പാവം ജനം എന്തുപിഴച്ചു?
എന്തു പ്രശ്‌നമുണ്ടായാലും അതിനു കാരണക്കാര്‍ ഒരുവര്‍ഗമാണ്. അതാണ് പൊതുജനം. അവരാണ് പ്രശ്‌നം മുഴുവനും ഉണ്ടാക്കുന്നത് എന്നാണ് സര്‍ക്കാരുകളും പണ്ഡിതന്‍മാരും പറയുന്നത്. എന്തുകൊണ്ട് ദൗര്‍ഭിക്ഷ്യം? എന്തുകൊണ്ട് വിലക്കയറ്റം? എന്തേ ദാരിദ്ര്യം വര്‍ധിക്കാന്‍? ഉത്തരം തേടി അലയരുത്. എല്ലാം ജനപ്പെരുപ്പം കാരണമാണ്. ഒരു ശരാശരി മാല്‍ത്തേസിയന്‍ നിഗമനത്തിനപ്പുറം പോകാന്‍ ആരും മെനക്കെടാറില്ല. ഒരു കുറ്റവാളി വര്‍ഗം മുന്നില്‍ പെരുകി നില്‍ക്കുമ്പോള്‍, കുറ്റാന്വേഷണത്തിനെന്തിനു സമയം കളയണം. ഒരു ധനശാസ്ത്രക്കാരന് മന്ദബുദ്ധി നിഗമനം നടത്താന്‍ ഇത്രയും മതി. പട്ടിണിയുടെ ഏകകാരണം ജനപ്പെരുപ്പമാണെന്ന് പണ്ട് റോബര്‍ട്ട് മാല്‍ത്തേസ് എന്ന പകുതി പാതിരി, പകുതി ധനശാസ്ത്രജ്ഞന്‍ പറഞ്ഞില്ലേ. അതു തന്നെ.
ഇപ്പോഴെന്തേ മരിച്ചവരെ ഓര്‍മിക്കാന്‍ എന്നല്ലേ. ദാരിദ്ര്യം, ദൗര്‍ഭിക്ഷ്യം തുടങ്ങിയവയ്ക്ക് ഇതേപോലെ അപഹാസ്യമായ കാരണങ്ങള്‍ എഴുന്നള്ളിച്ച് പലരും സെമിനാറുകള്‍ കയ്യടക്കുമ്പോള്‍ പറയാതിരിക്കുന്നത് എങ്ങനെ? ആഗോള ഭക്ഷ്യകമ്മിയും വിലക്കയറ്റവും ചര്‍ച്ചകളില്‍ വന്ന് സ്വാസ്ഥ്യം കെടുത്തിയപ്പോള്‍ ഇങ്ങനെ ചില നിഗമനങ്ങള്‍ ശക്തിപ്രാപിച്ചതായി കാണുന്നു. ആദ്യത്തേത് അമേരിക്കയിലെ പണ്ഡിതന്‍മാര്‍ പറഞ്ഞതായിരുന്നു. ഇന്ത്യക്കാരന്‍ അമിതമായി ആഹാരം കഴിക്കുന്നതുകൊണ്ടാണത്രെ ഇവിടെ ഭക്ഷ്യ പ്രശ്‌നമുണ്ടാവുന്നത്. മറ്റൊന്ന് ഈയിടെ ഇന്ത്യയില്‍ തന്നെ ഉദ്ഭവിച്ച കണ്ടെത്തലാണ്. വിവിധ ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളിലൂടെ സര്‍ക്കാര്‍ ധാരാളം പണം ദരിദ്രന്‍മാര്‍ക്കെത്തിച്ചു. അവരത് ആക്രാന്തം കാട്ടി ഭക്ഷണത്തിനായി ചെലവഴിച്ചു. പിന്നെ വില കയറാതെ എന്തുചെയ്യും. രണ്ടു നിഗമനങ്ങളിലും കുറ്റവാളികള്‍ പൊതുജനം. അവരാണ് താരം.
ഇതില്‍ ആദ്യത്തെ ആരോപണം നടന്നത് ബുഷിന്റെ കാലത്തായിരുന്നു. ഇന്ത്യക്കാരൊക്കെ 'തീറ്റ റപ്പായി'മാരാണ്, ആര്‍ത്തി കൊണ്ടുതിന്നു തീര്‍ത്താണ് ഇവിടെ ഭക്ഷ്യ കമ്മിയുണ്ടായതെന്നദ്ദേഹം പരസ്യമായി പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ ഭക്ഷ്യ സാധനങ്ങള്‍ പൂഴ്ത്തിവെച്ചു വില്‍ക്കുന്നതാണ് ഭക്ഷ്യ കമ്മിയുടെ കാരണമെന്നതിനെ എതിര്‍ക്കാനുപയോഗിച്ച വാദമായിരുന്നു അത്. അദ്ദേഹത്തിനു തന്റെ വാദങ്ങള്‍ തെളിയിക്കാനുള്ള വാദമുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയല്ലേ, എന്തും പറയാമല്ലോ.
എന്നാല്‍ ആ സമയത്തുതന്നെ അമേരിക്കന്‍ വാദത്തെ എതിര്‍ക്കുന്ന ചില സ്ഥിതിവിവര കണക്കുകള്‍ വന്നിരുന്നു. ഒരിന്ത്യക്കാരന്‍ വര്‍ഷത്തില്‍ ഉപഭോഗം നടത്തുന്നത് 178 കിലോ ധാന്യം. അതായത് ദിവസത്തില്‍ 478 ഗ്രാം. അമേരിക്കക്കാരന്‍ നിത്യേന 2.8 കിലോഗ്രാം ധാന്യം, അതായത് ഇന്ത്യക്കാരന്റെ ആറിരട്ടി ധാന്യം ഉപയോഗിക്കുന്നു. ധാന്യം മാത്രം പോരല്ലോ. ഇന്ത്യക്കാരന്‍ 36 കിലോ പാല്‍ ഒരു വര്‍ഷം കുടിക്കുമ്പോള്‍ അമേരിക്കയില്‍ 78 കിലോ, ചൈനയില്‍ 11 കിലോ. ഇനി മാട്ടിറച്ചി, അമേരിക്കയില്‍ 78 കിലോ, ഇന്ത്യക്കാരന്‍ രണ്ട് കിലോ. കോഴി ഇറച്ചി ഇന്ത്യ 1.75 കിലോ, യു എസ് 46 കിലോഗ്രാം.
അമേരിക്ക ചൈനയുടെ മൂന്നിരട്ടി ധാന്യം ഉപയോഗിക്കുന്നു. ഇന്ത്യക്കാരനുമായി താരതമ്യത്തില്‍ അമേരിക്കക്കാരന്‍, പച്ചക്കറി, പാല്‍, മുട്ട, പഴം, ഇറച്ചി എന്നിവ ഏതാണ്ട് അഞ്ചിരട്ടി ഉപയോഗിക്കുന്നു. ഇതും പോരാത്തതിന് ഏതാണ്ട് 15 ശതമാനം ധാന്യം, ഭക്ഷ്യ ഉപഭോഗത്തില്‍ നിന്നുമാറ്റി, ജൈവ ഇന്ധനമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കരിമ്പ്, ഗോതമ്പ്, ചോളം എന്നിവയാണിവ. ഒരുഭാഗത്ത് ആഗോള ഭക്ഷ്യ അരക്ഷിതത്വം നിലനില്‍ക്കുമ്പോഴാണ് വന്‍ തോതില്‍ ഭക്ഷ്യ ധാന്യങ്ങള്‍, ഇന്ധനത്തിനുപയോഗിക്കുന്നത്. യു എന്‍ ഭക്ഷ്യ വകുപ്പ് മേധാവി ഇതിനെ ''സൈലന്റ് സുനാമി'' എന്നാണ് വിശേഷിപ്പിച്ചത്. അങ്ങനെയുള്ള അമേരിക്കയാണ് നമ്മുടെ അമിത ഭക്ഷണമാണ് ഭക്ഷ്യ കമ്മി സൃഷ്ടിച്ചതെന്ന് പറയുന്നത്.
അതൊരു ആരോപണം. താഴ്ന്നവരുമാനക്കാരയ ഇന്ത്യക്കാര്‍ക്ക് പലവഴി കാശുകിട്ടുമ്പോള്‍, ആര്‍ത്തിപിടിച്ച് ഓരോന്നു വാങ്ങി ഭക്ഷിച്ച് വിലകൂട്ടുകയാണെന്നതാണ് പുതിയ ആരോപണം. ഇന്ത്യക്കാര്‍ മാത്രമല്ല, വികസ്വര രാജ്യങ്ങളില്‍ ചിലതും പലവഴിക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങള്‍ക്ക് ഉപജീവന വരുമാനം നല്‍കുന്നതില്‍ അസഹിഷ്ണുതകൊണ്ടാണ്, ഈ നിഗമനത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും ശക്തിപ്രാപിക്കുന്നത് അവിടെ പലര്‍ക്കും രസിക്കുന്നില്ല. വരുമാന വര്‍ധനയാണ് ഭക്ഷ്യ വിലക്കയറ്റത്തിന്റെ ഏകകാരണമെന്ന സിദ്ധാന്തം അമ്പേ അപഹാസ്യമാണ്. ആഗോള ഭക്ഷ്യ ഊഹവില കയറിയത്, ഇന്ത്യയുടെ പുത്തന്‍ സമൃദ്ധിയും ആര്‍ത്തിയും കൊണ്ടാണെന്നത് പഴയ ബുഷ് സമീപനത്തിന്റെ ആവര്‍ത്തനമാണ്.
ഈ ശുംഭത്തരം ഡല്‍ഹിയിലെ പദ്ധതി കാരണവന്‍മാര്‍ക്കും ഏറ്റെന്നു തോന്നുന്നു. നമ്മുടെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളും കൂടുതല്‍ തൊഴില്‍ വരുമാന സൃഷ്ടിയും തന്നെയാണ് ഇന്നത്തെ 'ഫുഡ്-ഇന്‍ഫ്‌ളേഷനുകാരണമെന്ന് അവരും പറയാന്‍ തുടങ്ങുന്നു. എന്തൊരു ദുരന്തവും പരിഹാസ്യതയുമാണിത്. അതായത് പുതിയ വരുമാന സുരക്ഷാ പദ്ധതികള്‍ നിര്‍ത്തണമെന്നാണോ പറയുന്നത്. അത് നിര്‍ത്തിയാല്‍ വിലക്കയറ്റം തടയാനാവുമോ? ഇല്ലെങ്കിലോ? ഇല്ലെങ്കില്‍ ജനത്തിന്റെ വരുമാനം കുറയും, വിലകൂടുകയും ചെയ്യും. പിന്നത്തെ അവസ്ഥയില്‍ ഈ നേതാക്കള്‍ക്ക് എന്തു ചെയ്യാനാവും?
ധനശാസ്ത്ര അടിസ്ഥാന പ്രകാരം പൊതുവില്‍ വരുമാനവും സമൃദ്ധിയും വര്‍ധിച്ചാല്‍ അധിക വരുമാനം ഭക്ഷണാവശ്യങ്ങള്‍ക്കാവില്ല ചെലവഴിക്കുക. തീരെ താഴ്ന്നവരേ, അധിക വരുമാനം ഭക്ഷണത്തിനു ചെലവഴിക്കൂ. ഈ അടിസ്ഥാനപ്രകാരം സംഭവിക്കേണ്ടത് മൊത്തം വിലക്കയറ്റമാണ്. എന്നാല്‍ നാമനുഭവിക്കുന്നത് ചില അത്യാവശ്യ സാനങ്ങളുടെ വിലക്കയറ്റമാണ്. അതിന്റെ കാരണമാണന്വേഷിക്കേണ്ടത്. ഒന്നു ചോദിക്കട്ടെ. ഒന്നു രണ്ടു ദിവസത്തിനകം നാട്ടുകാര്‍ ഉള്ളിയും തക്കാളിയും വാങ്ങികൂട്ടി, തിന്നാന്‍ തുടങ്ങിയതു കൊണ്ടാണോ വിലകയറിയത്. സാധാരണ 'ഡിമാന്റെ പ്രഷര്‍' എന്ന പദം കൊണ്ട് ഈ വിലക്കയറ്റം വ്യാഖ്യാനിക്കാനാവുമോ? ഒരു ദിവസം പെട്ടെന്ന് വരുമാനവും ഡിമാന്റും വര്‍ധിച്ചതാണോ വിലക്കയറ്റത്തിനു കാരണം. വരുമാന വര്‍ധനവാണ് കാരണമെങ്കില്‍ അത് പൊതുവിലക്കയറ്റമല്ലേ, ചിലതിന്റെ മാത്രം വിലക്കയറ്റത്തിലല്ലല്ലോ ചെന്നെത്തുക.
അതായത് യഥാര്‍ഥകാരണം കണ്ടെത്താനോ, അഥവാ കണ്ടെത്തിയാല്‍ തന്നെ പരിഹാര നടപടികള്‍ കൈക്കൊള്ളാനോ പറ്റില്ല. അപ്പോള്‍ ഒരു അസംബന്ധ നിഗമനത്തിന് സൈദ്ധാന്തിക പരിവേഷം നല്‍കി പ്രചരിപ്പിക്കുക. ഫുഡ് കോര്‍പ്പററ്റുകളെ സംരക്ഷിക്കാന്‍ ഇത് നല്ലൊരു വഴിയാണ്. ഉള്ളിക്കും തക്കാളിക്കും വന്‍ വിലക്കയറ്റമുണ്ടായപ്പോള്‍ യഥാര്‍ഥ കര്‍ഷകനു നല്ല വില കിട്ടാതിരുന്നതിന്റെ അനുഭവം പാലക്കാട്ടെ അതിര്‍ത്തിയിലെ പ്രശസ്തമായ വേലന്താവളം ചന്തയിലും തമിഴ്‌നാട്ടിലെ ഒട്ടന്‍ ഛത്രത്തിലും ചെന്നപ്പോള്‍ മനസ്സിലാക്കിയിരുന്നു. അവിടെ ഉല്‍പന്നങ്ങള്‍ക്ക് മുന്‍കൂര്‍ വില നല്‍കി (അതും താഴ്ന്ന വില) കൈവശമാക്കി, ശീതീകൃത സംഭരണ കേന്ദ്രങ്ങളിലെത്തിച്ച് വിലനിയന്ത്രിച്ച് വില്‍ക്കുന്നു.
ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമോ സാമൂഹിക സുരക്ഷാ പ്രകാരമോ താഴ്ന്ന വരുമാനക്കാര്‍ക്ക് നാമമാത്രമായ വരുമാന വര്‍ധനവുണ്ടായതുകൊണ്ടല്ല ഈ വിലക്കയറ്റം. ഉല്‍പാദനക്കുറവ്, കഴിഞ്ഞ അതിവൃഷ്ടി, സംഭരണത്തിലെ കാര്യക്ഷമതക്കുറവ്, പണപ്പെരുപ്പം, പൂഴ്ത്തിവെയ്പ്പ് തുടങ്ങിയ വിവിധ സങ്കീര്‍ണതകളിലേക്ക് ചെന്നെത്താനാവാത്തവരുടെ അബദ്ധ വ്യാഖ്യാനങ്ങളാണ് നാം കേള്‍ക്കുന്നത്.
സാധുവിന് വല്ലതും കിട്ടുന്നതാണ് കേട്. ആയിരം-ലക്ഷം-കോടികള്‍ ആര്‍ക്കു കിട്ടിയാലും അബദ്ധമില്ല.
ജനമാണ് അവര്‍ക്ക് ശത്രു.
*
പി.എ.വാസുദേവന്‍ കടപ്പാട്: ജനയുഗം ദിനപത്രം 05 ഫെബ്രുവരി 2011
Subscribe to:
Post Comments (Atom)
1 comment:
എന്തു പ്രശ്‌നമുണ്ടായാലും അതിനു കാരണക്കാര്‍ ഒരുവര്‍ഗമാണ്. അതാണ് പൊതുജനം. അവരാണ് പ്രശ്‌നം മുഴുവനും ഉണ്ടാക്കുന്നത് എന്നാണ് സര്‍ക്കാരുകളും പണ്ഡിതന്‍മാരും പറയുന്നത്. എന്തുകൊണ്ട് ദൗര്‍ഭിക്ഷ്യം? എന്തുകൊണ്ട് വിലക്കയറ്റം? എന്തേ ദാരിദ്ര്യം വര്‍ധിക്കാന്‍? ഉത്തരം തേടി അലയരുത്. എല്ലാം ജനപ്പെരുപ്പം കാരണമാണ്. ഒരു ശരാശരി മാല്‍ത്തേസിയന്‍ നിഗമനത്തിനപ്പുറം പോകാന്‍ ആരും മെനക്കെടാറില്ല. ഒരു കുറ്റവാളി വര്‍ഗം മുന്നില്‍ പെരുകി നില്‍ക്കുമ്പോള്‍, കുറ്റാന്വേഷണത്തിനെന്തിനു സമയം കളയണം. ഒരു ധനശാസ്ത്രക്കാരന് മന്ദബുദ്ധി നിഗമനം നടത്താന്‍ ഇത്രയും മതി. പട്ടിണിയുടെ ഏകകാരണം ജനപ്പെരുപ്പമാണെന്ന് പണ്ട് റോബര്‍ട്ട് മാല്‍ത്തേസ് എന്ന പകുതി പാതിരി, പകുതി ധനശാസ്ത്രജ്ഞന്‍ പറഞ്ഞില്ലേ. അതു തന്നെ.
Post a Comment