Tuesday, July 15, 2008

വിനാശകരമായ വിധേയത്വം

ആറുവര്‍ഷക്കാലത്തെ എന്‍ഡിഎ ഭരണം 2004 ല്‍ അവസാനിച്ചപ്പോള്‍ ആശ്വാസത്തോടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ അതിനെ കണ്ടത്. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തി 'കഷ്ടപ്പെടുന്ന ഇന്ത്യയെ' മറന്നുകൊണ്ടുള്ള ബിജെപിയുടെ ഭരണം അത്രമേല്‍ ഭാരമാണ് ജനങ്ങള്‍ക്കുമേല്‍ കെട്ടിയേല്‍പ്പിച്ചിരുന്നത്. അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്‍ഡിഎ ഭരണം. ബംഗാരു ലക്ഷ്മണനും ജയ ജെയ്റ്റിലിയും മറ്റും ഉള്‍പ്പെട്ട തെഹല്‍ക്ക കുംഭകോണം, ശവപ്പെട്ടി കുംഭകോണം, പെട്രോള്‍ പമ്പ് നല്‍കുന്നതില്‍ ബിജെപി നേതൃത്വം നടത്തിയ കോടികളുടെ അഴിമതി, യുടിഐ കുംഭകോണം തുടങ്ങി ആ പട്ടിക നീളുകയാണ്.

ഇന്ത്യയുടെ വിദേശനയം കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ പക്ഷത്തേക്ക് ചാഞ്ഞതും ഈ ഘട്ടത്തില്‍ തന്നെയാണ്. എല്‍ കെ അദ്വാനി അമേരിക്കയിലെ സിഐഎ ആസ്ഥാനവും ഇസ്രയേലും സന്ദര്‍ശിച്ചതും അഫ്‌ഗാനിസ്ഥാനെതിരെ അമേരിക്ക നടത്തിയ ആക്രമണ വേളയില്‍ അവരുടെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ അനുവദിച്ചതും വിദേശനയത്തിലെ അമേരിക്കന്‍ ചായ്‌വിനുള്ള ഉദാഹരണങ്ങളാണ്. കാര്‍ഷിക രംഗത്തെ അരക്ഷിതാവസ്ഥ വന്‍തോതിലുള്ള കര്‍ഷക ആത്മഹത്യയിലേക്ക് നീങ്ങിയതും ഈ ഘട്ടത്തില്‍ തന്നെയാണ്. വര്‍ഗീയതയുടെ അതിപ്രസരം ഇന്ത്യന്‍ രാഷ്ട്രീയ ചക്രവാളത്തെ മലീമസമാക്കിയതും ഈ കാലത്തുതന്നെ. ഗുജറാത്തിലെ വംശഹത്യയും ഒറീസ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന തുടര്‍ച്ചയായ ആക്രമണങ്ങളും വര്‍ഗീയ ലഹളകളും ജനജീവിതം ദുസ്സഹമാക്കി. എല്ലാവരും ഒരു ഭരണമാറ്റം ആഗ്രഹിച്ചു. അതുണ്ടാവുകയും ചെയ്തു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരാന്‍ പോലും ബിജെപിക്കു കഴിഞ്ഞില്ല. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നെങ്കിലും അവര്‍ക്കും സഖ്യകക്ഷികള്‍ക്കും ഭരിക്കാനാവശ്യമായ സീറ്റ് ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് വര്‍ഗീയ ശക്തിയായ ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇടതുപക്ഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച തെരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മാറ്റി മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുക എന്ന കേന്ദ്ര മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷത്തിന് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനേ കഴിയുമായിരുന്നുള്ളൂ.

എന്നാല്‍ സര്‍ക്കാരിന് ഒരു പൊതുമിനിമം പരിപാടിയുണ്ടാകണമെന്നും അതു നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സംവിധാനമുണ്ടാകണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുപിഎ പൊതുമിനിമം പരിപാടി തയാറാക്കിയതും ഇടതുപക്ഷം ആവശ്യപ്പെട്ട ചില്ലറ ഭേദഗതികളോടെ അതംഗീകരിക്കപ്പെട്ടതും. അത് നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ യുപിഎ-ഇടത് ഏകോപന സമിതിക്കും രൂപം നല്‍കി.

എന്നാല്‍ തുടക്കത്തിലേ കല്ലുകടി ആരംഭിച്ചു. ലോകബാങ്കിലെ മുന്‍ ഉദ്യോഗസ്ഥരായ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയും മൊണ്ടേക്ക് സിങ് അലുവാലിയ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനുമായതിനാല്‍ സാമ്പത്തിക-വിദേശ നയങ്ങളില്‍ ആരംഭത്തിലേ അമേരിക്കന്‍ ചായ്‌വ് പ്രകടമായിരുന്നു. ആസൂത്രണ കമീഷന്‍ ഉപദേശകസമിതിയില്‍ ലോകബാങ്കിന്റെയും മെക്കന്‍സി കോര്‍പറേഷന്റെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. ഇടതുപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നപ്പോള്‍ മൊണ്ടേക്ക് സിങ് അലുവാലിയ ഉപദേശക സമിതി തന്നെ പിരിച്ചുവിട്ടാണ് ഇടതുപക്ഷത്തോടുള്ള വിരോധം തീര്‍ത്തത്. അതുപോലെ തന്നെ അമേരിക്കന്‍ സഹകരണത്തിന്റെ ഭാഗമായി രൂപംകൊണ്ട വിജ്ഞാന സമാരംഭ സമിതിയില്‍ അമേരിക്കന്‍ കമ്പനികളായ മൊണ്‍സാന്റോയെയും വാള്‍മാര്‍ടിനെയും മറ്റും ഉള്‍പ്പെടുത്തിയതും ഇടതുപക്ഷം വിമര്‍ശിക്കുകയുണ്ടായി.

അധികാരമേറി ഏതാനും മാസങ്ങള്‍ക്കു ശേഷം തന്നെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ 10 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അപ്പോഴായിരുന്നു ആദ്യത്തെ പ്രധാന സംഘര്‍ഷം ഉടലെടുത്തത്. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന വാഗ്ദാനം ലംഘിച്ചാണ് നവരത്ന കമ്പനികളിലൊന്നായ ബിഎച്ച്ഇഎല്‍ ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതോടെ യുപിഎ-ഇടതുപക്ഷ ഏകോപന സമിതി ഇടതുപക്ഷം ബഹിഷ്ക്കരിച്ചു. നവരത്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കില്ലെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതിനു ശേഷം മാത്രമാണ് പിന്നീട് ഈ സമിതിയിലേക്ക് ഇടതുപക്ഷം തിരിച്ചു വന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് സമിതി വിളിച്ചു ചേര്‍ക്കാന്‍ യുപിഎ സര്‍ക്കാര്‍ താല്‍പര്യം കാട്ടിയില്ല.

തുടര്‍ന്നങ്ങോട്ട് ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധമായിരുന്നു ഇരുകൂട്ടരും തമ്മിലുണ്ടായിരുന്നത്. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ സ്വകാര്യവത്ക്കരണ ശ്രമത്തിലും പെട്രോളിയം വിലവര്‍ധനയുടെ കാര്യത്തിലും മറ്റും സര്‍ക്കാരും ഇടതുപക്ഷവും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം തന്നെ ഉണ്ടായി. ഇടതുപക്ഷത്തിന്റെയും ഡിഎംകെ യുടെയും സംയുക്ത സമ്മര്‍ദത്തിന്റെ ഫലമായി ലിഗ്നൈറ്റ് കോര്‍പറേഷന്റെ സ്വകാര്യവത്കരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.

എന്നാല്‍ യഥാര്‍ഥ സംഘര്‍ഷം വിദേശനയത്തിന്റെ പേരിലായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വം യുപിഎ സര്‍ക്കാരും തുടര്‍ന്നു. ബുഷ് സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ് അധഃപതിച്ചു. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിനായുള്ള സുപ്രധാന കാല്‍വെപ്പ് 2005 ജൂണ്‍ 28 ന് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റൊണാള്‍ഡ് റംസ്‌ഫീല്‍ഡും തമ്മില്‍ ഒപ്പുവെച്ച പ്രതിരോധ ചട്ടക്കൂട് കരാറായിരുന്നു. അമേരിക്കയോടൊപ്പം അധിനിവേശങ്ങളില്‍ യുഎന്നിന്റെ നിര്‍ദേശമില്ലാതെ തന്നെ ഇന്ത്യയും പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുന്ന ഈ കരാറിനെതിരെ ആദ്യമായി രംഗത്ത് വന്നത് ഇടതുപക്ഷമായിരുന്നു. അമേരിക്കയുടെ മിസൈല്‍ രക്ഷാകവചത്തിലും ഭാഗഭാക്കായ ഇന്ത്യ സംയുക്ത ആയുധ നിര്‍മാണത്തിനും തയാറാണെന്നു പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് 2005 ജൂലൈ 18ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വാഷിങ്ടണില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നത്. ആണവക്കരാറിനെക്കുറിച്ച് ആദ്യമായി പരാമര്‍ശിക്കുന്നത് ഈ രേഖയിലാണ്. സഖ്യകക്ഷികളെയോ പുറത്തുനിന്ന് പിന്തുണക്കുന്നവരെയോ വിശ്വാസത്തിലെടുക്കാതെ തീര്‍ത്തും രഹസ്യമായാണ് ഈ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. അമേരിക്കയുമായി തന്ത്രപ്രധാന ബന്ധത്തിലേക്കാണ് മന്‍മോഹന്‍സിങ് സര്‍ക്കാരും നീങ്ങുന്നതെന്ന് ഇതോടെ വ്യക്തമായി. ആണവക്കരാര്‍ അതിനുള്ള ഉപകരണം മാത്രമായിരുന്നു. പൊതുമിനിമം പരിപാടിയില്‍നിന്ന് സര്‍ക്കാര്‍ തീര്‍ത്തും മാറി നടക്കുകയായിരുന്നു. അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തെക്കുറിച്ച് പൊതുമിനിമം പരിപാടിയില്‍ പറഞ്ഞിരുന്നില്ല.

രാജ്യത്തിന്റെ വിദേശ നയം അമേരിക്കക്ക് അടിയറവെക്കപ്പെടുകയാണെന്ന ഇടതുപക്ഷ ആരോപണം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ രണ്ട് തവണ - 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും - ഇറാനെതിരെ ഇന്ത്യ വോട്ട് ചെയ്തു. ചേരിചേരാ രാഷ്ട്രങ്ങളുടെ താല്പര്യം പോലും പരിഗണിക്കാതെയായിരുന്നു അമേരിക്കന്‍ നിര്‍ദേശമനുസരിച്ചുള്ള വോട്ട്. 2006 മാര്‍ച്ചില്‍ ബുഷ് ഇന്ത്യ സന്ദര്‍ശിച്ചു. 22 റിയാക്ടറുകളില്‍ എട്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം ഐഎഇഎ നിരീക്ഷണ സംവിധാനത്തിലാക്കുന്ന വിഭജന പദ്ധതി ഇന്ത്യ അംഗീകരിച്ചു. അതോടൊപ്പം സൈറസ് എന്ന പ്രധാന ഗവേഷണ റിയാക്ടര്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി അടച്ചിടാനും ഇന്ത്യ സമ്മതിച്ചു.

മാത്രമല്ല പ്രതിരോധ ചട്ടക്കൂട് കരാറിന്റെ ഭാഗമായി അമേരിക്കയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങളും വര്‍ധിച്ചു. 2005 ല്‍ പശ്ചിമബംഗാളിലെ കലൈകുണ്ടയില്‍ അമേരിക്കന്‍ നാവിക സേനയുമായും 2007 സെപ്തംബറില്‍ അമേരിക്ക, ജപ്പാന്‍, ആസ്ത്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് 'ഏഷ്യന്‍ നാറ്റോ' രൂപീകരണത്തിന്റെ ഭാഗമായും നാവികാഭ്യാസം നടന്നു. രണ്ടിനുമെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇടതുപക്ഷം നടത്തിയത്. കലൈകുണ്ടയില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ വന്‍ ജനകീയ ഉപരോധം തീര്‍ത്ത ഇടതുപക്ഷം ചതുര്‍രാഷ്ട്ര നാവികാഭ്യാസത്തിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്നും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍നിന്നും വിശാഖപട്ടണത്തേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.

2006 ഡിസംബറിലാണ് ഇന്ത്യയുമായി ആണവവ്യാപാരം സാധ്യമാക്കുന്ന ഹൈഡ് ആക്ട് അമേരിക്ക അംഗീകരിച്ചത്. തുടര്‍ന്ന് 2007 ജൂലൈ 25ന് 123 കരാര്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. അന്ന് ആ കരാര്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് ഒരാഴ്ചക്കു ശേഷം അമേരിക്കയിലും ഇന്ത്യയിലും ഒരുമിച്ച് കരാറിന്റെ കോപ്പി പുറത്തു വിട്ടത്.

ഇന്ത്യന്‍ വിദേശനയത്തെ അമേരിക്കക്ക് അടിയറവെക്കുന്നതും ആണവ പുരോഗതിയുടെ മുനയൊടിക്കുന്നതുമായ കരാറിലായിരുന്നു ഇന്ത്യ ഒപ്പിട്ടത് എന്ന് ജനങ്ങളും രാഷ്ട്രീയ സമൂഹവും അറിയുന്നത് ആഗസ്ത് ഏഴിന് ഇടതുപക്ഷ പാര്‍ടികള്‍ പ്രസ്താവനയുമായി രംഗത്ത് വന്നപ്പോഴായിരുന്നു. അമേരിക്കന്‍ ആഭ്യന്തര നിയമമായ ഹൈഡ് ആക്ട് ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് ഏറെ ദോഷകരമാണെന്നും അതിന്റെ അടിത്തറയിലാണ് 123 കരാറെന്നും ഇടതുപക്ഷമാണ് ആദ്യമായി ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയെ അമേരിക്കയുടെ നയതന്ത്ര പങ്കാളിയാക്കുന്നതിനുള്ള കരാറിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നും ഇടതുപക്ഷം ശഠിച്ചു. കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറായി. സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ രാജ്യസഭയില്‍ നടന്ന ഗൌരവമായ ചര്‍ച്ചക്ക് മറുപടി പറയവെയാണ് ഒമ്പത് വാഗ്ദാനങ്ങള്‍ മുന്നോട്ട് വെക്കാന്‍ പ്രധാനമന്ത്രി തയാറായത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം അംഗങ്ങളെയും കക്ഷികളെയും കരാറിനെതിരെ അണിനിരത്താനും ഇടതുപക്ഷം പ്രധാന പങ്കു വഹിച്ചു. പിന്നീടുള്ള ആണവ ചര്‍ച്ചയുടെ അടിസ്ഥാനം പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളായിരുന്നു.

അമേരിക്ക പാസ്സാക്കിയ ഹൈഡ് ആക്ടിനെക്കുറിച്ചും അത് വിദേശനയത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും വിശദമായ ചര്‍ച്ച വേണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു അതിനുവേണ്ടി മാത്രമായി 15 അംഗ യുപിഎ-ഇടതുസമിതിക്ക് പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ 2007 സെപ്തംബറില്‍ രൂപം കൊടുത്തത്. തലനാരിഴ കീറിയുള്ള പരിശോധനയാണ് സമിതിയില്‍ നടന്നത്. ഇടതുപക്ഷത്തിന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല.

അമേരിക്കയുമായുള്ള ആണവസഹകരണം സംബന്ധിച്ച യുപിഎ-ഇടതുപക്ഷ സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി കരാറുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും തിടുക്കം കാട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും ഇടതുപക്ഷത്തിന്റെ വഴിപിരിയലിനും കാരണമായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് ചേര്‍ന്ന ഈ സമിതിയുടെ ആറാമത് യോഗത്തില്‍വെച്ചാണ് സുരക്ഷാ കരാര്‍ സംബന്ധിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ) യുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ചര്‍ച്ചയുടെ ഫലമായുണ്ടാകുന്ന സുരക്ഷാ കരാറിന് ഐഎഇഎ യുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ അംഗീകാരം തേടുന്നത് സമിതിയുടെ അനുവാദത്തോടെയായിരിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി സുരക്ഷാ കരാറുമായി ഐഎഇഎയെ സമീപിക്കുമെന്ന് പ്രധാനമന്ത്രിയും സോണിയാഗാന്ധിയും വ്യക്തമായ സൂചന നല്‍കി. ഈ ഘട്ടത്തിലാണ് ജൂലൈ നാലിന് ചേര്‍ന്ന ഇടതുപക്ഷ പാര്‍ടികളുടെ യോഗം സുരക്ഷാ കരാറുമായി മുന്നോട്ട് പോകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാന്‍ സമിതിയുടെ കണ്‍വീനര്‍ കൂടിയായ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടത്. ജൂലൈ ഏഴിനകം വിവരം തരണമെന്നും ഇടതുപക്ഷം അന്ത്യശാസനം നല്‍കി. എന്നാല്‍ ജൂലെ ഏഴിന് മുഖര്‍ജി നല്‍കിയ മറുപടി അവ്യക്തമായിരുന്നു. ജൂലൈ പത്തിന് അടുത്ത യോഗം നടത്താമെന്നും അതില്‍ സുരക്ഷാ കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാമെന്നും പറഞ്ഞ മുഖര്‍ജി ഐഎഇഎയെ സമീപിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരം നല്‍കിയില്ല.

നാല് ഇടതുപക്ഷ പാര്‍ടികള്‍ക്കും മുഖര്‍ജിയില്‍നിന്ന് ലഭിച്ച രേഖാമൂലമുള്ള ഉറപ്പ് കൈപ്പറ്റി നിമിഷങ്ങള്‍ക്കകം തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആ വാഗ്ദാനം കാറ്റില്‍ പറത്തി. ഇന്ത്യന്‍ മണ്ണില്‍ നിന്ന് പറയാന്‍ ധൈര്യമില്ലാഞ്ഞിട്ടായിരിക്കാം ജപ്പാനിലേക്ക് പ്രത്യേക വിമാനത്തില്‍ പറക്കവെയാണ് സുരക്ഷാ കരാറുമായി ഐഎഇഎയെ ഉടന്‍ സമീപിക്കുമെന്ന് മന്‍മോഹന്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കൂട്ടുകക്ഷി ധര്‍മത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. സമ്പന്ന രാഷ്ട്രങ്ങളുടെ ക്ലബ്ബായ ജി എട്ടിന്റെ സമ്മേളനത്തില്‍ കരാറിനെക്കുറിച്ച് അന്തിമമായി തീരുമാനിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷുമായി ചര്‍ച്ച ചെയ്യാനായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. അതുകൊണ്ടാണ് ബുഷിനെ സന്തോഷിപ്പിക്കാനായി കൂട്ടുകക്ഷി കരാര്‍ മറന്നുകൊണ്ടുള്ള നീക്കം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ജൂലൈ എട്ടിന് ഇടതുപക്ഷ പാര്‍ടികള്‍ യോഗം ചേര്‍ന്നതും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതും. പത്താമത്തെ യുപിഎ-ഇടതുപക്ഷ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ഥമില്ലെന്നും ഇടതുപക്ഷം വ്യക്തമാക്കി.

വിശ്വാസവോട്ട് നേടിയതിന് ശേഷം മാത്രമേ ഐഎഇഎയെ സമീപിക്കൂ എന്ന വിദേശകാര്യമന്ത്രി മുഖര്‍ജിയുടെ പ്രഖ്യാപനത്തെയും പ്രധാനമന്ത്രി കാറ്റില്‍പ്പറത്തി. 24 മണിക്കൂറിനകം തന്നെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലെ അംഗങ്ങള്‍ക്ക് കരാറിന്റെ കരട് വിതരണം ചെയ്തുകൊണ്ട് കരാറിന്റെ തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. അമേരിക്കന്‍ പ്രസിഡന്റ് ബുഷുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുപുറകെയായിരുന്നു ഈ നടപടി. ബുഷിനെ കണ്ടപ്പോള്‍ ഈ മലക്കം മറിച്ചില്‍ എന്തുകൊണ്ടെന്ന് ജനങ്ങളോട് വിശദീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

ഐഎഇഎയുടെ ചട്ടമനുസരിച്ച് സുരക്ഷാ കരാര്‍ പുറത്താക്കാനാവില്ലെന്നായിരുന്നു പ്രപണബ് മുഖര്‍ജി രേഖാമൂലം ഇടതുപക്ഷത്തിന് നല്‍കിയ കത്തില്‍ പറഞ്ഞത്. എന്നാല്‍ ഇടതുപക്ഷം ഇതിനെ ചോദ്യം ചെയ്തു. ഐഎഇഎയല്ല മറിച്ച് യുപിഎ സര്‍ക്കാരാണ് കരാര്‍ രഹസ്യമാക്കി വെക്കുന്നതെന്ന് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. ഇടതുപക്ഷം പറഞ്ഞതാണ് ശരിയെന്ന് ഐഎഇഎ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ വെട്ടിലായി. കരാര്‍ രഹസ്യ സ്വഭാവമുള്ള രേഖയല്ലെന്നാണ് ഐഎഇഎ അറിയിച്ചത്. ഐഎഇഎ യുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന് കരാറിന്റെ കരട് നല്‍കിയതോടെ തന്നെ അമേരിക്കന്‍ വെബ്‌സൈറ്റുകളിലൂടെ ഇത് പുറത്ത് വന്നു. ഇതോടെയാണ് വിദേശമന്ത്രാലയത്തിന് കരട് ഔദ്യോഗികമായി തന്നെ പുറത്തിറക്കേണ്ടി വന്നത്.

സുരക്ഷാ കരാറിന്റെ കരട് കാണണമെന്ന് ഇടതുപക്ഷം ആവശ്യപ്പെടാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നു. 'ഇന്ധന ക്ഷാമ'മാണല്ലോ അമേരിക്കയുമായി ഇത്തരമൊരു കരാറിലെത്താന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ കരാറില്‍ നിന്ന് പിന്മാറാന്‍ അമേരിക്കക്ക് 1,2,3 കരാര്‍ അനുവാദം നല്‍കുന്നുമുണ്ട്. അങ്ങനെ അമേരിക്ക പിന്‍വാങ്ങിയാല്‍ ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ക്ക് ഇന്ധനം ലഭിക്കുമോ എന്ന ചോദ്യമാണ് ഇടതുപക്ഷം പ്രധാനമായും ഉയര്‍ത്തുന്നത്.

അതിരൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവുമാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. ഇവ നിയന്ത്രിക്കാന്‍ ഇടതുപക്ഷം അഞ്ച് പ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അതൊന്നുപോലും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറായില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിനേക്കാളും പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രധാനം അമേരിക്കന്‍ പ്രസിഡന്റിന് നല്‍കിയ വാഗ്ദാനമാണ്. ഈ വിധേയത്വമാണ് ഇടതുപക്ഷ പിന്തുണ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കിയത്.

ഇടതുപക്ഷത്തിന്റെ പിന്തുണ നിലനില്‍ക്കെ തന്നെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും കരാര്‍ പാസ്സാക്കിയെടുക്കാനുള്ള കൃത്രിമ ഭൂരിപക്ഷം നിര്‍മിക്കാന്‍അണിയറയില്‍ നടത്തിയ ശ്രമവും കൂട്ടുകക്ഷി രാഷ്ട്രീയത്തിന് നിരക്കുന്നതായിരുന്നില്ല. ഇടതുപക്ഷത്തെ ഒഴിവാക്കിയുള്ള ഭരണം എന്ന അമേരിക്കന്‍ അജന്‍ഡയാണ് ഇതുവഴി പ്രധാനമന്ത്രി നടപ്പിലാക്കിയത്.

***

വി ബി പരമേശ്വരന്‍

Monday, July 14, 2008

ആഗോളവല്‍ക്കരണ കാലത്തെ മത്തി തീറ്റ

കൃഷി പിന്നേം ചതിച്ചതോടെ കൊണ്ടേരന്‍ കിടന്നുകൊണ്ടായി ചിന്ത.

ഊണില്ല, ഉറക്കമില്ല, മറ്റു വിനോദോപാധികളൊന്നുമില്ല. ദേശീയ ദുഃഖാചരണം. വായ തുറന്നാല്‍ നിലയവിദ്വാന്മാര്‍ വീണവായിക്കുന്നതു മാത്രം.

സങ്കടം അഭിനയിച്ച് ചാരേ നില്‍ക്കുന്ന ഭാര്യ എന്ന നടിയെ , ഊണിന്നാസ്ഥ കുറഞ്ഞു.....നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതായി എന്ന പദം ചൊല്ലി ഓടിച്ചു. ചെണ്ടയും മദ്ദളവും ലീവിലായതിനാല്‍ അകമ്പടിക്കാരുണ്ടായില്ല. എങ്കിലും രംഗം ഭാവസാന്ദ്രവും വികാരതീവ്രവും ആയിരുന്നു.

