Friday, August 27, 2010

രണ്ട് കത്തുകള്‍

Changampuzha Krishna Pillai B.A. (Hons)
Edappally, (N. Travancore))

Edappally
4-11-17 Thursday, 6.30 pm

ശ്രീ

പ്രിയ ഗുരോ,

കോളെജിലെ മേല്‍വിലാസത്തില്‍ ഞാന്‍ തിരുമേനിക്ക് ഒരു കത്തയച്ചിട്ടുണ്ട്. അതു തിങ്കളാഴ്ചയേ തിരുമേനിയുടെ കൈവശം കിട്ടുകയുള്ളൂ എന്നു പിന്നീടാണ് ഓര്‍മവന്നത്. അതുകൊണ്ട് വീണ്ടും എഴുതുന്നു.

'മലയാളത്തിലെ ഭാവാത്മക കാവ്യങ്ങള്‍' (Lyric Poetry in Malayalam Literature) എന്ന വിഷയത്തെ ആധാരമാക്കി അവിടത്തെ കീഴില്‍ ഗവേഷണം നടത്തുവാന്‍ ഞാന്‍ ആശിക്കുന്നു. ഈ വിഷയം പോരാ എന്നു തോന്നുന്നപക്ഷം തിരുമേനി നിര്‍ദേശിക്കുന്ന ഏതു വിഷയവും സന്തോഷപൂര്‍വം സ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. തിരുമേനിയുടെ ഉപദേശങ്ങളും ഹൃദയപൂര്‍വമുള്ള സഹായവും ലഭിച്ചാല്‍ വിഷയത്തെക്കുറിച്ച് എനിക്കു ഭയപ്പെടേണ്ടതായിട്ടില്ലല്ലോ.

പ്രിയപ്പെട്ട തിരുമേനീ, ഞാന്‍ ഒരു പാവമാണ്, പട്ടിണിക്കാരനാണ്, ഒരു കുടുംബത്തിന്റെ ഭാരം കരുത്തറ്റ ചുമലുകളില്‍ താങ്ങിക്കൊണ്ടു ജീവിതവുമായി മല്ലടിക്കുന്ന ഒരു ഹതഭാഗ്യനാണ്. ശ്രമിച്ചാല്‍ എനിക്കിവിടെ, ആലുവായില്‍, അലൂമിനിയം ഫാക്‌ടറിയിലോ മറ്റോ പത്തു മുപ്പതു രൂപാ ശമ്പളത്തില്‍ ഒരു ഗുമസ്ഥന്റെ പണി കരസ്ഥമാക്കാന്‍ സാധിക്കും. പക്ഷേ, തിരുമേനിതന്നെ ദയവുചെയ്‌ത് ഒന്നാലോചിച്ചുനോക്കൂ ! എനിക്കെന്തു മേല്‍ഗതിയാണ് അതില്‍ നിന്നും ഉണ്ടാവുക? നിത്യദാരിദ്ര്യത്തില്‍ നീറിനീറി ജീവിതം നശിപ്പിക്കയല്ലാതെ എനിക്കെന്തു പോംവഴിയാണുണ്ടാവുക? ഈ ചിന്തയാണ്, ഗവേഷണവിദ്യാര്‍ഥിയാകുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

പ്രിയപ്പെട്ട തിരുമേനീ, തിരുമേനിക്കുതന്നെ എന്റെ സ്ഥിതിഗതികള്‍ അറിയാമല്ലോ. മഹാമതികളും ഉദാരമനസ്‌ക്കരുമായ പലരുടെയും സഹായസഹകരണങ്ങള്‍കൊണ്ട് മാത്രമാണ് എനിക്ക് എന്റെ കലാശാലാവിദ്യാഭ്യാസം ഈ നിലയിലെങ്കിലും പരിപൂര്‍ണമാക്കാന്‍ സാധിച്ചത്. ക്ളാസ്സുകിട്ടാഞ്ഞതില്‍ എനിക്ക് ലേശംപോലും കുണ്ഠിതമില്ല. കാരണം, കലാശാലാവിദ്യാഭ്യാസംപോലും ഞാന്‍ സ്വപ്‌നം കണ്ടിരുന്ന ഒന്നല്ല എന്നതാണ്. ഈശ്വരന്റെ അനുഗ്രഹവും, ഭവാദൃശ്യന്മാരായ ഗുരുജനങ്ങളില്‍നിന്നും സിദ്ധിച്ചിട്ടുള്ള ആ 'ഗുരുത്വ'വും മാത്രമാണ് എനിക്ക് താങ്ങും തണലുമായിത്തീര്‍ന്നിട്ടുള്ളത്. 'കിട്ടുന്നതുകൊണ്ടു സന്തോഷിക്കുക, കിട്ടാത്തതിനെക്കുറിച്ച് കുണ്ഠിതപ്പെടാതിരിക്കുക' ഈ മുദ്രാവാക്യത്തോടുകൂടിയാണ് ഞാന്‍ എന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. എത്ര കനത്ത വിഷാദാത്മകത്വവും എന്നെ അടിപെടുത്തുകയില്ല; എത്ര കറുത്തിരുണ്ട കാര്‍മേഘത്തിലും ഒരു നേരിയ രതജരേഖയെങ്കിലും കണ്ടേയ്‌ക്കുമെന്ന വിശ്വാസം എനിക്കുണ്ട്. അതില്ലായിരുന്നെങ്കില്‍ മി. രാഘവന്‍പിള്ളയ്‌ക്ക് മുന്‍പുതന്നെ ഞാന്‍ ആത്മഹത്യചെയ്യുമായിരുന്നു. ഈ ചുരുങ്ങിയ ജീവിതകാലത്തിനുള്ളില്‍ ഞാന്‍ അനുഭവിക്കാത്ത സങ്കടമില്ല. ഞാന്‍ ഏകാന്തമായി കൂരിരുട്ടത്തിരുന്ന് എത്രയെത്ര രാത്രികളില്‍ ഉള്ളുപൊട്ടിത്തേങ്ങിക്കരഞ്ഞിട്ടുണ്ടെന്നു തിരുമേനിക്കറിയാമോ? സര്‍വേശ്വരന്റെ പാദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ആ ബാഷ്‌പബിന്ദുക്കള്‍ ഒന്നുംതന്നെ വിഫലമായിട്ടില്ല. മനുഷ്യനെ എനിക്ക് ഭയമില്ല; പക്ഷേ ഈശ്വരനെ ഞാന്‍ ഭയപ്പെടുന്നു. ആ മഹാപരീക്ഷകന്റെ മുന്‍പില്‍ ഈ ലോകത്തിലുള്ള സകലരും ഒന്നുപോലെ പീക്ഷ്യന്മാര്‍ മാത്രമായിരിക്കുമെന്നും എനിക്കറിയാം. അവിടെ എനിക്കു തലകുനിക്കേണ്ടി വരികയില്ല.

പ്രിയപ്പെട്ട തിരുമേനീ, നാം എല്ലാവരും വെറും പുഴുക്കള്‍ മാത്രമാണ് ! കാലത്തിന്റെ നേര്‍ത്ത ഊത്തുമതി, ബലിഷ്‌ഠരെന്നഹങ്കരിച്ചു തലപൊക്കിനില്‍ക്കുന്ന നമ്മെ ദയനീയമാംവിധം നിലം പതിപ്പിക്കാന്‍! വ്യക്തികളുടെ കഥയെടുക്കുന്നതെന്തിന് ? മഹാസാമ്രാജ്യങ്ങളെത്തന്നെ നോക്കൂ! ചരിത്രാധ്യായങ്ങളില്‍ക്കൂടി കണ്ണോടിക്കുമ്പോള്‍ ലോകൈകവീരന്മാരെന്നഭിമാനിച്ചഹങ്കരിച്ചിരുന്ന മഹാരഥന്മാരായ എത്രയെത്ര ഏകച്‌ഛത്രാധിപതികളുടെ തലയോടുകളാണ് 'വിധി' കാല്‍കൊണ്ടു തട്ടി കന്ദുകക്രീഡ നടത്തുന്നതായി നാം കാണുന്നത്! അവര്‍ ജീവിച്ചിരുന്ന കാലത്ത്, അവരുടെ സൌഭാഗ്യം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയകാലത്ത്, അവരുടെ പരിസരം കിടുകിടുത്തിരിക്കാം. എന്നാല്‍ ഇന്നോ?

പ്രിയപ്പെട്ട തിരുമേനീ, ഒന്നാലോചിച്ചു നോക്കൂ! നാം എല്ലാവരും ഒന്നുപോലെ വെറും മിഥ്യാഭിമാനത്തിനധീനരായി ജീവിക്കുന്നവരല്ലേ? നാം വലിയ പണ്ഡിതന്മാരെന്ന്, സമര്‍ഥന്മാരെന്ന്, അഭിമാനിക്കുന്നു! എന്നാല്‍ നമ്മുടെ പാണ്ഡിത്യത്തെ, നമ്മുടെ സാമര്‍ഥ്യത്തെ, യഥാര്‍ഥമായി നാംതന്നെ ഒന്നളന്നുനോക്കുവാന്‍ തുനിഞ്ഞാല്‍, മനസ്സാക്ഷിയുടെ കഴുത്തു ഞെക്കുവാന്‍ നമ്മുടെ കൈ വിറയ്‌ക്കാതിരിക്കുകയാണെങ്കില്‍, നമുക്കു വല്ല അഭിമാനത്തിനും വഴിയുണ്ടോ? ഇല്ല. ഒരിക്കലുമില്ല. എല്ലാം തികഞ്ഞവരായി ലോകത്തില്‍ ആരുമില്ല. എന്നേക്കാള്‍ പഠിപ്പു കുറഞ്ഞ ഒരുവന്റെ മുന്‍പില്‍ ഞാന്‍ പണ്ഡിതനാണ്. എന്നേക്കാള്‍ പണ്ഡിതനായ ഒരുവനെ സമീപിക്കുമ്പോള്‍ എനിക്കു തലകുനിക്കേണ്ടിവരുന്നു. അതേ പണ്ഡിതന്‍തന്നെ അതിനേക്കാള്‍ വലിയ ഒരു പണ്ഡിതന്റെ മുന്‍പില്‍ ബദ്ധാഞ്ജലിയായി നിലകൊള്ളുന്നു. എനിക്കൊരു പ്രത്യേകമണ്ഡലത്തില്‍ വിജയപതാക പാറിക്കാന്‍ സാധിച്ചേക്കാം; മറ്റൊരാള്‍ക്ക് മറ്റൊരു മണ്ഡലത്തിലായിരിക്കാം. ഞാന്‍ അതി വിദഗ്ധനെന്ന പ്രശംസയ്‌ക്ക് പാത്രീഭൂതനായിച്ചമയുന്ന ഒരു മേഖലയില്‍, മറ്റൊരാള്‍ മങ്ങിപ്പോകുന്നു; അയാളുടെ പ്രവര്‍ത്തനമേഖലയെ സമീപിക്കുമ്പോള്‍ ഞാന്‍ മങ്ങിപ്പോകുന്നു. അത്രമാത്രം.

മലയാളം ഓണേഴ്‌സിന് ക്ളാസ്സ് കിട്ടിയില്ല എന്നുള്ളതു പോകട്ടെ; ഞാന്‍ അതില്‍ തോറ്റുപോയി എന്നുതന്നെ വിചാരിക്കുക. എന്നാലും എനിക്ക് മലയാളം അറിഞ്ഞുകൂടായിരുന്നുവെന്നു 'കേരളം' പറയുകയില്ലെന്നെനിക്കുറപ്പുണ്ട്; ഒരുപക്ഷേ, ഇന്നത്തെ കേരളം പറഞ്ഞാലും, എന്റെ ശവകുടീരം ചൂണ്ടിക്കാണിച്ച് നാളത്തെ കേരളം അങ്ങനെ പറയുകയില്ലെന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ പിന്നെ എന്തിനു കുണ്ഠിതപ്പെടുന്നു? മനുഷ്യനു പരമാവധി നൂറ്റിരുപതു സംവല്‍സരക്കാലത്തെ ആയുസ്സല്ലേ ഉള്ളൂ?

