Saturday, February 12, 2011

വികസനകുതിപ്പിന് സ്‌മാര്‍ട്ട് ബജറ്റ്

സമസ്ത ജനവിഭാഗങ്ങള്‍ക്കും സാന്ത്വനമേകുന്ന ബജറ്റ്. നാടിന്റെ വികസനത്തിനും ദീര്‍ഘകാലപുരോഗതിക്കുമുള്ള സ്മാര്‍ട്ട് ബജറ്റ്. എതിരാളികളുടെപോലും പ്രശംസ പിടിച്ചുവാങ്ങിയ ഒരു പുതിയ വികസന അജന്‍ഡയാണ് അഞ്ചുവര്‍ഷമായി ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചുവരുന്നത്. ഇത് കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാന്‍ സംസ്ഥാനത്തിന്റെ അറുപതാമത്തെയും വി എസ് സര്‍ക്കാരിന്റെ ആറാമത്തെയും ബജറ്റില്‍ സാധിച്ചു.

മഹാഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് പോയ അഞ്ചുവര്‍ഷത്തെ ബജറ്റുകളെ സമ്പന്നമാക്കിയതെങ്കില്‍, അതിന്റെ അണമുറിയാത്ത പ്രവാഹമാണ് ആറാമത്തേതില്‍. ഇടതുപക്ഷവും വലതുപക്ഷവും മൌലികമായി രണ്ടാണെന്ന് ബജറ്റ് കൂടുതല്‍ വ്യക്തമാക്കി. ഭരണത്തിലെ ഇടതുപക്ഷബദല്‍ എന്തെന്ന് പ്രയോഗത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ബോധ്യപ്പെടുത്തി. സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം ലാഭത്തിലാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ പൊതുമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍മാത്രമല്ല, കോടികളുടെ വികസനപദ്ധതികളുമുണ്ട്.

വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നതിന് ധനമന്ത്രി എല്ലാ തവണയും മുന്തിയ പരിഗണന നല്‍കി. അഞ്ചുവര്‍ഷംമുമ്പ് 100 രൂപയായിരുന്ന ക്ഷേമനിധി പെന്‍ഷന്‍ ഇപ്പോള്‍ 400 രൂപയാക്കി. എല്ലാ കുടുംബത്തിനും ചികിത്സാസഹായത്തിന് വഴിതുറന്നു. കര്‍ഷകത്തൊഴിലാളിക്ക് നായനാര്‍സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിയപ്പോള്‍ 'ഉല്‍പ്പാദനക്ഷമമല്ല' എന്നായിരുന്നു യുഡിഎഫ് വിമര്‍ശം. എന്നാല്‍, നായനാര്‍സര്‍ക്കാരിന്റെ ക്ഷേമസമീപനം കൂടുതല്‍ ശക്തമാക്കുകയായിരുന്നു ഐസക്.
സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ വന്‍തുക ചെലവാക്കിയെങ്കിലും സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതല്‍ മെച്ചമാക്കാനും ട്രഷറി പൂട്ടാതിരിക്കാനുമുള്ള മിടുക്ക് കാട്ടി. ദുര്‍ബലവിഭാഗങ്ങളില്‍തന്നെ തീര്‍ത്തും അവഗണിക്കപ്പെട്ടവരായിരുന്നു വീടുകളിലെ അടുക്കളപ്പണിക്കാര്‍. അവര്‍ക്ക് പാചകത്തൊഴിലാളി ക്ഷേമനിധി പ്രഖ്യാപിച്ചു. ട്യൂട്ടോറിയല്‍ കോളേജുകളില്‍ ജോലിചെയ്യുന്നവര്‍ക്കും ക്ഷേമനിധി വരും. ബിപിഎല്‍ ആനുകൂല്യം മത്സ്യത്തൊഴിലാളികള്‍ക്ക് വിവേചനമില്ലാതെ ലഭ്യമാക്കും. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിന് മുന്തിയ പരിഗണന നല്‍കി. കൺസ്യൂമര്‍ഫെഡിലൂടെ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. പാവങ്ങളോടുള്ള പ്രതിബദ്ധതയില്‍ കണിശത കാട്ടിയ ഐസക്കിന്റെ ബജറ്റുകളുടെ സ്വഭാവം കൂടുതല്‍ ശക്തമായി തുടരുകയായിരുന്നു ഇത്തവണയും.

ട്രഷറി അടച്ചുപൂട്ടുന്ന ധനപ്രതിസന്ധിയും ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയില്ലായ്മയും കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ഘട്ടത്തിലാണ് എല്‍ഡിഎഫ് അധികാരത്തില്‍വന്നത്. ഇതിനെ മുറിച്ചുകടന്ന ബജറ്റുകള്‍ അവതരിപ്പിച്ച് നടപ്പാക്കിയതിന്റെ നേട്ടമാണ് ഐസക്കിന്റെ ആറാം ബജറ്റ്. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യം നല്‍കിയതടക്കമുള്ള നടപടി ഇത് വിളംബരംചെയ്യുന്നു.

പ്രതിപക്ഷംപോലും അംഗീകരിച്ച ഈ കാര്യങ്ങള്‍ നടപ്പാകാന്‍ എല്‍ഡിഎഫ് ഭരണത്തിന്റെ തുടര്‍ച്ച സംസ്ഥാനത്തുണ്ടാകണം. ഈ നല്ല ബജറ്റ് കേരളത്തിന് വേണമോ വേണ്ടയോ എന്ന ചര്‍ച്ച, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളില്‍ ഒന്നാകും. മൂന്നുമാസം ശേഷിക്കുന്ന സര്‍ക്കാര്‍ 12 മാസത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചതിനെ ഉമ്മന്‍ചാണ്ടി ചോദ്യംചെയ്തിട്ടുണ്ട്. പക്ഷേ, 2006ല്‍ ഇതുപോലെതന്നെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയും ഒരുവര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചിരുന്നു. ആ ബജറ്റിന്റെ ജനവിരുദ്ധതകൊണ്ടുകൂടിയാണ് യുഡിഎഫ് ഭരണം നിലംപൊത്തിയത്.


*****

ആര്‍ എസ് ബാബു, കടപ്പാട് : ദേശാഭിമാനി

No comments: