Wednesday, February 2, 2011

എഴുത്തുകാരുടെ ഉണര്‍ത്തുപാട്ടുകള്‍

സമൂഹത്തില്‍ കഷ്ടപ്പാടുകള്‍ വന്നു നിറയുമ്പോള്‍ എഴുത്തുകാരും കലാകാരന്മാരുമൊക്കെ എന്തുചെയ്യണം? അവര്‍ക്കെന്തു ചെയ്യാന്‍ കഴിയും?

ഒന്നും ചെയ്യേണ്ടതില്ലെന്നും അവനവന്റെ കാര്യം നോക്കി നടന്നാല്‍ മതിയെന്നും തീരുമാനിച്ചാല്‍ പ്രശ്നം തീര്‍ന്നു. പ്രസ്താവനയില്‍ ഒപ്പു വയ്ക്കേണ്ടതില്ല. മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടതില്ല. കഷ്ടപ്പെടുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതില്ല...

അങ്ങനെ ഒരുപാട് സമയവും അധ്വാനവും ലാഭം. ആ സമയവും ഊര്‍ജവും എഴുത്തിനുവേണ്ടി ഉപയോഗിക്കാം. എഴുതിയാല്‍ നാലു കാശ് കൈയില്‍ വരും. ഭാഗ്യമുണ്ടെങ്കില്‍ ഏതെങ്കിലും പുരസ്കാരം തരപ്പെട്ടേക്കാം. മാത്രമല്ല, പൊല്ലാപ്പുകളൊക്കെ ഒഴിഞ്ഞുകിട്ടുകയും ചെയ്യും. ഇടപെടുക എന്നാല്‍ പൊല്ലാപ്പുകള്‍ വാരിവലിച്ച് തലയിലിടുക എന്നാണ് അര്‍ഥം.

മൌനം വിദ്വാന് ഭൂഷണം എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇതു തിരുത്തി മൌനം എഴുത്തുകാര്‍ക്ക് ഭൂഷണം എന്നു പറയാന്‍ സമയമായിരിക്കുന്നു.

മുഖ്യധാരയിലുള്ള വലിയൊരു വിഭാഗം എഴുത്തുകാരും കലാകാരന്മാരും ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ട് എന്ന് വ്യക്തം. പ്രത്യേകിച്ച് കലാകാരന്മാര്‍. പൊതുവെ അവരാണ് ഇത്തരം ചിന്തകളുടെ ഉടമസ്ഥര്‍.

കലാകാരന്മാരെന്ന് പറയുമ്പോള്‍ ചിത്രകാരന്മാരും സംഗീതജ്ഞരും ചലച്ചിത്ര പ്രവര്‍ത്തകരുംകൂടി ഉള്‍പ്പെടുന്നുവെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ.

കലാകാരന്മാര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത വേണം എന്ന് ആരും പറഞ്ഞു കേള്‍ക്കാറില്ല. ഒരു പെയിന്ററോടോ സിനിമാ നടനോടോ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? അവരെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയുമില്ല. പരാതി മുഴുവനും എഴുത്തുകാരെക്കുറിച്ചാണ്.

മലയാള ഭാഷയ്ക്ക് ക്ളാസിക് പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പെറ്റീഷനില്‍ കുറേ എഴുത്തുകാര്‍ ഒപ്പുവയ്ക്കുകയുണ്ടായി. എന്നാല്‍ അങ്ങനെ ഒപ്പുവച്ചവരുടെ കൂട്ടത്തില്‍ ചലച്ചിത്രതാരങ്ങളില്‍ ആരുടെയും പേര് കണ്ടില്ല. ഈയിടെ മലയാളഭാഷയുടെ സംരക്ഷണത്തിനുവേണ്ടി വലിയ കൂട്ടായ്മകള്‍ നാടുനീളെ നടന്നു. അവിടെയും ചിലച്ചിത്ര താരങ്ങളുടെ സാന്നിധ്യം കാണാന്‍ കഴിഞ്ഞില്ല.

