ഇതു ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ യുഗമാണ്. ഈ യുഗത്തില്‍ പഴയമട്ടിലൊന്നും ജീവിച്ചാല്‍ പോരാ. കാര്യങ്ങളൊക്കെ ശാസ്ത്രീയമായും ചിട്ടയായും ചെയ്യണം എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാണെതിര്‍ക്കുക? അതിനായി ചില നിയമങ്ങളും ചട്ടവട്ടങ്ങളും ഒക്കെ വേണ്ടേ, എന്നു ചോദിച്ചാലും സമ്മതിച്ചേ തീരൂ.
അങ്ങനെയാണ് അവര്‍ വിത്തു ബില്ല് കൊണ്ടുവന്നത്. സംഗതി ശരിയല്ലേ? ഒരു കര്‍ഷകന്‍ ആരില്‍ നിന്നെങ്കിലും ഗുണമേന്മയുള്ളത് എന്ന വിശ്വാസത്തില്‍ വിത്തോ നടീല്‍ വസ്തുക്കളോ വാങ്ങിയാല്‍ അതിന് എന്തു ഗ്യാരണ്ടിയാണിന്നുള്ളത്? പറഞ്ഞു വിശ്വസിപ്പിച്ചതു പോലുള്ള ഗുണമേന്മയൊന്നും അതിനില്ലെങ്കില്‍ കേസു കൊടുക്കാന്‍ പറ്റുമോ? അപ്പോള്‍ വിത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതല്ലേ? ന്യായമായ ചോദ്യമാണ്. അതിനുവേണ്ടി എന്ന ന്യായേനയാണ് കേന്ദ്രസര്‍ക്കാര്‍ വിത്തു ബില്ലിന് രൂപം കൊടുത്തത്. അതനുസരിച്ച് വിത്തോ നടീല്‍ വസ്തുക്കളോ കച്ചവടം ചെയ്യണമെങ്കില്‍ ലൈസന്‍സു വേണം. ലൈസന്‍സു കിട്ടണമെങ്കില്‍ കുറേ കടമ്പകള്‍ കടക്കണം. വിത്തിന്റെയും നടീല്‍ വസ്തുക്കളുടെയും ഗുണമേന്മ ഉറപ്പുവരുത്താനും തെളിയിക്കാനും വേണ്ട പരീക്ഷണ ഫലങ്ങളും രേഖകളും ഉണ്ടായിരിക്കണം. അതൊന്നും സാധാരണ കര്‍ഷകര്‍ക്കോ നഴ്‌സറിക്കാര്‍ക്കോ പറ്റുന്ന കാര്യമല്ല. അപ്പോള്‍ അവരൊക്കെ ഫീല്‍ഡില്‍ നിന്ന് 'ഔട്ട്' ആകും. ആ രംഗം കൈയ്യടക്കാനായി തക്കം പാര്‍ത്തുനില്‍ക്കുന്ന വമ്പന്‍ സ്രാവുകള്‍ക്കായി ആ മേഖല മുഴുവന്‍ സംവരണം ചെയ്യപ്പെടുകയായിരിക്കും ഫലം.
പക്ഷേ ഗുണമേന്മയുടെയും ക്വാളിറ്റി കണ്‍ട്രോളിന്റെയും പേരില്‍ നടപ്പാക്കുന്ന ഒരു നിയമത്തെ എങ്ങനെ എതിര്‍ക്കും? അതാണ് ജനപക്ഷത്തു നിന്നു ചിന്തിക്കുന്നവര്‍ നേരിടുന്ന ധര്‍മസങ്കടം. നിയമത്തിന്റെ പരിധിയില്‍ നിന്ന് ചെറുകിടക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാം. പക്ഷേ അപ്പോഴും ഉണ്ടാകാം ആക്ഷേപം. ''അതു ശരി; അപ്പോള്‍ നിങ്ങള്‍ പറയുന്നത് ചെറുകിട കര്‍ഷകര്‍ക്ക് എന്ത് നിലവാരം കുറഞ്ഞ വിത്തും വിറ്റോട്ടെ, എന്നാണോ? മെച്ചമുള്ള വിത്തിന്റെ പ്രയോജനം വന്‍കിടക്കാര്‍ക്കു മാത്രം മതിയോ?''
അതുപോലെ തന്നെയാണ് ഇപ്പോള്‍ കൊണ്ടുവരാന്‍ പോകുന്ന സംസ്‌കരിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കളെ (processed foods) സംബന്ധിച്ച നിയമത്തിന്റെ കാര്യവും. പറഞ്ഞു കേട്ടിടത്തോളം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും കുറ്റമറ്റതാണ്. സമീപകാലത്തായി വിപണിയിലെത്തുന്ന സംസ്‌കരിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കളുടെ അളവും വൈവിധ്യവും വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. പണ്ടൊക്കെ പട്ടണങ്ങളില്‍ പോലും ഒന്നോ രണ്ടോ ബേക്കറി മാത്രമേ കാണൂ. ബ്രെഡ്, ബിസ്‌ക്കറ്റ്, സീസണായാല്‍ കുറച്ചു കേക്ക്- തീര്‍ന്നു വിഭവങ്ങള്‍. പക്ഷേ ഇപ്പോഴതിന്‍മാതിരിയൊന്നുമല്ല കാര്യങ്ങള്‍. എന്തെല്ലാം തരം പലഹാരങ്ങളും ഭക്ഷ്യ വസ്തുക്കളുമാണ് ഇന്ന് കടകളിലൂടെ വില്‍ക്കപ്പെടുന്നത്! പണ്ട് വീട്ടിലുണ്ടാക്കിയിരുന്ന അച്ചപ്പം, കുഴലപ്പം, വട്ടയപ്പം, മുറുക്ക്, ചീട, പലതരം മധുരപലഹാരങ്ങള്‍.... എല്ലാം ഇന്ന് കടകളില്‍ ലഭ്യമാണ്. ഒരോ നഗരത്തിലും നൂറുകണക്കിനു കുടുംബങ്ങള്‍ അവ ഉണ്ടാക്കി കടകള്‍ക്കു കൊടുത്ത് ഉപജീവനം കഴിക്കുന്നുണ്ട്. പലഹാരങ്ങള്‍ മാത്രമല്ല ദോശ, ഇഡ്ഢലിമാവ് മുതലായവയും അന്നന്നു വാങ്ങാന്‍ കഴിയും. ഇതോടൊപ്പം തന്നെ പൊട്ടറ്റോ ചിപ്‌സ്, നൂഡില്‍സ് തുടങ്ങിയവ വിപണിയിലെത്തിക്കുന്ന വമ്പന്‍ കമ്പനികളും ഉണ്ട്. അവയില്‍ ബഹുരാഷ്ട്ര ഭീമന്‍മാരുംപെടും. അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ഭക്ഷണ സ്വഭാവങ്ങള്‍ മാറിവരുകയാണെന്നും അത് സഹസ്ര കോടികളുടെ ബിസിനസ് അവസരമാണ് തുറന്നു തരുന്നതെന്നും അവര്‍ക്കറിയാം. പക്ഷേ അവരുടെ കടന്നുകയറ്റത്തെ തടസ്സപ്പെടുത്തുന്നത് നമ്മുടെ ചില പരമ്പരാഗത ഭക്ഷണ ശീലങ്ങളും അവയ്ക്കനുസരിച്ചു വളര്‍ന്നു വന്നിട്ടുള്ള ചെറുകിട ഉല്‍പാദന സംരംഭങ്ങളും ആണ്. ഇതിനെ തകര്‍ക്കാതെ ബഹുരാഷ്ട്ര ഭീമന്‍മാര്‍ക്ക് ഈ മാര്‍ക്കറ്റ് പിടിച്ചടക്കാനാവില്ല.
