Thursday, February 24, 2011

കാഴ്ചവട്ടം

ടുണീഷ്യയും പിന്നാലെ ഈജിപ്തും ജനമുന്നേറ്റത്തിന്റെ പുതുചരിത്രമാണ് ലോകത്തിനു നല്‍കിയത്. അതാകട്ടെ അറബ് ലോകത്തിലേക്ക് പോരാട്ടത്തിന്റെ പുത്തന്‍വീറുമായി പടര്‍ന്നുകയറുകയാണ്. ബഹറൈനും മൊറൊക്കോയും അള്‍ജീരിയയും ലിബിയയും ലെബനനും ജോര്‍ദാനും യെമനും സുഡാനുമെല്ലാം ജനകീയമുന്നേറ്റങ്ങളുടെ കത്തുന്ന ഭൂമികയായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജവാഴ്ചയുടെയും അടിച്ചമര്‍ത്തലിന്റെയും പ്രതീകമായി പരിഗണിക്കപ്പെടുന്ന സൌദി അറേബ്യയും ഈ മുന്നേറ്റത്തിന്റെ പുത്തന്‍കാറ്റില്‍നിന്ന് രക്ഷപ്പെട്ടിട്ടില്ല. ഈ രാജ്യങ്ങളെല്ലാം തന്നെ ദീര്‍ഘകാലത്തെ ഏകാധിപത്യഭരണരൂപങ്ങള്‍ പിന്തുടരുന്നവയാണ്. ബഹറൈനിലെ പൊലീസ് വെടിവയ്പ്പില്‍ ഏഴുപേര്‍ മരിച്ചെന്നാണ് ഇതെഴുതുമ്പോഴത്തെ വാര്‍ത്ത. അള്‍ജീരിയയിലാണ് ടുണീഷ്യക്ക് ശേഷം ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, ഒരുഭാഗത്ത് പട്ടാളത്തെ ഉപയോഗിച്ചും മറുഭാഗത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള ആശ്വാസ നടപടികള്‍ കൈക്കൊണ്ടും തല്‍ക്കാലം വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കഴിഞ്ഞു. എന്നാല്‍, എത്രനാള്‍ ഇങ്ങനെപോകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നാണ് മാധ്യമ വാര്‍ത്തകള്‍.

അമേരിക്കന്‍ താല്‍പര്യവാഹകരായ ഭരണകൂടങ്ങളാണ് ഈ രാജ്യങ്ങളിലെല്ലാം അധികാരത്തിലിരിക്കുന്നത്. കടുത്ത അഴിമതിയും ഏകാധിപത്യവാഴ്ചയുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. എന്നാല്‍, ഇതിലേക്ക് നയിച്ച അടിസ്ഥാന കാരണം സാമ്രാജ്യത്വസ്ഥാപനങ്ങള്‍ അടിച്ചേല്‍പ്പിച്ച ഉദാരവല്‍ക്കരണ നയങ്ങളും അവ ജനജീവിതത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുമാണ്. ടുണീഷ്യയില്‍ ഐഎംഎഫിന്റെ ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനായി ആദ്യം ശ്രമിച്ചത് 1984ലാണ്. റൊട്ടിക്ക് നൂറുശതമാനം വില വര്‍ധിപ്പിക്കുകയും എല്ലാ സബ്സിഡിയും നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെതിരെ അതിശക്തമായ പ്രതിഷേധം അന്നും ഉയരുകയുണ്ടായി. അമ്പതിലധികം പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. എന്നാല്‍, അപ്പോഴും അധികാരത്തില്‍ തുടര്‍ന്ന ടുണീഷ്യന്‍ സ്വാതന്ത്യ്രസമര നേതാവ് ഹബീബ് ബോര്‍ഗ്യൂബ ഉദാരവല്‍ക്കരണനയം നടപ്പാക്കാന്‍ അനുവദിച്ചില്ല. പക്ഷേ, അധികകാലം അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനായില്ല. അട്ടിമറിയിലൂടെ ജനറല്‍ ബെന്‍ അലി അദ്ദേഹത്തെ അധികാരത്തില്‍നിന്ന് പുറത്താക്കി. അതോടെ ഉദാരവല്‍ക്കരണത്തിനായി എല്ലാ വാതിലുകളും തുറന്നിട്ടു. പൊതുമുതലിന്റെയും പ്രകൃതിവിഭവങ്ങളുടെയും സ്വകാര്യവല്‍ക്കരണം വ്യാപകമായി. ജനങ്ങളില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തിലായി. തൊഴിലില്ലായ്മ ഭീതിജനകമായി വര്‍ധിച്ചു. ഇതിനെതിരായ പ്രതിഷേധങ്ങള്‍ പണിമുടക്കുകളിലേക്ക് വികസിച്ചു. ഡിസംബര്‍ പതിനാറിന് തൊഴില്‍രഹിതനായ ബിരുദധാരി ആത്മഹത്യചെയ്യാനായി സ്വയം തീകൊളുത്തി. കുറച്ചുദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം മരണപ്പെട്ടതോടെ പ്രതിഷേധം കത്തിപ്പടര്‍ന്നു. ദുരിതങ്ങളും തൊഴിലില്ലായ്മയും അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി ക്ഷുഭിതയൌവനം തെരുവില്‍ ഇറങ്ങി. ട്വിറ്ററും ഫെയ്സ്ബുക്കും എസ്എംഎസുകളും മറ്റും സംഘാടനത്തിന്റെയും പ്രചാരണത്തിന്റെയും പുതുരൂപമായി വികസിച്ചു. 29 ദിവസം നീണ്ട ടുണീഷ്യന്‍ പോരാട്ടം 23 വര്‍ഷത്തെ ബെന്‍ അലിയുടെ ഏകാധിപത്യവാഴ്ചക്ക് അറുതി വരുത്തി. മുല്ലപ്പൂ വിപ്ളവമെന്നാണ് പലരും ടുണീഷ്യയിലെ പ്രക്ഷോഭത്തെ വിളിച്ചത്. മുല്ലപ്പൂ ആണ് ടുണീഷ്യയുടെ ദേശീയപുഷ്പം.

ഈജിപ്തിലെ മുബാറക് ഭരണത്തിന് അറുതി വരുത്തിയ പോരാട്ടത്തില്‍ ദശലക്ഷങ്ങളാണ് അണിനിരന്നത്. ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതമായ രാജ്യത്ത് തൊഴിലില്ലായ്മാനിരക്കും വളരെ ഉയര്‍ന്നതാണ്. തൊഴിലാളികള്‍ക്കുള്ള വേതനത്തിലും മറ്റു ആനുകൂല്യങ്ങളിലും വളരെ പരിതാപകരമായ അവസ്ഥയാണ് ഇവിടെയുള്ളത്. ഇതിനെതിരായി ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെയും പ്രക്ഷോഭത്തെയും അടിച്ചമര്‍ത്താനാണ് മുബാറക് ശ്രമിച്ചിരുന്നത്. 1967 മുതല്‍ അടിയന്തരാവസ്ഥാനിയമം നിലനിന്നിരുന്ന രാജ്യത്ത് അഭിപ്രായസ്വാതന്ത്യ്രവും മാധ്യമസ്വാതന്ത്ര്യവുമുള്‍പ്പെടെ ഒന്നും അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് തൊഴിലാളികളില്‍ 28 ശതമാനം പേരും ട്രേഡ് യൂണിയനുകളില്‍ അംഗത്വമെടുത്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അറബ് ലോകത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റമായാണ് പല ചരിത്രകാരന്മാരും ഇതിനെ വിശേഷിപ്പിക്കുന്നത്. 2004നുശേഷം മൂവായിരത്തിലധികം തൊഴിലാളി പണിമുടക്കങ്ങള്‍ക്കാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. 2006നുശേഷം ഈ പണിമുടക്കങ്ങളിലെ തൊഴിലാളി പങ്കാളിത്തം നന്നായി വര്‍ധിച്ചു.

തന്റെ മകന് അധികാരം കൈമാറാന്‍ മുബാറക് ശ്രമിക്കുന്നെന്ന വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍ പ്രക്ഷോഭത്തിന് പുതിയ മാനം നല്‍കി. ഇ-ലോകം പോരാട്ടത്തിന്റെ സംഘാടനം ഏറ്റെടുത്തു. യുവാക്കള്‍ പ്രക്ഷോഭത്തിലേക്ക് ഒഴുകിയെത്തി. വ്യോമസേനയുടെ മുന്‍ തലവനെ പ്രധാനമന്ത്രിയാക്കിയും അമേരിക്കയുടെ പ്രിയപ്പെട്ടവനും രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവനുമായ സുലൈമാനെ വൈസ് പ്രസിഡന്റാക്കിയും നിരന്തരം പുതിയ വാഗ്ദാനങ്ങള്‍ നല്‍കിയും മുബാറക് നടത്തിയ പിടിച്ചുനില്‍ക്കല്‍ ശ്രമങ്ങള്‍ വിജയിച്ചില്ല. ഒടുവില്‍ കടലുപോലെ ഒഴുകിയെത്തിയ മഹാജനപ്രവാഹത്തിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുബാറക് അധികാരമൊഴിഞ്ഞു. കടമ്മനിട്ട എഴുതിയതുപോലെ വെളിച്ചം കിട്ടാത്ത ഇരുണ്ട അറകളിലൂടെ മുബാറക്കും ബെന്‍ അലിയും ഓടി രക്ഷപ്പെട്ടു.