ഒരുപക്ഷേ എനിക്കു ചിരട്ടയെടുത്തു പിച്ചതെണ്ടുവാനായിരിക്കും ഈശ്വരന്‍ വിധിച്ചിട്ടുള്ളത്. അങ്ങനെവന്നാലും ഞാന്‍ ഈശ്വരനെ നിന്ദിക്കയില്ല. പക്ഷേ മനുഷ്യന്റെ അഹങ്കാരത്തിനു മുന്‍പില്‍ ഞാന്‍ അന്നും വഴങ്ങിക്കൊടുക്കുകയില്ല. കഷ്ടം! മനുഷ്യന്‍! മൂക്കൊന്നു വിയര്‍ത്താല്‍ മലര്‍ന്നടിയുന്ന മനുഷ്യന്‍! അവന്റെ സൌഭാഗ്യസോപാനം എത്രകാലത്തേയ്‌ക്ക്! അവന്റെ അധികാരഗര്‍വം എത്ര കാലത്തേയ്‌ക്ക്!

പ്രിയപ്പെട്ട തിരുമേനീ, അങ്ങ് ഉദാരമതിയും മഹാമനസ്‌ക്കനുമാണെന്ന് എനിക്കു നിശ്ചയമുണ്ട്. അതുകൊണ്ടാണ് ഞാന്‍ അങ്ങേയ്‌ക്കിങ്ങനെ തുറന്നു കത്തെഴുതുന്നത്. അങ്ങ് ഈ കത്ത് നശിപ്പിക്കരുത്. ഈ കത്തിന്റെ ഒരു പ്രതി ഞാനും സൂക്ഷിക്കുന്നുണ്ട്. അങ്ങയുടെ ഔദാര്യസാഗരത്തില്‍നിന്നും ഒരു ചെറുബിന്ദുവിനുവേണ്ടിയുള്ള വിനീതമായ ഒരഭ്യര്‍ഥനയാണീ കത്തെന്ന് അവിടുന്നറിഞ്ഞാല്‍കൊള്ളാം. അങ്ങ് ഒരു സാഹിത്യകാരനാണ്. എന്റെ എളിയ നിലയില്‍ ഞാനും ആ വര്‍ഗത്തില്‍പ്പെട്ട ഒരാള്‍തന്നെ. ഈ ബന്ധത്തിനു പുറമേ പരമപാവനമായ ഗുരുശിഷ്യബന്ധവും നാം തമ്മിലുണ്ട്. ആ പവിത്രവും സുദൃഢവുമായ ബന്ധത്തെ ആധാരമാക്കിയാണ് ഞാന്‍ ഈ അഭ്യര്‍ഥനയുമായി അങ്ങയെ സമീപിക്കുന്നത്. അങ്ങ് എന്നെ സഹായിക്കണം. സര്‍വപ്രകാരത്തിലും സാധുവായ എന്നെ അങ്ങ് സഹായിക്കണം!

എന്റെ പേരില്‍ തിരുമേനിക്ക് അല്‍പം ഒരസുഖമുണ്ടെന്ന് എനിക്കറിയാം. എന്നോടു ചിലര്‍ അതു പറഞ്ഞിട്ടുണ്ട്; ഞാന്‍ അവരോടെല്ലാം പറഞ്ഞിട്ടുള്ളതും അതുതന്നെയാണ്. 'വാസവദത്ത'യെന്ന അങ്ങയുടെ നാടകത്തിലെ 'ഉപഗുപ്‌ത'ന്റെ ഭാഗം ഞാന്‍ അഭിനയിക്കണമെന്ന് തിരുമേനി എന്നോടാവശ്യപ്പെടുകയുണ്ടായി. ഞാന്‍ അങ്ങനെ സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ എനിക്ക് ഉടന്‍ തന്നെ ഇടപ്പള്ളിയിലേയ്‌ക്ക് പോരേണ്ടിവന്നു. അക്കാര്യം ഓര്‍ക്കാതെയാണ് ഞാന്‍ അന്ന് എടുത്തു കൊള്ളാമെന്നേറ്റത്. എന്റെ അമ്മൂമ്മ മരിച്ചിട്ട് ആദ്യം വരുന്ന ശ്രാദ്ധമായിരുന്നു. ആ കര്‍മനിര്‍വഹണത്തിന് ഞാനില്ലാതെ തരമില്ല. ആ പ്രിയപ്പെട്ട മാതാമഹി ഇല്ലായിരുന്നു എങ്കില്‍ 'ചങ്ങമ്പുഴ കൃഷ്‌ണപിള്ള' എന്ന പേര്‍ ഇന്നു ലോകം അറികയില്ലായിരുന്നു. അവരുടെ സാമര്‍ഥ്യവും പ്രയത്നവും മാത്രമാണ് മൂന്നുപ്രാവശ്യം ലേലത്തിനിട്ട 'ചങ്ങമ്പുഴ'ത്തറവാടിനെ വീണ്ടെടുത്തത്. ആ വന്ദ്യമാതാമഹിയുടെ ശ്രാദ്ധകര്‍മം മരണംവരെ ഞാന്‍ അനുഷ്‌ഠിക്കാതിരിക്കയില്ല. അതുകൊണ്ടുമാത്രമാണ് ഞാന്‍ അന്നതില്‍ പങ്കെടുക്കാതിരുന്നത്. നാടകം നടന്ന ദിവസം ഞാന്‍ ഇവിടെയായിരുന്നു. അല്ലാതെ അതൊട്ടും മനഃപൂര്‍വമായിരുന്നില്ല. അങ്ങനെയാണെന്നു തിരുമേനി തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്. കുറച്ചു നാളിനുമുന്‍പാണ് എനിക്കതു മനസ്സിലായത്, എന്നാല്‍ അന്ന് ഞാന്‍ തെറ്റിദ്ധാരണ തീര്‍ക്കുവാന്‍ തിരുമേനിയെ സമീപിച്ചാല്‍ 'അവസരസേവനസ്വഭാവം' എന്റെ പേരില്‍ ശങ്കിക്കുവാന്‍ ഇടയുണ്ട്. അതാണ് അന്നു ഞാന്‍ ആ തെറ്റിദ്ധാരണ തീര്‍ക്കാത്തത്. ഇന്നിപ്പോള്‍ അതിന്റെ ആവശ്യമില്ല. ഒരുപക്ഷേ ഗവേഷണത്തിന് എനിക്ക് സൌകര്യം ലഭിച്ചില്ലെങ്കില്‍തന്നെ എനിക്ക് നിരാശപ്പെടേണ്ടതായിട്ടില്ല. എങ്കിലും അങ്ങനെയൊരു തെറ്റിദ്ധാരണ തിരുമേനി ഇനിയും എന്റെ പേരില്‍ വച്ചുപുലര്‍ത്തരുതെന്നു കരുതിയാണ് ഇപ്പോള്‍ അതു തുറന്നു പറയുന്നത്. അവസരസേവനസ്വഭാവം എനിക്കില്ലെന്ന് തിരുമേനി മുന്‍പുതന്നെ അറിഞ്ഞിരിക്കുമെന്നാണെന്റെ വിശ്വാസം. അതുണ്ടായിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണ നീക്കി തിരുമേനിയെ പ്രീണിപ്പിക്കേണ്ടതു പരീക്ഷയ്‌ക്കു മുന്‍പോ, അതുകഴിഞ്ഞ ഉടനെയോ ആയിരുന്നു. അന്നൊന്നും ഞാന്‍ അതു സൂചിപ്പിക്കപോലും ചെയ്‌തിട്ടില്ലല്ലോ. 'വിധിച്ചതേ കിട്ടൂ' എന്ന ദൃഢമായ വിശ്വാസം എനിക്കുണ്ട്. പിന്നെ ഞാന്‍ അവസരസേവനത്തിന് ഒരുങ്ങുന്നതെന്തിന് ? എന്റെ ഞരമ്പുകളില്‍ പ്രവഹിക്കുന്നതു കലര്‍പ്പറ്റ രക്തമാണ്. ഇന്ന് ഏറ്റവും ദരിദ്രന്മാരാണ് ഞങ്ങളെങ്കിലും, ചരിത്രപ്രഖ്യാതമായ ഒരു കുടുംബത്തിലാണ് എന്റെ ജനനം. പക്ഷേ തിരുമേനി അതൊന്നും അറിഞ്ഞിരിക്കയില്ല. അല്‍പം പറയാം.

