സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഒരു ഘട്ടത്തിലും കാണാത്തത്ര വിപുലമായ തൊഴിലാളിവര്‍ഗ ഐക്യവും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭമുന്നേറ്റവുമാണ് ബുധനാഴ്ച ഡല്‍ഹി കണ്ടത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമെത്തിയ ലക്ഷക്കണക്കിന് തൊഴിലാളികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ചരിത്രസംഭവമായി. സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐസിസിടിയു, എഐയുടിയുസി, യുടിയുസി എന്നിവയ്ക്കൊപ്പം ഐഎന്‍ടിയുസിയും ഈ മാര്‍ച്ചില്‍ അണിനിരന്നുവെന്നത് ശ്രദ്ധേയമാണ്. രാജ്യവും ജനതയും പ്രത്യേകിച്ചും തൊഴിലാളികളും നേരിടുന്ന ജ്വലിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുണ്ടാകുന്ന ഐക്യം കാലത്തിന്റെ ആവശ്യമാണെന്നും അതില്‍നിന്ന് ആര്‍ക്കും വേറിട്ടുനില്‍ക്കാനാവില്ല എന്നുമുള്ള സത്യത്തിന് അടിവരയിടുന്നുണ്ട് ഈ തൊഴിലാളിവര്‍ഗ മുന്നേറ്റം. കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യവസായത്തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകളും സേവന മേഖലാ ജീവനക്കാരും എല്ലാമടങ്ങിയ ഈ മുന്നേറ്റം ഇന്ത്യന്‍ ജനതയുടെ പൊതുവികാരത്തിന്റെ കൃത്യമായ പരിച്ഛേദമായി ഉയര്‍ന്നുനില്‍ക്കുന്നു.
അവശ്യവസ്തുക്കളുടെ അതിരൂക്ഷമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, സാര്‍വത്രിക പൊതുവിതരണസമ്പ്രദായത്തിലൂടെ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നവിധം സര്‍ക്കാര്‍ കമ്പോളത്തിലിടപെടുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, ആ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നിടത്ത് കര്‍ക്കശമായ നടപടികളെടുക്കുക, സാമ്പത്തിക മാന്ദ്യമേഖലകളില്‍ തൊഴില്‍ സംരക്ഷണത്തിനായി ഇടപെടുക, അത്തരം വ്യവസായ മേഖലകള്‍ക്കായി ഉത്തേജനപദ്ധതികള്‍ ഏര്‍പ്പെടുത്തുക, പൊതുനിക്ഷേപവര്‍ധനയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കപട ദാരിദ്ര്യരേഖയുടെ കണക്കുണ്ടാക്കി വലിയ വിഭാഗം ജനങ്ങളെ സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്കു പുറത്താക്കുന്ന പരിപാടി ഉപേക്ഷിക്കുക, കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റ് കാശാക്കുന്ന പരിപാടി നിര്‍ത്തുക തുടങ്ങിയ ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണ-പ്രക്ഷോഭ പരിപാടികളുടെ സവിശേഷ ഘട്ടമായിരുന്നു പാര്‍ലമെന്റ് മാര്‍ച്ച്.
2009 സെപ്തംബര്‍ 14ന് ഡല്‍ഹിയില്‍ചേര്‍ന്ന ദേശീയ തൊഴിലാളി കണ്‍വന്‍ഷനിലാണ് ഈ പ്രചാരണ-പ്രക്ഷോഭപരിപാടിക്ക് തുടക്കമായത്. തുടര്‍ന്ന് രാജ്യവ്യാപകമായി ഈ പ്രചാരണ പരിപാടികള്‍ നടന്നു. സര്‍ക്കാര്‍ നയങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്ന കോടിക്കണക്കായ തൊഴിലാളികുടുംബങ്ങള്‍ ഈ സമരത്തെ വലിയ ജനകീയ സമരമുന്നേറ്റമാക്കി വളര്‍ത്തി. 2008 ഒക്ടോബര്‍ 28ന് നടന്ന അഖിലേന്ത്യാ പ്രതിഷേധദിനം, പിന്നീടുനടന്ന പാര്‍ലമെന്റ് സെക്രട്ടറിയറ്റ് ധര്‍ണ, മാര്‍ച്ച് 15ന്റെ ജയില്‍നിറയ്ക്കല്‍ പ്രക്ഷോഭം, 2010 സെപ്തംബര്‍ ഏഴിന്റെ പണിമുടക്ക് തുടങ്ങി പടിപടിയായി രാജ്യമാകെ സമരത്തിന്റെ വീചികള്‍ പടര്‍ന്നെത്തുകയും ദുരന്തം വരുത്തുന്ന വിനാശകരമായ നയങ്ങള്‍ക്കെതിരെ രാജ്യമാകെ ഒരു മനുഷ്യനെപ്പോലെ ഉണര്‍ന്നെണീറ്റ് പ്രതിഷേധമറിയിക്കുകയുമായിരുന്നു. പണിമുടക്കില്‍തന്നെ പത്തുകോടിയോളം പേര്‍ സജീവമായി പങ്കെടുത്തുവെന്നതിനര്‍ഥം ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധക്കൊടുങ്കാറ്റുയര്‍ന്നുവെന്നതാണ്.
കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ദേശീയതലത്തിലുണ്ടാക്കിയെടുത്ത സമരഐക്യം പുതിയ ഉണര്‍വാണ് രാജ്യത്ത് സൃഷ്ടിച്ചത്. രാജ്യത്തെ ദരിദ്രമാക്കുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതും തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാക്കുന്നതുമായ വികലനയം തിരുത്തിച്ചേ അടങ്ങൂവെന്ന ജനതയുടെ ദൃഢനിശ്ചയമാണ് ഈ സമര പരമ്പരകളിലുടനീളം പ്രതിഫലിച്ചുകണ്ടത്. ദുര്‍നയങ്ങള്‍കൊണ്ട് ജീവിതം ദുസ്സഹമാകുന്നത് തിരിച്ചറിഞ്ഞ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരാഹ്വാനത്തെ ഏറ്റെടുക്കുകയായിരുന്നു; ഒഴിഞ്ഞുനില്‍ക്കുന്നവര്‍ ഒറ്റപ്പെടുമെന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ ഈ സമരത്തെ നയിക്കുകയുമായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് ട്രേഡ്യൂണിയനുകളുടെ വിപുലമായ ഐക്യനിരപ്രസ്ഥാനമുണ്ടായത്. ആ ഐക്യം ഈ പ്രക്ഷോഭം വമ്പിച്ച വിജയമാക്കുന്നതിന് വലിയ സംഭാവനയാണ് നല്‍കിയത്. ഈ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തി മുമ്പോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
രൂക്ഷമായ പണപ്പെരുപ്പം, ഭക്ഷ്യപണപ്പെരുപ്പം, ഭക്ഷ്യകമ്മി,തുടരെ നടക്കുന്ന ഖജനാവ് കൊള്ളകള്‍, പലപ്രകാരത്തിലുള്ളതും സാധാരണക്കാരന് സങ്കല്‍പ്പിക്കാന്‍പോലും ആവാത്തതരത്തിലുള്ളതുമായ വന്‍മാനങ്ങളുള്ള അഴിമതികള്‍,സേവന-ക്ഷേമമേഖലകളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റം തുടങ്ങിയവ ജനജീവിതദുരിതമാകെ വര്‍ധിപ്പിക്കുന്നതാണ് നാം കണ്ടത്. ജനക്ഷേമത്തിനായി ഉപകരിക്കേണ്ട ആയിരക്കണക്കിനു കോടികള്‍ സ്വകാര്യനിക്ഷേപങ്ങളിലേക്കൊഴുകുന്നതും മൌനത്തിലൂടെ കേന്ദ്രഭരണാധികാരികള്‍ ഇതിനെല്ലാം കുടപിടിച്ചു പങ്കുപറ്റുന്നതുമാണ് രാജ്യം കണ്ടത്. കോമവെല്‍ത്ത് ഗെയിംസ് മുതല്‍ സ്പെക്ട്രംവരെയായി രണ്ടാം യുപിഎ ഭരണത്തിന്റെ ഘട്ടത്തില്‍തന്നെ എത്രയെത്ര അഴിമതികള്‍; മഹാകുംഭകോണങ്ങള്‍! ഇതിനെതിരെ സ്വാഭാവികമായി ജനരോഷം ആളിപ്പടരുകയും രാഷ്ട്രീയമായ വ്യാജവാദമുഖങ്ങള്‍ അതില്‍വീണെരിയുകയുമായിരുന്നു. ആ ജനവികാരമാണ്, തൊഴിലാളികളുടെ വിപുലമായ ഐക്യസമരനിരയുണ്ടാകുന്നതിനുള്ള വഴിതുറന്നത് എന്നത് കാണാതിരുന്നുകൂടാ. ആ ജനവികാരത്തെ ആദരിക്കുന്നതിന് ഐക്യം തുടര്‍ന്നുകൊണ്ടുപോവുകയാണാവശ്യം.
ആഗോളവല്‍ക്കരണനയങ്ങളിലെ വിപത്തുകളെക്കുറിച്ച് തുടക്കത്തിലേ ചൂണ്ടിക്കാട്ടിയപ്പോള്‍ അംഗീകരിക്കാതിരുന്നവര്‍പോലും സ്വജീവിതത്തിലെ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അപകടം തിരിച്ചറിഞ്ഞ് ആ നയങ്ങള്‍ക്കെതിരായ പ്രതിഷേധനിരകളിലേക്ക് വിപുലമായ തോതില്‍ കടന്നുവരുന്നതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണുന്നത്. ആപല്‍ക്കരമായ ആ നയങ്ങളുടെ വക്താക്കള്‍ക്കുമുന്നില്‍ വലിയ ഒരു മുന്നറിയിപ്പാണ് ഈ തൊഴിലാളിവര്‍ഗസമരമുന്നേറ്റം ഉയര്‍ത്തുന്നത്. അത് തിരിച്ചറിഞ്ഞ് തെറ്റുതിരുത്താന്‍ അധികാരികള്‍ തയ്യാറാവുമോ എന്നതാണ് ഇനി കാണേണ്ടത്.
സാമ്രാജ്യത്വവും അതിന്റെ ബഹുരാഷ്ട്രകോര്‍പറേഷന്‍ ശൃംഖലകളുമായി ശൃംഗരിച്ചുകൊണ്ടേയിരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ മുന്നറിയിപ്പ് മനസിലാക്കി നയം തിരുത്തുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, ഏത് ജനവിരുദ്ധ ഭരണാധികാരസംവിധാനത്തിനെയും അടിയറപറയിക്കാന്‍ പോരുന്നതാണ് തൊഴിലാളികളുടെ വളര്‍ന്നുവരുന്ന ഐക്യത്തിലധിഷ്ഠിതമായ സമരപ്രസ്ഥാനമെന്നത് ശ്രദ്ധേയമാണ്. മുതലാളിത്തം അതിന്റെ പ്രതിസന്ധിയുടെ ഭാരം അപ്പാടെ ബഹുജനങ്ങളുടെ മേലേക്ക് കൈമാറ്റംചെയ്യുന്ന രീതി ലോകത്തിന്റെ പലഭാഗത്തും നാം കാണുന്നുണ്ട്. ഇന്ത്യയിലും അതുതന്നെ സംഭവിക്കുന്നു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കോടി രൂപയ്ക്കുള്ള ഇളവുകള്‍ കോര്‍പറേറ്റ് മേഖലയ്ക്കനുവദിക്കുകയും അതിനേക്കാള്‍ വലിയ തുകയ്ക്കുള്ള ജീവിതഭാരം ജനങ്ങള്‍ക്കുമേല്‍ കയറ്റിവയ്ക്കുകയും ചെയ്യുന്ന പ്രക്രിയ തുടരുകയാണ്. ഇത് തൊഴിലെടുക്കുന്ന ജനകോടികള്‍ തിരിച്ചറിയുന്നുവെന്നതുകൂടി തെളിയിക്കുന്നുണ്ട് ഈ തൊഴിലാളിമുന്നേറ്റം. ഈ ഐക്യവും ആവേശവും നിലനില്‍ക്കട്ടെ. രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നത് അതിലാണ്.
*
മുഖപ്രസംഗം ദേശാഭിമാനി ദിനപത്രം 24 ഫെബ്രുവരി 2011
Subscribe to:
Post Comments (Atom)
1 comment:
സാമ്രാജ്യത്വവും അതിന്റെ ബഹുരാഷ്ട്രകോര്‍പറേഷന്‍ ശൃംഖലകളുമായി ശൃംഗരിച്ചുകൊണ്ടേയിരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ മുന്നറിയിപ്പ് മനസിലാക്കി നയം തിരുത്തുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, ഏത് ജനവിരുദ്ധ ഭരണാധികാരസംവിധാനത്തിനെയും അടിയറപറയിക്കാന്‍ പോരുന്നതാണ് തൊഴിലാളികളുടെ വളര്‍ന്നുവരുന്ന ഐക്യത്തിലധിഷ്ഠിതമായ സമരപ്രസ്ഥാനമെന്നത് ശ്രദ്ധേയമാണ്. മുതലാളിത്തം അതിന്റെ പ്രതിസന്ധിയുടെ ഭാരം അപ്പാടെ ബഹുജനങ്ങളുടെ മേലേക്ക് കൈമാറ്റംചെയ്യുന്ന രീതി ലോകത്തിന്റെ പലഭാഗത്തും നാം കാണുന്നുണ്ട്. ഇന്ത്യയിലും അതുതന്നെ സംഭവിക്കുന്നു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കോടി രൂപയ്ക്കുള്ള ഇളവുകള്‍ കോര്‍പറേറ്റ് മേഖലയ്ക്കനുവദിക്കുകയും അതിനേക്കാള്‍ വലിയ തുകയ്ക്കുള്ള ജീവിതഭാരം ജനങ്ങള്‍ക്കുമേല്‍ കയറ്റിവയ്ക്കുകയും ചെയ്യുന്ന പ്രക്രിയ തുടരുകയാണ്. ഇത് തൊഴിലെടുക്കുന്ന ജനകോടികള്‍ തിരിച്ചറിയുന്നുവെന്നതുകൂടി തെളിയിക്കുന്നുണ്ട് ഈ തൊഴിലാളിമുന്നേറ്റം. ഈ ഐക്യവും ആവേശവും നിലനില്‍ക്കട്ടെ. രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നത് അതിലാണ്.
Post a Comment