Wednesday, February 23, 2011

കേരളവികസന മാതൃകയും സംസ്ഥാന ബജറ്റും

കേരള വികസനത്തിന് മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ സി പി എം ന്റെ നേതൃത്വത്തില്‍ ഒരു പഠന കോണ്‍ഗ്രസ് നടന്നു. ഇതിനെ അനുകരിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു വികസന സമ്മേളനവും നടന്നു. കോണ്‍ഗ്രസിന്റെ വികസന സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ വികസനം, വികസനത്തെ സമീപിക്കേണ്ടത് എങ്ങനെയാണ്, തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഇല്ലാതെ കുറെ നിര്‍ദേശങ്ങള്‍ വച്ചതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് മൊത്ത ആഭ്യന്തര ഉല്‍പാദന (ജി ഡി പി) ത്തിന്റെ വളര്‍ച്ചയാണ് വികസനത്തിന്റെ കാതലായ, ശരിയായ മാനദണ്ഡമെന്നാണ്. കോണ്‍ഗ്രസിന്റെ വികസന സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി ചിദംബരം ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ഈ സമീപനം ശരിയാണോ? ഫെബ്രുവരി 14 ന് ദി ഹിന്ദുവില്‍ ഡോ അമര്‍ത്യാ സെന്‍ എഴുതിയ ലേഖനത്തില്‍ സാമ്പത്തികവര്‍ധന ആവശ്യമാണെന്ന് അദ്ദേഹം അംഗീകരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം പ്രദാനം ചെയ്യുന്നതിന് ഒരു ഉപകരണമെന്ന നിലയില്‍ മാത്രമേ അത് ഉപകരിക്കുകയുള്ളു. അപ്പോള്‍ വികസനത്തിന്റെ ലക്ഷ്യം ജനസാമാന്യത്തിന്റെ ജീവിത വികസനമാണ്. അല്ലാതെ ജി ഡി പിയുടെ വളര്‍ച്ചയല്ല. ജി ഡി പിയുടെ വളര്‍ച്ച ജനസാമാന്യത്തിന്റെ ജീവിത വികസനമെന്ന ലക്ഷ്യപ്രാപ്തിക്ക് സഹായകമായിരിക്കും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച എട്ട് ശതമാനത്തിലധികമാണ്. ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച പത്ത് ശതമാനത്തില്‍ കൂടുതലാണ്. ഇന്ത്യ, ചൈനയോടൊപ്പവും പിന്നീട് ചൈനയെ കവച്ച് വയ്ക്കുന്നതുമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പാശ്ചാത്യ ലോകത്തിലെയും ഇന്ത്യയിലെയും സാമ്പത്തിക വിദഗ്ധര്‍ പ്രചരിപ്പിക്കുന്നത്. ഈ വിവാദങ്ങള്‍ അര്‍ഥമില്ലാത്തതാണെന്ന് ഡോ അമര്‍ത്യസെന്‍ പറയുന്നു. മനുഷ്യ ജീവിതവികസനത്തിന്റെ അളവുകോല്‍ വച്ച് നോക്കുമ്പോള്‍ ഇന്ത്യ, ചൈനയെക്കാള്‍ ഏറെ പിന്നിലാണ്. പുതുക്കിയ മാനദണ്ഡങ്ങള്‍ വച്ച് ഇന്ത്യയുടെ സ്ഥാനം അല്‍പ്പം മുന്നോട്ട് പോയിട്ടുണ്ട്. മനുഷ്യ വികസന സൂചിക റിപ്പോര്‍ട്ട് (എച്ച് ഡി ഐ) അനുസരിച്ച് ചൈനയുടെ സ്ഥാനം ലോക രാഷ്ട്രങ്ങളില്‍ എണ്‍പത്തി ഒമ്പതാമതും ഇന്ത്യയുടെ സ്ഥാനം നൂറ്റി പത്തൊന്‍പതാമതുമാണ്. ഇതില്‍ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ചൈനയുടെത് 73.5 വയസും ഇന്ത്യയുടേത് 64.4 വയസുമാണ്. മനുഷ്യ വികസന സൂചികയുടെ മൂല്യം കണക്കാക്കിയതനുസരിച്ച് ചൈനക്കാരുടെത് .643 ഉം ഇന്ത്യക്കാരുടെത് .519 തുമാണ്. അപ്പോള്‍ മനുഷ്യ ജീവിത വികസനത്തില്‍ ഇന്ത്യയ്ക്ക് ചൈനയ്‌ക്കൊപ്പം എത്താന്‍ ഇനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതുകൊണ്ട് വികസന സങ്കല്‍പ്പത്തില്‍ ലോകത്ത് ഉണ്ടായ മാറ്റം ഇന്ത്യയും അംഗീകരിക്കേണ്ടതുണ്ട്. ഐക്യരാഷ്ട്ര സഭയുടെ വികസന ഏജന്‍സി (യു എന്‍ ഡി എ)യും ലോക ബാങ്കും ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത് വികസനത്തിന്റെ ലക്ഷ്യം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയല്ല, മനുഷ്യ ജീവിതത്തിന്റെ വികസനമാണ് എന്നാണ്.

മനുഷ്യ ജീവിത വികസനത്തിന്റെ കാര്യത്തില്‍ കേരളം ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ലോക ബാങ്കിന്റെ 2002 ലെ വികസന റിപ്പോര്‍ട്ടിന്റെ മുപ്പത്തി നാലാം പേജില്‍ പറയുന്നത്, 'വിസനത്തില്‍ ഇന്ത്യയില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. തെക്കെ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ വളരെ മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും ഉണ്ട്. വരുമാന നിലവാരം കുറവാണെങ്കില്‍ പോലും കേരളത്തിലെ ആയൂര്‍ദൈര്‍ഘ്യം വാഷിംഗ്ടണ്‍ ഡി സിയുടെതിനെക്കാള്‍ കൂടുതലാണ്. രാഷ്ട്രീയമായും സാമൂഹ്യമായും ജനങ്ങളെ അണിനിരത്തുന്നതിലെ ദീര്‍ഘകാലത്തെ പാരമ്പര്യവും പൊതുജനങ്ങളുടെ കര്‍മ്മ ശേഷിയും കാര്യമായിട്ടുള്ളതാണ് ഇതിന് കാരണം''. ഏഷ്യന്‍ വികസന ബാങ്ക് തയ്യാറാക്കിയ സഹായമെമ്മോറാണ്ടത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആയൂര്‍ദൈര്‍ഘ്യം സാക്ഷരത, ശിശുമരണ നിരക്ക് തുടങ്ങിയവയിലെല്ലാം കേരളം ഏറ്റവും വികസിച്ച സംസ്ഥാനമാണ്. സാമൂഹ്യ മേഖലയിലെ നേട്ടങ്ങള്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് ഒപ്പമാണ്. എന്നാല്‍ വ്യാവസായികമായി പിന്നോക്കം നില്‍ക്കുകയാണ്. കേരള വികസനത്തിന്റെ പ്രത്യേകത, സാമൂഹ്യ വികസനത്തിലും മനുഷ്യ ജീവിത വികസനത്തിലും വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം എത്തിയപ്പോള്‍ സാമ്പത്തിക വികസനത്തില്‍ പിന്നോക്കമാണ് എന്നതാണ്. ഈ സ്ഥിതിമാറണം. വികസനത്തിന്റെ ലക്ഷ്യം സംബന്ധിച്ച് രണ്ട് സമീപനങ്ങള്‍ ഉണ്ട്. ഒന്ന്, വികസനത്തിന്റെ ലക്ഷ്യം മനുഷ്യ ജീവിതത്തിന്റെ വികസനമായിരിക്കണം. അതിന് സഹായമായിരിക്കണം സാമ്പത്തിക വളര്‍ച്ചയും മൊത്ത ആഭ്യന്തര ഉല്‍പാദനവളര്‍ച്ചയും. രണ്ട്, വികസനത്തിന്റെ ലക്ഷ്യം സാമ്പത്തിക വികസനമാണ്, മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയാണ്, അതിന് സഹായകമായി മനുഷ്യ ജീവിത വികസനമാകാം. ഇതില്‍ രണ്ടാമത്തെ സമീപനമാണ് യു പി എയുടെതും കോണ്‍ഗ്രസിന്റെതുമെന്ന് പകല്‍പോലെ വ്യക്തമാണ്.

കേരളം, 2010 ലും മനുഷ്യ ജീവിത വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണെന്നുമാത്രമല്ല, പല കാര്യങ്ങളിലും ചൈനയെക്കാളും മുന്നിലുമാണ്. ഉദാഹണത്തിന് ആയുര്‍ദൈര്‍ഘ്യം പരിശോധിച്ചാല്‍ ഇന്ത്യയുടെത് 64.4 വയസും ചൈനയുടെത് 73.5 വയസുമാണ്. അതേസമയം കേരളത്തിന്റെത് 74 വയസ്സാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ശിശു മരണ നിരക്കിന്റെ കാര്യത്തിലും സ്ത്രീ-പുരുഷ അനുപാതത്തിലും കേരളം ഇതര സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ്. ഇക്കാര്യം സമ്മതിക്കുമ്പോള്‍ തന്നെ ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും ചൂണ്ടിക്കാണിക്കുന്നത് സാമ്പത്തിക വികസന രംഗത്ത് കേരളം പുറകിലാണെന്നാണ്. ഭാവിയില്‍ മനുഷ്യ ജീവിത വികസനത്തിന്റെ നേട്ടങ്ങളെ തമസ്‌ക്കരിക്കുന്നതിന് ഈ സാമ്പത്തിക വികസനമില്ലായ്മ കാരണമായേക്കാം.

