Wednesday, February 9, 2011

സത്യപരീക്ഷ

പണ്ടുകാലത്ത് കേരളത്തില്‍ കുറ്റം തെളിയിക്കുന്നതിന് നാലുവിധം സത്യപരീക്ഷകള്‍ നിലനിന്നിരുന്നു. ബ്രാഹ്മണര്‍ക്ക് തൂക്കുപരീക്ഷ. ത്രാസിന്റെ ഒരു തട്ടില്‍ കുറ്റം ആരോപിക്കപ്പെട്ടവനെ ഇരുത്തി തൂക്കമെടുക്കും. പിന്നീട് കുറ്റത്തിന്റെ വിവരങ്ങള്‍ എഴുതിയ ഓല കെട്ടിയിട്ടു തൂക്കമെടക്കും. രണ്ടുവട്ടം ഒരേ തൂക്കമാണെങ്കില്‍ അയാള്‍ നിരപരാധി. തൂക്കം കൂടിയിട്ടുണ്ടെങ്കില്‍ അപരാധി.

അഗ്നിപരീക്ഷ ക്ഷത്രിയര്‍ക്ക്. തിളച്ച എണ്ണയിലോ നെയ്യിലോ കൈ മുക്കുന്നു. പിന്നീട് കൈ കെട്ടുന്നു. മൂന്നു ദിവസം കഴിഞ്ഞ് കെട്ട് അഴിച്ചുനോക്കുന്നു. കൈ പൊള്ളിയിട്ടില്ലെങ്കില്‍ നിരപരാധി. പൊള്ളിയിട്ടുണ്ടെങ്കില്‍ അപരാധി. ശുചീന്ദ്രത്തെ കൈമുക്ക് പ്രസിദ്ധമായിരുന്നു. ജലപരീക്ഷ: ചീങ്കണ്ണിയും മുതലയും നിറഞ്ഞ ജലാശയത്തില്‍ കുറ്റക്കാരന്‍ നീന്തി മറുകരയില്‍ സുരക്ഷിതനായി എത്തിയാല്‍ നിരപരാധി. അല്ലെങ്കില്‍ കുറ്റവാളി. വൈശ്യര്‍ക്കാണ് ജലപരീക്ഷ. ശൂദ്രര്‍ക്ക് വിധിച്ചിട്ടുള്ളത് 'വിഷപരീക്ഷ'യാണ്. മൂന്നു നെല്ലിടവിഷം 32 ഇരട്ടി നെയ്യില്‍ കഴിക്കുക, വിഷസര്‍പ്പത്തെ ഇട്ടടച്ചിട്ടുള്ള കുടത്തില്‍ കൈയിടുക മുതലായവയാണത്്. വിഷബാധയേറ്റാല്‍ അപരാധി. അല്ലെങ്കില്‍ നിരപരാധി.

ശുചീന്ദ്രത്തെ കൈമുക്ക് ബ്രാഹ്മണര്‍ക്കുവേണ്ടിയുള്ളതായിരുന്നു. മറ്റുള്ളവര്‍ക്ക് കാര്‍ത്തികപ്പിള്ളിയിലെ ക്ഷേത്രവുമായിരുന്നു.

അഗ്നിപരീക്ഷകള്‍ മറ്റു പ്രകാരത്തിലും നടത്തപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നിരുന്നു സത്യപരീക്ഷ. ഗോപുരത്തിന്റെ ഉള്ളിലായി തറയ്ക്കു താഴെ ഒരു ദ്വാരത്തില്‍ വിരല്‍ തിരുകി ഗോപുരപടിമേല്‍ നിന്ന് സത്യം ചെയ്യണം. കള്ള സത്യം ചെയ്താല്‍ വിരലില്‍ പാമ്പുകടിയേറ്റു മരിക്കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ നമ്പൂതിരിമാര്‍ മാത്രമല്ല അവിടെച്ചെന്ന് സത്യം ചെയ്യുന്ന പതിവ് എല്ലാ സമുദായക്കാരുടെ ഇടയിലും ഉണ്ടായിരുന്നുവെന്ന് വിത്തര്‍ പരമേശ്വരന്‍പിള്ള എഴുതുന്നു. എന്നാല്‍ തിളയ്ക്കുന്ന നെയ്യില്‍ കൈമുക്കുന്ന പതിവ് നമ്പൂതിരിമാര്‍ക്കിടയില്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി (പ്രാചീന ലിഖിതങ്ങള്‍).

എ ശ്രീധരമേനോനും ഇതെടുത്തു പറയുന്നുണ്ട്. അദ്ദേഹം അതിന്റെ ആഗമനത്തെപ്പറ്റിയും പറയുന്നു:

"വേണാട് തെക്കന്‍ തിരുവിതാംകൂറില്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ശുചീന്ദ്രത്ത് കുടിയേറിപ്പാര്‍ത്ത നമ്പൂതിരി ബ്രാഹ്മണരാണ് കൈമുക്ക് (തിളയ്ക്കുന്ന നെയ്യില്‍ കൈ മുക്കുക) ഏര്‍പ്പെടുത്തിയത്്. 13-ാം ശതകത്തിലോ അല്‍പം കൂടി കഴിഞ്ഞോ ആണ് ശുചീന്ദ്രം ക്ഷേത്രത്തില്‍ കൈമുക്ക് ഏര്‍പ്പെടുത്തിയതെന്ന് ലക്ഷ്മീദാസത്തെ ശുകസന്ദേശത്തില്‍ അതിനെക്കുറിച്ചുള്ള പരാമര്‍ശം കൊണ്ടും മറ്റു പല തെളിവുകൊണ്ടും മനസ്സിലാക്കാം.

ശുചീന്ദ്രത്തെ കൈമുക്ക് നമ്പൂതിരി സമുദായത്തിന്റെ സത്യപരീക്ഷയായിരുന്നു. ഈ പരീക്ഷകളിലധികവും നടന്നത്, നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനത്തെ സംബന്ധിച്ചായിരുന്നുവെന്ന് ശുചീന്ദ്രം ക്ഷേത്രത്തിലെ രേഖകള്‍കൊണ്ട് കാണുന്നു. മിക്കവാറും സ്മാര്‍ത്തവിചാരത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്.

പൊല്ലന ഭട്ടതിരി ആയിരുന്നു ശുചീന്ദ്രം കൈമുക്കിന്റെ വിധികര്‍ത്താവ്. ശുചീന്ദ്രം കൈമുക്ക് ബ്രാഹ്മണര്‍ക്കുവേണ്ടി മാത്രമായിരുന്നെങ്കിലും കേരളത്തിന്റെ പല ഭാഗത്ത് മറ്റു ഹിന്ദുക്കള്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍, മുസ്ളിങ്ങള്‍, ജൂതന്മാര്‍ തുടങ്ങിയ അഹിന്ദുക്കളും ചിലപ്പോള്‍ ഈ സത്യപരീക്ഷക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ട്.'' (കേരള ചരിത്രം)

വളയനാട്, ഏറ്റുമാനൂര്‍ മുതലായ ക്ഷേത്രങ്ങളിലും സത്യപരീക്ഷകള്‍ നിലനിന്നിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും മാത്രമല്ല ഈ സത്യപരീക്ഷാ സമ്പ്രദായം നിലനിന്നിരുന്നത്. മലബാറില്‍ നിലനിന്നിരുന്ന സമ്പ്രദായം പ്രൊഫ. പി കെ കെ മേനോന്‍ വിവരിക്കുന്നു:

"കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ അഗ്നിപരീക്ഷക്ക് വിധേയരാക്കുന്ന സമ്പ്രദായം തലശേരിയില്‍ നടപ്പുണ്ടായിരുന്നു. കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ട് പിന്നീട് വഴക്കുണ്ടാക്കുന്നവര്‍ക്ക് ഇത് ബാധകമാക്കേണമെന്ന് 1710ല്‍ തന്നെ സാമൂതിരി പറഞ്ഞിരുന്നു. ഒരു വലിയ പാത്രത്തില്‍ എണ്ണ നിറച്ച് തിളയ്ക്കുമ്പോള്‍ ഒരു മോതിരം അതില്‍നിന്നെടുക്കുന്നതിന്റെ ഫലമായി കൈവിരലുകള്‍ പൊള്ളിപ്പോകുന്നവന് മരണശിക്ഷ വിധിച്ചു. ചിലപ്പോള്‍ മൂന്നു പ്രാവശ്യം കൈ മുക്കണം. യാതൊരു പൊള്ളലുമില്ലാതെ രക്ഷപ്പെടുന്ന വ്യക്തികളും ഇല്ലാതിരുന്നില്ല. അഗ്നിപരീക്ഷ തിരുവങ്ങാട് ക്ഷേത്രത്തിലും വളപട്ടണം കോട്ടയിലും വച്ചാണ് നടത്തിയിരുന്നത്. തിരുവങ്ങാട്ടുവച്ച് നടത്തുമ്പോള്‍ കക്ഷികളില്‍നിന്ന് ഒരു സംഖ്യ പിരിക്കണമെന്ന് കോലത്തിരി നിര്‍ദേശിച്ചുവെങ്കിലും അത് കമ്പനി അംഗീകരിക്കുകയുണ്ടായില്ല.''

പണമിടപാടുകളിലെ കുറ്റക്കാരെയും തിളച്ച എണ്ണയില്‍ കൈമുക്കി സത്യം ചെയ്യിക്കുന്നതിന് സാമൂതിരി കമ്പനിക്കാരെ അനുവദിച്ചിരുന്നു.

കേണല്‍ മണ്‍ട്രോ തിരുവിതാംകൂറില്‍ റസിഡണ്ടായിരുന്നപ്പോള്‍ (1810-1819) നീതിന്യായവകുപ്പ് സംഘടിപ്പിച്ച അവസരത്തില്‍ അഗ്നിപരീക്ഷപോലുള്ള പ്രാകൃത പരീക്ഷകള്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പക്ഷേ അന്നത്തെ റാണിയും പണ്ഡിതന്മാരും അതിനെ ശക്തിയായി എതിര്‍ക്കുകയാണുണ്ടായത്. അവസാനം ദിവാന്റെ മുന്‍ അനുവാദത്തോടുകൂടി അത്യാവശ്യത്തിന് നടത്താമെന്ന വ്യവസ്ഥ ഉണ്ടാക്കി. കേരളത്തില്‍ അവസാനമായി അഗ്നിപരീക്ഷ നടത്തിയത് ശുചീന്ദ്രത്ത് വച്ചാണ്. 1844-45ല്‍.

കൊലക്കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നതിന് കൈ മുക്കാന്‍ സ്മാര്‍ത്തന്‍ കൊടുക്കുന്ന അനുമതിപത്ര(പമ്പ് )ത്തിന്റെ പകര്‍പ്പ് കാണുക.

"കൊല്ലം എണ്ണൂറ്റിത്തൊണ്ണൂറ്റൊമ്പതാമത് ചിങ്ങ ഞായര്‍ അഞ്ചാം തീയതി വ്യാഴാഴിച നാള്‍ വള്ളുവക്കോന്നതികാരി കരുവായൂരമുമ്പാടെ പെങ്കൊടെ വാല്‍മാടത്തിരുന്ന എണങ്ങരും മീമാംസകന്മാരും കൂടി പറഞ്ഞിണങ്ങി കാവനാട്ട ചാകരന്‍ ചാകരന്‍ നമ്പി എഴുതിച്ച പമ്പോലക്കരണമാവിത്

