സാമ്പത്തികരംഗത്തു സര്‍ക്കാര്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന നയങ്ങളെയും നടപടികളെയും കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ് ബജറ്റിന്റെ മുന്നോടിയായി അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ. നാളെയാണ് 2011-12 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2010-11 ലെ സാമ്പത്തിക സര്‍വേ, സമ്പദ്ഘടനയെക്കുറിച്ച് പൊതുവില്‍ ശോഭനമായ ചിത്രമാണ് നല്‍കുന്നതെങ്കിലും സാധാരണക്കാരുടെ ജീവിതദുരിതം വീണ്ടും വര്‍ധിക്കുമെന്ന മുന്നറിയിപ്പു കൂടി നല്‍കുന്നുണ്ട്.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുള്ള തളര്‍ച്ചയില്‍ നിന്നും ഇന്ത്യ കരകയറിയെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 2010-11 ല്‍ വളര്‍ച്ചാനിരക്ക് 8.6 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. വളര്‍ച്ചാനിരക്ക് ആശാവഹമാണെങ്കിലും അതിന്റെ നേട്ടം ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിനും ലഭിക്കുന്നുണ്ടോ എന്നതാണ് കാതലായ പ്രശ്‌നം. വിലക്കയറ്റം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ ദുരിതങ്ങള്‍ കൂടിവരും. വിലക്കയറ്റം, പ്രത്യേകിച്ച് ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനവ് തുടരുമെന്നാണ് സാമ്പത്തിക സര്‍വേ മുന്നറിയിപ്പ് നല്‍കുന്നത്. ഭക്ഷ്യവിലക്കയറ്റം 2010 ല്‍ 20 ശതമാനത്തിലധികമായിരുന്നു. വില നിലവാരത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. പശ്ചിമേഷ്യയിലെ സമീപകാലത്തെ സംഭവവികാസങ്ങള്‍ എണ്ണവില ഉയരാന്‍ ഇടയാക്കും. ഇത് ആഭ്യന്തര വിലനിലവാരം ഇനിയും ഉയരാന്‍ കാരണമാകുമെന്നാണ് സാമ്പത്തിക സര്‍വേ മുന്നറിയിപ്പു നല്‍കുന്നത്.
മുരടിപ്പില്‍ നിന്നും കാര്‍ഷികരംഗം കരകയറുന്നതാണ് വളര്‍ച്ചാനിരക്ക് വര്‍ധിച്ചതിലെ പ്രധാന ഘടകമെന്നാണ് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. കൃഷിയിലെ വളര്‍ച്ചാനിരക്ക് 5.4 ശതമാനമാണ്. ഈ വര്‍ധനവിന്റെ മുഖ്യ കാരണം അനുകൂലമായ കാലവര്‍ഷമാണ്. കാര്‍ഷികമേഖലയിലെ വളര്‍ച്ച സ്ഥായിയല്ല എന്നാണ് ഇതു കാണിക്കുന്നത്. കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിക്കാന്‍ കാര്‍ഷികമേഖലയിലുള്ള മുതല്‍മുടക്ക് ഗണ്യമായി ഉയരേണ്ടതാവശ്യമാണ്. കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം കൂട്ടാന്‍ ഗവണ്‍മെന്റ് തയ്യാറാകാത്ത സാഹചര്യത്തില്‍ ഉല്‍പ്പാദന വര്‍ധനവിന്റെ തോത് നിലനിര്‍ത്താനാവുമെന്നതിന് ഉറപ്പില്ല. കാര്‍ഷികമേഖലയില്‍ മൗലികമായ മാറ്റം വരുത്താന്‍ സ്വീകരിക്കേണ്ട ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സാമ്പത്തിക സര്‍വേ മൗനം പാലിക്കുകയാണ്. സാമ്പത്തിക നയങ്ങള്‍ക്ക് രൂപം നല്‍കുന്നവരുടെ കാര്യപരിപാടിയില്‍ ഭൂപരിഷ്‌കരണത്തിന് സ്ഥാനമില്ലാതായിരിക്കുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. കൃഷിഭൂമിയില്‍ 60 ശതമാനത്തിലധികവും ആശ്രയിക്കുന്നത് മഴയെയാണെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയില്ലെങ്കില്‍ കാലവര്‍ഷം ചതിക്കുമ്പോള്‍ ഉല്‍പ്പാദനം കുത്തനെ ഇടിയും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കുക, കുറഞ്ഞ പലിശയ്ക്ക് കൃഷിക്കാര്‍ക്ക് വായ്പ ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ കൈക്കൊണ്ടാല്‍ മാത്രമെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാവുകയുള്ളൂ.
പൊതുവിതരണ സംവിധാനത്തെയും ചില്ലറ വ്യാപാരരംഗം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിനെയും കുറിച്ച് സാമ്പത്തിക സര്‍വേ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. ഭക്ഷ്യസബ്‌സിഡി വര്‍ധിപ്പിക്കുകയും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കുകയുമാണ് ഭക്ഷ്യവിലക്കയറ്റം തടയാനും ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൈക്കൊള്ളേണ്ട അടിയന്തര നടപടികള്‍. ഇതിനു രണ്ടിനും യു പി എ സര്‍ക്കാര്‍ തയ്യാറല്ല. ഭക്ഷ്യസബ്‌സിഡി ഇപ്പോള്‍ തന്നെ അധികമാണെന്നാണ് ഗവണ്‍മെന്റിന്റെ പക്ഷം. സബ്‌സിഡി നല്‍കി ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളിലൂടെ നല്‍കുന്നതിനു പകരം സബ്‌സിഡി പണമായി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. പൊതുവിതരണ സംവിധാനത്തിലെ പാളിച്ചകളും പാഴ് ചെലവും ഒഴിവാക്കാനുള്ള വഴിയായാണ് ഇത് മുന്നോട്ടുവെയ്ക്കുന്നത്. പരസ്യവിപണിയിലെ വില ഉയരുന്നതിനനുസരിച്ച് സബ്‌സിഡി കൂട്ടില്ല. ഫലത്തില്‍ ഇന്ന് ലഭിക്കുന്നതിലും കുറഞ്ഞ അളവിലുള്ള ഭക്ഷ്യധാന്യങ്ങള്‍ മാത്രമേ പാവപ്പെട്ടവര്‍ക്ക് കിട്ടുകയുള്ളൂ. പരസ്യവിപണിയില്‍ വില ഉയര്‍ത്താന്‍ വന്‍കിട കച്ചവടക്കാര്‍ക്ക് പ്രോത്സാഹനം ലഭിക്കുകയും ചെയ്യും. കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതു അവസാനിപ്പിക്കുകയായിരിക്കും ഈ നിര്‍ദേശം നടപ്പാക്കിയാലുണ്ടാകുന്ന ഫലം. ചില്ലറ വ്യാപാരമേഖല വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്കായി തുറന്നുകൊടുക്കാന്‍ ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലം മുതല്‍ ശ്രമം നടന്നുവരികയായിരുന്നു. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അതു തടഞ്ഞത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണവും സൂക്ഷിപ്പും കാര്യക്ഷമമാക്കാന്‍ ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം സഹായകമാണെന്ന വാദമാണ് സാമ്പത്തിക സര്‍വേ മുന്നോട്ടുവെയ്ക്കുന്നത്. അതിവേഗം വളരുന്നതും മൂന്നു കോടിയിലധികം കുടുംബങ്ങളുടെ ജീവിതത്തിനാധാരവുമായ ചില്ലറ വ്യാപാരരംഗം വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ പിടിയിലമര്‍ന്നാലുണ്ടാവുന്ന ദുരന്തം ഊഹിക്കാവുന്നതെയുള്ളൂ.
നയരൂപീകരണത്തിന് ചുമതലപ്പെട്ടവരുടെ ഏക ഉന്നം സാമ്പത്തിക വളര്‍ച്ചയാണ്. വളര്‍ച്ചയുടെ നേട്ടം ജനങ്ങള്‍ക്കാകെ ഉറപ്പാക്കാനുള്ള പരിപാടികള്‍ അവരുടെ അജണ്ടയിലില്ല എന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്.
*
ജനയുഗം മുഖപ്രസംഗം 27 ഫെബ്രുവരി 2011
Subscribe to:
Post Comments (Atom)
1 comment:
സാമ്പത്തികരംഗത്തു സര്‍ക്കാര്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന നയങ്ങളെയും നടപടികളെയും കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ് ബജറ്റിന്റെ മുന്നോടിയായി അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ. നാളെയാണ് 2011-12 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2010-11 ലെ സാമ്പത്തിക സര്‍വേ, സമ്പദ്ഘടനയെക്കുറിച്ച് പൊതുവില്‍ ശോഭനമായ ചിത്രമാണ് നല്‍കുന്നതെങ്കിലും സാധാരണക്കാരുടെ ജീവിതദുരിതം വീണ്ടും വര്‍ധിക്കുമെന്ന മുന്നറിയിപ്പു കൂടി നല്‍കുന്നുണ്ട്.
Post a Comment