അടിയന്തരാവസ്ഥയുടെ പീഡനകാലത്ത് ധാരാളം പേര്‍ ജയിലില്‍പോയിരുന്നു. അവരെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് ഹരജികള്‍ തയാറാക്കി ഒപ്പിട്ട് അയക്കുകയാണ്. മസ്കറ്റിലെ മനുഷ്യസ്നേഹികളായ ഏതാനും സൃഹുത്തുക്കളാണ് ഇതിന് മുന്‍കൈയെടുത്തത്. അഴീക്കോടുമാഷും എം ടിയും സുഗതടീച്ചറും കെ ജി എസുമുള്‍പ്പെടെ ധാരാളം എഴുത്തുകാര്‍ ഹരജികളില്‍ ഒപ്പിട്ടതായി കണ്ടു. പക്ഷേ നമ്മുടെ ഒരു സിനിമാ താരത്തിന്റെ കൈയൊപ്പുപോലും ആ ഹരജികളില്‍ ഒരിടത്തും കണ്ടില്ല. ഒരു ചിത്രകാരന്റെയോ ഗായകന്റേയോ സംഗീത സംവിധായകന്റെയോ പങ്കാളിത്തവും അതില്‍ കണ്ടില്ല. (എന്റെ അറിവില്‍ സാമൂഹിക പ്രശ്നങ്ങളില്‍ എഴുത്തുകാരോടൊപ്പം മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏക കലാകാരന്‍ കാനായി കുഞ്ഞിരാമനാണ്.)

പരാതി പറയാനോ ആരെയെങ്കിലും കുറ്റപ്പെടുത്താനോ അല്ല ഇത്രയും പറഞ്ഞതെന്ന് വിശദീകരിച്ചുകൊള്ളട്ടെ. എഴുത്തുകാരുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ചിന്തിച്ചുപോയപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ അടയാളപ്പെടുത്തിയെന്ന് മാത്രം.

എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് എന്തിനിപ്പോള്‍ ചിന്തിക്കണം? അതൊരു പഴയ വിഷയമല്ലേ? അതിനെക്കുറിച്ച് നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഇനിയുമിപ്പോള്‍ എന്തിന് ആ വിഷയത്തിലേക്ക് മടങ്ങണം?

ഈയിടെ തിരുവനന്തപുരത്തു നടന്ന ഹേ ഫെസ്റ്റിവലില്‍ എഴുത്തിന്റെ നാനാതരം സമസ്യകള്‍ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കൂട്ടത്തില്‍ ശ്രദ്ധേയമായി തോന്നിയത് എഴുത്തുകാര്‍ക്ക് സാമൂഹ്യപ്രതിബദ്ധത വേണോ എന്ന ആലോചനയാണ്. വേണമെന്നുതന്നെയായിരുന്നു ഇംഗീഷ് നോവലിസ്റ്റ് ജയശ്രീ മിശ്രയുടെ അഭിപ്രായം.

ഇതിലെന്തിരിക്കുന്നു എന്ന് നാം സ്വയം ചോദിച്ചേക്കാം. നമുക്ക് ഇതൊട്ടും പുതുമയുള്ള കാര്യമല്ല. പക്ഷേ ഹേ ഫെസ്റ്റിവല്‍പോലുള്ള ഒരു ആഗോളവേദിയില്‍ ഇങ്ങനെയൊരു അഭിപ്രായം വന്നത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യംതന്നെയാണ്.

പൊതുവേ സാമൂഹികമായ അവബോധം രചനകളില്‍ സൂക്ഷിക്കുന്നത് ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരാണ്. ബംഗാളിലെയും നമ്മുടെയും എഴുത്തിന്റെ ചരിത്രം ആ പ്രദേശങ്ങളുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. ബംഗാളി ഭാഷയിലെ ക്ളാസിക് നോവലുകള്‍ നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ഇതിഹാസങ്ങളാണ്. ഇന്നും രാഷ്ട്രീയ പ്രതിരോധങ്ങളുടെ ഭൂമികയാണ് മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടെ എഴുത്ത്. കീഴാള സമൂഹത്തിന്റെ ആന്തരിക അസ്വസ്ഥതകളും ഉയിര്‍ത്തെഴുന്നേല്‍പ്പിനുവേണ്ടിയുള്ള പരിശ്രമങ്ങളുമാണ് സമകാലീന തമിഴ് സാഹിത്യത്തിന്റെ ഊര്‍ജം എന്നു കാണാം. നമ്മുടെ കയ്യൂര്‍ സമരത്തെക്കുറിച്ച് കന്നഡ സാഹിത്യകാരനായ നിരഞ്ജന ഒരു ഹൃദയസ്പര്‍ശിയായ നോവല്‍ തന്നെ എഴുതിയിരുന്നല്ലോ.

അവരൊക്കെ പ്രാദേശിക എഴുത്തുകാരാണ്.

ഇംഗ്ളീഷില്‍ എഴുതുന്ന ഇന്ത്യന്‍ സാഹിത്യകാരന്മാര്‍ സാമൂഹിക പ്രശ്നങ്ങളില്‍നിന്ന് പൊതുവെ മുഖംതിരിഞ്ഞിരുക്കുന്നതാണ് നമ്മള്‍ കാണുന്നത്. പണ്ട് ഒരു മുല്‍ക്ക്രാജ് ആനന്ദ് ഉണ്ടായിരുന്നു എന്ന് പറഞ്ഞ് ആശ്വസിക്കാന്‍ കഴിയുകയില്ല. ആര്‍ കെ നാരായണന്‍ ആഗോള പ്രശസ്തിയാര്‍ജിച്ച ഇംഗ്ളീഷിലെഴുതിയ സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ലോകത്തില്‍ വലിയ ചരിത്ര സംഭവങ്ങള്‍ നടന്നു. ലോകമഹായുദ്ധംപോലുമുണ്ടായി. ദേശീയപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടു. വിഭജനത്തിന്റെ വന്‍ ദുരന്തങ്ങളുണ്ടായി.... പക്ഷേ ആര്‍ കെ നാരായണനെപ്പോലുള്ളവര്‍ ഇംഗ്ളീഷില്‍ എഴുതിയ രചനകളില്‍ ഈ ചരിത്ര സംഭവങ്ങളുടെ ഒരു നിഴല്‍പോലും കാണാനില്ല.

സമകാലീന ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരിലെത്തുമ്പോള്‍ ചരിത്രപരമായ ഈ നിസ്സംഗത കൂടുതല്‍ പ്രകടമാകുന്നു. ഒന്നാന്തരം എഴുത്തുകാരായ വിക്രം സേത്തിന്റെയോ അമിതാഭ് ഘോഷിന്റെയോ കിരണ്‍ദേശായിയുടെയോ ഉപമന്യു ചാറ്റര്‍ജിയുടെയോ നോവലുകളില്‍ സാമൂഹിക പ്രശ്നങ്ങള്‍ ചരിത്രപരമായ അവബോധത്തിന്റെ ഭാഗമായി ആവിഷ്കരിക്കപ്പെടുന്നില്ല. ഒരു ആദിവാസി യുവതിയെ കാമിച്ചതിന്റെ പേരില്‍ ഒരു യുവ ഐഎഎസുകാരന്റെ കൈവെട്ടുന്ന രംഗം ഉപമന്യു ചാറ്റര്‍ജിയുടെ ഇംഗ്ളീഷ് ഓഗസ്ത് എന്ന നോവലിലുണ്ട്. എന്നാല്‍ ഇത് വസ്തുതാപരമായ ഒരു ആഖ്യാനം മാത്രമാണ്. ഒരു രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍നിന്ന് ഉറവയെടുത്തതല്ല.

ഡല്‍ഹിയിലെ എംബസി കോക്ടെയിലുകളില്‍ വച്ച് ഇംഗ്ളീഷ് ഇന്ത്യന്‍ എഴുത്തുകാരെ ഞാന്‍ പതിവായി കാണാറുണ്ടായിരുന്നു. അവരുടെ പരന്ന വായനയും ലോകക്രമങ്ങളെക്കുറിച്ചുള്ള അവഗാഹവും അമ്പരപ്പിക്കുന്നതായിരുന്നു. പക്ഷേ സ്വന്തം രാജ്യത്തെ പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹവിഭാഗം അവരുടെ വര്‍ത്തമാനങ്ങളില്‍ ഒരിക്കലും കടന്നുവരാറില്ല. മാത്രമല്ല എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് ഞാനെന്തെങ്കിലും ഉരിയാടിപ്പോയാല്‍ അവര്‍ ചിരിക്കുകയാണ് ചെയ്യുക. അതൊക്കെ പഴയ സാഹിത്യ സങ്കല്‍പ്പങ്ങളാണെന്ന് ഒരു ഇംഗ്ളീഷ് വാരികയുടെ ലിറ്റററി എഡിറ്റര്‍ എനിക്ക് വിശദീകരിച്ചുതരികയും ചെയതു.

മുഖ്യധാരയിലുള്ള മലയാള സാഹിത്യത്തിലെ പുത്തന്‍ തലമുറയും അങ്ങനെ ചിന്തിക്കുന്നുണ്ടോ? സാമൂഹ്യ പ്രശ്നങ്ങളില്‍ നിന്ന് അവര്‍ മുഖംതിരിച്ച് നില്‍ക്കുകയല്ലേ ചെയ്യുന്നത്?

സമൂഹത്തിന്റെ ഉണര്‍ത്തുപാട്ടായിരിക്കണം സാഹിത്യ രചനകളെന്ന് നമ്മള്‍ പറയാറുണ്ട്. കാരണം ഉറക്കം തൂങ്ങിയിരിക്കുന്ന സമൂഹത്തെ തലയില്‍ തോണ്ടി ഉണര്‍ത്തേണ്ടത് എഴുത്തുകാരുടെ കടമയാണെന്നാണ് വയ്പ്പ്. പക്ഷേ ഇപ്പോള്‍ ഉണര്‍ത്തുപാട്ട് സമൂഹത്തിനല്ല. എഴുത്തുകാര്‍ക്കുതന്നെയാണ് ആവശ്യമെന്ന് തോന്നുന്നു. പകലുറക്കം കൊതിച്ച് ഉറക്കം തൂങ്ങിയിരിക്കുന്നത് എഴുത്തുകാര്‍തന്നെയാണ്. അതുകൊണ്ട് എഴുത്തുകാര്‍ക്ക് വേണ്ടിയുള്ള ഉണര്‍ത്തുപാട്ടായിരിക്കണം സാഹിത്യം എന്ന് പറയുന്നതായിരിക്കും ശരി.

*
എം മുകുന്ദന്‍ കടപ്പാട്: ദേശാഭിമാനി വാരിക 30 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമൂഹത്തില്‍ കഷ്ടപ്പാടുകള്‍ വന്നു നിറയുമ്പോള്‍ എഴുത്തുകാരും കലാകാരന്മാരുമൊക്കെ എന്തുചെയ്യണം? അവര്‍ക്കെന്തു ചെയ്യാന്‍ കഴിയും?

ഒന്നും ചെയ്യേണ്ടതില്ലെന്നും അവനവന്റെ കാര്യം നോക്കി നടന്നാല്‍ മതിയെന്നും തീരുമാനിച്ചാല്‍ പ്രശ്നം തീര്‍ന്നു. പ്രസ്താവനയില്‍ ഒപ്പു വയ്ക്കേണ്ടതില്ല. മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടതില്ല. കഷ്ടപ്പെടുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതില്ല...

അങ്ങനെ ഒരുപാട് സമയവും അധ്വാനവും ലാഭം. ആ സമയവും ഊര്‍ജവും എഴുത്തിനുവേണ്ടി ഉപയോഗിക്കാം. എഴുതിയാല്‍ നാലു കാശ് കൈയില്‍ വരും. ഭാഗ്യമുണ്ടെങ്കില്‍ ഏതെങ്കിലും പുരസ്കാരം തരപ്പെട്ടേക്കാം. മാത്രമല്ല, പൊല്ലാപ്പുകളൊക്കെ ഒഴിഞ്ഞുകിട്ടുകയും ചെയ്യും. ഇടപെടുക എന്നാല്‍ പൊല്ലാപ്പുകള്‍ വാരിവലിച്ച് തലയിലിടുക എന്നാണ് അര്‍ഥം.