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം കിട്ടുമെന്ന പ്രതീക്ഷയുണ്ടായപ്പോള്‍ ശങ്കറും മുന്നോട്ടുവന്നു. അധികാരത്തിനുള്ള മോഹമാണ് അപ്പോള്‍ തെളിഞ്ഞത്.

അന്ന് ഭരണപക്ഷത്തുനിന്ന് ഒരംഗത്തെപ്പോലും ചാക്കിട്ടുപിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞില്ല. അധികാരം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ആരും വിട്ടുപോയില്ല. ചെയ്തതെല്ലാം ശരിയാണെന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസം അത്രവലുതായിരുന്നു. വളരെ പ്രധാനകാര്യമാണത്. അഴിമതിയോ കൈക്കൂലിയോ ഒന്നും ഇല്ലാത്ത സംശുദ്ധമായ സര്‍ക്കാര്‍ ആയിരുന്നു അത്. എന്നിട്ടും നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും ഞങ്ങള്‍ക്കെതിരെയുണ്ടായി.

വിമോചന സമരത്തിന് വിദേശപണം ഒഴുകിയിരുന്ന കാര്യം അറിഞ്ഞിരുന്നോ ?

അമേരിക്കന്‍ പണം വ്യാപകമായി ഒഴുകിയ സമരമായിരുന്നു വിമോചനസമരം. പള്ളിയിലെ കാര്യങ്ങള്‍ക്കായി പുരോഹിതന്മാര്‍ക്ക് അയച്ചുകൊടുത്ത പണം കൃസ്ത്യന്‍യുവാക്കളെ പരിശീലിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. ക്രിസ്റ്റഫര്‍ സേന എന്ന പേരിലായിരുന്നു പരിശീലനം. മന്ത്രിമാരെ തല്ലാന്‍ വേണ്ടിയാണ് പരിശീലനം. മന്ത്രിമാര്‍ക്ക് കാറില്‍ പോവാന്‍ പറ്റില്ല. കാറിന് മുമ്പില്‍ ചാടും. മന്ത്രിമാര്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന് പറയാന്‍ വേണ്ടിയാണിത്. ഇതൊഴിവാക്കാന്‍ ഞാന്‍ സൈക്കിളിലാണ് സെക്രട്ടറിയേറ്റിലേക്ക് പോയിരുന്നത്.

ഇന്നത്തെ സാമൂഹ്യ സ്ഥിതിയില്‍ എന്ത് മാറ്റമാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?

ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍, ഡെമോക്രാറ്റിക് റിപ്പബ്ളിക് എന്നാണ് എഴുതിയിരിക്കുന്നത്. ഇത് എല്ലാ പാര്‍ടികളുടെയും ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം. സാമൂഹ്യനീതി, സാമ്പത്തികനീതി, രാഷ്ട്രീയനീതി എന്നിവ ഉറപ്പുവരുത്തുന്ന ആമുഖം സ്വന്തം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ എല്ലാ പാര്‍ടികളും തയ്യാറാവണം. തെരഞ്ഞെടുപ്പു കമീഷന്‍ കര്‍ശനമായി ഈ നിര്‍ദേശം എല്ലാ പാര്‍ടികള്‍ക്കും നല്‍കണം. ബ്രിട്ടീഷുകാരുടെ കാലത്തെ സോഷ്യലിസ്റ്റ് സങ്കല്‍പ്പം പോലും ഇപ്പോഴില്ല. സാമൂഹ്യമാറ്റം വരുത്താന്‍ നമുക്ക് സാധിക്കും. പക്ഷേ അതിനുള്ള സന്നദ്ധത വേണം.

എങ്ങനെ അതുണ്ടാവും. നമ്മുടെ പ്രധാനമന്ത്രിയെ നോക്കൂ. എവിടുന്നോ ഇറക്കുമതി ചെയ്തതല്ലേ അയാളെ. ലോക്സഭയിലും രാജ്യസഭയിലും ഇല്ലാതിരുന്ന ഒരു മനുഷ്യന്‍. ഇങ്ങനെയൊക്കെ ആദ്യമാണ് ഇന്ത്യയില്‍.

ഇന്ത്യന്‍ അവസ്ഥ കൂടുതല്‍ ദുസ്സഹമാവുകയല്ലേ. വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ഗീയത, മാവോയിസം. താങ്കളുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭത്തില്‍ ഇങ്ങനെയുള്ള ഒരു ഇന്ത്യയാണോ സങ്കല്‍പ്പത്തിലുണ്ടായിരുന്നത് ?

ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശം മൌലികാവകാശമാണ്. സുപ്രീംകോടതി അത് വ്യാഖ്യാനിച്ചിരിക്കുന്നത് റൈറ്റ് റ്റു ലൈഫ് ഇസ് റൈറ്റ് റ്റു ലീവ് ഇന്‍ ഡിഗ്നിറ്റി എന്നാണ്. അന്തസ്സായി ജീവിക്കുകയെന്ന് വച്ചാല്‍ അടിമയെപ്പോലെയല്ലാത്ത ജീവിതം എന്നാണ്. അടിമയെപ്പോലെ അല്ലാതെ അന്തസ്സായി ജീവിക്കണമെങ്കില്‍ തൊഴില്‍ വേണം. റൈറ്റ് ടു ലൈഫ് ഇസ് റൈറ്റ് ടു എംപ്ളോയ്മെന്റ്. മറ്റൊരാളുടെ ചെലവില്‍ ജീവിക്കുമ്പോള്‍ അന്തസ്സുണ്ടാവുമോ. അത് അടിമജീവിതത്തിന് സമാനമാണ്. അതിനുള്ള സാഹചര്യവും അന്തരീക്ഷവും വേണം. തൊഴിലും വേണം.

സ്കൂള്‍ പ്രവേശനം തൊട്ട് വേണം വന്‍തുക. ഒരു കോളേജില്‍ പഠിക്കണമെങ്കില്‍ ഏഴു ലക്ഷം വേണം. മെഡിക്കല്‍ കോളേജിലാണെങ്കില്‍ ഇരുപത് ലക്ഷത്തിലേറെ വേണം. സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം എങ്ങനെയാണ് നടപ്പാവുന്നത്. ഈ പ്രഖ്യാപനം നടപ്പായില്ല. ആരോഗ്യവും ഒരു അവകാശമാണ്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ പണമടക്കേണ്ട സ്ഥിതിയാണ്. വിദ്യാഭ്യാസ, ആരോഗ്യമേഖലകള്‍ പൂര്‍ണമായും പണം കൊടുക്കുന്നവര്‍ക്ക് മാത്രമായി. ആശുപത്രിയിലേക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും എത്തിനോക്കാന്‍ കഴിയാതായി. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. അത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. ബ്രിട്ടീഷുകാര്‍ ഭക്ഷ്യവില വര്‍ധന നിയന്ത്രിക്കുന്നതില്‍ വിജയിച്ചിരുന്നു. എന്തുകൊണ്ട് സ്വതന്ത്ര ഇന്ത്യയില്‍ അതിന് സാധിക്കുന്നില്ല?

കമ്യൂണിസ്റ്റുകാര്‍ പണ്ട് ചിറയ്ക്കല്‍ രാജാവിന്റെ വള്ളത്തില്‍ കൊണ്ടുപോകുകയായിരുന്ന അരി പിടിച്ചെടുത്തത് ഈ സാഹചര്യത്തില്‍ ഓര്‍ക്കണം. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ആ അരി റേഷന്‍ വിലയ്ക്ക് വിറ്റശേഷം ആ പണം രാജാവിന് അയച്ചുകൊടുത്തു. എന്നാല്‍ രാജാവ് തന്റെ അരി പിടിച്ചെടുത്തുവെന്നും പറഞ്ഞ് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കേസ് കൊടുത്തു. അന്ന് കമ്യൂണിസ്റ്റുകാരുടെ കേസ് വാദിച്ചത് ഞാനായിരുന്നു. 'ഒരു രൂപപോലും ഇവരെടുത്തിട്ടില്ല, പിന്നെ എങ്ങനെ ഇവര്‍ കുറ്റക്കാരാകുമെന്ന് ഞാന്‍ കോടതിയില്‍ വാദിച്ചു. എന്നാലും ബലം പ്രയോഗിച്ച് നെല്ല് എടുത്തുകൊണ്ടുപോയതിന്റെ പേരില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അന്ന് കോടതി ഒരു രൂപ പിഴശിക്ഷ വിധിച്ചു. വടക്കേ മലബാറില്‍ കമ്യൂണിസ്റ്റ്പാര്‍ടി വളര്‍ന്നത് ഇങ്ങനെയൊക്കെയാണ്.

