Monday, February 28, 2011

ഗദ്ദാഫിയും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക്

ടുണീഷ്യയിലെ ജനകീയ വിപ്ളവത്തിന്റെ വിജയം പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും അറബി സ്വേച്ഛാധിപതികളെ കിടിലംകൊള്ളിച്ചുകൊണ്ടിരിക്കുകയാണ്. വമ്പിച്ച പോരാട്ടത്തിനുശേഷം ഈജിപ്തിലെ ജനകീയവിപ്ളവം വിജയിക്കുകയും സ്വേച്ഛാധിപതിയും അമേരിക്കന്‍ പക്ഷപാതിയുമായിരുന്ന ഹൊസ്നി മുബാറക് സ്ഥാനഭ്രഷ്ടനാകുകയുംചെയ്തു. സൈന്യത്തിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസംവിധാനത്തിന് ഈജിപ്ത് തയ്യാറെടുക്കുകയാണ്. അടുത്ത ഊഴം ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിക്കാണെന്നു തോന്നുന്നു. അള്‍ജീരിയയിലും ജോര്‍ദാനിലും സിറിയയിലും യമനിലും ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചുവരികയാണെങ്കിലും കുന്തമുന ഗദ്ദാഫിക്കുനേരെയാണ്.

പട്ടാള അട്ടിമറിയിലൂടെ 1969ല്‍ ഭരണം പിടിച്ചെടുത്ത കേണല്‍ ഗദ്ദാഫി 42 വര്‍ഷമായി ഏകാധിപത്യം തുടരുകയാണ്. മുമ്പ് ഇറ്റലിയുടെ കോളനി ആയിരുന്ന ലിബിയ ഭരിച്ചിരുന്നത് ഐദ്രീസ് രാജാവായിരുന്നു. 1951ല്‍ ജനപിന്തുണയോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഐദ്രീസ് 1969വരെ ഭരണാധികാരിയായി തുടര്‍ന്നു.

ഗദ്ദാഫിയുടെ തുടക്കം

1950കള്‍ വരെ അറബി രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണം നടത്തിയിരുന്ന സുല്‍ത്താന്മാരെപ്പോലെ ഐദ്രീസ് രാജാവും യാഥാസ്ഥിതികനും പടിഞ്ഞാറന്‍ പക്ഷപാതിയുമായിരുന്നു. അവിടത്തെ വലിയ എണ്ണനിക്ഷേപങ്ങള്‍ പടിഞ്ഞാറന്‍ ഉടമസ്ഥതയിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ പത്ത് എണ്ണ സമ്പന്നരാഷ്ട്രങ്ങളില്‍ ഒന്നാണ് ലിബിയയെങ്കിലും അതിന്റെ പ്രയോജനം കൂടുതല്‍ മുതലാക്കിയിരുന്നത് ഫ്യൂഡല്‍ പ്രഭുക്കളാണ്. അങ്ങനെ രാഷ്ട്രം സമ്പന്നവും ജനങ്ങള്‍ ദരിദ്രരും ആയിരുന്ന സാഹചര്യമാണ് ഗദ്ദാഫിയുടെ വിജയത്തിനു കാരണം. ഗദ്ദാഫി ഇസ്രയേലിനെ ശക്തിയുക്തം എതിര്‍ക്കുകയും അമേരിക്കന്‍ ഇടപെടലുകളെ ചെറുക്കുകയും വിദേശ എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കുകയും ചെയ്ത് ജനപ്രീതി നേടി. അങ്ങനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ എതിരാളിയായിട്ടായിരുന്നു ഗദ്ദാഫിയുടെ തുടക്കം. സോവിയറ്റ് യൂണിയനും സോഷ്യലിസ്‌റ്റ് ചേരിയും ഗദ്ദാഫിയുടെ വാഴ്ചയെ അനുകൂലിക്കുകയും ചെയ്തിരുന്നു.

പക്ഷേ, 1980കളോടെ ഗദ്ദാഫി മാറാന്‍ തുടങ്ങി. 1990-91ലെ യൂറോപ്യന്‍ സോഷ്യലിസത്തിന്റെ തകര്‍ച്ച ഈ മാറ്റങ്ങള്‍ക്ക് ആക്കംകൂട്ടി. ഗദ്ദാഫി അമേരിക്കയോട് കൂടുതല്‍ അടുക്കുകയും പഴയ വൈരാഗ്യത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ഇതോടെ സൌദി അറേബ്യയെപ്പോലെ അമേരിക്കന്‍ ഐക്യനാടിന്റെ ദല്ലാളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

അഴിമതിയും അതിക്രമവും

ഗദ്ദാഫിയുടെ ഈ ചുവടുമാറ്റം ഭരണനിര്‍വഹണത്തിലും കണ്ടുതുടങ്ങി. എതിരാളികളെ നിര്‍ഭയം അടിച്ചമര്‍ത്തുക, മനുഷ്യാവകാശങ്ങള്‍ തൃണവല്‍ഗണിക്കുക, ഇഷ്ടക്കാര്‍ക്കും ബന്ധുജനങ്ങള്‍ക്കും ഭരണത്തിലിടപെട്ട് കീശവീര്‍പ്പിക്കാന്‍ അവസരം നല്‍കുക, ഇസ്രയേലിനോട് കൂടുതല്‍ മമത പ്രകടിപ്പിക്കുക എന്നിവയെല്ലാം ഈ പുതിയ മാറ്റങ്ങളുടെ ഭാഗമായിത്തീര്‍ന്നു. മര്‍ദനവാഴ്ചകൊണ്ട് ജനകീയ പ്രതിഷേധങ്ങളെ ഒതുക്കിനിര്‍ത്തി. ജനങ്ങളുടെ അസംതൃപ്തി പൊട്ടിത്തെറിക്കാന്‍ പാകമായിരുന്നപ്പോഴാണ് ടുണീഷ്യയിലെയും ഈജിപ്തിലെയും മറ്റ് അറബിരാജ്യങ്ങളിലെയും ജനാധിപത്യവിപ്ളവം. ഇത് ലിബിയന്‍ ജനതയെയും സമരരംഗത്തേക്ക് നയിച്ചു.

ഗദ്ദാഫി ജനകീയ പ്രസ്ഥാനത്തോട് കൈക്കൊണ്ടുവരുന്ന നയങ്ങള്‍ കടുത്തതാണ്. ഇത്രയും കടുത്ത നടപടികള്‍ ഹൊസ്നി മുബാറക്കുപോലും കൈക്കൊണ്ടിട്ടില്ല. കൂലിപ്പട്ടാളത്തെ ഉപയോഗിച്ചാണ് ജനങ്ങളെ അടിച്ചമര്‍ത്താന്‍ ഗദ്ദാഫി ശ്രമിക്കുന്നത്. ശത്രുരാജ്യത്തോടെന്നപോലെ സ്വന്തം ജനതയോട് പെരുമാറുന്നതിന്റെ തെളിവാണ് വ്യോമസേനാ ആക്രമണം. ഗദ്ദാഫി അധികാരത്തിലെത്തിയപ്പോള്‍ തന്റെ മതവിശ്വാസം പ്രഖ്യാപിക്കാനായി ഒരു ഗ്രീന്‍ബുക്ക് (ഹരിതപുസ്തകം) ഇറക്കുകയുണ്ടായി. അതുപോലെതന്നെ തലസ്ഥാനനഗരിയായ ട്രിപോളിയിലെ പ്രധാന ചത്വരത്തിന് 'ഹരിതചത്വരം' എന്ന പേരും നല്‍കി. വ്യോമാക്രമണത്തെ തുടര്‍ന്ന് ശവശരീരങ്ങള്‍ ഈ ഹരിതചത്വരത്തില്‍ ചിതറികിടക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്ക് അനുസരിച്ചുതന്നെ മരണസംഖ്യ 500 കവിഞ്ഞിട്ടുണ്ട്. അനൌദ്യോഗികകണക്ക് ഇതിനേക്കാള്‍ എത്രയോ കൂടുതലാണ്.

ജനമുന്നേറ്റം

ശക്തമായി അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും ലിബിയയുടെ കിഴക്കുഭാഗവും തലസ്ഥാനം ഒഴിച്ചുള്ള വന്‍ നഗരങ്ങളും കലാപകാരികളുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. ട്രിപോളിക്ക് ചുറ്റും സൈന്യം വളഞ്ഞുവച്ചിരിക്കുന്ന പ്രദേശംമാത്രമേ ഇപ്പോള്‍ ഗദ്ദാഫിയുടെ നിയന്ത്രണത്തിലുള്ളൂവെന്നും പറയപ്പെടുന്നു.

മന്ത്രിസഭയിലും ഉദ്യോഗസ്ഥശ്രേണിയിലുമുള്ള പലരും രാജിവച്ചൊഴിയുകയോ ഗദ്ദാഫിയെ തള്ളിപ്പറയുകയോ ചെയ്തുകഴിഞ്ഞു. വിദേശകാര്യ വക്താവും ബന്ധുവുമായ അഹമ്മദ് ഗദ്ദാഫ്-അല്‍-ദം നടപടികളില്‍ പ്രതിഷേധിച്ച് കൂറുമാറി ഈജിപ്തില്‍ അഭയം തേടിയിരിക്കുകയാണ്. ഇന്ത്യയിലെ ലിബിയന്‍ അംബാസഡര്‍ ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. ഗദ്ദാഫിയുടെ ഭരണത്തെയല്ല, ലിബിയന്‍ ജനതയെയാണ് പ്രതിനിധാനംചെയ്യുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ലിബിയന്‍ ദൌത്യസംഘം വ്യക്തമാക്കി. അടിച്ചമര്‍ത്തല്‍ ഉടന്‍ നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആവശ്യപ്പെട്ടതോടെ മുഖ്യരക്ഷാകര്‍ത്താവും ഗദ്ദാഫിയെ കൈവിട്ടു. ഇനി ഗദ്ദാഫിക്ക് അധികകാലം തുടരാനാകില്ല എന്നത് വ്യക്തം. അങ്ങനെയൊരു സ്വേച്ഛാധിപതികൂടി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. സൈന്‍ അല്‍ അബ്ദീന്‍ ബിന്‍ അലി, ഹൊസ്നി മുബാറക്, മുഅമ്മര്‍ ഗദ്ദാഫി- ഈ മൂന്നുപേര്‍ അരങ്ങൊഴിയുന്നതോടെ അടുത്ത ഊഴം ആര്‍ക്കാണെന്ന പ്രശ്നംമാത്രം അവശേഷിക്കുന്നു.


*****

പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി 28-02-2011

No comments: