Saturday, February 19, 2011

ഊന്നല്‍ ജനക്ഷേമത്തിന് തന്നെ

വാഗ്ദാനങ്ങളേറെയും നിറവേറ്റിയ സംതൃപ്തിയാണ് എനിക്കുള്ളത്. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സാമൂഹ്യക്ഷേമരംഗത്ത് ഈ സര്‍ക്കാര്‍ കൈവരിച്ചത് എന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കുന്നു. സാമ്പത്തികരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിലുണ്ടായ വളര്‍ച്ച മറ്റൊരുകാലത്തുമുണ്ടായിട്ടില്ല എന്നാണ് എന്റെ വാദം. തൊണ്ണൂറുകളുടെ അവസാനം ആരംഭിച്ച കാര്‍ഷിക തകര്‍ച്ചയുടെ ചൊരുക്കും ആഗോളമാന്ദ്യത്തിന്റെ സമ്മര്‍ദ്ദവുമുണ്ടായിട്ടും കേരളം കഴിഞ്ഞ അഞ്ചുവര്‍ഷം ഏതാണ്ട് 9 ശതമാനം വേഗത്തില്‍ വളര്‍ന്നു. രണ്ടോ മൂന്നോ വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറും.

എല്ലാം ഭദ്രമാണെന്നു വാദിക്കുന്നില്ല. ദൌര്‍ബല്യങ്ങളേറെയുണ്ട്. വര്‍ദ്ധിച്ചുവരുന്ന അസമത്വവും കീഴ്ത്തട്ടിലുളളവരുടെ പാപ്പരീകരണവും പരിഹരിക്കണം. ആസിയാന്‍ കരാര്‍, ഈ നൂറ്റാണ്ടിലെ ആദ്യവര്‍ഷങ്ങളിലേതു പോലുളള വിലത്തകര്‍ച്ചയുടെ ഭീഷണി ഉയര്‍ത്തുന്നു. വിദ്യാഭ്യാസ, ആരോഗ്യാദി മേഖലകളിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണണം. നാം പരിസ്ഥിതി സൌഹൃദമാകേണ്ടതുണ്ട്. സ്ത്രീപുരുഷ തുല്യതയില്ലാതെ സാമൂഹ്യനീതിയില്ല എന്നു തിരിച്ചറിയണം. യുവതലമുറയുടെ പ്രതീക്ഷകള്‍ക്കനുസൃതമായ തൊഴിലവസരങ്ങള്‍ വേണ്ടത്ര വേഗത്തില്‍ ഉണ്ടാകുന്നില്ല. ഡോ. അബ്ദുല്‍ കലാം മുന്‍പ് നിയമസഭയില്‍ ചൂണ്ടിക്കാണിച്ച, നമുക്കനുയോജ്യവും കൂടുതല്‍ മത്സരശേഷിയുളളതുമായ, പുതിയ വളര്‍ച്ചാമേഖലകള്‍ ഇനിയും ശക്തിപ്പെടണം. മേല്‍പറഞ്ഞ ദൌര്‍ബല്യങ്ങള്‍ തിരുത്തുന്നതിനുളള പരിശ്രമങ്ങളായിരുന്നു ഈ സര്‍ക്കാരിന്റെ അഞ്ചു ബജറ്റുകളും.

യാഥാസ്ഥിതിക ധനനയങ്ങള്‍ക്കു പകരം സംസ്ഥാനത്തിന്റെ ക്ഷേമ വികസന ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയുളള സമീപനമാണു സ്വീകരിച്ചത്. ഇതിന്റെ ഫലമായി 2001-06 കാലയളവില്‍ സര്‍ക്കാര്‍ ചെലവ് 53 ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോള്‍, ഈ സര്‍ക്കാരിന്റെ കാലത്ത് 100 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. അതായത്, 2005-06ലെ 19,528 കോടി രൂപയില്‍ നിന്ന്് 2010-11 ല്‍ 39,790 കോടി രൂപയായി സര്‍ക്കാര്‍ ചെലവ് ഉയര്‍ന്നു. മൂലധനച്ചെലവിന്റെ കാര്യത്തിലും ഇക്കാലത്തു ഗുണപരമായ മാറ്റമുണ്ടായി. സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ 5.65 ശതമാനമായിരുന്ന മൂലധനച്ചെലവ് 12.51 ശതമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള വിഹിതം 6.6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി. പദ്ധതിച്ചെലവ് 22.0 ശതമാനത്തില്‍ നിന്ന് 25.3 ശതമാനമായി. വികസനച്ചെലവ് 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ന്നു.

സര്‍ക്കാരിന്റെ ചെലവ് ഇരട്ടിയായപ്പോഴും കമ്മി താഴ്ത്തി നിര്‍ത്തുന്നതില്‍ വിജയിച്ചു. 2001-06 കാലയളവില്‍ റവന്യൂ വരുമാനത്തിന്റെ 28.5 ശതമാനമായിരുന്ന റവന്യൂ കമ്മി 2006-11ല്‍ 15.5 ശതമാനമായി താണു. ധനക്കമ്മിയും ഗണ്യമായി താഴ്ന്നു.

അഭിമാനത്തോടെ പറയട്ടെ, കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായില്ല. നടപ്പുവര്‍ഷത്തില്‍ ഇതുവരെ ഒരു ദിവസം പോലും റിസര്‍വ് ബാങ്കില്‍ നിന്നു കൈവായ്പ വാങ്ങേണ്ടി വന്നിട്ടില്ല. ഏതാണ്ടെല്ലാ വെയ്സ് ആന്‍ഡ് മീന്‍സ് നിയന്ത്രണങ്ങളും വേണ്ടെന്നു വെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരിപക്ഷം ദിവസങ്ങളിലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലായിരുന്നു എന്നോര്‍ക്കണം.

സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതിന്റെ അടിസ്ഥാനകാരണം സംസ്ഥാനത്തിന്റെ സ്വന്തം വരുമാനത്തിലുണ്ടായ വര്‍ദ്ധനയാണ്. സംസ്ഥാന നികുതി വരുമാനം 2005-06ല്‍ 7000 കോടി രൂപയായിരുന്നത് 2010-11ല്‍ ഏതാണ്ട് 16,000 കോടി രൂപയായി ഉയരും. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ സഹായം സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 29.94 ശതമാനത്തില്‍ നിന്ന് 25.6 ശതമാനമായി ഇക്കാലയളവില്‍ താഴ്ന്നു.

മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രഥമ ബജറ്റ് പ്രസംഗത്തില്‍ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്കു വിരുദ്ധമായി പതിമൂന്നാം ധനകാര്യകമ്മിഷന്‍ കേരളത്തിനുളള കേന്ദ്ര നികുതിവിഹിതം വീണ്ടും കുറയ്ക്കുകയാണ് ഉണ്ടായത്. കേന്ദ്രം പ്രഖ്യാപിച്ച ചരക്കുസേവന നികുതി സമ്പ്രദായവും നടപ്പായില്ല. ആഗോളമാന്ദ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രവും ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും കമ്മിയിലായി. ഈ പശ്ചാത്തലത്തില്‍ ക്ഷേമച്ചെലവുകള്‍ വെട്ടിച്ചുരുക്കുകയും ശമ്പളപരിഷ്കരണം വേണ്ടെന്നുവെയ്ക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ഗ്രാന്റു കുറയ്ക്കുകയും ചെയ്താലല്ലാതെ മിച്ചബജറ്റിലേക്ക് നീങ്ങാനാവില്ല. ഈ ജനവിരുദ്ധനയം സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ശമ്പളപരിഷ്കരണത്തിനു വേണ്ട അധികച്ചെലവുണ്ടായിട്ടും 2011-12ല്‍ റവന്യൂകമ്മി 1.97 ശതമാനം മാത്രമാണ്. 2010-11ലെ ബജറ്റിലെ 1.48 ശതമാനത്തില്‍ നിന്നുളള ഈ ചെറിയ വര്‍ദ്ധന പോലും താല്‍ക്കാലികമാണ്. ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ കേരളത്തിലെ നികുതി വരുമാനം ഇനിയും ഗണ്യമായി ഉയരും. നികുതിയേതര വരുമാനവും വര്‍ദ്ധിക്കുന്നതിനുളള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. ഇതോടെ റവന്യൂകമ്മി കുറയും.

