Saturday, February 19, 2011

നേപ്പാളില്‍ വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍

ഏഴുമാസം നീണ്ട കെയര്‍ടേക്കര്‍ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് നേപ്പാളില്‍ ഒടുവില്‍ കമ്യൂണിസ്റ്റ്പാര്‍ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)ന്റെ ചെയര്‍മാന്‍ ഝലാനാഥ് ഖനാല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളി കോണ്‍ഗ്രസിന്റെയും മാഥേശി മുന്നണിയുടെയും പിന്തുണയോടെ അധികാരത്തിലെത്തിയ സിപിഎന്‍ (യുഎംഎല്‍)ന്റെ തന്നെ നേതാവായ മാധവ്കുമാര്‍ നേപ്പാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടനാ നിര്‍മ്മാണപ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് മാവോയിസ്റ്റുകളുമായി സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 2010 മെയ് മാസത്തില്‍ രാജിവെച്ചത്. മാധവ്കുമാര്‍ നേപ്പാള്‍ കാവല്‍ പ്രധാനമന്ത്രിയായി തുടര്‍ന്നുകൊണ്ട്, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യത്നത്തിലായിരുന്നു കഴിഞ്ഞ ഏഴുമാസവും നേപ്പാളിലെ രാഷ്ട്രീയ കക്ഷികള്‍ ഏര്‍പ്പെട്ടിരുന്നത്. 601 അംഗ കോണ്‍സ്റ്റിസ്റ്റുവന്റ് അസംബ്ളിയില്‍ 368 അംഗങ്ങളുടെ പിന്തുണനേടി}ഝലാനാഥ് ഖനാല്‍ ഈ ഫെബ്രുവരി 3ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ഇതേവരെ നേപ്പാളില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും ഭരണസ്തംഭനത്തിനും പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം.

2008 ഏപ്രില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 601 അംഗ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളിയില്‍ 237 അംഗങ്ങളുടെ പിന്തുണയോടെ ഏറ്റവും വലിയ കക്ഷിയായി ജനങ്ങളുടെ അംഗീകാരം നേടിയ യൂണിഫൈഡ് കമ്യൂണിസ്റ്റ്പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്)ന്റെ നേതാവ് പ്രചണ്ഡയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കാതെ നാലുമാസത്തോളം അധികാരത്തില്‍ കടിച്ചുതൂങ്ങിയിരുന്ന നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഗിരിജാ പ്രസാദ് കൊയ്രാളയുടെ നടപടിയില്‍തന്നെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ വിത്ത് കിടക്കുന്നത് കാണാം. (രാജവാഴ്ച അവസാനിപ്പിച്ചശേഷം രൂപംകൊണ്ട സര്‍വ്വകക്ഷി ഇടക്കാല സര്‍ക്കാരില്‍ പ്രധാനമന്ത്രി ആയിരുന്നു കൊയ്രാള). ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കാതെ, നൂറില്‍ അധികം സീറ്റുമാത്രം ലഭിച്ച തങ്ങള്‍ക്ക് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന നേപ്പാളി കോണ്‍ഗ്രസിന്റെ പിടിവാശിയാണ് മാവോയിസ്റ്റ് നേതൃത്വത്തില്‍ ദേശീയ സമവായ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം ഇല്ലാതാക്കിയതും നാലുമാസത്തിലേറെക്കാലം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയാക്കിയതും. ഒടുവില്‍ സിപിഎന്‍ (യുഎംഎല്‍)ന്റെയും മാഥേശി മുന്നണിയുടെയും പിന്തുണയോടെ പ്രചണ്ഡ പ്രധാനമന്ത്രിയായി രൂപീകരിക്കപ്പെട്ട കൂട്ടുകക്ഷി സര്‍ക്കാര്‍, എട്ടുമാസത്തിനുശേഷം 2009 ഏപ്രില്‍ മാസത്തില്‍ രാജിവെച്ചതിനെത്തുടര്‍ന്ന് വീണ്ടും നേപ്പാള്‍ രാഷ്ട്രീയം ഫലത്തില്‍ പ്രതിസന്ധിയിലായിരുന്നു. മാവോയിസ്റ്റ് നേതൃത്വത്തിലുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും നേപ്പാള്‍ സൈന്യവും തമ്മിലുള്ള ലയനം സംബന്ധിച്ച സമാധാന ഉടമ്പടിയിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് വിഘാതമായിനിന്ന, മന്ത്രിസഭാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച സൈനികമേധാവി രുക്മാംഗദ കട്വാളിനെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സിപിഎന്‍ (യുഎംഎല്‍) മന്ത്രിസഭയില്‍നിന്ന് പുറത്തുപോകുകയും മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ നേപ്പാളി കോണ്‍ഗ്രസ് നേതാവായ പ്രസിഡന്റ് രാം ബരന്‍ യാദവ് വിസമ്മതിക്കുകയും ചെയ്തതോടെയാണ് പ്രചണ്ഡ രാജിവെച്ചത്. തുടര്‍ന്ന് നേപ്പാളി കോണ്‍ഗ്രസും സിപിഎന്‍ (യുഎംഎല്‍)ഉം മാഥേശി മുന്നണിയും ചേര്‍ന്ന് മാധവ്കുമാര്‍ നേപ്പാളിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഇടക്കാല ഭരണഘടനയുടെ വ്യവസ്ഥകള്‍ പ്രകാരം പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കാനും സമാധാന പ്രക്രിയ പൂര്‍ത്തിയാക്കാനും നിശ്ചിത കാലാവധിയായ 2010 മെയ് മാസത്തിനകം കഴിയാത്തതിനെ തുടര്‍ന്നാണ്, ആ സര്‍ക്കാരും രാജിവെയ്ക്കാന്‍ നിര്‍ബന്ധിതമായത്. മാവോയിസ്റ്റ് നേതൃത്വത്തില്‍ ദേശീയ സമവായ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അന്തരീക്ഷമൊരുക്കാനാണ് മാധവ്കുമാര്‍ നേപ്പാള്‍ രാജിവെച്ചത്. കൂട്ടത്തില്‍ പൊതു സമ്മതപ്രകാരം കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളിയുടെ കാലാവധി 2011 മെയ് 31വരെ നീട്ടുകയും ചെയ്തു.

മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍വേണ്ട ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം മത്സരത്തില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാമചന്ദ്ര പൌദേല്‍ വിഫലമായ ഒറ്റയാന്‍ മത്സരത്തിലൂടെ രാഷ്ട്രീയ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. ഒടുവില്‍ ജനുവരിയില്‍ പൌദേല്‍ മല്‍സരരംഗത്തുനിന്ന് പിന്‍വാങ്ങിയതിനുശേഷമാണ് പുതിയ സാഹചര്യം ഉരുത്തിരിഞ്ഞത്. ഫെബ്രുവരി 3ന് നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ആദ്യം മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയും സിപിഎന്‍ (യുഎംഎല്‍) സ്ഥാനാര്‍ത്ഥിയായി }ഝലാനാഥ് ഖനാലും നേപ്പാളി കോണ്‍ഗ്രസിന്റെ പൌദേലും മാഥേശി മുന്നണിയുടെ ബിജയ്കുമാര്‍ ഗച്ചേദാറും രംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനുമുമ്പ് പ്രചണ്ഡയും ഖനാലും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെത്തുടര്‍ന്ന് മാവോയിസ്റ്റുകളുടെ ഉന്നതാധികാര സമിതി യോഗംചേര്‍ന്ന് മത്സരത്തില്‍നിന്ന് പിന്മാറാനും ഖനാലിന് പിന്തുണ നല്‍കാനും തീരുമാനിച്ചതോടെയാണ് നേപ്പാളില്‍ നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതിയായത്. 107 യുഎംഎല്‍ എംപിമാര്‍ക്കൊപ്പം 237 മാവോയിസ്റ്റ് എംപിമാരും ചില ചെറുകക്ഷികളും ഖനാലിന് അനുകൂലമായി വോട്ടുചെയ്തതോടെ, നേപ്പാളില്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പൂര്‍ണ്ണമായും ഇടതുപക്ഷ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുകയാണ്.

"റിപ്പബ്ളിക് സംവിധാനത്തെ ശരിയായ വിധത്തില്‍ സ്ഥിരീകരിക്കുകയും ഭരണകൂടത്തെ ഉടച്ചുവാര്‍ക്കുകയും ഫെഡറലിസം നടപ്പിലാക്കുകയും ജനകീയ ഇടപെടല്‍ സാധ്യമാക്കുന്നവിധം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും എല്ലാവിധത്തിലുമുള്ള ഫ്യൂഡലിസത്തിന് അറുതിവരുത്തുകയും ദേശീയ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുകയും'' ചെയ്യുന്ന ഭരണഘടന എഴുതി തയ്യാറാക്കാന്‍ ഇരു കക്ഷികളും സമ്മതിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മാവോയിസ്റ്റുകളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ നടത്തിവന്ന നീക്കങ്ങള്‍ക്കാണ് ഈ സംഭവവികാസം തിരിച്ചടിയേല്‍പ്പിച്ചത്. ഇന്ത്യന്‍ വിദേശകാര്യവകുപ്പും നേപ്പാളിലെ ഇന്ത്യന്‍ എംബസിയും നേപ്പാള്‍ രാഷ്ട്രീയത്തില്‍ നടത്തിയ ഇടപെടലുകള്‍ പരസ്യമായിരുന്നു. മാഥേശി മുന്നണിയെ പിളര്‍ക്കുകയും സിപിഎന്‍ (യുഎംഎല്‍)നെ പിളര്‍ക്കാന്‍ നന്നായി ശ്രമിക്കുകയും ചെയ്തതിന്റെ, നേപ്പാളി കോണ്‍ഗ്രസിനുവേണ്ടി തുടക്കം മുതല്‍ നടത്തിയ ചരടുവലികളുടെ, കഥകള്‍ പരസ്യമാക്കപ്പെടുകയും ഇന്ത്യക്ക് അത് നാണക്കേട് ഉണ്ടാക്കുകയും ചെയ്തിരുന്നു.

മാവോയിസ്റ്റുകളുടെ പിന്തുണയോടെ യുഎംഎല്‍ നേതാവ് ഝലാനാഥ് ഖനാല്‍ അധികാരത്തിലെത്തിയത്, സമഗ്രമായ സമാധാന കരാര്‍ വ്യവസ്ഥപ്രകാരം മാവോയിസ്റ്റ് സേനയെ ജനാധിപത്യവല്‍ക്കരിക്കപ്പെടുന്ന നേപ്പാള്‍ സൈന്യവുമായും സുരക്ഷാ വിഭാഗങ്ങളുമായും സംയോജിപ്പിക്കുകയും അവശേഷിക്കുന്നവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. യുഎന്‍ സമാധാന ദൌത്യസംഘം നേപ്പാള്‍ വിട്ടതിനെ തുടര്‍ന്ന് ഇരു സൈന്യങ്ങളും രാഷ്ട്രീയകക്ഷികളുടെ സംയുക്ത സമിതിയുടെ നിരീക്ഷണത്തിലാണ്. ഇനിയെങ്കിലും എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് നേപ്പാളില്‍ സമാധാനം സ്ഥാപിക്കാന്‍ അനിവാര്യമാണ്. ഒപ്പം അവശേഷിക്കുന്ന ചുരുങ്ങിയ കാലത്തിനകം പുതിയ ഭരണഘടനയ്ക്ക് അന്തിമ രൂപം നല്‍കേണ്ട ബാധ്യതയും പുതിയ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സമവായത്തിന്റെ അടിസ്ഥാനത്തില്‍ ആ ദൌത്യം നിറവേറ്റും എന്ന ഉറപ്പാണ്, തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഝലാനാഥ് ഖനാല്‍ അസംബ്ളിക്ക് നല്‍കിയത്. ബഹുകക്ഷി ജനാധിപത്യത്തിലും സമാധാനത്തിലുമുള്ള നേപ്പാളിലെ മാവോയിസ്റ്റുകളുടെ ദൃഢവിശ്വാസമാണ്, ഈ പുതിയ സംഭവവികാസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 18 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏഴുമാസം നീണ്ട കെയര്‍ടേക്കര്‍ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് നേപ്പാളില്‍ ഒടുവില്‍ കമ്യൂണിസ്റ്റ്പാര്‍ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)ന്റെ ചെയര്‍മാന്‍ ഝലാനാഥ് ഖനാല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളി കോണ്‍ഗ്രസിന്റെയും മാഥേശി മുന്നണിയുടെയും പിന്തുണയോടെ അധികാരത്തിലെത്തിയ സിപിഎന്‍ (യുഎംഎല്‍)ന്റെ തന്നെ നേതാവായ മാധവ്കുമാര്‍ നേപ്പാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണഘടനാ നിര്‍മ്മാണപ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് മാവോയിസ്റ്റുകളുമായി സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 2010 മെയ് മാസത്തില്‍ രാജിവെച്ചത്. മാധവ്കുമാര്‍ നേപ്പാള്‍ കാവല്‍ പ്രധാനമന്ത്രിയായി തുടര്‍ന്നുകൊണ്ട്, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യത്നത്തിലായിരുന്നു കഴിഞ്ഞ ഏഴുമാസവും നേപ്പാളിലെ രാഷ്ട്രീയ കക്ഷികള്‍ ഏര്‍പ്പെട്ടിരുന്നത്. 601 അംഗ കോണ്‍സ്റ്റിസ്റ്റുവന്റ് അസംബ്ളിയില്‍ 368 അംഗങ്ങളുടെ പിന്തുണനേടി}ഝലാനാഥ് ഖനാല്‍ ഈ ഫെബ്രുവരി 3ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ഇതേവരെ നേപ്പാളില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും ഭരണസ്തംഭനത്തിനും പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം.