Saturday, July 4, 2009

ഔട്ട് സോഴ്സിങ്ങ് എന്ന ചൂഷണം

2004 ലെ ശരാശരി ആഗോള പ്രതിശീര്‍ഷ ജി.എന്‍.ഐ (മൊത്ത ദേശീയ വരുമാനം) 6329 ഡോളറായിരുന്നു. അതിസമ്പന്ന രാഷ്ട്രങ്ങളില്‍ ഈ തുക 32,112 ഡോളറായിരുന്നുവെങ്കില്‍ അതീവ ദരിദ്ര രാഷ്ട്രങ്ങളില്‍ വരുമാനം വെറും 1502 ഡോളര്‍ ആയിരുന്നു. 21 ഇരട്ടിയുടെ വിടവ്. അതിഭീമമായ ഈ വേതന വിടവാണ് ജനങ്ങളെ, വിശേഷിച്ച് യുവജനങ്ങളെ, ദേശാതിര്‍ത്തികള്‍ കടന്ന് തൊഴിലന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഔട്ട് സോഴ്സിങ്ങിന്റെ ഉറവിടം ഇവിടെയാണ്.മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മേല്‍പ്പറഞ്ഞ തോതില്‍ വരുമാന വിടവ് ഇല്ലാത്ത ഒരു സാഹചര്യ ത്തില്‍ ഔട്ട് സോഴ്സിങ്ങ് എന്ന ആശയം തന്നെ അപ്രസക്ത മാവും.

ദേശാന്തര നിയമവിദഗ്ദനായ Marcia L.Proctor ഔട്ട് സോഴ് സിങ്ങിനെ നിര്‍വ്വചിക്കുന്നതി പ്രകാരമാണ്.

"പ്രവര്‍ത്തനക്ഷമത മുന്‍ നിര്‍ത്തി, പരമ്പരാഗതമായി ഒരു സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ നാലു ചുവരുകള്‍ക്കുള്ളില്‍ വെച്ച് ചെയ്തുപോരുന്ന ജോലി ഒരു പുറം കരാറുകാരനെയേല്‍പ്പിക്കുക.''

വന്‍കിട കോര്‍പ്പറേറ്റുകള്‍ ലാഭത്തിനായി ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തിലേക്ക് തൊഴില്‍ കയറ്റി അയക്കാറുണ്ട്. കുറഞ്ഞ വേതനവും മുന്തിയ സേവനവും ലക്ഷ്യമിട്ടുള്ള ഈ നടപടി ഓഫ് ഷോറിങ്ങ് എന്നറിയപ്പെടുന്നു. ആഗോള പണ്ഡിതന്മാര്‍ ഔട്ട് സോഴ്സിങ്ങില്‍ കണ്ടെത്തുന്ന നേട്ടങ്ങള്‍ പലതാണ്: ചെലവു കുറക്കാം, മെച്ചപ്പെട്ട സാങ്കേതിക വിദ്യ പ്രയോഗിക്കാം, വിഭവങ്ങള്‍ ഏറ്റവും മര്‍മ്മ പ്രധാനമേഖലകളില്‍ വിന്യസിപ്പിക്കാം.

സ്ഥാപനത്തിനുള്ളില്‍ വെച്ച് ജോലി ചെയ്യിക്കുമ്പോഴുണ്ടാവുന്ന മൊത്തം ചെലവിനേക്കാള്‍ കൂടുതല്‍ പണം പുറംകരാറുകള്‍ക്കായി ചെലവാകുന്നുവെന്ന് ഒരു നിമിഷം സങ്കല്‍പ്പിക്കുക. ഔട്ട് സോഴ്സിങ്ങ് തല്‍ക്ഷണം അപ്രത്യക്ഷമാവും. അതിനര്‍ത്ഥം ഇപ്പോള്‍ ഔട്ട്സോഴ്സിങ്ങിനു വേണ്ടിയുള്ള മുറവിളി ഉയരുന്നത്, പുറമെ തൊഴിലില്ലാപ്പടയുടെ വലിയ നിരകള്‍ അവശേഷിക്കുന്നതുകൊണ്ടാണ്. വിശപ്പടക്കാന്‍ വേണ്ടി തുച്ഛ വേതനത്തിന് ഏതു പണിയും ചെയ്യാന്‍ ഈ കരുതല്‍ സേന തയ്യാറാവുന്നതു കൊണ്ടാണ്. ചുരുക്കി പറഞ്ഞാല്‍, ഔട്ട്സോഴ്സിങ്ങ്, ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ഒരു മുഖ്യ ചൂഷണോപാധിയാണ്.

ചരക്കിന്റെ ധനശാസ്ത്രം

ഹാര്‍വാര്‍ഡ് ഇക്കണോമിസ്റ്റ് CREG MANKIW ഔട്ട് സോഴ്സിങ്ങിന്റെ കടുത്ത ആരാധകനും വക്താവുമാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍, ഔട്ട് സോഴ്സിങ്ങ് സ്വതന്ത്രവ്യാപാരത്തിന്റെ ഒരു പുത്തന്‍ ഉപകരണമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് സമ്പദ്ഘടനകള്‍ക്കു മുതല്‍ കൂട്ടാകുമെന്നദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു.

അമേരിക്കന്‍ സെനറ്റിലെ ഡെമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് Tom Daschle ഈ വാദഗതിയെ 'ആലീസിന്റെ അത്ഭുതലോകത്തിലെ ധന ശാസ്ത്ര'മെന്ന് പരിഹസിക്കുന്നുണ്ട്.

എന്നാല്‍ റിപ്പബ്ളിക്കന്‍ ഹൌസ് സ്പീക്കര്‍ ഡെന്നീസ് ഹാസ്റ്റാര്‍ട്ട് ഔട്ട് സോഴ്സിങ്ങിനെ പ്രശംസിക്കാന്‍ തയ്യാറാകുന്നില്ല. യഥാര്‍ത്ഥ ധനശാസ്ത്രത്തിന്റെ അടിസ്ഥാന പരീക്ഷകളെ അതിജീവിക്കാന്‍ ഔട്ട്സോഴ്സിങ്ങിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഔട്ട്സോഴ്സിങ്ങിന്റെ മറ്റൊരു വക്താവായ കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഫിലിപ്പ് മാര്‍ട്ടിന്‍ തൊഴിലാളികളെ വെറും ചരക്കായാണ് കണക്കാക്കുന്നത്. അദ്ദേഹം പ്രഖ്യാപിക്കുന്നു:

'തൊഴിലാളികളുടെ സാമ്പത്തികശാസ്ത്രം ആത്യന്തികമായും ചരക്കുകളുടെ സാമ്പത്തിക ശാസ്ത്രമാകുന്നു.''

തൊഴിലാളിയെ ചരക്കു പോലെ തള്ളാനും കൊള്ളാനും കഴിയണമെന്ന് അദ്ദേഹം തുടര്‍ന്നു വാദിക്കുന്നു. ലഭ്യതയേറുമ്പോള്‍ ചരക്കിന്റെ വില കുറയുന്നു. അപ്പോള്‍ കുറെ ചരക്ക് മറ്റിടങ്ങളിലേക്ക് നീക്കപ്പെടുന്നു. അവിടെ ഭേദപ്പെട്ട വില ലഭിക്കും. അതുപോലെയാണ് അധികം തൊഴിലാളികള്‍ ഉള്ള ദിക്കിലേക്ക് പുറംപണി കരാറുകള്‍ പ്രവഹിക്കുന്നത്. ക്രമേണ വേതനം ഉയരും. കരാറുകള്‍ പുതിയ സങ്കേതങ്ങള്‍ തേടും. ഒടുവില്‍ കുടിയേറ്റങ്ങളും പുറം പണി കരാറുകളും അവസാനിക്കുന്നതുവരെ ഈ പ്രക്രിയ തുടരും- അദ്ദേഹം വിവരിക്കുന്നു.

വിട്ടുവീഴ്ച പാടില്ല

എന്നാല്‍ ഔട്ട്സോഴ്സിങ്ങിന്റെ ചൂഷണ സ്വഭാവത്തെക്കുറിച്ച് Cynthia A.Williams ന്റെ Corporate Social Responsibility in an era of economic globalisation എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.

അമേരിക്ക, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഓഫ് ഷോറിങ്ങിനെക്കു റിച്ച് അദ്ദേഹം പഠനം നടത്തി. തൊഴില്‍ നിയമങ്ങള്‍, ആരോഗ്യ പരിരക്ഷ, തൊഴില്‍ സുരക്ഷിതത്വം എന്നിവ ഏറ്റവും അയവേറിയ രാജ്യങ്ങളിലേക്കാണ് പുറംപണി കരാറുകള്‍ ഏറെയും ഒഴുകുന്നതെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.

അതെ, പട്ടിണികൂലിക്ക് പണി ചെയ്യാന്‍ ആളെ ലഭിക്കുന്ന ഒരു ഭൌതികസാഹചര്യം മുതലെടുത്ത് ലാഭം പരമാവധി വര്‍ധിപ്പിക്കാനുള്ള ആധുനിക ഉപകണമാണ് ഔട്ട് സോഴ്സിങ്ങ്. അലിവോ ആര്‍ദ്രതയോ തൊട്ടു തെറിക്കാത്ത ഒരാശയം. ആത്യന്തികമായി അത് അമാനവികമാണ്, മ്ളേച്ഛമാണ്, നിന്ദ്യമാണ്.

ബാങ്കിങ്ങ് വ്യവസായത്തില്‍ ഔട്ട്സോഴ്സിങ്ങ് കരാറിന്റെ ഭാഗമാക്കാന്‍ ബാങ്കുടമകളും സര്‍ക്കാരും കിണഞ്ഞു പരിശ്രമിക്കുന്ന കാലമാണിത്. യഥാര്‍ത്ഥ ട്രേഡ് യൂണിയനുകള്‍ക്ക് ഔട്ട് സോഴ്സിങ്ങിനോട് വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും സാധ്യമല്ല.

*
കെ വി ജോര്‍ജ്ജ് ബാങ്ക് വര്‍ക്കേഴ്സ് ഫോറം

Thursday, July 2, 2009

ഭക്ഷ്യസുരക്ഷ: പരിഗണിക്കപ്പെടേണ്ട പ്രശ്നങ്ങള്‍

പുതിയ കേന്ദ്ര ഗവണ്‍മെന്റിന്റെ നൂറുദിവസത്തെ അജണ്ടയില്‍ അടിയന്തിരമായി കൈക്കൊള്ളേണ്ട നടപടിയെന്ന നിലയില്‍ ഉള്‍ക്കൊള്ളിയ്ക്കപ്പെട്ടിട്ടുള്ള ഒരു ഇനം ഭക്ഷ്യസുരക്ഷയാണ്. ഈ പദ്ധതി ശരിയായ വിധത്തില്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെങ്കില്‍, ജനങ്ങള്‍ക്കത് വലിയ ആശ്വാസമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കുതിച്ചുയരുന്ന വിലക്കയറ്റംകൊണ്ട് ഇപ്പോള്‍ അവര്‍ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ ബിപിഎല്‍ വിഭാഗത്തില്‍പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും മൂന്നു രൂപയ്ക്ക് ഒരു കിലോ വീതം 25 കിലോ ഭക്ഷ്യധാന്യം നല്‍കുന്നതിന് ഉദ്ദേശിച്ചുകൊണ്ട്, പ്രസിഡന്റിന്റെ പ്രസംഗത്തില്‍ വിഭാവനം ചെയ്യുന്ന നിയമം യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമോ? ബിപിഎല്‍ വിഭാഗത്തില്‍പെടുന്നവരായി കണ്ടെത്തപ്പെട്ട ഏതാണ്ട് 6 കോടി കുടുംബങ്ങള്‍ക്ക് ഇന്ന് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ഇവരില്‍ത്തന്നെ 2.5 കോടി കുടുംബങ്ങള്‍ അന്ത്യോദയ വിഭാഗത്തില്‍പെടുന്നവരാണ്. അതായത് ദരിദ്രരില്‍ ദരിദ്രര്‍. അവര്‍ക്ക് കിലോക്ക് 2 രൂപ നിരക്കില്‍ പ്രതിമാസം 35 കിലോ വീതം ഗോതമ്പ് കിട്ടാനും അര്‍ഹതയുണ്ട്. പ്രസിഡന്റ് പ്രസ്താവിക്കുന്ന നിയമം നടപ്പിലാവുന്ന ദിവസം തൊട്ട് ഇങ്ങനെ ലഭിക്കുന്ന ഗോതമ്പിന്റെ അളവില്‍ 10 കിലോയുടെ കുറവുണ്ടാവുകയും ചെയ്യും. എന്നു മാത്രമല്ല അവര്‍ ഒരു കിലോ ഗോതമ്പിന് ഒരു രൂപ കൂടി കൂടുതല്‍ കൊടുക്കേണ്ടിയും വരും. തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവിലുള്ള കുറവ് പരിഹരിക്കുന്നതിനായി അവര്‍ 10 കിലോ ഗോതമ്പ് വിപണിയില്‍നിന്ന് വാങ്ങുകയാണെങ്കില്‍, അതിന് 120 രൂപ കൊടുക്കേണ്ടിവരും. കാരണം ഇന്ന് വിപണിയില്‍ ഒരു കിലോ ഗോതമ്പിന്റെ വില 12 രൂപയാണ്. അന്ത്യോദയ വിഭാഗത്തില്‍ പെടാത്തവരെങ്കിലും ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന ബാക്കി 3.5 കോടി കുടുംബങ്ങളുടെ കാര്യത്തില്‍, ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വില, അവര്‍ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വിലയേക്കാള്‍ (ഒരു കിലോക്ക്) ഏതാണ്ട് ഒന്നര രൂപ കുറവാണെങ്കില്‍ത്തന്നെയും, വിലയില്‍ ഉണ്ടാവുന്ന കുറവിന്റെ മെച്ചം ഭക്ഷ്യധാന്യത്തിന്റെ അളവ് 10 കിലോ വെട്ടിക്കുറയ്ക്കുന്നതുകൊണ്ട് ഇല്ലാതായിത്തീരുന്നു. കാരണം അവരുടെ കാര്യത്തിലും 10 കിലോയുടെ വെട്ടിക്കുറവ് വരുത്തുന്നുണ്ടല്ലോ. അതുകൊണ്ട് ഈ നിര്‍ദ്ദേശത്തിന്റെ മെച്ചം ദരിദ്രരായ ജനങ്ങള്‍ക്ക് ലഭിക്കുകയില്ല. നേരെമറിച്ച് നിര്‍ദിഷ്ട രൂപത്തില്‍ ഈ പദ്ധതി നടപ്പാക്കുകയാണെങ്കില്‍, ദരിദ്രര്‍ക്ക് ഇന്നു കിട്ടിക്കൊണ്ടിരിക്കുന്നതുപോലും അവരില്‍നിന്ന് കവര്‍ന്നെടുക്കപ്പെടും. മാത്രമല്ല, വാര്‍ഷിക ഭക്ഷ്യസബ്സിഡിയുടെ ഇനത്തില്‍ ഗവണ്‍മെന്റിന് 4000 കോടി രൂപയുടെയെങ്കിലും ലാഭമുണ്ടാവുകയും ചെയ്യും. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആശ്ചര്യകരമായ മാര്‍ഗം തന്നെയാണിത്! അതുകൊണ്ട് ഇന്ന് നല്‍കിക്കൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് 35 കിലോയില്‍നിന്ന് 25 കിലോ ആക്കി വെട്ടിക്കുറയ്ക്കുകയില്ല എന്ന് ഉറപ്പുവരുത്തുന്ന വിധത്തില്‍ നിര്‍ദ്ദിഷ്ട പദ്ധതി ഭേദഗതി ചെയ്യണം. മാത്രമല്ല ഇന്നിപ്പോള്‍ അന്ത്യോദയ കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് ഒരു കിലോ വീതം ഗോതമ്പ് ലഭിച്ചുകൊണ്ടിരിക്കുന്നത് തുടരുകയും വേണം.

പുതിയ നിയമത്തിന്‍കീഴില്‍ സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നതിന് അര്‍ഹതയുള്ളത് ആരൊക്കെയാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രശ്നം. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷി സംഘടന ഭക്ഷ്യസുരക്ഷയെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: "ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ അളവില്‍ ഭക്ഷണം എല്ലാവര്‍ക്കും എല്ലാ സമയത്തും ലഭ്യമാക്കുന്നതിന് ഉതകുന്ന ഭൌതികവും സാമ്പത്തികവുമായ സാഹചര്യം''. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു നിയമം, അത്തരമൊരു നിര്‍വചനത്തെയാണ് അനിവാര്യമായും അടിസ്ഥാനമാക്കേണ്ടത്.

ഭക്ഷ്യകാര്യത്തില്‍ അരക്ഷിതത്വം അനുഭവിക്കുന്നവരും സബ്സിഡി ലഭിക്കാന്‍ അര്‍ഹതയുള്ളവരുമായ ജനങ്ങളെ സംബന്ധിച്ച ഇന്നത്തെ കണക്കുകള്‍ സംശയാസ്പദമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങളില്‍ മഹാഭൂരിപക്ഷവും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്; അവരുടെ വരുമാനം സദാ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ട് ഭക്ഷ്യആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവരുടെ കഴിവിനെ സംബന്ധിച്ച് കൃത്യമായി വിലയിരുത്താന്‍ കഴിയാതെ വരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സ്ഥിതിയെപ്പറ്റി പഠിച്ച അര്‍ജുന്‍സെന്‍ ഗുപ്ത കമ്മീഷന്റെ നിഗമനം അനുസരിച്ച്, ഇന്ത്യയിലെ പ്രായപൂര്‍ത്തി വന്ന ജനങ്ങളില്‍ 77 ശതമാനത്തിനും ദിവസത്തില്‍ 20 രൂപയില്‍ താഴെ മാത്രമേ ചെലവാക്കാന്‍ കഴിയുകയുള്ളൂ. ചെലവാക്കാനുള്ള കഴിവ് ഇത്രമാത്രം കുറവാണെങ്കില്‍ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതെങ്ങനെയാണ്? ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയുള്ള ഒരു നിയമത്തിന് ഈ യാഥാര്‍ത്ഥ്യത്തെ അവഗണിക്കാന്‍ കഴിയുമോ? എന്നിട്ടും ഭക്ഷ്യസുരക്ഷയ്ക്ക് അര്‍ഹരായവരെ, ബിപിഎല്‍ കുടുംബങ്ങളില്‍ പരിമിതപ്പെടുത്തി നിര്‍ത്താനാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നത്. 2005ല്‍ എന്‍ആര്‍എജിഎ ബില്‍ കൊണ്ടുവന്നപ്പോഴും, അതിന്റെ ഗുണം ബിപിഎല്‍ കുടുംബങ്ങളില്‍ മാത്രമായി ഒതുക്കിനിര്‍ത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയുണ്ടായി.