ഈജിപ്തും ടുണീഷ്യയും അമേരിക്കക്ക് പ്രിയപ്പെട്ട രാജ്യങ്ങളാണ്. ഇസ്രയേല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം അമേരിക്കയുടെ സൈനികവും സാമ്പത്തികവുമായ സഹായം ലഭിക്കുന്ന രാജ്യമാണ് ഈജിപ്ത്. അറബ് ലോകത്ത് അമേരിക്കയുടെ നയങ്ങളുടെ പ്രതിനിധിയായിരുന്നു മുബാറക്. പലസ്തീന്‍ വിമോചനത്തെയും ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെയും അടിച്ചമര്‍ത്തുന്നതില്‍ ഈജിപ്ത് അമേരിക്കക്ക് നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്. അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തിലെ പ്രധാന സഖ്യകക്ഷി കൂടിയാണ് ഈജിപ്ത്. പലയിടങ്ങളില്‍നിന്നായി പിടികൂടുന്ന, അമേരിക്ക ഭീകരരെന്ന് സംശയിക്കുന്ന നൂറകണക്കിന് മനുഷ്യരെ അതികഠിനമായി പീഡിപ്പിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന അമേരിക്കയുടെ ജയില്‍ കൂടിയായിരുന്നു മുബാറക്കിന്റെയും സുലൈമാന്റെയും ഈജിപ്ത്.

അമേരിക്ക ഇസ്ളാമിനെതിരെ നടത്തുന്ന കലാപത്തിന്റെ ഭാഗമായി അറബ് രാജ്യങ്ങളില്‍ അസ്ഥിരാവസ്ഥയുണ്ടാക്കുന്നതിനായി ഈജിപ്തിലും മറ്റും അട്ടിമറി ശ്രമം സംഘടിപ്പിച്ചതാണെന്ന് ഒരു സംഘം ഇസ്ളാമിക സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങേയറ്റം തെറ്റായ സംഗതിയാണിത്്. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന മുബാറക്കിന് ഒപ്പം തന്നെയായിരുന്നു അമേരിക്ക. ഒടുവില്‍ ജനഹിതം തിരിച്ചറിഞ്ഞപ്പോഴും സാവധാനത്തിലുള്ള അധികാരമാറ്റം ആവശ്യപ്പെടുന്ന സമാധാനപദ്ധതിയാണ് അമേരിക്ക മുന്നോട്ടുവച്ചത്. മറ്റുചിലരുടെ പ്രചാരണം നേരെ തിരിച്ചാണ്. ഇത് ഇസ്ളാമിക ഭീകരസംഘടനകളുടെ വിജയമാണെന്നാണ്. ഈ പ്രചാരവേലയില്‍ അമേരിക്കയും പങ്കാളിയാകുന്നുണ്ട്. എന്നാല്‍ രണ്ടു രാജ്യങ്ങളിലും നടന്നത് മതനിരപേക്ഷമായ മുന്നേറ്റമായിരുന്നു. കമ്യൂണിസ്റ്റുകാരും തൊഴിലാളി സംഘടനകളും മനുഷ്യാവകാശ സംഘടനകളും എന്‍ജിഒ പ്രസ്ഥാനങ്ങളും തുടങ്ങി ഇസ്ളാമിക സംഘടനകള്‍വരെ ഉള്‍ക്കൊള്ളുന്ന വിശാലമായ വേദി. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ഈ സംഘടനകളെല്ലാം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാല ജനാധിപത്യത്തിനായാണ് ഇപ്പോഴും നിലകൊള്ളുന്നത്.

രണ്ടിടത്തും ചെറുപ്പക്കാരും ഇ-ലോകവും വഹിച്ച പങ്കും നിസ്തുലമാണ്. എന്നാല്‍, ഇതില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു പ്രക്ഷോഭങ്ങളെന്ന വിലയിരുത്തലും അപക്വമാണ്. രണ്ടു രാജ്യങ്ങളിലും നിലനിന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും ഉള്‍പ്പെടെയുള്ള അടിസ്ഥാനപ്രശ്നങ്ങളാണ് പോരാട്ടത്തിനു തീകൊളുത്തിയത്. തുടര്‍ച്ചയായി നടന്ന തൊഴിലാളി പണിമുടക്കങ്ങള്‍ ഇതിനുള്ള അടിത്തറ സൃഷ്ടിച്ചു. ഇതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ചെറുപ്പക്കാര്‍ ഇന്റര്‍നെറ്റിനെ സമര്‍ഥമായി ഉപയോഗിച്ച് പ്രക്ഷോഭനിരയെ വിപുലപ്പെടുത്തുകയും അതിന് പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തത്.

ആധുനികയുഗത്തില്‍ ജനങ്ങളുടെ പോരാട്ടങ്ങള്‍ വഴി ഭരണസംവിധാനങ്ങള്‍ തകര്‍ത്ത് താഴെയിടാന്‍ കഴിയില്ലെന്ന ചില വ്യാഖ്യാനങ്ങളും അസംബന്ധമാണെന്ന് ഈ അനുഭവങ്ങള്‍ തെളിയിച്ചു. എന്നാല്‍, ഈ മാറ്റങ്ങളുടെ ദിശ എങ്ങോട്ടായിരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്്. ഈ മേഖലയിലുള്ള തങ്ങളുടെ ആധിപത്യം നഷ്ടപ്പെടാതിരിക്കുന്നതിന് ഏതറ്റംവരെയും പോകാന്‍ അമേരിക്കയും കൂട്ടാളി ഇസ്രയേലും ശ്രമിക്കുമെന്ന് ഉറപ്പ്. അതോടൊപ്പം യാഥാസ്ഥിതിക മുസ്ളിംസംഘടനകളും തങ്ങളുടെ വരുതിയിലേക്ക് കാര്യങ്ങളെത്തിക്കുന്നതിന് ശ്രമിക്കും. ഇതിനെയെല്ലാം അതിജീവിക്കാനും സാമ്പത്തിക നയങ്ങള്‍ തിരുത്തിക്കുറിക്കുന്ന പുതിയ ഭരണസംവിധാനം കൊണ്ടുവരാനും എത്രമാത്രം പുതിയ മുന്നേറ്റത്തിനു കഴിയുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാര്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നത്. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഞങ്ങള്‍ക്ക് തൊഴിലും ജീവിതവും വേണമെന്നും ആവശ്യപ്പെടുന്ന പുതിയ മുദ്രാവാക്യങ്ങളുടെയും മുന്നേറ്റങ്ങളുടെയും ശക്തിയിലാണ് മാറ്റത്തിന്റെ വിത്തിരിക്കുന്നത്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 27 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ താല്‍പര്യവാഹകരായ ഭരണകൂടങ്ങളാണ് ഈ രാജ്യങ്ങളിലെല്ലാം അധികാരത്തിലിരിക്കുന്നത്. കടുത്ത അഴിമതിയും ഏകാധിപത്യവാഴ്ചയുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. എന്നാല്‍, ഇതിലേക്ക് നയിച്ച അടിസ്ഥാന കാരണം സാമ്രാജ്യത്വസ്ഥാപനങ്ങള്‍ അടിച്ചേല്‍പ്പിച്ച ഉദാരവല്‍ക്കരണ നയങ്ങളും അവ ജനജീവിതത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുമാണ്. ടുണീഷ്യയില്‍ ഐഎംഎഫിന്റെ ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനായി ആദ്യം ശ്രമിച്ചത് 1984ലാണ്. റൊട്ടിക്ക് നൂറുശതമാനം വില വര്‍ധിപ്പിക്കുകയും എല്ലാ സബ്സിഡിയും നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെതിരെ അതിശക്തമായ പ്രതിഷേധം അന്നും ഉയരുകയുണ്ടായി. അമ്പതിലധികം പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. എന്നാല്‍, അപ്പോഴും അധികാരത്തില്‍ തുടര്‍ന്ന ടുണീഷ്യന്‍ സ്വാതന്ത്യ്രസമര നേതാവ് ഹബീബ് ബോര്‍ഗ്യൂബ ഉദാരവല്‍ക്കരണനയം നടപ്പാക്കാന്‍ അനുവദിച്ചില്ല. പക്ഷേ, അധികകാലം അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനായില്ല. അട്ടിമറിയിലൂടെ ജനറല്‍ ബെന്‍ അലി അദ്ദേഹത്തെ അധികാരത്തില്‍നിന്ന് പുറത്താക്കി. അതോടെ ഉദാരവല്‍ക്കരണത്തിനായി എല്ലാ വാതിലുകളും തുറന്നിട്ടു. പൊതുമുതലിന്റെയും പ്രകൃതിവിഭവങ്ങളുടെയും സ്വകാര്യവല്‍ക്കരണം വ്യാപകമായി. ജനങ്ങളില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തിലായി. തൊഴിലില്ലായ്മ ഭീതിജനകമായി വര്‍ധിച്ചു. ഇതിനെതിരായ പ്രതിഷേധങ്ങള്‍ പണിമുടക്കുകളിലേക്ക് വികസിച്ചു.