Tuesday, February 1, 2011

വൃക്കദാനം;ശുദ്ധരക്തത്തിന്റെ സ്നേഹദാനം

ഡേവീസ് ചിറമ്മല്‍ എന്ന പുരോഹിതന്‍ തനിക്ക് തീര്‍ത്തും അപരിചിതനായ ചെറുപ്പക്കാരന് പറിച്ചുനല്‍കിയത് സ്വന്തം വൃക്കയാണ്. ജീവിതത്തിന്റെ വഴികള്‍ അടഞ്ഞുപോയി എന്ന് ഉറപ്പിച്ചിരുന്നവന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പുതുജീവനാണ് അതോടെ ലഭിച്ചത്. ഒരു വൃക്കകൊണ്ടും ജീവിക്കാം എന്നു മനസ്സിലാക്കി ഫാദര്‍ ഡേവീസ് എടുത്ത തീരുമാനം പുതിയ പ്രസ്ഥാനത്തിന്റെ പിറവിയിലേക്ക് നയിച്ചു. അതില്‍നിന്നും ആദ്യം ഊര്‍ജം സ്വന്തം ജീവിതത്തിലേക്ക് പകര്‍ന്നത് വി-ഗാര്‍ഡിന്റെ മാനേജിങ് ഡയറക്ടര്‍ കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിയാണ്. വൃക്കകള്‍ തകരാറിലായി ഡയാലിസിസ്കൊണ്ട് മരണവുമായി നിരന്തരം സമരം ചെയ്തുകൊണ്ടിരുന്ന സാധാരണക്കാരന് ചിറ്റിലപ്പിള്ളി പകുത്തുനല്‍കുന്നതും സ്വന്തം വൃക്കയാണ്. അതു സ്വീകരിക്കുന്ന ഈരാറ്റുപേട്ടക്കാരന്‍ ജോയിയുടെ ഭാര്യ മറ്റൊരാള്‍ക്ക് തന്റെ വൃക്കയും നല്‍കുന്നു. അങ്ങനെ അത് പുതിയ ചങ്ങലയായി മാറുകയാണ്. പല ചങ്ങലകളും ആഗോളവല്‍ക്കരണകാലം നമ്മുക്ക് പരിചയപ്പെടുത്തുന്നുണ്ട്. അതെല്ലാം കച്ചവടത്തിന്റെയും ലാഭത്തിന്റെയും പുതിയ മന്ത്രങ്ങള്‍ പഠിപ്പിക്കുന്നവയാണെങ്കിലും ഫാദര്‍ ചിറമ്മല്‍ തുടക്കം കുറിക്കുന്നതും മനുഷ്യസ്നേഹത്തിന്റെ പുതിയ സന്ദേശമാണ്.

ജ്യോതിബസു അദ്ദേഹത്തിന്റെ ശരീരം മരണാനന്തരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കാന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ തീരുമാനിച്ച മഹാനാണ്. അത് ബംഗാളില്‍ പുതിയ സംസ്കാരത്തിന്റെ വിത്തുപാകി. ഏറ്റവും കൂടുതല്‍ ആളുകള്‍ തങ്ങളുടെ ഭൌതികശരീരം മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറാന്‍ സമ്മതപത്രം നല്‍കുന്ന പ്രദേശങ്ങളിലൊന്നായി ഇന്ന് ബംഗാള്‍ മാറിയിരിക്കുന്നു. രക്തം മുതല്‍ അവയവം വരെ ദാനം ചെയ്യുന്നതില്‍ പുതിയ അവബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ പലര്‍ക്കും ജീവിതം തിരിച്ചുനല്‍കുന്നതിന്റെ വാര്‍ത്തകള്‍ അപൂര്‍വമായി മാധ്യമങ്ങളില്‍ വരുന്നുണ്ട്. മസ്തിഷ്കമരണം സംഭവിച്ച പത്രപ്രവര്‍ത്തകന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിനായി നടത്തുന്ന ഹൃദയസ്പര്‍ശിയായ കൂട്ടായ പ്രവര്‍ത്തനത്തിന്റെ കഥയാണ് സമീപകാലത്ത് ശ്രദ്ധേയമായ ട്രാഫിക് എന്ന സിനിമയുടെ പ്രതിപാദ്യം.

മാറ്റിവയ്ക്കുന്നതിനായി വൃക്ക ലഭിക്കുന്നത് നീണ്ട സമരമാണ്. പലര്‍ക്കും അടുത്ത ബന്ധുക്കള്‍ വൃക്ക നല്‍കും. ഞാന്‍ പഠിക്കുന്ന സമയത്ത് കളമശേരി സെന്റ് പോള്‍സ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അടുത്ത സുഹൃത്ത് ദീര്‍ഘകാലം വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ അമ്മ പറിച്ചുനല്‍കിയ വൃക്കയിലാണ് ജീവിതം വീണ്ടെടുത്തത്. ഡയാലിസിസ് നടത്തുന്നത് ഏറ്റവും ചെലവേറിയ സംഗതികളിലൊന്നാണ്. ആഴ്ചയില്‍ നിരവധി തവണ ഡയാലിസിസ് നടത്തേണ്ടിവരുന്നവര്‍ എത്ര സമ്പന്നരാണെങ്കിലും കുറച്ചു കഴിയുമ്പോള്‍ ദരിദ്രരായി മാറും. ആയിരം മുതല്‍ രണ്ടായിരം രൂപ വരെ ഒരു ഡയാലിസിസിന് ഈടാക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. പൊതുമേഖലയില്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ സൌകര്യമുള്ളത്. ജില്ലാ ആശുപത്രികളില്‍പോലും ഇതിനുള്ള സൌകര്യമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃക്കസംബന്ധിയായ രോഗങ്ങള്‍ ഉള്ളവരുടെ ശതമാനം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രതിവര്‍ഷം ലക്ഷത്തിലധികം ഡയാലിസിസുകളാണ് ഇവിടെ നടക്കുന്നത്. ഈ സൌകര്യമുള്ള 60 സെന്ററുകളാണ് ഇവിടെയുള്ളത്. മഹാഭൂരിപക്ഷത്തിനും താങ്ങാന്‍ കഴിയാവുന്നതല്ല ഈ സ്ഥാപനങ്ങളിലെ ചെലവ്.

പലപ്പോഴും ആശുപത്രികളില്‍നിന്നും ചെറിയ സഹായമെങ്കിലും ലഭിക്കുന്നതിന് വിളിച്ചുപറയാന്‍ പലരും സമീപിക്കാറുണ്ട്. അപ്പോഴാണ് എംപി ഫണ്ട് ഉപയോഗിച്ച് ഒരു ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. എറണാകുളം ജില്ലയില്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കാമെന്ന നിര്‍ദ്ദേശമാണ് ജില്ലാ മെഡിക്കല്‍ അധികൃതര്‍ മുന്നോട്ടുവെച്ചത്. അവിടെയാണ് കേരളത്തിലെ മികച്ച ബ്ളഡ് ബാങ്കുകളില്‍ ഒന്നുള്ളത്. അതിനു നേതൃത്വം നല്‍കുന്ന ഡോക്ടര്‍ വിജയകുമാര്‍ സമര്‍പ്പണമനസ്കനായ വ്യക്തിയാണ്. അഡീഷണല്‍ ഡിഎംഒ ഹസീനയും ഐഎംഎ അധ്യക്ഷന്‍ ഹൈദരാലിയും ഉള്‍പ്പെടെയുള്ള ഒരു ടീം എല്ലാത്തിനും തയ്യാറായി അവിടെയുണ്ട്. ഈ സംരംഭത്തിന് വലിയ പിന്തുണയാണ് പലയിടങ്ങളില്‍നിന്നും ലഭിച്ചത്. പ്രശസ്ത നെഫ്രോളജിസറ്റ് ഡോക്ടര്‍ ജോസഫ് ജോസഫ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ തയ്യാറായി. 25 ലക്ഷം രൂപ എംപി ഫണ്ടില്‍നിന്നും മുടക്കിയപ്പോള്‍ ഒന്നേകാല്‍കോടി രൂപയിലധികം മുതല്‍മുടക്കുള്ള ഡയാലിസിസ് യൂണിറ്റാണ് പിറവികൊണ്ടത്. എംപി ഫണ്ടും മറ്റു സംഭാവനകളും സംയോജിപ്പിച്ച് പദ്ധതി ആരംഭിക്കുന്ന രീതി പൊതുവെ പതിവുള്ളതല്ല. കൊച്ചിന്‍’ ഷിപ്പ്യാര്‍ഡ് മൂന്നു യൂണിറ്റുകളും അയ്യായിരം ഡയാലിസിസിന് ആവശ്യമായ കണ്‍സ്യൂമബിള്‍സും സംഭാവനചെയ്തു. ബ്ളഡ് ബാങ്കും ആലുവയില്‍നിന്നുള്ള വിദേശ മലയാളികളുടെ സംഘടന അരോമയും രണ്ടു യൂണിറ്റുകള്‍വീതം നല്‍കി. അങ്കമാലി ടെല്‍ക് ഒരു യൂണിറ്റും ഒരു ആംബുലന്‍സും സംഭാവനചെയ്തു. ആലുവയിലെ പ്രമുഖ സ്വകാര്യസ്ഥാപനം സിഎംആര്‍എല്ലും റോട്ടറി ക്ളബും അല്‍ ഇസാന്‍ ട്രസ്റ്റും ഓരോ ഡയാലിസിസ് യൂണിറ്റുകള്‍വീതം നല്‍കി. വലിയ ജനറേറ്റര്‍ ഫാര്‍ക്കന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നല്‍കിയപ്പോള്‍ എയര്‍ കണ്ടീഷനറുകള്‍ ലാ ഫോര്‍ച്യൂണാ ഫൌണ്ടേഷനും നല്‍കി. അതോടെ 11 യൂണിറ്റുകളുള്ള വലിയ ഡയാലിസിസ് യൂണിറ്റായി അതു മാറി. ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. നാലുമണിക്കൂറോളം സമയം ഡയാലിസിസിന് വിധേയമാകുന്നവര്‍ക്ക് ആശ്വാസം പകരാന്‍ ഓരോ യൂണിറ്റിലും ചെറിയ ടെലിവിഷനും സംഗീതസംവിധാനവും ഒരുക്കിയിട്ടുണ്ട്.

കേവലം നാനൂറ് രൂപയും കണ്‍സ്യൂമബിള്‍സിന്റെ ചാര്‍ജുമാണ് സാധാരണ നിരക്ക്. ദരിദ്രരായവര്‍ക്ക് സൌജന്യമായി നല്‍കുന്നതിനും സംവിധാനമുണ്ട്. രോഗികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകളും ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ സംവിധാനത്തിലെ വളണ്ടിയര്‍മാര്‍ വീട്ടില്‍ചെന്ന് പരിശോധന നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൌജന്യത്തിന്റെ നിരക്ക് നിശ്ചയിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കും ആരോഗ്യസുരക്ഷാപദ്ധതികളില്‍നിന്നും സഹായം ലഭിക്കുന്നവര്‍ക്കും എഴുനൂറ് രൂപയും കണ്‍സ്യൂമബിള്‍സിന്റെ ചാര്‍ജുമാണ് ഈടാക്കുന്നത്.

വലിയതോതില്‍ ജനപിന്തുണ ലഭിച്ച പദ്ധതി കഴിഞ്ഞ ദിവസം ശ്രീമതിടീച്ചര്‍ ഉദ്ഘാടനംചെയ്തു. ആരോഗ്യമേഖലയില്‍ പൊതുപിന്തുണയോടെ പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന പാഠമാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 06 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...