ഇടതുപക്ഷത്തിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ്, തൊഴില്‍ ആവശ്യമുള്ള എല്ലാവര്‍ക്കും ഈ അവകാശം ലഭ്യമായത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്. അവിടെ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ വ്യാപ്തി ബിപിഎല്‍ കുടുംബങ്ങളില്‍ മാത്രമായി ഒതുക്കിനിര്‍ത്തുന്നത് തികച്ചും തെറ്റാണ്. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വളര്‍ച്ച എന്ന് ഗവണ്‍മെന്റ് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും, അതിന്റെ മെച്ചം ലഭിക്കാനര്‍ഹതയുള്ളവരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന ഒരു നയമാണത്. ദരിദ്രരില്‍ ഒരു വലിയ വിഭാഗം ബിപിഎല്‍ വിഭാഗത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്; അതിന് കൃത്യമായ രേഖകളുമുണ്ട്. ഉദാഹരണത്തിന് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ അത്യാവശ്യമായി ലഭിക്കേണ്ടിയിരിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ കായിക ജോലി ചെയ്യുന്ന തൊഴിലാളികളില്‍ പകുതിയില്‍ അധികം പേര്‍ക്കും ബിപിഎല്‍ കാര്‍ഡില്ല എന്ന് 61-ാമത് നാഷണല്‍ സാമ്പിള്‍ സര്‍വെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ബിപിഎല്‍ കാര്‍ഡില്ലാത്തവരുടെ ശതമാനം ബീഹാറില്‍ 71ഉം ഉത്തര്‍പ്രദേശില്‍ 73ഉം ആണ്. ഇങ്ങനെ ഒഴിവാക്കപ്പെടുന്നതിനുള്ള ഒരു കാരണം, തെറ്റായ രീതിയിലുള്ള കണക്കെടുപ്പാണ്. മറ്റൊരു കാരണം, ബിപിഎല്‍ കാര്‍ഡുകള്‍ അനര്‍ഹരായവര്‍ക്ക് നല്‍കുന്ന കാര്യത്തിലുള്ള അഴിമതിയാണ്. ഇങ്ങനെ വലിയ ഒരു വിഭാഗം ഒഴിവാക്കപ്പെടുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, ദാരിദ്ര്യത്തിന്റെ തീവ്രത കണക്കാക്കുന്നതിന് ആസൂത്രണ കമ്മീഷന്‍ ഉപയോഗിക്കുന്ന രീതിശാസ്ത്രമാണ്. ഇങ്ങനെയുള്ള തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതും മറ്റൊരു കാരണമാണ്.

ദാരിദ്ര്യത്തിന്റെ നിര്‍വചനം (അതിന്റെ അടിസ്ഥാനത്തിലാണല്ലോ ആസൂത്രണ കമ്മീഷന്‍ അതിന്റെ കണക്കുകള്‍ തയ്യാറാക്കുന്നത്) ഭേദഗതി ചെയ്യണം എന്ന് സിപിഐ എം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. നൂറുകോടിയില്‍പ്പരം ഡോളറിന്റെ ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ അഞ്ചുകൊല്ലത്തിനുള്ളില്‍ ഒമ്പതില്‍നിന്ന് 53 ആയി വര്‍ദ്ധിച്ചു. അതേ അവസരത്തില്‍ സാമ്പത്തികമായ അസമത്വം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. എന്നിട്ടും ഗവണ്‍മെന്റിന്റെ ദാരിദ്ര്യരേഖാ കണക്കുകള്‍ അനുസരിച്ച് ഗ്രാമീണ ഇന്ത്യയില്‍ ദിവസത്തില്‍ 11.80 രൂപയും നഗരപ്രദേശങ്ങളില്‍ 17.80 രൂപയും കിട്ടുന്നവര്‍ ദാരിദ്ര്യരേഖയ്ക്കുമേലെയുള്ളവരായി കണക്കാക്കപ്പെടുന്നു. അതില്‍താഴെ വരുമാനമുള്ളവരെ മാത്രമേ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കുന്നുള്ളൂ. ഇങ്ങനെയുള്ള ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് ഗവണ്‍മെന്റിന്റെ സബ്സിഡി ലഭിക്കാനര്‍ഹതയില്ല. ദാരിദ്ര്യരേഖ കണക്കാക്കുന്നതിനുള്ള മാനദണ്ഡത്തെക്കുറിച്ച് പുനര്‍വിചിന്തനം വേണം എന്ന ഇടതുപക്ഷത്തിന്റെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന്, എസ് ടെണ്ടുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ കമ്മിറ്റി രൂപീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടുണ്ട്. ആ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അടുത്തുതന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് ഗ്രാമപ്രദേശങ്ങളിലെങ്കിലും ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചേയ്ക്കാം എന്നും പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, അത് സ്വാഗതാര്‍ഹമായ നടപടി തന്നെ. അതെന്തായാലും ഭക്ഷ്യകാര്യത്തിലുള്ള അരക്ഷിതാവസ്ഥ അളക്കുന്നതിലുള്ള വൈകല്യങ്ങള്‍ പിന്നെയും തുടരുക തന്നെ ചെയ്യും.

ആസൂത്രണ കമ്മീഷന്‍ കൈക്കൊണ്ട പൊതുവിലുള്ള ദാരിദ്ര്യനിര്‍ണയ മാനദണ്ഡങ്ങളും ഭക്ഷ്യധാന്യവിഹിതവും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഇന്നത്തെ സമ്പ്രദായം അവസാനിപ്പിക്കുകയാണ് പ്രശ്ന പരിഹാരത്തിലുള്ള ഒരു മാര്‍ഗം. കഴിഞ്ഞ പത്തുവര്‍ഷമായി ദാരിദ്ര്യത്തെ സംബന്ധിച്ച മാനദണ്ഡങ്ങളില്‍നിന്ന് ദരിദ്രരുടെ കൃത്യമായ സംഖ്യയുണ്ടാക്കുകയാണ് പതിവ്. എന്നിട്ട് അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യവിഹിതം നിശ്ചയിക്കുന്നത്. ഗവണ്‍മെന്റിന്റെ നയങ്ങള്‍ നിശ്ചയിക്കുന്നതിന് പൊതുവിലുള്ള ദാരിദ്യനിര്‍ണയ മാനദണ്ഡങ്ങള്‍ ആവശ്യം തന്നെ. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിഹിതം നിശ്ചയിക്കുന്നതിനെ അത്തരം പൊതുവായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നത് തികച്ചും അന്യായവും അനീതിയും ആണ്. മിക്ക സംസ്ഥാന ഗവണ്‍മെന്റുകളുടെയും കണക്കനുസരിച്ച് (അവയില്‍ ബീഹാര്‍, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി വിശദമായ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്) സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള കുടുംബങ്ങളുടെ സംഖ്യ ഏതാണ്ട് 10.5 കോടിയാണെന്ന് കാണുന്നു. അതായത് ആസൂത്രണ കമ്മീഷന്റെ ഔദ്യോഗിക കണക്കിനേക്കാള്‍ 40 ശതമാനം അധികം.

ദരിദ്രരെ കണക്കാക്കുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് അവരുടേതായ ചില മാനദണ്ഡങ്ങളുണ്ട്. 13 ചോദ്യങ്ങളാണ് അതിലുള്ളത്. ഈ ചോദ്യാവലിയെ ഇടതുപക്ഷവും മറ്റും ശക്തിയായി വിമര്‍ശിക്കുന്നു. ദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിനുവേണ്ടി എന്‍ സക്സേന ചെയര്‍മാനായുള്ള ഒരു കമ്മിറ്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡം എത്ര തന്നെ അപര്യാപ്തവും വികലവും ആണെങ്കില്‍ത്തന്നെയും, ഗ്രാമീണ വികസനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സര്‍വെകളില്‍നിന്നു ലഭ്യമാകുന്ന ദരിദ്ര കുടുംബങ്ങളുടെ എണ്ണം, ആസൂത്രണ കമ്മീഷന്റെ കണക്കുകളേക്കാള്‍ എത്രയോ കൂടുതലാണ്. എന്നാല്‍ പുത്തന്‍ ഉദാരവല്‍ക്കരണ അജണ്ടയുടെ ഭാഗമായി തൊണ്ണൂറുകളുടെ അവസാനം തൊട്ട് കേന്ദ്ര ഗവണ്‍മെന്റ് ഏകപക്ഷീയമായി നിര്‍ബന്ധം പിടിക്കുന്നത്, സംസ്ഥാനങ്ങള്‍ കണ്ടെത്തിയ ദരിദ്ര കുടുംബങ്ങളുടെ എണ്ണവും ആസൂത്രണ കമ്മീഷന്റെ കണക്കുകളിലുള്ള എണ്ണവും തമ്മില്‍ പൊരുത്തം വേണമെന്നാണ്. ഇങ്ങനെ കേന്ദ്ര ഗവണ്‍മെന്റ് സ്വേച്ഛാപരമായി ഇവയെ ബന്ധപ്പെടുത്തുന്നതിന് നിര്‍ദ്ദിഷ്ട ഭക്ഷ്യസുരക്ഷാനിയമം അറുതി വരുത്തണം.

എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു വസ്തുത അംഗീകരിക്കണം: കഴിഞ്ഞ അഞ്ചുകൊല്ലമായി ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുവെങ്കിലും, ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് അക്ഷന്തവ്യമായ കാലതാമസമാണ് വരുത്തിയത്. ഇതിനിടയില്‍ ഭക്ഷ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പത്തു സംസ്ഥാനങ്ങളെങ്കിലും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈ പദ്ധതികളില്‍ മിക്കവയും കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ നിര്‍ദ്ദിഷ്ട നിയമത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടവയാണുതാനും. ഈ പത്തു സംസ്ഥാനങ്ങള്‍ ഏതാണ്ടെല്ലാം തന്നെ, തങ്ങളുടെ സ്വന്തം മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുള്ള കുടുംബങ്ങളുടെ എണ്ണം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ മാനദണ്ഡങ്ങളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടവയാണ് ഈ സംസ്ഥാനങ്ങളുടെ മാനദണ്ഡങ്ങള്‍; അതുവഴി എത്രയോ കൂടുതല്‍ കുടുംബങ്ങളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഉദാഹരണത്തിന് ഛത്തീസ്ഗഢ് സംസ്ഥാനത്തില്‍ എല്ലാ ഗോത്രവര്‍ഗകുടുംബങ്ങളെയും വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളെയും ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തത്തക്കവിധത്തിലാണ് മാനദണ്ഡം ഉണ്ടാക്കിയിട്ടുള്ളത്. അതുകാരണം സംസ്ഥാനത്തെ ജനസംഖ്യയിലെ 70 ശതമാനം പേര്‍ക്കും 35 കിലോ വീതം ഭക്ഷ്യധാന്യം സബ്സിഡി നിരക്കില്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അന്ത്യോദയ കുടുംബങ്ങള്‍ക്ക് ഒരു കിലോയ്ക്ക് ഒരു രൂപ നിരക്കിലും മറ്റുള്ളവര്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കിലും ആണ് ലഭിക്കുന്നത്. കേരളത്തിലാകട്ടെ, എല്ലാ ഗിരിവര്‍ഗ കുടുംബങ്ങളും എല്ലാ ദളിത കുടുംബങ്ങളും എല്ലാ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒമ്പതിനങ്ങള്‍ അടങ്ങിയ ഒരു മാനദണ്ഡമാണ് ആ സംസ്ഥാനം ഇതിനായി അവലംബിക്കുന്നത്. ഇതിനുപുറമെ കിലോക്ക് രണ്ടു രൂപ വെച്ച് 35 കിലോ അരി വീതം ഓരോ കുടുംബത്തിനും നല്‍കുന്നുമുണ്ട്. ജനസംഖ്യയില്‍ 30 ശതമാനത്തിന് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഉതകുന്ന മാനദണ്ഡങ്ങളാണ് കേരള ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രം നല്‍കുന്ന ഭക്ഷ്യധാന്യവിഹിതം കൊണ്ട് ഇത്രയൊന്നും കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ അരി നല്‍കാന്‍ കഴിയുകയുമില്ല. ആന്ധ്രാപ്രദേശില്‍ ജനസംഖ്യയില്‍ 80 ശതമാനം പേര്‍ക്കും കിലോയ്ക്ക് രണ്ടു രൂപ എന്ന നിരക്കില്‍ ഒരാള്‍ക്ക് 6 കിലോ വരെ അരി ലഭ്യമാക്കുന്നുണ്ട്. കുടുംബത്തിന്റെ വലിപ്പവും ഇതിനായി കണക്കാക്കുന്നുണ്ട്. തമിഴ്നാട്ടില്‍ സാര്‍വത്രികമായ പൊതുവിതരണ വ്യവസ്ഥയുണ്ട് - കിലോക്ക് ഒരു രൂപ എന്ന നിരക്കില്‍ ഓരോ കുടുംബത്തിനും 16-20 കിലോ അരിവരെ നല്‍കിവരുന്നു. ഈ സംസ്ഥാനങ്ങള്‍ തങ്ങളുടെ വാര്‍ഷിക ബജറ്റില്‍ ഭക്ഷ്യസബ്സിഡിക്കായി വളരെ വലിയ സംഖ്യയാണ് വകയിരുത്തിയിട്ടുള്ളത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഛത്തീസ്ഗഢില്‍ അത് പ്രതിവര്‍ഷം 1450 കോടി രൂപയാണ്; തമിഴ്നാട്ടില്‍ 2800 കോടിയിലധികം രൂപ വരും; ആന്ധ്രപ്രദേശില്‍ 3000 കോടി രൂപയും വരും.

സംസ്ഥാനങ്ങള്‍ എടുക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിനെ സംബന്ധിച്ച് സ്വേച്ഛാധിപത്യപരമായ ചില കണക്കുകള്‍ ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള സംസ്ഥാനവിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയംകാരണം സംസ്ഥാനങ്ങളുടെ ചെലവ് വളരെയധികം വര്‍ധിച്ചിരിക്കുന്നു. 2006നും 2008നും ഇടയ്ക്ക് എപിഎല്‍ വിഭാഗക്കാര്‍ക്കുള്ള ഗോതമ്പ് വിഹിതം 73 ശതമാനത്തിലധികം കണ്ടാണ് വെട്ടിക്കുറച്ചത്. അതുകാരണം 2006നുശേഷം ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ ആരംഭിച്ച സംസ്ഥാനങ്ങള്‍ക്ക്, ഈ പദ്ധതികള്‍ സുഗമമായി നടത്തുന്നതിനായി തങ്ങളുടെ ബജറ്റില്‍ വളരെ വലിയ തുകകള്‍ വകയിരുത്തേണ്ടിവരുന്നു. ഭക്ഷ്യധാന്യങ്ങളുടെ വിഹിതം വിതരണം ചെയ്യുന്നതിനുമേല്‍ നിയന്ത്രണം ചെലുത്തുന്ന കേന്ദ്ര ഗവണ്‍മെന്റ്, ഇതിനുവേണ്ടിവരുന്ന ചെലവിന്റെ സിംഹഭാഗവും സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കുന്നു. അതേ അവസരത്തില്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കുതന്നെ വിഭവ ഞെരുക്കം അനുഭവിച്ചുകൊണ്ടിരിക്കുകയാണുതാനും. അതുകൊണ്ട് ഭക്ഷ്യസുരക്ഷയ്ക്കുള്ള അടിയന്തിര നടപടി എന്ന നിലയ്ക്കും സംസ്ഥാന പദ്ധതികള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനുവേണ്ടിയും സബ്സിഡി നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളില്‍ വരുത്തിയ വെട്ടിക്കുറവ് കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കണം; പഴയ നില പുനഃസ്ഥാപിക്കണം, കേന്ദ്ര ഗവണ്‍മെന്റിന്റെ കയ്യില്‍ വളരെ വലിയ ഭക്ഷ്യധാന്യശേഖരം ഉണ്ടല്ലോ. ബഫര്‍ സ്റ്റോക്ക് നിബന്ധന അനുസരിച്ച് ഉണ്ടാകേണ്ട സ്റ്റോക്കിനേക്കാള്‍ എത്രയോ കൂടുതലാണിത്. അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നത് അവര്‍ക്കൊരു പ്രശ്നമായിരിക്കുകയില്ല.

ആവശ്യമുള്ളവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശം, പൊതുവിതരണ വ്യവസ്ഥ സാര്‍വത്രികമാക്കുക എന്നതാണ്. 1996ല്‍ ദരിദ്രരെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള വ്യവസ്ഥ നടപ്പാക്കുന്നതിനുമുമ്പ് നിലനിന്നിരുന്ന വ്യവസ്ഥ അതായിരുന്നുവല്ലോ. സാര്‍വത്രികമായ പൊതുവിതരണ വ്യവസ്ഥയുടെ മെച്ചങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. അതുസംബന്ധിച്ച് കൃത്യമായ രേഖകളുമുണ്ട്. അര്‍ഹതപ്പെടാത്തവര്‍ കൂടി ഉള്‍പ്പെടുന്നതുമൂലമുള്ള തെറ്റിനേക്കാള്‍ എത്രയോ വമ്പിച്ചതാണ്, അര്‍ഹതപ്പെട്ടവര്‍ ഒഴിവാക്കപ്പെടുന്നതുമൂലമുള്ള തെറ്റ്. ബിപിഎല്‍ വിലയ്ക്ക് സാര്‍വത്രികമായ ഭക്ഷ്യധാന്യ വിതരണവും അതോടൊപ്പം വിപുലമായ അന്ത്യോദയ സംവിധാനവും നിലനിര്‍ത്തുകയും അതിനു നിയമത്തിന്റെ പ്രാബല്യം നല്‍കുകയും ചെയ്യുകയാണെങ്കില്‍ത്തന്നെ, അതിന് ആകെ കൂടി വരുന്ന ചെലവ്, ജിഡിപിയുടെ രണ്ടുശതമാനത്തില്‍ താഴെ മാത്രമായിരിക്കും എന്ന് പ്രശസ്തരായ സാമ്പത്തിക ശാസ്ത്രജ്ഞരുടെ കണക്കുകള്‍ കാണിക്കുന്നു. കൂറ്റന്‍ കോര്‍പറേറ്റുകള്‍ക്കു നല്‍കുന്ന നികുതി സൌജന്യംമൂലം ഗവണ്‍മെന്റിനുണ്ടാകുന്ന വരുമാന നഷ്ടം, അവര്‍ കണക്കുകൂട്ടി നോക്കേണ്ടതാണ്. ഭക്ഷ്യകാര്യത്തിലുള്ള അരക്ഷിതാവസ്ഥയും പട്ടിണിയും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി വേണ്ടിവരുന്ന തുകയേക്കാള്‍ എത്രയോ വലിയതായിരിക്കും നികുതി നഷ്ടത്തിലൂടെ ഉണ്ടാകുന്നത് എന്ന് ഗവണ്‍മെന്റിന് കാണാന്‍ കഴിയും.

