Tuesday, February 8, 2011

വാര്‍ത്തയുടെ വിളമ്പുകാര്‍

തിരുവിതാംകൂറിലെ അവസാന ഭരണാധികാരി ചിത്തിര തിരുനാളിന്റെ കിരീടധാരണം സോമകാന്തന്‍ ഇന്നും ആവേശത്തോടെ ഓര്‍ക്കും. കാല്‍പന്ത് കളിച്ചുനടക്കേണ്ട പ്രായത്തില്‍ പത്രം വിളിച്ചുപറഞ്ഞ് വിറ്റു നടന്ന പയ്യന് കിട്ടിയ ലാഭം 25 രൂപ. അന്ന് ഒരു മാസത്തിലേറെ സുഖമായി കഴിയാന്‍ അത് ധാരാളം. മഹാരാജാവിന്റെ പൂര്‍ണകായചിത്രമുള്ള വിശേഷാല്‍പ്രതി നെഞ്ചോടടുക്കിപ്പിടിച്ചാണ് അനന്തപുരിയുടെ തെരുവീഥികളിലൂടെ അന്ന് സോമകാന്തന്‍ നടന്നത്. ചൂടപ്പംപോലെയായിരുന്നു വില്‍പന. ആവശ്യക്കാര്‍ കൂടിയപ്പോള്‍ 28 ചക്രത്തിന്റെ പതിപ്പ് ഇരട്ടി വിലയ്ക്കും വിറ്റു. ഏജന്റിനോട് പത്രം വാങ്ങി മൂന്നുപേര്‍ ചേര്‍ന്നാണ് വിറ്റത്. ലാഭം മൂന്നായി പങ്ക് വെക്കുകയായിരുന്നു.

കേസരി പ്രസില്‍ കമ്പോസിങ് പരിശീലനത്തിന് ചേര്‍ന്ന സോമകാന്തന്‍ കൌമുദി പത്രം നാല് കാശിന് വിളിച്ചുപറഞ്ഞു വില്‍ക്കുന്ന പണി തുടങ്ങി. 1956ല്‍ ഇഎംഎസില്‍ നിന്ന് പാര്‍ടി കാര്‍ഡ് വാങ്ങിയതോടെ പത്രവിതരണം രാഷ്ട്രീയദൌത്യം കൂടിയായി. ദേശാഭിമാനി കൊച്ചിയില്‍ ആരംഭിച്ചതു മുതല്‍ ഏജന്റാണ്. പത്രവിതരണത്തില്‍ മുക്കാല്‍ നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള പട്ടം പൊട്ടക്കുഴി കരിപ്പിക്കവിളയില്‍ സോമകാന്തന്റെ പ്രയാണത്തിന് 89-ാം വയസ്സിലും മാറ്റമില്ല. ഇ എം എസ്, എ കെ ജി, എം എന്‍ ഗോവിന്ദന്‍നായര്‍, ശങ്കരനാരായണന്‍ തമ്പി, ടി വി തോമസ് തുടങ്ങിയ നേതാക്കള്‍ പ്രഭാതങ്ങളില്‍ മുടങ്ങാതെ സോമകാന്തനിലൂടെ വൃത്താന്തങ്ങള്‍ അറിഞ്ഞു. എ കെ ജി സെന്ററില്‍ തുടക്കംമുതല്‍ സോമകാന്തനാണ് പത്രം എത്തിക്കുന്നത്. മകളിലൂടെയും കൊച്ചുമക്കളിലൂടെയും ആ ദൌത്യം ഇന്നു തുടരുന്നു.

പാലക്കാട് നെല്ലിയാമ്പതിയിലെ കാട്ടുപാതകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും ഏറെ പരിചിതനാണ് പാടഗിരി പന്തല്ലൂര്‍ രാമചന്ദ്രന്‍. പാടഗിരി കവലയില്‍നിന്ന് പുലര്‍ച്ചെ പത്രക്കെട്ടുമായി തുടങ്ങുന്ന കാല്‍നടയാത്ര പുലയമ്പാറ, കൈകാട്ടി, മണലാരു, ലില്ലി, പോത്തുപാറ തുടങ്ങിയ സ്ഥലങ്ങള്‍ താണ്ടി തിരികെ എത്തുമ്പോള്‍ പത്ത് കിലോമീറ്ററിലധികം പിന്നിട്ടിട്ടുണ്ടാകും. പത്തുവര്‍ഷമായി ഈ യാത്രയ്ക്ക് മുടക്കമില്ല. കാട്ടാനയും പുള്ളിപ്പുലിയും കലമാനും കരടിയുമെല്ലാം വഴിമുടക്കാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.

മൂന്നാര്‍ മറയൂരിലെ മാടസ്വാമിയും തിരുനെല്ലിയിലെ സന്തോഷും സീതത്തോട്ടിലെ പ്രെറ്റിയും കൈനകരിയിലെ പൌലോസും ഉള്‍പ്പെടെ ഒന്നരലക്ഷത്തോളം പേര്‍ കൂടിച്ചേരുന്ന ഈ സമൂഹമാണ് കേരളത്തിലെ പത്രഏജന്റുമാരും വിതരണക്കാരും. പ്രഭാതത്തിലെ ചൂടുചായക്കൊപ്പം അക്ഷരം രുചിക്കുന്ന മലയാളിയുടെ ശീലത്തിന് ഭംഗം വരാതിരിക്കാന്‍ മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ ഉണര്‍വോടെ കര്‍മനിരതരാകുന്ന സമൂഹം.

മാനന്തവാടിയില്‍നിന്ന് 31 കിലോമീറ്റര്‍ അകലെ തിരുനെല്ലിയില്‍ ദേശാഭിമാനി ഏജന്റാണ് സന്തോഷ്കുമാര്‍. തിരുനെല്ലിക്കുള്ള വഴിയേ പലപ്പോഴും ആനക്കൂട്ടമുണ്ടാകും. കാപ്പിത്തോട്ടങ്ങളില്‍ പന്നിയായിരിക്കും വിരുന്നുകാരന്‍. ആദിവാസികോളനികളില്‍ പത്രവിതരണം നടത്തുന്നതിന് കാല്‍നടമാത്രമാണ് ആശ്രയം. കൂമ്പാരക്കുനി, അറവനാഴി, കൊല്ലിമൂല, കാളന്‍കോടി, പോത്തുമൂല തുടങ്ങിയ കോളനികള്‍ കയറിയിറങ്ങുമ്പോഴേക്കും നേരം നട്ടുച്ചയാകും. വയലും കുന്നും ഒറ്റയടിപ്പാതയും കടന്നുവേണം വരിക്കാരുടെ വീട്ടിലെത്താന്‍.

നാലാംക്ളാസില്‍ പഠിക്കുമ്പോള്‍ വള്ളത്തില്‍ പത്രവിതരണം ആരംഭിച്ച കുട്ടനാട് കൈനകരി തോട്ടുവാതല കുരിവിടശേരി പൌലോസ് ഇടയ്ക്ക്് മുടക്കിയത് പഠനംമാത്രം. 60-ാം വയസ്സിലും പത്രവിതരണരംഗത്ത് പൌലോസ് സജീവം. രണ്ട് പത്രത്തിലായി 176 വരിക്കാര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ആലപ്പുഴ- ചങ്ങനാശേരി റൂട്ടിലെ പണ്ടാരക്കുളം ജങ്ഷനില്‍ പത്രം വരും. സൈക്കിളിലും കാല്‍നടയായും 25 എണ്ണം വിതരണം നടത്തും. പിന്നെ വള്ളത്തില്‍ കൈനകരി പഞ്ചായത്തിലെ ഏഴ് വാര്‍ഡില്‍ 150 പത്രം എത്തിക്കും. പണി കഴിയുമ്പോള്‍ ഉച്ച. എത്ര താമസിച്ചാലും ഭക്ഷണം വീട്ടിലെത്തിയെ കഴിക്കൂ.

കോട്ടയം കുമരകത്തിനടുത്ത് അപ്പിച്ചേരി മഠത്തിലെ രഘുനാഥമേനോന് പത്രവിതരണം കുടുംബകാര്യമാണ്. ആറ് പത്രത്തിന്റെ അട്ടിപ്പീടിക ഏജന്റാണ് മേനോന്‍. ടിടിസിക്ക് പഠിക്കുന്ന അമൃതയും ഒമ്പതാംക്ളാസുകാരി മാളവികയും പത്രവിതരണത്തിന് മുന്നിലുണ്ട്. ഭാര്യ ബീനയുമൊത്ത് പുലര്‍ച്ചെ ജങ്ഷനിലെത്തുന്ന മേനോന്‍ പത്രക്കെട്ട് വേര്‍തിരിക്കുമ്പോഴേക്കും മക്കളെത്തും. മാളവിക സൈക്കിളിലാണ് പത്രവിതരണം. പത്രവിതരണക്കാരായ വൃദ്ധദമ്പതികളും കുമരകത്തിന്റെ കാഴ്ചവട്ടത്തുണ്ട്. തമ്പി (76)യും ഭാര്യ ലീലാമ്മ (60)യും തലച്ചുമടായി പത്രവിതരണം തുടങ്ങിയിട്ട് 14 വര്‍ഷമായി. അഞ്ചുമുതല്‍ ഒമ്പതു മണിവരെയുള്ള ഈ അധ്വാനത്തില്‍നിന്നാണ്് ദമ്പതികളുടെ അന്നം.

കൂലിപ്പണിക്കൊപ്പം പത്രഏജന്‍സിയും പോറലേല്‍ക്കാതെ കൊണ്ടുപോകുന്ന കഥയറിയാന്‍ മട്ടന്നൂര്‍ പഴശ്ശിനോര്‍ത്ത് എന്‍ കെ നഗര്‍ പത്ര ഏജന്റ് നളിനിയെ കണ്ടാല്‍ മതി. നേരം പുലരുംമുമ്പ് ഒരു സ്തീരൂപം ഒറ്റയ്ക്ക് റോഡില്‍ കണ്ട് പിന്നാലെ വന്നയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ആറുവര്‍ഷം മുമ്പുള്ള കാര്യമാണെങ്കിലും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചങ്കിടിപ്പ്. തിരിഞ്ഞുനിന്ന് കടുപ്പിച്ച് ഒന്നു നോക്കിയപ്പോള്‍ വണ്ടിക്ക് സ്പീഡ്കൂട്ടി ആള്‍ തിരിച്ചുപോയി. നളിനിക്ക് ഇപ്പോള്‍ പ്രായം 58.

ഭര്‍ത്താവിന്റെ മരണത്തോടെയാണ് പത്തനംതിട്ട കൊക്കാത്തോട്ടിലെ പത്രം ഏജന്റായി പ്രെറ്റി ചുമതലയേല്‍ക്കുന്നത്. കോട്ടമണ്‍പാറയിലും അപ്പൂപ്പന്‍തോട്ടിലും പത്രം എത്തിക്കാന്‍ പലകൈ മറിക്കേണ്ടിവരും. ചിലപ്പോള്‍ രണ്ടുദിവസത്തെ പത്രം ഒരുമിച്ചാകും എത്തിക്കാന്‍ കഴിയുക.

പത്തു വര്‍ഷം മുമ്പാണ് പുലര്‍ച്ചെ പത്രവുമായി ബൈക്കില്‍ പോകുമ്പോള്‍ കൊല്ലം കടയ്ക്കലിലെ പത്രം ഏജന്റ് സജീവിനെ കുറ്റിക്കാട് ജങ്ഷനില്‍ എതിരെവന്ന ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്. ആറുമാസം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ. എന്നിട്ടും സജീവ് ഏജന്‍സി വിട്ടില്ല. റിട്ടയര്‍മെന്റ് ഇല്ലാത്ത തൊഴിലില്‍ മരണംവരെ തുടരുമെന്ന് സജീവ്.

ആറുപതിറ്റാണ്ടായി പത്രംഏജന്റായ കുണ്ടറയിലെ വര്‍ഗീസിന് ഈ രംഗത്ത് മൂപ്പന്‍സ്ഥാനമുണ്ട്. പ്രഭാതവും മലയാളരാജ്യവും വിതരണം നടത്തിയ വര്‍ഗീസിന് ഇപ്പോള്‍ 77 വയസ്സ്. ഏഴ് പഞ്ചായത്തില്‍വരെ ഒരേസമയം പത്രവിതരണം നടത്തിയിട്ടുണ്ട്. പത്രംഏജന്റുമാര്‍ക്ക് സംഘടനയുണ്ടാക്കുകയും 1986ല്‍ ന്യൂസ്പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാകുകയും ചെയ്തു. എന്നാല്‍, അസോസിയേഷന്‍ കൂടുതല്‍നാള്‍ മുന്നോട്ടുപോകാന്‍ പത്രമാനേജ്മെന്റുകള്‍ അനുവദിച്ചില്ല. ഒറ്റപ്പെടുമെന്നായപ്പോള്‍ സംഘടന വേണ്ടെന്നുവച്ചു. ദേശാഭിമാനിക്ക് മാത്രം പ്രതിദിനം 1300 പത്രം വിതരണംചെയ്ത അനുഭവം പറയുമ്പോള്‍ നീണ്ടകര ശങ്കരനെന്ന ഏജന്റിന് അഭിമാനം.

കൊല്ലം തിരുമുല്ലവാരം കൈക്കുളങ്ങര നോര്‍ത്ത് മേപ്പിലാംകീഴില്‍ വിനുരാധാകൃഷ്ണന്‍ പത്രവിതരണരംഗത്തെ പുത്തന്‍ തലമുറയുടെ പ്രതിനിധിയാണ്. ഫാത്തിമമാതാ നാഷണല്‍ കോളേജിലെ ബികോം ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥി. പഠനത്തിനൊപ്പം പത്രവിതരണം നടത്താന്‍ വിനുവിന് പ്രേരണയായത് വീട്ടിലെ സാഹചര്യങ്ങള്‍. ജീവിതത്തില്‍ കൃത്യനിഷ്ഠ ഉണ്ടാക്കിയത് പത്രവിതരണമാണെന്ന് വിനു. പഠനത്തെ പത്രവിതരണം ബാധിച്ചിട്ടില്ലെന്നാണ് വിനുവിന്റെ അനുഭവം.

ഹരിപ്പാട്, പള്ളിപ്പാട്, ചിങ്ങോലി തുടങ്ങിയ പ്രദേശങ്ങളിലെ ദേശാഭിമാനി ഏജന്റായിരുന്ന കൊച്ചുകൃഷ്ണപിള്ള ഏതാണ്ട് 40 കൊല്ലംമുമ്പ് സ്വന്തം നിലയില്‍തന്നെ വാര്‍ഷിക അര്‍ധവാര്‍ഷിക വരിസംഖ്യകള്‍ നടപ്പിലാക്കി. പ്രമാണിമാര്‍ വരിസംഖ്യ കൃത്യമായി നല്‍കാനൊന്നും മെനക്കെടാറില്ല. വെള്ളപ്പൊക്കവും പട്ടിണിയുമെല്ലാമായി കൃഷിക്കാര്‍ക്കും എപ്പോഴും പണം കൊടുക്കാനും കഴിയാറില്ല. എന്നാല്‍ കൊച്ചുകൃഷ്ണപിള്ളക്ക് പത്രം മുടക്കാന്‍ ഇതൊന്നും മതിയായ കാരണങ്ങളല്ല. കൊയ്ത്തുകഴിഞ്ഞ് വറുതിയില്ലാത്ത കാലത്ത് എല്ലാവരും സന്തോഷത്തോടെ വരിസംഖ്യ നെല്ലായി നല്‍കും. കളത്തിലെത്തിയാണ് നെല്ല് വാങ്ങുന്നത്. കൊച്ചുകൃഷ്ണപിള്ള 10 വര്‍ഷം മുമ്പാണ് മരിച്ചത്.

ഉറക്കം ഉണരുമ്പോള്‍ എല്ലാദിവസവും വായനക്കാരനു മുന്നിലെത്തുന്ന വിഭവസമൃദ്ധമായൊരു സദ്യയാണ് പത്രങ്ങള്‍. എരിവും പുളിയും കയ്പും മധുരവും നിറവും മണവും എല്ലാം ചേരുന്ന അക്ഷരസദ്യ. എത്ര മികച്ചപത്രമായാലും സമയത്തിനു കിട്ടിയില്ലെങ്കില്‍ വായനക്കാര്‍ പിണങ്ങും. നല്ല വാര്‍ത്തകള്‍, മികച്ച രൂപകല്‍പ്പന, ഭംഗിയുള്ള അച്ചടി എന്നിവയുമായി തയ്യാറാകുന്ന പത്രം വായനക്കാരനു മുന്നില്‍ ചിട്ടയോടെയും യഥാസമയത്തും വിളമ്പുകയെന്ന കര്‍ത്തവ്യം നിര്‍വഹിക്കുന്നവരാണ് ഏജന്റുമാരും വിതരണക്കാരും. ഒരുദിവസം നീളുന്ന പ്രവര്‍ത്തനത്തിന്റെ ചക്രം പൂര്‍ണതയില്‍ എത്തിക്കുന്ന 'വാര്‍ത്തയുടെ വിളമ്പുകാര്‍'.

