Monday, July 7, 2008

അരുതേ...കൊല്ലരുതേ..

ഞാന്‍ ഒരു ബാരിക്കേഡ്.

എന്നെ കണ്ടിട്ടില്ലേ?

സമരമുഖങ്ങളില്‍ പേടിച്ച് വിറച്ചുനില്‍ക്കുന്ന എന്റെ മുഖം നിങ്ങള്‍ എത്രയോ തവണ കണ്ടിട്ടുണ്ടാവും.

പക്ഷേ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

അതിന്റെ കാര്യവുമില്ല.

ഞങ്ങള്‍ ബാരിക്കേഡുകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമില്ല, സാമൂഹ്യബന്ധമില്ല, ശോഭനമായ ഭാവിപോലുമില്ല.

അനങ്ങാത്ത ദുര്‍ഭൂതങ്ങളെപ്പോലെ നിധി കാത്ത് നില്‍ക്കലാണു വിധി. വെയിലും മഞ്ഞും മഴയും ബാധകമല്ല. ക്രമസമാധാനത്തിന്റെ ഒന്നാം പാഠമാണ് ഞങ്ങള്‍.

ഒരേ മുഖം, ഒരേ ശരീരം, ഒരേ വികാരം. ഞങ്ങള്‍ ഒരമ്മ പെറ്റ മക്കള്‍.

വെറും പൊലീസിനു മുതല്‍ ഡിഐജിക്കു വരെ ചോര പൊടിയാത്തത് ഞങ്ങള്‍ കാരണം. ഞങ്ങള്‍, കുരയ്ക്കാത്ത അല്‍സേഷനുകള്‍. അങ്കച്ചേകവന്മാര്‍ കച്ച മുറുക്കുമ്പോള്‍ ചത്തുകിടക്കുന്ന നേര്‍ച്ചക്കോഴികള്‍.

ഞങ്ങളെ ആര്‍ക്കു വേണം?

എന്നാല്‍ ചെറുപ്പത്തില്‍ ഞങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല. ഓര്‍ക്കാന്‍ ഒരു തുള്ളി തെളിനീരിന്റെ ഗൃഹാതുരത്വം ഞങ്ങള്‍ക്കുമുണ്ട്.

അല്ലലും അലട്ടലുമില്ലാത്ത ബാല്യം. പൊലീസ്ക്യാമ്പിലെ അരുമകളായി വളര്‍ന്നു. ശീതാതപങ്ങള്‍ ഏറ്റില്ല. പുള്ളിപ്പട്ടും വെള്ളിക്കിണ്ടിയും കൂട്ടിനെത്തി. ചാഞ്ഞമരം വെട്ടി, ചതുരത്തില്‍ പടിയിട്ട് ചാഞ്ചക്കം ചാഞ്ചക്കം ഉറങ്ങി.

തോക്കു പിടിക്കുന്ന കൈകള്‍കൊണ്ട് തലോടല്‍, പിഴയ്ക്കാത്ത നാക്കുകൊണ്ട് താരാട്ടും.

പുള്ളിമാനിനൊപ്പം തുള്ളിക്കളിച്ച ഒരു പോയകാലം.

അന്ന് ലാത്തിവടികള്‍ക്ക് ഞങ്ങളോട് എന്ത് അസൂയയായിരുന്നു!

പാവങ്ങള്‍.

അവര്‍ക്കെന്ത് കഷ്ടപ്പാടായിരുന്നു. രാവിലെ നല്ല എണ്ണക്കറുമ്പനെപ്പോലെ പോകുന്നവര്‍ വൈകിട്ട് കരചരണങ്ങളറ്റ് മടങ്ങിവരുന്നതു കാണാം. നഴ്സറിയില്‍ ചേരാന്‍ പോയവന്‍ വാര്‍ധക്യകാല പെന്‍ഷനും വാങ്ങിവരുന്നപോലെ. കവിളില്‍ തുടുപ്പില്ല, മേനിയില്‍ മിനുക്കില്ല, ഒടിഞ്ഞും ചതഞ്ഞും ഞൊണ്ടിയും മുടന്തിയും ഏന്തിയും വലിഞ്ഞുമുള്ള വരവ്.

വിശന്നുപൊരിഞ്ഞ് കാത്തിരിക്കുന്ന ലാത്തിക്കുഞ്ഞുങ്ങള്‍ക്ക് ഇത്തിരി കഞ്ഞി അനത്തിക്കൊടുക്കാന്‍പോലും ഇവര്‍ക്ക് കഴിയില്ല. വേദന. നീറിപ്പിടിക്കുന്ന വേദന. കൊട്ടന്‍ചുക്കാദിയും പിണ്ഡതൈലവും നിസ്സഹായമായിപ്പോകുന്ന വേദന.

എത്ര വേദനയാണെങ്കിലും ശരി പിറ്റെ ദിവസവും ജോലിക്കു പോയേ പറ്റൂ.

ലാത്തിക്കുഞ്ഞുങ്ങള്‍ അവരുടെ അഛന്മാരെ കെട്ടിപ്പിടിച്ച് കരയുന്നത് എത്രയോവട്ടം കണ്ടിരിക്കുന്നു.

'അഛാ... പോകല്ലേ... ഞങ്ങള്‍ക്ക്... അഛനെ ഇല്ലാതാക്കല്ലേ..'

'ഇല്ല... മോനേ... അഛനൊന്നും പറ്റില്ല... പോകട്ടെ... പോകാതെ പറ്റ്വോ... നമുക്ക് ജീവിക്കണ്ടെ...'

'വേണ്ട... നമുക്ക് ഈ ജീവിതം വേണ്ടഛാ...'

'വേറെ എന്ത് വഴിയാണ് മോനേ നമുക്കുള്ളത്? നമുക്ക് കഞ്ഞി കുടിക്കണ്ടേ... നിന്റെ അമ്മക്ക് മരുന്ന് വാങ്ങണ്ടേ? നിനക്കു പഠിക്കാന്‍ പോകണ്ടെ? നിന്റെ അനിയത്തിക്ക് ഉടുപ്പു വാങ്ങണ്ടെ? പോട്ടേ മോനേ... അഛന്‍ പോട്ടേ...'

അഛന്‍ലാത്തി ആരും കാണാതെ കണ്ണീര്‍ തുടയ്ക്കും. അപ്പോഴേയ്ക്കും ഒരു പൊലീസുകാരന്‍ അയാളെ തോളത്തു തൂക്കിയിട്ടുണ്ടാവും.

ഈ ദയനീയ ദൃശ്യങ്ങള്‍ എത്ര കണ്ടു!

അന്ന് ഞങ്ങള്‍ കരുതി

'ഈ വിധി ഞങ്ങള്‍ക്കുണ്ടാവില്ല. ഞങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍!'

എല്ലാം തോന്നലായിരുന്നു.

എന്നും ഒന്നും ഒന്നുപോലെയായിരിക്കില്ലെന്നത് എത്ര സത്യം!

എല്ലാ ചിരിക്കുപിന്നിലും ഒരു ദുരന്തം കാത്തിരിപ്പുണ്ട്. അഹങ്കരിക്കുന്നവരേ, കരുതിക്കോളൂ ആരും അതീതരല്ല.

അങ്ങനെ ഞങ്ങള്‍ക്കും വന്നു ദുരിതകാലം, ചാനലുകളുടെ രൂപത്തില്‍.

അതോടെ സമരത്തിന്റെ രൂപം മാറി, ഭാവം മാറി.

രൂപഭദ്രതാ സമരങ്ങള്‍.

ഭാവഭദ്രതാ സമരങ്ങള്‍.

രൂപവും ഭാവവും ചേര്‍ന്ന് അഭിനയം നിറഞ്ഞ ഷൂട്ടിംഗ് ലൊക്കേഷനുകളായി സമരഭൂമികള്‍.

അതിനും വേണ്ടേ ഇരകള്‍.

വേണം.

അതാണ് ഞങ്ങള്‍ ബാരിക്കേഡുകള്‍.

പൂമെത്തയില്‍നിന്നും കാരമുള്ളിലേക്കുള്ള ഞങ്ങളുടെ യാത്ര അങ്ങനെ തുടങ്ങി.

വായിലെ വെള്ളിക്കരണ്ടി പോയി.

തങ്കത്തരിവളയും കൊലുസും പോയി.

ജീവിതപ്പെരുവഴിയില്‍ ഞങ്ങള്‍ വിവസ്ത്രരാക്കപ്പെട്ടു.

ഉറക്കത്തിന്റെയും ആലസ്യത്തിന്റെയും സുഖം പോയി.

കൊച്ചുവെളുപ്പാന്‍ കാലത്തേ കുത്തി എഴുന്നേല്‍പ്പിക്കും.കണ്ണുതിരുമ്മാന്‍പോലും സമയമില്ല, പിന്നെയല്ലെ കട്ടന്‍കാപ്പി.

വെറും വയറ്റില്‍തന്നെ ജോലിക്കു പോണം. എത്രയോ തവണ തല കറങ്ങി. എത്രയോ തവണ തളര്‍ന്നു വീണു.

ബിപി കൂടി.

വിട്ടുമാറാത്ത തലവേദന. ദഹനക്കുറവ്, പുളിച്ചു തികട്ടല്‍.

അസുഖങ്ങള്‍ ഓരോന്നായി വിളിച്ചു.

കാര്യമില്ല.

പോയേ പറ്റൂ.

ആദ്യം പണി. പിന്നെ പണിയില്‍നിന്നു കിട്ടുന്ന പണി.

പണി തുടങ്ങി.

ഒറ്റ നില്‍പ്പ്.

സ്വയംവരപ്പന്തലില്‍ മാല കിട്ടാത്ത മണവാളനെപ്പോലെ.

ദൂരെനിന്നും ഇരമ്പം തുടങ്ങി. ഉച്ചഭാഷിണിയുടെ ശരണം വിളി.

'ഇതാ... ഈ വാഹനത്തിന്റെ പിന്നാലെ... ജനലക്ഷങ്ങള്‍....കടന്നുവരുന്നു...'

തൊട്ടെണ്ണിയാല്‍ ജനലക്ഷം പന്ത്രണ്ടെണ്ണം കാണും.

എണ്ണത്തിലെന്തിരിക്കുന്നു?

ഒരെണ്ണം മതിയല്ലോ!

കാലിന്റെ പെരുവിരലില്‍ നിന്നൊരു വിറ കയറിത്തുടങ്ങി.

ദൂരെ നിന്നുതന്നെ ഞങ്ങളെ കണ്ടാല്‍ മതി, ഓരോന്നും ഓരോ മുട്ടനാടാവും. അടി, ഇടി, ചവിട്ട്, കുത്ത് തുടങ്ങി എല്ലാ ഉല്‍സവപരിപാടികളും ഉണ്ടാവും.

അനങ്ങാതെ നില്‍ക്കണം ഞങ്ങള്‍.

ചാനലുകള്‍ പച്ചില കാണിക്കുന്നതുവരെ തുടരും ഈ മേഷയുദ്ധം.

പാഞ്ചാലിക്കുപോലും ഇങ്ങനെ ഒരു വിധി ഉണ്ടായിട്ടില്ല. ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലായിരുന്നു അവരുടെ വസ്ത്രാക്ഷേപം. ഇത് ആള്‍ക്കൂട്ട പെരുവഴിയുടെ നടുക്കാണ്. ആര്‍ക്കും വരാം, കാണാം, ആസ്വദിക്കാം.

ഇപ്പോള്‍ ഞങ്ങള്‍ കരയാറില്ല. കരഞ്ഞു കരഞ്ഞ് ഞങ്ങള്‍ മരവിച്ചു.

ഈ കടുത്ത പീഡനങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് കുറേ പുതിയ അറിവുകള്‍ ഉണ്ടായി.

പീഡനം ഒരു പാഠശാലയാണ്.

കുറെ അജ്ഞത നീങ്ങി.

എല്ലാ ചവിട്ടും ഒരുപോലെയെന്നാണല്ലോ പൊതു ധാരണ.

തെറ്റ്.

പലതരം ചവിട്ടുണ്ടെന്ന് കൊള്ളുമ്പോഴേ മനസ്സിലാവൂ.

രാഷ്ട്രീയ പ്രാധാന്യമുള്ള ചവിട്ടുണ്ട്. ഭാവിയെക്കരുതിയുള്ള ചവിട്ടാണ് അത്. അച്ചടിക്കുന്ന ചവിട്ട്.

ക്യാമറ... റെഡി... ആക്ഷന്‍...

ചവിട്ട്.

ക്യാമറക്കാരനോട് കണ്ണിറുക്കി ഒരു ചോദ്യം.

എങ്ങനെ?

അവനും കണ്ണിറുക്കിയാല്‍ മതി, വെച്ചടി വെച്ചടി കയറ്റമായി.

ഇതു പറയുന്നപോലെ എളുപ്പമല്ല. നല്ല പരിശീലനം ആവശ്യമാണ്. ഹോം വര്‍ക്കും ഗ്രൌണ്ട് വര്‍ക്കും വേണം.

കയറിപ്പോകാനുള്ളതാണ്.

പിന്നെ ചവിട്ടിയരക്കുന്നവരും, ചവിട്ടിത്തിരിക്കുന്നവരുമുണ്ട്. അവര്‍ ചവിട്ടുന്നത് ഞങ്ങളെയാണെങ്കിലും കൊള്ളുന്നത് വേറെ സ്ഥലത്താണ്.

ഹൈക്കമാന്‍ഡ് നിലവാരത്തിലുള്ള ചവിട്ടാണ് അത്.

പിന്നെ വെറും ചവിട്ടുണ്ട്.

വിവരദോഷികള്‍ എവിടെയുമുണ്ടാവുമല്ലൊ!

കൂട്ടത്തില്‍ കന്നിച്ചവിട്ടുകാരുണ്ടാവും. അവരുടെ വരവ് കണ്ടാല്‍ അറിയാം. അമ്പരപ്പും പരിഭ്രമവുമൊക്കെക്കാണും.

കഷ്ടം തോന്നും.

എങ്കിലും കാലുകൊണ്ട് ഹരിശ്രീ കുറിക്കുന്നതല്ലെ. ചിലര്‍ കയറിപ്പോകും.

ഞങ്ങള്‍ ചവിട്ടും തൊഴിയുമേറ്റ് അവശരാകുന്നതു കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് വരുന്ന ചിലരുണ്ട്.

എല്ലാവരെയും ശാന്തരാക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും കക്ഷി. ഒന്നൊന്നോയി പരാജയപ്പെടും.

ഒടുവില്‍ തിരിഞ്ഞുനിന്നൊരു ചവിട്ടുണ്ട്. ചങ്ക് കലങ്ങിപ്പോകും.

ചില സ്ഥലത്ത് ഇതിനെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നും പറയും.

അങ്ങനെ എന്തെല്ലാം ഞങ്ങള്‍ കണ്ടിരിക്കുന്നു.

എത്ര പേര്‍ ഞങ്ങളെച്ചവിട്ടി കയറിപ്പോയി!.

എത്ര പേര്‍ ഞങ്ങളെച്ചവിട്ടി വീണു പോയി!.

ഇനിയും ഗതി കിട്ടാതെ എത്ര പേര്‍ ഞങ്ങളെ ചവിട്ടിക്കൊണ്ടേയിരിക്കുന്നു!

ഒടിഞ്ഞ എല്ലും ചതഞ്ഞ ശരീരവുമായി ഞങ്ങള്‍ ഇതെല്ലാം അനുഭവിക്കുന്നു. നാടകം കഴിയുമ്പോള്‍ കര്‍ടന്‍ സെറ്റ് ആര്‍ക്കു വേണം?

കീറിയ കര്‍ടനായി വഴിയില്‍ കിടക്കുകയാണ് ഞങ്ങള്‍. മൂന്നാം ബെല്ലിനും പ്രേക്ഷകനുമിടയിലെ ആകാംക്ഷയായി എത്ര നഗരങ്ങള്‍ ഞങ്ങള്‍ നാടകവേദികളാക്കി!

അഴിച്ചുവെച്ച മേയ്ക്കപ്പുകള്‍ ഞങ്ങള്‍ എത്ര കണ്ടു! അഴിക്കാത്ത മേയ്ക്കപ്പുകള്‍ എത്ര കാണുന്നു!

വയ്യ.

ഈ ശരീരത്തിലിനി ഒടിയാത്ത എല്ലും ചതയാത്ത മാംസവുമില്ല. ജീവിക്കാന്‍ മറ്റൊരു ഗതിയുമില്ലാത്തതുകൊണ്ട് നഗരത്തിലെ നോക്കുകുത്തികളായി നില്‍ക്കേണ്ടിവന്ന ഞങ്ങളെ കൊല്ലല്ലേ.

ഞങ്ങള്‍ക്കുമുണ്ടേ കുഞ്ഞുകുട്ടി പരാതീനങ്ങള്‍.

കണ്ണുള്ളവരേ... കണ്ണില്ലാത്ത ഞങ്ങളോട് കണ്ണില്‍ച്ചോരയില്ലാതെ പെരുമാറരുതേ!

ഞങ്ങളും ജീവിച്ചോട്ടെ.

*


ശ്രീ എം എം പൌലോസ് കടപ്പാട്: ദേശാഭിമാനി

Sunday, July 6, 2008

കമ്യൂണിസ്റ്റ് ഡെന്‍

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഡെന്‍ എന്നു ഞാനിവിടെ പറയുന്ന ഈ വൈക്കം മുഹമ്മദ്ബഷീറും പൊലീസുകാരും എഎസ്‌പിയും ഡിഎസ്‌പിയും ഒക്കെക്കൂടി റെയ്‌ഡ് ചെയ്തു സാധനസാമഗ്രികളും അട്ടിമറിരേഖകളും മറ്റും കസ്റ്റഡിയിലെടുത്ത സംഭ്രമജനകമായ കഥയാണിത്.

കഥ എന്നുപറഞ്ഞാല്‍ ചുമ്മാ കഥയല്ല, ചരിത്രം. പക്ഷേ, സംഭവം നടന്നിട്ട് നൂറ്റാണ്ടുകള്‍ ഏറെ ആയമാതിരി. ഓര്‍മപ്പിശകുകള്‍ ചിലതൊക്കെ വരാം. പിന്നെ ഇടയ്ക്കെനിക്ക് മാനസികമായ ഒരു കുഴപ്പവും നേരിട്ടു. ശകലം ഭ്രാന്ത്. തന്മൂലം പലതും വിസ്‌മൃതി എന്നു പറയുന്ന ഇരുളില്‍ മറഞ്ഞുപോയിരിക്കുന്നു. എന്നാല്‍ ചിലതിലെല്ലാം ചിലപ്പോള്‍ ഓര്‍മയുടെ വെളിച്ചംവീഴും. ഇതിലെ പ്രധാന കഥാപാത്രം കമ്യൂണിസ്റ്റ്പാര്‍ടിയാണ്. ഈ കമ്യൂണിസ്റ്റ്പാര്‍ടി അന്നൊരു പയ്യനാണ്. ഇതിലെ പ്രധാന വില്ലന്‍ സര്‍വശ്രീ സചിവോത്തമന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ അവര്‍കളാകുന്നു. അദ്ദേഹം തിരുവിതാംകൂര്‍ രാജ്യം അടക്കി ഭരിച്ചുകൊണ്ടിരിക്കുന്നു. അവിടെ ഒരു രാജാവുമുണ്ട്. ഈ രാജാവിന്റെ കീഴില്‍ ഉത്തരവാദഭരണം സദയം അനുവദിച്ചുകിട്ടണം എന്നുള്ള മിനിമം പരിപാടിയുമായി സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന സംഘടന സമരം നടത്തിക്കൊണ്ടിരിക്കുന്നു.

ഈ കാലത്തിനു സ്വല്‍പ്പം മുമ്പുതന്നെ ഞാന്‍ അയല്‍രാജ്യമായ കൊച്ചിരാജ്യത്തുവന്ന് എറണാകുളത്ത് താമസിക്കുന്നു. പട്ടിണിയും എഴുത്തും. പിന്നെ എന്റെ പേരില്‍ വാറണ്ടുമുണ്ട്. തിരുവിതാംകൂര്‍ കടന്നാല്‍ അറസ്റ്റ്ചെയ്ത് ഇടിച്ചു പഞ്ചറാക്കും! ഞാന്‍ രാജ്യദ്രോഹപരങ്ങളായ ലേഖനസഹായംചെയ്ത് തിരുവിതാംകൂറില്‍ ഒരഞ്ചാറു പത്രങ്ങളെ നിരോധിപ്പിച്ചു കണ്ടുകെട്ടിച്ചിട്ടുമുണ്ട്. തിരുവിതാംകൂറില്‍ കൂലിപ്പട്ടാളവും ഗുണ്ടകളും പൊലീസുകാരും സചിവോത്തമന്റെ മഹനീയ നേതൃത്വത്തില്‍ കൊള്ളയായ കൊള്ളകളെല്ലാം നടത്തുകയാണ്. പൊലീസ് ലോക്കപ്പിലിട്ട് ഒറ്റയ്ക്കടിച്ചുകൊല്ലുക. വെളിയില്‍വച്ചു കൂട്ടത്തോടെ വെടിവച്ചുകൊല്ലുക. ഇങ്ങനെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ പുന്നാര സചിവോത്തമന്‍ അവര്‍കള്‍ ഹരംപിടിച്ചു രാജ്യഭരണം നടത്തിക്കൊണ്ടിരിക്കുന്നു.

'ഹതഭാഗ്യയായ എന്റെ നാട്', 'പട്ടത്തിന്റെ പേക്കിനാവ്' എന്നിവ രണ്ടും പ്രസിദ്ധപ്പെടുത്തിയ പത്രം കണ്ടുകെട്ടി. 'ധര്‍മരാജ്യം!' എന്ന പേരില്‍ ആ ലേഖനം ഒരു ചെറുപുസ്തകമാക്കി തിരുവിതാംകൂറില്‍ വിതരണംചെയ്തു. അതും പേക്കിനാവും സചിവോത്തമന്‍ നിരോധിച്ചു. (രണ്ടിനുംകൂടി രണ്ടരക്കൊല്ലം കഠിനതടവു ശിക്ഷ കിട്ടിയിരുന്നു). പിന്നെ ഞാന്‍ എന്തെഴുതിയാലും നിരോധിക്കും എന്ന മട്ടായി. അന്ന് എഴുത്തിനു പ്രതിഫലം വാങ്ങാന്‍ പാടില്ലായിരുന്നു. കഥയോ ലേഖനമോ എഴുതാം. പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തും. കാശു ചോദിക്കാന്‍ പാടില്ല! സാഹിതീദേവിയെ പൂജിക്കുക, അര്‍ച്ചനചെയ്യുക - ഇതൊക്കെ ഞാന്‍ ചെയ്തു. പക്ഷേ, തളര്‍ന്ന്, അയ്യോ വിശക്കുന്നേ എന്നിടയ്ക്കു ഞാന്‍ പറഞ്ഞുപോകും.

ഇങ്ങനെ കഴിയുന്ന കാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസിന് എറണാകുളത്ത് ഒരു ക്യാമ്പുണ്ടായിരുന്നു. നേതാക്കന്മാരെല്ലാം അറസ്റ്റ് പേടിച്ച് അവിടെയാണ്. ഇതിലെ മൈനറന്മാരായ യൂത്ത്‌ലീഗുകാര്‍ കാര്യമായ താവളമൊന്നുമില്ലാതെ അങ്ങുമിങ്ങും എറണാകുളത്ത് അലഞ്ഞുതിരിയുന്നു. ചിലര് എന്റെ കൂടെ ചിലപ്പോള്‍ അന്തിയുറങ്ങാന്‍ വരും. എന്റെ മുറി ഒരടുക്കളയാണ്. മാസത്തില്‍ വാടക കാല്‍ ബ്രിട്ടീഷ് രൂപ. (അന്ന് തിരുവിതാംകൂര്‍ രൂപയും ബ്രിട്ടീഷ് രൂപയുമുണ്ട്). ഇതു ശരിക്കുകൊടുക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. പക്ഷേ, അന്നു ഞാന്‍ ഒരു മുഠാളനാണ്. രണ്ട് മിലിട്ടറി ഷൂ, ഒരു പാന്റ്, ഒരു ജുബ്ബാ ഇതെല്ലാം ഫിറ്റ്ചെയ്ത് ഭഗത്‌സിങ്മോഡല്‍ മീശയുമായി ഇരുമ്പുവടി വിഴുങ്ങിയമാതിരി അങ്ങനെ കുത്തനെ നടക്കും. യാതൊന്നിന്റെയും മുന്നില്‍ ശിരസ്സു കുനിയുകയില്ല.

ഒമ്പതുപത്തു കൊല്ലത്തെ അഖിലഭാരത സഞ്ചാരം കഴിഞ്ഞിട്ടാണ് ഞാന്‍ എറണാകുളത്ത് വന്നിരിക്കുന്നത്. അതിനുമുമ്പ് ഒന്നുരണ്ടു പ്രാവശ്യം ജയിലില്‍ കിടന്നിട്ടുണ്ട്. രണ്ടാമത്തെ ജയില്‍വാസത്തോടെ സര്‍ദാര്‍ ഭഗത്‌സിങ് ആയി എന്റെ നേതാവ്. ജയിലില്‍വച്ചാണോ പി കൃഷ്ണപിള്ളയുമായി പരിചയപ്പെടുന്നത്? ശരിക്കോര്‍ക്കാന്‍ കഴിയുന്നില്ല. എറണാകുളത്തുവച്ച് ഏതായാലും പരിചയമായി. ഞങ്ങള്‍ ഒരുമാതിരി സ്നേഹിതന്മാരായിരുന്നു. ഒരുമിച്ച് കാപ്പി കുടിച്ചിട്ടുണ്ട്. ഒരേ മുറിയില്‍ കിടന്നുറങ്ങിയിട്ടുണ്ട്. കാര്യമായ വര്‍ത്തമാനങ്ങളും പറഞ്ഞിട്ടുണ്ട്.

കൃഷ്ണപിള്ള ആരെയും വകവയ്ക്കുന്ന കൂട്ടത്തിലായിരുന്നില്ല. നല്ല ബുദ്ധിയും തന്റേടവും ഉണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ രാഷ്ട്രീയം ഞാന്‍ വന്‍തോതില്‍ വിട്ടിരുന്നു. സാഹിത്യമാണ്. എന്നു പറഞ്ഞാല്‍ കഥകള്‍. എനിക്കൊരുപാട് അനുഭവങ്ങളുണ്ട്. കഥകളാക്കുകയല്ലാതെ അതൊക്കെപ്പിന്നെ എന്തുചെയ്യും? എന്നാല്‍, കഥകള്‍ മാത്രമല്ല ഞാന്‍ എഴുതിയിരുന്നത്. ലഘുലേഖകള്‍. തീപ്പൊരി ചിതറുന്ന ലേഖനങ്ങളായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. ആ ഭാഷ കളയാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടിയതിന്റെ ഫലമാണ് ഈ ഭാഷ.

അന്നു ലഘുലേഖകള്‍ സ്വന്തമായി എഴുതും. യൂത്ത്‌ലീഗിനുവേണ്ടി എഴുതും. കുറെയൊക്കെ സ്റ്റേറ്റ് കോണ്‍ഗ്രസിനുവേണ്ടിയും. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടി കമ്യൂണിസ്റ്റ്പാര്‍ടിയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണെന്നുതോന്നുന്നു. ശരിക്കിപ്പോള്‍ നല്ല ഓര്‍മ തോന്നുന്നില്ല. ഞാന്‍ പറഞ്ഞില്ലേ, കാലം വളരെയായി. ആ ലഘുലേഖ എഴുതുന്ന കാലത്ത് പട്ടിണിയും പാടുമായിരുന്നെങ്കിലും എനിക്കൊരു ബട്ളര്‍ ഉണ്ടായിരുന്നു. എന്നു പറഞ്ഞാല്‍ ഒരു സെര്‍വന്റ്. അവന്‍ എറണാകുളം പരിസരത്തുള്ള ഒരു ദ്വീപുകാരനാണ്. അവനെ എനിക്കു കിടന്നുകിട്ടിയതാണ്. എന്നുപറഞ്ഞാല്‍, ഞാന്‍ താമസിക്കുന്നത് ഒരു മതില്‍ക്കെട്ടിനകത്തുള്ള രണ്ടുമൂന്ന് കെട്ടിടങ്ങളില്‍ ഒന്നിലാണ്. എല്ലാറ്റിലും ആളുകള്‍ മുറിയെടുത്തു താമസിക്കുന്നു. അതില്‍ ഒരു കെട്ടിടത്തിന്റെ വരാന്തയില്‍ അവന്‍ കിടക്കുന്നതുകണ്ടു. വളരെ സമയം. അവനെ വിളിച്ചുണര്‍ത്തി എന്റെ കൂടെ നിന്നോളാന്‍ പറഞ്ഞു. അവന് ഒരു പുതിയ പേരുംകൊടുത്തു.

'സാമി'.

ലഘുലേഖകള്‍ എഴുതിക്കാന്‍ വരുന്നവര്‍ ഉച്ചയാകുമ്പോള്‍, 'നമുക്കുണ്ണണ്ടേ?' എന്നു സദയം ചോദിക്കുമല്ലോ. അപ്പോള്‍ ഞാന്‍ ആളെണ്ണിനോക്കിയിട്ടു പയ്യനെ വിളിച്ചുപറയും: 'എടാ സാമീ! നീ ഈ സാറിനോട് ഒന്നേകാല്‍ അണ വാങ്ങിച്ചുകൊണ്ടുപോയിട്ട് ഹോട്ടലില്‍ചെന്ന് എനിക്കൂണു തരാന്‍ പറയൂ. ഇല അഞ്ചെണ്ണം വേണമെന്നു പറയെടാ'.

ലഘുലേഖക്കാരന്‍ ഒന്നേകാല്‍ അണകൊടുക്കും. പയ്യന്‍ കുട്ടയുമായി ഹോട്ടലിന്റെ അകത്തുചെന്ന് 'ബഷീര്‍സാറിനു ചോറു തരാന്‍ പറഞ്ഞു. അഞ്ചെല വേണോന്നും പറഞ്ഞു'.

വിളമ്പുകാരന്‍ നമ്മുടെ ആരാധകനാണ്. അഞ്ചാള്‍ക്കുണ്ണാനുള്ള ചോറുകൊടുത്തയയ്ക്കും!

ഈ കാലത്താണ് ശ്രീമാന്‍ കെ സി ജോര്‍ജ് എന്റെ ഗാര്‍ഡിയനായി വന്നുചേരുന്നത്. അദ്ദേഹം എന്റെ തൊട്ടടുത്ത മറ്റേ കെട്ടിടത്തില്‍ ഒരു മുറിയില്‍ താമസിക്കുന്നു. വൃത്തിയും മെനയുമുള്ള മനുഷ്യനാണ്. തന്നത്താന്‍ മുറി തൂത്തുവാരും. ഷര്‍ട്ടും മുണ്ടും തന്നത്താന്‍ അലക്കും. ഒരു ലേശം മുടന്തുണ്ടെങ്കിലും ആള്‍ നല്ലവന്‍. ഈ നല്ല മനുഷ്യന്റെ മുറിയില്‍നിന്ന് പി കൃഷ്ണപിള്ള, കെ ദാമോദരന്‍, പി ടി പുന്നൂസ്, എം എന്‍ ഗോവിന്ദന്‍നായര്‍, എന്‍ ശ്രീകണ്ഠന്‍നായര്‍, പി ഗംഗാധരന്‍, ആര്‍ സുഗതന്‍, ഉണ്ണിരാജാ, ഇ എം ശങ്കരന്‍നമ്പൂതിരിപ്പാട്, കുളത്തുങ്കല്‍ പോത്തന്‍, സര്‍ദാര്‍ ചന്ദ്രോത്ത്, വര്‍ഗീസ്‌വൈദ്യന്‍, ടി വി തോമസ് മുതലായവര്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി സിഐഡി റിപ്പോര്‍ട്ടുണ്ട്. ഏതായാലും ഈ പറയുന്ന മാന്യന്മാരെയെല്ലാം എനിക്കും ശകലം പരിചയമുണ്ട്. ഇവരില്‍ ചിലരുമായി ഒരുമിച്ചു താമസിച്ചിട്ടുണ്ട്. ഒരുമിച്ച് ജയിലിലും കിടന്നിട്ടുണ്ട്. ജോര്‍ജിന്റെ കല്‍പ്പന സന്ധ്യ കഴിഞ്ഞാല്‍ ഞാന്‍ മുറിയില്‍നിന്ന് പുറത്തുപോകരുതെന്നാണ്. സന്ധ്യക്കു ചട്ടിച്ചട്ടി മൂപ്പര്‍ എന്റെ മുറിയില്‍വരും.

'താനെവിടെ പോയിരുന്നു? ചോദ്യം അല്‍പ്പം ഗൌരവത്തിലാണ്.

'ഇവിടെ ഉണ്ടായിരുന്നു ജോര്‍ജേ!'

'കുറേ മുമ്പ് വന്നപ്പോള്‍ തന്നെ കണ്ടില്ല!'

ജോര്‍ജ് എന്റെ ഹൃദയത്തിന്റെ ഇടിപ്പു പരിശോധിക്കും. ഞാന്‍ വല്ല വേലിചാടാനോ മറ്റോ പോയിരുന്നോ!

എന്നിട്ട് ഞങ്ങള്‍ ഉണ്ണാന്‍പോകും. അല്ലെങ്കില്‍ സിനിമയ്ക്കുപോകും. ഞങ്ങള്‍ ഒരു പറ്റമായിട്ടാണ് പോക്ക്. അന്ന് പോക്കൂ സാഹിബ് എന്നു പേരായ ഒരു തലശ്ശേരിക്കാരന്‍, ബോട്ടുജെട്ടിക്കടുത്ത് ഹോട്ടല്‍ നടത്തിയിരുന്നു. ഊണിന് ഒന്നേകാല്‍ അണ! ചായയ്ക്കും പലഹാരത്തിനുംകൂടി അരയണ!

അന്ന് ജോര്‍ജ് ഡബിള്‍റേഷന്‍ അനുവദിച്ചിരുന്ന ഏക വ്യക്തിയായിരുന്നു ശ്രീമാന്‍ എന്‍ ശ്രീകണ്ഠന്‍നായര്‍. ഒരുമാതിരി മനുഷ്യര്‍ക്കെല്ലാം രാവിലെ രണ്ടു കാശിനു പുട്ട്, ഒരു കാശിനു കടല, കാലണയ്ക്ക് ഒരു സിങ്കിള്‍ ചായ - ഇത്രയും ഉണ്ടെങ്കില്‍ സമൃദ്ധി. എന്നാല്‍ ദയനീയമായ നോട്ടം കാണാതിരിക്കാന്‍വേണ്ടി ശ്രീകണ്ഠന്‍നായര്‍ക്ക് ജോര്‍ജ് ഒരണ അനുവദിക്കും!..... ഓഹോ...... ഒരു സംഗതി പറയാന്‍ മറന്നുപോയി. നമ്മുടെ സചിവോത്തമന്‍ സര്‍ സി പി രാമസ്വാമിഅയ്യര്‍ അവര്‍കള്‍ ആയിടെയാണെന്നു തോന്നുന്നു ഒരു ഉഗ്രന്‍ പ്രസ്താവന ഇറക്കിയിരുന്നു, തിരുവനന്തപുരത്തെ ഭക്തിവിലാസത്തില്‍നിന്ന്. അതായത് എറണാകുളത്തെവിടെയോ ഒരു കമ്യൂണിസ്റ്റ് ഡെന്‍ ഉണ്ട്!.... ചുരുക്കത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭകാരികളെല്ലാം ഭയങ്കരന്മാരായ കമ്യൂണിസ്റ്റുകളാണ്!

സചിവോത്തമന്റെ ഈ പ്രസ്താവന ഡല്‍ഹിയിലിരിക്കുന്ന വെള്ളക്കാരനും ഇംഗ്ളണ്ടിലെ രാജാവിന്റെ പ്രതിനിധിയുമായ വൈസ്രോയിയും വരെ കേട്ടുകാണും. വൈസ്രോയിയുടെയും ഒരു അരുമയാണ് സചിവോത്തമന്‍. ഇങ്ങനെയുള്ള സചിവോത്തമനെ ധിക്കരിക്കാന്‍ വിചാരിക്കുന്നോ കൊച്ചിയെപ്പോലുള്ള ഒരു ഛോട്ടാരാജ്യം?

സംഭവമെന്താണെന്നുവച്ചാല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭകാരികള്‍ നിര്‍ബാധം കൊച്ചിരാജ്യത്ത് വിഹരിക്കുകയാണല്ലോ. അവര്‍ക്കൊരുമാതിരി അഭയംകൊടുത്ത മട്ടാണ്. കൊച്ചിരാജാവും അല്‍പ്പമൊന്നു വിരളട്ടെ. വേണ്ടിവന്നാല്‍ വെള്ളപ്പട്ടാളത്തെത്തന്നെ വിളിക്കും എന്ന ഭാവമാണ് സചിവോത്തമന്. അതുകൊണ്ട് എറണാകുളം പൊലീസ് ഉഷാര്‍. എവിടെയാണെടാ ഈ കമ്യൂണിസ്റ്റ് ഡെന്‍.

കുറേ സിഐഡികള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ക്യാമ്പില്‍ചെന്നു നോക്കി. മഹാത്മാഗാന്ധി കീജെ! അവിടെ അഹിംസയും ഖദറുമാണ്... അപ്പോള്‍ നമ്മുടെ സി പി രാമസ്വാമി പറഞ്ഞ കമ്യൂണിസ്റ്റ് ഡെന്‍ എവിടെ?