ഭക്ഷ്യവില നിയന്ത്രിക്കാന്‍ കഴിയുമെന്ന് ബ്രിട്ടീഷുകാര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധിക്കുന്ന കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനോട് സംസാരിച്ചിരുന്നു. വില നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയൊരു ചിന്തയേ അദ്ദേഹത്തിനില്ല. ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ടിന്റെ റൂള്‍ 81 പ്രകാരം ഗസ്റ്റ് കണ്‍ട്രോള്‍ എന്ന വ്യവസ്ഥയൊക്കെ ഉപയോഗിച്ചാണ് ബ്രിട്ടീഷുകാര്‍ വില നിയന്ത്രിച്ചത്. ഒരു ചടങ്ങില്‍ ഇരുപത്തഞ്ച് ആളുകളില്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നായിരുന്നു ഈ വ്യവസ്ഥ. ഈയിടെ ഒരു കല്യാണത്തിന് സ്ത്രീധനമായി സ്വര്‍ണം കൊടുത്തത് കിലോ കണക്കിനാണ്. പത്തുപവനും നൂറുപവനുമൊക്കെ കൊടുക്കുന്നത് പഴങ്കഥയായി. കിലോ കണക്കിന് സ്വര്‍ണമാണ് സമ്പന്നന്‍ സ്ത്രീധനമായി കൊടുക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെത്തന്നെയാണ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ നിയമംമൂലം സര്‍ക്കാരിന് കഴിയും. പക്ഷേ അതിന് മനസ്സുണ്ടാവണം. ഏഴാം ഷെഡ്യൂള്‍ പ്രകാരം പാര്‍ലമെന്റിന് അധികാരവും ശേഷിയുമുണ്ട്. എന്നാല്‍ അതൊന്നും പ്രയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ അക്രമമാര്‍ഗം സ്വീകരിക്കുന്നതിനുള്ള നിര്‍ബന്ധിത സാഹചര്യമൊരുക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഈ നയങ്ങള്‍ തന്നെയാണ്. വിലക്കയറ്റമൊക്കെ തടയാന്‍ അധികാരമുണ്ട്. പക്ഷേ സെന്‍സിറ്റിവിറ്റിയാണ് വേണ്ടത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഫുഡ് ഇന്‍ഫ്ളേഷന്‍ എന്നൊരു പ്രയോഗം തന്നെ സര്‍വവ്യാപിയാവുന്നുണ്ട് ?

അതെ. അതുപോലെ തന്നെയാണ് പെട്രോള്‍ വിലക്കയറ്റം. വീണ്ടും ഇന്ധനവില കയറാന്‍ സാധ്യതയുണ്ട്. പല കാര്യങ്ങളും ഇതിനെതിരെ ചെയ്യാന്‍ കഴിയും. യുദ്ധകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വഭരണകൂടത്തിന് ഇതിലും നല്ല രൂപത്തില്‍ ഈ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നു. അത് കുറേക്കൂടി മെച്ചപ്പെട്ട സോഷ്യലിസ്റ്റ് സങ്കല്‍പ്പമായിരുന്നുവെന്ന് ഞാന്‍ പറയും. ഇത് ലജ്ജാകരമാണ്. ഭരണഘടനയില്‍ എഴുതിവച്ച സോഷ്യലിസ്റ്റ്, സെക്യുലര്‍, ഡെമോക്രാറ്റിക് റിപ്പബ്ളിക് എന്നിവ മാന്ത്രികവചനങ്ങളാണ്. എന്നാല്‍ അവ വെറുംവാക്കുകളായി മാത്രം നിലനില്‍ക്കുന്നു?

എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിയന്ത്രണം വിജയകരമായി നടപ്പാക്കിയത് ?