'ചങ്ങമ്പുഴ'ത്തറവാട് ഒരു പ്രഭുകുടുംബമായിരുന്നു. ഏതാണ്ടിരുപതു കൊല്ലത്തിനു മുന്‍പുവരെ വന്‍പിച്ച സമ്പത്തു ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ പിടിപ്പില്ലാത്ത കാരണവന്മാര്‍, കാമഭ്രാന്തുമൂലം അവരുടെ പ്രഗല്‍ഭകളായ താല്‍ക്കാലിക പ്രണയിനിമാരുടെ മുന്‍പില്‍ കാണിക്കയര്‍പ്പിച്ച് സര്‍വവും നശിപ്പിക്കയാണുണ്ടായത്. കൊച്ചിയും കോഴിക്കോടും തമ്മില്‍ തുടര്‍ച്ചയായി ഏറെക്കാലം നീണ്ടുനിന്ന യുദ്ധത്തില്‍ 'ഇടപ്പള്ളി'രാജാവ് സാമൂതിരിയുടെ സഹായിയായിരുന്നു എന്നു തിരുമേനിക്കറിയാമല്ലോ. എന്റെ പൂര്‍വികരായ മാതുലന്മാരില്‍ ഒരാളായ 'മാര്‍ത്താണ്ഡപ്പണിക്ക'രായിരുന്നു ഇടപ്പള്ളി രാജാവിന്റെ പടനായകന്‍. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും മറ്റുമായി നേടിടേണ്ടിവന്ന യുദ്ധങ്ങളില്‍ അദ്ദേഹം സധീരം പോരാടി വിജയം നേടിയിട്ടുണ്ട്. സംപ്രീതനായ തമ്പുരാന്‍ അദ്ദേഹത്തിന്റെ യുദ്ധവൈദഗ്ധ്യത്തിനു സമ്മാനമായി അനേകം പുരയിടങ്ങളും നിലങ്ങളും കരം ഒഴിവായി അദ്ദേഹത്തിനു വിട്ടുകൊടുത്തു. ആ സ്വത്താണ് തലമുറകളായി ഞങ്ങള്‍ അനുഭവിച്ചുപോന്നത്. ഒടുവില്‍ തമ്പുരാനുമായി സ്വരച്ചേര്‍ച്ചയില്ലാതെ വരികയാല്‍ ആ പടനായകനമ്മാവന്‍ പതിനെട്ടായുധങ്ങളും ശരീരത്തില്‍ വച്ചുകെട്ടി, ഇടപ്പള്ളി ഗണപതിയുടെ മുന്‍പില്‍ കെട്ടിഞാന്ന് ആത്മഹത്യചെയ്‌തു. അദ്ദേഹത്തെ ഇന്നും ഇവിടെ ഒരു ഭദ്രകാളിക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ച് നാട്ടുകാരും രാജകുടുംബവും പൂജിച്ചുപോരുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു വാള്‍ ഇന്നും എന്റെ വീട്ടിലെ അറയില്‍ ഇരിപ്പുണ്ട്. ഞങ്ങള്‍ രാജഭക്തന്മാരാണ് ! പൊന്നുതിരുമേനിമാര്‍ക്കുവേണ്ടി ഉയിരും ഉടലും അര്‍പ്പിക്കുവാന്‍ സന്നദ്ധരാണ് ! അവരുടെ രക്തം ഉള്‍ക്കൊള്ളുന്ന ഞാന്‍ എങ്ങനെ മറ്റൊരു വിധത്തിലായിത്തീരും? തിരുമേനിയുടെ നിയോഗത്തെ ഞാന്‍ നിരസിച്ചതായിരുന്നില്ല. എനിക്കതു സാധിക്കാതെപോയി എന്നേയുള്ളൂ. തിരുമേനി മഹത്തായ എന്തെങ്കിലും ഈ ശിഷ്യനോട് ഒന്നു പറഞ്ഞുനോക്കൂ! എന്റെ ഗുരുഭക്തി അപ്പോള്‍ വെളിവാകും.