ചില സിഐഡികള്‍ പി കൃഷ്ണപിള്ളയുടെ പുറകെ നടന്നുനോക്കി. കാര്യമായ മെച്ചമൊന്നുമില്ല. ഓരോ തിരുവിതാംകൂറുകാരന്റെയും പിറകെ നടന്നുനോക്കി, ഈയുള്ളവന്റെ പിറകേയും സിഐഡികള്‍ നടന്നു എന്നു വിനീതമായി ഇവിടെ പറഞ്ഞുകൊള്ളട്ടെ. രണ്ടുതരം സിഐഡികളാണ്. തിരുവിതാംകൂര്‍, കൊച്ചി. സചിവോത്തമന്റെ സിഐഡികള്‍ പല വേഷത്തിലും നടക്കും. ഒരുദിവസം ഞങ്ങള്‍ സിനിമ കാണാന്‍പോയി. സാധാരണ ടിക്കറ്റ് വാങ്ങുന്നത് തറയ്ക്കാണ്. ഒരണ ചാര്‍ജ്. ജോര്‍ജിനെ കൂടാതെ പത്തുപന്ത്രണ്ട് ആളുകളുണ്ട്. കെ ദാമോദരനും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഈ കൂട്ടത്തിലുണ്ടായിരുന്ന ആരുടെയോ പരിചയക്കാരനായ ഒരു തൊഴിലാളി ടിക്കറ്റ് വാങ്ങിക്കാന്‍ ഒരു രൂപ വാങ്ങിക്കൊണ്ടുപോയി. അവനെ പിന്നെ ഇതുവരെ കണ്ടിട്ടില്ല. ആള്‍ ഒരു സചിവോത്തമ സിഐഡി ആയിരുന്നു എന്നു വേണമെങ്കില്‍ ഊഹിക്കാം. രാഷ്ട്രീയപ്രവര്‍ത്തകന്റെ മട്ടില്‍വന്ന് കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ഒരുവനെപ്പറ്റി സംശയംതോന്നി. ഞങ്ങള്‍ ഒരുദിവസം നടക്കാനിറങ്ങി. ജോര്‍ജുമുണ്ട്. ടി വി തോമസുണ്ട്, വേറെയും കുറേപ്പേരുണ്ട്. നമ്മുടെ ടി വി പണ്ടൊരു ഫുട്ബോള്‍ കളിക്കാരനും ഗുസ്തിക്കാരനുമായിരുന്നു. എന്നെ ഗുസ്തി പഠിപ്പിച്ചിട്ടുണ്ട്. തന്മൂലം 'ആശാനേ' എന്നാണ് ഞാന്‍ വിളിക്കുന്നത്. ഞങ്ങള്‍ നടന്നു കുറേ ദൂരമങ്ങു ചെന്നു. വര്‍ത്തമാനമാണ്. സംശയംതോന്നിയ രാഷ്ട്രീയപ്രവര്‍ത്തകനോട് ടി വി എന്തോ ചോദിച്ചു. അതോ ജോര്‍ജോ? ഏതായാലും മറ്റേയാളുടെ ഉത്തരം അല്‍പ്പം പിശകായിരുന്നു. ടി വി ചാടിക്കൊടുത്തു മറ്റവന്റെ നെഞ്ചിന് സ്റ്റൈലന്‍ ഒരിടി! ദാ കിടക്കുന്നു അയാള്‍ ഗട്ടറില്‍. 'ഇതെന്നാ തോമാച്ചാ!' എന്നും പറഞ്ഞ് അയാള്‍ എഴുന്നേറ്റുവന്നപ്പോള്‍ ടി വി പറഞ്ഞു: 'ടി വി തോമസ് നിന്നെ ഒന്ന് ഇടിച്ചെന്നു നീ നിന്റെ സാമിയോട് ചെന്നു പറയെടാ. ഓട് ഭക്തിവിലാസത്തിലേക്കു'.

അയാള്‍ ഓടി.

ഇങ്ങനെ സംഭവങ്ങള്‍ ആകെക്കൂടി ഹരത്തിലും കുശാലിലും നടന്നുവരികയാണ്. മിക്ക ദിവസവും ജോര്‍ജിന്റെ മുറിയില്‍ ആള്‍ക്കൂട്ടവും ബഹളവും പതിഞ്ഞുള്ള വര്‍ത്തമാനവുമൊക്കെ ഉണ്ടാവും. ചിലരെ അങ്ങനെ ഇരിക്കുമ്പോള്‍ കാണുകയില്ല. കുറേദിവസം കഴിയുമ്പോള്‍ കാണും. അണ്ടര്‍ഗ്രൌണ്ടായി തിരുവിതാംകൂറില്‍ പോയതാണ്. മിക്കവരും പോകും. പോകുന്നത് ഞാന്‍ അറിയാറില്ല. ഇങ്ങനെയിരിക്കുമ്പോള്‍ വരുന്നു ചെറിയ തോതില്‍ മഴയുള്ള ഒരു സന്ധ്യ, എന്നുപറഞ്ഞാല്‍ രാത്രി എട്ടര ഒമ്പതു മണിയായിക്കാണും. ഞാന്‍ എന്റെ മുറിയില്‍ ചാരുകസേരയില്‍ കിടക്കുകയാണ്. അപ്പോള്‍ ഒരാള്‍ മുറ്റത്തുവന്നു. ഒരു ലയിന്‍ബോട്ടിന്റെ സെറാങ്കാണ്.

'ജോര്‍ജ് സാറിനെ അറസ്റ്റ്ചെയ്തു!' എന്നു പതുക്കെ എന്റെ ചെവിയില്‍ പറഞ്ഞു. സംഭവം നടന്നിട്ടു വളരെയധികം സമയംകഴിഞ്ഞിട്ടില്ല. ആ മനുഷ്യന്‍ പോയപ്പോള്‍ ഞാന്‍ ഒരു ചെറിയ ഞെക്കുവിളക്കും എടുത്തു മുറിപൂട്ടി വെളിയില്‍ ഇറങ്ങി. എനിക്കു ശകലം തമാശതോന്നി. അന്നെനിക്ക് ഒരു നാലു രൂപ കിട്ടിയിട്ടുണ്ടായിരുന്നു. ജോര്‍ജിനെ വിളിച്ചു ചായവാങ്ങിച്ചുകൊടുക്കുക, സിനിമാ കാണിക്കുക എന്നീ വിചാരമുണ്ടായിരുന്നു. ശരി. ഞാന്‍ ജോര്‍ജിന്റെ മുറിഭാഗത്തേക്ക് ചെന്നു. അവിടെ ആരുമില്ല. ശ്മശാനമൂകത എന്നു വേണമെങ്കില്‍ പറയാം. ഇപ്പോള്‍ എന്താ ചെയ്യുക? വിവരമറിഞ്ഞാല്‍ എറണാകുളം പൊലീസ് ജോര്‍ജിന്റെ മുറി പരിശോധിക്കും. എന്തിന്? എനിക്കറിഞ്ഞുകൂടാ. പരിശോധിക്കുമെന്നുതന്നെ എനിക്കു തോന്നി. കമ്യൂണിസ്റ്റ് ഡെന്‍ ജോര്‍ജിന്റെ മുറിയാണോ? അതും എനിക്കറിഞ്ഞുകൂടാ. ഏതായാലും അതില്‍ എന്തെങ്കിലും ഉണ്ടായിരിക്കുമല്ലോ. ജോര്‍ജ് എല്ലാം ശരിപ്പെടുത്തീട്ടാണോ പോയത്? അതും എനിക്കറിഞ്ഞുകൂടാ..... എന്തെങ്കിലും ഉണ്ടെങ്കില്‍ അതു പൊലീസിനു കൊടുക്കുന്നത് ഒരു വകയല്ലേ?

ആള്‍റൈറ്റ്. ഞാന്‍ എന്റെ ഒരു സ്നേഹിതന്റെ മുറിയുടെ അടുത്തുചെന്നു. പക്ഷേ, ആളില്ല. മുറി പൂട്ടിക്കിടക്കുന്നു. ആ മുറിയില്‍ പഴയ ഒരു ഗ്രാമഫോണുണ്ട്. അതഴിച്ചു റിപ്പയര്‍ചെയ്യാനുള്ള ഒരു വലിയ സ്‌ക്രൂഡ്രൈവറുമുണ്ട്. ഞാനതു ജനലില്‍കൂടി എത്തിച്ചെടുത്തു. പൊലീസ് എപ്പോഴാണ് വരുന്നത്? ഒരു ലേശം പരിഭ്രമവുമുണ്ട്. ഞാന്‍ പയ്യനെ വിളിച്ചു: 'എടാ സാമിയേ!'

'ന്തോ!' അവന്‍ ഓടിവന്നു. ഞാന്‍ പറഞ്ഞു: 'നീ ചെന്ന് ഗേറ്റിനടുത്തു നില്‍ക്കണം'. പൊലീസുകാര്‍ ഇങ്ങോട്ടുവരുന്നുണ്ടെങ്കില്‍ നീ നിന്റെ നെഞ്ചത്തു കൈവച്ചു ക്ഷയംപിടിച്ചമാതിരി ഉച്ചത്തില്‍ കുറെ ചുമയ്ക്കണം. നമ്മുടെ ജോര്‍ജുസാറിന്റെ വല്ല കൂട്ടുകാരെയും കണ്ടാല്‍ വേഗം എന്റെ അടുത്തുവരാന്‍ പറയണം. ചെല്ല്'.

അവന്‍ ചെന്ന് ഗേറ്റിനടുത്ത് ഇരുളില്‍ നില്‍പ്പായി.

അവന്റെ ചുമ ഓരോ നിമിഷവും ഞാന്‍ പ്രതീക്ഷിച്ചു. ഞാന്‍ ചെന്ന് ജോര്‍ജിന്റെ മുറിയുടെ കുറ്റിയും കൊളുത്തും താഴുമുണ്ടല്ലോ..... അതിലെ കൊളുത്തിന്റെ മൂന്ന് സ്‌ക്രൂ ഊരി അകത്തുകടന്നു. ജോര്‍ജിന്റെ പെട്ടി എടുത്തു. കണ്ട പുസ്തകങ്ങളും നോട്ടുബുക്കുകളും എല്ലാം ജോര്‍ജിന്റെ ഒരു മുണ്ടില്‍ വാരിയിട്ടു. വേസ്റ്റ്പേപ്പര്‍ ബാസ്‌ക്കറ്റ് അതിലേക്കു കുടഞ്ഞു. വേസ്റ്റ്പേപ്പര്‍ ബാസ്‌ക്കറ്റില്‍ ചിലപ്പോള്‍ ചില പിശകുകള്‍ കാണും. എല്ലാം കെട്ടി പടിഞ്ഞാറുവശത്തു നടക്കല്ലില്‍ വച്ചു. എന്നിട്ടു ചെന്നു നോക്കി. ജോര്‍ജിന്റെ ഒരു പഴയ കീറഷര്‍ട്ട്, ഒരു തോര്‍ത്ത്, കിടക്ക, ഇത്രയുമേയുള്ളു. മുറി അടച്ചു. പണ്ടേപ്പടി ആക്കാന്‍ ലേശം ബുദ്ധിമുട്ടി. വിഷമിച്ച് പൂട്ടിക്കിടന്ന മാതിരിയാക്കി. ലേശം ചെളികൊണ്ടുവന്ന് സ്‌ക്രൂവിന്റെ തലകളില്‍ പുരട്ടി, എന്നിട്ട് ഒന്നുരണ്ടു ഗഡുവുകളിലായി ഇടമതില്‍ കയറി എല്ലാം എന്റെ മുറിയില്‍ എത്തിച്ചു. എന്റെ മുറിയില്‍ ഒരു വലിയ വീഞ്ഞപ്പെട്ടിയുണ്ട്. അതില്‍ പുസ്തകങ്ങളാണ്. അതെല്ലാം മാറ്റി ജോര്‍ജിന്റെ സാധനങ്ങള്‍ അതിലാക്കി മൂടി ആണിയടിച്ചു ശരിപ്പെടുത്തി. എല്ലാം ഭദ്രം! ഞാന്‍ പുറത്തിറങ്ങി പയ്യന്റെ അടുത്തുചെന്നു പറഞ്ഞു: 'പോരെടാ, എനിക്കു ചുമ്മാ തോന്നിയതാണ്'.