ഒരുദാഹരണം പറയാം. തലശേരിയില്‍ പണ്ട് ജയരാജന്‍ എന്നൊരു സബ് കലക്ടര്‍ ഉണ്ടായിരുന്നു. അയാള്‍ ബംഗ്ളാവില്‍ നിന്നിറങ്ങിയാല്‍ കച്ചവടക്കാരെല്ലാം അരിയും മറ്റും ന്യായവിലയ്ക്കേ വില്‍ക്കൂ. ഇയാളുടെ കോടതിയില്‍ രസകരമായ കാര്യങ്ങളാണ് നടന്നത്. കരിഞ്ചന്തയില്‍ തോന്നിയ വിലയ്ക്ക് വില്‍ക്കാന്‍വേണ്ടി അരി കുന്നുകൂട്ടുന്ന കച്ചവടക്കാരെ-ഹാലായ്മാര്‍ എന്നാണവരെ വിളിക്കുക- ഇയാള്‍ കണിശമായി ശിക്ഷിക്കും. രാവിലെ പതിനൊന്ന് മണിക്ക് ഈ ഹാലായ്മാരെ ഹാജരാക്കും. എല്ലാവരെയും ശിക്ഷിക്കും. പതിനായിരം തൊട്ട് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് വിധി. പക്ഷേ വിധി പ്രഖ്യാപിക്കില്ല. തൊട്ടപ്പുറത്തുള്ള ജില്ലാ കോടതിയില്‍ പോയി സ്റ്റേ വാങ്ങാതിരിക്കാന്‍ വേണ്ടി ഉത്തരവ് രഹസ്യമായി വയ്ക്കും. ജില്ലാ ജഡ്ജി പോയെന്ന് ശിപായ്മാരെ വിട്ട് ഉറപ്പുവരുത്തിയ ശേഷമാണ് വിധി പ്രഖ്യാപിക്കുക. ശിക്ഷ ലഭിച്ച കരിഞ്ചന്തക്കാരെ അമ്പതു വാര അപ്പുറത്തുള്ള സബ് ജയിലിലേക്ക് അയക്കാന്‍ അദ്ദേഹം സ്വന്തം ശിപായിമാരെ ചുമതലപ്പെടുത്തും. പൊലീസിന്റെ സഹായം തേടില്ല. പൊലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ്. എല്ലാ ചരക്കുകളും നിയന്ത്രിതവിലയ്ക്ക് വില്‍ക്കാന്‍ അന്ന് കച്ചവടക്കാര്‍ തയ്യാറായിരുന്നു. ഇത് ഇപ്പോഴും സാധ്യമാണ്. ഭരണപരമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മടിച്ചുകൂടാ. അതിന് സമഗ്രമായ നിയമനിര്‍മാണവും വേണം. അതിലാണ് നമുക്ക് വീഴ്ച പറ്റിയത്. ഫലം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി.

മാവോയിസത്തിന്റെ സ്വാധീനത്തില്‍ വീണവര്‍ പരമദരിദ്രരാണ്. അവരെ സംബന്ധിച്ചിടത്തോളം ജീവിതം മുന്നോട്ടുകൊണ്ടുപോകുക അസാധ്യമാണ്. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണെന്ന് അവര്‍ക്കുതോന്നുന്നുണ്ടാവാം. അങ്ങനെയൊരു മനഃസ്ഥിതി രൂപപ്പെടുന്നതിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ ഭരണകൂടത്തിനാണ്. മാവോയിസ്റ്റുകള്‍ സൃഷ്ടിക്കുന്ന ഭീഷണി നേരിടാന്‍ കേന്ദ്രത്തിന് കഴിയണം.

*
കടപ്പാട്: ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തൊണ്ണൂറ്റാറാം വയസ്സിലും കണ്ണും മനസ്സും തുറന്നുപിടിക്കുക. ചുറ്റും നടക്കുന്ന കാര്യങ്ങളെ ജാഗ്രതയോടെ വിലയിരുത്തുക. മൂര്‍ച്ചയോടെ പ്രതികരിക്കുക. കേരളത്തില്‍ ഇങ്ങനെയൊരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്-വി ആര്‍ കൃഷ്ണയ്യര്‍.

ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അതികായന്‍. ജീവിക്കാന്‍വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരത്തെ നേരിടാന്‍ പൊലീസിനെ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച ഇ എം എസ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി. സംസ്ഥാനഭരണം എങ്ങനെ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കാമെന്ന് അരനൂറ്റാണ്ടുമുമ്പ് ലോകത്തിന് കാട്ടിക്കൊടുത്ത മന്ത്രിസഭയിലെ പ്രമുഖന്‍. കുടിയൊഴിപ്പിക്കല്‍ നിരോധിക്കുകയും കേരളീയന് തന്റേതായ ഒരിടം ഉണ്ടാക്കിക്കൊടുക്കുകയും സ്വകാര്യമാനേജര്‍മാരുടെ തേരോട്ടം നടന്ന വിദ്യാഭ്യാസമേഖല ഉടച്ചുവാര്‍ക്കുകയുംചെയ്ത ഇ എം എസ് മന്ത്രിസഭയുടെ നിയമനിര്‍മാണങ്ങള്‍ക്കുമേല്‍ മായാത്ത കൈയൊപ്പ് ചാര്‍ത്തിയ നിയമമന്ത്രി. ഇന്ത്യന്‍ ജുഡിഷ്യറിക്ക് മനുഷ്യമുഖമുണ്ടെന്ന് കാണിച്ചുകൊടുത്ത നീതിപതി.

എന്‍.എസ്. സജിത് നടത്തിയ അഭിമുഖം..