Saturday, February 12, 2011

സാമൂഹ്യ സുരക്ഷയുടെ കവാടം തുറക്കുന്ന ബജറ്റ്

തുടര്‍ച്ചയായി ആറ് ബജറ്റ് അവതരിപ്പിച്ച ഖ്യാതിയുണ്ട് ഡോ. തോമസ് ഐസക്കിന്. മറ്റൊരു പ്രത്യേകത ഈ മന്ത്രിസഭയുടെ അവസാന ബജറ്റാണ് ഇതെന്നതാണ്. സാധാരണഗതിയില്‍ ബജറ്റ് അവതരണം വോട്ട് ഓൺ അക്കൌണ്ടില്‍ ഒതുക്കാമായിരുന്നു. മറിച്ച്, ഒരു സമ്പൂര്‍ണ ബജറ്റുതന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തന്മൂലം അതിന്റെ രാഷ്ട്രീയത്തിലേക്ക് കടക്കാതെതന്നെ ബജറ്റ് അപഗ്രഥിക്കേണ്ടതുണ്ട്. അടുത്തുവരുന്ന സര്‍ക്കാരിന് ഒരു പുത്തന്‍ ബജറ്റ് അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ജനക്ഷേമവും വികസനതാല്‍പ്പര്യവും കണക്കിലെടുക്കുന്ന പുതിയ സര്‍ക്കാരിന് സാരമായ അഴിച്ചുപണി ചെയ്തുകൊണ്ട് ഒരു ബദല്‍ ബജറ്റ് അവതരിപ്പിക്കുക അയത്നലളിതമായ സംഗതിയല്ല എന്നതാണ് ഈ ബജറ്റിന്റെ അടിസ്ഥാന സന്ദേശം.

ഒരു ബജറ്റിന്റെ താക്കോല്‍ അതിന്റെ ധനമാനേജ്‌മെന്റ് സൂചികകളാണ്. ഇന്ത്യയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തുടര്‍ന്നുവരുന്ന ബജറ്റ് അവതരണ മാതൃകയില്‍ ഉള്ളടക്കത്തിന് വലിയ പ്രാധാന്യമുണ്ട്. നിരവധി നയപ്രഖ്യാപനങ്ങള്‍ ബജറ്റിലൂടെയാണ് വെളിയില്‍ വരിക. സമ്പദ്ഘടനയ്ക്കു നല്‍കുന്ന ദിശാബോധവും മുന്‍ഗണനകളും ബജറ്റിലൂടെയാണ് വ്യക്തമാക്കപ്പെടുക. അതിനാല്‍, ഈ ബജറ്റിനെ രണ്ടു തലക്കെട്ടില്‍ നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നു. ഒന്ന് ധനമാനേജ്‌മെന്റ്; രണ്ട് ബജറ്റിന്റെ ഉള്ളടക്കം നല്‍കുന്ന മുന്‍ഗണനാക്രമവും ദിശാബോധവും.

ധനമാനേജ്‌മെന്റ്

ധനമാനേജ്‌മെന്റില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം കമ്മി സംബന്ധിച്ച സംഖ്യകള്‍ ആണ്. അതോടൊപ്പം ആലോചിക്കേണ്ടത് നാം കടക്കെണിയില്‍ വീഴുന്നുണ്ടോ എന്നതാണ്. ഇവ വിലയിരുത്തുമ്പോള്‍ ഇന്ത്യയും അതോടൊപ്പം കേരളവും 2007-08 മുതല്‍ അഭൂതപൂര്‍വമായ ഒരു സാമ്പത്തികമാന്ദ്യത്തിന്റെ സമ്മര്‍ദത്തിലായിരുന്നുവെന്നതാണ്. ഇത് നാം അനായാസേന കരകയറി. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഒരുദിവസംപോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റ് എടുക്കേണ്ടിവന്നില്ല എന്നത് ചെറിയ കാര്യമല്ല. സംസ്ഥാന നികുതിവരുമാനം 2006-07ല്‍ 11,942 കോടിയില്‍നിന്ന് 2010-11ല്‍ 21,922 കോടിയായി. ബജറ്റ്വര്‍ഷം 26,641 കോടിയായി ഉയരുമെന്നാണ് മതിപ്പ്. അഞ്ചുകൊല്ലംകൊണ്ട് നികുതിവരുമാനം ഇരട്ടിയിലധികം വര്‍ധിച്ചെന്നത് നേട്ടംതന്നെയാണ്. റവന്യൂകമ്മി 2009-10ല്‍ ആഭന്തരവരുമാനത്തിന്റെ 2.18 ശതമാനം ആയിരുന്നു. ഇത് 1.97 ശതമാനമായി കുറയ്ക്കാമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ സമ്പദ്ഘടന സത്വരമായ വളര്‍ച്ചയുടെ പാതയിലാണെന്ന യാഥാര്‍ഥ്യം കണക്കിലെടുത്താല്‍ ഇത് ഗണ്യമായി കുറയ്ക്കാം.