പ്രിയഗുരോ, പൊന്നുതിരുമേനി, ഞാന്‍ അവിടത്തെ ധിക്കരിച്ചു എന്നു ധരിക്കരുത്. ഞാന്‍ ഇന്നിതുവരെ എന്റെ ഗുരുക്കന്മാരില്‍ ആരെയും ധിക്കരിച്ചിട്ടില്ല. പാശ്ചാത്യപരിഷ്കാരം എന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചിട്ടില്ല. അവരുടെ അനുഗ്രഹംകൊണ്ട് മാത്രമേ ജീവിതത്തില്‍ ഗതികിട്ടുകയുള്ളൂവെന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു.

ഞാനും മരിക്കും, തിരുമേനിയും മരിക്കും, നാം ആരും ചിരഞ്ജീവികളല്ല. എന്നും അവിടന്നു കലാശാല പ്രഫസറും ഞാന്‍ ഗവേഷണാനുവാദാഭ്യര്‍ഥിയുമായി നിലനില്‍ക്കുന്നതുമല്ല. ഈ സ്ഥിതിയെല്ലാം മാറിപ്പോകും. ഈ ചുരുങ്ങിയ ജീവിതകാലം നാം എന്തിനു തെറ്റിദ്ധാരണകളെക്കൊണ്ടും പരിഭവങ്ങളെക്കൊണ്ടും കരിപിടിപ്പിക്കുന്നു? തിരുമേനിയെ ആരാധിക്കുന്ന ഒരുവനാണു ഞാന്‍. തിരുമേനിയും ഉള്ളൂരും തമ്മില്‍ 'മലയാളരാജ്യ'ത്തില്‍ നടന്ന വാദപ്രതിവാദകോലാഹലങ്ങളാണ് ആദ്യമായി എന്നെ തിരുമേനിയുടെ ആരാധകനാക്കിയത്. അന്നു ഞാന്‍ ഒരു കലാശാലാ വിദ്യാര്‍ഥിയായിരുന്നില്ല. ഇവിടെ വായനശാലയില്‍ ഞാന്‍ തിരുമേനിയുടെ ഭാഗം പിടിച്ച് എത്ര പടവെട്ടിയിട്ടുണ്ടെന്നു തിരുമേനിക്കറിയാമോ? ആ ആരാധന മാത്രമാണ് 1110 കന്നിമാസം 24-ാം തീയതി ആര്‍ട്സ് കോളെജില്‍വന്ന് എന്റെ ആദ്യത്തെ കൃതിയായ ബാഷ്‌പാഞ്ജലി അവിടേയ്‌ക്ക് സംഭാവന തരുവാന്‍ എന്നെ പ്രേരിപ്പിച്ചത്. തിരുമേനി ഒന്നു തിരക്കിനോക്കൂ. എന്റെ കൃതികള്‍ പാരിതോഷികമായി എത്രപേര്‍ക്ക് ഞാന്‍ കൊടുത്തിട്ടുണ്ടെന്ന് ! ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയ മഹാകവികള്‍ക്കുപോലും 'ചങ്ങമ്പുഴ' പാരിതോഷികം കൊടുക്കാറില്ല. എന്റെ 'സങ്കല്‍പകാന്തി'ക്ക് ഉള്ളൂരിനെക്കൊണ്ട് അവതാരിക എഴുതിച്ചതുതന്നെ മറ്റു ചില സുഹൃത്തുക്കളുടെ നിര്‍ബന്ധംകൊണ്ട് മാത്രമാണ്. പിന്നെ ഞാന്‍ സ്‌നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും എന്റെ കൃതികള്‍ കൊടുക്കും. അവരുടെ അഭിപ്രായങ്ങളെ ഞാന്‍ സ്വീകരിക്കും. ആ നിലയില്‍ പരസ്‌പരം കാണാതെതന്നെ, അങ്ങയെ സ്‌നേഹിച്ചു തുടങ്ങിയ ഒരാളാണ് ഞാന് ‍! അന്നൊന്നും അങ്ങയുടെ ശിഷ്യനായിത്തീരുവാനുള്ള ഭാഗ്യം എനിക്കുണ്ടാകുമെന്നും ഞാന്‍ കരുതിയിരുന്നില്ല. ഏതായാലും ഞാന്‍ അങ്ങയുടെ ശിഷ്യനും അങ്ങ് എന്റെ വന്ദ്യഗുരുഭൂതനുമായി. ആ ബന്ധത്തിനു ബാഹ്യങ്ങളായ പരിണാമഭേദങ്ങള്‍ ഒന്നും ബാധകമാവുകയില്ല. അങ്ങെന്നെ വെറുത്താലും ഞാന്‍ അങ്ങയെ സ്നേഹിക്കും, ആരാധിക്കും. എന്തുകൊണ്ടെന്നാല്‍ വളരെക്കൊല്ലങ്ങള്‍ക്ക് മുന്‍പുതന്നെ ഞാന്‍ അങ്ങയെ സ്നേഹിച്ചുതുടങ്ങി, ആരാധിച്ചുതുടങ്ങി.

സാമാന്യത്തിലധികം ദീര്‍ഘിച്ചുപോയ ഈ കത്ത് ഇനിയെങ്കിലും അവസാനിപ്പിക്കട്ടെ. അങ്ങേയ്‌ക്ക് എന്റെ പേരില്‍ കനിവുള്ളപക്ഷം എനിക്കു കഴിവുള്ള സഹായങ്ങള്‍ ചെയ്‌തുതന്നാല്‍ കൊള്ളാം. മറുപടി ഏതായാലും അയച്ചുതരണമെന്നപേക്ഷ.

തിരുമേനിക്കു സമര്‍പ്പിച്ചിട്ടുള്ള പുസ്‌തകം 'മംഗളോദയ'ക്കാര്‍ അച്ചടിച്ചു തുടങ്ങി. കടലാസിന്റെ വിലയും കിട്ടാനുള്ള വിഷമവുംകൊണ്ട് കാലതാമസം നേരിടുന്നു. ഈയിടെ പ്രസിദ്ധീകരിച്ച മറ്റൊരു പുസ്‌തകം 'പാരിതോഷിക'മായി അയയ്‌ക്കുന്നു. സദയം സ്വീകരിക്കണേ! അറിവില്ലായ്‌മയാല്‍ എന്തെങ്കിലും ഞാന്‍ പരുഷമായി പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ മാപ്പുതരണേ! ഞാന്‍ തിരുമേനിയുടെ ശിഷ്യനല്ലേ? ഗുരുദേവനോട്, അതും രാജവംശത്തില്‍പ്പെട്ട സംസ്‌ക്കാരസമ്പന്നനായ വിശാലഹൃദയനോട്, രാജഭക്തനായ ഒരു വിനീതശിഷ്യന് എന്തും തുറന്നുപറയാമെന്ന വിശ്വാസത്തോടെയാണിതെഴുതുന്നത്. ഈ കത്ത് നശിപ്പിക്കരുതെന്ന് ഒരിക്കല്‍കൂടി അപേക്ഷിച്ചുകൊണ്ട്,

ഭക്തിസ്നേഹബഹുമാനപൂര്‍വം,

വിനീതശിഷ്യന്‍,
ചങ്ങമ്പുഴ (ഒപ്പ്)

(ചങ്ങമ്പുഴ അദ്ദേഹത്തിന്റെ ഗുരുനാഥനായ ഡോക്ടര്‍ ഗോദവര്‍മയ്ക്കയച്ച സുദീര്‍ഘമായ ഒരു കത്ത്. അദ്ദേഹത്തിന്റെ സുപ്രധാനമായ ഒരു ഘട്ടത്തിലെ ചിന്താഗതികളെ ഈ കത്ത് വ്യക്തമാക്കുന്നു.)

II


30-3-114
ചൊവ്വ

പ്രിയപ്പെട്ട കൊച്ചമ്മു

ഇന്നലെ രാത്രി രഹസ്യമായി ഞാന്‍ നിന്റെ ഭവനത്തില്‍വന്നു. ജനല്‍ പഴുതിലൂടെ അകത്തുകടന്നു. നാലുമണിക്കൂറിലധികം നീയുമായി വിവിധ നര്‍മസല്ലാപങ്ങളില്‍ മുഴുകി കഴിച്ചുകൂട്ടി. നിന്റെ ഓരോ വാക്കും മാധുര്യം വിതുമ്പി തുളുമ്പുന്നവയായിരുന്നു. എന്റെ ഹൃദയത്തെ സംഗീതത്തില്‍ പൊതിയുന്ന ഏതോ ഒരല്‍ഭുതശക്തി നിന്റെ കൈവശമുണ്ടെന്നാണ് എന്റെ ദൃഢമായ വിശ്വാസം. നീയുമായിട്ടുള്ള സാഹചര്യം ക്ളേശഭൂയിഷ്‌ഠമായ എന്റെ ജീവിതത്തെ ഇടവിടാതിങ്ങനെ തളിര്‍ ചൂടിക്കാറുണ്ട്. നാം ഇങ്ങനെ അടുത്തു പെരുമാറിത്തുടങ്ങിയിട്ടിപ്പോള്‍ ആറുസംവല്‍സരത്തിലധികമായി. ഇതിനിടയില്‍ പലേ പരിവര്‍ത്തനങ്ങളും എന്റെ ജീവിതഗതിക്കുണ്ടായിട്ടുണ്ടെങ്കിലും നിന്നെ നിശേഷം വിസ്‌മരിക്കുവാന്‍ മാത്രം എനിക്കു കഴിഞ്ഞിട്ടില്ല. ഞാന്‍ അതിനു മന:പൂര്‍വം പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം മുരടിച്ച പരാജയം മാത്രമാണെനിക്കനുഭവം. നിന്റെ ഭാവിജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കത്യന്തം പരിതാപമുണ്ട്. ഞാന്‍ അധികനാള്‍ താമസിയാതെ ഒരു വിവാഹിതനായിത്തീരും. ആ വസ്‌തുത പലപ്പോഴും ഞാന്‍ നിന്നെ ധരിപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം നീയതിന് ഹൃദയപൂര്‍വകം സമ്മതംമൂളുകയാണ് ചെയ്‌തിട്ടുള്ളതെങ്കിലും നീ ആ അവസരങ്ങളില്‍ പ്രകടിപ്പിക്കുന്ന പുഞ്ചിരികളുടെ പിന്നില്‍ ലോകത്തെ നടുങ്ങിപ്പിക്കുന്ന ഓരോ നെടുവീര്‍പ്പുകള്‍ എന്റെ ദൃഷ്‌ടികളില്‍പെടാതിരുന്നിട്ടില്ല.

ഞാന്‍ നിന്നെ വേര്‍പിരിഞ്ഞുപോകുമെന്ന ചിന്ത നിന്റെ ആത്മാവിനെ വല്ലാതെ വേദനിപ്പിക്കും എന്നെനിക്കറിയാം. പക്ഷേ എന്തുചെയ്യട്ടെ. നിന്നെ കൈക്കൊള്ളുന്നതില്‍ ഇന്നും എനിക്ക് പരിപൂര്‍ണസമ്മതംതന്നെയാണ്. പക്ഷേ എന്റെ പ്രിയപ്പെട്ട മാതാവിനോടുള്ള ശപഥം എനിക്ക് പരിപാലിക്കാതെ നിവൃത്തിയില്ല. നിന്നെ ഞാന്‍ എന്റെ ജീവനേക്കാള്‍ സ്‌നേഹിക്കുന്നു. പക്ഷേ ആ സാധുമാതാവിനെ ഞാന്‍ ആരാധിക്കുന്നു. അവര്‍ക്കുവേണ്ടി ഏതൊരു മഹാത്യാഗവും ചെയ്യുന്നതില്‍ എന്റെ ഹൃദയം ഒരിക്കലും ചൂളുകയില്ല. നീ ആജീവനാന്തം അവിവാഹിതയായിത്തന്നെ കഴിച്ചുകൂട്ടുമെന്നു പറയുന്നു. അതു വാസ്‌തവമായി പരിണമിക്കുമെങ്കില്‍ എനിക്കത്യന്തം സഹതാപമാണ് നിന്നോടുള്ളത്. നിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് നീയറിയുന്നില്ല. ഇന്നുതന്നെ നിനക്കു പലേ ജീവിതക്ളേശങ്ങളും അനുഭവിക്കേണ്ടതായിട്ടാണിരിക്കുന്നത്. ഏറെക്കുറെ നീയതനുഭവിച്ചുതുടങ്ങിയിട്ടുമുണ്ട്. നിന്റെ പിതാവിന് വാര്‍ധക്യമായി. ആ ചിത്രംകൂടി മാഞ്ഞുപോയാല്‍ പിന്നെത്തെ സ്ഥിതി എന്താണ് ? നിനക്കു താഴെ നിരാശ്രയരായ രണ്ടു സഹോദരികളും ഒരു സഹോദരനും... നിന്റെ മാതാവിനെപ്പറ്റി എനിക്കു യാതൊരാശങ്കയുമില്ല. ഭക്ഷണമാണവരുടെ ലക്ഷ്യം. അവര്‍ വീട്ടുമൃഗങ്ങളെപ്പോലെ എങ്ങനെയും ജീവിച്ചുകൊള്ളും. ഇന്ന് നിന്റെ ജ്യേഷ്ഠസഹോദരിയുടെ നില സാമാന്യം ഭേദപ്പെട്ടതുതന്നെയാണെന്നു പറയാം. പക്ഷേ അതു സ്ഥിരസ്ഥായിയാണോ എന്നു ഞാന്‍ ദൃഢമായി സംശയിക്കുന്നു. അഥവാ അങ്ങനെയാണെന്നുതന്നെ സങ്കല്‍പിക്കുക. എങ്കില്‍ കൂടി നിന്റെ ദുരന്തപരിണാമട്ടത്തില്‍ ആ സഹോദരി ഒരു സഹായഹസ്‌തം നിന്റെ നേര്‍ക്ക് നീട്ടിത്തരുമെന്ന് എനിക്ക് വിശ്വാസമില്ല. യഥാര്‍ഥമാലോചിച്ചാല്‍ നിന്റെ നാളത്തെ സ്ഥിതി പരിതാപകരംതന്നെയാണ്. എനിക്കതില്‍ വലിയ കുണ്ഠിതം തോന്നുന്നുണ്ട്. എനിക്ക് ചെലുത്താവുന്ന സ്വാധീനശക്തി മുഴുവന്‍ ഉപയോഗിച്ച് ഞാന്‍ പലപ്പോഴും നിന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആലോചനയിലിരിക്കുന്ന ആ വിവാഹത്തിനനുകൂലിക്കുവാന്‍ ഇതാ ഇപ്പോഴും ഞാന്‍ നിന്നെ അതിനു നിര്‍ബന്ധിക്കുന്നു. ഏതുകാലത്തും എന്നില്‍നിന്ന് കഴിവുള്ള സഹായം നിനക്കു പ്രതീക്ഷിക്കാം... പക്ഷേ ഓമനേ എന്റെ ജീവിതസരണിക്കുതന്നെ ഇനിയും എന്തെല്ലാം വ്യതിയാനങ്ങളാണ് സംഭവിക്കുകയെന്നാര്‍ക്കറിയാം.

** ** **

നിന്റെ ഭവനത്തില്‍നിന്ന് മടങ്ങിയെത്തി ഏതാണ്ട് രണ്ടുമണിക്കൂറോളം ഉറങ്ങുകയുണ്ടായി. അതിനുശേഷം ശ്രീദേവിമന്ദിരത്തില്‍പോയി അപ്പുക്കുട്ടനെ പഠിപ്പിച്ചു. 9 മണിക്ക് ട്യൂട്ടോറിയല്‍ കോളെജില്‍ വന്നു. ഇംഗ്ളീഷും ചരിത്രവും പഠിപ്പിച്ചു. അനന്തരം വീട്ടിലേയ്‌ക്കു പോന്നു. വഴിക്കുവച്ച് നിന്നെ കണ്ടു. നീ പൂമുഖത്തു മന്ദഹാസംതൂകിക്കൊണ്ട് നില്‍ക്കുകയായിരുന്നു. ഞാന്‍ നിനക്കൊരു ചുംബനം വലിച്ചെറിഞ്ഞുതന്നു. കുണുങ്ങി കുണുങ്ങി നീ അകത്തേയ്‌ക്കോടിപ്പോയി.
കുളികഴിഞ്ഞ് ചേലക്കുളത്തു മനയ്‌ക്കല്‍ വന്നു. നമ്പ്യാര്‍സാറും ഒരുമിച്ചു സദ്യ ഉണ്ടു. അതിനുശേഷം കിടന്നുറങ്ങി. മൂന്നുമണിക്ക് നമ്പ്യാര്‍സാര്‍ വന്നുവിളിച്ചു. ഞങ്ങള്‍ ഒരുമിച്ച് എറണാകുളത്തേയ്‌ക്കു നടന്നുപോയി. പലേ വിഷയങ്ങളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു. ടാറ്റാക്കമ്പനിയുടെ മുന്‍പില്‍വച്ച് സി. ചന്ദ്രശേഖരമേനോന്‍ ബി.എസ്.സിയെ കണ്ടുമുട്ടി. തന്നെ അവിടെ നിയമിച്ചിരിക്കുന്ന വിവരം ആ സുഹൃത്ത് ഞങ്ങളെ ധരിപ്പിച്ചു. റെയില്‍വേസ്റേഷനില്‍ വന്നു ഞങ്ങള്‍ രണ്ടു വഴിയായി പിരിഞ്ഞു. ഞങ്ങള്‍ ബീച്ച് റോഡില്‍ കൂടിയാണ് പോയത്. വടക്കേപ്പാട്ടു മാധവന്‍നമ്പ്യാരെ കാണേണ്ടതായിരുന്നു ഉദ്ദേശ്യം. മലബാര്‍ സെന്‍ട്രല്‍ ബാങ്കില്‍ ചെന്നന്വേഷിച്ചതില്‍ വടക്കോട്ടുപോയിട്ട് തിരിച്ചെത്തിയിട്ടില്ലെന്നറിഞ്ഞു. വാസുദേവന്‍നമ്പൂതിരിയുടെ വൈദ്യശാലയില്‍ ഒരുമണിക്കൂറോളം കഴിച്ചുകൂട്ടി. അവിടെ ഇരിക്കുമ്പോള്‍ വടക്കേകോശേരിലെ രവിവര്‍മന്‍ വന്നുകൂടി. തൃപ്പൂണിത്തുറ ഉല്‍സവത്തിനു വരണമെന്നദ്ദേഹം ക്ഷണിച്ചു. ഏഴരമണിക്ക് എറണാകുളത്തുനിന്നു മടങ്ങി. ഇടപ്പള്ളിയില്‍ വന്നു രാമകൃഷ്‌ണന്റെ പീടികയില്‍ കയറി കാപ്പികുടിച്ചു. നമ്പിയാര്‍സാര്‍ കോശേരിയിലേക്കു പോയി. ഞാന്‍ കുളിയും ഊണും കഴിഞ്ഞപ്പോള്‍ അദ്ദേഹം മടങ്ങിവന്നു. മാധവന്‍നമ്പ്യാര്‍ വന്നിട്ടുണ്ടെന്നും, വെളുപ്പിനുള്ള വണ്ടിക്കു കാസര്‍കോട്ടയ്‌ക്കു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃഷ്‌ണന്‍കുട്ടിമേനോന്‍ എഫ്.എല്‍. പരീക്ഷയ്‌ക്ക് വിജയം നേടിയ സന്തോഷവാര്‍ത്തയും സാര്‍ എന്നെ ധരിപ്പിച്ചു. ഞങ്ങള്‍ താന്നിപ്പറമ്പിലേക്കു പോന്നു. അവിടെ വന്നപ്പോള്‍ ശങ്കരനാരായണനും ദാമോദരനും 'കോമളവല്ലി' എന്ന നോവല്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൂന്നു ദിവസത്തിനുമുന്‍പ് അവര്‍ സിനിമ കാണുവാന്‍ പോയതും എന്നിട്ടു തൃപ്പൂണിത്തുറയ്‌ക്ക് ഉദ്യോഗം അന്വേഷിച്ച് പോയതാണെന്ന കളവുപറഞ്ഞതും മറ്റും സൂചിപ്പിച്ചു. മൂന്നു മണിക്കൂറിലധികം ശങ്കരനാരായണനെ ഗുണദോഷിച്ചു. ഞങ്ങളുടെ പ്രസംഗം ശങ്കരനാരായണന്റെ ഹൃദയത്തില്‍ തട്ടി. അദ്ദേഹം പശ്ചാത്തപിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. 6-ാം തീയതി തിങ്കളാഴ്ച commercial institute ല്‍ ചേരണമെന്നും അതിനുവേണ്ട പണം ഞാന്‍ തന്നുകൊള്ളാമെന്നും പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചു. ഞാന്‍ അനന്തരം ഒരുമണിക്കൂര്‍നേരം വായിച്ചു. പിന്നീട് ഡയറി എഴുതി. മൂന്നുമണിക്ക് ഉറങ്ങാന്‍ കിടന്നു.

(ചങ്ങമ്പുഴ തന്റെ ബാല്യകാലസഖിയായ കൊച്ചമ്മുവിന്, വയലറ്റു മഷികൊണ്ട് കുനുകുനുന്നനെയുള്ള ചെറിയ അക്ഷരത്തില്‍ എഴുതിയ കത്ത്. ആത്മകഥയായ 'തുടിക്കുന്നതാളി'ലും, 'ബാഷ്‌പാഞ്ജലി'യിലെ 'പ്രതിജ്ഞ' എന്ന കവിതയിലും ചങ്ങമ്പുഴയുടെ ഏകനോവലായ 'കളിത്തോഴി'യിലെ നായികാസങ്കല്‍പത്തിലും കൊച്ചമ്മുവിന്റെ സാന്നിധ്യം ഉണ്ട്. സാധാരണബുക്കിന്റെ രണ്ടു കടലാസ്സില്‍ - നാലു പുറങ്ങളിലുള്ള കത്തില്‍, ഓരോ വശത്തെയും മാര്‍ജിനില്‍ ഒപ്പിട്ടിട്ടുണ്ട്. കത്തിനടിയില്‍ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല.)

******

ചങ്ങമ്പുഴ കൃഷ്‌ണപിള്ള, കടപ്പാട് : ഗ്രന്ഥാലോകം, മെയ് 2010

അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചങ്ങമ്പുഴ അദ്ദേഹത്തിന്റെ ഗുരുനാഥനായ ഡോക്ടര്‍ ഗോദവര്‍മയ്ക്കയച്ച സുദീര്‍ഘമായ ഒരു കത്ത്. അദ്ദേഹത്തിന്റെ സുപ്രധാനമായ ഒരു ഘട്ടത്തിലെ ചിന്താഗതികളെ ഈ കത്ത് വ്യക്തമാക്കുന്നു.

മറ്റൊരു കത്തില്‍ ചങ്ങമ്പുഴ തന്റെ ബാല്യകാലസഖിയായ കൊച്ചമ്മുവിന്, വയലറ്റു മഷികൊണ്ട് കുനുകുനുന്നനെയുള്ള ചെറിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു. ആത്മകഥയായ 'തുടിക്കുന്നതാളി'ലും, 'ബാഷ്‌പാഞ്ജലി'യിലെ 'പ്രതിജ്ഞ' എന്ന കവിതയിലും ചങ്ങമ്പുഴയുടെ ഏകനോവലായ 'കളിത്തോഴി'യിലെ നായികാസങ്കല്‍പത്തിലും കൊച്ചമ്മുവിന്റെ സാന്നിധ്യം ഉണ്ട്. സാധാരണബുക്കിന്റെ രണ്ടു കടലാസ്സില്‍ - നാലു പുറങ്ങളിലുള്ള കത്തില്‍, ഓരോ വശത്തെയും മാര്‍ജിനില്‍ ഒപ്പിട്ടിട്ടുണ്ട്. കത്തിനടിയില്‍ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല