Tuesday, August 30, 2011

വയലാ വാസുദേവന്‍പിള്ള അരങ്ങിനോട് വിട പറഞ്ഞു

പ്രശസ്ത നാടകകൃത്തും സംവിധായകനും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ മുന്‍ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവന്‍പിള്ള (66) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ 2.10നായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വൈകിട്ട് അഞ്ചരയോടെ തൃശൂര്‍ അയ്യന്തോളിലെ വസതിയായ സബര്‍മതിയില്‍ കൊണ്ടുവന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 12ന് ചെറുതുരുത്തിയില്‍ . രാവിലെ ഒമ്പതുമുതല്‍ 11.30വരെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

നാടകരചയിതാവ്, സംവിധായകന്‍ , ഗവേഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം ആധുനിക നാടക സങ്കേതങ്ങളുമായി മലയാള നാടകത്തെ കൂട്ടിയിണക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ , കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ പെര്‍ഫോമിങ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്ട് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാലിശേരി നാരായണമേനോന്റെ മകള്‍ വത്സലയാണ് (കലിക്കറ്റ് സര്‍വകലാശാല റിട്ട. ഉദ്യോഗസ്ഥ) ഭാര്യ.

കൊല്ലം ജില്ലയിലെ വയലായില്‍ നീലകണ്ഠപിള്ളയുടെയും സി കല്യാണിയമ്മയുടെയും മകനായി 1945 ഏപ്രില്‍ 22നാണ് ജനനം. നാടകങ്ങളും നാടക പഠനഗ്രന്ഥങ്ങളും തര്‍ജമകളുമായി ഇരുപതോളം കൃതികളുടെ കര്‍ത്താവാണ്. ഭാസന്‍ , സോഫോക്ലിസ്, ഷേക്സ്പിയര്‍ , ഇബ്സന്‍ , ടാഗോര്‍ എന്നിവരുടേതുള്‍പ്പെടെ നാല്‍പ്പതോളം നാടകം സംവിധാനംചെയ്തു. ഒമ്പതു സംസ്ഥാന അവാര്‍ഡും മൂന്നു കേന്ദ്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിനും അര്‍ഹനായി.

മലയാള നാടകവേദിയെ സമ്പന്നമാക്കിയ പ്രതിഭ

മലയാള നാടകവേദിയെ ആവേശപൂർവം സ്വീകരിച്ച പ്രതിഭയായിരുന്നു വയലാ വാസുദേവൻപിള്ള. അദ്ദേഹവുമായുള്ള എന്റെ ബന്ധത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. നാടക രചയിതാവും സംവിധായകനുമെന്നതിലുപരി നാടകം പഠിപ്പിക്കാനും അപഗ്രഥിക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. അധ്യാപകനായിരുന്ന വയലായുടെ കടന്നുവരവ് മലയാള നാടകവേദിയെ സമ്പന്നമാക്കി. നാടകത്തെക്കുറിച്ച് ഗൌരവമായി പഠിക്കാനും താത്വികമായ ആ പഠനം ജീവിതവ്രതമാക്കി മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു.

വിദേശ നാടകവേദികളിൽ‍, പ്രത്യേകിച്ച് ഗ്രീസിലും ജപ്പാനിലും നാടകപ്രവർത്തകരുമായി ബന്ധപ്പെടുന്നതിനും അവരുടെ പ്രവർത്തനം അപഗ്രഥിക്കാനും അവിടെനിന്ന് ലഭിച്ച അറിവ് വിദ്യാർഥികളുമായി പങ്കുവയ്ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു

നാടകരംഗത്ത് പഠനവും ഗവേഷണവും അധ്യാപനവും മുഖ്യ പ്രവർത്തനമേഖലയായി തുടരുമ്പോഴും രചനയും സംവിധാനവും കൂടെയുണ്ടായിരുന്നു. തർക്കവിഷയമായി ചില രചനകളും അദ്ദേഹത്തിൽ‍നിന്നുണ്ടായി. സ്കൂൾ ഓഫ് ഡ്രാമയുടെ നാടകങ്ങൾ ജനകീയമല്ലെന്ന പരാതി നിലനിൽ‍ക്കെത്തന്ന നാടകത്തെ ഗൌരവമായി വീക്ഷിക്കുന്ന തലമുറയെ വളർത്തിയെടുത്തു. വയലായുടെ ശിഷ്യരിൽ‍ പലരും പിന്നീട് സിനിമയിലേക്കും മറ്റും ചേക്കേറിയെങ്കിലും നാടകം അടിസ്ഥാന അവലംബമായി അവരിൽ‍ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പാശ്‌ചാത്യ നാടകങ്ങൾ പഠിപ്പിക്കാനും ഗൌരവമായി എടുക്കാനും ഒരു തലമുറയെ പ്രോത്‌സാഹിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സ്കൂൾ ഓഫ് ഡ്രാമയുടെ വളർച്ചയിൽ‍ പ്രധാനപങ്ക് വഹിച്ച
അദ്ദേഹം ആ പ്രസ്ഥാനത്തെ ഒരുപാട് മുന്നോട്ടുകൊണ്ടുപോവുകയും ചെയ്‌തു.


കാവാലം നാരായണപ്പണിക്കർ


വഴിമാറി നടന്ന വയലാ

സാധാരണ പ്രൊഫഷണല്‍ നാടകങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതായിരുന്നു വയലാ വാസുദേവന്‍പിള്ളയുടെ നാടകങ്ങള്‍ . മലയാളത്തിന്റെ വികാരങ്ങളും ഭാവങ്ങളും ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ഓരോ നാടകവും വാക്കുകള്‍ക്കപ്പുറത്തുള്ള വൈകാരികതീവ്രതയാണ് കാഴ്ചക്കാരിലെത്തിച്ചത്. സ്വാര്‍ഥതാല്‍പര്യങ്ങളുടെയും വിപണിമൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന ലോകത്തില്‍ അവയ്ക്കെതിരെ തീര്‍ക്കുന്ന പ്രതിരോധങ്ങളായി അദ്ദേഹത്തിന്റെ നാടകങ്ങള്‍ .

നാടകം എന്ന കലാരൂപത്തെ വേറിട്ട രൂപത്തില്‍ അവതരിപ്പിക്കാന്‍ വയലായെ പ്രാപ്തനാക്കിയത് ജി ശങ്കരപ്പിള്ളയാണ്. ചെറുപ്പകാലത്തുതന്നെ നാടകം ഒരു ഭ്രമമായി അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 1950 കാലഘട്ടത്തില്‍ സ്കൂള്‍ വാര്‍ഷികാഘോഷങ്ങളില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നായിരുന്നു നാടകങ്ങള്‍ . അത്തരം നാടകങ്ങളില്‍ വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. അന്ന് ലഭിച്ച പ്രോത്സാഹനം ഈ രംഗത്ത് തുടരാന്‍ വാസുദേവന്‍പിള്ളയ്ക്ക് പ്രചോദനമായി.

പിന്നീട് ശങ്കരപ്പിള്ളയുടെ കളരിയിലെത്തിയതോടെ അദ്ദേഹത്തിന്റെ നാടകസങ്കല്‍പ്പത്തിനുതന്നെ മാറ്റമുണ്ടായി. നാടകം എന്ന കലയെ ശാസ്ത്രീയമായും ഗൗരവമായും കാണാന്‍ കളരിയിലെ അഭ്യാസം വയലായെ പ്രാപ്തനാക്കി. നാടകം രണ്ടോ മൂന്നോ മണിക്കൂര്‍ നേരമ്പോക്കിനുള്ള ഉപാധിയല്ലെന്നും മനുഷ്യ ജീവിതാവസ്ഥകളെ തുറന്നുകാണിക്കാനുള്ളതാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സുവര്‍ണരേഖ എന്ന നാടകസംഘം രൂപീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ മനസ്സിലുള്ള നാടകസങ്കല്‍പ്പങ്ങള്‍ക്ക് അരങ്ങില്‍ പൂര്‍ണത നല്‍കി. 1982ല്‍ രചിച്ച "അഗ്നി" മനുഷ്യബന്ധങ്ങളുടെ തകര്‍ച്ച മനഃശാസ്ത്രത്തിന്റെ തലത്തില്‍ അവതരിപ്പിക്കുന്നതാണ്. സമൂഹം കൊണ്ടുനടക്കുന്ന പല ദുഷിച്ച മൂല്യങ്ങളെയും കണക്കറ്റ് വിമര്‍ശിക്കുന്ന അഗ്നി ഏറെ ശ്രദ്ധേയമായിരുന്നു. 1979ല്‍ രചിച്ച തുളസീവരം എന്ന നാടകത്തിലൂടെ, അടിയന്തരാവസ്ഥ സൃഷ്ടിച്ച ഏകാധിപത്യപ്രവണതകളെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.

"കുചേലഗാഥ" എന്ന നാടകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കുചേലനെയും കൃഷ്ണനെയും ദ്യോതിപ്പിക്കുന്ന കഥാപാത്രങ്ങളാക്കിയാണ് "കുചേലഗാഥ" രചിച്ചത്. ദരിദ്രനായ രാമന്‍നായരും അദ്ദേഹത്തിന്റെ ധനികനായ സതീര്‍ഥ്യന്‍ കൃഷ്ണന്‍നായരും തമ്മിലുള്ള ബന്ധമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് ചില ഹിന്ദുത്വവാദികള്‍ വയലായുടെ നാടകത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ , വിവാദങ്ങളൊന്നും കൂസാതെ അദ്ദേഹം നാടകവുമായി മുന്നോട്ടുപോയി.

1992ല്‍ ഷാര്‍ജയില്‍ പത്തുപേര്‍ ആറുവര്‍ഷം തടവിനു ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയ "ശവംതീനി ഉറുമ്പുകള്‍"എന്ന വിവാദ നാടകത്തിന്റെ രചയിതാവെന്ന് തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ഷാര്‍ജ കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയപ്പോഴും ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേല്‍ക്കേണ്ടിവന്നവന്റെ രോഷത്തെ മറികടക്കാന്‍ വയലായെ സഹായിച്ചത് കലാകാരന്റെ മനഃസാക്ഷിയാണ്. കാര്‍ത്തികേയന്‍ പടിയത്ത് രചിച്ച നാടകമാണ് വയലായുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും.

കേരളത്തിലെ സമാന്തര നാടകപ്രവര്‍ത്തനരംഗത്ത് ഒരിടം നേടാന്‍ കഴിഞ്ഞ നാടകകൃത്തും സംവിധായകനും സംഘാടകനുമായിരുന്നു അദ്ദേഹം. കേരളീയ രംഗകലകളുടെ പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് ഭാരതീയവും സാര്‍വലൗകികവുമായ നാടകങ്ങളെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് വേണ്ടതു കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സാംസ്കാരിക വിനിമയവേദിയിലേ തനതു നാടകദര്‍ശനം പുഷ്ടിപ്പെടുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. അവിടെ സ്വദേശസങ്കല്‍പ്പത്തില്‍ സങ്കുചിതരാകുകയോ വിദേശസ്വാധീനതയില്‍ അടിമകളാവുകയോ ചെയ്യാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.


പി ബിജു


രംഗവേദിയിലെ മായാത്ത കഥാപാത്രം

സ്കൂൾ ഓഫ് ഡ്രാമയും വയലാ സാറും തമ്മിലുള്ള ബന്ധം വാക്കുകൾക്കപ്പുറത്താണ്. അതിലും വലുതാണ് ശിഷ്യരുമായുള്ള ഹൃദയന്ധം. കേരളത്തിന്റെ നാടകപ്രവർത്തകരെ അക്കാദമിക് മികവോടെ വാർത്തെടുക്കാൻ യത്നിച്ച നാടകാചാര്യന്മാരുടെ പട്ടികയിൽ‍ ആദ്യത്തെ പേരുകൾ ജി ശങ്കരപ്പിള്ളയും വയലാ വാസുദേവൻപിള്ളയുമാണ്.

ശങ്കരപ്പിള്ള രൂപം നൽ‍കിയ കളരി തിയറ്റർപ്രസ്‌ഥാനത്തിന്റെ പ്രചാരകനായി മാറിയ വയലായെ അദ്ദേഹം തന്നെയാണ് സ്കൂൾ ഓഫ് ഡ്രാമയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വിശ്വനാടകവേദിയിലെ, പ്രത്യേകിച്ച് പാശ്ചാത്യനാടകവേദിയിലെ ചെറു
ചലനങ്ങൾപോലും വിദ്യാർഥികൾക്കു വയലാ പരിചയപ്പടുത്തി. സൌമ്യവും കാപട്യമേശാത്തതുമായ പെരുമാറ്റംകൊണ്ട് വിദ്യാർഥികളുടെ പ്രിയപ്പട്ട അധ്യാപകനായി.

1985-87 കാലഘട്ടത്തിൽ‍ പ്രതിസന്ധികളിൽ‍പ്പെട്ട് നട്ടംതിരിഞ്ഞ സ്കൂൾ ഓഫ് ഡ്രാമയെ നേർവഴിയിലൂടെ നടത്തിക്കുന്നതിൽ‍ ഡയറക്ടറെന്ന നിലയ്ക്ക് വയലായുടെ പങ്ക് സ്മരണീയമാണ്. സ്കൂൾ ഓഫ് ഡ്രാമയ്ക്ക് ജന്മം നൽ‍കിയ ജി ശങ്കരപ്പിള്ളയെന്ന നാടകാചാര്യൻ സ്‌ഥാപനത്തോട് വിട പറയുന്നതിന്റെയും നാളുകളായിരുന്നു അത്. പക്ഷേ, പ്രതിസന്ധികളിൽ‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളിൽ‍ വയലായുടെ നേതൃത്വത്തിൽ‍ സ്കൂൾ ഓഫ് ഡ്രാമ ചുവടുവച്ചു. സ്കൂൾ ഓഫ് ഡ്രാമയുടെ സുവർണകാലത്തിനാണ് പിന്നീട് കേരളം സാക്ഷിയായത്.

ജി ശങ്കരപ്പിള്ളയുടെ കാലത്ത് സ്കൂൾ ഓഫ് ഡ്രാമയിൽ‍ ബിരുദകോഴ്സുകൾക്കു പുറമേ ബിരുദാനന്തര കോഴ്സുകളുടെയും സിലബസ് തയ്യാറായിരുന്നുവെങ്കിലും നടപ്പാക്കിയതും കോഴ്സുകൾ തുടങ്ങിയതും വയലാ ഡയറക്ടറായിരിക്കുമ്പോഴാണ്. സംസ്‌ഥാന സർക്കാരിന്റെ ഫൈൻ ആർട്സ് വകുപ്പ് തിയറ്റർ സ്റ്റഡീസിനു പുറമേ സംഗീതംകൂടി പഠനവിഷയമാക്കുന്നതിനുള്ള അനുവാദം നൽ‍കിയതും അദ്ദേഹത്തിന്റെ കാലത്താണ്.

ഡയറക്ടർ എന്നതിനപ്പുറം കുട്ടികൾക്കുവേണ്ടി നാടകങ്ങൾ രചിക്കുകയും അത് അവരെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നതിൽ‍ അദ്ദേഹം കാട്ടിയ താൽ‍പ്പര്യം നാടകവേദിയോടുള്ള സമർപ്പിതമുഖമാണ് കാട്ടിത്തന്നത്. 20 വർഷം സ്കൂൾ ഓഫ് ഡ്രാമയുടെ ചാലകശക്തിയായി.

ഇംഗ്ലീഷ് സാഹിത്യത്തിൽ‍ ബിരുദാനന്തര ബിരുദവും രംഗകലയിൽ‍ പിഎച്ച്ഡിയും റോം സർവകലാശാലയിൽ‍നിന്ന് ആധുനിക രംഗകലയിൽ‍ ബിരുദാനന്തര ഡിപ്ലോമയും നേടിയ അദ്ദേഹം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർപദവി വിട്ടാണ് സ്കൂൾ ഓഫ് ഡ്രാമയിൽ‍ അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റത്. അമേരിക്കയുടെ പോസ്റ്റ് ഡോക്ടറൽ‍ ഫുൾബ്രൈറ്റ് ഫെലോഷിപ്പിനും അർഹനായി.

ഇത് ന്യൂയോർക്ക് സർവകലാശാലയിൽ‍ ഗവേഷണത്തിനു വഴിയൊരുക്കി. ടോക്യോയിലെ മെയ്ജി സർവകലാശാലയിൽ‍ നിന്ന് ജാപ്പനീസ് തിയറ്ററിൽ‍ പരിശീലനം നേടി. പാരീസ് സർവകലാശാലയിൽ‍ സാമുവൽ‍ ബക്കറ്റിന്റെ നാടകങ്ങളെക്കുറിച്ചും ഏതൻസ് സർവകലാശാലയിൽ‍ 'സ്പെയ്സ് ഓഫ് ഗ്രീക്ക് ക്ളാസിക്കൽ‍ തിയറ്റർ' എന്ന വിഷയത്തിലും ഗവേഷണം നടത്തി. മെയ്ജി, പാരീസ് സർവകലാശാലകളിൽ‍ സന്ദർശക പ്രൊഫസറായിരുന്നു.

മഞ്ജു കുട്ടികൃഷ്ണൻ


വയലാ: കെടാത്ത'അഗ്‌നി'

1970-കള്‍ ഇന്ത്യയില്‍ സ്വന്തവും സ്വതന്ത്രവുമായ നാടകം എന്ന സങ്കല്‍പ്പം രൂഢമുലമായിത്തീര്‍ന്നകാലമായിരുന്നു. പാരമ്പര്യത്തിന്റെ വേരുകളെയും തനിമകളെയും സമകാലിക നാടകവേദിയുടെ മഹത്തായ ചൈതന്യമാക്കിക്കൊണ്ട് അരങ്ങിലെ സമൂല പരിവര്‍ത്തനത്തിന് വഴിയൊരുക്കാന്‍ നാടകപ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു. മാറ്റങ്ങളുടെ ഇടിമുഴക്കങ്ങളുടെയും അടിയൊഴുക്കുകളുടെയും കാലത്ത്, രൂപപരവും ഭാവപരവുമായ പരിണാമങ്ങളുടെ കാലത്ത്, മലയാള നാടകവേദിയിലേക്ക് കടന്നു വന്ന ദിശാബോധമുള്ളൊരു നാടകരചയിതാവാണ് വയലാ വാസുദേവന്‍പിള്ള. സ്വന്തം മാധ്യമത്തിന്റെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞ് നാടകരചനയും രംഗരചനയും നിര്‍വഹിക്കാന്‍ നാടകതല്‍പ്പരരെ പ്രാപ്തിയുള്ളവരാക്കാന്‍ വേണ്ടി ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട നാടകക്കളരികളുടെ സ്വാധീനത്തില്‍പ്പെട്ട് ഗൗരവതരമായ നാടകമേഖലയിലേക്ക് കടന്നുവന്ന ആളാണ് വയലാ വാസുദേവന്‍പിള്ള. ആധുനികമനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ വിഷയീകരിക്കുന്ന നാടകങ്ങളാണ് അദ്ദേഹത്തിന്റേത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബാഹ്യസംഘര്‍ഷങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിച്ചുകൊണ്ടുള്ള നാടകരചനകളും രംഗാവതരണങ്ങളും നിറഞ്ഞുനിന്ന മുന്‍കാലഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി അസ്തിത്വസമരങ്ങള്‍ പ്രമേയങ്ങളുടെ മുഖമുദ്രയാക്കാന്‍ അദ്ദേഹത്തിന് നാടകമെന്ന മഹാകലയിലൂടെ സാധിക്കുന്നു. ''അസ്തമിക്കുന്ന ഇന്നലകള്‍ക്കും പിറക്കാത്ത നാളെകള്‍ക്കും മധ്യേ അസ്തിത്വം തേടി അലഞ്ഞുനടക്കുന്ന വേരില്ലാത്തവര്‍'' പ്രമേയങ്ങളില്‍ പ്രതിപാദ്യവിഷയമാകുന്നു. 'അകത്താരോ....' എന്ന ഒരു നാടകം ഉദാഹരണം.