അവിടെയും ഗുണമേന്മ സംബന്ധിച്ച നിയമങ്ങളെയാണ് അവര്‍ ഉപകരണമാക്കാന്‍ പോകുന്നത്. സംഗതി ശരിയല്ലേ? ഭക്ഷണം പോലെ പരമപ്രധാനമായ ഒരു മേഖലയില്‍ ഗുണമേന്‍മ ഉറപ്പുവരുത്തുന്നത് ഒഴിവാക്കാനാവുമോ? നമുക്കു തിന്നാനുള്ള വസ്തുക്കള്‍ ഏതു സാഹചര്യത്തില്‍ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു നമ്മള്‍ അറിയേണ്ടതല്ലേ? കടയില്‍ നല്ല പ്ലാസ്റ്റിക് റാപ്പറില്‍ പൊതിഞ്ഞ് ആകര്‍ഷകമായി വച്ചിരിക്കുന്ന ഭക്ഷ്യവസ്തു ഉണ്ടാക്കുന്ന സ്ഥലത്തെ സാഹചര്യം എന്താണ്? അതിന്റെയൊക്കെ ചിത്രം സഹിതം ഒരു 'ഫീച്ചര്‍' ഏതെങ്കിലും പ്രമുഖ പത്രത്തില്‍ വന്നാല്‍ തന്നെ അതിന്റെയൊക്കെ ഡിമാന്റ് കുത്തനെ ഇടിയും. പക്ഷേ താമസിയാതെ പിന്നെയും പഴയപടി ആകും. ഇപ്പോള്‍ തന്നെ പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച നിയമങ്ങളുണ്ട്. പക്ഷേ അവ വളരെ ലഘുവാണ്. അത്ര കര്‍ശനമായി നടപ്പാക്കുന്നുമില്ല. അപ്പോഴാണ് ''ഇതൊന്നും ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല; ഇതൊക്കെ ശാസ്ത്രീയമാക്കിയേ അടങ്ങൂ'' എന്ന വാശിയോടെ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.
ഇവിടെയും സംഗതി വിത്തു ബില്ലിന്റെ മാതിരിയിലാണ്. നിര്‍ദ്ദഷ്ട നിയമത്തില്‍ പറയുംപോലെ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ നമ്മുടെ സാധാരണ പ്രാദേശിക നിര്‍മാതാക്കള്‍ക്കെല്ലാം കട പൂട്ടേണ്ടിവരും. അത്ര കര്‍ശനമാണ് ഗുണമേന്മാ നിയന്ത്രണവും അതിനായി നിര്‍ദേശിക്കപ്പെടുന്ന നടപടിക്രമങ്ങളും ശിക്ഷകളും. വീടിന്റെ തളത്തിലിരുന്നു പപ്പടമുണ്ടാക്കി വാതില്‍ക്കലിരുന്നു കച്ചവടം ചെയ്യുന്ന പരമ്പരാഗത കുടുംബങ്ങളും മൈസൂര്‍ പാക്ക്, ലഡ്ഡു, ജിലേബി, മുറുക്ക് മുതലായ പലഹാരങ്ങളും അച്ചാറുകളും ഉണ്ടാക്കി ബേക്കറികള്‍ക്കു വിറ്റ് ഉപജീവനം നടത്തുന്ന ദരിദ്ര കുടുംബങ്ങളും എല്ലാം 'ഔട്ട്' ആകും. ഭക്ഷ്യ സംസ്‌കരണത്തെ ഒരു വ്യവസായമായിക്കണ്ട് വ്യവസായ നിയമങ്ങള്‍ അവിടെ ബാധകമാക്കിയാല്‍ ഇതേ സംഭവിക്കൂ. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ കഞ്ഞികുടിയാണ് മുട്ടുക. പക്ഷേ അതിനു പകരം വന്‍കിട ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളുടെ വിപണി പെരുകും. ഗുണമേന്മയും കൂടും എന്നതില്‍ സംശയമില്ല. പക്ഷേ അതിനു കൊടുക്കേണ്ട വിലയും നാം കാണേണ്ടതല്ലേ? ഗുണമേന്മ എന്ന സങ്കലല്‍പത്തിന് ആ ഒരു രൂപം മാത്രമേ ഉള്ളോ? നമ്മുടെ നാടന്‍ ഉല്‍പാദന സങ്കേതങ്ങളിലും ഗുണമേന്‍മ നിലനിര്‍ത്തുന്നതിനുള്ള സാമൂഹിക സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലേ? രാമശ്ശേരി ഇഡ്ഡലിയുടെയും അമ്പലപ്പുഴ പാല്‍പായസത്തിന്റെയും ഗുണമേന്‍മ നിലനിര്‍ത്തിയത് നിയമങ്ങളായിരുന്നോ? നമ്മുടെ എല്ലാ ഗ്രാമങ്ങളിലും പപ്പടവും അച്ചാറും പലഹാരങ്ങളും ഉണ്ടാക്കി വില്‍ക്കുന്ന ''മൈക്രോ'' സംരംഭകരുടെ ഉല്‍പന്നത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുന്നത് അവരുടെ സ്ഥിരം കസ്റ്റമര്‍മാരോടുള്ള അടുപ്പവും വ്യക്തിബന്ധങ്ങളുമല്ലേ? ''നാളെയും കാണേണ്ടവരാണിവര്‍'' എന്ന വിചാരം വളരെ ഫലപ്രദമായ ഒരു ക്വാളിറ്റി കണ്‍ട്രോള്‍ സംവിധാനമല്ലേ?
തീര്‍ച്ചയായും ഉല്‍പാദകനും ഉപഭോക്താവും മുഖാമുഖം കാണാത്ത വന്‍കിട ഉല്‍പാദന സംഘടിത വിപണന സംവിധാനത്തിന്‍ മേല്‍ സൂചിപ്പിച്ച തരത്തിലുള്ള ഗുണമേന്മാ നിയന്ത്രണം ഫലപ്രദമാവില്ല. അതുകൊണ്ട് ഫാക്ടറി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് നിയമം ബാധകമാകട്ടെ. പക്ഷേ ചെറുകിട ഉല്‍പാദകരെ ഒഴിവാക്കിയേ മതിയാകൂ.
വാസ്തവത്തില്‍ മേല്‍ സൂചിപ്പിച്ച രണ്ട് ഉദാഹരണങ്ങളും ഇന്നു നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഘടനാപരമായ ഒരു പരിവര്‍ത്തനത്തിന്റെ നിദര്‍ശനങ്ങള്‍ മാത്രമാണ്. ചെറുകിട ഉല്‍പാദകരും പ്രാദേശിക ഉപഭോക്താക്കളും അടങ്ങുന്ന ഒരു സമൂഹം എന്ന അവസ്ഥയില്‍ നിന്ന് വന്‍കിട ഉല്‍പാദകരും സംഘടിത വിപണന വ്യവസ്ഥയും എന്ന രീതിയിലേക്ക് നാം മാറിക്കൊണ്ടിരിക്കുകയാണ്. നേരിട്ടുള്ള ബന്ധത്തിലൂടെയുണ്ടാകുന്ന വിശ്വാസ്യതയ്ക്കു പകരം ചെലവേറിയ പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന വിശ്വാസ്യതയാണിപ്പോള്‍ പ്രധാനം. അവിടെ നിയമങ്ങള്‍ മൂലമുള്ള ഗുണനിയന്ത്രണം കൂടിയേ തീരൂ. പരസ്യങ്ങള്‍ വിപണി നിയന്ത്രിക്കുമ്പോള്‍ ഒരുപക്ഷേ ചെറുകിട ഉല്‍പാദകര്‍ ക്രമേണ വിപണിക്കു പുറത്താകാനും മതി. അത് ചരിത്രത്തിന്റെ അനിവാര്യതയായിരിക്കാം. പക്ഷേ അതിനെ സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലൂടെ ത്വരിതപ്പെടുത്തേണ്ടതില്ല. തന്നെയുമല്ല, അതിമര്‍ദ്ദ വിപണന തന്ത്രങ്ങള്‍ക്കിടയിലും നേരിട്ടുള്ള ബന്ധത്തിനെ ആശ്രയിക്കുന്ന വിപണനത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ നാം കാണുന്നുമുണ്ട്. ഒരുപക്ഷേ അവ അതിജീവിക്കുന്നു എന്ന വസ്തുതയാകാം നിയമനിര്‍മാണത്തിലൂടെ അവയെ ഉന്മൂലനം ചെയ്‌തേ തീരൂ എന്ന ഒരുവാശി വന്‍കിട ഉല്‍പാദകര്‍ക്ക് ഉണ്ടാകാനുള്ള കാരണവും. നിര്‍ദിഷ്ട നിയമനിര്‍മാണത്തിനു പിന്നില്‍ വന്‍കിടക്കാരുടെ ലോബി ആണെന്നതിനു സംശയമില്ല. റീട്ടെയില്‍ വിപണിയിലേക്ക് വമ്പന്‍ വിദേശ കമ്പനികള്‍ കടന്നുവരുന്നതിന്റെ മുന്നോടിയാണിത് എന്നതും യാദൃശ്ഛികമല്ല. പണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ലണ്ടിലെ മില്ലുകളില്‍ ഉണ്ടാക്കിയ തുണി ഇന്ത്യയില്‍ കൊണ്ടുവന്നു വിറ്റപ്പോള്‍ മില്‍ തുണിയുടെ ഗുണമേന്മ കൊണ്ടുമാത്രമൊന്നുമല്ല അതിവിടം കീഴടക്കിയത്. അതിന് ''അസാരം കൈക്രിയ'' കൂടി വേണ്ടിവന്നു എന്നതു ചരിത്രം. ഇവിടത്തെ നെയ്ത്തുകാരെ ഉന്മൂലനം ചെയ്യാന്‍ അവര്‍ നിയമവും നികുതിയും ഉണ്ടാക്കി.
അതിന്റെ പുതിയ പതിപ്പ് തന്നെയാണ് വിത്ത് ബില്ലും ഭക്ഷ്യ സംസ്‌കരണ ബില്ലും. അത് നമുക്ക് ഗുണമേന്മയുള്ള വിത്തും ഭക്ഷണവും ഉറപ്പു വരുത്തുക എന്ന നല്ല ലക്ഷ്യത്തോടെയാണ് എന്നു നാം വിശ്വസിക്കുയും വേണം! അപ്പോഴാണ് പറഞ്ഞുപോകുന്നത്! ''ഞങ്ങളിങ്ങനെയൊക്കെ കഴിഞ്ഞോളാം സായിപ്പേ!''
പക്ഷേ ഇപ്പോള്‍ സായിപ്പന്മാര്‍ നേരിട്ടല്ലല്ലൊ ഭരിക്കുന്നത്!
*
ആര്‍.വി.ജി. മേനോന്‍ കടപ്പാട്: ജനയുഗം ദിനപത്രം
Subscribe to:
Post Comments (Atom)
4 comments:
പക്ഷേ ഇപ്പോള്‍ സായിപ്പന്മാര്‍ നേരിട്ടല്ലല്ലൊ ഭരിക്കുന്നത്!
പൊന്‍മുട്ടയിടുന്ന താറാവില്‍ ക്രിഷ്ണന്‍ കുട്ടി നായര്‍ പറയുന്നത് പോലെയാണു ആര്‍ വീ ജി മേനോണ്റ്റെ പ്രലപനം
എനിക്കു കഷായം മതി,
ക്രിഷി ഇടങ്ങള്‍ ചുരുങ്ങി വരുന്നു, കാലാവസ്ഥ മാറി മറിയുന്നു, ക്രിഷിക്കാര്‍ ക്ര്‍ഷി ഉപേക്ഷിക്കുന്നു ആത്മഹത്യ ചെയ്യുന്നു, സറ്‍ക്കാറ്‍ പണം കൊടുത്തിട്ടും നെല്‍ക്ക്റ്‍ഷി ചെയ്യാന്‍ ആളില്ല, കൊയ്ത് യന്ത്റം ഇറക്കാന്‍ സമ്മതിച്ചിട്ടും കൊയ്യാന്‍ നിലമില്ല
പുതിയ ടെക്നോളജി, സംസ്കരണ വ്യവസ്ഥ, പ്റൈവറ്റ് മേഖലയില്‍ ഗോഡൌണ്‍, പുതിയ സ്റ്റോറേജുകള്‍ കോറ്‍പ്പറേറ്റ് ഫാമിംഗ് ഇതൊക്കെ വന്നാലേ ക്റിഷി ലാഭകരമാകു
അല്ലെങ്കില്‍ എന്നാണു പരിഷത്ത് കാറ്‍ക്കു ബുധി ഉദിച്ചിട്ടുള്ളത്?
അമ്പലപ്പുഴ പാല്‍പ്പായസവും കൊട്ടാരക്ക ഉണ്ണിയപ്പവും ഒക്കെ ഇപ്പോള്‍ പുതിയ ടെക്നോളജിയില്‍ ആണു നിറ്‍മ്മിക്കുന്നത് അറിയില്ലെങ്കില്‍ ആ അമ്പലങ്ങളിലെ കഴകപ്പുര പോയി നോക്കുക, ഔട് സോറ്‍സിങ്ങും നടക്കുന്നുണ്ട്
നല്ല ഉല്‍പ്പന്നം ആണെങ്കില്‍ ആള്‍ക്കാറ്‍ വീട്ടില്‍ വന്നു വാങ്ങും , ജിലേബി വില്‍ക്കുന്ന ബ്റാഹ്മണ വീടുകളില്‍ ക്യൂ നിന്നു ആള്‍ക്കാറ്‍ വാങ്ങുന്നുണ്ട്
റിലയന്‍സ് ഫ്റഷ് തുടങ്ങി എന്നും പറഞ്ഞു ചാലക്കമ്പോളത്തില്‍ നിന്നും മലക്കറി വാങ്ങുന്നവരുടെ തിരക്കിനൊരു കുറവും ഇല്ല,
ലേയ്സ് കമ്പനി ഉരുളക്കിഴങ്ങ ക്റിഷിക്കു പണം കൊടുത്ത് പുതിയ വിത്തും നല്‍കി ഉരുളക്കിഴങ്ങിണ്റ്റെ ഉല്‍പ്പാദനം പതിന്‍മടങ്ങായി കീട ബാധ കുറഞ്ഞു, ഇങ്ങിനെ നിശ്ശ്ബ്ദമായി കോറ്‍പ്പറേറ്റ് ഫാമിംഗ് വടക്കേ ഇന്ത്യയില്‍ ഈ നിയമത്തിനു മുന്‍പേ ക്റ്‍ഷിക്കാറ്‍ നൂതന സമ്പ്റദായം അഡോപ്റ്റ് ചെയ്തു കഴിഞ്ഞു
ക്റിഷി ഒന്നുമില്ലാതെ കേരളത്തിണ്റ്റെ മൂലക്കിരിക്കുന്ന ആറ്‍ വീ ജി കഥയെന്തറിഞ്ഞു
ഒരു കാലത്ത് അമേരിക്കയിലും നമ്മുടെ നാട്ടിലേതു പോലെ ധാരാളം ചെറു കടകള്‍ ഉണ്ടായിരുന്നു. പിന്നീട് അവയൊക്കെ നിയമം മൂലം അടച്ചു പൂട്ടിക്കുകയാണുണ്ടായത്. അടുത്തകാലത്ത് അവിടെ വീട്ടില്‍ കറന്നെടുക്കുന്ന പാല്‍ വില്‍ക്കാനുള്ള അവകാശത്തിനായി ക്ഷീര കര്‍ഷകര്‍ സമരത്തിലായിരുന്നു.
ഈ മുതലാളി നിയമങ്ങള്‍ ചെറുത്തു തോല്‍പ്പിച്ചില്ലെങ്കില്‍ നമ്മുടെ സാധാരണക്കാര്‍ കഷ്ടത്തിലാകും.
Post a Comment