Thursday, February 10, 2011

ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനം എന്ന് ആഹ്ളാദപൂര്‍വം ലീഡ് നല്‍കിയ മാധ്യമങ്ങള്‍ യഥാര്‍ഥപ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുന്നതിനാണ് ബോധപൂര്‍വം ശ്രമിക്കുന്നത്. കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനത്തോടെ ആരംഭിച്ച പുതിയ വെളിപ്പെടുത്തലുകള്‍ വലതുപക്ഷ രാഷ്ട്രീയം നേരിടുന്ന അതീവഗുരുതരമായ ജീര്‍ണതയെയാണ് പുറത്തുകൊണ്ടുവന്നത്. എന്നാല്‍, കാര്യങ്ങള്‍ ഈ വഴിക്ക് നീങ്ങരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രശ്നത്തെ ലളിതവല്‍ക്കരിച്ചും ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയും വലതുപക്ഷത്തിനായുള്ള വിടുപണിചെയ്യാനാണ് തുടക്കംമുതല്‍ ശ്രമിച്ചത്.

ഇടതുപക്ഷമുന്നണിയുടെ ഏതെങ്കിലും നേതാക്കള്‍ നടത്തിയ പത്രസമ്മേളനമോ പ്രതികരണമോ അല്ല പ്രശ്നങ്ങള്‍ക്ക് വാതില്‍ തുറന്നിട്ടത്. മുസ്ളിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, തന്നെ വധിക്കാന്‍ നീക്കം നടത്തുന്നുവെന്ന് പറയാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ അദ്ദേഹം നടത്തിയ ചില ഏറ്റുപറച്ചിലുകളാണ് ഐസ്ക്രീം കേസ് വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. താന്‍ ഇതുവരെ ബ്ളാക്ക് മെയിലിനു വിധേയമായിട്ടുണ്ടാകാമെന്നും ഇനി അതുണ്ടാവില്ലെന്നും ഈ പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുവരെ വഴിവിട്ട് പലതും ചെയ്തിട്ടുണ്ടാകാമെന്നും ഇനി അതും ഉണ്ടാവില്ലെന്നും വ്യക്തമാക്കി. തന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവും സന്തതസഹചാരിയുമായിരുന്ന റൌഫിനുവേണ്ടി ഇങ്ങനെ പലതും താന്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പത്രസമ്മേളനം കണ്ടവരില്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്തിന്റെ പേരിലായിരിക്കും കുഞ്ഞാലിക്കുട്ടി ബ്ളാക്ക് മെയിലിങ്ങിനു ഇതുവരെ വിധേയമായിക്കൊണ്ടിരുന്നത്. എന്തിനാണ് റൌഫിനും മറ്റുപലര്‍ക്കും വേണ്ടി വഴിവിട്ട് പലതും ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ബന്ധിതനായത്. ഇപ്പോള്‍ എന്തുകൊണ്ടാണ് ഇതു തുറന്നുപറയേണ്ടിവന്നത്? സ്വാഭാവികമായും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിയിരുന്നത് കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍, തൊട്ടുപുറകെ റൌഫ് നടത്തിയ പത്രസമ്മേളനം കണ്ടവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പെട്ടെന്ന് കിട്ടി. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി താന്‍ നടത്തിയ ഇടപാടുകളുടെ ആദ്യഭാഗമാണ് റൌഫ് വെളിപ്പെടുത്തിയത്. ഇരകള്‍ക്ക് പണം കൊടുത്തതും മൊഴി തിരുത്തിയതും തുടങ്ങി ജുഡീഷ്യറിയെ സ്വാധീനിച്ച് വിധി സംഘടിപ്പിച്ച കാര്യംവരെ ആ വെളിപ്പെടുത്തലുകളില്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഈ കാര്യങ്ങള്‍ പുറത്തുവരാതിരിക്കുന്നതിനായാണോ ബ്ളാക്ക്മെയിലിങ്ങിന് കുഞ്ഞാലിക്കുട്ടി വിധേയനായിക്കൊണ്ടിരുന്നത്. അതല്ലെങ്കില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്.