വയലാ വാസുദേവന്‍ പിള്ളയുടെ നാടകങ്ങള്‍ നമ്മെ അനുഭവിപ്പിക്കുന്നത് മധുരമുള്ള നോവാണ്. അദ്ദേഹത്തിന്റെ ആദ്യനാടകമായ 'വിശ്വദര്‍ശനത്തില്‍' മുതല്‍ സമൂഹത്തോടുള്ള കടപ്പാട് നിറഞ്ഞുനിലല്‍ക്കുന്നു. അതിനെക്കുറിച്ച് ജി ശങ്കരപ്പിള്ള പറയുന്നതിനങ്ങനെയാണ്: ''മനുഷ്യഭാഗധേയത്തിന്റെ അതിവിശാലമായ ഒരു അന്തരീക്ഷമാണ് അദ്ദേഹം തന്റെ നാടകത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്. തലമുറകളുടെ ജീവിതസങ്കല്‍പങ്ങള്‍കൊണ്ട് രൂപപ്പെട്ടുവന്നതാണ് ആ ഭാഗധേയം. അതിന്റെ ഒരു സംക്രമണദശയാണ് വാസുദേവന്‍പിള്ളയുടെ നാടകത്തിനാധാരം. പുതിയ ഒരു വിഗ്രഹസൃഷ്ടിക്കുവേണ്ടി ഇടതടവില്ലാതെ അധ്വാനിച്ചും സ്വപ്നംകണ്ടും കഴിയുന്ന ജനത ആ ജനതയുടെ ആഗ്രഹങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ വ്രതം നിന്നെത്തുന്ന ശില്‍പി, അയാളുടെ നിത്യപ്രചോദനങ്ങള്‍; പ്രലോഭനങ്ങള്‍ കൊണ്ടും ഭോഗാസക്തികൊണ്ടും ആ പരിശ്രമങ്ങളെ പരാജയപ്പെടുത്താന്‍ മനമൂന്നി നില്‍ക്കുന്ന ധനപ്രമത്തതയും ഏകാധിപത്യ പ്രവണതകളും മ്ലേച്ഛമായ സൗന്ദര്യാസ്വാദനതൃഷ്ണയും ഇതിനെല്ലാം മുന്നില്‍ വാഗ്ദത്ത വിഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിവില്ലാതെ ക്ലേശിക്കുന്ന പുതിയ ശില്‍പി; എല്ലാം കാണുന്ന പ്രപഞ്ചനാടകവേദിയുടെ സൂത്രധാരനായ കാലം-ഇവയൊക്കെയാണ് 'വിശ്വദര്‍ശനം' എന്ന നാടകത്തിലുള്ളത്.''

''തുളസീവന''ത്തിന്റെ ആവിര്‍ഭാവം, മനുഷ്യന്റെ വാക്കായ കര്‍മങ്ങളില്‍ കനത്ത ചങ്ങല വീഴുകയും വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ഉള്ളിലിരുന്ന് തേങ്ങാന്‍മാത്രം കഴിയുകയും ചെയ്തിരുന്ന ഒരു കാലാവസ്ഥ ഇന്ത്യയിലെങ്ങും നിലനില്‍ക്കുമ്പോള്‍ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ശ്വാസം മുട്ടിക്കുന്ന ദേശീയാന്തരീക്ഷം ദുസഹമായി അനുഭവപ്പെട്ട ഒരു മനസാക്ഷിയില്‍ നിന്നാണ് ഈ നാടകം പൊട്ടിപ്പുറപ്പെട്ടത്,'' എന്നാണ് വയലായുടെ 'തുളസീവന'ത്തെക്കുറിച്ചുള്ള പ്രഫ. എന്‍ കൃഷ്ണപിള്ളയുടെ നിരീക്ഷണം.

''വിശദമായിപ്പറഞ്ഞാല്‍ മലയാള നാടകവേദിയിലും മലയാളനാടക സാഹിത്യത്തിലും എന്‍ കൃഷ്ണപിള്ള തുടങ്ങിവച്ച ഒരു വിപ്ലവത്തിന്റെ പിന്‍ഗാമികളായി വന്ന ജി ശങ്കരപ്പിള്ളയും സി എന്‍ ശ്രീകണ്ഠന്‍നായരും ചരിച്ച വഴിയിലൂടെയത്തന്നെ ചരിച്ച്, അടുത്ത ഒരു ഘട്ടത്തിലേക്ക് നമ്മുടെ നാടകവേദിയെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പരമ്പരയിലെ ശക്തനായ നാടകകൃത്താണ് വയലാ വാസുദേവന്‍പിള്ള'', എന്നാണ് 'അഗ്‌നി' എന്ന നാടകത്തെ മുന്‍നിര്‍ത്തി പി കെ വേണുക്കുട്ടന്‍ നായര്‍ പറയുന്നത്.

പ്രമേയപരമായ ദാര്‍ശനികതയ്ക്ക് മുന്‍തൂക്കം നല്‍കുന്നതില്‍ വയലാ വാസുദേവന്‍പിള്ള നാടകങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്ന് നിസംശയം പറയാം.

മഹായുദ്ധങ്ങള്‍ക്കും ആണവയുദ്ധങ്ങള്‍ക്കും ശേഷം അതിജീവനം സാധിക്കേണ്ടിവന്ന കലുഷിത മനസുകളെ പേറുന്ന മനുഷ്യരാശികളുടെ പ്രശ്‌നങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വിഷയമാകുന്ന ഉത്തമനാടകങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഏകാകിതയില്‍ വിലയം പ്രാപിച്ചുപോയ ഒറ്റപ്പെട്ട മനുഷ്യന്റെ വിലാപം അസംബന്ധ നാടകങ്ങളിലും അസ്തിത്വവാദ നാടകങ്ങളിലുമൊക്കെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കുടുംബത്തിലായാലും സമൂഹത്തിലായാലും സാമൂഹികതയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ ആധുനിക ദുരന്താന്തരീക്ഷത്തിലായാലും വൃഥയനുഭവിക്കേണ്ടിവരുന്ന മനുഷ്യന്റെ ഏകാന്തയാമങ്ങളിലെ അശാബ്ദികമായ തേങ്ങല്‍ വയലായുടെ നാടകങ്ങളിലെ വരികളില്‍ വായിച്ചെടുക്കാം. ഉപ്പുരസം നിറഞ്ഞ കണ്ണീര്‍ച്ചാലുകല്‍ വരികള്‍ക്കിടയിലെ ആന്തരികപാഠത്തില്‍ തിരിച്ചറിയാം. അദ്ദേഹത്തിന്റെ നാടകത്തിലെ വരികളോരോന്നും ധ്വനിസാന്ദ്രവും പ്രതീകാത്മകവും അതുകൊണ്ടുതന്നെ കാവ്യാത്മകവുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ദൃശ്യബിംബങ്ങള്‍ അവയില്‍ നിറഞ്ഞുനില്‍ക്കുന്നു. യഥാര്‍ഥ നാടകങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണവ. അക്കാരണത്താല്‍തന്നെ ശൈലീകൃതമായ രംഗപ്രയോഗങ്ങള്‍ അവയ്ക്ക് അനിവാര്യമാണുതാനും.

''വിവിധ രാജ്യങ്ങളിലുള്ള നാടകവേദികളിലും മൂല്യങ്ങള്‍ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാടകവേദിയിലും അത്തരം ചില ആവേശപൂര്‍ണമായ ചലനങ്ങള്‍ അങ്ങിങ്ങുകാണുന്നുണ്ട്. മലയാളത്തില്‍ ഈ പ്രവണതയുടെ വക്താക്കളില്‍ ഒരാളാണ് വയലാ വാസുദേവന്‍പിള്ള എന്ന് അദ്ദേഹത്തിന്റെ അടുത്തകാലത്തു നടന്ന ചില രംഗപ്രയോഗങ്ങല്‍ തെളിയിക്കുന്നു'' എന്ന് 'അഗ്നി'യെ സാക്ഷിനിര്‍ത്തി കാവാലം നാരായണപ്പണിക്കര്‍ പറയുന്നു.

അരങ്ങൊഴിഞ്ഞ നാടകാചാര്യന് വർക്കേഴ്‌സ് ഫോറത്തിന്റെ ആദരാഞ്ജലികൾ




****


കടപ്പാട് : ദേശാഭിമാനി, ജനയുഗം

Monday, August 29, 2011

മിനിമം മാര്‍ക്ക് കിട്ടാനെങ്കിലും മനോരമ ചരിത്രം പഠിക്കുക

പശ്ചിമബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ , പ്രത്യേകിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ കടുത്ത ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്്. 2011 മെയ് 13ന് തെരഞ്ഞെടുപ്പുഫലം അറിഞ്ഞതുമുതല്‍ അഭംഗുരം തുടരുന്ന ആക്രമണങ്ങളില്‍ 30 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പതിനായിരത്തിലധികം പേര്‍ വീടുവിട്ട് പോകേണ്ടിവന്നു. ഈ ആക്രമണങ്ങളൊക്കെ നടക്കുന്നത് കാണാതിരിക്കുന്ന ഒരു പ്രധാന വിഭാഗമുണ്ട്; വലതുപക്ഷ മാധ്യമങ്ങള്‍ . തൃണമൂല്‍ ആക്രമണത്തില്‍ വംഗഗ്രാമങ്ങള്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും, "മനുഷ്യാവകാശ"ത്തിനു വേണ്ടി ഘോരഘോരം ശബ്ദിക്കുന്ന മാധ്യമങ്ങള്‍ മിണ്ടിയിട്ടില്ല. ഇടതുപക്ഷ മാധ്യമങ്ങളിലൂടെമാത്രമാണ് ആക്രമണ വിവരങ്ങള്‍ പുറത്തുവരുന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി നേതാക്കള്‍ പല തവണ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിവേദനം നല്‍കി. അതൊക്കെ അവഗണിക്കാന്‍ മമതയ്ക്ക് ശക്തിപകര്‍ന്നത് കുത്തകമാധ്യമങ്ങള്‍ കാട്ടുന്ന "ധര്‍മബോധം" ആണ്.

കഴിഞ്ഞ ദിവസം മലയാള മനോരമ സിപിഐ എമ്മിനെ പരിഹസിക്കാനും രാഷ്ട്രീയമായി ആക്രമിക്കാനുമായി എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച "ബംഗാള്‍ സഖാക്കള്‍ നായകനെ തേടുന്നു" എന്ന ലേഖനത്തിന്റെ സാരം ഇതാണ്- "സിപിഐ എം നേതാക്കള്‍ ആക്രമണം നേരിടുന്ന സഖാക്കളെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യുന്നില്ല, നേതാക്കള്‍ ഇങ്ങനെ മാറിനില്‍ക്കുന്നതുകൊണ്ടാണ് പാര്‍ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്". പശ്ചിമബംഗാളിന്റെ ചരിത്രം അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും അജ്ഞത നടിക്കുന്നതുകൊണ്ടോ ആണ് ഇങ്ങനെ അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്.

1970 മാര്‍ച്ച് 19ന് ജനാധിപത്യമൂല്യങ്ങളെ കശാപ്പുചെയ്ത് ബംഗാളില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതുമുതല്‍ ആരംഭിച്ച അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചക്കാലത്ത് ആയിരക്കണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷം നീണ്ട രാഷ്ട്രപതിഭരണത്തില്‍ മാത്രം 238 സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. സിപിഐ എമ്മിന്റെ ഉന്നതനേതാക്കള്‍ അന്ന് ജീവിച്ചിരുന്നു. നായകരില്ലാത്തതുകൊണ്ടല്ല പ്രവര്‍ത്തകര്‍ അന്ന് ആക്രമിക്കപ്പെട്ടത്. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് കാക്കാബാബു എന്ന മുസഫര്‍ അഹമ്മദ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രമോദ്ദാസ് ഗുപ്ത, ജ്യോതിബസു തുടങ്ങി സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാക്കളൊക്കെ ഈ ഒരു വര്‍ഷം സിപിഐ എമ്മിന്റെ നായകരായി അവിടെയുണ്ടായിരുന്നു. അവര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും ആക്രമണത്തിന് വിധേയരായ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനും നാടെങ്ങും സഞ്ചരിച്ചു. എന്നിട്ടും 238 പ്രവര്‍ത്തകര്‍ ഒരു കൊല്ലത്തിനുള്ളില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം നടക്കുമ്പോഴും സിപിഐ എം നേതാക്കള്‍ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആവേശം പകരാനും അവര്‍ക്കിടയിലുണ്ട്.

മമത ബാനര്‍ജി ചെയ്യുന്നതുപോലെ മുന്‍കൂട്ടി മാധ്യമപ്പടയെ അറിയിച്ച് അവരെക്കൂടി കൂട്ടിക്കൊണ്ടുപോകുന്നില്ല എന്നു മാത്രം. മാധ്യമങ്ങളോട് പറയേണ്ട കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി പറയുന്നുണ്ട്. എന്നാല്‍ , ഈ ആക്രമണങ്ങളെ സമൂഹത്തിന്റെയാകെ ശ്രദ്ധയില്‍പ്പെടുത്താനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്താനും വലതുപക്ഷമാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ലോകത്ത് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പല ഘട്ടങ്ങളിലും ആക്രമണം നടന്നിട്ടുണ്ട്. അതിനൊക്കെ കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നടക്കുന്ന കിരാതമായ ആക്രമണങ്ങള്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെയും ആഗോള സാമ്രാജ്യത്വ ശക്തികളുടെയും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ്. സാമ്രാജ്യത്വത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരെ ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിരോധം സംഘടിപ്പിക്കുന്നത് സിപിഐ എം ആയതുകൊണ്ട് അതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബംഗാളിലെ പ്രസ്ഥാനത്തെ ആക്രമിക്കുകയാണ്. ഇത് ആദ്യമല്ല, മുമ്പും പല തവണ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ബംഗാളില്‍ ഇടതുമുന്നണി അധികാരത്തില്‍നിന്ന് പുറത്തായതോടെ പൊലീസിനെ നിഷ്ക്രിയമായി നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസും ചിലയിടങ്ങളില്‍ കോണ്‍ഗ്രസും സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുന്നു. ഈ ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടുക, അതിനായി പ്രചാരണങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് സിപിഐ എമ്മിന്റെ നയം. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു എല്ലാ ജില്ലയും സന്ദര്‍ശിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ കണ്ടിട്ടുണ്ട്. അവരുടെ വിഷമങ്ങള്‍ കേട്ടിട്ടുണ്ട്. ഇതൊന്നും ദിവസവും വാര്‍ത്താക്കുറിപ്പുകളിറക്കി അറിയിക്കേണ്ട ആവശ്യമില്ല.

ബുദ്ധദേവ് ഭട്ടാചാര്യ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുന്നുവെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. അതേസമയംതന്നെ "ബുദ്ധദേവ് പാര്‍ടി അണികളുമായി സംസാരിച്ചിരുന്ന് സമയം പോക്കുന്നു" എന്നും പറയുന്നു. സമയം പോക്കാനല്ല പാര്‍ടി നേതാക്കള്‍ അനുഭാവികളോട് സംസാരിക്കുന്നത്; കാര്യങ്ങള്‍ മനസിലാക്കാനാണെന്ന് മനോരമയ്ക്കറിയില്ലെങ്കില്‍ അതിന്റെ പഴിയും സിപിഐ എമ്മിനാണോ?

ആക്രമണം നടത്തുന്നവരെയല്ല, ഇരയാകുന്നവരെയാണ് മനോരമ വീണ്ടും ആക്രമിക്കുന്നത്. ആക്രമണങ്ങളെ ന്യായീകരിക്കാനാണ് അവരുടെ ശ്രമം. സിപിഐ എം ഭരണത്തിലിരുന്നപ്പോള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണത്രേ ഇത്. ബംഗാളിലെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച ആരാണ് നടത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഭരണത്തിലിരുന്നപ്പോഴും ഏറ്റവും കൂടുതല്‍ ആക്രമണത്തിനിരയായ പാര്‍ടിയാണ് സിപിഐ എം. 2009 മെയ് മുതല്‍ 2011 മെയ് വരെ 388 ഇടതുമുന്നണി പ്രവര്‍ത്തകരാണ് തൃണമൂല്‍ -മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 350 പേരും സിപിഐ എം പ്രവര്‍ത്തകരാണ്. ഇതിനെ മനോരമ എന്തു വിളിക്കും? സിപിഐ എം ഭരണത്തിലിരുന്ന് നടത്തിയ അക്രമമെന്നോ?

സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ല, പാര്‍ടി ഓഫീസുകള്‍ തുറക്കാന്‍ പാടില്ല, ഇടതുമുന്നണി വിജയിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാടില്ല, തൃണമൂല്‍ പ്രവര്‍ത്തകര്‍ പറയുന്നത് ചെയ്യണം, ഫണ്ട് അവര്‍ പറയുന്നതനുസരിച്ച് ചെലവഴിക്കണം-ഇതൊക്കെയാണ് തൃണമൂലിന്റെ തീട്ടൂരങ്ങള്‍ . കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യണമെങ്കില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് വന്‍ തുക പിഴയടയ്ക്കണം. സംസ്ഥാനത്താകെ 12 കോടി രൂപ ഇങ്ങനെ കര്‍ഷകരില്‍നിന്ന് പിരിച്ചെടുത്തു. സര്‍ക്കാര്‍ജോലി ചെയ്യുന്നവര്‍ ശമ്പളത്തിന്റെ മൂന്നിലൊന്ന് തൃണമൂല്‍ നേതാക്കള്‍ക്ക് നല്‍കണം. തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലിടങ്ങളില്‍ പണിയെടുക്കണമെങ്കില്‍ തൃണമൂല്‍ യൂണിയനില്‍ ചേരണം. മൂന്ന് മാസത്തിനുള്ളില്‍ 30 ഇടതുമുന്നണി പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ഇതില്‍ 28 പേരും സിപിഐ എം പ്രവര്‍ത്തകര്‍ . 3785 പേര്‍ക്ക് പരിക്കേറ്റു. 684 സ്ത്രീകളെ ശാരീരികമായി ആക്രമിച്ചു. 23 പേരെ ബലാല്‍സംഗംചെയ്തു. 2064 വീട് കൊള്ളയടിച്ചു. 14,081 പേരെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ഇടതുമുന്നണി അനുഭാവികളില്‍നിന്ന് ഈടാക്കിയ പിഴ 27.7 കോടി രൂപയാണ്. പാര്‍ടി ഓഫീസുകളും ട്രേഡ് യൂണിയന്‍ ഓഫീസുകളുമടക്കം 758 ഓഫീസുകള്‍ ആക്രമിച്ചു. 26,838 കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന് ആട്ടിയിറക്കി ഭൂമി പിടിച്ചെടുത്തു. ഇങ്ങനെ ജീവനും പൗരാവകാശങ്ങളും സ്വാതന്ത്ര്യവും കവര്‍ന്നെടുത്ത് ഭീകരവാഴ്ച നടത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. മനോരമയുടെ രാഷ്ട്രീയ എതിരാളികളാണെങ്കില്‍ അവര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിച്ചോട്ടെ എന്നാണോ ലേഖനകര്‍ത്താവിന്റെ മനസ്സിലിരുപ്പ്?

സിപിഐ എമ്മിനുള്ളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് ലേഖനകര്‍ത്താവിന്റെ ചുഴിഞ്ഞുനോട്ടം. സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ആഗസ്ത് 21, 22 തീയതികളില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും തെരഞ്ഞെടുപ്പിനു ശേഷം പാര്‍ടി നേരിടുന്ന ആക്രമണങ്ങളെക്കുറിച്ചും സംസ്ഥാന കമ്മിറ്റി ഒന്നിലധികം തവണ ചര്‍ച്ച ചെയ്തിരുന്നതാണ്. എന്നാല്‍ , ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച നടത്തണമെന്ന് തീരുമാനിച്ചാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ചത്. വിശദമായ ചര്‍ച്ചയും നടന്നു. ഈ യോഗത്തില്‍ നേതൃത്വത്തിനെതിരെ കലാപം നടന്നുവെന്ന് കൊല്‍ക്കത്തയിലെ കടുത്ത സിപിഐ എം വിരുദ്ധ മാധ്യമങ്ങള്‍പോലും പറഞ്ഞില്ല. എന്നാല്‍ , മനോരമ അങ്ങനെ എഴുതി. പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കണമെന്നും ആക്രമണങ്ങളെ ശക്തമായ രാഷ്ട്രീയ പ്രചാരണം കൊണ്ടും ജനകീയപ്രശ്നങ്ങളുയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും പരാജയപ്പെടുത്തണമെന്നുമുള്ള തീരുമാനം ഒറ്റക്കെട്ടായാണ് എടുത്തത്.

താല്‍ക്കാലികമായി ഉണ്ടാകുന്ന തിരിച്ചടികളില്‍ പതറിപ്പോകുന്ന പ്രസ്ഥാനമല്ല സിപിഐ എം. അങ്ങനെയായിരുന്നുവെങ്കില്‍ എത്രയോ വര്‍ഷം മുമ്പുതന്നെ ഈ പാര്‍ടി ഇല്ലാതാകുമായിരുന്നു. ബംഗാള്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. കടുത്ത അടിച്ചമര്‍ത്തലിനെ അതിജീവിച്ചാണല്ലോ 1977ലെ തെരഞ്ഞെടുപ്പിലൂടെ സിപിഐ എമ്മും ഇടതുമുന്നണിയും ബംഗാളില്‍ തിരിച്ചുവന്നത്. ചരിത്രം ഇടയ്ക്കെങ്കിലും മറിച്ചുനോക്കുന്നത് മിനിമം മാര്‍ക്കെങ്കിലും നേടാന്‍ മനോരമയെ സഹായിക്കും.

*
വി ജയിന്‍ ദേശാഭിമാനി 29 ആഗസ്റ്റ് 2011

Sunday, August 28, 2011

ചരിത്രത്തെ ജീവിതവുമായി ബന്ധിപ്പിക്കുക

കഴിഞ്ഞയാഴ്ച അന്തരിച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ പ്രൊഫ. ആര്‍ എസ് ശര്‍മ ഒന്നരപ്പതിറ്റാണ്ടു മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത്. രാംശരണ്‍ ശര്‍മയെന്ന പ്രതിഭയുടെ ധിഷണാ മണ്ഡലങ്ങളിലേക്ക് കണ്‍തുറക്കുന്ന ഈ അഭിമുഖം നടത്തിയത് പ്രമുഖ ചരിത്രകാരനും ആര്‍ക്കിയോളജിസ്റ്റും കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ഡയറക്ടറുമായ ഡോ. പി ജെ ചെറിയാന്‍ .

വടക്കേയിന്ത്യയില്‍ പൊതുവിലും ബുദ്ധമതത്തിന് പ്രാധാന്യമുണ്ടായിരുന്ന താങ്കളുടെ സംസ്ഥാനമായ ബിഹാറില്‍ പ്രത്യേകിച്ചും കമ്യൂണിസത്തിന് നടുനിവര്‍ന്ന് നില്‍ക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടെന്ന ആദ്യ ചോദ്യത്തോട് കനമുള്ള ഒരു മൂളലയായിരുന്നു ആദ്യപ്രതികരണം. അതിന്റെ കാരണം ഒരു ബ്രാഹ്മണനില്‍ നിന്നേ അറിയാനാവൂ എന്ന ഉത്തരത്തിന് അകമ്പടിയായി ഒരുപൊട്ടിച്ചിരിയും. ഞാനിപ്പോള്‍ ഒരു ബ്രാഹ്മണന്റെ കാല്‍പാദത്തില്‍ത്തന്നെയാണല്ലോ എന്നു പറഞ്ഞപ്പോള്‍ അതാസ്വദിച്ചെന്നോണം വീണ്ടും ഉറക്കെച്ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു, "ബ്രാഹ്മണ്യത്തെയാണ് ബ്രാഹ്മണനെയല്ല താന്‍ ഉദ്ദ്യേശിച്ചത്. ബ്രാഹ്മണ്യം ഇരവല്‍ക്കരിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കിയാലേ ഈ ചോദ്യത്തിന്റെ മറുപടി കിട്ടൂ. വ്യവസായവല്‍ക്കരണം നടപ്പിലാക്കാതെ പോയത്, ജാതിരാഷ്ട്രീയത്തിന്റെ അതിപ്രസരം, കര്‍ഷകപ്രസ്ഥാനങ്ങളുടെ ഏകോപനമില്ലായ്മ, ബംഗാളിലെപ്പോലെ- ഒരുപരിധിവരെ കേരളത്തിലെപ്പോലെയും- Critical മധ്യവര്‍ഗമില്ലാതെപോയത് തുടങ്ങിയ കാരണങ്ങള്‍ ഇടതുരാഷ്ട്രീയത്തെ വടക്ക് അപ്രസക്തമാക്കിയിട്ടുണ്ടാകാമെന്ന് വിശദീകരണം.

താങ്കള്‍ ചരിത്ര വിദ്യാര്‍ഥിയായത് എങ്ങനെയാണ്.

* ഏതുവിദ്യാര്‍ഥിക്കും ഏതെങ്കിലും ഒരുവിഷയത്തില്‍ തോന്നാവുന്ന ഒരു സാധാരണ കൗതുകം മാത്രമേ എനിക്കും ആദ്യം തോന്നിയുള്ളൂ. 1920കളിലും 30കളുടെ ആദ്യവര്‍ഷങ്ങളിലുമാണ് സ്കൂള്‍ വിദ്യാഭ്യാസം. അക്കാലത്ത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ചരിത്രത്തിന് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നു. 1937ല്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നപ്പോള്‍ ചരിത്രകൗതുകം കൂടുതല്‍ സ്പഷ്ടമായി. അന്നത്തെ ചരിത്രപാഠങ്ങളുടെ മുഖ്യയിനമായ യുദ്ധകാരണങ്ങള്‍ , ഗതി, ഫലങ്ങള്‍ തുടങ്ങിയവ പഠിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. മറിച്ച് ആധുനിക ഇന്ത്യയുടെ ആവിര്‍ഭാവം ഇഷ്ടവിഷയമായി. താല്‍പ്പര്യമുള്ള മറ്റൊന്ന് ഇന്ത്യാചരിത്രത്തിലെ കാലവിഭജനമാണ്. സാമൂഹ്യഘടനയെ അടിസ്ഥാനമാക്കിയുള്ള ചരിത്രം പഠിച്ചപ്പോള്‍ അത് ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ബന്ധിപ്പിക്കാന്‍ പോരുന്നതായി മനസ്സിലായി. ഇത് ചരിത്രപഠനത്തില്‍ വലിയ പ്രേരണയായി.

ഇന്ത്യയുടെ പ്രാചീന ചരിത്രപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടായ സാഹചര്യമെന്താണ്.

* സാമൂഹ്യഘടനയുടെയും ജാതിവ്യവസ്ഥയുടെയൂം ചരിത്രം പഠിക്കാന്‍ തുടങ്ങിയതാണ് എനിക്ക് പ്രാചീനചരിത്രത്തില്‍ താല്‍പ്പര്യം വളരാന്‍ കാരണം. ചരിത്രരചനയില്‍ വൈദഗ്ധ്യമുള്ള വ്യക്തിയല്ലെങ്കിലും ഭുവേന്ദ്രനാഥ് ദത്ത് എന്നെ ഇക്കാര്യത്തില്‍ വളരെ സ്വാധീനിച്ചിട്ടുണ്ട്. നവീനാശയങ്ങളുടെ ഉടമയായിരുന്ന അദ്ദേഹം വിവേകാനന്ദന്റെ ഇളയ സഹോദരനാണ്. ഒരുതരം തീവ്രവാദി. 1944ല്‍ പ്രസിദ്ധീകരിച്ച Studies in Hindu Social Polity എന്ന ഗ്രന്ഥം എനിക്ക് വഴികാട്ടി. പ്രാചീനകാലത്തെ സാമ്പത്തികഘടനയും അതിന്റെ വിശദാംശങ്ങളുമായി എന്റെ ആദ്യകാല അന്വേഷണ വിഷയങ്ങള്‍ . ചരിത്രപഠനത്തിന്റെ പൊതുലക്ഷ്യങ്ങളില്‍ ഒന്ന് സാമൂഹ്യമാറ്റവുമായി ബന്ധപ്പെട്ടതാണ്. സമൂഹം, സമ്പത്ത്, സംസ്കാരം തുടങ്ങിയവ നൂറ്റാണ്ടുകളായി മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തെ സസൂക്ഷ്മം പഠിക്കുമ്പോള്‍ നമുക്ക് ഒരുതരം ആത്മവിശ്വാസം കൈവരും. ഈ ആത്മവിശ്വാസത്തിന്റെ ആവശ്യകത എല്ലാക്കാലത്തും, പ്രത്യേകിച്ച് വര്‍ത്തമാനകാലത്ത്, പ്രസക്തം. സമൂഹം പണ്ടുമുതലേ മാറിക്കൊണ്ടിരുന്നു. ഇനിയുമത് മാറിക്കൊണ്ടിരിക്കും. ഏതായാലും സാമൂഹ്യമാറ്റത്തെപ്പറ്റിയുള്ള തിരിച്ചറിവാണ് എന്റെ ചരിത്രപഠനത്തെ സ്വാധീനിച്ചത്. സാമൂഹ്യമാറ്റത്തിന് ആത്മവിശ്വാസം പകരും എന്നതിലുപരി ചരിത്രം സാമൂഹ്യമാറ്റത്തിന്റെ പടവാളാകും എന്നു പറയുന്നത് ശരിയല്ല. ചരിത്രപഠനംകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുന്നില്ല. അതിന് മറ്റുമാര്‍ഗങ്ങള്‍ തന്നെ വേണ്ടിവരും. എന്നാല്‍ , ചരിത്രപഠനം പ്രശ്നങ്ങളുടെ സങ്കീര്‍ണതയെ നമുക്ക് ബോധ്യപ്പെടുത്തും. പ്രശ്നങ്ങളുടെ ബഹുമുഖതലങ്ങളെ പ്രകാശമാനമാക്കും.

ഡി ഡി കൊസാംബിയും അദ്ദേഹത്തിന്റെ ചരിത്രരചനയുമായുള്ള അങ്ങയുടെ ബന്ധം, സ്വാധീനം

* ഡി ഡി കൊസാംബി സത്യത്തില്‍ എനിക്ക് നേരിട്ട് പ്രചോദനമായിട്ടില്ല. കാരണം ഞാന്‍ അദ്ദേഹത്തിനുമുമ്പ് എഴുതിത്തുടങ്ങി. എന്റെ തീസിസ്- ശൂദ്രന്മാരെക്കുറിച്ചുള്ള പഠനം- അദ്ദേഹത്തിന്റെ ഇന്ത്യാചരിത്രത്തിനുംമുമ്പ് എഴുതപ്പെട്ടതാണ്. മാര്‍ക്സിസം എനിക്ക് പ്രചോദനമായിട്ടുണ്ട്. പക്ഷേ, ഞാന്‍ ഒരിക്കലും മാര്‍ക്സിന്റെ കൃതികള്‍ ആഴത്തില്‍ പഠിച്ചിട്ടില്ല. കൊസാംബിയുടെ പിന്‍തുടര്‍ച്ചക്കാരനായി ഞാന്‍ പൊതുവില്‍ അറിയപ്പെടുന്നത് ഇന്ത്യന്‍ ഫ്യൂഡലിസം എന്ന കൃതിയുമായി ബന്ധപ്പെട്ടാണ്. പക്ഷേ, ഇവിടെയും കൊസാംബിയെ വായിച്ചറിയുംമുമ്പാണ് ഫ്യൂഡലിസത്തെപ്പറ്റിയുള്ള ആദ്യലേഖനം ഞാന്‍ എഴുതിയത്. ഇത് പ്രസിദ്ധീകൃതമായത് 1958ലെ സോഷ്യല്‍ ആന്‍ഡ് എക്കണോമിക് ഹിസ്റ്ററി ഓഫ് ഓറിയന്റിന്റെ ആദ്യലക്കത്തിലാണ്.

ഫ്യൂഡലിസത്തെപ്പറ്റിയുള്ള കൊസാംബിയുടെ പല നിഗമനങ്ങളും താങ്കള്‍ നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

* ശരിയാണ്. അതിബുദ്ധിശാലിയായിരുന്ന അദ്ദേഹത്തിന് ഒട്ടനവധി നവീന ആശയങ്ങളും സങ്കല്‍പ്പനങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം അവയെ വേണ്ടരീതില്‍ വികസിപ്പിക്കുകയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമ്പന്നമാക്കുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന്റെ ലക്ഷ്യവും ആയിരുന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആശയങ്ങളില്‍ ഒന്നായിരുന്നു ഉല്‍പ്പാദകശക്തികളുടെ വികാസത്തില്‍ ഇരുമ്പിന്റെ പങ്ക്. ഇത് ഞാന്‍ വേണ്ടവിധം വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനപ്പുറം പ്രത്യേകിച്ചൊരു സ്വാധീനം അദ്ദേഹം എന്നില്‍ ഉണ്ടാക്കിയതായി തോന്നുന്നില്ല.

ഇന്ത്യയുടെ പ്രാചീനചരിത്രം പുനഃസൃഷ്ടിക്കുന്നതില്‍ ചരിത്രാധിഷ്ഠിത ഭൗതികവാദത്തെ എങ്ങനെയൊക്കെയാണ് താങ്കള്‍ ഉപയോഗപ്പെടുത്തിയത്.

* ഈ പ്രശ്നം എന്റെ Material Culture and Social Formation in Ancient India എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ചരിത്രാധിഷ്ഠിത ഭൗതികവാദത്തിലെ ഒരു പ്രധാന അംശം ഉല്‍പ്പാദനോപാധികള്‍ ആരുടെ നിയന്ത്രണത്തിലാണ് എന്നതാണ്. ഉല്‍പ്പാദനോപാധികള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഭൂമി, വനം, മറ്റു വിഭവങ്ങള്‍ , മൃഗങ്ങള്‍ , തൊഴില്‍ശക്തി തുടങ്ങിയവയാണ്. ഇവയ്ക്കുമേല്‍ നിയന്ത്രണമുള്ള വര്‍ഗം അഥവാ വിഭാഗം തങ്ങളുടെ അധീശ്വത്വം സ്ഥാപിക്കുകയും അതു നിലനിര്‍ത്തുകയും ചെയ്യും. അങ്ങനെ വിഭവങ്ങളുടെ മേല്‍ മാത്രമല്ല, ഉല്‍പ്പാദനക്രമത്തെയും അവര്‍ സ്വാധീനിക്കുന്നു, നിയന്ത്രിക്കുന്നു. എന്നാല്‍ , ആദ്യകാല പഠനങ്ങളില്‍ ഞാന്‍ ഊന്നിയത് മിച്ചവിതരണം സംബന്ധിച്ച കാര്യങ്ങളിലാണ്. ബുദ്ധന്റെ കാലത്ത് ആറ് അഞ്ച് നൂറ്റാണ്ടുകളില്‍ ഭൂമിയുടെ വിതരണം ഏറെക്കുറെ സന്തുലിതമായിരുന്നു. എന്നാല്‍ , മിച്ചവിതരണത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുണ്ടായിരുന്നു. മിച്ചവിതരണത്തില്‍ എങ്ങനെ ഇത്രയും അസമമായ അവസ്ഥ രൂപാന്തരപ്പെട്ടു എന്നതായിരുന്നു എന്റെ അന്വേഷണത്തിന്റെ കാതല്‍ . അതായത് ഒരു കര്‍ഷകന്‍ ഉപജീവനത്തിന് ആവശ്യമായ അളവ് കഴിഞ്ഞുള്ളത്-ഉല്‍പ്പാദനമിച്ചം-എങ്ങനെയാണ് വിയോഗിച്ചത് എന്ന്. കര്‍ഷകന്‍ നികുതി അടച്ചിതും പ്രമാണിവിഭാഗങ്ങള്‍ക്ക് കപ്പം കൊടുത്തതും പുരോഹിതന് പൂജാദ്രവ്യങ്ങള്‍ കാഴ്ചവതും ഉല്‍പ്പാദനമിച്ചത്തില്‍നിന്നാണ്. അസമമായ മിച്ചവിതരണം എങ്ങനെ നിലനിന്നുവെന്നും അവ നിലനിര്‍ത്തപ്പെടാന്‍ ഉപരിവിഭാഗങ്ങള്‍ - പ്രത്യേകിച്ച് ബ്രാഹ്മണനും ക്ഷത്രിയനും - എന്തെല്ലാം തന്ത്രങ്ങള്‍ മെനഞ്ഞെടുത്തുവെന്നും അന്വേഷിച്ചു. ഉപരിവിഭാഗങ്ങളുടെ "ശ്രേഷ്ഠത"യുടെ ഭൗതികമാനങ്ങളും അന്വേഷണിച്ചു. ബുദ്ധന്റെ കാലത്ത് വൈശ്യര്‍ കര്‍ഷകവിഭാഗത്തോട് തുലനം ചെയ്യാവുന്ന അവസ്ഥയിലായിരുന്നു. അവരായിരുന്നു മുഖ്യ ഉല്‍പ്പാദകര്‍ . പ്രധാന നികുതിദായകരും (ശൂദ്രരുടെ അംഗസംഖ്യ അക്കാലത്ത് വളരെ വലുതായിരുന്നില്ല. പില്‍ക്കാലത്ത് അവര്‍ ഗണ്യവിഭാഗമായി മാറുന്നുണ്ട്). ക്ഷത്രിയരാകട്ടെ പ്രധാനമായും യോദ്ധാക്കളോ ഭരണരംഗത്തുള്ളവരോ ആയിരുന്നു. ബ്രാഹ്മണര്‍ മുഖ്യമായും സൈദ്ധാന്തികരും മതകാര്യങ്ങളും വായനയും പഠനവും മറ്റുമായി സമയം ചെലവഴിച്ചവരുമായിരുന്നു. ഇത്തരം വിഭജനം പൊതുവേ തൊഴിലടിസ്ഥാനത്തിലായിരുന്നുവെങ്കില്‍കൂടി, മേല്‍ത്തട്ടുകാര്‍ അവരുടെ താല്‍പ്പര്യത്തിനനുഗുണമായി രൂപപ്പെടുത്തിയതായിരുന്നു എന്നതിലാണ് ഞാന്‍ ഊന്നല്‍ നല്‍കിയത്. ഉല്‍പ്പാദന പ്രക്രിയയില്‍ നേരിട്ട് പങ്കാളികളാകാതെ അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി വളരെ സമര്‍ഥമായ ആശയപ്രചാരണങ്ങളിലൂടെയും സങ്കീര്‍ണമായ സമൂഹബന്ധങ്ങളിലൂടെയും ഈ അവസ്ഥ അരക്കിട്ടുറപ്പിച്ചു. ഇതു വെളിച്ചത്തുകൊണ്ടുവരുന്ന പഠനങ്ങള്‍ക്ക്, ചരിത്രാധിഷ്ഠിത ഭൗതികവാദം എനിക്ക് വലിയ പ്രേരണയായി.

ചരിത്രാധിഷ്ഠിത ഭൗതികവാദം ഇപ്പോഴും ഒരു വിലപ്പെട്ട വിശകലനോപാധിയായി കരുതുന്നുണ്ടോ? പ്രത്യേകിച്ച അടുത്തകാലത്ത് മാര്‍ക്സിസം ഒരുരാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ അഭിമുഖീകരിച്ച വെല്ലുവിളികള്‍ക്കുശേഷവും

* സംശയം വേണ്ട. ഇത് വിലപ്പെട്ട വിശകലനോപാധി തന്നെയാണ്. ഇത് അടിവരയിട്ട് പറയുമ്പോള്‍ തന്നെ മാര്‍ക്സിസത്തിനുണ്ടായ ഒരുപ്രധാന പരിമിതിയോ പ്രശ്നമോ എന്റെ പഠനാനുഭവത്തില്‍നിന്ന് ചൂണ്ടിക്കാട്ടാം. ബുദ്ധിമതത്തിന്റെ ആവിര്‍ഭാവമാണ് ഞാന്‍ പ്രധാനമായും "The Material Culture and Social Formation in Ancient India"- യില്‍ പ്രതിപാദിക്കുന്നത്. ബുദ്ധമത രൂപീകരണവും മൃഗങ്ങളെ കൊല്ലാന്‍ പാടില്ല, അഹിംസ തുടങ്ങിയ ബൗദ്ധസിദ്ധാന്തങ്ങളും അതിന്റെ ഭൗതിക പശ്ചാത്തലവുമാണ് ഞാന്‍ അന്വേഷിക്കുന്നത്. കാര്‍ഷിക സമ്പദ്ഘടനയുടെ ആവശ്യങ്ങളാണ് ബുദ്ധനെ ഇത്തരത്തിലുള്ള ആശയപ്രചാരകനാക്കുന്നത് എന്ന് യഥാര്‍ഥ വസ്തുതയും തെളിവും ആധികാരിക ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കി ഞാന്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ഇന്ത്യാചരിത്രത്തിലെ പല മതങ്ങളുടെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും ആവിര്‍ഭാവം ഭൗതികാവസ്ഥയിലെ മാറ്റങ്ങളുമായി ബന്ധപ്പെടുത്തി കാണാനാകും. എന്നാല്‍ , ഈ സാമൂഹ്യ മതപ്രസ്ഥാനങ്ങള്‍ തിരിച്ച് ഭൗതികാവസ്ഥയെ എങ്ങനെ തുടര്‍ന്നും സ്വാധീനിക്കുന്നുവെന്നത് മാര്‍ക്സിയന്‍ പഠനങ്ങളുടെ ഭാഗമായി നടന്നുകാണുന്നില്ല. അതുകൊണ്ട് അടുത്ത ഘട്ടത്തില്‍ ഇനി ഉണ്ടാകേണ്ടത് ഭൗതിക അടിത്തറയെയും ഉപരിതലത്തെയും നിരന്തരം പരസ്പരബന്ധിതമായി നിലനിര്‍ത്തിയുള്ള അന്വേഷണ പഠനങ്ങളാണ്. മറ്റൊരു ഉദാഹരണം വഴി ഇത് ഒന്നുകൂടി വ്യക്തമാക്കാം. ആദിമ ബുദ്ധഗ്രന്ഥമായ "ശുത്തനിപാത"ത്തില്‍ പശുക്കളെ ഇങ്ങനെയാണ് വിവരിക്കുന്നത്. "പശുക്കള്‍ മനുഷ്യന്റെ ഉത്തമ സുഹൃത്തുക്കളാണ്. കാരണം സസ്യങ്ങളുടെ നിലനില്‍പ്പ് അവയുടെ ബന്ധിതമാണ്. അവ ഭക്ഷണം നല്‍കുന്നു അവ സൗന്ദര്യം നല്‍കുന്നു സന്തോഷവും.... (പിന്നെ ഒട്ടനവധി പ്രയോജനങ്ങള്‍ വേറെയും). വേദ കാലത്ത് വൈദികജനതയും അവൈദിക ഗോത്രവര്‍ഗങ്ങളും പശുക്കളെ ധാരാളമായി കൊന്നുതിന്നിരുന്ന ഒരു സാഹചര്യത്തില്‍ ഇത് കാലിസമ്പത്തിനെ നിലനിര്‍ത്തുന്ന തരത്തിലുള്ള പുരോഗമന ആശയമായിരുന്നു എന്നതിന് സംശയമില്ല. വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് കാലിസമ്പത്ത് അനിവാര്യമായ സാഹചര്യത്തില്‍ പശുക്കളുടെ പുണ്യപരിവേഷം സാമ്പത്തിക ഉന്നമനത്തിനുള്ള ഉപാധിയായിരുന്നു. എന്നാല്‍ , പില്‍ക്കാലത്ത് മതപരിരക്ഷയാല്‍ ക്രമാതീതമായി ഉയര്‍ന്ന പശുക്കളുടെ എണ്ണം ഒരു സാമ്പത്തികബാധ്യതയാകുന്നുണ്ട്. കെ എന്‍ രാജിന്റെ പഠനങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അതായത് ഒരു ഘട്ടത്തില്‍ സാമ്പത്തികമായോ മറ്റുതരത്തിലോ ഒരു പ്രയോജനവുമില്ലാത്ത കാലിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റുകയെന്നത് പവിത്രവും മതാനുഷ്ഠാനപ്രധാനവുമായ ഒരു പ്രവണതയായി മാറുന്നു. അങ്ങനെ ഒരിക്കല്‍ പുരോഗമനപരമായിരുന്ന ഒരാശയം പില്‍ക്കാലത്ത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ജീര്‍ണാനുഷ്ഠാനമായി മാറി. ഒരു പ്രത്യേക ഭൗതികാവസ്ഥയില്‍നിന്നും ഉടലെടുക്കുന്ന പുരോഗമനാശയങ്ങള്‍ മതപരവും സാമൂഹ്യവുമായ കാഴ്ചപ്പാടുകളെ സൃഷ്ടിക്കുകയും ഈ കാഴ്ചപ്പാടുകള്‍ തുടര്‍ന്ന് സ്വതന്ത്രമായി നിലനിന്നുകൊണ്ട് ഭൗതികസാഹചര്യങ്ങളില്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. ഈ പ്രക്രിയകളെ വിടാതെ പിന്തുടര്‍ന്നുള്ള പഠനങ്ങളാണ് ഇന്നാവശ്യം.

കൊസാംബിയും താങ്കളും റോമിലാ ഥാപ്പറും ഇര്‍ഫാന്‍ ഹബീബും ബിപന്‍ ചന്ദ്രയും കെ എന്‍ പണിക്കരും എം ജി എസ് നാരായണനുമൊക്കെ മേധാവിത്വം പുലര്‍ത്തുന്ന ഇന്ത്യന്‍ ചരിത്രരചനാമണ്ഡലത്തില്‍ പ്രായേണ എളുപ്പമായാണ് വര്‍ഗീയവല്‍ക്കരണം നടന്നത്.

* ചരിത്രകാരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വര്‍ഗീയതരംഗത്തെ തടയാനാകില്ല. യഥാര്‍ഥത്തില്‍ അത് ചരിത്രകാരന്മാര്‍ എന്ന നിലയിലുള്ള ഞങ്ങളുടെ ലക്ഷ്യവുമല്ല. പക്ഷേ, സമൂഹത്തിലെ ഒരു പ്രബുദ്ധവിഭാഗം എന്ന നിലയില്‍ ഞങ്ങള്‍ക്ക് വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകാം. ചരിത്രം ഉപയോഗിച്ച് പോരാടാം എന്ന അഭിപ്രായവും എനിക്കില്ല. ചരിത്രത്തേക്കാള്‍ മറ്റായുധങ്ങളാകാം ഫലപ്രദം. വര്‍ഗീയവാദികള്‍ ചരിത്രത്തെ ആയുധമാക്കുന്നുണ്ട്. ബാബറി മസ്ജിദ് സ്ഥിതിചെയ്തിടത്ത് ഒരു ക്ഷേത്രവും ഉണ്ടായിരുന്നില്ല എന്നത് തെളിയിക്കപ്പെട്ട ഒരു ചരിത്രസത്യമാണ്. പക്ഷേ, എന്തുണ്ടായി. ഇവിടെ എത്രയോ ചെറിയ ഒരു ന്യൂനപക്ഷമാണ് ചരിത്രം വായിച്ചുപഠിക്കുന്നത്. വടക്കേഇന്ത്യയില്‍ വര്‍ഗീയത വ്യാപകമായി പ്രചരിപ്പിച്ചതില്‍ ഹിന്ദിഭാഷാ പത്രങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ചില ഇംഗ്ലീഷ് പത്രങ്ങളും പിന്നിലായിരുന്നില്ല. ഓരോ ദിവസവും പുറത്തുകൊണ്ടുവരുന്ന അസത്യപ്രചാരണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ മാരകവിഷം കലര്‍ത്തി. ഇവയെ നേരിടാന്‍ ചരിത്രകാരന്മാര്‍ക്ക് എങ്ങനെ കഴിയും.

ഏറെ വിവാദവിഷയമായ അങ്ങയുടെ Ancient India-NCERT ഇന്ന് കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവാദപശ്ചാത്തലത്തിലും അല്ലാതെയും ഈ പുസ്തകം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടോ

* വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം ഒരു പുനഃപരിശോധന ആവശ്യമായി വരുന്നില്ല. കാരണം ഏറിയപങ്ക് വിവാദങ്ങളും വസ്തുനിഷ്ഠമായ തെളിവുകളെയോ വസ്തുതകളെയോ അടിസ്ഥാനമാക്കിയുള്ളതല്ല. അതുകൊണ്ടുതന്നെ തെളിവുകളുടെയും ആധികാരികഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ഈ പുസ്തകം പുനഃപരിശോധിക്കേണ്ടതില്ല. ഉദാഹരണത്തിന് ലഭ്യമായ തെളിവുകള്‍ വച്ച് രാമന്‍ അയോധ്യ ഭരിച്ചിരുന്നില്ല എന്ന് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ബിസി ഏഴാം നൂറ്റാണ്ടുമുതലേ അയോധ്യാ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുള്ളൂ എന്ന സൂചനകളാണ് ലഭ്യമായിട്ടുള്ളത്. രാമന്റെ കാലം ബിസി രണ്ടായിരമോ ആയിരത്തി എണ്ണൂറോ ആയിരുന്നുവെന്ന് കരുതിയാല്‍പ്പോലും ജനശൂന്യമായ ഒരുസ്ഥലത്തെ ഭരണാധികാരിയായിരുന്നു അദ്ദേഹം എന്ന് തീര്‍ച്ചപ്പെടുത്തേണ്ടിവരും. എന്നാല്‍ , ചില ന്യൂനതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആ പുസ്തകത്തിന്റെ പുതുക്കിയ പതിപ്പില്‍ നടത്തിയിട്ടുണ്ട്.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 28 ആഗസ്റ്റ് 2011

മാധ്യമങ്ങളും മിഡിൽ ക്ലാസും പിന്നെ അണ്ണാഹസാരയും

അഴിമതി ജനിച്ചത്‌ ഇന്നലെയാണെന്നും അത് കണ്ട് പിടിച്ചതും അതിനെതിരെയുള്ള പ്രതിവിധി നിര്‍ദ്ദേശിച്ചതും ഹസാരെ ആണെന്നും സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുണ്ട്. മിക്കവാറും പത്രം വായിക്കാത്തവരും, വായിച്ചാല്‍ തന്നെ ശ്രദ്ധിക്കാത്തവരും, ശ്രദ്ധിച്ചാല്‍ തന്നെ മറന്നുപോകുന്നവരും, അല്ലെങ്കില്‍ മറവി അഭിനയിക്കുന്നവരും ഒക്കെ ആണ് അങ്ങനെയൊക്കെ കരുതുന്നതും കരുതുന്നതായി അഭിനയിക്കുന്നതും.

എന്നാല്‍ ...........

മന്‍മോഹന്‍ സിങ്ങിന്റെ ഭരണം സാധാരണക്കാരന്റെ പോക്കറ്റടിച്ച് അംബാനിയെ പണക്കാരന്‍ ആക്കുന്നതിനെതിരെ ഡല്‍ഹിയില്‍ ഈ കഴിഞ്ഞ 2011 ഫെബ്രുവരി ഇരുപത്തി മൂന്നാം തിയ്യതി നടത്തിയ റാലിയെക്കുറിച്ചുള്ള കുറിപ്പുകൾ കാണുക.

കേന്ദ്ര സര്‍ക്കാരിന് ജനങ്ങളുടെ താക്കീത്
ഉയര്‍ന്നു പറക്കട്ടെ ഈ ഐക്യപതാക
സംഘശക്തി വിളിച്ചറിയിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച്


എന്താ ആ വിലക്കയറ്റ വിരുദ്ധറാലി അഴിമതി വിരുദ്ധറാലി ആവുകയില്ലേ ?

ഇന്ത്യയിലെ അതിസമ്പന്നന്‍മാര്‍ക്ക് വഴിവിട്ടു പണമുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ചെയ്യുന്ന സഹായമല്ലേ വിലക്കയറ്റം?

അതല്ലേ ഏറ്റവും വലിയ അഴിമതി?

ഇതെത്ര മാധ്യമങ്ങളില്‍ പ്രധാ‍ന വാര്‍ത്തയായി? എത്ര ചാനലുകളില്‍ ലൈവ് ആയി പ്രക്ഷേപണം ചെയ്യപ്പെട്ടു?

ഈ വാര്‍ത്തകള്‍ തമസ്കരിച്ച മാധ്യമങ്ങളുടെ നടപടിയെ എന്ത് വിളിക്കണം?

ശ്രീ പ്രസൻ‌ജിത് ബോസ് എഴുതുന്നത് ശ്രദ്ധിക്കൂ..

“There was a huge workers’ rally organised by 9 central trade unions in delhi today, protesting against price rise, violation of labour laws, unemployment, social insecurity etc… [It was] one of the biggest witnessed in Delhi in recent times. However, none of the major TV channels have shown even a glimpse of the rally so far. Interestingly, major foreign news agencies such as Reuters and AFP as well as the BBC have already covered the rally, noted its political significance and highlighted the issues being raised by the workers (see links below). Why are the Indian media persons so insensitive to the voice of lakhs of workers from their own country?”

അതെ, റോയിട്ടറും ബി ബി സി യും മറ്റും ചിത്രങ്ങൾ സഹിതം അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റം എന്ന് റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ പോലും ഇന്ത്യൻ മാധ്യമങ്ങൾ തമസ്‌ക്കരിക്കുന്നതെന്തേ? ആരെയാണവർ ഭയപ്പെടുന്നത് ? അഥവാ ആരെയാണവർ സഹായിക്കുന്നത്? ഇപ്പോൾ മറ്റൊരു വാർത്തയിമില്ലെന്ന മട്ടിൽ 24 മണിക്കൂറും “അണ്ണായേ നമ്:” എന്നു ജപിക്കുന്നവർ എവിടെയായിരുന്നു? അവരുടെ അഴിമതി വിരുദ്ധ മുഖം‌മൂടി പിച്ചിച്ചീന്തപ്പെടേണ്ടതല്ലേ?

‘പണം‘ നേരിട്ട് വാങ്ങാതെ വാര്‍ത്ത തമസ്കരിക്കുകയായിരുന്നില്ലേ അവർ?

പ്രാദേശികമായി നടക്കപ്പെടുന്ന എത്രയോ സമരങ്ങള്‍...പോരാട്ടങ്ങള്‍...

ചില ഉദാഹരണങ്ങള്‍ ഇവിടെ ഉണ്ട് .

ഇവയൊക്കെ എന്തുകൊണ്ട് തമസ്കരിക്കപ്പെടുന്നു എന്ന് ചിന്തിക്കേണ്ടതല്ലേ?

അണ്ണാ ഹസാ‍രെക്കു പിന്നില്‍ അണി നിരന്ന ജനങ്ങളുടെ അഴിമതിക്കെതിരായ രോഷം ഇവിടെ തുടങ്ങി ഇവിടെ തീരേണ്ടതല്ല. അത് കൂടുതല്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. അഴിമതിയുടെ മൂലകാരണം എന്ത് എന്നതിനെക്കുറിച്ച്, പരിഹാരങ്ങളെക്കുറിച്ച്, തുടരേണ്ട പോരാട്ടങ്ങളെക്കുറിച്ച് ഇനിയും ഇനിയും സംസാരിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ നിശബ്ദത ഒരു കുറ്റകൃത്യമായി ഭാവി തലമുറ വിലയിരുത്താതിരിക്കാന്‍ നമുക്ക് അലസരാകാതിരിക്കാം.



****


അധിക വായനയ്‌ക്ക് :

തൊഴിലാളികളുടെ മഹാപ്രവാഹത്തിന് തലസ്ഥാനം ഒരുങ്ങി

തൊഴിലാളി ഐക്യത്തിന്റെ കരുത്തില്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച്

Workers’ March to Parliament

ചരിത്രത്തില്‍ ഇടം നേടിയ റാലി