പ്രത്യുല്‍പ്പാദനപരമായ കാര്യങ്ങള്‍ക്ക് കടമെടുക്കുന്നത് ഒരു തെറ്റല്ല. കടംവാങ്ങി റവന്യൂചെലവ് നടത്തുന്നതാണ് തടയേണ്ടത്. ബജറ്റ്വര്‍ഷം (2011-12) പ്രതീക്ഷിക്കുന്ന ധനകമ്മി ആഭ്യന്തരവരുമാനത്തിന്റെ 3.48 ശതമാനമാണ്. ഇത് നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന ധനകമ്മി (2.89 ശതമാനം) യേക്കാള്‍ കൂടുതലാണ്. തന്മൂലം കേരളം കടക്കെണിയില്‍ വീഴുന്നുവെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. പലിശ അടവ് 2007-08ല്‍ മൊത്തം നികുതിവരുമാനത്തിന്റെ 20.5 ശതമാനമായിരുന്നത് ബജറ്റ് വര്‍ഷത്തെ പ്രതീക്ഷ 16.2 ശതമാനമായി കുറയുമെന്നാണ്. റിസര്‍വ് ബാങ്കിന്റെ ചുവന്ന കൊടിയായ 18 ശതമാനത്തില്‍നിന്ന് വളരെ താഴെയാണിത്. മരാമത്തുപണിയിലെ പണച്ചോര്‍ച്ച തടയുകയും തനത് നികുതി, നികുതിയിതര വരുമാന സമാഹരണം കൂടുകയും ചെയ്താല്‍ത്തന്നെ ഇന്നുള്ളതില്‍നിന്ന് വളരെ കൂടുതല്‍ കടമെടുക്കാന്‍ സാധിക്കും. ഇന്നത്തെ സാഹചര്യത്തില്‍ കടക്കെണി എന്ന് വിളിച്ചുകൂവുന്നത് വിവരക്കേടാണ്. പക്ഷേ, മൂലധനച്ചെലവ് കുറഞ്ഞെന്ന വസ്തുത ഗൌരവമായി കാണേണ്ടതാണെന്നാണ് എന്റെ പക്ഷം.

സപ്തമുഖം

ഉള്ളടക്കത്തിന്റെ പരിഛേദം പരിശോധിച്ചാല്‍ ഒരു സപ്തമുഖപരിപ്രേക്ഷ്യം ഏതാണ്ട് ദൃശ്യമാണ്.

1. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ധനകൈമാറ്റം
2. പരിസ്ഥിതി സംരക്ഷണം
3. പശ്ചാത്തല വികസനം
4. സാമൂഹ്യഭദ്രത
5. ലിംഗനീതി
6. കൃഷി, വ്യവസായ വികസനം
7. വിലക്കയറ്റ നിയന്ത്രണം.

ഇവയിലൂടെ ഒരോട്ടപ്രദക്ഷിണമാണ് എന്റെ ലക്ഷ്യം. തദ്ദേശീയ ജനാധിപത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി നാലാം ധന കമീഷന്റെ ശുപാര്‍ശകള്‍ വിശേഷിപ്പിക്കുകയും ഒരു മാറ്റവും വരുത്താതെ അംഗീരിക്കുകയുംചെയ്തത് ശുഭോദര്‍ക്കമായ നടപടിയാണ്. പരിസ്ഥിതി സംരക്ഷണം ഇന്നിന്റെ പ്രശ്നം മാത്രമല്ല, നാളെയുടെ അപകടംകൂടിയാണ്. വെള്ളപ്പൊക്കവും വരള്‍ച്ചയും സംബന്ധിച്ച മുന്നറിയിപ്പുകള്‍ വിവേകമുള്ള രാഷ്ട്രീയക്കാര്‍ക്ക് വിസ്മരിക്കാനാകില്ല. ഈ ബജറ്റിന്റെ ചുവടുവയ്പുകള്‍ ആര്‍ക്കും തള്ളിക്കളയാന്‍ ആകില്ല. ഭാവിയില്‍ ഹരിതബജറ്റുകള്‍ അവിഭാജ്യഘടകമാകുമെന്നുറപ്പ്.

സമഗ്ര റോഡ് പുനരുദ്ധാരണപദ്ധതിയും മറ്റ് പശ്ചാത്തല വികസനപദ്ധതികളും ഭരണകക്ഷിയും പ്രതിപക്ഷവും ഗൌരവപൂര്‍വം പരിഗണിക്കേണ്ട കാര്യമാണ്. മരാമത്തുപണിക്കാരുടെ ദയവില്‍ കേരളത്തിലെ വാഹന ഉടമകള്‍ മാത്രമല്ല കാല്‍നടക്കാരും നല്ലവണ്ണം സഹിച്ചു. പാവപ്പെട്ടവന്റെ ക്ഷമ പരീക്ഷിക്കുന്നത് അപകടമാണ്. ബിറ്റുമിന്‍ മക്കാഡം കോൺക്രീറ്റ് ഡിസൈനര്‍ റോഡുകളിലേക്ക് നാം മാറേണ്ട കാലം വൈകിയിരിക്കുന്നു. ഒന്നാമത് ശര്‍ക്കരത്തോണിയില്‍ കൈയിടുന്നവരുടെ കൈയിലെ പമ്പരമായി കേരളത്തിലെ ജനതയെ മാറ്റരുത്. ഇവിടെ തദ്ദേശസ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് ബജറ്റ് വേണ്ട പരിഗണന നല്‍കിയിട്ടുള്ളത് എടുത്തുപറയട്ടെ. വിശദാംശത്തിലേക്ക് കടക്കാതെതന്നെ പറയാം ബജറ്റ് സമഗ്രമായ സാമൂഹ്യസുരക്ഷയുടെ കവാടം തുറന്നിരിക്കുന്നു. ഇത് സുസ്ഥിര വികസനത്തിന്റെയും വളരുന്ന സമ്പദ്ഘടനയുടെയും ഭാഗമാക്കുന്നതെങ്ങനെ എന്ന് ഈ നിയമസഭ മാത്രമല്ല ഭാവി നിയമസഭാസാമാജികരും ചിന്തിക്കണം.

ഒരുപക്ഷേ, ഈ ബജറ്റിന്റെ ഉള്ളടക്കത്തില്‍െ ഏറ്റവും ശ്രദ്ധേയമായ കാര്യം വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ പൊതുവിതരണ സമ്പ്രദായത്തെ തുലയ്ക്കുകയല്ല ബലപ്പെടുത്തുകയാണ് വേണ്ടതെന്ന പ്രമാണത്തില്‍ ഊന്നി സ്വീകരിച്ച നടപടികളാണ്. കഴിഞ്ഞ 18 മാസക്കാലമായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും വിലവര്‍ധന നിരക്ക് 5-6 ശതമാനത്തിലേക്ക് കുറച്ചുകൊണ്ട് വരുമെന്നുള്ള പ്രഖ്യാപനം പലതവണ ആവര്‍ത്തിച്ചു. പക്ഷേ, വില വാണംപോലെ കയറി. തന്മൂലം ജനക്ഷേമം മുന്‍നിര്‍ത്തി ഈ ബജറ്റ് സ്വീകരിച്ച മുന്‍കൈകള്‍ എടുത്തുപറയേണ്ട കാര്യംതന്നെയാണ്.


******

ഡോ. എം എ ഉമ്മന്‍ , കടപ്പാട് : ദേശാഭിമാനി

(പ്രമുഖ സാമ്പത്തിക വിദഗ്ധനാണ് ലേഖകന്‍)

No comments: