മറ്റുഭാഗങ്ങള്‍ക്ക് ആള്‍ദൈവങ്ങള്‍ എന്ന ലേബല്‍ നോക്കുക
നില്‍ക്കക്കള്ളിയില്ലാതെ ദൈവമാവുന്നവര്‍
ആള്‍ദൈവങ്ങളായി സ്വയം ചമഞ്ഞ് നടന്നിരുന്നവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായ സംഭവങ്ങളുമുണ്ട്. സിനിമാ സംവിധായകന്‍ ദൈവമായ കഥയാണ് കോഴിക്കോടിനടുത്ത് കാരന്തൂരില്‍ സംഭവിച്ചത്. സിനിമയില്‍ പൊട്ടിയതുപോലെ ഭക്തിയുടെ ഫീല്‍ഡിലും പുള്ളിക്ക് പിടിച്ചുനില്‍ക്കാനായില്ല. സുനില്‍ താന്‍ പരമശിവന്റെ അവതാരമാണെന്ന് ഒരു ദിവസം പ്രഖ്യാപിക്കുകയായിരുന്നു. വിശ്വചൈതന്യ എന്ന് പേരുമാറ്റിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലീലാവിലാസങ്ങള്‍. പരമശിവന്റെ അവതാരമായ സ്വാമി ദിവ്യദര്‍ശനത്തിലിരിക്കുമ്പോള്‍ സ്വാമിയുടെ കഴുത്തില്‍ വലിയൊരു സര്‍പ്പമുണ്ടാകുമെന്നും ശരീരത്തിലെല്ലായിടത്തും സര്‍പ്പങ്ങള്‍ നിറയുമെന്നൊക്കെയായിരുന്നു കഥകള്‍. മാനത്തെ കൊട്ടാരം ഉള്‍പ്പെടെയുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സുനില്‍ താന്‍ തന്നെ നിര്‍മിച്ച പൂനിലാമഴ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം വലിയ കടക്കാരനായി. തന്നെ വണ്ടിച്ചെക്ക് തന്ന് കബളിപ്പിച്ചു എന്ന് തിലകന്‍ ഉള്‍പ്പെടെയുള്ളവര്‍ സുനിലിനെതിരെ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വചൈതന്യ എന്ന പേരില്‍ പുതിയ അവതാരമായി സുനില്‍ ഒരു ദിവസം അവതരിപ്പിച്ചത്.
ചെന്നൈയില്‍ വെച്ച് കണ്ട ഒരു സന്ന്യാസിയാണ് താന്‍ ശിവന്റെ അവതാരമാണെന്ന സത്യം തനിക്ക് മനസ്സിലാക്കിത്തന്നത് എന്നായിരുന്നു വിശ്വചൈതന്യയുടെ പ്രചാരണം. കാരന്തൂരില്‍ വിശ്വചൈതന്യ മണ്ഡലം എന്ന പേരില്‍ ആശ്രമം തുടങ്ങിയ സുനിലിന്റെ വളര്‍ച്ചയും വളരെ പെട്ടന്നായിരുന്നു. മുസ്‌ലിം വിഭാഗക്കാരെയും സ്വാധീനിക്കാന്‍ ആശ്രമത്തില്‍ വെച്ച് റംസാന്‍ പെരുന്നാളിന് ബിരിയാണി ഉണ്ടാക്കി വിതരണം ചെയ്തതോടെ ഹിന്ദു സംഘടനകള്‍ സ്വാമിക്കെതിരായി.
സന്തോഷ് മാധവന്‍ ഭക്തിയുടെ മറവില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകളെത്തുടര്‍ന്ന് കേരളത്തിലെമ്പാടും ആള്‍ദൈവങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായപ്പോള്‍ വിശ്വചൈതന്യയും തകര്‍ന്നു. അന്ന് മുങ്ങിയ സ്വാമി പിന്നീട് പ്രത്യക്ഷപ്പെട്ടത് സിനിമാക്കാരന്‍ തന്നെയായിട്ടാണ്. പക്ഷെ 'കഥ പറയും തെരുവോരം' എന്ന ചിത്രം ദയനീയമായി പരാജയപ്പെട്ടു. ആശ്രമജീവിതത്തിന് താത്ക്കാലിക വിട നല്‍കി 'ലക്കി ജോക്കേഴ്‌സ്' എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനത്തിലാണ് സുനിലെന്ന വിശ്വചൈതന്യ ഇപ്പോള്‍.