ആത്മബന്ധം കൈവിടാതെ

ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ എല്ലാമാസവും മുടങ്ങാതെ പണം അടയ്ക്കുന്ന ഏജന്റാണ് സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍. പേരാമ്പ്ര ഏരിയയിലെ വെള്ളിയൂരിലെ ദേശാഭിമാനി ഏജന്റാണ് ഇദ്ദേഹം. പത്രവുമായുള്ളൊരു ആത്മബന്ധത്തിന്റെ ഭാഗംകൂടിയാണിത്. ഒരു ക്യാമ്പയിന്‍ സമയത്താണ് സ്വന്തമായി ഏജന്‍സി എടുത്ത് പ്രചാരണം തുടങ്ങിയത്. രാമകൃഷ്ണന്റെ ഏജന്‍സിയില്‍ ഇതുവരെ പത്രം കുറഞ്ഞിട്ടില്ല. ജില്ലാസെക്രട്ടറിയായശേഷം സമയപരിമിതിമൂലം ഭാര്യാപിതാവും സിപിഐ എം പേരാമ്പ്ര ഏരിയകമ്മിറ്റി അംഗവുമായ എന്‍ കെ ചേക്കോട്ടി വരിസംഖ്യ പിരിക്കുന്നതില്‍ സഹായിക്കുന്നു.

മേപ്പയൂര്‍ എംഎല്‍എ കെ കെ ലതികയാണ് കോഴിക്കോട് കക്കട്ടിലെ ദേശാഭിമാനി ഏജന്റ്. അച്ഛന്‍ കെ കെ കുഞ്ഞിച്ചാത്തുവാണ് 1981ല്‍ ലതികയ്ക്ക് ഏജന്‍സി കൈമാറിയത്. സഹോദരങ്ങളായ പാര്‍ടി ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ കെ സുരേഷ് കുളങ്ങേഴത്തും കെ കെ ദിനേശ് പുളിയനാട്ടെയും ദേശാഭിമാനി ഏജന്റുമാരാണ്. കുന്നുമ്മല്‍ പഞ്ചായത്തിന്റെ പകുതിയോളം ഭാഗങ്ങളില്‍ ദേശാഭിമാനി വിതരണം നടത്തുന്നത് ഈ കുടുംബമാണ്. വാര്‍ഷിക വരിക്കാരെ ചേര്‍ക്കാന്‍ എംഎല്‍എ നേരിട്ടിറങ്ങും. പത്രവിതരണത്തിന് ഇപ്പോള്‍ പ്രത്യേകം ആളുകളെ വച്ചിട്ടുണ്ട്. കലക്ഷനും ഇവര്‍ നോക്കുന്നു. എന്നാല്‍, വരിസംഖ്യ കുടിശ്ശികയായാല്‍ എംഎല്‍എ ഇടപെടും.

*
ജയന്‍ ഇടയ്ക്കാട് കടപ്പാട്: ദേശാഭിമാനി വാ‍രാന്തപ്പതിപ്പ് 06 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരുവിതാംകൂറിലെ അവസാന ഭരണാധികാരി ചിത്തിര തിരുനാളിന്റെ കിരീടധാരണം സോമകാന്തന്‍ ഇന്നും ആവേശത്തോടെ ഓര്‍ക്കും. കാല്‍പന്ത് കളിച്ചുനടക്കേണ്ട പ്രായത്തില്‍ പത്രം വിളിച്ചുപറഞ്ഞ് വിറ്റു നടന്ന പയ്യന് കിട്ടിയ ലാഭം 25 രൂപ. അന്ന് ഒരു മാസത്തിലേറെ സുഖമായി കഴിയാന്‍ അത് ധാരാളം. മഹാരാജാവിന്റെ പൂര്‍ണകായചിത്രമുള്ള വിശേഷാല്‍പ്രതി നെഞ്ചോടടുക്കിപ്പിടിച്ചാണ് അനന്തപുരിയുടെ തെരുവീഥികളിലൂടെ അന്ന് സോമകാന്തന്‍ നടന്നത്. ചൂടപ്പംപോലെയായിരുന്നു വില്‍പന. ആവശ്യക്കാര്‍ കൂടിയപ്പോള്‍ 28 ചക്രത്തിന്റെ പതിപ്പ് ഇരട്ടി വിലയ്ക്കും വിറ്റു. ഏജന്റിനോട് പത്രം വാങ്ങി മൂന്നുപേര്‍ ചേര്‍ന്നാണ് വിറ്റത്. ലാഭം മൂന്നായി പങ്ക് വെക്കുകയായിരുന്നു.