രാജ്യത്ത് വിലക്കയറ്റത്തിന്റെ തോത് ആശങ്കാജനകമായ നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. കേവലമായ ശതമാനകണക്കുകള്‍ കൊണ്ട് അളക്കാനാകാത്തവിധം ഭീതിജനകമാണ് വിലക്കയറ്റത്തിന്റെ രൂക്ഷതയും പ്രത്യാഘാതങ്ങളും. എല്ലാ സാധനങ്ങളുടെയും വില വര്‍ധിക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയാണ് ഏറെ രൂക്ഷം. അതുകൊണ്ടുതന്നെ എല്ലാവരും വിലക്കയറ്റത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങേണ്ടിവരുന്നു.
താഴെകൊടുക്കുന്ന പട്ടിക ചില പ്രധാന നിഗമനങ്ങള്‍ സാധ്യമാക്കുന്നു.
1. മൊത്തവില സൂചിക തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. വര്‍ധന സമീപകാല പ്രതിഭാസമല്ല. അതുകൊണ്ടുതന്നെ താല്‍ക്കാലിക പരിഹാരനടപടികള്‍കൊണ്ട് കാര്യമില്ല. ഉദാഹരണമായി ഉള്ളിവില കുറയ്ക്കാന്‍ ഇറക്കുമതി താല്‍ക്കാലിക പരിഹാരമായേക്കാം. പക്ഷേ, പൊതുവിലക്കയറ്റത്തിന്റെ ദീര്‍ഘകാലപ്രവണതയ്ക്ക് തടയിടാന്‍ മിനുക്കുവിദ്യകള്‍ കൊണ്ടാവുകയില്ല.
2. അടുത്തകാലത്തെ പ്രത്യേകിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളിലെ വിലക്കയറ്റം അതിരൂക്ഷമാണ്. ഈ സ്ഥിതി നേരിടാന്‍ സര്‍ക്കാരിനാകുന്നില്ല. നവലിബറല്‍ നയത്തിന്റെ ഫലമായി ദുര്‍ബലമാക്കപ്പെട്ട പൊതുവിതരണ സംവിധാനം അടിയന്തര സാഹചര്യം നേരിടാന്‍ പോലും സഹായകമല്ല.
3. ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന പ്രാഥമിക വസ്തുക്കളുടെ വില പൊതുവിലനിലവാരത്തേക്കാള്‍ ഉയര്‍ന്ന തോതിലാണ് വര്‍ധിക്കുന്നത്. കാര്‍ഷിക മേഖലയെ അവഗണിച്ചതിന്റെ ദുരന്തഫലമാണിത്.
4. ഏറ്റവും ഭയാനകമായ വസ്തുത വിലവര്‍ധന പ്രവണത വരുംവര്‍ഷങ്ങളിലും ഏറ്റവും ശക്തമായി തുടരുമെന്നതാണ്. കാര്‍ഷികോല്‍പ്പാദനത്തില്‍ വന്‍കുതിച്ചുചാട്ടമോ എണ്ണവിലയില്‍ വെട്ടിക്കിഴിവോ അവധിവ്യാപാരനിരോധമോ കരിഞ്ചന്ത നിയന്ത്രണമോ പൊതുവിതരണ ശൃംഖലയുടെ ശാക്തീകരണമോ ഇല്ലാതെ വില കുറയാന്‍ പോകുന്നില്ല. പക്ഷേ, മേല്‍പറഞ്ഞവയൊന്നും സര്‍ക്കാരിന്റെ അജന്‍ഡയിലില്ല. അതായത് സാധാരണക്കാരന് ആശ്വാസത്തിന് ഒരു വഴിയുമില്ല എന്നര്‍ഥം.
വിലക്കയറ്റത്തിന് രണ്ട് വിശദീകരണങ്ങളാണ് സര്‍ക്കാരും ഭരണകക്ഷിയും നല്‍കാറുള്ളത്. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നാണ് ഒരു വാദം. എന്നാല്‍ പല രാജ്യങ്ങളും വിലത്തകര്‍ച്ചയുടെ കെടുതികളാണ് നേരിടുന്നത്. കേന്ദ്രബാങ്കുകളുടെ അന്താരാഷ്ട്ര കോൺഫറന്‍സില്‍ പങ്കെടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. സുബ്ബറാവുവിനോട് അല്‍പ്പം വിലക്കയറ്റം കയറ്റുമതിചെയ്യാമോ എന്ന് മറ്റുള്ളവര്‍ തമാശയായി അന്വേഷിച്ച കാര്യം അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തി. വിലക്കയറ്റത്തിന് കാരണം കാലാവസ്ഥയാണെന്നാണ് മറ്റൊരു വാദം. കടുത്ത വരള്‍ച്ചയും അതിവര്‍ഷവും ഇന്ത്യയില്‍ അസ്വാഭാവികമല്ല. അതുകൊണ്ട് ചിലപ്പോള്‍ ഉല്‍പ്പാദനം കുറയും, വില ഉയരും. പക്ഷേ, എല്ലാ വര്‍ഷവും എല്ലാ മാസവും അതിവര്‍ഷവും വരള്‍ച്ചയും സംഭവിക്കുന്നില്ല. എന്നാല്‍ എല്ലാ വര്‍ഷവും വില ഉയരുന്നു. വിലവര്‍ധന സാധാരണക്കാരന്റെ കീശ ശോഷിപ്പിക്കുന്നു, പണക്കാരന്റെ കീശ വീര്‍പ്പിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സാധാരണക്കാരില്‍നിന്ന് സമ്പന്നവര്‍ഗത്തിലേക്ക് വരുമാനം കൈമാറ്റം ചെയ്യപ്പെടുകയാണ് വിലക്കയറ്റം നിര്‍വഹിക്കുന്ന ധര്‍മം. അഥവാ, വര്‍ഗചൂഷണത്തിന്റെ ചട്ടുകമാണ് വിലക്കയറ്റം. കുത്തക വ്യവസായികളും കുത്തക വ്യാപാരികളുമാണ് വിലവര്‍ധനയുടെ ഗുണഭോക്താക്കള്‍. സാധാരണക്കാരെ കൊള്ളയടിച്ച് ധനികരെ പോറ്റിവളര്‍ത്തുന്ന മുതലാളിത്ത തത്വശാസ്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്.
കരിഞ്ചന്തയും പൂഴ്ത്തിവയ്പും അവധിവ്യാപാരവും പെട്രോള്‍ വിലവര്‍ധനയുമല്ല, പട്ടിണിപ്പാവങ്ങളെയാണ് വിലക്കയറ്റത്തിന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം പണം ധാരാളം കൈയിലെത്തിയതിനാല്‍ പാവപ്പെട്ടവര്‍ കൂടുതല്‍ അരിയും ഉള്ളിയും ഉരുളക്കിഴങ്ങും ഭക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നുവത്രേ. എന്തൊരു ന്യായം! അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്റെ റിപ്പോര്‍ട്ടില്‍ ഒന്ന് കണ്ണോടിച്ചാല്‍ സര്‍ക്കാര്‍ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാകും.
1. രാജ്യത്തെ 79 ശതമാനം ജനങ്ങളുടെ പ്രതിദിനച്ചെലവ് 20 രൂപയില്‍ താഴെയാണ്.
2. 83.6 കോടി ജനങ്ങളെ സാമ്പത്തികവളര്‍ച്ച സ്പര്‍ശിച്ചിട്ടില്ല.
3. 84 ശതമാനം സ്ത്രീത്തൊഴിലാളികള്‍ക്ക് മിനിമം വേതനമില്ല.
4. നിര്‍മാണ മേഖലയില്‍ 56 ശതമാനം പുരുഷന്‍മാരും 39 ശതമാനം സ്ത്രീകളും താല്‍ക്കാലിക തൊഴിലാളികളാണ്.
5. അസംഘടിത മേഖലയിലെ 39.46 കോടി ജനങ്ങളില്‍ 64 ശതമാനം കാര്‍ഷിക മേഖലയിലാണ്.
6. കര്‍ഷക തൊഴിലാളികളില്‍ 90 ശതമാനവും ഭൂരഹിതരോ നാമമാത്ര കര്‍ഷകരോ ആണ്.
കാര്‍ഷിക മേഖലയിലെ സ്ഥിതിയോ? പാര്‍ലമെന്റില്‍ കൃഷി സഹമന്ത്രി ഇത്രയുംകൂടി വെളിപ്പെടുത്തി. രാജ്യത്തെ ആകെ കൃഷിക്കാരില്‍ 83.28 ശതമാനം നാമമാത്ര-ചെറുകിട കൃഷിക്കാരാണ്. അവരുടെ കൈവശമുള്ള ആകെ കൃഷിഭൂമിയുടെ 38.9 ശതമാനംമാത്രം. പത്ത് ഹെക്ടറിന് മുകളില്‍ ഭൂമിയുള്ളവര്‍ 6.5 ശതമാനം മാത്രം. അവര്‍ കൈവശം വയ്ക്കുന്നത് 37.2 ശതമാനം കൃഷിഭൂമി. രാജ്യത്തെ പാവങ്ങളാണോ വിലക്കയറ്റമുണ്ടാക്കുന്നത്!
കാര്‍ഷികോല്‍പ്പന്നങ്ങളുടെ തറവില ഉയര്‍ത്തിയതാണ് കാരണമെന്ന വാദവും അടിസ്ഥാനരഹിതമാണ്. തറവില വര്‍ധനകൊണ്ട് അധികവരുമാനമുണ്ടാക്കുന്നത് അവശ്യം കഴിച്ച് മിച്ചം വില്‍ക്കാനുള്ളവരാണ്. അതായത് ധനിക കൃഷിക്കാനും ഭൂപ്രഭുക്കന്‍മാരും മുതലാളിത്ത കൃഷിക്കാരും. ധനികരുടെ വരുമാനമുയരുമ്പോള്‍ അവര്‍ അരിയും ഉള്ളിയും ഉരുളക്കിഴങ്ങും പച്ചക്കറിയുമല്ല വാങ്ങുക എന്ന് ആര്‍ക്കാണറിയാത്തത്. അവര്‍ വാങ്ങുക ഭക്ഷ്യേതര വസ്തുക്കളാണ്. 2011 ജനുവരിയില്‍ മാത്രം 23,18,48 ഇന്ത്യന്‍ നിര്‍മിത കാറുകള്‍ വിറ്റഴിഞ്ഞു. 2010 ജനുവരിയില്‍ വിറ്റത് 18,9590 കാറുകളാണ്. അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ വസ്തുക്കളുടെ മേഖല (fast moving consumer goods sector) വിപുലമാവുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അധ്വാനിച്ച പാവങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴും സര്‍ക്കാര്‍ ഗോഡൌണുകളിലെ അരിയും ഗോതമ്പും (2007-08ല്‍ 19.75 ദശലക്ഷം ടൺ, 2010-11ല്‍ 55.43 ദശലക്ഷം ടൺ) പുഴുവരിക്കാന്‍ അനുവദിക്കുകയാണ്. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശത്തിന് പാത്രമായതാണ് ഇക്കാര്യം. ഇത്രയും ഭക്ഷ്യധാന്യം പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്താല്‍ വില കുറയ്ക്കാനാകും. പക്ഷേ, അപ്പോള്‍ കുത്തക വ്യാപാരികളുടെ ലാഭം കുറയും. അതുകൊണ്ട് സര്‍ക്കാര്‍ ഭക്ഷ്യധാന്യ വിതരണത്തിനു തയ്യാറല്ല.
*****
പ്രൊഫ. കെ എന്‍ ഗംഗാധരന്‍, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
No comments:
Post a Comment