വന്‍തോതില്‍ വായ്പയെടുത്തതു കൊണ്ടാണ് കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടത് എന്ന ആരോപണം ഞാന്‍ തളളിക്കളയുന്നു. 2005-06ല്‍ 45,929 കോടി ആയിരുന്ന കടം ഈ വര്‍ഷം അവസാനിക്കുമ്പോള്‍ 78,327 കോടി രൂപയായി ഉയരും. പക്ഷേ, കടത്തിന്റെ മൊത്തം തുക നോക്കിയല്ല കടഭാരം നിര്‍ണയിക്കുന്നത്. വലിയ സമ്പദ്ഘടനയ്ക്ക് കൂടുതല്‍ കടഭാരം താങ്ങാനാവും. കടഭാരം അളക്കേണ്ടത് സംസ്ഥാന ആഭ്യന്തര വരുമാനവുമായി താരതമ്യപ്പെടുത്തി വേണം. 2000-01ല്‍ 32.9 ശതമാനമായിരുന്ന കടഭാരം 2005-06ല്‍ 33.6 ശതമാനമായി ഉയര്‍ന്നു. എന്നാലിന്നോ, 2010-11ല്‍ ഇത് 29.52 ശതമാനമായി താണു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിന്റെ കടം 70 ശതമാനം ഉയര്‍ന്നു. അതിനു മുമ്പുളള അഞ്ചുവര്‍ഷത്തിലോ, 92 ശതമാനമാണ് വര്‍ദ്ധന. ഈ സര്‍ക്കാരിന്റെ കാലത്ത് കടം പെരുകുന്നതിന്റെ വേഗത കുറയുകയാണ് ചെയ്തത്.

കടത്തിന്റെ വലിപ്പമല്ല, സംസ്ഥാനത്തിന്റെ വായ്പാ പരിധി ചുരുക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. വായ്പാസമ്മര്‍ദ്ദം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഇപ്പോള്‍ കേരളം. നിലവിലെ നിര്‍വചനം പൊളിച്ചെഴുതിയാണ് കേന്ദ്രം ഇതു ചെയ്തത്. സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 35 ശതമാനം കടമുളള സംസ്ഥാനങ്ങളെയാണ് വായ്പാസമ്മര്‍ദ്ദം നേരിടുന്ന സംസ്ഥാനങ്ങളായി നേരത്തെ കണക്കാക്കിയിരുന്നത്. ഇതിനു പുറമെ മറ്റു ചില മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചിരുന്നു. പുതുക്കിയ മാനദണ്ഡ പ്രകാരം ആഭ്യന്തര വരുമാനത്തിന്റെ 27 ശതമാനത്തിനു മുകളില്‍ കടബാധ്യതയുളള സംസ്ഥാനങ്ങള്‍ വായ്പാ സമ്മര്‍ദ്ദത്തിലാണു പോലും. മറ്റു മാനദണ്ഡങ്ങളും ഇതുപോലെ താഴ്ത്തി നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളും മാറ്റി. ഈ കസര്‍ത്തുകള്‍ക്കൊന്നിനും സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളുടെ യാതൊരു പിന്‍ബലവുമില്ല.

കേരളം കടക്കെണിയിലല്ല. കടക്കെണിയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങുകയാണോ എന്നു വിലയിരുത്താന്‍ പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഹരോഡ് ഡോമര്‍ രൂപം നല്‍കിയ സൂത്രവാക്യത്തെയാണ് സാമ്പത്തിക വിദഗ്ധര്‍ അടിസ്ഥാനമാക്കുന്നത്. അതു പ്രകാരം കടത്തിന്റെ ശരാശരി പലിശ നിരക്കിനെക്കാള്‍ ഉയര്‍ന്നതാണ് സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാനിരക്കെങ്കില്‍ കടം അപകടനിലയിലല്ല. കേരളത്തില്‍ സര്‍ക്കാര്‍ കടത്തിന്റെ ശരാശരി പലിശ നിരക്ക് 7.8 - 8.2 ശതമാനം വരെയാണ്. എന്നാല്‍ സംസ്ഥാന വരുമാനം 14 - 15 ശതമാനം വരെ വേഗതയിലാണ് വളരുന്നത്. ചുരുക്കത്തില്‍ കടക്കെണിയിലാണെന്നുളള പരിഭ്രാന്തി പടര്‍ത്തി യാഥാസ്ഥിതിക ധനനയം അടിച്ചേല്‍പ്പിക്കാനുളള പരിശ്രമമാണ് നടക്കുന്നത്.

വായ്പയെടുക്കാന്‍ തടസ്സം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സംസ്ഥാനവികസനത്തിനു കൂച്ചുവിലങ്ങായി മാറുകയാണ്. 2011-12ല്‍ സംസ്ഥാന വരുമാനത്തിന്റെ 3.5 ശതമാനം വായ്പയെടുക്കുന്നതിന് അനുവദിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം മുതല്‍ വായ്പാപരിധി മൂന്നു ശതമാനമാകും. ഇതിനു പുറമെ സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 25 ശതമാനമായി കടം ചുരുക്കണമെന്നും നിര്‍ദ്ദേശവുമുണ്ട്. റവന്യൂ കമ്മി ഇല്ലാതാക്കാനുളള ഒരു സമയബന്ധിത പരിപാടി സംസ്ഥാനം അംഗീകരിച്ചാല്‍ പിന്നെ മൂലധനച്ചെലവിനു വായ്പയെടുക്കാന്‍ എന്തിനു തടസ്സം നില്‍ക്കണം?

മാത്രമല്ല, ഫലത്തില്‍ അനുവദനീയമായ പരിധിവരെ പോലും വായ്പയെടുക്കാന്‍ സംസ്ഥാനത്തിനു കഴിയുന്നില്ല. ഇതിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിയ്ക്കുന്ന സമ്പ്രദായങ്ങളാണ് കേന്ദ്രസര്‍ക്കര്‍ ആവിഷ്കരിച്ചിട്ടുളളത്. അതുകൊണ്ടാണ് 2009-10ല്‍ കേരളത്തിന്റെ ധനക്കമ്മി 3.42 ശതമാനമായി പരിമിതപ്പെട്ടത്. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ധനക്കമ്മി 4 ശതമാനം വരെ ഉയര്‍ത്താന്‍ അനുവാദമുണ്ടായിരുന്നു എന്നോര്‍ക്കണം. 2010-11ലാകട്ടെ 3.5 ശതമാനം ധനക്കമ്മി അനുവദിച്ചിരുന്നുവെങ്കിലും പുതുക്കിയ കണക്കുപ്രകാരം അത് 2.89 ശതമാനം മാത്രമാണ്. കേരളത്തിലെ ട്രഷറി സേവിംഗ്സ് ബാങ്ക് ഉപയോഗപ്പെടുത്തി വന്‍തോതില്‍ വായ്പയെടുക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഈ വസ്തുതകള്‍ തെളിയിക്കുന്നു. സംസ്ഥാന ട്രഷറി സേവിംഗ്സ് ബാങ്കു തന്നെ നിര്‍ത്തലാക്കണം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ആവശ്യം. ഇതംഗീകരിച്ചാല്‍ സംസ്ഥാനത്തിന്റെ പരിമിതമായ ധനകാര്യ സ്വാതന്ത്ര്യവും കവര്‍ന്നെടുക്കപ്പെടും. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ കേരളത്തിന് ഒസ്യത്തായി കിട്ടിയ ട്രഷറി സേവിംഗ്സ് ബാങ്കിനുമേല്‍ കൈവെയ്ക്കാനുളള ഏതു നീക്കത്തെയും ഒറ്റക്കെട്ടായി കേരളത്തിലെ ജനങ്ങള്‍ ചെറുക്കും. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സമന്വയം ഇക്കാര്യത്തില്‍ സംസ്ഥാനത്തുണ്ടാവണം.

ഒരു വേദന ഞാന്‍ തുറന്നു പറയട്ടെ. കേരള ലോട്ടറിയെ സംരക്ഷിക്കാനും അന്യരാജ്യ-അന്യ സംസ്ഥാന ലോട്ടറി മാഫിയയുടെ ചൂഷണത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കാനുമാണ് ഈ സര്‍ക്കാര്‍ പൂര്‍ണ പ്രതിബദ്ധതയോടെ ശ്രമിച്ചത്. എന്നാല്‍ ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ പൂര്‍ണ അധികാരവും ചുമതലയുമുളള കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറായില്ല. കേരള സര്‍ക്കാര്‍ 2004 മുതല്‍ റിപ്പോര്‍ട്ടുകളും നിവേദനങ്ങളും കത്തുകളും അയച്ചിട്ടും ഇപ്പോള്‍ മാത്രമാണ് ബന്ധപ്പെട്ട സര്‍ക്കാരുകളെ അവ അറിയിക്കുന്നതിനെങ്കിലും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായത്. ഇതുകണ്ടു കയ്യും കെട്ടി നോക്കിനില്‍ക്കാതെ ലോട്ടറി മാഫിയയെ തടയാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ ശ്രമിക്കുകയായിരുന്നു ഈ സര്‍ക്കാര്‍. പക്ഷേ ഇക്കാര്യത്തിലുണ്ടായ വിപുലമായ അസത്യപ്രചാരണം ജനങ്ങള്‍ മനസ്സിലാക്കുമെന്നെനിക്കുറപ്പുണ്ട്. ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുളള നമ്മുടെ പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തണമെങ്കില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുകയോ നിലവിലുളള നിയമത്തില്‍ സംസ്ഥാനത്തിന് അധികാരം നല്‍കി ഭേദഗതി വരുത്തുകയോ ചെയ്യണം. ഇക്കാര്യത്തില്‍ യോജിച്ച നിലപാടു സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്.

വരവും ചെലവും യാന്ത്രികമായി കണക്കൊപ്പിച്ചു പോകുന്ന യാഥാസ്ഥിതിക ധനനയത്തിനു പകരം വികസനോന്മുഖ ധനനയമാണു ഞങ്ങള്‍ സ്വീകരിച്ചത്. വികസനച്ചെലവുകള്‍ ചുരുക്കാനല്ല, മറിച്ച് വരുമാനം വര്‍ദ്ധിപ്പിച്ചു കമ്മി കുറയ്ക്കാനാണ് അടിസ്ഥാനപരമായി വികസനോന്മുഖ ധനനയം ശ്രമിക്കുക. സാമൂഹ്യക്ഷേമരംഗത്തെ ചെലവുകള്‍ പുനരുല്‍പാദനപരമല്ല എന്ന കാഴ്ചപ്പാട് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ സാമൂഹ്യ പശ്ചാത്തല സൌകര്യങ്ങള്‍ ഭൌതിക പശ്ചാത്തല സൌകര്യങ്ങള്‍ പോലെ വികസനത്തിന് സുപ്രധാനമാണ്. റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതോടൊപ്പം ഭൌതിക പശ്ചാത്തലസൌകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ പരമാവധി വായ്പ സമാഹരിക്കുന്നതിന് വികസനോന്മുഖ ധനനയം പരിശ്രമിക്കും. മേല്‍പറഞ്ഞതു പോലൊരു വികസനോന്മുഖ ധനകാര്യനയം നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ ഫലമായിട്ടാണ് ഭരണത്തിലേറി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റാനായത്. സാമ്പത്തിക അടിത്തറ സുസ്ഥിരമാക്കി എന്നു മാത്രമല്ല, മുന്നോട്ടു കുതിക്കാനുളള ഒരു മാര്‍ഗവും ചൂണ്ടിക്കാണിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു.

തന്റെ മഹദ്കൃതിയായ ദിനാന്തത്തില്‍ ഒഎന്‍വി കാണുന്ന സ്വപ്നം ഞാനുമിവിടെ പങ്കുവെയ്ക്കുന്നു.

എന്നു,മകിഞ്ചനര്‍
കണ്ടകിനാവുകള്‍
ഉണ്മയായ് മാറ്റാ-
നൊരുദിനം വന്നിടും
ചെങ്കനലാളുന്ന
നിസ്വലക്ഷങ്ങള്‍ തന്‍
നെഞ്ചിലെച്ചൂള
യതിന്നു ചൂടേകിടും

ദിക്കുകള്‍ മങ്ങും
ദിനാന്തത്തിലെയൊറ്റ
നക്ഷത്രമായെന്റെ
സ്വപ്നംജ്വലിക്കുന്നു...

കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചരിത്രപ്രധാനങ്ങളാണ്. ദരിദ്രന്‍ കണ്ട സ്വപ്നങ്ങള്‍ ഉണ്മയായി മാറ്റാന്‍ നടത്തിയ ശ്രമങ്ങളാണത്. നിസ്വലക്ഷങ്ങളുടെ നെഞ്ചിലെ ചൂളയാണവയ്ക്കു ചൂടേകിയത്. ദിനാന്തത്തില്‍ ഉദിച്ചുയരുന്ന ഒറ്റ നക്ഷത്രത്തിന്റെ പ്രതീക്ഷ ജനങ്ങള്‍ക്കു നല്‍കാനായി എന്ന ആത്മവിശ്വാസമാണ് എനിക്കുള്ളത്.

*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ചിന്ത വാരിക 18 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വാഗ്ദാനങ്ങളേറെയും നിറവേറ്റിയ സംതൃപ്തിയാണ് എനിക്കുള്ളത്. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സാമൂഹ്യക്ഷേമരംഗത്ത് ഈ സര്‍ക്കാര്‍ കൈവരിച്ചത് എന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കുന്നു. സാമ്പത്തികരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിലുണ്ടായ വളര്‍ച്ച മറ്റൊരുകാലത്തുമുണ്ടായിട്ടില്ല എന്നാണ് എന്റെ വാദം. തൊണ്ണൂറുകളുടെ അവസാനം ആരംഭിച്ച കാര്‍ഷിക തകര്‍ച്ചയുടെ ചൊരുക്കും ആഗോളമാന്ദ്യത്തിന്റെ സമ്മര്‍ദ്ദവുമുണ്ടായിട്ടും കേരളം കഴിഞ്ഞ അഞ്ചുവര്‍ഷം ഏതാണ്ട് 9 ശതമാനം വേഗത്തില്‍ വളര്‍ന്നു. രണ്ടോ മൂന്നോ വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറും.

എല്ലാം ഭദ്രമാണെന്നു വാദിക്കുന്നില്ല. ദൌര്‍ബല്യങ്ങളേറെയുണ്ട്. വര്‍ദ്ധിച്ചുവരുന്ന അസമത്വവും കീഴ്ത്തട്ടിലുളളവരുടെ പാപ്പരീകരണവും പരിഹരിക്കണം. ആസിയാന്‍ കരാര്‍, ഈ നൂറ്റാണ്ടിലെ ആദ്യവര്‍ഷങ്ങളിലേതു പോലുളള വിലത്തകര്‍ച്ചയുടെ ഭീഷണി ഉയര്‍ത്തുന്നു. വിദ്യാഭ്യാസ, ആരോഗ്യാദി മേഖലകളിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണണം. നാം പരിസ്ഥിതി സൌഹൃദമാകേണ്ടതുണ്ട്. സ്ത്രീപുരുഷ തുല്യതയില്ലാതെ സാമൂഹ്യനീതിയില്ല എന്നു തിരിച്ചറിയണം. യുവതലമുറയുടെ പ്രതീക്ഷകള്‍ക്കനുസൃതമായ തൊഴിലവസരങ്ങള്‍ വേണ്ടത്ര വേഗത്തില്‍ ഉണ്ടാകുന്നില്ല. ഡോ. അബ്ദുല്‍ കലാം മുന്‍പ് നിയമസഭയില്‍ ചൂണ്ടിക്കാണിച്ച, നമുക്കനുയോജ്യവും കൂടുതല്‍ മത്സരശേഷിയുളളതുമായ, പുതിയ വളര്‍ച്ചാമേഖലകള്‍ ഇനിയും ശക്തിപ്പെടണം. മേല്‍പറഞ്ഞ ദൌര്‍ബല്യങ്ങള്‍ തിരുത്തുന്നതിനുളള പരിശ്രമങ്ങളായിരുന്നു ഈ സര്‍ക്കാരിന്റെ അഞ്ചു ബജറ്റുകളും.