പെരിങ്ങോട്ടു നാരായണന്‍ നാരായണനെ കല്ലൂര്‍ നാരായണന്‍ ദാമോദരന്‍ കൊന്നൂ എന്നുള്ള ശങ്കക്ക് പ്രതിജ്ഞ. ഞാന്‍ പെരിങ്ങോട്ടു നാരായണന്‍ നാരായണനെ കൊന്നതും കൊല്ലുന്നതിനു മനസ്സറിവും ഇല്ലാ എന്നു കല്ലൂര്‍ നാരായണന്‍ ദാമോദരന്‍ ഉത്തര പ്രതിജ്ഞ. ഇശ്ശങ്കോത്തരങ്ങള്‍ തൊട്ടു ഇതിനടുത്ത മേട ഞായര്‍ എട്ടാതീയതിയിലകത്ത് ശുചീന്ദ്രത്ത് മുക്കാല്‍വട്ടത്ത് ചെന്നു അവിടത്തെ കഴകമൂട്ടും തീര്‍ത്തു അവിടെ ഒക്കും ചുഴറ്റവുമൊപ്പിച്ചു കൊലും പാലികയും ആറുംമുമ്പെ കാരകയില്‍ പരല്‍ പിറക്കിക്കൊള്ളു. കല്ലൂര്‍ നാരായണന്‍ ദാമോദരന്‍ ഇപ്പടിക്ക്''

മൂത്തമനപ്പട്ടേരിയുടെ ഗ്രന്ഥത്തില്‍നിന്ന്.

(കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, എന്റെ സ്മരണകള്‍)

കുലധര്‍മം

കുലധര്‍മം

കുലത്തിന് പ്രത്യേകമായിട്ടുള്ള ധര്‍മം.

കുലത്തില്‍ പരമ്പരയാ അനുഷ്ഠിച്ചുപോരുന്ന ധര്‍മം. വംശാചാരം

(മലയാളം ലെക്സിക്കണ്‍)

പണ്ടു നിലനിന്നിരുന്ന ധര്‍മവും നിയമവുമെന്തായിരുന്നു? ദേശക്കാരായ ഓരോരുത്തരും അവരവര്‍ക്ക് വിധിച്ചിട്ടുള്ള തൊഴില്‍ (കുലധര്‍മം) മാത്രം ചെയ്തു ജീവിക്കുക; പരധര്‍മം ചെയ്യാന്‍ പാടില്ലതന്നെ. ഓരോ ദേശത്തും ഉണ്ടാക്കിയ ഉല്‍പ്പന്നമേ ആ ദേശക്കാര് ഉപയോഗിക്കാന്‍ പാടുള്ളൂ, മറ്റൊരു ദേശത്തുപോയി പണിയെടുക്കരുത്- ഇങ്ങനെയൊക്കെയായിരുന്നു വ്യവസ്ഥ.

എന്നുവച്ചാല്‍ അന്ന് നിലനിന്നിരുന്ന ജാതിനിയമങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അനുസരിച്ച് ജീവിച്ചുകൊള്ളണമെന്ന്. ഇത് താഴെ തട്ടില്‍ മാത്രമാണ് നടപ്പാക്കിയത്. കര്‍ശനമായി നടപ്പാക്കിയത്.

അതൊന്ന് ലംഘിച്ചാലോ? കഠിനവും ക്രൂരവുമായ ശിക്ഷയാണ് കിട്ടുക.

ശിക്ഷകള്‍ പലവിധമുണ്ട്.

ചിലപ്പോള്‍ കൊല്ലുകതന്നെ ചെയ്യാറുണ്ട്. അതുപോലെ ഭയങ്കരമായ ഒരു ശിക്ഷയാണ് "ഈറ്റും മാറ്റും മുടക്കുക'' എന്നത്. സമുദായ ഭ്രഷ്ടിന് തുല്യമാണത്.

പ്രസവം കഴിഞ്ഞാല്‍, മാസം തോറുമുള്ള ആര്‍ത്തവം മുതലായവ കഴിഞ്ഞാല്‍ മണ്ണാത്തി അലക്കി കൊടുക്കുന്ന അലക്കിയ മുണ്ടുകൊണ്ടേ ശുദ്ധമാകാന്‍ കഴിയൂ. അത് വിലക്കിയാല്‍ അശുദ്ധിയില്‍ത്തന്നെ കഴിയണം. പുലകുളി മുതലായ ചടങ്ങുകളില്‍ ഇണങ്ങന്മാര്‍ സഹകരിക്കാതിരിക്കുക തുടങ്ങി അവര്‍ക്കുവേണ്ടിയും അവരുമായി ബന്ധപ്പെട്ടുമുള്ള ഒന്നിലും സഹകരിക്കാതിരിക്കുക.

അങ്ങനെ സമൂഹത്തില്‍ അവരെ ഒറ്റപ്പെടുത്തുക. അന്നത്തെ സമൂഹത്തില്‍ ആ ഒറ്റപ്പെടല്‍ എത്രമാത്രം ദുസ്സഹമായിരുന്നു എന്ന് ഇക്കാലത്ത് ഊഹിക്കാന്‍ കഴിയില്ല. കാരണം ഓരോ വ്യക്തിയുടെയും ജീവിതം ഇതര വ്യക്തികളുടെ ജീവിതവുമായി ഇണപിരിഞ്ഞാണ് അന്ന് കിടന്നിരുന്നത്. അതില്‍നിന്ന് വേര്‍പെട്ടാല്‍ അവന് ശ്വാസംമുട്ടും, കണ്ണില്‍ ഇരുള്‍ പകരും, ജീവിതം തന്നെ തകരും.

ഇതിന് പുറമെ സമുദായനിയമം ലംഘിച്ചവരെ മരണശിക്ഷയ്ക്ക്തന്നെ വിധേയരാക്കിയിരുന്നു.

ഇതാ സമുദായനിയമം ലംഘിച്ചതിന് പിടികൊടുക്കാതെ ഒളിവില്‍പ്പോയ ചില നാടാന്‍മാരെ കാണുന്നിടത്തുവച്ച് കൊല്ലാന്‍ ആജ്ഞാപിക്കുന്ന ഒരു രേഖ താഴെ ചേര്‍ക്കട്ടെ.

"സ്വസ്തി ശ്രീ. നന്റാക കൊല്ലം 628-ാമാണ്ട് ചിത്തിരൈമാതം 6ന് മുന്‍നാള്‍ നാട്ടിയ കല്ലു ഇരണ്ടാലും വെള്ളാഴരൈ വെള്ളനാടാര്‍ പിഴൈക്കയാലെ നാട്ടിയ കല്ലിന്‍പടി എടുത്തവണ്ണമെ ഇപ്പോതു വെള്ളാഴരൈ വെള്ളനാടാര്‍ പിഴൈക്കൈയാലെ വെള്ളനാടാര്‍ തമിഴ്പ്പാകത്ത് പെണ്ണൈ കെട്ടരുതെന്റും കൈയാളരുതെന്നും നമ്മോടുകൂട കൂലിച്ചെവകം ചെവിക്കരുതെന്റും കാരണപ്പട അരുതെന്റും കാരിയംപറൈയ അരുതെന്റും തേചം കൈയാള അരുതെന്റും കല്‍പ്പിച്ചു പിഴൈച്ചവര്‍ക്ക് പെര്‍വഴി പറുവത്തന്‍ ചുവങ്കരനും അയ്യപ്പന്‍ മാത്താണ്ടനും കുമരന്‍ രാമനും അയ്യപ്പാണ്ടയും മാത്താണ്ട മഴവരായനും തുമ്മിച്ചല്‍ മാത്താണ്ട മഴവരായനും നമ്പന്‍ തൊണ്ടൈമാനും ചെതൊ മാത്താണ്ടപണിക്കരും കാരൈ കന്റനും കൊട്ടൂര്‍ മുതലിയാനും പര്‍പ്പന്‍ പര്‍പ്പന്‍ മക്കള്‍ ഇരണ്ടുപേരും പടൈച്ചുല മുത്തൈയനും മാലമ്പി നിരപ്പര ജാച്ചമ്പി പെരൂര്‍ നായര അയ്യന്‍ പാപ്പനും മാത്താണ്ടനും ആരു ചെമ്പി പണിക്കനും ചടൈയന്‍ കൊതൈയും വളവന്‍ കണ്ണനും ഇമികം മുരുകനും തൂവത്തു ഇരമനും ആകപ്പെര്‍ (23) കണ്ടെടുത്തു കൊല്ലുമാറ് കല്‍പ്പിച്ചത്. (തിരുവിതാംകോട് വട്ടെഴുത്ത് രേഖ)

"ധര്‍മരാജ്യ''ത്തെ അന്നത്തെ ധര്‍മപരിപാലനത്തിന്റെ ജാഗ്രതയാണിത് കാട്ടിത്തരുന്നത്!