'അച്ഛനെന്തുപറ്റീ അമ്മേ..' എന്ന് ചോദിച്ച മക്കളുടെ വാ പൊത്തിപ്പിടിച്ച് അമ്മ പറഞ്ഞു.

'മിണ്ടല്ലേ..കാലമാടന്‍ ഒറങ്ങീട്ടില്ല..'

ഇത്തരം ഐഹികസുഖങ്ങളൊന്നും കൊണ്ടേരനെ ബാധിച്ചില്ല.

കൊണ്ടേരന്‍ ചിന്തയിലാണ്.

മറ്റു പണിയൊന്നുമില്ലാത്തതുകൊണ്ട് ചിന്ത തന്നെ ശരണം.

കടങ്ങളുടെ കണക്കെടുത്തു.

വേണമെങ്കില്‍ ചത്തു കളയാമെന്ന പൊസിഷനിലാണ്.

ആ വഴിക്കും ഒന്നു ചിന്തിച്ചു നോക്കി.

ഫലമില്ല.

പണ്ടേപ്പോലെ ഫലിക്കുന്നില്ല.

മരണത്തിന്റെ മാര്‍ക്കറ്റിടിഞ്ഞു.

പത്രങ്ങള്‍ ഇവനെ നിഷ്ക്കരുണം തള്ളി. ഒന്നാം പേജില്‍ നിന്ന് അവനെ ഇറക്കിവിട്ടു.

ചരമപ്പേജിന്റെ അടുക്കളത്തിണ്ണയില്‍ ഇടം കിട്ടിയാല്‍ ഭാഗ്യം.

കദന കഥയില്ല.

കണ്ണീര്‍പ്പുഴയില്ല.

കരളലിയുന്നില്ല.

ചത്താല്‍ ചത്തവന് പോയി. അത്രമാത്രം.

എന്നാല്‍ അങ്ങനെ ചാവണ്ട എന്ന് കൊണ്ടേരന്‍ തീരുമാനിച്ചു.

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ചത്തിട്ട് കാര്യമില്ല. ചാവുന്നതിനും വേണ്ടേ ഇത്തിരി ഗമ! ഒരനുശോചന പ്രമേയമെങ്കിലും കിട്ടാതെ കടന്നു പോയാല്‍ പരേതന്റെ ആത്മാവിന് നിത്യശാന്തി കിട്ട്വോ?

അതുകൊണ്ട് ഇപ്പോള്‍ ചാവണ്ട.

കൊണ്ടേരന്‍ ഉറപ്പിച്ചു.

സീസണാവട്ടെ. അപ്പോള്‍ നോക്കാം.

കൊണ്ടേരന്‍ മറിഞ്ഞ് കിടന്ന് ആലോചിച്ചു.

അതോടെ ഉച്ചയായി.

അകത്തുനിന്ന് മത്തി വറുക്കുന്ന മണം. അവള്‍ ഇതെങ്ങനെ സംഘടിപ്പിച്ചു? ദൈവാനുഗ്രഹംകൊണ്ട് കാല്‍ക്കാശ് കൈയിലില്ല.

എങ്കിലും ഭാര്യ വൈഭവപൂര്‍ണിമ തന്നെ!.

അവള്‍ സൈക്കിളുകാരനോട് കടം പറഞ്ഞു. കേന്ദ്രം കനിയുമ്പോള്‍ തരാമെന്ന ഉറപ്പില്‍.

അവന്‍ സമ്മതിച്ചു.

അവള്‍ ചിരിച്ചു.

അവന്‍ ദഹിച്ചു.

കടംവാങ്ങിയ മത്തി കടം വാങ്ങിയ വെളിച്ചെണ്ണയില്‍ കിടന്നു പൊരിയുന്നു.

തീ മാത്രമാണ് സ്വന്തം.

കൊണ്ടേരന്‍ കിടന്ന കിടപ്പില്‍ ഒന്നാഞ്ഞു വലിച്ചു.

കഴിഞ്ഞ കര്‍ക്കടകത്തിലാണ് അവസാനമായി ഇതുപോലത്തെ മണം കേട്ടത്.

കൊണ്ടേരന്‍ ക്ഷീണം മറന്നു.

കിണറ്റിന്‍കരയില്‍ പോയൊന്ന് കുളിച്ചു. ശരീരം പകുതിയായിപ്പോയി.

വറുത്ത മത്തിയും ചോറും.

കൊണ്ടേരന്‍ പ്രാകൃതനായി.

ഭാര്യയുടെ കണ്ണുനിറഞ്ഞു.

കെട്ട്യോന്റെ ആര്‍ത്തിയില്‍ അവള്‍ നിരുദ്ധകണ്ഠയായി.

ഉണ്ടിരുന്നപ്പോള്‍ കൊണ്ടേരന് ഉള്‍വിളിയുണ്ടായി.

കടാശ്വാസ കമീഷന്‍ പട്ടണത്തില്‍ കിടക്കുന്നു. സിറ്റിങ് എന്നാണ് ഇപ്പോള്‍ ഇതിന്റെ മലയാളം.

ദുരിതബാധിതര്‍ ഒന്ന് ചെന്നാല്‍ മതി. ദുരിതം അവര്‍ ഒപ്പിയെടുക്കും.

കൊണ്ടേരന്‍ ഉച്ചമയക്കത്തിനൊരുങ്ങിയില്ല. ഭാര്യയോട് യാത്ര പറഞ്ഞ് അവശ കര്‍ഷകന്റെ വേഷത്തില്‍ പട്ടണത്തിലേക്കുള്ള ബസ്സിന്റെ പിന്‍വാതിലില്‍ തൂങ്ങിക്കിടന്നു.

ദരിദ്രന്റെ സ്വര്‍ഗയാത്ര.

അപ്പോഴുമെന്‍ കടത്തിന്റെ ചക്രം മുന്നോട്ടോടുന്നു എന്ന് രസത്തിലൊന്ന് പാടി നോക്കി.

പാടിത്തീരുംമുമ്പേ പട്ടണമെത്തി. പട്ടണത്തില്‍ പട്ടിണി ഇറങ്ങി.

സ്ഥലം അന്വേഷിച്ചു. ഒടുവില്‍ തേടിയ സ്ഥലം കാലില്‍ ചുറ്റി.

ഒരു ബഹുനില കെട്ടിടം.

അതിന്റെ ഉച്ചിയിലാണ് തത്ര ഭവാന്മാരുടെ വിശ്രമം.

കെട്ടിടത്തിനു ചുറ്റും കൊണ്ടേരന്‍ ഒന്ന് മണ്ടി നടന്നു.

ചില്ലുകൊട്ടാരത്തിനിടയില്‍ ഒരു വിടവു കണ്ടു. അതാവും പ്രവേശന ദ്വാരം.

അകത്തു നിന്നൊരാള്‍ ആംഗ്യം കാണിച്ചു.

അകത്തേക്കോ പുറത്തേക്കോ.

ആവശ്യക്കാരന് ഔചിത്യം വേണ്ട. കൊണ്ടേരന്‍ അകത്തു കടന്നു. പുറകെ പട്ടി വരുന്നുണ്ടോ എന്ന് നോക്കി.

പിന്നെ സ്വയം ലജ്ജിച്ച് തലതാഴ്ത്തി.

ഇത് തന്റെ കുറുക്കന്‍മൂലയല്ല. പട്ടണമാണ്. ഇവിടെ പട്ടികള്‍ കുരയ്ക്കാറില്ല, പുഛിക്കാറേയുള്ളു.

അകത്തു കടന്നപ്പോഴും പ്രശ്നം അവസാനിച്ചില്ല.

മുകളിലെത്തണം.

ആരെയും കാണുന്നില്ല.

കോണിയെവിടെ?

തെന്നുന്ന തറയില്‍ കൊണ്ടേരന്‍ കോണി തേടി.

കാവല്‍ക്കാരന്‍ വിരട്ടി.

'ലിഫ്റ്റ് വഴി പോണം.'

കാവലിന്റെ കൊമ്പന്‍ മീശ വിറച്ചു കൊണ്ടേയിരുന്നു.

ലിഫ്റ്റിനു മുന്നില്‍ കൊണ്ടേരന്‍ പകച്ചുപോയി.

ഗ്രാമത്തിലെ കരിമ്പൂച്ചകളോട് നഗരം വളയാനേ പറഞ്ഞിട്ടുള്ളു. ലിഫ്റ്റില്‍ കയറാന്‍ പറഞ്ഞിട്ടില്ല.

കൊണ്ടേരന് സങ്കടവും നാണവും ഒന്നിച്ച് വന്നു. അതൊരു പ്രശ്നമായി. പിന്നെ അതോരോന്നായി വന്നതോടെ ആ പ്രശ്നം അവസാനിച്ചു.

കൊണ്ടേരനു മുന്നില്‍ ലിഫ്റ്റെത്തി. എലിപ്പെട്ടി വാ തുറന്നു.

കൊണ്ടേരന്റെ ചങ്കില്‍ തുലാ മാസത്തിലെ ഇടിവെട്ടി. ഓടിപ്പോകാന്‍ തോന്നി.

ജീവിതം തിരിച്ചു വിളിച്ചു.

അകത്തു കയറി.

പേടിച്ച് വിറച്ച് മൂലയില്‍ ഒതുങ്ങി.

ലിഫ്റ്റടഞ്ഞു.

കൊണ്ടേരന്‍ കുറുക്കമ്മൂലക്കാവിലമ്മയെ വിളിച്ചു.

ലിഫ്റ്റില്‍ രണ്ടു പേര്‍ കൂടി മാത്രമേയുള്ളു.

കൊണ്ടേരന്‍ അവരെ നോക്കി.

ഷര്‍ട്, ടൈ, ഓവര്‍കോട്ട്, പാന്റ്സ്, ഷൂ..

കൊണ്ടേരന്‍ ഇനം തിരിച്ചെണ്ണി.

നാണം മറയ്ക്കാന്‍ മനുഷ്യന്റെ സാഹസം!

കൊണ്ടേരന്‍ തന്നെത്തന്നെ നോക്കി.

അര്‍ധനഗ്നനായ ഫക്കീര്‍!

കൊണ്ടേരന്റെ മനസ്സില്‍ ദേശീയ ബോധം ഇരമ്പിക്കയറി.

ഭാരത് മാതാ കീ.....

ലിഫ്റ്റില്‍ രണ്ടു പേരും കൊടും സംഭാഷണത്തിലാണ്.

ഒരു കാര്യം കൊണ്ടേരന് മനസ്സിലായി.

തനിക്കൊന്നും മനസ്സിലാവുന്നില്ല.

എന്നാലും ഓരോ വാക്കു കഴിയുമ്പോഴും തലകുലുക്കുന്ന ഒരു തരം ഭാഷയാണ് ഇരുവരും പറയുന്നതെന്ന് പിടികിട്ടി.

ചില ഭാഗങ്ങള്‍ വരുമ്പോള്‍ ചിരിക്കുന്നുമുണ്ട്, ശബ്ദം താഴ്ത്തി.

ഇടയ്ക്ക് ഒരുവന്‍ അപരന്റെ കുപ്പായത്തില്‍ മണത്തു.

ആ ചടങ്ങ് കൊണ്ടേരന് മനസ്സിലായില്ല.

' ഓ!...റിയലി..ഫെയ്ന്റാസ്റ്റിക്ക്..വേര്‍ യു ഗോട്ട് ഇറ്റ്?'

'ദിസ് പെര്‍ഫ്യൂം ഫ്രം പാരിസ്. ന്യൂ ഇന്‍ മാര്‍ക്കറ്റ്. ഇറ്റ്സ് നെയിം ഈസ് വെല്‍വിഷര്‍. റ്റൂ..ഫ്രാഗ്രന്റ്..200 ഡോളേഴ്സ്..'

'ഓ! വണ്ടര്‍ഫുള്‍!'

കൊണ്ടേരന് മനസ്സിലായി.

വിഷയം മണമാണ്.

മണത്ത് പിടിക്കുന്ന ഇനം.

കൊണ്ടേരന്‍ മനസ്സില്‍ പറഞ്ഞു.

'മണക്കെടാ..മണക്ക്..'

പിന്നെ അപരന്‍ മറ്റവനെ മണക്കുന്ന ചടങ്ങായിരുന്നു.

' ഓ! റിയലി..ഫെയ്ന്റാസ്റ്റിക്ക്....വേര്‍ യൂ ഗോട്ട് ഇറ്റ്?'

മറ്റവന്‍ കാത്തിരുന്ന ചോദ്യം.

സുജനമര്യാദ.

സ്വന്തം മണത്തില്‍ ആവേശം കൊണ്ട് മറ്റവനും പ്രഭാഷണം തുടങ്ങി.

' ദിസ് പെര്‍ഫ്യൂം ഫ്രം സ്വിസ്സ്. ന്യൂ വണ്‍ ഇന്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്. ബ്രാന്റ് നെയിം ലവ്‌ലി ഡെയ്‌ല്‍‍. ഇറ്റ് ഈസ് റ്റൂ സെക്സി. സ്മെല്‍ ഓഫ് ദ യൂത്ത്...കോസ്റ്റ് 250 ഡോളേഴ്സ്..'

ചടങ്ങില്‍നിന്ന് കൊണ്ടേരന്‍ വിട്ടുനിന്നില്ല.

അരയില്‍ കെട്ടിയ തോര്‍ത്തൊന്നെടുത്ത് വീശി.

ദുര്‍ഗന്ധം.

ഗന്ധമാദനപര്‍വം.

വിയര്‍പ്പും ചാളനെയ്യും തമ്മിലുള്ള കോമ്പിനേഷന്‍.

രണ്ട് ഇന്ത്യന്‍ നിര്‍മിത വിദേശക്കുപ്പികളുടെയും മുഖം മലയാളത്തില്‍ ചുളിഞ്ഞുപോയി.

കൊണ്ടേരന്‍ പറഞ്ഞു.

'ദിസ് ഈസ് ഫ്രം പൊറക്കാട് കടപ്പുറം..മത്തി ഫ്രൈ..ഓള്‍വേയ്സ് ഇന്‍ ദ മാര്‍ക്കറ്റ്. ഒണ്‍ലി ട്വൊന്റി റുപ്പീസ് പെര്‍ കിലോ...'

വാ തുറന്ന ലിഫ്റ്റില്‍ നിന്നു കൊണ്ടേരന്‍ അന്തസ്സോടെ പുറത്തിറങ്ങി.

***

എം എം പൌലോസ്, ദേശാഭിമാനി വാരിക

Sunday, July 13, 2008

ആണവകരാറും അവസരവാദവും

അമേരിക്കയുമായുള്ള സിവിലിയന്‍ ആണവക്കരാറുമായി മുന്നോട്ട് പോകാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സര്‍ക്കാരിന്റെ ഭാവി ഇരുളിലായിരിക്കയാണ്. അമേരിക്ക മുന്നോട്ട് വെച്ച സമയക്രമമനുസരിച്ച് മുന്നോട്ട് പോകാനുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നീക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് ഇടതുപക്ഷമാണ് ഇപ്പോഴത്തെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളതെന്നാണ്.

തീര്‍ത്തും ബാലിശമാണ് ഈ വാദമെന്ന് സംഭവങ്ങളുടെ സമഗ്രമായ പരിശോധന വ്യക്തമാക്കും. ആണവക്കരാറിനോടുള്ള ഇടതുപക്ഷത്തിന്റെ വിരോധം ഇന്ന് തുടങ്ങിയതൊന്നുമല്ല. അതിന്റെ തുടക്കം മുതല്‍ തന്നെ അചഞ്ചലമായി കരാറിനെ എതിര്‍ക്കുന്ന രാഷ്ട്രീയ സഖ്യമാണ് ഇടതുപക്ഷം. യുപിഎ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ ഈ എതിര്‍പ്പ് തുടങ്ങിയിരുന്നു. യുപിഎ അംഗീകരിച്ച ദേശീയ പൊതുമിനിമം പരിപാടിയുടെ കരടില്‍ 'അമേരിക്കയുമായി തന്ത്രപ്രധാന ബന്ധം' സ്ഥാപിക്കുമെന്നായിരുന്നു ഉണ്ടായിരുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഈ പദപ്രയോഗം മാറ്റി അമേരിക്കയുമായി 'അടുത്ത ബന്ധവും സഹകരണവും' എന്നാക്കി മാറ്റിയത്. അതായത് തുടക്കം മുതല്‍ തന്നെ അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രമത്തെ ഇടതുപക്ഷം ചെറുത്തിരുന്നു.

2005 ജൂണ്‍ 28ന് അമേരിക്കയുമായി പ്രതിരോധ ചട്ടക്കൂട് കരാര്‍ ഒപ്പിട്ടപ്പോഴും ഇതേവര്‍ഷം ജൂലായ് 17 ന് ആണവസഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അമേരിക്കന്‍ പ്രസിഡന്റും സംയുക്ത പ്രസ്താവന നടത്തിയപ്പോഴും തുടര്‍ന്ന് രണ്ടു തവണ ഇറാനിനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ അമേരിക്കക്കൊപ്പം ഇന്ത്യ വോട്ട് ചെയ്തപ്പോഴും 2006 മാര്‍ച്ച് രണ്ടിന് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 16 ഓളം റിയാക്ടറുകള്‍ ഐഎഇഎ യുടെ സുരക്ഷാ സംവിധാനത്തിന്‍ കീഴിലാക്കുന്ന വിഭജന പദ്ധതി അംഗീകരിച്ചപ്പോഴും 2007 ജൂലായില്‍ 1,2,3 എന്ന അന്തിമ കരാര്‍ അംഗീകരിച്ചപ്പോഴും അതിനെതിരെ ഇടതുപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. അതുകൊണ്ടു തന്നെ ഇടതുപക്ഷം ഇപ്പോള്‍ പൊടുന്നനവെ പ്രതിഷേധവുമായി രംഗത്തെത്തി എന്ന് പറയുന്നത് ശരിയല്ല.

അതുപോലെ തന്നെ ഇടതുപക്ഷം മാത്രമാണ് ഈ കരാറിനെ എതിര്‍ക്കുന്നത് എന്നതും വസ്തുതയല്ല. പ്രമുഖ ആണവശാസ്ത്രജ്ഞര്‍ പോലും കരാറിനെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ പുനഃസംസ്കരണ സാങ്കേതിക വിദ്യയുടെ പിതാവായി അറിയപ്പെടുന്ന ബാബാ അണുശക്തി കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ ഡോ. എ എന്‍ പ്രസാദ്, ആണവോര്‍ജ കമ്മീഷന്റെ മുന്‍ ചെയര്‍മാന്‍ ഡോ. പികെ അയ്യങ്കാര്‍, ആണവോര്‍ജ നിയന്ത്രണ സമിതിയുടെ മുന്‍ ചെയര്‍മാന്‍ ഡോ. എ ഗോപാലകൃഷ്ണന്‍ എന്നിവരെല്ലാം ഇടതുപക്ഷത്തെ പോലെ തന്നെ തുടക്കം മുതലേ കരാറിനെതിരായിരുന്നു. ഇവരാരും ഇടതുപക്ഷക്കാരോ ചൈനാ പക്ഷപാതികളോ അല്ല; മറിച്ച് ഇന്ത്യ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കക്കു മുമ്പില്‍ അടിയറവെക്കുന്നതിലാണ് ഇവരുടെ രോഷം. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നേരത്തേ കത്തെഴുതിയ ഈ ശാസ്ത്രജ്ഞര്‍ ജൂണ്‍ 24 ന് പോലും സുരക്ഷാ കരാറില്‍ ധൃതിപിടിച്ച് ഒപ്പിടരുതെന്ന് ആവശ്യപ്പെടുകയുണ്ടായി. അതുപോലെ നിരവധി പ്രതിരോധ വിദഗ്ധരും കരാറിനെതിരെ രംഗത്തുവരികയുണ്ടായി. പാര്‍ലമെന്റില്‍ യുപിഎ ഒഴിച്ചുള്ള ഭൂരിപക്ഷം കക്ഷികളും കരാറിനെതിരെ രംഗത്തുവന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷം മാത്രമാണ് കരാറിനെ എതിര്‍ക്കുന്നതെന്ന വാദം നിരര്‍ഥകമാണ്.

നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിച്ചത് ഇടതുപക്ഷമാണെന്ന കോണ്‍ഗ്രസിന്റെ വാദം ന്യായീകരിക്കത്തക്കതല്ല. കാരണം, വാഗ്ദാന ലംഘനം നടത്തി കരാറുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രിയും കോണ്‍ഗ്രസും പറഞ്ഞതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം. ഈ വാദഗതി മനസ്സിലാക്കണമെങ്കില്‍ അതിന്റെ പശ്ചാത്തലംകൂടി പരിശോധിക്കേണ്ടതുണ്ട്. 1 2 3 കരാര്‍ എന്ന അന്തിമ കരാര്‍ അതീവ രഹസ്യമാക്കിവെച്ചാണ് 2007 ജൂലൈ 25 ന് കേന്ദ്രമന്ത്രിസഭ അംഗീകരിക്കുന്നത്. ഒരാഴ്ചക്കുശേഷമാണ് കരാറിന്റെ കോപ്പി പുറത്തുവിടുന്നത്. കൃത്യമായി പറഞ്ഞാല്‍ ആഗസ്ത് മൂന്നിന്. ഇതോടെയാണ് കരാറിലെ ചതിക്കുഴികള്‍ എന്തൊക്കെയാണെന്ന് പുറംലോകം അറിയുന്നത്. ഇടതുപക്ഷമാണ് കരാറിനെതിരെ ആഗസ്ത് ഏഴിന്റെ പ്രസ്താവനയിലൂടെ ശക്തമായി രംഗത്തുവന്നത്. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കക്ക് അടിയറ വെക്കുന്നതും ആണവരംഗത്തെ സ്വാശ്രയത്വം നശിപ്പിക്കുന്നതുമായ ഹൈഡ് ആക്റ്റിന്റെ അടിത്തറയിലാണ് 1 2 3 കരാര്‍ കെട്ടിപ്പൊക്കിയതെന്ന് ഇടതുപക്ഷം ആരോപിച്ചു. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടത്. ഇടതുപക്ഷം ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു സംവിധാനം രൂപീകരിക്കണമെന്ന ആവശ്യവും ഇടതുപക്ഷം മുന്നോട്ടുവെക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2007 ആഗസ്ത് 14 ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വിദേശമന്ത്രി പ്രണബ്മുഖര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. ഈകൂടിക്കാഴ്ചയിലാണ് ആണവക്കരാറിനെക്കുറിച്ച് പഠിക്കാന്‍ യുപിഎ-ഇടതുപക്ഷ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.

പ്രണബ്‌മുഖര്‍ജി കണ്‍വീനറായ സമിതിയില്‍ ഇടതുപക്ഷത്തുനിന്ന് ആറുപേരും ഭരണപക്ഷത്തുനിന്ന് ഒമ്പത്പേരും അംഗങ്ങളാണ്. സമിതിയുടെ ആദ്യയോഗം സപ്തംബര്‍ 11 ന് മുഖര്‍ജിയുടെ തല്‍ക്കത്തോറ റോഡിലുള്ള വസതിയില്‍ ചേര്‍ന്നു. പ്രധാനമായും നാല് വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് അന്ന് തീരുമാനിച്ചത്. 1 2 3 കരാറില്‍ ഹൈഡ് ആക്റ്റിന്റെ സ്വാധീനം, കരാര്‍ ഇന്ത്യന്‍ ആണവ സ്വാശ്രയത്വത്തെയും വിദേശനയത്തെയും സുരക്ഷാസഹകരണത്തെയും എങ്ങനെ ബാധിക്കും എന്നിവ. ആദ്യത്തെ ആറ് യോഗങ്ങളില്‍ ഈ ചര്‍ച്ച പൂര്‍ത്തിയാക്കി. ഗവണ്‍മെന്റും ഇടതുപക്ഷവും ഒരോ വിഷയത്തെക്കുറിച്ചുമുള്ള കുറിപ്പുകളും കൈമാറി. കരാറിന്റെ മേന്മ ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും വിജയിച്ചിരുന്നില്ല. എങ്കിലും കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും നല്ല പരീക്ഷണമായിരുന്നു യുപിഎ-ഇടതുപക്ഷ സമിതി.

കരാറുമായി മുന്നോട്ടുപോകാന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ഉണ്ടാകില്ലെന്ന് ഓരോ യോഗം കഴിയുന്തോറും സര്‍ക്കാരിന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയായിരുന്നു. ഈ ഘട്ടത്തിലാണ് യുപിഎ-ഇടത് സമിതിയുടെ ആറാമത് യോഗത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ (ഐഎഇഎ) സമീപിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഇടതുപക്ഷത്തോട് കേഴുന്നത്. ഐഎഇഎ സെക്രട്ടറിയേറ്റുമായി ഇന്ത്യന്‍ കേന്ദ്രീകൃത സുരക്ഷാകരാറിനെക്കുറിച്ച് ചര്‍ച്ച നടത്തുക മാത്രമെയുളളൂവെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം യുപിഎ-ഇടതുപക്ഷ സമിതിയില്‍ അതേക്കുറിച്ച് വിശദീകരിക്കുമെന്നും സമിതിയുടെ അംഗീകാരത്തോടെ മാത്രമെ കരാറിന്റെ അംഗീകാരത്തിനായി ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ സമീപിക്കൂ എന്നും കോണ്‍ഗ്രസ് നേതൃത്വം ഇടതുപക്ഷത്തിന് ഉറപ്പുനല്‍കി. ഈ വാഗ്ദാനങ്ങളെല്ലാംതന്നെ അന്നത്തെ യോഗത്തിനുശേഷം ഇറക്കിയ പത്രക്കുറിപ്പില്‍ അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്. സമിതിയുടെ അനുമതിക്കുശേഷം മാത്രമെ തുടര്‍നടപടി ഉണ്ടാകൂ എന്നായിരുന്നു പത്രക്കുറിപ്പിന്റെ കാതല്‍.

എന്നാല്‍ മെയ് മാസത്തില്‍ ചേര്‍ന്ന എട്ടാമത് യുപിഎ-ഇടതുപക്ഷ സമിതി യോഗത്തില്‍ മുന്‍തീരുമാനത്തിന് വിരുദ്ധമായി സുരക്ഷാ കരാറുമായി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ സമീപിക്കാന്‍ അനുവാദം നല്‍കണമെന്ന് യുപിഎ ആവശ്യപ്പെട്ടു. ഇടതുപക്ഷം ഈ ആവശ്യം നിരാകരിക്കുകയും ചെയ്തു. നഗ്നമായ വാഗ്ദാന ലംഘനമാണ് യുപിഎയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒന്നാമതായി, ഐഎഇഎ സെക്രട്ടറിയേറ്റുമായി നടത്തിയ ചര്‍ച്ചയുടെ ഫലം- അതായത് സുരക്ഷാകരാറിന്റെ കരടുരൂപം-സമിതിക്കുമുമ്പില്‍ വെക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സമിതിയുടെ അംഗീകാരത്തിനുശേഷം മാത്രമെ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്ന വാഗ്ദാനം ലംഘിച്ച് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ സമീപിക്കാന്‍ യുപിഎ തയ്യാറെടുത്തു. പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും കരാറുമായി മുന്നോട്ട് പോകുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. നാലര വര്‍ഷം ഗവണ്‍മെന്റിനെ മുന്നോട്ടുകൊണ്ടുപോകാന്‍ പുറത്തുനിന്ന് നിര്‍ണായക പിന്തുണ നല്‍കിയ കക്ഷിയെ ചതിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ഐഎഇഎയുമായി ചര്‍ച്ച നടത്താന്‍ ഇടതുപക്ഷം അനുവദിച്ചത്. അത് അനുവദിക്കുമ്പോഴും അമേരിക്കയുമായുള്ള ആണവക്കരാര്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുപക്ഷം ആണയിട്ടുപറഞ്ഞിരുന്നു. എന്നിട്ടും കടുത്ത വിശ്വാസവഞ്ചന കാട്ടാനാണ് കോണ്‍ഗ്രസ് തയ്യാറായത്. ഒരു കൂട്ടുകക്ഷി സംവിധാനം എങ്ങനെ കൊണ്ടുപോകണമെന്ന് കോണ്‍ഗ്രസിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഏകക്ഷി ഭരണം ദിവാസ്വപ്നം കണ്ടാണ് അവര്‍ മുന്നോട്ടുപോകുന്നത്.

മാത്രമല്ല, സര്‍ക്കാരിനെ പിന്തുണക്കുന്ന കക്ഷി പറയുന്നതിനേക്കാളും വില അമേരിക്കന്‍ പ്രസിഡന്റ് ബുഷ് പറയുന്ന വാക്കുകള്‍ക്കാണ് പ്രധാനമന്ത്രിയും കൂട്ടരും കല്‍പ്പിക്കുന്നത്. സ്വന്തം സഖ്യകക്ഷികളും ശാസ്ത്രജ്ഞരും പറയുന്നത് അവഗണിച്ച് ബുഷ് പറയുന്നത് അക്ഷരംപ്രതി വിഴുങ്ങാനാണ് ലോകബാങ്കിന്റെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ മന്‍മോഹന്‍സിങ് തയ്യാറായത്. ലോകബാങ്കില്‍നിന്ന് ഇന്നും ലക്ഷങ്ങള്‍ പെന്‍ഷന്‍ പറ്റുന്ന ഈ മുന്‍ ഉദ്യോഗസ്ഥന്റെ കൂറ് അമേരിക്കയോടാകുന്നത് സ്വാഭാവികം.

രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ അതിന് പരിഹാരം കാണാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനുപകരം ബുഷിന് നല്‍കിയ വാഗ്ദാനം നടപ്പിലാക്കാനാണ് മന്‍മോഹന്‍സിങ് തയ്യാറായിട്ടുള്ളത്. എന്നിട്ട് അദ്ദേഹത്തിന്റെ പാര്‍ടി വിളിച്ചുകൂവുന്നത് ഇടതുപക്ഷമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നാണ്. യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും അമേരിക്കന്‍ വിധേയത്വത്തില്‍നിന്നാണ് പ്രതിസന്ധി ഉടലെടുത്തത്.

*

വി ബി പരമേശ്വരന്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം - ഒരു വിലയിരുത്തല്‍

പൊതു ഉടമസ്ഥതയിലായിരുന്ന, ഈ രംഗത്തെ പ്രൊഫഷണലുകളുടെ അറിവായിരുന്ന, സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ കൈയ്യടക്കി, അവയെ നിഗൂഢവല്‍ക്കരിച്ച്, അവയില്‍ കുത്തകാധിപത്യം സ്ഥാപിച്ച്, നിലനിര്‍ത്തി, തനത് മേഖലയിലെ മേലേക്കിടയിലുള്ള ഒരു ചെറിയ വിഭാഗം തൊഴിലാളികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട കൂലി കൊടുത്തുകൊണ്ട് ആ മേഖലയിലെ തന്നെ ബഹുഭൂരിപക്ഷത്തേയും മറ്റെല്ലാ മേഖലകളേയും കടുത്ത ചൂഷണത്തിനിരയാക്കുകയാണ് ഇന്ന് സാമ്രാജ്യത്വം ചെയ്തുവരുന്നത്. പൊതുസ്വത്തായിരുന്ന തങ്ങളുടെ ഉപകരണങ്ങള്‍ തട്ടിയെടുത്ത് ചൂഷണോപധിയാക്കിയ, തങ്ങളുടെ കണ്‍മുമ്പില്‍ നടക്കുന്ന, സാമ്രാജ്യത്വ കുടിലതയ്ക്കെതിരെ ആഗോളമായി വിവര സങ്കേതിക വിദ്യാ തൊഴിലാളികളുടെ സ്വാഭാവിക പ്രതികരണമായാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്‌മ ഉയര്‍ന്നു വന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ട് വരെ സോഫ്റ്റ്‌‌വെയര്‍ സാമൂഹ്യ ഉടമസ്ഥതയില്‍ തുടര്‍ന്നിരുന്നു. അടിസ്ഥാന സോഫ്റ്റ്‌വെയറുകളില്‍ ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി അവയ്ക്ക് പേറ്റന്റ് നേടി പണമുണ്ടാക്കാനുള്ള മാര്‍ഗം തെളിഞ്ഞത് ഉറുഗ്വേ വട്ടം ഗാട്ട് ചര്‍ച്ചയുടേയും അതില്‍ ധാരണ ഉണ്ടാകാതെ വന്നപ്പോള്‍ സാമ്രാജ്യത്വ ശക്തികള്‍ പടച്ചുണ്ടാക്കിയ ലോക വ്യാപാര സംഘടനയുടേയും കുടക്കീഴിലാണ്. ഭൂമിയിലോ മറ്റുല്‍പാദനോപാധികളിലോ സ്വകാര്യ ഉടമസ്ഥത നൂറ്റാണ്ടുകള്‍കൊണ്ട് ഉരുത്തിരിഞ്ഞ് വന്നതും നൂറ്റാണ്ടുകളായി നിലനില്ക്കുന്നതുമാണെന്നതിനാല്‍ ഇന്നത്തെ തലമുറയ്ക്ക് പൊതു ഉടമസ്ഥത നിലനിന്നിടത്ത് അക്കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയില്‍ സ്വകാര്യ ഉടമസ്ഥതയുടെ പുതിയ ബന്ധങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതാണെന്നും തുടര്‍ന്ന് വളച്ചുകെട്ടലിലൂടെയും ബലപ്രയോഗത്തിലൂടെയും ശക്തിപ്പെട്ടതാണെന്നും മാറിയ ചുറ്റുപാടില്‍ പൊരുത്തപ്പെടാത്ത ഈ ബന്ധം മാറ്റപ്പെടാവുന്നതാണെന്നും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ, എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി നടന്ന സോഫ്റ്റ്‌വെയറിന്റെ രംഗത്തെ സ്വകാര്യ വെട്ടിപ്പിടുത്തവും അതിന്റെ ഫലങ്ങളും സോഫ്റ്റ്‌വെയര്‍ രംഗത്തു തന്നെ പണിയെടുത്തുകൊണ്ടിരുന്ന പ്രൊഫഷണലുകള്‍ നേരില്‍ കണ്ടറിയുകയാണിന്ന്.

മുതലാളിത്തം വളര്‍ന്നത് അക്കാലഘട്ടത്തിലെ കൈത്തൊഴിലുകാരുടെ തൊഴിലുപകരണങ്ങള്‍ പിടിച്ചു പറിച്ചുകൊണ്ടായിരുന്നു. അവരുടെ വ്യക്തിസ്വത്തായിരുന്ന ചെറു ഉപകരണങ്ങള്‍ക്ക് പകരം വന്‍കിട യന്ത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടുള്ള കൂറ്റന്‍ ഫാക്ടറികള്‍ പടുത്തുയര്‍ത്തിക്കൊണ്ടും അവയില്‍ നിന്നിറക്കിയ ഉല്‍‌പ്പന്നങ്ങളുടെ കുറഞ്ഞ വില എന്ന ആകര്‍ഷണം ഉപയോഗിച്ച് അവരെ രംഗത്തു നിന്ന് നിഷ്‌ക്രമിപ്പിച്ചുകൊണ്ടുമായിരുന്നു. കൈത്തൊഴിലുകാര്‍ ചിതറിക്കിടന്ന അസംഘടിതരായിരുന്നു, വെട്ടിപ്പിടുത്തം പരോക്ഷമായിരുന്നു, അന്ന് പിടിച്ചുപറിക്കപ്പെട്ടത് ഭൌതികോപകരണങ്ങളായിരുന്നു, ബൌദ്ധിക സ്വത്തവകാശം അന്ന് ബാധകമായിരുന്നുമില്ല. ഇന്നാകട്ടെ, രംഗം വിവരവിനിമയമാണ്, ഇരകള്‍ പ്രൊഫഷണലുകളാണ്, അവരൊഴിച്ച് മറ്റാര്‍ക്കും നാളിതുവരേ വഴങ്ങാത്ത വിവരവിനിമയ ശൃംഖലയാകട്ടെ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു, അതുപയോഗിക്കാനും മറ്റാരേക്കാളും അവര്‍ക്കാണ് കഴിയുക, ഔപചാരികമായതെങ്കിലും, ജനാധിപത്യം, പൂര്‍ണ്ണമായല്ലെങ്കിലും വളരെയേറെ വികസിച്ചിരിക്കുന്നു, സാമ്രാജ്യത്വം തങ്ങളുടെ താല്‍‌പ്പര്യത്തില്‍ ബൌദ്ധിക സ്വത്തവകാശം നിലവില്‍ വരുത്തിയിരിക്കുന്നു. സ്വത്തവകാശം സമൂഹത്തിനുമാകാം, പുറംപോക്കുപോലെ, നദികള്‍ പോലെ, മേച്ചില്‍സ്ഥലം പോലെ, റോഡുകള്‍ പോലെ. പൊതു ഉടമസ്ഥതയിലായിരുന്ന, പ്രൊഫെഷനലുകളുടെ അറിവായിരുന്ന സോഫ്റ്റ്‌വെയറും വളച്ചുകെട്ടപ്പെടാത്ത വിധത്തില്‍ പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവശ്യമായ നിയമ ചട്ടക്കൂടാണ് ജി.പി.എല്‍. സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രൊഫഷണലുകളുടെ പ്രതികരണം ചടുലവും ശക്തവും തീക്ഷ്ണവുമായത് സ്വഭാവികം മാത്രമാണ്.

ഇന്ന് നമ്മുടെ നാട്ടില്‍ ഭൂമി പുറംപോക്കുകള്‍ പോലും വളച്ചുകെട്ടപ്പെടുന്ന അവസ്ഥയില്‍ പൊതു ഉടമസ്ഥതയുടെ പ്രശ്നം, മറ്റുമേഖലകളിലും അതിന്റെ പ്രയോഗ സാധ്യത, ഉല്‍‌പ്പാദനോപാധികളുടെ പൂര്‍ണ്ണമായ പൊതു ഉടമസ്ഥതയിലേക്കുള്ള പരിവര്‍ത്തനതിന്റെ ഗതിവേഗം കൂട്ടുന്നതിനുള്ള സാധ്യതകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സജീവമാകാന്‍ ഈ വിഷയത്തിന്മേലുള്ള ചര്‍ച്ചകള്‍ വഴിയൊരുക്കുന്നു.

സോഫ്റ്റ്‌വെയര്‍ രംഗത്തെ ഇത്തരം പ്രവണതകള്‍, ഉല്‍പ്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയില്‍ അധിഷ്‌ഠിതമായ മുതലാളിത്തം മാറ്റി പൊതു ഉടമസ്ഥതയില്‍ അധിഷ്‌ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാന്‍ നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമേകുന്നതാണ്. തൊഴിലാളി വര്‍ഗത്തിന്റെ ഭാഗമെങ്കിലും നാളിതുവരേ തൊഴിലാളികളെന്ന് സ്വയം വിശേഷിപ്പിക്കാന്‍ തയ്യാറാകാതിരുന്ന, ഇന്നും അതിന് പൂര്‍ണ്ണമായി തയ്യറായിക്കഴിഞ്ഞിട്ടില്ലാത്ത, ബൌദ്ധിക തൊഴിലാളികള്‍ സംഘടിത തൊഴിലാളികള്‍ക്കൊപ്പം അണിചേരുന്നതിന്റെ വ്യക്തമായ സൂചനകൂടിയാണിത്. അദ്ധ്വാനശക്തിയുടെ ചരക്ക് രൂപവും സമ്പത്തിന്റെ പണരൂപവും മിച്ചമൂല്യം സ്വയത്തമാക്കുന്നതിലൂടെയുള്ള പരോക്ഷമായ ചൂഷണവും അത് സാധരണ തൊഴിലാളികളില്‍ നിന്ന് മറച്ചുപിടിക്കാന്‍ മുതലാളിത്തത്തിനെ സഹായിക്കുന്നുണ്ട്. പക്ഷേ, ബൌദ്ധിക തൊഴിലാളികളായ വിവര സങ്കേതിക വിദ്യാ രംഗത്തെ പ്രൊഫഷണലുകളുടെ കാര്യത്തില്‍ അവരുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച ഉപകരണങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കപ്പെടുമ്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കെതിരേ നില്ക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയാണ്.

ലോകവ്യാപകമായി പ്രൊഫഷണലുകളുടെ കൂട്ടായ്മ കെട്ടിപ്പടുക്കാനും അവരുടെ അദ്ധ്വാനവും കഴിവുകളും പരസ്പര പൂരകമായി പ്രയോജനപ്പെടുത്താനും അതിലൂടെ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളേക്കാള്‍ വിപുലമായ വിഭവങ്ങള്‍ സമാഹരിക്കാനും കുത്തകകള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാനും അവരുടേതിനേക്കാള്‍ മെച്ചപ്പെട്ട സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാനും തങ്ങളുടെ വരുതിയിലുള്ള വിവര വിനിമയ ശൃംഖലയും അതിലൂടെ കോര്‍ത്തിണക്കപ്പെടുന്ന പ്രൊഫഷണലുകളുടെ ആഗോള കൂട്ടായ്മയും അവര്‍ക്ക് സഹായകമാകും. മുതലാളിത്ത ആഗോളവല്‍ക്കരണത്തിനെതിരേ തൊഴിലാളി വര്‍ഗ സാര്‍വദേശീയതയുടെ ഒരു രൂപരേഖ ഇവിടെ തെളിയുന്നു.

*

ജോസഫ് തോമസ്