എന്താണ് തനിക്കു വേണ്ടി വഴിവിട്ട് ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി പറയണമെന്ന റൌഫിന്റെ നേരിട്ടുള്ള ചോദ്യത്തിന് ഇതുവരെയും കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞിട്ടില്ല. പുതിയ തെളിവുകളുമായി രംഗത്തുവന്നത് ഇന്ത്യാവിഷന്‍ ചാനലാണ്. ലീഗിന്റെ പ്രമുഖനായ നേതാവ് മുനീര്‍ ചെയര്‍മാനായ ചാനല്‍ സിപിഐ എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണെന്ന് ആ ചാനലിനെക്കുറിച്ച് അറിയാവുന്ന ആരും വെറുതെപോലും ആരോപിക്കില്ല. ഇവരാണ് ജഡ്ജിമാരെ സ്വാധീനിച്ച കാര്യവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഈ ദൃശ്യങ്ങളും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുമാണ് മറ്റു മാധ്യമങ്ങള്‍ സംപ്രേഷണംചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തത്. ഇവിടെയൊന്നും ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ചെറിയ ദൃശ്യംപോലും ആര്‍ക്കും കാണാന്‍ കഴിയില്ല.

മുനീറും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ എല്ലാം പറഞ്ഞുതീര്‍ത്തെന്ന് ആവേശപൂര്‍വം എഴുതിയ മാധ്യമങ്ങളില്‍ മാതൃഭൂമി ഒരു പടികൂടി കടന്നു. ഇനി തെളിവുകള്‍ ഒന്നും ഇന്ത്യാവിഷന്‍ പൊലീസിന്റെ അന്വേഷകസംഘത്തിനു കൈമാറില്ലെന്ന് അവര്‍ എഴുതി. പാര്‍ടി പറയുന്നത് അനുസരിച്ചായിരിക്കും മുനീര്‍ പ്രവര്‍ത്തിക്കുകയെന്നും അതുകൊണ്ട് ഈ തെളിവുകള്‍ അവര്‍ കൈമാറില്ലെന്നും എഴുതുന്നതില്‍ മാതൃഭൂമിക്ക് ഒരു പ്രത്യേക സന്തോഷം കാണാന്‍ കഴിയും. യഥാര്‍ഥത്തില്‍ നീതിന്യായസംവിധാനത്തിന്റെ വിശ്വാസ്യതവരെ ചോദ്യംചെയ്യപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷിക്കുമെന്ന് നിഷ്പക്ഷ വായനക്കാരന്‍ കരുതുന്ന പത്രമാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു പുതിയ വഴിത്താരവരെ തുറക്കുന്ന മാതൃഭൂമി! എന്തു സാഹചര്യത്തിലും പുതിയ തെളിവുകള്‍ പൊലീസിനു ലഭിക്കുന്നതിനുവേണ്ടിയല്ലേ ഇവരെല്ലാം വാദിക്കേണ്ടത്!

എല്ലാം പഴയ കാര്യങ്ങളാണെന്നാണ് മാധ്യമങ്ങളുടെ പ്രചാരവേല. എന്നാല്‍, അത് ശരിയല്ലെന്ന് വാദിച്ച ചിലര്‍ ഈ സംഭവത്തെ വര്‍ഗീസ് വധത്തിലെ വെളിപ്പെടുത്തലുമായി താരതമ്യംചെയ്യുകയുണ്ടായി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഭരണനേതൃത്വത്തിന്റെയും നിര്‍ദേശപ്രകാരം കാഞ്ചി വലിക്കേണ്ടി വന്ന പൊലീസുകാരനുമായി കുഞ്ഞാലിക്കുട്ടിക്കുവേണ്ടി വഴിവിട്ടതെല്ലാം ചെയ്ത റൌഫിനെ താരതമ്യംചെയ്യുന്നത് കടന്നകൈയായിരിക്കും. പക്ഷേ, വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് അടിയന്തരാവസ്ഥയില്‍ ആവേശപൂര്‍വം വാദിച്ചുകൊണ്ടിരുന്ന മനോരമ പുതിയ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ അതു പഴയ കാര്യമാണെന്ന് പറഞ്ഞുതള്ളാതെ കൊണ്ടാടിയ കാര്യം മറന്നുപോയോ? ഇനി നക്സലൈറ്റ് പ്രസ്ഥാനത്തിനു ഒന്നും ചെയ്യാനാവില്ലെന്ന് തിരിച്ചറിവുണ്ടായതുകൊണ്ടു മാത്രമാണ് വാണിജ്യതാല്‍പ്പര്യത്തിനു മുന്‍തൂക്കം കൊടുത്ത് വര്‍ഗീസ് വധം ആഘോഷിച്ചത്.

ഇവിടെ കാണേണ്ട കാര്യം റൌഫ് വെളിപ്പെടുത്തിയതില്‍ നല്ലൊരുപങ്കും പഴയ കാര്യങ്ങള്‍ തന്നെയാണ്. ഇതെല്ലാം ശരിയായിരിക്കുമെന്ന് പൊതുസമൂഹം കരുതുകയുംചെയ്തിരുന്നു. മൊഴിമാറ്റിപ്പറയലുകളുടെ പരമ്പര അരങ്ങേറിയപ്പോള്‍ അതിന്റെ പിന്നില്‍ എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കുമെന്ന് ജനം കരുതിയിരുന്നു. എന്നാല്‍, തെളിവുകള്‍ ഇല്ലല്ലോ എന്നായിരുന്നു പൊതുബോധം. ഇപ്പോള്‍ അന്നു നടന്നിരിക്കാമെന്ന് ജനം കരുതിയ കാര്യങ്ങള്‍ താനാണ് കുഞ്ഞാലിക്കുട്ടിക്കു വേണ്ടി നടത്തിയതെന്ന് ഉപകരണമായിരുന്ന റൌഫ് വെളിപ്പെടുത്തുമ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയല്ലേ സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ആര്‍ക്കും ആക്ഷേപം പറയാന്‍ കഴിയാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെയും അഭ്യന്തരമന്ത്രിയെയും പ്രശംസിക്കുകയല്ലോ ഇക്കൂട്ടര്‍ ചെയ്യേണ്ടത്?

മറ്റൊരു ആക്ഷേപം മാധ്യമങ്ങളില്‍ കാണുന്നത് വെളിപ്പെടുത്തല്‍ നടത്തിയ റൌഫും പീറ്ററും വിശ്വസിക്കാന്‍ കൊള്ളുന്നവരല്ലെന്നാണ്. റൌഫിനെ ഭീകരജീവിയെന്ന് വിശേഷിപ്പിച്ച കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വത്തിലെ ചിലരും അദ്ദേഹത്തിന്റെ പഴയകാല ചരിത്രവും വിളമ്പിയിരുന്നു. ഇങ്ങനെയുള്ള ആളായിരുന്നു റൌഫെങ്കില്‍ കുഞ്ഞാലിക്കുട്ടി എന്തുകൊണ്ടാണ് സന്തതസഹചാരിയാക്കിയത്? ഇത്തരം പണിക്ക് ഇതുപോലെയുള്ളവരെ മാത്രമേ കിട്ടുകയുള്ളൂ എന്നു കരുതി ഉപയോഗിച്ചതാണെങ്കില്‍ അതു തുറന്നുപറയുകയാണല്ലോ വേണ്ടത്. പീറ്റര്‍ സ്വബോധത്തോടെയായിരിക്കുകയില്ല പറഞ്ഞതെന്നും അദ്ദേഹം വിതുര കേസില്‍ പ്രതിയാണെന്നും മനോരമയും മാതൃഭൂമിയും തുടര്‍ച്ചയായി എഴുതുന്നുണ്ട്. അപ്പോള്‍പ്പിന്നെ ഒരേ തൂവല്‍പക്ഷികളുടെ ഐക്യത്തെ ക്കുറിച്ചാകണ്ടേ മനോരമ സാധാരണഗതിയില്‍ എഴുതേണ്ടത്?

പീറ്റര്‍ വെറുമൊരു വക്കീല്‍മാത്രമാണെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവരുടെ അവതരണം. കേരളഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലെന്ന വളരെ ഉത്തരവാദപ്പെട്ട ചുമതലയില്‍ യുഡിഎഫ് സര്‍ക്കാരാണ് പീറ്ററെ നിയമിച്ചത്. യുഡിഎഫിലെ പ്രധാന പാര്‍ടികളിലൊന്നായ കേരളകോൺഗ്രസിന്റെ നോമിനിയും അവരുടെ നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള ആളാണ് പീറ്ററെന്ന പഴയ വാര്‍ത്തകള്‍ എന്തേ ആരും അവതരിപ്പിക്കുന്നില്ല.

അധികാരത്തിലിരുന്ന സമയത്ത് ഒന്നും ചെയ്യാതിരുന്നവരാണ് ഇപ്പോള്‍ ഒളിക്യാമറയുമായിവരെ രംഗത്തിറങ്ങിയിരിക്കുന്നത് എന്നു വാദിക്കുന്നവരും മാധ്യമക്കൂട്ടത്തിലുണ്ട്. സങ്കുചിത രാഷ്ട്രീയനേട്ടത്തിനായി വ്യക്തിഹത്യ നടത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരിക്കലും തയ്യാറായിരുന്നില്ല എന്നല്ലേ അതില്‍നിന്ന് അനുമാനിക്കേണ്ടത്? അന്ന് ആദ്യം പീഡനം ഉന്നയിച്ചവര്‍തന്നെ മൊഴിമാറ്റിപ്പറഞ്ഞു. അതിനു പ്രേരിപ്പിച്ചുവെന്ന തെളിവുകള്‍ ഒന്നും ലഭ്യമായിരുന്നില്ല. ഈ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് പൊലീസും സര്‍ക്കാരും പ്രവര്‍ത്തിച്ചത്. എന്നാല്‍, ഇപ്പോള്‍ ആ തെളിവുകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്ന് അതിന്റെ പ്രധാന കര്‍ത്താവുതന്നെ ആധികാരികമായി പറയുന്നു. അപ്പോള്‍ സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയുംചെയ്യുന്നു. ഈ രണ്ടു ഘട്ടത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിഷ്പക്ഷമായാണെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസിലാകും.

എന്നാല്‍, വഴിവിട്ട് പലതും പ്രവര്‍ത്തിച്ചുവെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടിയെ തൊട്ടടുത്ത നിമിഷം അഭിനന്ദിച്ച ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് ഇവിടെ ചോദ്യംചെയ്യപ്പെടേണ്ടത്്. അതാണ് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഏറ്റവും പ്രസക്തമായ ചോദ്യം ഉമ്മന്‍ചാണ്ടിയോട് ചോദിച്ചത്. എന്നാല്‍, പത്രസമ്മേളനത്തിലോ പൊതുയോഗങ്ങളിലോ തന്റെ അഭിനന്ദനത്തിനുള്ള ന്യായം ഇതുവരെയും ഉമ്മന്‍ചാണ്ടി നടത്തിയിട്ടില്ല. യഥാര്‍ഥത്തില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി അധികാരം ഉപയോഗിച്ച് വിവിധ തലങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തോടെ വ്യക്തമായത്.

ഇവിടെ റൌഫ് പുതിയ ചില വെളിപ്പെടുത്തലുകള്‍കൂടി നടത്തിയിട്ടുണ്ട്. അതില്‍ അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള പലതുമുണ്ട്. പഴയതൊന്നും തൊടേണ്ടതില്ലെന്ന് പറയുന്നവര്‍ ഈ പുതിയ കാര്യങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്? യഥാര്‍ഥത്തില്‍ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം നടത്തിയതുകൊണ്ടുമാത്രമാണ് കുറച്ചെങ്കിലും വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായത്. അല്ലെങ്കില്‍ അവര്‍ ഐക്യത്തോടെ അതു മുക്കികളഞ്ഞേനെ. എന്നാല്‍, പത്രസമ്മേളനത്തിനു പിറ്റേന്ന് ഇറങ്ങിയ മനോരമയില്‍ ലീഡ് വാര്‍ത്ത ഈജിപ്തായിരുന്നു. അതിനുമുമ്പും ശേഷവും ഈജിപ്തിനു ഈ ഭാഗ്യം കിട്ടിയില്ല! അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം നെല്‍വയലുകളിലെ കിളിശല്യത്തെക്കുറിച്ച് എഴുതിയ മുഖപ്രസംഗത്തിനുശേഷം ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച മുഖപ്രസംഗം എഴുതി മനോരമ തങ്ങളുടെ നിലതെറ്റലിന്റെ ആഴം സ്വയം പുറത്തുകൊണ്ടുവന്നു. ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു പിറകെ പോകേണ്ട ഉത്തരവാദിത്തമാണ് മാധ്യമങ്ങള്‍ക്കുള്ളത്. പഴയ പീഡനക്കേസ് പഴകിയെങ്കില്‍ മൊഴിമാറ്റലും നീതിപീഠത്തെ സ്വാധീനിക്കലും കോഴകൊടുക്കലുമൊക്കെയായി പുതിയ കേസുകള്‍ ധാരാളമുണ്ടല്ലോ. അതെങ്കിലും ഇക്കൂട്ടര്‍ അന്വേഷിക്കട്ടെ.

*****

പി രാജീവ്, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇവിടെ റൌഫ് പുതിയ ചില വെളിപ്പെടുത്തലുകള്‍കൂടി നടത്തിയിട്ടുണ്ട്. അതില്‍ അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള പലതുമുണ്ട്. പഴയതൊന്നും തൊടേണ്ടതില്ലെന്ന് പറയുന്നവര്‍ ഈ പുതിയ കാര്യങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്? യഥാര്‍ഥത്തില്‍ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം നടത്തിയതുകൊണ്ടുമാത്രമാണ് കുറച്ചെങ്കിലും വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായത്. അല്ലെങ്കില്‍ അവര്‍ ഐക്യത്തോടെ അതു മുക്കികളഞ്ഞേനെ. എന്നാല്‍, പത്രസമ്മേളനത്തിനു പിറ്റേന്ന് ഇറങ്ങിയ മനോരമയില്‍ ലീഡ് വാര്‍ത്ത ഈജിപ്തായിരുന്നു. അതിനുമുമ്പും ശേഷവും ഈജിപ്തിനു ഈ ഭാഗ്യം കിട്ടിയില്ല! അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം നെല്‍വയലുകളിലെ കിളിശല്യത്തെക്കുറിച്ച് എഴുതിയ മുഖപ്രസംഗത്തിനുശേഷം ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച മുഖപ്രസംഗം എഴുതി മനോരമ തങ്ങളുടെ നിലതെറ്റലിന്റെ ആഴം സ്വയം പുറത്തുകൊണ്ടുവന്നു. ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു പിറകെ പോകേണ്ട ഉത്തരവാദിത്തമാണ് മാധ്യമങ്ങള്‍ക്കുള്ളത്. പഴയ പീഡനക്കേസ് പഴകിയെങ്കില്‍ മൊഴിമാറ്റലും നീതിപീഠത്തെ സ്വാധീനിക്കലും കോഴകൊടുക്കലുമൊക്കെയായി പുതിയ കേസുകള്‍ ധാരാളമുണ്ടല്ലോ. അതെങ്കിലും ഇക്കൂട്ടര്‍ അന്വേഷിക്കട്ടെ.