മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയേയും നിയന്ത്രണത്തേയും സംബന്ധിച്ച് ഈയിടെ നടന്ന ചര്‍ച്ചകള്‍, സാമ്പത്തിക പരിഷ്കാരങ്ങളുടെ ആരംഭത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയിലുള്ള മൈക്രോഫിനാന്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്‍തുടരുന്ന രാഷ്ട്രങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയ്ക്കാണ് 1990കളുടെ ആരംഭത്തില്‍ മൈക്രോഫിനാന്‍സിന്റെ ആവിര്‍ഭാവത്തെ കണ്ടത്-പ്രത്യേകിച്ചും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. സ്വയംതൊഴില്‍ കണ്ടെത്തല്‍ സംരംഭങ്ങള്‍ക്കും മറ്റ് വരുമാന ഉല്‍പാദന പദ്ധതികള്‍ക്കും മൂലധനം ആവശ്യമായത്ര ലഭിക്കാതെവന്ന പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയ്ക്കാണ്, സ്വയം സഹായ പദ്ധതികളെയും അവയും ബാങ്കുകളും സര്‍ക്കാര്‍ പദ്ധതികളും തമ്മിലുള്ള ബന്ധത്തേയും കണ്ടത്. ഈ പദ്ധതികളില്‍ പലതും ലക്ഷ്യംവെച്ചത്, ഹുണ്ടികക്കാരില്‍നിന്ന് അനൌപചാരിക വായ്പാ മേഖലയെ ആശ്രയിക്കുന്ന ദരിദ്രരായ സ്ത്രീകളെ സഹായിക്കുന്നതിനാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട പദ്ധതിയിന്‍കീഴില്‍ ആവിഷ്കരിക്കപ്പെട്ട ഇത്തരം സ്വയംസഹായ പദ്ധതികളിലേക്ക് നിരവധി സ്ത്രീകള്‍ ആകര്‍ഷിക്കപ്പെട്ടു. ഇത്തരം സ്വയംസഹായ സംഘങ്ങളില്‍ 70 ശതമാനത്തിലധികവും രൂപീകരിക്കപ്പെട്ടത് സ്ത്രീകളുടെ നേതൃത്വത്തിലാണ്.
സ്വയംസഹായ സംഘങ്ങളെ സംബന്ധിച്ച കാഴ്ചപ്പാട്
പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയിലുള്ള മൈക്രോഫിനാന്‍സിന്റെ പരിമിതികള്‍ അംഗീകരിക്കുന്ന അവസരത്തില്‍തന്നെ, ഈ സംരംഭത്തെ ഗൌരവത്തോടെ കാണാന്‍ ജനാധിപത്യ പ്രസ്ഥാനം നിര്‍ബന്ധിതമായത് ഈ കാരണംകൊണ്ടാണ്. സ്വയംസഹായ സംഘങ്ങളുടെ രൂപീകരണത്തെ സംബന്ധിച്ച് ജനാധിപത്യ പ്രസ്ഥാനം, അതിന്റേതായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുകയും ചെയ്തു. ഈ പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പ്രധാനമായും താഴെ പറയുന്നവയാണ്-ഒന്നാമത് ദരിദ്രരുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ സംഭരിച്ച് ബാങ്കുകളെ ചലനാത്മകമാക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും അതിനുപിന്നിലുള്ളത്. രണ്ടാമത്, സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ നിക്ഷേപം കുറച്ചുകുറച്ചുകൊണ്ട് വരുമ്പോള്‍ ആ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് സംഭരിക്കുക. ഈ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ദാരിദ്യ്ര നിര്‍മാര്‍ജന പദ്ധതികളില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിനെ മോചിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണത്. അതേ അവസരത്തില്‍ത്തന്നെ പല വര്‍ഗീയ സംഘടനകളും ലാഭത്തില്‍ കണ്ണുനട്ടിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളും, തങ്ങളുടെ സങ്കുചിതമായ ലക്ഷ്യങ്ങള്‍ സാധിക്കുന്നതിന് ഇവയെ ഉപയോഗപ്പെടുത്താനും തുടങ്ങി.