അവന്‍ വന്നു മുറിയുടെ തിണ്ണയില്‍ നില്‍പ്പായി. ഞാന്‍ ചാരുകസേരയില്‍കിടന്നു ബീഡിവലിക്കയാണ്. പെട്ടെന്ന് എന്തോ ഓര്‍ത്തമാതിരി എണീറ്റ് പെട്ടിവലിച്ച് അവന്റെ തലയില്‍വച്ചുകൊടുത്ത് നടന്നോളാന്‍ പറഞ്ഞു. ഞാന്‍ വാതില്‍ പൂട്ടി. അവന്റെ കൂടെ ഇറങ്ങി. സ്‌ക്രൂഡ്രൈവര്‍ പോകുന്നതിനുമുമ്പ് എടുത്ത സ്ഥലത്തുതന്നെ വച്ചു. ചെളി തൂത്തുകളഞ്ഞു. ഇടവഴികളിലൂടെ ഞങ്ങള്‍ ജോര്‍ജിന്റെ ഒരു സ്നേഹിതന്റെ വീട്ടില്‍ചെന്നു.

'എന്റെ കുറേ പുസ്തകങ്ങളാണ്. നിരോധിച്ചിട്ടുള്ളതാണല്ലോ. പൊലീസ്...' ഇത്രയും പറഞ്ഞിട്ട് പയ്യന് രണ്ടു രൂപാ കൊടുത്തു. ഞാന്‍ പറഞ്ഞു: 'എടാ സാമീ, നീ നിന്റെ വീട്ടിലൊന്നു പോയിട്ടുവാ. ഒരു നാലുദിവസം കഴിഞ്ഞു വന്നാല്‍ മതി'.

പയ്യന്‍ പോയപ്പോള്‍ ജോര്‍ജിന്റെ സ്നേഹിതനോട് വിവരം പറഞ്ഞു. പെട്ടി ഞങ്ങള്‍ മച്ചുംപുറത്തുവച്ചു.

ഞാന്‍ ഊണുകഴിച്ചു മുറിയില്‍ വന്നു കിടന്നുറങ്ങി. അങ്ങനെ എല്ലാം ശുഭമായി എന്നു പറയാമായിരുന്നു. പക്ഷേ, പൊലീസ് വരാതെ ശുഭമാകുമോ?

പിറ്റേദിവസം പകല്‍ പത്തുമണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഡിഎസ്‌പി, എഎസ്‌പി എല്ലാം പൊലീസ് അകമ്പടിയോടെ വന്ന് ജോര്‍ജിന്റെ മുറി വളഞ്ഞു ! വീട്ടുടമസ്ഥന്റെ സഹായത്തോടെ മുറി തുറന്ന് എല്ലാ അട്ടിമറിസാധനങ്ങളും രഹസ്യരേഖകളും സീല്‍വച്ചു കൊണ്ടുപോയി.

പിന്നെയും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്റെ സ്നേഹിതന്മാരായ സ്വലേകളുടെ പത്രങ്ങളില്‍ ഒരു തകര്‍പ്പന്‍ വാര്‍ത്തവന്നു. അല്‍പ്പം വെണ്ടയ്ക്കായിലാണ്: 'എറണാകുളത്തുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഡെന്‍ പൊലീസ് വളയുകയും ഒട്ടേറെ രഹസ്യരേഖകള്‍ പിടിച്ചുപറ്റുകയും ചെയ്തിരിക്കുന്നു. ഇതിലാണ് ശ്രീ. കെ സി ജോര്‍ജ് താമസിച്ചിരുന്നത്'.

ഈ വാര്‍ത്ത വായിച്ച് സചിവോത്തമന്‍ തിരുവനന്തപുരത്തെ ഭക്തിവിലാസത്തില്‍ ഇരുന്നു ചിരിച്ചുകാണണം: ഹ ഹ് ഹാ ഹ് ഹാ!'

പി എസ് : സി പി രാമസ്വാമി അയ്യര്‍ ഈയിടെ മരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് ഈശ്വരന്‍ നിത്യശാന്തി നല്‍കട്ടെ.

ബഷീറിനെ ഓര്‍ക്കുമ്പോള്‍

എട്ടുകാലി മമ്മൂഞ്ഞ്
ആനവാരി രാമന്‍‌നായര്‍
പൊന്‍കുരിശ് തോമാ
ഒറ്റക്കണ്ണന്‍ പോക്കര്‍
കുഞ്ഞുപ്പാത്തുമ്മ
നിസാര്‍ അഹമ്മദ്
കേശവന്‍‌നായര്‍
സാറാമ്മ
സുഹറ
മജീദ്.....

എത്രയെത്ര കഥാപാത്രങ്ങള്‍
എല്ലാവരും നമുക്കുചുറ്റും ജീവിക്കുന്നവര്‍
ഭാഷയുള്ളിടത്തോളംകാലം മരണമില്ലാത്തവര്‍ !
കഥാപാത്രങ്ങളേക്കാള്‍ വളര്‍ന്ന കഥാകാരന്‍,
കഥകളുടെ സുല്‍‌ത്താന്‍ !

ജീവിതം തന്നെ ഇതിഹാസമാക്കിയ അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന് തുല്യം ചൂണ്ടിക്കാണിക്കാന്‍ ബഷീര്‍ മാത്രം !

ബഷീറിന്റെ പതിനാലാം ചരമദിനമായ 2008 ജൂലൈ 5ന് ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നരേശ്‌പാല്‍ സെന്ററില്‍ വെച്ച് പ്രൊ.എം.കെ.സാനു രചിച്ച “ബഷീര്‍-ഏകാന്തവീഥിയിലെ അവധൂതന്‍“ എന്ന പുസ്തകത്തെക്കുറിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. ബഷീര്‍ അനുസ്മരണത്തിനെ ഭാഗമായി നടന്ന ഈ ചര്‍ച്ചയില്‍ മാഷെക്കൂടാതെ പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റും പ്രസിദ്ധ കവിയുമായ എസ് രമേശന്‍, സാഹിത്യ പരിഷത്ത് സംസ്ഥാന്‍ സെക്രട്ടറിയും വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ ശ്രീ ബെന്നി എന്നിവര്‍ പങ്കെടുത്തു.

ബഷീറിന്റെ എല്ലാ കഥകളിലും കഥാകൃത്തിന്റെ ആത്മാംശം ഉണ്ടെന്ന് സാനുമാസ്റ്റര്‍ പറഞ്ഞു. ബാല്യകാലസഖിയിലെ മജീദ്, പ്രേമ ലേഖനത്തിലെ കേശവന്‍ നായര്‍, ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നുവിലെ നിസാര്‍ അഹമ്മദ് എന്നീ കഥാപാത്രങ്ങളിലെല്ലാം ബഷീറിനെ കാണാനാകുമെന്ന് സാനുമാസ്റ്റര്‍ സൂചിപ്പിച്ചു.

വ്യത്യസ്തനായ സാഹിത്യകാരനും ആദരണീയനായ അദ്ധ്യാപകനും മാത്രമല്ല മലയാളം കണ്ട പ്രൌഢഗംഭീരനായ ജീവചരിത്രകാരന്‍ കൂടിയാണ് സാനുമാസ്റ്റര്‍ എന്ന് പുസ്തകത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ശ്രീ .എസ്.രമേശന്‍ പറഞ്ഞു. ഒരു പുതിയ ശൈലിയിലൂടെ ‘ഇനി ബാക്കി ബഷീര്‍ പറയട്ടെ’ എന്ന വാക്കുകളിലൂടെ കഥയെയും ജീവചരിത്രത്തെയും ബന്ധിപ്പിക്കുന്ന ഒരു നൂതനശൈലിയാണ് മാസ്റ്റര്‍ ഈ പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

ബഷീര്‍ എന്ന ഇന്നു നാം അറിയുന്ന വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാഹിത്യകാരന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ശ്രീ വി.എം.ബെന്നി ചര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോയത്. ബഷീര്‍ സാഹിത്യലോകത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തില്‍ കഥകളിലും നോവലുകളിലുമെല്ലാം വില്ലന്‍ കഥാപാത്രമായി പലപ്പോഴും വന്നിരുന്ന മുസ്ലീങ്ങളോ നസ്രാണികളോ ആയിരുന്നു. എന്നാല്‍ തന്റെ ഉമ്മയുടേയും പെങ്ങളുടേയും എല്ലാം ഹൃദയനൈര്‍മ്മല്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ള ബഷീര്‍ തന്റെ കഥകളിലൂടെ ആ ധാരണകളെ തിരുത്തിക്കുറിക്കുകയായിരുന്നു. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് കേശവദേവിന്റെയോ തകഴിയുടേയോ കഥകള്‍ വായിച്ചു ആസ്വദിക്കുവാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കിലും ബഷീറിന്റെ രചനകള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുക വഴി നിത്യയൌവനമാര്‍ന്നു നില്‍ക്കുന്നു.

Friday, July 4, 2008

ആണവക്കരാര്‍ ആര്‍ക്കുവേണ്ടി?

ആണവകരാര്‍ വിവാദം വീണ്ടും സജീവവും സങ്കീര്‍ണ്ണവുമാവുകയാണ്. ജൂണ്‍ 18ന് ചേരേണ്ടിയിരുന്ന യുപിഎ - ഇടതുപക്ഷ രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവെച്ചു. 25ന് ചേര്‍ന്ന യോഗം സമവായമുണ്ടാക്കാനാവാതെ പിരിഞ്ഞു. ഇനിയും കരാറുമായി മുന്നോട്ടുപോയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഇടതുപക്ഷം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരിക്കയാണ്. കുതിച്ചുയരുന്ന വിലക്കയറ്റം, ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രതികൂലമായ രാഷ്ട്രീയ സാഹചര്യം, ഇടതുപക്ഷത്തെ പിണക്കരുതെന്ന് ആവശ്യപ്പെടുന്ന ഘടകകക്ഷികള്‍ എന്നിങ്ങനെ പ്രതികൂല സാഹചര്യങ്ങള്‍ നിരവധിയുണ്ടായിട്ടും ആണവ കരാറുമായി മുന്നോട്ടുപോയേ തീരൂ എന്ന നിലപാടിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും.

ആണവകരാര്‍ നടപ്പിലാക്കുന്നതിനായി ഇനി മൂന്ന് ഘട്ടങ്ങള്‍ കൂടി ബാക്കിയുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ഇന്ത്യ ഒരു സുരക്ഷാ മാനദണ്ഡക്കരാറില്‍ ഒപ്പുവെക്കണം. പിന്നീട് 45 അംഗ ആണവവിതരണ രാജ്യങ്ങളുടെ അനുമതി വാങ്ങണം. ഇതിനുശേഷം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അന്തിമ അംഗീകാരം കൂടി ലഭിച്ചതിനുശേഷം മാത്രമേ ഇന്ത്യക്ക് കരാര്‍ പ്രകാരം ആണവോര്‍ജ്ജം ലഭ്യമാവൂ. തങ്ങള്‍ 2009 ജനുവരി 20 വരെ, അഥവാ പ്രസിഡണ്ട് ജോര്‍ജ് ഡബ്ള്യു ബുഷിന്റെ കാലാവധി അവസാനിക്കുന്നതുവരെ, കാത്തിരിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജൂലൈ 7ന് ജപ്പാനില്‍ ജി 8 രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയോട് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ള്യു ബുഷ് 'എന്തായി കരാര്‍?' എന്ന് ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയുമെന്ന് ആലോചിച്ച് പ്രധാനമന്ത്രി വിഷമിക്കുകയാണത്രെ. വിലക്കയറ്റം ഉള്‍പ്പെടെയുള്ള രൂക്ഷമായ പ്രശ്നങ്ങള്‍ മൂലം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നട്ടം തിരിയുകയാണ്. ഇതൊന്നുമല്ല നമ്മുടെ പ്രധാനമന്ത്രിയുടെ മുന്നിലെ മുഖ്യ പ്രശ്നം. ജപ്പാനില്‍ വെച്ച് ജോര്‍ജ് ബുഷ് ഉന്നയിക്കുന്ന ചോദ്യങ്ങളായിരിക്കും മുഖ്യ പ്രശ്നം.

ഇനിയും ആണവക്കരാറുമായി മുന്നോട്ടുപോയാല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുമെന്ന് സര്‍ക്കാരിന് നന്നായറിയാം. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാവും. ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു സര്‍ക്കാര്‍ എങ്ങനെയാണ് ഇത്ര വിവാദമായ ഒരു കരാറില്‍ ഒപ്പുവെക്കുക? ഈ ചോദ്യം യുപിഎ നേതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു. 39 എംപിമാരുള്ള സമാജ് വാദി പാര്‍ടിയെയും ചെറു പാര്‍ട്ടികളെയുമെല്ലാം ഒപ്പം നിര്‍ത്തി ലോക്സഭയില്‍ ഭൂരിപക്ഷമുണ്ടാക്കാനുള്ള അണിയറ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ്ങ് യാദവ് ആവട്ടെ, ജൂലൈ 3ന് ദില്ലിയില്‍ ചേരുന്ന യുഎന്‍പിഎ നേതൃയോഗം അന്തിമ തീരുമാനമെടുക്കുമെന്ന നിലപാടിലാണ്.

ഊര്‍ജ്ജ പ്രതിസന്ധി

'പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുതിച്ചുയരുന്നു. ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാവുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ആണവകരാര്‍ അത്യാവശ്യമാണ്'.

ഒരു പൊതുപരിപാടിയില്‍വെച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി നടത്തിയ അഭിപ്രായ പ്രകടനമാണിത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന ഏത് ദൌത്യമാണ് ആണവോര്‍ജ്ജം കൊണ്ട് നിറവേറ്റാനാവുക? കാറും ബസ്സും ലോറിയുമെല്ലാം ആണവോര്‍ജ്ജം ഉപയോഗിച്ച് ഓടിക്കാനാവില്ലെന്ന് സോണിയാഗാന്ധിക്ക് നന്നായറിയാം. എന്നിട്ടും കോണ്‍ഗ്രസുകാരും മുഖ്യധാരാ മാധ്യമങ്ങളും കള്ള പ്രചാരണം നടത്തുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആണവ റിയാക്ടറുകളും ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി 4120 മെഗാവാട്ടാണ്. ഇതാവട്ടെ ഇന്ത്യയില്‍ ആകെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 3 ശതമാനത്തില്‍ താഴെയും. ആസൂത്രണ കമ്മീഷന്റെ കണക്കുകള്‍ തന്നെ നോക്കാം. 2016 ഓടെ ആണവ ഇന്ധനത്തില്‍നിന്ന് പരമാവധി 15,000 മെഗാവാട്ട് വൈദ്യുതിയും 2021ഓടെ പരമാവധി 29,000 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് കമ്മീഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ആണവകരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ലഭ്യമാവുന്ന വൈദ്യുതിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇനി പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നതുപോലെ 2020 ഓടെ 40,000 മെഗാവാട്ട് വൈദ്യുതി ആണവ നിലയങ്ങളിലൂടെ ഉല്‍പാദിപ്പിക്കാനായാല്‍ ഇത് ആകെയുള്ള വൈദ്യുതിയുടെ 9% മാത്രമേ വരികയുള്ളൂ.

ആണവോര്‍ജ്ജ വികസനം -കേന്ദ്ര ആസൂത്രണ കമ്മീഷന്റെ പ്രതീക്ഷകള്‍
മേല്‍ പട്ടികയില്‍നിന്നും ഒരു വസ്തുത വ്യക്തമാവും. 2020 ഓടെ 40000 മെഗാവാട്ട് (എന്ന അപ്രാപ്യമായ) ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെട്ടാലും ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കപ്പെടില്ല. ഇത് ഇന്ത്യയുടെ മാത്രം അവസ്ഥയല്ല. ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇപ്പോള്‍ സഹായഹസ്തവുമായി വന്നിരിക്കുന്ന അമേരിക്കയില്‍ 1994ന് ശേഷം ഒരൊറ്റ ആണവ റിയാക്ടര്‍ പോലും സ്ഥാപിച്ചിട്ടില്ല.

ചെലവ്

ഏറ്റവും ചെലവേറിയ ഊര്‍ജ്ജ സ്രോതസ്സാണ് ആണവോര്‍ജ്ജം. ഇക്കാരണത്താലാണ് സമ്പന്ന രാജ്യങ്ങളൊന്നും തന്നെ ഈ മേഖലയില്‍ താല്‍പര്യം കാണിക്കാത്തത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 8.1 കോടി രൂപ ചെലവ് വരും. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഒരു റിയാക്ടറില്‍ 1 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനായി വരുന്ന ചെലവ് 12.1 കോടി രൂപയാണ്. ഇനി താപനിലയങ്ങളുടെ കാര്യമെടുക്കാം. കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയത്തില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 3.73 കോടി രൂപ മാത്രമേ ചെലവ് വരൂ. ചുരുക്കിപ്പറഞ്ഞാല്‍ നിശ്ചിത വൈദ്യുതി ഉല്‍പാദനശേഷിയുള്ള താപനിലയം നിര്‍മിക്കുന്നതിന്റെ മൂന്നിരട്ടി തുക ചെലവഴിച്ചാല്‍ മാത്രമേ ഇത്രയും വൈദ്യുതി ഉല്‍പാദന ശേഷിയുള്ള ഇറക്കുമതി ചെയ്ത ഒരു ആണവ നിലയം ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധിക്കൂ. 2020ല്‍ 40,000 മെഗാവാട്ട് എന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് ആവശ്യമായ തുകകൊണ്ട് 2020ല്‍ താപനിലയങ്ങളിലൂടെ 1,20,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഒരു താപനിലയം (കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നത്) നിര്‍മ്മിക്കണമെങ്കില്‍ 4 വര്‍ഷമാണ് ശരാശരി കാലാവധി. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഒരു ആണവ റിയാക്ടര്‍ നിര്‍മ്മിക്കാന്‍ ചുരുങ്ങിയത് 8 വര്‍ഷത്തെ സമയമെടുക്കും. ധനനഷ്ടത്തിന് പുറമെ സമയനഷ്ടവും നമ്മള്‍ സഹിക്കണമെന്ന് ചുരുക്കം.

ഇന്ന് ഗ്രാമീണ മേഖലയിലെ വൈദ്യുതി വിതരണത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇന്നേവരെ വൈദ്യുതി എത്താത്ത ആയിരക്കണക്കിന് ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. പല സംസ്ഥാനങ്ങളിലും കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി സൌജന്യമാണ്. വേനല്‍ക്കാലങ്ങളില്‍ വൈദ്യുതിക്ഷാമം മൂലം പല നഗരങ്ങളിലും വ്യവസായശാലകള്‍ പൂട്ടിയിടാറുണ്ട്. ഇങ്ങനെയുള്ള ഒരു രാജ്യത്ത് ഇന്ന് ചെലവു കുറഞ്ഞ വൈദ്യുതിയാണ് ആവശ്യം.

കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയത്തില്‍നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില ഒരു യൂണിറ്റിന് 2.50 രൂപയാണ്. താപനിലയങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും ശരാശരി വില 2.50 രൂപയാണ്. ഇന്ത്യന്‍ സാങ്കേതിക വിദ്യയും ഇന്ത്യന്‍ ഉപകരണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആണവ റിയാക്ടറിലെ വൈദ്യുതിയുടെ വില ഒരു യൂണിറ്റിന് 3.90 രൂപയാണ്. ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയാവട്ടെ ഒരു യൂണിറ്റിന് 5.50 രൂപയും.

അമേരിക്കയില്‍നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യാന്‍ പോവുന്നത് സമ്പുഷ്ട യുറേനിയം ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ് വാട്ടര്‍ റിയാക്ടറുകള്‍ ആയിരിക്കും. സമ്പുഷ്ട യുറേനിയത്തിന്റെ വില ഉയര്‍ന്നാല്‍ ഇറക്കുമതിചെയ്ത ആണവ നിലയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും ഉയരും. ഉയര്‍ന്ന വിലകൊടുത്ത് ഈ വൈദ്യുതി വാങ്ങാന്‍ രാജ്യം നിര്‍ബന്ധിതമാവും.

ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ്ലൈന്‍?

ഈ സ്വപ്നപദ്ധതി ഇപ്പോഴും ത്രിശങ്കുവില്‍തന്നെ. ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജം താപവൈദ്യുതിയോ, ജലവൈദ്യുതിയോ ആണവോര്‍ജ്ജമോ അല്ല, ഹൈഡ്രോ കാര്‍ബണാണ് . ലോകം ഹൈഡ്രോ കാര്‍ബണിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വാഹനമോടിക്കാനും പാചകം ചെയ്യാനുമെല്ലാം എണ്ണയും പാചകവാതകവും വേണം. ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്ന ആണവോര്‍ജ്ജം വെറും 3% മാത്രമാണെങ്കില്‍ ഹൈഡ്രോ കാര്‍ബണ്‍ 44.9% ആണ്. (36.0% എണ്ണയും 8.9% പ്രകൃതിവാതകവും). 2015 ഓടെ അസംസ്കൃത എണ്ണയുടെ പ്രതിദിന ഉപയോഗം 45 ലക്ഷം ബാരല്‍വരെ ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് ഹൈഡ്രോ കാര്‍ബണ്‍ നല്‍കാന്‍ ഇറാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. ഇറാനിലെ പരാസ് വാതകമേഖലയില്‍നിന്നും പാക്കിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ്ലൈന്‍ പദ്ധതിക്കായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ഒരു പതിറ്റാണ്ടോളമായി. പാക്കിസ്ഥാന്‍ ഇറാനുമായി ധാരണയിലെത്തിയിട്ടും ഇന്ത്യ മടിച്ചുനില്‍ക്കുകയാണ്. അമേരിക്കന്‍ സമ്മര്‍ദ്ദംതന്നെയാണ് യഥാര്‍ഥകാരണം. 123 കരാറിന്റെ ഭാഗമായുള്ള അമേരിക്കന്‍ ഹൈഡ് ആക്ടില്‍ ഇറാന്‍ പ്രശ്നത്തില്‍ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇറാന്‍ പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കയോടൊപ്പമാവണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. ഇന്ത്യയുടെ വിദേശനയം ഇനി അമേരിക്കക്കാരന്റെ കൈകളിലായിരിക്കുമെന്ന് ഹൈഡ് ആക്ടിലെ 104 ജി (2), ഇ) (1) എന്നീ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയുടെ വിദേശനയം ശരിയായ ദിശയിലാണോ പോവുന്നത് എന്നതു സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡണ്ട് കോണ്‍ഗ്രസിന് വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കണം. ഈ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇറാന്‍ - പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ്ലൈന്‍ പദ്ധതിയുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്ന പരാമര്‍ശം ഉണ്ടാവാതെ നോക്കേണ്ടത് അമേരിക്കന്‍ സര്‍ക്കാരിന്റെ മാത്രമല്ല, ഇന്ത്യന്‍ സര്‍ക്കാരിന്റെയും കടമയാണ്.

വാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍നിന്നും പിന്‍മാറിയെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മന്‍മോഹന്‍സിംഗ് ബുദ്ധിമുട്ടുണ്ട്. അനന്തമായ ചര്‍ച്ചകള്‍ നടത്തി ഈ വിഷയം നീട്ടിക്കൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്റെ തന്ത്രം.

സുതാര്യത?

ആണവ കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. 123 കരാറിന്റെ കാര്യമെടുക്കാം. അമേരിക്കന്‍ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കരാറിന്റെ കരട് വിതരണംചെയ്ത ഘട്ടത്തില്‍പോലും ഇന്ത്യയില്‍ കരട് രഹസ്യരേഖയായിരുന്നു. ഒരു വിദേശ കരാറിന്റെ പകര്‍പ്പ് പരസ്യപ്പെടുത്തുന്നത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നായിരുന്നു വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഭാഷ്യം. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാന്‍ പോവുന്ന ഇന്ത്യാ കേന്ദ്രീകൃത സുരക്ഷാ മാനദണ്ഡകരാറിന്റെ അവസ്ഥയും ഇതുതന്നെ. കരാറിന്റെ കരട് യുപിഎ-ഇടതുപക്ഷ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വെയ്ക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം, ഐഎഇഎയുടെ അംഗീകാരം ലഭിക്കണമെങ്കില്‍ മുന്‍കൂട്ടി ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലെ അംഗങ്ങള്‍ക്ക് കരട് വിതരണംചെയ്യണം. അങ്ങനെ വിദേശിയുടെ കയ്യില്‍ കരാറിന്റെ കരട് എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വദേശികളില്‍നിന്നും കരട് മറച്ചുപിടിക്കുന്നു. ഇത്തരം ഒളിച്ചുകളിയിലൂടെ ആരുടെ താല്‍പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?

ആണവ കരാറിന്റെ ഗുണഭോക്താക്കള്‍

അമേരിക്കയിലെയും ഇന്ത്യയിലെയും കുത്തക കമ്പനികളായിരിക്കും ആണവ കരാറിന്റെ ഗുണഭോക്താക്കള്‍. ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്ന വന്‍കിട കമ്പനികളെല്ലാം ആഗോളതലത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. 1994നുശേഷം അമേരിക്കയില്‍ ഒരു ആണവ റിയാക്ടര്‍പോലും നിര്‍മ്മിച്ചിട്ടില്ല. ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നത് വന്‍ നഷ്ട കച്ചവടമാണെന്ന് മുതലാളിത്ത രാജ്യങ്ങള്‍ക്ക് നന്നായി അറിയാം. അമേരിക്കയിലെ പൂട്ടിക്കിടക്കുന്നതും നഷ്ടത്തിലോടുന്നതുമായ കമ്പനികള്‍ക്ക് പുനരുജ്ജീവിക്കണമെങ്കില്‍ ഈ ആണവകരാര്‍ നടപ്പിലാവണം. ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളെ കൊള്ളയടിച്ചാല്‍ മാത്രമേ ഇവര്‍ക്ക് നിലനില്‍ക്കാനാവൂ. നേരത്തെ പലതവണ കരാര്‍ നടപ്പിലാക്കുന്നതിനായി സമയപരിധി നിശ്ചയിച്ചിരുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ജനുവരി 20വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് പറയുന്നു. റിപ്പബ്ളിക്കന്മാര്‍ ഭരിച്ചാലും ഡെമോക്രാറ്റുകള്‍ ഭരിച്ചാലും അമേരിക്കന്‍ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത് വന്‍കിട കുത്തകകളുടെ താല്‍പര്യങ്ങള്‍ തന്നെയാണ്. ഇന്ത്യയെ കൊള്ളയടിക്കുന്നതിനായുള്ള സുവര്‍ണ്ണാവസരം പാഴാക്കാതിരിക്കുന്നതിനായി എത്രകാലം കാത്തിരിക്കാനും ഇവര്‍ തയ്യാറാണ്.

കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങളെ നിയന്ത്രിക്കുന്നതും വ്യവസായ ഭീമന്‍മാരാണ്. പെട്രോളിയം മേഖലയിലും പ്രകൃതിവാതക മേഖലയിലും ഇതിനകംതന്നെ ആധിപത്യം ഉറപ്പിച്ച റിലയന്‍സിന്റെ അടുത്തലക്ഷ്യം ആണവോര്‍ജ്ജമേഖലയാണ്. ആണവകരാറിന് പിറകിലെ അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് റിലയന്‍സ് ഉള്‍പ്പെടെയുള്ള ഭീമന്‍മാരാണ്. സര്‍ക്കാര്‍ താഴെ വീണാലുംശരി, ആണവകരാര്‍ നടപ്പിലാക്കിയേതീരൂ എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വാശിപിടിക്കാനുള്ള ഒരു കാരണവും ഇതുതന്നെയാണ്.

*

ശ്രീ. കെ രാജേന്ദ്രന്‍