മറ്റുഭാഗങ്ങള്‍ക്ക് ആള്‍ദൈവങ്ങള്‍ എന്ന ലേബല്‍ നോക്കുക
പുതിയ ട്രന്റായി അമ്മച്ചി ദൈവവും അറബി മാന്ത്രികനും
കോഴിക്കോട്: ആള്‍ ദൈവങ്ങളുടെ പേരില്‍ ഹിന്ദുമത വിശ്വാസികള്‍ മാത്രമല്ല കബളിപ്പിക്കപ്പെടുന്നത്. ക്രിസ്ത്യാനികളും മുസ്‌ലിംകളുമെല്ലാം ആള്‍ ദൈവങ്ങളുടെ കബളിപ്പിക്കലിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യന്‍ സഭകളുടെയോ സഭാധി കാരികളുടെയോ അനുമതിയില്ലാതെ ഒട്ടേറെ ദൈവപുത്രന്മാരും ദൈവപുത്രികളും നാടിന്റെ വിവിധഭാഗങ്ങളില്‍ വിലസുന്നുണ്ട്. ചിലയിടങ്ങളില്‍ വിശുദ്ധന്മാരെയും വിശുദ്ധകളെയും കൂട്ടുപിടിച്ചാണ് തട്ടിപ്പെങ്കില്‍ മറ്റിടങ്ങളില്‍ ധ്യാനകേന്ദ്രങ്ങളുടെ മറപിടിച്ചാണ് വഞ്ചന അരങ്ങേറുന്നത്. വിശുദ്ധന്റെയോ വിശുദ്ധയുടെയോ ഫോട്ടോകളില്‍ നിന്നും പ്രതിമകളില്‍ നിന്നും വെള്ളമോ രക്തമോ പാലോ ഒഴുകുന്നുണ്ടെന്ന് പ്രചരണം നടത്തി എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ അടുത്തിടെ വന്‍ തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു.
കട്ടപ്പനക്കാരന്‍ വിവാദസ്വാമി സന്തോഷ് മാധവന്‍ അഴികള്‍ക്കകത്തായെങ്കിലും ഇടുക്കിയില്‍ ആള്‍ദൈവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ കട്ടപ്പനയ്ക്കടുത്തുള്ള ഒരു വൃദ്ധയാണ് താന്‍ ദൈവമാണെന്ന് പ്രഖ്യാപിച്ച് ആത്മീയതാ കച്ചവടത്തിനായി ഇറങ്ങിയിട്ടുള്ളത്. തന്റെ ജന്മദിനമായ ജനുവരി 22ന് ആഘോഷമാക്കാന്‍ തീരുമാനിച്ച 'അമ്മച്ചി' എന്ന പേരില്‍ അറിയപ്പെടുന്ന മേരിക്കുട്ടി വര്‍ഗീസ് ഈ പരിപാടിയില്‍ ജനപ്രതിനിധികളെ വരെ പങ്കെടുപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ വലിയ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്ത് വന്‍ പണപ്പിരിവും നടത്തിയിരുന്നു. തങ്കമണിക്കടുത്തുള്ള പ്രകാശിലാണ് അമ്മച്ചിയുടെ 'ആത്മജ്യോതി ദര്‍ശന്‍ സംഘം' എന്ന 'മാതൃജ്യോതി ദര്‍ശനാലയം' പ്രവര്‍ത്തിച്ചുവരുന്നത്. അമ്മച്ചിയുടെ ജന്മദിനവും വാര്‍ഷികാഘോഷവും മാതൃവന്ദനവും അവരുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആത്മരക്ഷാ ഗീതങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവുമാണ് കഴിഞ്ഞമാസം നടന്നത്. ആദ്യമായാണ് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വലിയ തോതിലുള്ള പൊതുപരിപാടി സംഘടിപ്പിച്ചത്.
കട്ടപ്പനയ്ക്കടുത്ത് ചെമ്പകപ്പാറയിലായിരുന്നു അമ്മച്ചിയുടെ പ്രവര്‍ത്തനങ്ങള്‍. പൊതുജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രകാശിലേക്ക് മാറ്റുകയായിരുന്നു. അവിടെയുള്ള നാല്‍പ്പതോളം വീട്ടുകാര്‍ അമ്മച്ചിയുടെ ഭക്തരായി ഉണ്ട് എന്നാണ് സംഘടനയുടെ ഭാരവാഹികള്‍ പറയുന്നത്. 71 വയസ്സുള്ള അമ്മച്ചിയെന്ന മേരിക്കുട്ടി വര്‍ഗീസിന്റെ ആറുമക്കളില്‍ ഒരാളായ ബൈജു എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ട്. കുറഞ്ഞകാലത്തെ പ്രവര്‍ത്തനം കൊണ്ട് 15 ഏക്കറോളം സ്ഥലവും ആശ്രമാധികൃതര്‍ വാങ്ങിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന പ്രാര്‍ഥനകളില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
അമ്മച്ചിയുടെ പക്കലെത്തി പ്രാര്‍ഥിച്ചാല്‍ രോഗങ്ങള്‍ക്ക് ശാന്തിയുണ്ടാവുമെന്ന് അനുയായികള്‍ പ്രചരിപ്പിക്കുന്നതിനാല്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ ഇവിടേയ്ക്ക് പ്രവഹിക്കുകയാണ്. സങ്കടങ്ങള്‍ക്ക് മോചനവും പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരവും അമ്മച്ചി ഉണ്ടാക്കിത്തരുമെന്നാണ് പ്രചരിപ്പിക്കുന്നത്. അമ്മച്ചിയുടെ ഭര്‍ത്താവും മറ്റ് മക്കളും ഇവരുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ വിട്ടുനില്ക്കുകയാണ്.
മഹാമാന്ത്രികരെക്കുറിച്ച് കേരളീയര്‍ ഏറെ കഥകള്‍ കേട്ടിട്ടുണ്ട്. അതൊക്കെ പണ്ടത്തെ കഥകള്‍. എന്നാല്‍ കോഴിക്കോട്ടെ ഉഗ്രനായ അറബിമാന്ത്രികന്‍ ഗര്‍ഭധാരണം മുതല്‍ റോക്കറ്റ് വിക്ഷേപണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞൊടിയിടയില്‍ സാധിച്ചുകൊടുക്കും. ഇയാള്‍ ജപിച്ചുകൊടുക്കുന്ന മാന്ത്രിക ഏലസ് ധരിച്ചാല്‍ പരീക്ഷ പാസാകും, ജോലി ലഭിക്കും, പിണങ്ങിപ്പോയ ഭര്‍ത്താവ് തിരിച്ചുവരും, ഇഷ്ടമുള്ളവരെ വശീകരിക്കാം തുടങ്ങി നൂറുനൂറ് കാര്യങ്ങള്‍ സാധിക്കാം. മാന്ത്രിക ഏലസിന് അയ്യായിരം മുതല്‍ 15000 വരെയാണ് നിരക്ക്്. കടുത്ത പ്രയോഗത്തിന് റേറ്റില്‍ വ്യത്യാസം വരും. മാന്ത്രിക വേലകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ ലോക്കല്‍ ചാനലുകളിലും പ്രമുഖ പത്രമാധ്യമങ്ങളിലും നല്‍കുന്ന പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മന്ത്രം ജപിച്ചൂതിയ ഏലസ് വിറ്റ് ലക്ഷങ്ങള്‍ ഉണ്ടാക്കിയ മാന്ത്രികന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഉഗ്രമൂര്‍ത്തി തന്നെയാണ്. ഇയാള്‍ ജപിച്ചുകൊടുക്കുന്ന ഏലസിന് ഫലസിദ്ധിയില്ലാതെ വരുമ്പോള്‍ പരാതിക്കാരെ കൈകാര്യം ചെയ്യാനായി ഡിക്ടറ്റീവ് ഏജന്‍സിയും തുടങ്ങിയിരുന്നു. ഇവിടെ പൊലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ മാത്രമേ ഡിക്ടറ്റീവായി എടുക്കൂ.
പരാതിക്കാരെ പൊലീസ് മുറയില്‍ കൈകാര്യം ചെയ്യാനും അതോടൊപ്പം പൊലീസില്‍ കൊടുക്കുന്ന പരാതികള്‍ വേണ്ടവിധം മുക്കാനും പരിചയസമ്പന്നരായ ഇവര്‍ക്ക് കഴിയും. അറബി മാന്ത്രികനെതിരെ നിരന്തരമായ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇയാളുടെ ഓഫീസില്‍ അടുത്തിടെ പൊലീസ് പരിശോധന നടന്നിരുന്നെങ്കിലും തുടര്‍നടപടികള്‍ തല്‍ക്കാലം 'മാന്ത്രിക ക്രിയകള്‍' നടത്തി ഒതുക്കിയിരിക്കുകയാണ്.
*
ഷിബു ടി ജോസഫ്, കെ കെ ജയേഷ് കടപ്പാട്: ജനയുഗം ദിനപത്രം
Subscribe to:
Post Comments (Atom)
1 comment:
തലപൊക്കുന്ന ആള്‍ദൈവങ്ങള്‍--4
Post a Comment