ജാത്യാചാരവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നായര്‍ സ്ത്രീകളെ രാജാവ് മറ്റു മതക്കാര്‍ക്കു വില്‍ക്കുകയായിരുന്നു പതിവ്. അവരുടെ ദോഷം രാജാവ് അറിയുന്നതിന് മുമ്പ് ബന്ധുക്കള്‍ അറിഞ്ഞാല്‍ അവരെ ഒരു മുറിക്കകത്ത് അടച്ചു കുന്തംകൊണ്ടോ കഠാരകൊണ്ടോ കുത്തിക്കൊല്ലുമായിരുന്നു-കുടുംബത്തിന്റെ മാനം കാക്കാന്‍.


*****


ആണ്ടലാട്ട്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പണ്ടുകാലത്ത് കേരളത്തില്‍ കുറ്റം തെളിയിക്കുന്നതിന് നാലുവിധം സത്യപരീക്ഷകള്‍ നിലനിന്നിരുന്നു. ബ്രാഹ്മണര്‍ക്ക് തൂക്കുപരീക്ഷ. ത്രാസിന്റെ ഒരു തട്ടില്‍ കുറ്റം ആരോപിക്കപ്പെട്ടവനെ ഇരുത്തി തൂക്കമെടുക്കും. പിന്നീട് കുറ്റത്തിന്റെ വിവരങ്ങള്‍ എഴുതിയ ഓല കെട്ടിയിട്ടു തൂക്കമെടക്കും. രണ്ടുവട്ടം ഒരേ തൂക്കമാണെങ്കില്‍ അയാള്‍ നിരപരാധി. തൂക്കം കൂടിയിട്ടുണ്ടെങ്കില്‍ അപരാധി.

അഗ്നിപരീക്ഷ ക്ഷത്രിയര്‍ക്ക്. തിളച്ച എണ്ണയിലോ നെയ്യിലോ കൈ മുക്കുന്നു. പിന്നീട് കൈ കെട്ടുന്നു. മൂന്നു ദിവസം കഴിഞ്ഞ് കെട്ട് അഴിച്ചുനോക്കുന്നു. കൈ പൊള്ളിയിട്ടില്ലെങ്കില്‍ നിരപരാധി. പൊള്ളിയിട്ടുണ്ടെങ്കില്‍ അപരാധി. ശുചീന്ദ്രത്തെ കൈമുക്ക് പ്രസിദ്ധമായിരുന്നു. ജലപരീക്ഷ: ചീങ്കണ്ണിയും മുതലയും നിറഞ്ഞ ജലാശയത്തില്‍ കുറ്റക്കാരന്‍ നീന്തി മറുകരയില്‍ സുരക്ഷിതനായി എത്തിയാല്‍ നിരപരാധി. അല്ലെങ്കില്‍ കുറ്റവാളി. വൈശ്യര്‍ക്കാണ് ജലപരീക്ഷ. ശൂദ്രര്‍ക്ക് വിധിച്ചിട്ടുള്ളത് 'വിഷപരീക്ഷ'യാണ്. മൂന്നു നെല്ലിടവിഷം 32 ഇരട്ടി നെയ്യില്‍ കഴിക്കുക, വിഷസര്‍പ്പത്തെ ഇട്ടടച്ചിട്ടുള്ള കുടത്തില്‍ കൈയിടുക മുതലായവയാണത്്. വിഷബാധയേറ്റാല്‍ അപരാധി. അല്ലെങ്കില്‍ നിരപരാധി.