ഇതിന് കടകവിരുദ്ധമായി, ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ ബദല്‍ പരിപ്രേക്ഷ്യം ഈ പദ്ധതികളെ കണ്ടത്, സാധാരണ ജനങ്ങളിലേക്ക് മൂലധനം കൂടുതല്‍ വിപുലമായ രീതിയില്‍ എത്തിക്കുന്നതിനും ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്നതിനുമുള്ള മാര്‍ഗമെന്ന നിലയിലാണ്. ഉദാഹരണത്തിന് കേരള ഗവണ്‍മെന്റ് ആവിഷ്കരിച്ച കുടുംബശ്രീ, അയല്‍കൂട്ട മൈക്രോ ഫൈനാന്‍സ് പദ്ധതികള്‍, സ്ത്രീകളുടെ ഉപജീവന മാര്‍ഗത്തിന്റെ സുരക്ഷിതത്വത്തേയും അതിന്റെ സംഘാടനത്തേയും പഞ്ചായത്ത് വികസനവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ്. പശ്ചിമബംഗാളിലും സ്വയംസഹായ സംഘങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍, സര്‍ക്കാര്‍ സബ്സിഡിനല്‍കിക്കൊണ്ട്, വായ്പകള്‍ ലഭ്യമാക്കി. മാത്രമല്ല, ഈ സംഘങ്ങള്‍ക്ക് വേണ്ടത്ര പരിശീലനവും വിപണനത്തിനുള്ള സഹായവും ലഭ്യമാക്കി. ജനാധിപത്യപ്രസ്ഥാനത്തിന്റെ സ്വയംസഹായ സംഘ മാതൃകകള്‍ സര്‍ക്കാര്‍ സഹായത്തിന്റെ പിന്‍വാങ്ങല്‍ എന്നതിനേക്കാള്‍ ഭരണത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിലാണ് ഊന്നുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നുണ്ട്. അതേ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സംഘടനകള്‍ സ്വയം സഹായ സംഘങ്ങളുടെ രൂപീകരണത്തെ കണ്ടത്, സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളില്‍ സ്ത്രീകളെ അണിനിരത്തുന്നതിനുള്ള ഒരു അവസരം എന്ന നിലയ്ക്കാണ്. തമിഴ്നാട്ടിലെ "മലര്‍'' തന്നെയാണ് അതിനുള്ള നല്ല ഉദാഹരണം.
മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തിന്റെ മൂലകാരണം
ഇന്നത്തെ സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഉയര്‍ച്ചയും വളര്‍ച്ചയും ഇത്തരം സ്വയംസഹായ സംഘങ്ങളെ കൂടുതല്‍ വിഷമത്തിലാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എസിസിഇഎസ്എസ് അലയന്‍സ് എ ന്ന സംഘടന "മൈക്രോ ഫിനാന്‍സ് മേഖലയുടെ അവസ്ഥ''യെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2009 അവസാനത്തോടെയുള്ള നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ മൈക്രോ ഫിനാന്‍സ് മേഖലയുടെ പ്രവര്‍ത്തനം 13 ഇരട്ടി വര്‍ദ്ധിച്ചു. 11790 കോടി രൂപയുടെ വായ്പയാണ് അവ നല്‍കിയിട്ടുള്ളത്. 266 ലക്ഷം പേരാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് വായ്പ വാങ്ങിയിട്ടുള്ളത്. ഇങ്ങനെ വായ്പ വാങ്ങിയവരില്‍ ഏറ്റവും വലിയ വിഭാഗം പാവപ്പെട്ട സ്ത്രീകളും അവശവിഭാഗങ്ങളുമാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ "ലാഭമുണ്ടാക്കുന്നതിനു''വേണ്ടി എന്ന് പ്രഖ്യാപിച്ചിരുന്ന ഒരൊറ്റ മൈക്രോ ഫിനാന്‍സ് സ്ഥാപനമേ 1990കളുടെ മധ്യത്തില്‍ ഉണ്ടായിരുന്നുള്ളുവെങ്കില്‍ 2009 ഓടെ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം 149 ആയി ഉയര്‍ന്നു. ഇവയില്‍ 11 ശതമാനം വരുന്ന വന്‍കിട മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളാണ് വായ്പാ വിപണിയുടെ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നത്. വായ്പ വാങ്ങിയ വ്യക്തികളില്‍ 82 ശതമാനവും ഇവയെയാണ് ആശ്രയിക്കുന്നത്. മൊത്തം വായ്പയില്‍ 88 ശതമാനവും ഇവയാണ് നല്‍കിയിട്ടുള്ളത്. വായ്പയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിട്ടുള്ള ദരിദ്രരെ ചൂഷണംചെയ്ത് വളര്‍ന്നുവരുന്ന പുതിയ കോര്‍പ്പറേറ്റുകളുടെയും സ്വകാര്യ ഫിനാന്‍സ് കമ്പനികളുടെയും ആവിര്‍ഭാവത്തെയാണിത് കാണിക്കുന്നത്. അവര്‍ ഉയര്‍ന്നനിരക്കിലുള്ള പലിശ ഈടാക്കി തടിച്ചുകൊഴുക്കുന്നു. ആന്ധ്രപ്രദേശിലെ "ഡൌണ്‍ ടു എര്‍ത്ത്'' എന്ന മാസിക നടത്തിയ ഒരു അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളുമായി ബന്ധപ്പെട്ട സ്വയംസഹായസംഘങ്ങള്‍ തങ്ങളുടെ അധമര്‍ണരില്‍നിന്ന് 15 ശതമാനത്തോളം പലിശ ഈടാക്കുമ്പോള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഈടാക്കുന്ന പലിശനിരക്ക് 60 ശതമാനത്തോളമാണ്. ഗ്രാമീണ വായ്പാ വിപണിയിലേക്ക് എന്നതുപോലെ പട്ടണപ്രദേശങ്ങളിലെ വായ്പാ വിപണിയിലേക്കും പ്രവേശിക്കുന്നതിന് ചൂഷകരായ ഫിനാന്‍ഷ്യല്‍ മധ്യവര്‍ത്തികള്‍ക്ക് അവസരം ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളും സര്‍ക്കാരും പാവങ്ങള്‍ക്ക് വായ്പയെത്തിക്കാന്‍ വിസമ്മതിക്കുന്നു എന്ന വസ്തുതയുമായി ബന്ധപ്പെട്ടതാണ് ഈ പ്രതിഭാസം. വായ്പ ലഭിക്കേണ്ടത് അത്യാവശ്യമായ പാവങ്ങളുള്ളതും എന്നാല്‍ ഔപചാരിക ബാങ്കിങ് വ്യവസ്ഥയ്ക്ക് അതിന് കഴിവില്ലാത്തതുമായ 256 ജില്ലകളിലാണ് മേല്‍പ്പറഞ്ഞ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന വസ്തുതയില്‍നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. ഇതില്‍ത്തന്നെ ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലുമാണ് ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലുള്ളത്-അഥവാ അവയുടെ കേന്ദ്രീകരണ സാന്ദ്രത ഏറ്റവും കൂടുതലുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ ആകെ കൊടുത്തിട്ടുള്ള വായ്പകളില്‍ 50 ശതമാനത്തിലധികം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണുതാനും.
ബാങ്കിങ് വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിലും ഗ്രാമീണ ദരിദ്രരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, വായ്പാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ബാങ്കിങ് വ്യവസ്ഥ പരാജയപ്പെട്ടതിലും ആണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ കുത്തനെയുള്ള വളര്‍ച്ചയുടെ അടിവേരുകള്‍ കിടക്കുന്നത്. ദരിദ്രരെക്കൂടി ഉള്‍ക്കൊള്ളിക്കുന്ന ഫിനാന്‍ഷ്യല്‍ പരിപാടിയുടെ ആവശ്യാര്‍ത്ഥമാണ് തുടക്കത്തില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ആരംഭിച്ചത്. സ്വയംസഹായ സംഘങ്ങളേയും ബാങ്കുകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പരിപാടി ആരംഭിച്ചത് നബാര്‍ഡ് ആണ് - നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്മെന്റ്. സ്വയംസഹായ സംഘങ്ങളെയും ബാങ്കുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കളമൊരുക്കുന്നതിലും അതിനെ ശക്തിപ്പെടുത്തുന്നതിലും മധ്യസ്ഥ പങ്ക് വഹിച്ചത് ഗവണ്‍മെന്റിതര സംഘടനകളും ലാഭത്തിനല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ആയിരുന്നു. അതായത് പല മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ആരംഭിച്ചത് ലാഭത്തിനല്ലാതെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിതര സ്ഥാപനങ്ങളായിട്ടായിരുന്നുവെന്നര്‍ഥം. പിന്നീട് കക്ഷികളുമായി നേരിട്ട് ബന്ധംവെയ്ക്കുന്നതിനായി അവ തങ്ങളുടെ പ്രവര്‍ത്തനമേഖല വികസിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൈക്രോ ഫിനാന്‍ഷ്യല്‍ സ്ഥാപനമായ എസ് കെ എസ് മൈക്രോഫിനാന്‍സ് ആരംഭിച്ചത് ലാഭം ആഗ്രഹിക്കാത്ത സ്ഥാപനം എന്ന നിലയ്ക്കാണ്. പിന്നീട് 2004ല്‍ അത് ബാങ്കല്ലാത്ത ഫിനാന്‍ഷ്യല്‍ കമ്പനിയായി മാറി. അതുപോലെതന്നെ മറ്റൊരു മൈക്രോ ഫിനാന്‍സ് കൂറ്റന്‍ സ്ഥാപനമായ "സാംദാന'' 500 അധമര്‍ണരെ വെച്ചാണ് ആരംഭിച്ചത്. 1998നും 2004നും ഇടയില്‍ ആ സ്ഥാപനത്തില്‍നിന്ന് വായ്പയെടുത്ത കക്ഷികളുടെ സംഖ്യ ഏതാണ്ട് 3 ലക്ഷമായി ഉയര്‍ന്നു. അതിനിടയില്‍ ലാഭമെടുക്കാത്ത സ്ഥാപനം എന്ന പദവിയില്‍നിന്ന് ലാഭമുണ്ടാക്കുന്ന സ്ഥാപനം എന്ന പദവിയിലേക്ക് അത് മാറിക്കഴിഞ്ഞിരുന്നു. ലാഭമെടുക്കാനാഗ്രഹിക്കാത്ത സ്ഥാപനങ്ങളില്‍നിന്ന് ലാഭമുണ്ടാക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലേക്കുള്ള ഈ മാറ്റം, സ്വകാര്യ മൂലധനത്തിന് ഈ മേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ വളരെയേറെ അവസരം നല്‍കുന്ന സര്‍ക്കാരിന്റെ നയംമൂലം സംഭവിച്ചതാണ്. പൊതുമേഖലാ ബാങ്കിങ് വ്യവസ്ഥയുടെ തിരോധാനം കൈവരിക്കുന്നതിനായി സേവ, പ്രദാന്‍ തുടങ്ങിയ ഗവണ്‍മെന്റിതര സ്ഥാപനങ്ങള്‍ക്കും ബേസിക്സ് പോലെയുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഫണ്ട് നല്‍കുന്നവരെ ലോക ബാങ്കിനെപ്പോലെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സഹായിക്കുകയും ചെയ്തു.
പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയുടെ ദൌര്‍ബല്യം
ഈ വെല്ലുവിളികളെ നേരിടുന്നതിന് ഇപ്പോഴത്തെ ഗവണ്‍മെന്റിനും ബാങ്കുകളുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ക്കും കഴിവില്ലാത്തതാണ്, അവയുടെ ദൌര്‍ബല്യമാണ് ഇവയിലൂടെയെല്ലാം തുറന്നുകാട്ടപ്പെടുന്നത്. ബാങ്കുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പദ്ധതികളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക്, അവരാണ് സ്വയംസഹായ സംഘങ്ങള്‍ രൂപവല്‍ക്കരിച്ചത് എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍പോലും, അതേ ബാങ്കുകളില്‍നിന്നുതന്നെ വായ്പ ലഭിക്കാന്‍ വിഷമമനുഭവപ്പെട്ടു. അതായത് ബാങ്കുകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ കീഴില്‍വരുന്ന ഒരു ലക്ഷത്തോളം സ്വയംസഹായസംഘങ്ങള്‍ക്ക് ബാങ്കുകളുടെ വായ്പയുമായി ബന്ധപ്പെടുന്നതിന് കഴിയുന്നില്ല എന്നര്‍ത്ഥം. എന്നാല്‍ ഈ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടത്, ബാങ്കുമായി ബന്ധപ്പെട്ട പരിപാടിക്കു കീഴിലാണുതാനും! എന്നുതന്നെയല്ല, ബാങ്കുമായി ബന്ധപ്പെട്ട പരിപാടികള്‍ രണ്ടുവിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേതില്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് നേരിട്ട് ബാങ്കുകളുടെ സഹായം ലഭിക്കുന്നു. രണ്ടാമത്തേതിലാകട്ടെ, ബാങ്കുകള്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നു. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളാകട്ടെ, സ്വയം സഹായ സംഘങ്ങള്‍ക്ക് അത് കൈമാറും എന്നാണ് സങ്കല്‍പം. ബാങ്കുകള്‍ക്ക് കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത് സഹായിക്കും എന്നാണ് അവയുടെ വിശ്വാസം. എന്നാല്‍ ചില മേഖലകളില്‍ ബാങ്കുകളെ പുറംതള്ളി ആ സ്ഥാനത്ത് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കയറിപ്പറ്റാനുള്ള അവസരമുണ്ടാക്കികൊടുത്തതും ഇതേ തന്ത്രംതന്നെയാണ്.
"മൈക്രോഫിനാന്‍സിന്റെ പദവി''യെക്കുറിച്ചുള്ള നബാര്‍ഡിന്റെതന്നെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന പ്രത്യക്ഷ സഹായത്തിന്റെ വളര്‍ച്ചാനിരക്ക് 2009-10 വര്‍ഷത്തില്‍ 8.1 ശതമാനം ആയിരുന്നപ്പോള്‍, സ്വയംസഹായസംഘങ്ങള്‍ക്കുള്ള പ്രത്യക്ഷസഹായത്തിന്റെ വളര്‍ച്ചാനിരക്ക് ഏതാണ്ട് 6 ശതമാനമേ വരുന്നുള്ളു എന്നാണ്; സ്വയംസഹായസംഘങ്ങളുമായുള്ള ബാങ്കുകളുടെ പ്രത്യക്ഷ ബന്ധം ശക്തിപ്പെടുത്തുന്നതിനേക്കാള്‍ എളുപ്പം, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വലിയ അളവില്‍ വായ്പ നല്‍കുന്നതാണെന്ന് ബാങ്കുകള്‍ കരുതുന്നുവെന്നാണ്. എന്നുതന്നെയല്ല, കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 83 ശതമാനംകണ്ട് വര്‍ദ്ധിച്ചപ്പോള്‍, ബാങ്കിങ് പ്രവര്‍ത്തനം അതില്‍ പകുതി കണ്ടേ വര്‍ധിച്ചുള്ളു എന്ന് എസിസിഇഎസ്എസ് അയലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ വളര്‍ച്ച വളരെ മന്ദഗതിയിലായതും സ്വയം സഹായ സംഘങ്ങളുമായി ബാങ്കുകള്‍ക്കുള്ള ബന്ധം വളരെ ദുര്‍ബലവും വൈമനസ്യപൂര്‍വവും ആയതുമാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കുള്ള മൂല കാരണമെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.
മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയിലേക്ക് നയിച്ച രണ്ടാമത്തെ പ്രധാന ഘടകം, സ്വയംസഹായ സംഘങ്ങളെ ആശ്രയിച്ച് ആവിഷ്കരിക്കപ്പെട്ട ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളുടെ പരാജയമാണ്. സ്വയംസഹായ സംഘങ്ങളാണ് ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനുപറ്റിയ തന്ത്രം എന്നാണല്ലോ കരുതപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും പറ്റിയ ഉദാഹരണം ആന്ധ്രപ്രദേശ് ആണ്. കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകളെ ആശ്രയിച്ചുകൊണ്ടുള്ള സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതികള്‍ പിന്‍വലിക്കപ്പെട്ടത്, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതിന് ഇവിടെ കാരണമായിത്തീര്‍ന്നു. എന്നു മാത്രമല്ല, എസ്ജിഎസ്വൈ, സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതി തുടങ്ങിയ ഗവണ്‍മെന്റ് പരിപാടികളില്‍, ബാങ്കുവായ്പ് സംഘടിപ്പിക്കുന്നതിന് സ്വയംസഹായ സംഘങ്ങള്‍ക്കുള്ള കഴിവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഗവണ്‍മെന്റ് സബ്സിഡികള്‍ നിശ്ചയിച്ചിരുന്നത്. വളരെ പരിമിതവും അപര്യാപ്തവുമാണ് സബ്സിഡിയെങ്കില്‍പോലും (മിക്കപ്പോഴും അത് 35 ശതമാനത്തില്‍ അധികമാകുമായിരുന്നില്ല) അത് ലഭിക്കണമെങ്കില്‍ ആദ്യം അപേക്ഷകര്‍ വായ്പ തരപ്പെടുത്തിയെടുക്കണം എന്ന നിബന്ധന മിക്ക പദ്ധതികളിലും ഉണ്ടായിരുന്നു. ഇതോടൊപ്പംതന്നെ, മറ്റു ചില ദൌര്‍ബല്യങ്ങളും ഉണ്ടായിരുന്നു. ഇത്തരം സ്വയംതൊഴില്‍ പദ്ധതികളോടനുബന്ധിച്ച് വേണ്ടത്ര പരിശീലനമോ പശ്ചാത്തല സൌകര്യമോ വിപണി സൌകര്യങ്ങളോ ലഭ്യമായിരുന്നില്ല. അതായത് ഈ പദ്ധതികളില്‍ പലതും ദരിദ്രരില്‍ ദരിദ്രരായ വിഭാഗങ്ങളെയാണ് ലക്ഷ്യംവെച്ചിരുന്നതെങ്കിലും (ദാരിദ്ര്യരേഖയ്ക്കും താഴെയുള്ള വിഭാഗങ്ങളെ) ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉള്ള ദരിദ്രര്‍ക്ക് ഈ പദ്ധതി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ഉദാഹരണത്തിന് ഡല്‍ഹി ഗവണ്‍മെന്റിന് പത്തുകൊല്ലത്തിനുള്ളില്‍ തങ്ങളുടെ ഷഹ്രി സ്വ റോസ്ഗാര്‍ യോജന പദ്ധതിക്കുകീഴില്‍ ആകെ 500 സ്വയം സഹായ സംഘങ്ങള്‍ മാത്രമേ രൂപീകരിക്കാന്‍ കഴിഞ്ഞുള്ളു; 3000 സ്ത്രീകളെ മാത്രമേ പരിശീലിപ്പിക്കാന്‍ കഴിഞ്ഞുള്ളു. അതായത് മറ്റ് സാമ്പത്തിക ഘടകങ്ങളോടൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ദരിദ്രര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയാതിരുന്നതും, ഈ ദരിദ്രരെ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും മറ്റ് അനൌപചാരിക വായ്പാ സ്ഥാപനങ്ങള്‍ക്കും വിധേയരാവാന്‍ നിര്‍ബന്ധിതരാക്കിത്തീര്‍ത്തു.
ഈ പ്രവണതയെ ചെറുക്കണം
മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നീക്കത്തെ ചെറുക്കുന്നതിന്, അവ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം വീക്ഷിക്കാന്‍. അവയുടെ രാഷ്ട്രീയ സ്വാധീനം വളരെ ശക്തമാണ്. ഉദാഹരണത്തിന് ആന്ധ്രപ്രദേശ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമം 2010 ഡിസംബറില്‍ പാസാക്കിയെങ്കിലും ആ നിയമത്തില്‍ പലിശനിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ഇതേവരെയെന്നപോലെതന്നെ പ്രവര്‍ത്തിക്കാന്‍ ആന്ധ്രപ്രദേശ് ഗവണ്‍മെന്റ് അനുവദിക്കുന്നുവെന്നും അവരുടെ ലാഭം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമീണ ദരിദ്രരേയും പട്ടണങ്ങളിലെ ദരിദ്രരേയും ചൂഷണംചെയ്യാന്‍ അവരെ അനുവദിക്കുന്നുവെന്നും ഇത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു. ഈ പ്രവണതയെ ചെറുത്തുതോല്‍പ്പിക്കണം എന്നും പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരായ കൂടുതല്‍ വിപുലമായ സമരവും കൂടുതല്‍ വിപുലമായ സാമൂഹ്യ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ദരിദ്രരുടെ സമരവും ഇതിനോട് കൂട്ടിയോജിപ്പിക്കണമെന്നും പറയേണ്ടതില്ലല്ലോ.
സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ അനുഭവങ്ങളെയും ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ പദ്ധതികളുടെ അനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ആവശ്യങ്ങളാണ് ജനാധിപത്യപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. വര്‍ദ്ധിച്ച സബ്സിഡികളിലൂടെയും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളിലൂടെയും സ്വയം സഹായ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുവെങ്കിലേ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണത്തെ തടയാന്‍ കഴിയു എന്ന് ജനാധിപത്യ പ്രസ്ഥാനത്തിനറിയാം. പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ - നഗരമേഖലകളിലെ ദരിദ്രരുമായുള്ള പ്രത്യക്ഷബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണം. അതിനായി പശ്ചാത്തല ബാങ്കിങ് വ്യവസ്ഥ കൂടുതല്‍ വ്യാപിപ്പിക്കുകയും കുറഞ്ഞ പലിശനിരക്കോടുകൂടിയ വായ്പ (4 ശതമാനം പലിശനിരക്കോടെയുള്ള വായ്പ) ലഭ്യമാക്കുകയും വേണം. പലിശനിരക്ക് കുറയ്ക്കണമെങ്കില്‍ ചിലപ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പലിശയ്ക്ക് സബ്സിഡി നല്‍കേണ്ടിവരും. എന്നാല്‍ ഇതോടൊപ്പംതന്നെ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രക്ഷോഭവും ശക്തിപ്പെടുത്തണം. ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിതര സംഘടനകളുടെയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനെ അടിയന്തിരാടിസ്ഥാനത്തില്‍ തടയണം. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ല എന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രസ്താവിച്ചതില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല. ഗവണ്‍മെന്റിന്റെ ഉദ്ദേശം അതില്‍നിന്ന് വ്യക്തമായിരിക്കുന്നു. അതിനാല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധവും കുടിലവുമായ തന്ത്രത്തെ ചെറുത്തുതോല്‍പിക്കാന്‍ വമ്പിച്ച തോതിലുള്ള രാഷ്ട്രീയ പ്രക്ഷോഭം അടിയന്തിരമായും സംഘടിപ്പിക്കേണ്ടതുണ്ട്.
*
അര്‍ച്ചനാ പ്രസാദ് കടപ്പാട്: ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയേയും നിയന്ത്രണത്തേയും സംബന്ധിച്ച് ഈയിടെ നടന്ന ചര്‍ച്ചകള്‍, സാമ്പത്തിക പരിഷ്കാരങ്ങളുടെ ആരംഭത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയിലുള്ള മൈക്രോഫിനാന്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്‍തുടരുന്ന രാഷ്ട്രങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയ്ക്കാണ് 1990കളുടെ ആരംഭത്തില്‍ മൈക്രോഫിനാന്‍സിന്റെ ആവിര്‍ഭാവത്തെ കണ്ടത്-പ്രത്യേകിച്ചും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. സ്വയംതൊഴില്‍ കണ്ടെത്തല്‍ സംരംഭങ്ങള്‍ക്കും മറ്റ് വരുമാന ഉല്‍പാദന പദ്ധതികള്‍ക്കും മൂലധനം ആവശ്യമായത്ര ലഭിക്കാതെവന്ന പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയ്ക്കാണ്, സ്വയം സഹായ പദ്ധതികളെയും അവയും ബാങ്കുകളും സര്‍ക്കാര്‍ പദ്ധതികളും തമ്മിലുള്ള ബന്ധത്തേയും കണ്ടത്. ഈ പദ്ധതികളില്‍ പലതും ലക്ഷ്യംവെച്ചത്, ഹുണ്ടികക്കാരില്‍നിന്ന് അനൌപചാരിക വായ്പാ മേഖലയെ ആശ്രയിക്കുന്ന ദരിദ്രരായ സ്ത്രീകളെ സഹായിക്കുന്നതിനാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട പദ്ധതിയിന്‍കീഴില്‍ ആവിഷ്കരിക്കപ്പെട്ട ഇത്തരം സ്വയംസഹായ പദ്ധതികളിലേക്ക് നിരവധി സ്ത്രീകള്‍ ആകര്‍ഷിക്കപ്പെട്ടു. ഇത്തരം സ്വയംസഹായ സംഘങ്ങളില്‍ 70 ശതമാനത്തിലധികവും രൂപീകരിക്കപ്പെട്ടത് സ്ത്രീകളുടെ നേതൃത്വത്തിലാണ്.
Post a Comment