*
വൃന്ദാ കാരാട്ട് കടപ്പാട്: ചിന്ത വാരിക

Wednesday, July 1, 2009

ലാവലിന്‍: ജി കാര്‍ത്തികേയന്‍ നിയമ സഭയില്‍ പറഞ്ഞത്

സാധാരണ ഗതിയില്‍ ഒരു അവിശ്വാസപ്രമേയം വരുമ്പോള്‍ അവിശ്വാസ പ്രമേയത്തിന് ആധാരമായ കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസംഗിക്കാനുള്ള ബാധ്യത അവതരിപ്പിക്കുന്ന വ്യക്തിക്കും അല്ലെങ്കില്‍ അദ്ദേഹം നയിക്കുന്ന പ്രസ്ഥാനത്തിനുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളിലെങ്ങും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ മേല്‍ അവിശ്വാസം രേഖപ്പെടുത്തുന്നതിന് പര്യാപ്തമായിട്ടുള്ള വാദങ്ങളൊന്നും നമ്മള്‍ കേട്ടില്ല. കഴിഞ്ഞ നാലു വര്‍ഷക്കാലമായി സഭക്കകത്തും പുറത്തും വന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും വന്ന ലേഖനങ്ങളെ ഉദ്ധരിച്ചുകൊണ്ടുവന്ന പ്രസംഗങ്ങള്‍ക്കപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല...

ഇവിടെ ചില സ്നേഹിതന്മാ ര്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, ഐക്യജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ 17 മെഗാവാട്ട് വൈദ്യുതി മാത്രം ഉല്‍പാദിപ്പിച്ചു. ശരിയാ ണ്. യു.ഡി.എഫ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ 17 മെഗാവാട്ട് വൈദ്യുതി മാത്രമാണ് കമ്മീഷന്‍ ചെയ്തത്. എന്നാല്‍, ഞങ്ങള്‍ മാറി കേരളത്തില്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയും പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയുമായി വന്നതിനുശേഷം ഒന്നര മാസത്തിനുള്ളില്‍ 566 മെഗാവാട്ടോളം വൈദ്യുതി കമ്മീഷനിങ്ങ് നടന്നു. അതിങ്ങനെയാണ്. ലോവര്‍ പെരിയാര്‍ 150 മെഗാവാട്ട്, കക്കാട് 50 മെഗാവാട്ട്, ബ്രഹ്മപുരം 106 മെഗാവാട്ട്, ബി.എസ്.ഇ.എസ് 157 മെഗാവാട്ട്, മൈലാട്ട് 20 മെഗാവാട്ട്, പേപ്പാറ 3 മെഗാവാട്ട്, കുറ്റ്യാടി എക്സ്റന്‍ഷന്‍ 50 മെഗാവാട്ട്, 566 മെഗാവാട്ട് വൈദ്യുതി ഒരു ഗവണ്‍മെന്റിന്റെ കാലത്തുമാത്രം സാധ്യമല്ല. 566 മെഗാവാട്ട് വൈദ്യുതി എന്നു പറയുന്നത് ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ കാലത്തുകൂടി ആരംഭിച്ച് പൂര്‍ത്തീകരിച്ചതാണ്. ലോവര്‍ പെരിയാര്‍ കമ്മീഷന്‍ ചെയ്തത് ഗവണ്‍മെന്റ് വന്ന് ഒരു മാസം കഴിഞ്ഞതിനുശേഷമാണ്. എന്റെ നിയോജക മണ്ഡലത്തിലെ പേപ്പാറ കമ്മീഷന്‍ ചെയ്തത് ഈ ഗവണ്‍മെന്റ് വന്ന് ഏഴാം ദിവസമാണ്. ബ്രഹ്മപുരത്തിന്റെ സ്ഥിതി അതായിരുന്നു. കക്കാടിന്റെ സ്ഥിതി അതായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അധികാ രത്തില്‍ വന്നിട്ട് തനതായി തുടങ്ങി അവസാനം പൂര്‍ത്തീകരിച്ച പദ്ധതി എന്ന് പറയുന്നത് 107 മെഗാവാട്ടുള്ള കോഴിക്കോട്ടെ താപവൈദ്യുത പദ്ധതിയാണ്. അത് കൃത്യമായിട്ടും എല്‍. ഡി. എഫ് ഗവണ്‍മെന്റ് വന്ന്, നിങ്ങള്‍ തന്നെ തുടങ്ങി നിങ്ങള്‍ തന്നെ പൂര്‍ത്തീകരിച്ചു. 17 മെഗാവാട്ട് മാത്രമായി തുടങ്ങി എന്ന് പറഞ്ഞതിന് മറുപടി എന്ന നിലയില്‍ പറയുന്നതല്ല. അതല്ലേ ചിത്രം......?

ഐക്യജനാധിപത്യ മുന്നണി അധികാരം ഏറ്റെടുത്തതിനു ശേഷം എ.കെ.ആന്റണി പ്രഖ്യാപിച്ചതനുസരിച്ച് മലബാറിന്റെ വൈദ്യുതിക്ഷാമത്തിനു വേണ്ടിയാണ് അടിയന്തരമായി അവിടെ ആയിരം ട്രാന്‍സ്ഫോര്‍മറുകള്‍ കൊണ്ടു വന്നത്. പുതിയ ലൈനുകള്‍ കൊണ്ടുവന്നത്. പുതിയ സബ്‌സ്റ്റേഷനുകള്‍ കൊണ്ടു വന്നത്. മലബാറിലെ വൈദ്യുതക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കണ്ണൂര്‍ പ്രോജക്ട് കൊണ്ടുവന്നു. അത് നടക്കാതെ പോയത് നിങ്ങള്‍ക്കെല്ലാം അറിയാം. അതിന്റെ ഭാഗമായിട്ടാണ് കുറ്റ്യാടി വന്നത്. അപ്പോള്‍ ഗവണ്‍മെന്റിന് മാറി ചിന്തിക്കേണ്ടി വന്നു. കെ.എസ്.ഇ.ബി ക്ക് ഏറ്റെടുക്കാന്‍ പണമില്ല. കെ. എസ്.ഇ.ബി ഭീകരമായ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തായിരുന്നു കേരളത്തില്‍ കുറ്റ്യാടി എക്സ്‌റ്റന്‍ഷന്‍ പ്രോജക്ട് (50 മെഗാവാട്ട്) വരുന്നു.അതിനുശേഷം പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം റീനൊവേഷന്‍ പ്രോജക്ട് വരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അഭിപ്രായം ആദ്യം അനുകൂലം ആയിരുന്നില്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് പൂര്‍ണമായും സ്വീകരിക്കാന്‍ കഴിയില്ല എന്നുള്ളത് നമ്മുടെ എക്സ്പെര്‍ട്ടുകളുടെ നിഗമനത്തിലാണ്. അതില്‍ പിടിവാശി വല്ലതും ഉണ്ടോ? സെന്‍ട്രല്‍ ഇലക്ട്രിസ്റി അതോറിറ്റി പറഞ്ഞത് എന്താണ്? മൂന്നു പദ്ധതികളുടെയും എക്സ്റ്റന്‍ഷന്‍ പൂര്‍ത്തിയായിട്ട് മതി നവീകരണം. പള്ളിവാസല്‍ പദ്ധതിയുടെ കാലാവധി 30 കൊല്ലമാണെന്ന ടെക്നിക്കല്‍ സങ്കല്‍പ്പം ഉണ്ട്. 50 വര്‍ഷം കഴിഞ്ഞ പദ്ധതികൊണ്ട് എന്തു പ്രയോജനം? ഉല്‍പാദനം കുറയും. നവീകരണം അത്യാവശ്യമായിട്ട് വരും. അത് മന്ത്രി പറയുന്നതല്ല. എക്സ്പേര്‍ട്ട് പറഞ്ഞതാണ്. മാത്രമല്ല, മൂന്നു പദ്ധതികളുടെയും സാധ്യതാ പഠനം ഉണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ഇല്ലാതെ ഇതൊന്നും സാധ്യമല്ല. നരസിംഹറാവു ഗവണ്‍മെന്റ് വന്നപ്പോഴാണ് എം.ഒ.യുവഴിയിലൂടെ എന്ന സിസ്റ്റ വന്നത്. എം. ഒ.യു റൂട്ടെന്ന് പറയുന്നത് ഒരു പാക്കേജാണ്. നമ്മള്‍ ഏത് രാജ്യമായിട്ടാണ് ഒപ്പു വെക്കുന്നത് അവിടെ നിന്നുള്ള ലോണാണ്. ആ ലോണിന് കൊടുക്കുന്ന ഇന്ററസ്റ് കുറവ്. അതോടൊപ്പം തന്നെ ഗ്രാന്റെല്ലാം ചേര്‍ന്ന് ഒരു പാക്കേജായിട്ടാണ് വരുന്നത്. ഇലക്ട്രിസിറ്റി ബോര്‍ഡ് ഈ നവീകരണത്തിന്റെ പ്രവൃത്തിയുമായിട്ടാണ് സഹകരിക്കേണ്ടത്. 85 ശതമാനവും ലോണായിട്ട് വരികയും ചെയ്യും. വികസിത രാജ്യങ്ങളെല്ലാം അവികസിത രാജ്യങ്ങളുടെ ഒരു പ്രോജക്ട് എടുത്താല്‍ ആ പ്രോജക്ടിനുവേണ്ടി സഹായം നല്‍കുന്ന പതിവുണ്ട്. വൈദ്യുത ഉപഭോഗം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഒരു പാക്കേജായിട്ടാണ് കൊണ്ടുവരുന്നത്. അതാണ് ഗ്രാന്റിന്റെ സംവിധാനം. ഇങ്ങനെ പാക്കേജായിട്ട് വരുമ്പോള്‍ സ്വാഭാവികമായിട്ടും അതില്‍ സ്വീകരിക്കുന്ന സമീപനമാണ് നല്ലത്. അതാണ് അന്നത്തെ നയം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരള ഗവണ്‍മെന്റ് ഏറ്റെടുത്തത്. ...

അന്നത്തെ കേരളത്തിന്റെ സാഹചര്യത്തില്‍ കെ.എസ്.ഇ. ബി യുടെ സാമ്പത്തിക പരാധീനതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മറ്റ് രാജ്യങ്ങളുടെ സഹായം വാങ്ങാവുന്ന സിസ്റ്റത്തിലേക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനം പോവുകയും എം.ഒയു റൂട്ട് അക്സെപ്റ്റ് ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി തീരുമാനം എടുത്തു. പിന്നെ ഇത് ആര്‍ക്ക് കൊടുത്തു എന്നുള്ളതാണ് പ്രശ്നം? ആ കമ്പനിയെക്കുറിച്ച് പറയേണ്ട ഉത്തരവാദിത്തമൊന്നും നമുക്കാര്‍ക്കുമില്ല. എസ്. എന്‍.സി ലാവ്ലിന്‍ എന്ന കമ്പനിക്ക് കേരളവുമായിട്ടുള്ള ബന്ധം, ഇടുക്കി പ്രോജക്ടിന്റെ കണ്‍സല്‍ട്ടന്റായിരുന്നു. പി.എസ്.ശ്രീനിവാസന്റെ കാലം മുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഖില ലോക പ്രശസ്തമായ ഒരു കമ്പനി എന്ന് അതിന്മുമ്പ് ഇവിടെ എല്ലാവരും നിയമസഭയില്‍ പറഞ്ഞിരുന്ന ഒരു കമ്പനിയാണ് ഇന്റര്‍നാഷണല്‍ ലെവലില്‍ വളരെ പരിഗണിക്കപ്പെടുന്ന ഒരു കമ്പനിയാണ്. ഇനി ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും ഞാന്‍ തര്‍ക്കിക്കാനൊന്നും വരുന്നില്ല. അങ്ങനെയുള്ള ഒരു കമ്പനിയാണ് പുതിയ തീരുമാനമനുസരിച്ച് കേന്ദ്രഗവണ്‍മെന്റുമായി ബന്ധപ്പെട്ട് വന്നത്. ഇവിടെ ഞാന്‍ മന്ത്രിയായതിനുശേഷം എ.കെ.ആന്റണിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായി കനേഡിയന്‍ അംബാസിഡര്‍ ആവശ്യമായ ചര്‍ച്ച നടത്തി. അതൊരു വികസിത രാഷ്ട്രമാണ്. ആ വികസിത രാഷ്ട്രത്തിന് പണം അഫോര്‍ഡ് ചെയ്യാന്‍ പറ്റും. അവരുടെ ഗ്രാന്റ് സ്വീകരിച്ച് ഈ പദ്ധതികള്‍ നവീകരിക്കുക എന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഈ പ്രോജക്ട് ഏറ്റെടുത്തത്.

ഡോ.തോമസ് ഐസക് (ചോദ്യം) അങ്ങ് മന്ത്രിയായിരുന്നപ്പോള്‍ കുറ്റ്യാടി പദ്ധതിയെക്കുറിച്ചെടുത്ത തീരുമാനം സംബന്ധിച്ചാണ് ചോദ്യം. കുറ്റ്യാടി പ്രോജക്ടിന് സി.വി പദ്മരാജന്‍ ധാരണാപത്രം ഒപ്പിട്ടു. ഇപ്പോള്‍ അങ്ങ് പരാമര്‍ശിച്ച രീതിയിലുള്ള കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പു വെച്ചു. 1996 ഫിബ്രവരി 24 ന്, ആ ദിവസമായിരുന്നു പള്ളി വാസല്‍ തുടങ്ങിയ പദ്ധതികളുടെ കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പു വെച്ചത്. ആ ദിവസം അങ്ങ് കുറ്റ്യാടി പദ്ധതി സംബന്ധിച്ച സപ്ളൈ ഓര്‍ഡര്‍ ഒപ്പുവെച്ചു. എന്റെ ചോദ്യം ലളിതമാണ്. മന്ത്രി എന്ന നിലക്ക് അന്ന് ആ സപ്ളൈ ഓര്‍ഡര്‍ കരാര്‍ ആക്കുന്നതിന് പകരം ഗ്ളോബല്‍ ടെന്റര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? പദ്മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സല്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങ് എടുത്ത തീരുമാനം? അതാണ് പറയേണ്ടത്.

ജി.കാര്‍ത്തികേയന്‍: എനിക്ക് മുന്‍പുള്ള ബഹുമാന്യനായ സി.വി.പദ്മരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ കെ.കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആ സമയത്ത് കാനഡയില്‍ പോയി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വന്ന ആദ്യത്തെ എം.ഒ.യു ആണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ 50 മെഗാവാട്ടിന്റെത്. ഞാന്‍ ഏപ്രില്‍ 21 ന് മന്ത്രിയായി വന്നതിനു ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ട് നീങ്ങിയിരുന്നു. അങ്ങനെ വന്നപ്പോള്‍ സ്വാഭാവികമായിട്ടും മലബാറിന്റെ വൈദ്യുതീക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രോജക്ട് എന്നുള്ള നിലയില്‍ ഞാന്‍ അന്ന് മന്ത്രി എന്ന നിലയില്‍ എന്റെ ഭരണകാലത്ത് അത് ഒപ്പുവെച്ചു എന്നത് ശരിയാണ്... (ബഹളം)... ചോദ്യത്തിന് വഴങ്ങിയല്ലോ? ഇതുമായി ബന്ധപ്പെട്ട് ഗ്ളോബല്‍ ടെന്റര്‍.... (ബഹളം)... ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ ഒപ്പിട്ടു എന്ന് സമ്മതിച്ചല്ലോ, എന്റെ കാലത്താണ് ഒപ്പിട്ടത് (ബഹളം)...

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോടിയേരി ഇരിക്കുന്ന സ്ഥാനത്ത് ഞാനൊക്കെ ഇരുന്നപ്പോള്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയ്ക്കകത്ത് വന്നു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ടി.എം.ജേക്കബ് ചെയര്‍മാനായിട്ടുള്ള സബ്ജക്ട് കമ്മിറ്റിയുടെ ഒരു പ്രൊപ്പോസല്‍ വന്നത് എ.കെ.ആന്റണി മുഖ്യമന്ത്രിയും ഞാന്‍ മന്ത്രിയുമായിരിക്കുന്ന ക്യാബിനറ്റാണ് ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടക്കട്ടെ...

ഇവിടെ ഞാന്‍ മന്ത്രിയായി വന്നതിനുശഷം അതിനു മുമ്പ് ഇരുന്ന ചന്ദ്രശേഖരന്‍ നായര്‍, ദീര്‍ഘകാലം മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് തുടങ്ങിവെച്ചിരുന്ന ടെന്റര്‍ പ്രൊസിഡ്യൂവറില്‍ നിന്ന് ലവലേശം ഞാന്‍ മാറിയിട്ടില്ല. ഒരു ഇഞ്ച് മാറിയിട്ടില്ല. ഞാന്‍ പറയട്ടെ, ഹൈക്കോടതിയില്‍ നിന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്തതല്ലാതെ. പിന്നെ മന്ത്രിയായിരുന്ന സമയത്ത് ഒരു കാര്യത്തില്‍, ക്വാളിറ്റി സ്പെസിഫിക്കേഷനകത്ത് ഒരു വിട്ടുവീഴ്ചയുമില്ലായിരുന്നു. അതുകൊണ്ട് ക്വാളിറ്റിയില്‍ നിര്‍ബന്ധം വരുത്തുമ്പോഴൊക്കെ വന്നിരിക്കുന്ന ആ സമയത്തെ ചില വേരിയേഷന്‍സ് വന്നു. അതൊക്കെ സ്വാഭാവികമാണ്. അതിന്റെ പേരില്‍ വന്നിട്ടുള്ള ചില പരാമര്‍ശങ്ങള്‍ ദേവകുമാര്‍ കൊണ്ടുവന്നു. അന്വേഷണം നടക്കുന്നതുകൊണ്ട് ഇതിന് അപ്പുറമായി പറയാന്‍ പരിമിതികളുണ്ട്. ജുഡീഷ്യല്‍ എന്‍ക്വയറി നടക്കുന്നു. എല്ലാവരും പറയുന്ന വാചകം ആവര്‍ത്തിക്കുന്നില്ലെങ്കിലും മടിയില്‍ കനമുള്ളവനാണ് വഴിയില്‍ പേടിക്കേണ്ടത്. ഞാന്‍ അതുകൊണ്ട് ഭയലേശമന്യേ പറയുന്നു. അന്വേഷണം നടക്കട്ടെ. അന്വേഷണം സുതാര്യമായി നടക്കട്ടെ.

*
മാതൃഭൂമി ദിനപ്പത്രം 2005 ആഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചത്
കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

റെയില്‍‌വെ വികസനത്തിന്റെ പാത

റെയില്‍വെ ഗതാഗതം ലോകമെങ്ങും ഒരു പുതിയ വീണ്ടെടുപ്പിന്റെ പാതയിലാണിന്ന്. ജനസംഖ്യാനുപാതികമായും, ഭൂവിസ്‌തൃതിപരമായും പരിശോധിച്ചാല്‍ അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വിപുലമായ റെയില്‍വെ ശൃംഖലകളാണ് വികസിത രാജ്യങ്ങളിലെല്ലാം ഉള്ളത്. അവ ഏറെക്കുറെ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലോ 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലോ സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമാണ്. യാത്രാ ഗതാഗതത്തിന്റെയും ചരക്ക് ഗതാഗതത്തിന്റെയും മുഖ്യപങ്ക് നിര്‍വഹിച്ചിരുന്നത് റെയില്‍വെ തന്നെയായിരുന്നുതാനും

ഇതില്‍ നിന്നും 1853-ല്‍ തന്നെ ആദ്യത്തെ തീവണ്ടി ഓടിച്ച ഇന്ത്യ, റെയില്‍വെ ലൈനുകളുടേയും മറ്റു റെയില്‍വെ സ്വത്തുക്കളുടെയും കാര്യത്തില്‍ എത്രമാത്രം പിന്നോക്കമാണെന്ന് വ്യക്തമാകും. റോഡ് / വ്യോമ ഗതാഗതത്തില്‍ നിന്നുമുള്ള കുടുത്ത മത്സരം മൂലം വികസിത രാജ്യങ്ങളില്‍ ക്രമേണ റെയില്‍വെ ഗതാഗതം പിന്തള്ളപ്പെട്ടു. എന്നിരുന്നാലും ഒരു സേവനമെന്ന നിലയില്‍ റെയില്‍വെയുടെ പങ്ക് നിലനിര്‍ത്തപ്പെടുകയും ഗവ. സബ്സിഡി യോടെ പാസഞ്ചര്‍ ഗതാഗതം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തുപോന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലകള്‍ ക്രമാതീതമായി വര്‍ധിക്കുകയും, പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമാവുകയും ചെയ്തതോടെ റെയില്‍വെയുടെ പ്രാധാന്യം വീണ്ടും തിരിച്ചറിയപ്പെട്ടു.

സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് മേഖലകളുടേതുപോലെ റെയില്‍വെയുടേയും സ്വകാര്യവല്‍ക്കരണത്തിനുവേണ്ടിയുള്ള മുറവിളികള്‍ 90 കളില്‍ ഉയര്‍ന്നുവന്നു. റെയില്‍വെ സര്‍വീസുകളും സേവനങ്ങളും ഒന്നൊന്നായി വേര്‍തിരിച്ച് സ്വകാല്‍വല്‍ക്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഐ.എം.എഫും ലോകബാങ്കും ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാംലോക രാജ്യങ്ങളില്‍ റെയില്‍വെ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. റെയില്‍വെയുടെ കാര്യക്ഷമതയെ അത് തകര്‍ക്കുകയും, ചെലവ് കൂട്ടുകയും ചെയ്യുമെന്ന വിദഗ്ദ്ധ അഭിപ്രായം അവഗണിക്കപ്പെട്ടു.

റെയില്‍വെ ട്രാക്ക്, കോച്ചുകള്‍, വാഗണുകള്‍, സ്റ്റേഷനുകള്‍ എന്നിവയടക്കമുള്ള റെയില്‍വെയുടെ ഉടമസ്ഥതകള്‍ ഗവണ്‍മെന്റില്‍ നിലനിര്‍ത്തിക്കൊണ്ട് ഇവയുടെ ഉപയോഗത്തിന് നിശ്ചിത ചാര്‍ജ്ജ് ഈടാക്കി പാസഞ്ചര്‍ / ചരക്ക് കടത്തലിന് യഥേഷ്ടം സ്വകാര്യഓപ്പറേറ്റിങ് കമ്പനികളെ അനുവദിക്കുക, അതല്ല, ഓരോന്നും വേര്‍തിരിച്ച് വേറെ വേറെ സ്വകാര്യകമ്പനികളാക്കി നടത്തുക എന്നീ രണ്ട് മാതൃകകളാണ് സ്വകാര്യവല്‍ക്കരണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടത്. ഇതില്‍ രണ്ടാമത്തെ മാതൃക അംഗീകരിച്ച് പൂര്‍ണമായ സ്വകാര്യവല്‍ക്കരണം നടപ്പാക്കിയ രാജ്യമാണ് ഗ്രേറ്റ് ബ്രിട്ടന്‍.

സ്വകാര്യവല്‍ക്കരണം മൂലം കെടുകാര്യസ്ഥതയിലായ ബ്രിട്ടീഷ് റെയില്‍വെയുടെ അനുഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. രൂപീകരിക്കപ്പെട്ട കമ്പനികള്‍ ഓരോന്നും താന്താങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിലാണ് മത്സരിച്ചത്. റെയില്‍വെ ട്രാക്കിന്റെ പരിപാലനമോ, സുരക്ഷയോ, വണ്ടികളുടെ സമയക്രമമോ, വേഗതയോ, ഒന്നും അവര്‍ ഗൌരവമായി എടുത്തില്ല. തല്‍ഫലമായി റെയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിനും, പാസഞ്ചര്‍ വണ്ടികളുടെ സമയനിഷ്ഠ നഷ്ടപ്പെടുന്നതിനും, സര്‍വീസുകള്‍ അലങ്കോലപ്പെടുന്നതിനും അത് ഇടയാക്കി. അതോടെ, സ്വകാര്യവത്കരണത്തിനെതിരെ ജനകീയ രോഷം ഉണര്‍ന്നു. ഗവണ്‍മെന്റ് ഇടപെട്ട് കര്‍ശനമായ റെഗുലേറ്ററി സംവിധാനം ഏര്‍പ്പെടുത്തുകയും, റെയില്‍ ട്രാക്ക് കമ്പനിയെ ഒഴിവാക്കി പകരം നെറ്റ്വര്‍ക്ക് റെയില്‍ എന്ന പുതിയ കമ്പനി രൂപീകരിച്ച് ചുമതല കൈമാറുകയും ചെയ്തു.

സ്വകാര്യവല്‍ക്കരണം മൂലമുണ്ടായ കെടുതികള്‍ ഇപ്പോഴും തുടരുകയാണ്. 2008 ജനുവരിയില്‍ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള സമയക്രമം അതിക്രമിച്ചതിനെത്തുടര്‍ന്ന് റുഗ്‌ബി, ലിവര്‍പൂള്‍, ഗ്ളാസ്‌ക്കോ എന്നിവിടങ്ങളില്‍ ഗതാഗത സ്തംഭനം രൂക്ഷമായി. തുടര്‍ന്ന് റെയില്‍ റഗുലേറ്റര്‍ നടത്തിയ അന്വേഷണഫലമായി നെറ്റ്വര്‍ക്ക് റെയില്‍വെക്ക് 14 ദശലക്ഷം പവന്‍ പിഴയിട്ടു. സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി കാര്യക്ഷമതയില്‍ 35 ശതമാനം ഇടിവുണ്ടായതായി കണക്കാക്കപ്പെടുന്നു. ചെലവാകട്ടെ ട്രാക്ക് മെയിന്റനന്‍സിന് മാത്രം 95-96-ല്‍ 3 ബില്യണ്‍ പവന്‍ ചിലവിട്ട സ്ഥാനത്ത് 2003-2004-ല്‍ 6 ബില്യണ്‍ പവനായി ഇരട്ടികണ്ട് വര്‍ധിച്ചു. അപകടങ്ങള്‍ തുടര്‍കഥയായി തുടരുന്നു. അതുകൊണ്ടുതന്നെ റെയില്‍വെ പുനഃസംഘടനയ്ക്കും, പുനഃദേശസാല്‍ക്കരണത്തിനും വേണ്ടിയുള്ള മുറവിളി ശക്തമായിരിക്കുകയാണ്.

ഫ്രാന്‍സില്‍ ഇപ്പോഴും ഗവണ്‍മെന്റ് ഉടമസ്ഥതയിലാണ് റെയില്‍വെ പ്രവര്‍ത്തിക്കുന്നത്. മതിയായ പ്രവര്‍ത്തന സ്വാതന്ത്ര്യത്തോടെ ഏകോപിത ഘടനയാണ് റെയില്‍വെക്കുള്ളത്. ലാഭകരമല്ലാത്ത പ്രോജൿടുകള്‍ക്ക് ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നു. പ്രാദേശിക പാസഞ്ചര്‍ സര്‍വീസുകള്‍ക്കും, ബ്രാഞ്ച് ലൈനുകള്‍ക്കും ഉണ്ടാവുന്ന നഷ്ടം പ്രാദേശിക സര്‍ക്കാരുകള്‍ നികത്തുന്നു. ദീര്‍ഘദൂര വണ്ടികളും ചരക്കുഗതാഗതവും ലാഭകരമായി നടത്തപ്പെടുന്നു.

ജര്‍മന്‍ റെയില്‍വെ ആകട്ടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ തന്നെ ഉടമസ്ഥതയിലുള്ള പബ്ളിക് ലിമിറ്റഡ് കമ്പനി ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ട്രാക്ക്, ഫ്രൈറ്റ്, യാത്ര ഗതാഗതം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു. പാസഞ്ചര്‍ / ഫ്രൈറ്റ് ഡിവിഷനുകള്‍ ട്രാക്ക് ഡിവിഷന് ട്രാക്ക് ചാര്‍ജ് നല്‍കുന്നു. ഫെഡറല്‍ / മേഖലാ ഗവണ്‍മെന്റുകള്‍ / സ്ഥാപനങ്ങള്‍ യാത്രാ ഗതാഗതത്തിന് സബ്‌സിഡി നല്‍കുന്നു. പ്രൈവറ്റ് / പാസഞ്ചര്‍ ഡിവിഷനുകള്‍, കോച്ചുകള്‍, വാഗണുകള്‍, സ്റേഷനുകള്‍, ഗുഡ് ഷെഡ്ഡുകള്‍ എന്നിവയ്ക്ക് ആവശ്യമായ നിക്ഷേപം നടത്തുന്നു. ട്രാക്ക് ഡിവിഷന്‍, ട്രാക്ക് മെച്ചപ്പെടുത്തലിനും വിപുലീകരണത്തിനും ഉള്ള നിക്ഷേപം നടത്തുന്നു. പുതിയ ലൈനുകള്‍ക്കും ആവശ്യമായ നിക്ഷേപം ഫെഡറല്‍ ഗവണ്‍മെന്റ് നടത്തുന്നു. ഏതാനും വികസിത രാജ്യങ്ങള്‍ നല്‍കുന്ന വാര്‍ഷിക റെയില്‍വെ സബ്‌സിഡിയുടെ ചിത്രം നോക്കുക. അതാതു റെയില്‍വെകളുടെ റവന്യൂ വരുമാനത്തിന്റെ 40 മുതല്‍ 80 ശതമാനം വരെ അത് വരുമെന്ന് കണക്കാക്കപ്പെടുന്നു.



ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഗോള ധനപ്രതിസന്ധി മറ്റൊരു തരത്തില്‍ റെയില്‍വെയുടെ കണ്ടെത്തലിന് ഭരണാധികാരികളെ നിര്‍ബന്ധിതരാക്കുകയാണ്. റെയില്‍വെ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യവികസനത്തിന് ഗവണ്‍മെന്റ് മൂലധനം മുടക്കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി ചോദനം വര്‍ദ്ധിപ്പിക്കുകയുമാണ് സാമ്പത്തിക വീണ്ടെടുപ്പിനുള്ള ഏക പോംവഴി എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. അതിന്റെ മികച്ച മാതൃകയാണ് ചൈനീസ് ഗവണ്‍മെന്റിന്റെ നടപടി. 2008 ഒക്ടോബറില്‍ 2009-2020 വര്‍ഷങ്ങളിലേക്കായി 292 ബില്യന്‍ ഡോളറിന്റെ കൂറ്റന്‍ നിക്ഷേപ പദ്ധതിയാണ് ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ 2006-2010-ലേക്കായി നേരത്തെ വകയിരുത്തിയ 182 ബില്യന്‍ ഡോളറും പെടും. ഇന്നുള്ള 78,000 കിലോമീറ്റര്‍ റെയില്‍പ്പാത 2010-ല്‍ 1,00,000 കിലോമീറ്ററായും 2020 ലേക്ക് 1,20,000 കി.മി. ആയും വര്‍ധിപ്പിക്കാനാണ് പരിപാടി. 1990-2001 കാലഘട്ടത്തിലാവട്ടെ ഓരോ വര്‍ഷവും1092 കി.മി. പുതിയ ലൈനുകള്‍, 837 കി.മി. ഇരട്ട ലൈനുകള്‍, 962 കി.മി. ഇലക്ട്രിഫിക്കേഷന്‍ എന്ന ക്രമത്തിലാണ് ചൈനയില്‍ റെയില്‍വെ വികസനം നടന്നിട്ടുള്ളത്.

ഇത്തരത്തില്‍ വളരെ ബൃഹത്തായ ഒരു റെയില്‍ വികസന പദ്ധതിയുമായി നമ്മുടെ തൊട്ടയല്‍ രാജ്യവും, ഏറെ സമാനതകളുള്ളതുമായ ചൈന മുന്നേറുമ്പോള്‍ നമ്മുടെ റെയില്‍വെ വികസനത്തിന്റെ അവസ്ഥയെന്ത്? 1947-ല്‍ ചൈനയില്‍ കേവലം 11000 കി.മീ. റെയില്‍പാത ഉണ്ടായിരുന്ന സ്ഥാനത്ത് നമുക്ക് 51,000 കി.മി. ഉണ്ടായിരുന്നു. ഇന്നാകട്ടെ അത് 63,500 റൂട്ട് കി.മി. മാത്രമായാണ് വികസിച്ചത്. ചൈനയില്‍ വണ്ടികളുടെ ശരാശരി വേഗത 120 കി.മി.ഉം പ്രത്യേക റൂട്ടുകളില്‍ അത് 200-ഉം 350 ഉം വരെ ആയിരിക്കുമ്പോള്‍ നമ്മുടെ വണ്ടികളുടെ ശരാശരി വേഗത കുറഞ്ഞ് വരികയാണ്. എന്നാല്‍ ലോകത്തില്‍ തന്നെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക റെയില്‍വെ എന്ന ഖ്യാതി നമുക്കുള്ളതാണ്. നമ്മുടെ ലാഭം പ്രതിവര്‍ഷം 25,000 കോടി രൂപ ഉണ്ടായിട്ടും റെയില്‍വെ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കുവാന്‍ ഗവണ്‍മെന്റ് വിസമ്മതിക്കുകയാണ്. ദീര്‍ഘ കാലമായി നാം ഇളവുകള്‍ പ്രഖ്യാപിച്ച് സ്വകാര്യ മൂലധനത്തിനായി കാത്തിരിക്കുകയാണ്. 11-ാം പദ്ധതിയില്‍ 4,00,000 കോടി രൂപയുടെ നിക്ഷേപം കണക്കാക്കിയതില്‍ 2,00,000 കോടി രൂപ സ്വകാര്യ മൂലധനനിക്ഷേപമായി പ്രതീക്ഷിക്കുകയാണ്. റെയില്‍വെ വികസനത്തിന് സ്വകാര്യമൂലധന നിക്ഷേപം ഇന്നേവരെ എവിടെയും ഉണ്ടായിട്ടില്ല. അതുകൊണ്ട്തന്നെ നമ്മുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാവാതെ മുടങ്ങിക്കിടക്കുകയാണ്.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ 292 ബില്യന്‍ ഡോളറിന്റെ നിക്ഷേപത്തിന് ചൈന തയ്യാറാവുമ്പോള്‍ വര്‍ഷത്തില്‍ 10 ബില്യണ്‍ ഡോളറെങ്കിലും ഇന്ത്യാ ഗവണ്‍മെന്റ് മുടക്കാന്‍ തയ്യാറാവേണ്ടതല്ലേ. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലല്ല ഇല്ലാതാക്കാനാണ് നമ്മുടെ ഗവണ്‍മെന്റ് വ്യഗ്രത കാട്ടുന്നത്. റെയില്‍വേയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്താതെ അവയില്‍ 85,000 തസ്തികകള്‍ വേണ്ടെന്ന് വയ്ക്കുകയും ബാക്കിയുള്ള ഗ്രൂപ്പ് സി, ഡി തസ്തികകളിലേക്കുള്ള നിയമനം മരവിപ്പിക്കുകയുമാണ് റെയില്‍വേ ബോര്‍ഡ് അടുത്തിടെ ചെയ്തിട്ടുള്ളത്.

നിലവിലുള്ള ഒഴിവുകള്‍ നികത്തിയാല്‍ 2 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിക്കും. വര്‍ധിച്ച ഗതാഗത വര്‍ധനവിനും റെയില്‍വെ സ്വത്തുക്കള്‍ക്കും ആനുപാതികമായി അധിക തസ്തികകള്‍ സൃഷ്ടിച്ചാല്‍ മറ്റൊരു 4 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. എല്ലാവര്‍ക്കും ക്രമമായി 8 മണിക്കൂര്‍ ജോലി അംഗീകരിച്ചാല്‍ വേറൊരു 2 ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന പാത നിര്‍മാണം, പാത ഇരട്ടിപ്പിക്കല്‍, പുതിയ പാത അനുവദിക്കല്‍, പാത മെച്ചപ്പെടുത്തല്‍, കോച്ചുകളുടേയും, വാഗണുകളുടേയും നിര്‍മ്മാണം, ഇലൿട്രിഫിക്കേഷന്‍, ഗേജ് മാറ്റം എന്നിവയ്ക്കാവശ്യമായ ഫണ്ട് അനുവദിച്ചാല്‍ ദശലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും, തൊഴിലില്ലായ്മയ്ക്കും ആശ്വാസം നല്‍കുക മാത്രമല്ല, മെച്ചപ്പെട്ട റെയില്‍വെ ശൃംഖല വാര്‍ത്തെടുക്കാനും ജനങ്ങളുടെ ദശാബ്ദങ്ങളായുള്ള പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും ഇതിടയാക്കും. അത്തരത്തില്‍ സത്വരവും, സമഗ്രവുമായ റെയില്‍വേ വികസനത്തിന് മതിയായ ഫണ്ട് അനുവദിക്കാന്‍ ആവശ്യമായ സമ്മര്‍ദം കേന്ദ്ര ഗവണ്‍മെന്റില്‍ ചെലുത്തേണ്ടതുണ്ട്. തൊഴിലാളികളും ജനപ്രതിനിധികളും കക്ഷി രാഷ്ട്രീയത്തിന്നതീതമായി ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം.


*
ആര്‍ ജി പിള്ള കടപ്പാട്: സി.ഐ.ടി.യു സന്ദേശം