ഇതേപോലെ തകര്‍ന്ന മറ്റൊരു ആള്‍ ദൈവമാണ് ബാലുശേരിയിലെ ചന്ദ്രമാമ. മധ്യവയസിലാണ് ചന്ദ്രനെന്ന ചന്ദ്രമാമയ്ക്ക് ഉള്‍വിളിയുണ്ടായത്. സ്വയം ദൈവമാണെന്ന് പ്രഖ്യാപിച്ച് വീടിനോട് ചേര്‍ന്ന് ആശ്രമവും പ്രാര്‍ഥനാലയവുമൊക്കെയുണ്ടാക്കി. അധികം വൈകാതെ പ്രമുഖരടക്കം അനേകം പേര്‍ ചന്ദ്രമാമയുടെ ഭക്തരായി. ചന്ദ്രമാമ ദൈവമായതോടെ കാട്ടുമുക്കായിരുന്ന സ്ഥലത്ത് ഹോട്ടലുകളും മറ്റ് കടകളും പൊന്തി. ഭക്തിയോടൊപ്പം കച്ചവടവും പൊടിപൊടിച്ചു. തെക്കന്‍ കേരളത്തില്‍ നിന്നുവരെ വണ്ടിപിടിച്ച് ആളെത്തി. പക്ഷേ ഏതൊരുവന്റെയും വളര്‍ച്ചയ്ക്ക് പിന്നില്‍ ഒരു സ്ത്രീയുണ്ടാകുമെന്ന ചൊല്ലിനെ മലര്‍ത്തിയടിച്ച് ചന്ദ്രമാമയുടെ ഭാര്യ തന്നെ ആദ്യം ഇയാള്‍ക്കെതിരെ രംഗത്തെത്തി. ഭര്‍ത്താവ് ദൈവമായിട്ടൊന്നും കാര്യമില്ല തന്റെ കാര്യം കൂടി നോക്കണമെന്ന് അവര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ ആള്‍ദൈവം സ്വയം അപമാനിതനാകുകയും ഭക്തന്മാര്‍ ഓരോരുത്തരും വലിയുകയും ചെയ്തു. ഭാര്യവീട്ടുകാര്‍ കൂടി എതിരായതോടെ ഇയാള്‍ കട്ടയും പടവും മടക്കി. ഇപ്പോള്‍ 'ചന്ദ്രന്‍ ദൈവം' വീട്ടിലെ പശുവിനെ അഴിച്ചുകെട്ടി തീറ്റിക്കുന്നത് കാഴ്ച ബാലുശേരിയിലെത്തിയാല്‍ കാണാം.
കേരളത്തിലെ ഓരോ പഞ്ചായത്തിലും വ്യവസ്ഥാപിത മതങ്ങളുടെ തോടുപൊളിച്ച് ആളുകള്‍ സ്വയം ദൈവമാകുന്നതും ദൈവപുത്രരാകുന്നതും ദൈവദാസരാകുന്നതും കാണാം. ഇവരെല്ലാം കണ്ണടച്ചുതുറക്കുന്നതിന് മുമ്പേ വന്‍സമ്പത്ത് നേടുന്നതും കാണാം. അധികം മുതല്‍മുടക്കില്ലാത്ത ഏറ്റവും ലാഭമുണ്ടാക്കാവുന്ന കച്ചവടങ്ങളുടെ ഗണത്തില്‍ പ്രഥമസ്ഥാനം 'ഭക്തി' മാര്‍ഗത്തിനാണ്. ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ മതഭേദമില്ലാതെ ദൈവങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ ലക്ഷങ്ങളാണുള്ളത്.
കേരളീയരായ ആള്‍ദൈവങ്ങള്‍ക്ക് പുറമെ ഹിമാലയ സാനുക്കളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ദിവ്യന്മാരും യോഗികളും ദൈവങ്ങളുമൊക്കെ വി പി പിയായും കൊറിയര്‍ വഴിയും കേരളത്തില്‍ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. മാന്ത്രിക ഏലസുകളും ഇടംപിരി വലംപിരിശംഖും, രുദ്രാക്ഷവും കുബേര്‍കുഞ്ചിയുമൊക്കെ കേരളത്തില്‍ നിന്ന് ലക്ഷങ്ങളാണ് കൊണ്ടുപോകുന്നത്.
സന്തോഷ് മാധവന്റെ രാസലീലകള്‍ പുറത്തായപ്പോള്‍ കേരളത്തില്‍ വ്യാജദൈവങ്ങള്‍ക്കെതിെര ശക്തമായ ജനരോഷമാണുയര്‍ന്നത്. എല്ലാ വിവാദങ്ങളെയും പോലെ ആഴ്ചകള്‍ക്കുള്ളില്‍ പ്രതിഷേധം അവസാനിച്ചു. പഴയതും പുതിയതുമായ ആള്‍ ദൈവങ്ങള്‍ വീണ്ടും തലപൊക്കി. ഇനിയൊരു രാസലീല അനാവരണം ചെയ്യപ്പെടുന്നതുവരെ ഈ ദൈവങ്ങള്‍ വിലസിക്കൊണ്ടേയിരിക്കും.
*
ഷിബു ടി ജോസഫ്, കെ കെ ജയേഷ് കടപ്പാട്: ജനയുഗം ദിനപത്രം
Subscribe to:
Post Comments (Atom)
4 comments:
തലപൊക്കുന്ന ആള്‍ദൈവങ്ങള്‍ - 5
Very Good,
Read.http://seejojoy.blogspot.com/
മുഴുവന്‍ ആള്‍ദൈവങ്ങളെയും തകര്‍ത്തെറിയണം. മറ്റുള്ളവരെല്ലാം കഴുതകളാണെന്ന് അവര്‍ കരുതുന്നുണ്ടാവണം.
കഴുതകളാണെന്ന് അവർ കരുതുന്നതുകൊണ്ടല്ല. എല്ലാവരും കഴുതകളായതുകൊണ്ടുതന്നെയാണ്. അത് സമ്മതിക്കാൻ ഒരു വെഷമം. എന്നിട്ട് കുറ്റം ആസാമിമാർക്ക്.
Post a Comment