ജി ഡി പിയുടെയും ആളോഹരി വരുമാനത്തിന്റെയും കാര്യത്തില്‍ പിന്നോക്കാവസ്ഥയാണെങ്കിലും യഥാര്‍ഥ വികസനത്തില്‍ കേരളം ഒരു അത്ഭുത പ്രതിഭാസമാണെന്ന് പ്രകീര്‍ത്തിച്ചവരെയെല്ലാം അത്ഭുത സ്തപ്തരാക്കുന്നതാണ് സാമ്പത്തിക വികസനത്തില്‍ കേരളം അഞ്ച് വര്‍ഷംകൊണ്ട് ഉണ്ടാക്കിയ നേട്ടം. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ കാലങ്ങളില്‍ എട്ട് ശതമാനത്തിലധികമായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തിന്റെ ജി ഡി പി വളര്‍ച്ചാ നിരക്ക് ഒമ്പത് ശതമാനമാണെന്ന് 2011-12 ലെ സംസ്ഥാന ബജറ്റ് പ്രസംഗത്തിന്റെ ഒന്നാം പേജില്‍ പ്രഖ്യാപിക്കുന്നു. ധനകാര്യമന്ത്രി തുടരുന്നു: വരുന്ന രണ്ട്, മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനം കേരളമായിരിക്കും. ഈ വളര്‍ച്ച നേടിയത് മനുഷ്യ ജീവിത വികസനത്തിനായുള്ള നടപടികള്‍ക്കൊന്നും കോട്ടം തട്ടാതെയാണെന്ന് മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി സാധാരണ ജനങ്ങളുടെ ജീവിത വികസനത്തിന്‍ സഹായകമായ കൂടുതല്‍ പരിപാടികള്‍ നടപ്പാക്കിക്കൊണ്ടാണ്. കൃഷിക്കാര്‍ക്കായാലും തൊഴിലാളികള്‍ക്കായാലും തൊഴില്‍ രഹിതര്‍ക്കായാലും കിടപ്പാടമില്ലാത്തവര്‍ക്കായാലും അവശ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടാണ് ഈ സാമ്പത്തിക വളര്‍ച്ച നേടിയത്. സാമ്പത്തിക വികസനത്തിനൊപ്പം സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന സമീപനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈക്കൊണ്ടത്. മനുഷ്യ ജീവിത വികസനവും സാമ്പത്തിക വികസനവും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകാമെന്നതിന് മാതൃകയാവുകയാണ് കേരളം.

കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍, വികസനത്തിന്റെ പുതിയ മാതൃകകള്‍ പിന്നീട് ചര്‍ച്ച ചെയ്യാം. എന്നാല്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ എങ്ങനെയെന്ന് പരിശോധിക്കാം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭവന രഹിതരായ എല്ലാവര്‍ക്കും വീട് നല്‍കുന്നു. നിലവിലുള്ള ഏഴ് മോഡല്‍ സ്‌കൂളുകള്‍ക്ക് പുറമേ നാല് പുതിയ സ്‌കൂളുകള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി ആരംഭിക്കുന്നു. അവര്‍ക്കുള്ള വിദ്യാഭ്യാസ സൗജന്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് കിടപ്പാടവും വിദ്യാഭ്യാസവും നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ 2011-12 ലെ ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു. ഇതുപോലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളായ മത്സ്യതൊഴിലാളികളുടെ ജീവിത പുരോഗതിക്കായുള്ള നടപടികള്‍. മത്സ്യതൊഴിലാളികളുടെ ജീവിത വികസനത്തിനായി 2001-06 കാലത്ത് യു ഡി എഫ് സര്‍ക്കാര്‍ ആകെ ചിലവഴിച്ചത് 527 കോടി രൂപയാണ്. എന്നാല്‍ 2006-10 വര്‍ഷം 3092 കോടി രൂപയാണ് മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനായി ചിലവഴിച്ചത്. മത്സ്യതൊഴിലാളികളുടെ 350 കോടി രൂപയുടെ കടങ്ങള്‍ എഴുതി തള്ളി. സബ്‌സിഡി നിരക്കില്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നു. ഏറ്റവും പ്രധാനം മത്സ്യതൊഴിലാളികള്‍ക്ക് കിടപ്പാടം, കുടിവെള്ളം, കക്കൂസ് എന്നിവ ഉറപ്പ് വരുത്തുന്നതിന് 200 കോടി രൂപയുടെ പദ്ധതികള്‍ ഈ ബജറ്റില്‍ ആവിഷ്‌ക്കരിക്കുന്നു എന്നതാണ്. ഇത് കൂടാതെ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് കുറഞ്ഞത് പത്താം ക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസം ഉറപ്പാക്കും.

കേരളത്തിലെ എഴുപത് ലക്ഷം കുടുംബങ്ങളില്‍ നാല്‍പത് ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ റേഷന്‍ വിതരണം ചെയ്യും. വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ നിന്നും സംസ്ഥാനത്തെ ഏകദേശം അറുപത് ശതമാനം ജനങ്ങളെയും സംരക്ഷിക്കാന്‍ ഉതകുന്നതാണ് ഈ നടപടി. കൂടാതെ മാവേലി സ്റ്റോറുകളില്‍ക്കൂടി വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം നിത്യോപയോഗ സാധനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട മൂവായിരം റേഷന്‍ കടകള്‍വഴിയും വിതരണം ചെയ്യും. പൊതു കമ്പോളത്തിലെ ഈ ഇടപെടല്‍ വിലക്കയറ്റത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ സഹായകമായിരിക്കും.

ഇതാണ് കേരള വികസന മാതൃക. ഇത് എല്ലാവരും അംഗീകരിക്കും. ഇത് അംഗീകരിക്കുന്നവരുടെയും പ്രധാന സംശയം ഈ മനുഷ്യ ജീവിത വികസനത്തിനൊപ്പം സാമ്പത്തിക വികസനവും ഉണ്ടാവുമോ എന്നതാണ്. ഇതിനുള്ള മറുപടിയാണ് 2011-12 ലെ സംസ്ഥാന ബജറ്റില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സാധാരണക്കാരുടെ ജീവിത വിലനിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിഞ്ഞു. സാധാരണക്കാര്‍ക്ക് ഇത്രയും ആശ്വാസ നടപടികള്‍ കൈക്കൊണ്ടപ്പോഴും അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളമായിരിക്കുമെന്ന് ബഡ്ജറ്റ് ചൂണ്ടിക്കാണിക്കുന്നു. വികസനത്തിന്റെ ഒരു പുതിയ കാഴ്ചപ്പാട് ലോകത്തിന്റെ മുന്നില്‍ തുറന്നുവയ്ക്കുകയാണ് എല്‍ ഡി എഫും കേരളവും. സമ്പത്തിന്റെ നീതി പൂര്‍വമായ വിതരണത്തിലൂടെ വികസനത്തിന്റെ, പ്രത്യേകിച്ചും മനുഷ്യ ജീവിതവികസനത്തിന്റെ പുതിയ നേട്ടങ്ങള്‍ കൈവരിക്കാം. ഇങ്ങനെ സംശയങ്ങളും സന്ദേഹങ്ങളും അകറ്റി കേരള വികസന മാതൃകയുടെ ശരിയിലേയ്ക്ക് 2011-12 ലെ സംസ്ഥാന ബജറ്റ് വെളിച്ചം വീശുന്നു.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 23 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാധാരണക്കാരുടെ ജീവിത വിലനിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിഞ്ഞു. സാധാരണക്കാര്‍ക്ക് ഇത്രയും ആശ്വാസ നടപടികള്‍ കൈക്കൊണ്ടപ്പോഴും അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളമായിരിക്കുമെന്ന് ബഡ്ജറ്റ് ചൂണ്ടിക്കാണിക്കുന്നു. വികസനത്തിന്റെ ഒരു പുതിയ കാഴ്ചപ്പാട് ലോകത്തിന്റെ മുന്നില്‍ തുറന്നുവയ്ക്കുകയാണ് എല്‍ ഡി എഫും കേരളവും. സമ്പത്തിന്റെ നീതി പൂര്‍വമായ വിതരണത്തിലൂടെ വികസനത്തിന്റെ, പ്രത്യേകിച്ചും മനുഷ്യ ജീവിതവികസനത്തിന്റെ പുതിയ നേട്ടങ്ങള്‍ കൈവരിക്കാം. ഇങ്ങനെ സംശയങ്ങളും സന്ദേഹങ്ങളും അകറ്റി കേരള വികസന മാതൃകയുടെ ശരിയിലേയ്ക്ക് 2011-12 ലെ സംസ്ഥാന ബജറ്റ് വെളിച്ചം വീശുന്നു.