Thursday, February 10, 2011

വിദ്യാഭ്യാസം മനുഷ്യാവകാശം

രണ്ടാം യുപിഎ സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുന്ന അവസരത്തില്‍ എകെജിസിടി ഉയര്‍ത്തിപ്പിടിക്കുന്ന 'വിദ്യാഭ്യാസം മനുഷ്യാവകാശം'’എന്ന മുദ്രാവാക്യം ഏറെ പ്രസക്തമാണ്. ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഒപ്പിടുന്നതിനു മുമ്പുതന്നെ വിദ്യാഭ്യാസമേഖലയുള്‍പ്പെടെ ആഗോളസാമ്പത്തികശക്തികള്‍ക്ക് കച്ചവടത്തിന് തുറന്നുകൊടുക്കാമെന്ന് ധാരണയുണ്ടാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ നടപ്പാക്കാനുള്ള അനേകം നിയമനിര്‍മാണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

1991ല്‍ അധികാരത്തില്‍വന്ന നരസിംഹറാവു സര്‍ക്കാര്‍ സാമ്പത്തിക - തൊഴില്‍രംഗങ്ങളില്‍ ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിത്തുടങ്ങി. പിന്നീടുവന്ന കോൺഗ്രസ്, ബിജെപി മുന്നണി സര്‍ക്കാരുകള്‍ കൂടുതല്‍ തീവ്രതയോടെ ഈ നയം തുടര്‍ന്നു. 2004ല്‍ അധികാരത്തില്‍വന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെയും നിലപാട് വ്യത്യസ്തമായിരുന്നില്ല. എന്നാല്‍, യുപിഎയ്ക്കു പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഇടതുപക്ഷപാര്‍ടികളുടെ എംപിമാര്‍ പാര്‍ലമെന്റിനകത്തും വര്‍ഗബഹുജനസംഘടനകള്‍ രാജ്യത്താകെയും നടത്തിയ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് നവലിബറല്‍ നയങ്ങള്‍ പൂര്‍ണമായും നടപ്പാക്കാനായിരുന്നില്ല. 2008ലെ സാമ്പത്തികമാന്ദ്യം ഇന്ത്യയെ കൂടുതല്‍ ബാധിക്കാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാരിലെ മാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍, തൊണ്ണൂറുകളില്‍ സാമ്പത്തികരംഗത്ത് നടത്തിയപോലുള്ള പരിഷ്കാരങ്ങള്‍ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. പതിനൊന്നാം പദ്ധതി വിദ്യാഭ്യാസപദ്ധതിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാര്‍ഥികളുടെ എണ്ണം രണ്ട് മടങ്ങായി വര്‍ധിപ്പിക്കാനും വിദ്യാഭ്യാസാവകാശനിയമം പാസാക്കിക്കൊണ്ട് എല്ലാ കുട്ടികള്‍ക്കും അടിസ്ഥാനവിദ്യാഭ്യാസം സൌജന്യമായി നല്‍കാനും തീരുമാനിച്ച സര്‍ക്കാര്‍ ഇതിനാവശ്യമായ തുക പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു.

ഉന്നതവിദ്യാഭ്യാസരംഗത്ത് മൊത്തം അടങ്കല്‍ത്തുകയുടെ എട്ട് ശതമാനം മാത്രമാണ് കേന്ദ്രം വകയിരുത്തിയിട്ടുള്ളത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. കേരളംപോലുള്ള സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലുള്ള സാമൂഹ്യനീതിപോലും ഇല്ലാതെയാക്കുന്ന ന്യൂനപക്ഷവിദ്യാഭ്യാസ കമീഷന്‍ ഭേദഗതിനിയമം, സ്ഥാപനങ്ങളുടെ അസസ്മെന്റിനും അക്രഡിറ്റേഷനുമുള്ള സംവിധാനം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുന്ന നാഷണല്‍ അക്രഡിറ്റേഷന്‍ റഗുലേറ്ററി അതോറിറ്റി ബില്‍, സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ നടത്തുന്ന കൊള്ളകള്‍ക്ക് നിയമസാധുത നല്‍കുന്നതിനുള്ള ബില്‍, ഇന്നൊവേഷന്‍ സര്‍വകലാശാലാ ബില്‍ എന്നിങ്ങനെ ജനവിരുദ്ധനിയമനിര്‍മാണങ്ങളുടെയും നടപടികളുടെയും കുത്തൊഴുക്കാണ് നടക്കുന്നത്. മുകളില്‍ പ്രസ്താവിച്ച ബില്ലുകളും നിയമങ്ങളും വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുന്നതാണ്. ഈ നിയമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം സാധാരണക്കാരെ ബോധ്യപ്പെടുത്തി അറിവിന് ഏറെ പ്രാമുഖ്യമുള്ള ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാകുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാനുള്ള പോരാട്ടത്തില്‍ അവരെയും പങ്കാളികളാക്കാനുള്ള കടമ എകെജിസിടിക്കുണ്ട്.

യുജിസി ആറാം ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ ഭാഗികമായി അധ്യാപകര്‍ക്ക് ലഭിച്ചുതുടങ്ങിയെങ്കിലും പൂര്‍ണമായ തോതിലായിട്ടില്ല. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ അഞ്ച് ലക്ഷംകോടി രൂപ കുത്തകമുതലാളിമാര്‍ക്ക് കൊടുത്ത, ഓരോ വര്‍ഷവും വന്‍കിട കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപ നികുതിയിളവുകള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ 80 ശതമാനത്തിലധികം വരുന്ന സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി ചെറിയ തുകപോലും മുടക്കാന്‍ കൈയില്‍ പണമില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത പാഠ്യപദ്ധതിയും സിലബസും നടപ്പാക്കുകവഴി രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും മതനിരപേക്ഷതയും സാംസ്കാരികപൈതൃകവുംവരെ അപകടപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. യുജിസി, എഐസിടിഇ, ഐഎംസി ഉള്‍പ്പെടെ നിലവിലുള്ള 13 നിയന്ത്രണ ഏജന്‍സികള്‍ക്ക് പകരം അഴിമതിക്ക് ഏകജാലകസംവിധാനമാകാന്‍ പോകുന്ന NCHER ന് വേണ്ടി യുജിസിയും കേന്ദ്രസര്‍ക്കാരും പുറത്തിറക്കിയ ഉത്തരവുകളും റഗുലേഷനിലെ ചില വ്യവസ്ഥകളും ഇപ്പോഴും വിഘാതമായി തുടരുന്നു. അവ മാറ്റിയെടുക്കുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒപ്പംതന്നെ കേരളത്തിലെ ഓരോ സര്‍ക്കാര്‍ കോളേജിനെയും മെച്ചപ്പെട്ട വിദ്യാഭ്യാസസ്ഥാപനമാക്കി മാറ്റാനുള്ള ബാധ്യത ഓരോ അധ്യാപകനുമുണ്ടെന്ന കാര്യം ഓര്‍മിക്കുക കൂടി വേണം.

*****

കെ ജയകുമാര്‍ , കടപ്പാട് : ദേശാഭിമാനി

(എകെജിസിടി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...