Wednesday, February 2, 2011

ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

ഈ കാലഘട്ടം ഭാരതത്തിന്റെ സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കാലമായിരുന്നു. അതിനെ 'ഇന്ദിരായുഗം' എന്ന് വിശേഷിപ്പിക്കാവുന്നതാണ്. സംഘര്‍ഷഭരിതവും സംഭവബഹുലവുമായ സന്ദര്‍ഭങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നു. ആ ദുരന്തകഥയിലെ നായിക ശ്രീമതി ഇന്ദിരാഗാന്ധിതന്നെയായിരുന്നു. അവരുടെ ചരിത്രംതന്നെ അത്ഭുതങ്ങള്‍ നിറഞ്ഞതാണ്.

1917 നവംബര്‍ 19ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകളായി അലഹബാദിലെ ആനന്ദഭവനിലാണ് ഇന്ദിരാഗാന്ധി ജനിച്ചത്. യഥാര്‍ഥത്തില്‍ അവര്‍ക്ക് ഗാന്ധി കുടുംബവുമായി ഒരു ബന്ധവും ഇല്ല. പഠനകാലത്ത് അവര്‍ പാഴ്സി യുവാവായ ഫിറോസ് ഗാണ്ഡിയുമായി പ്രണയത്തിലായി. ഫിറോസിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് അച്ഛന്‍ നെഹ്റു അനുകൂലമായിരുന്നില്ല. ഫിറോസ് ഇന്ദിരയുടെ അമ്മ കമലാനെഹ്റുവിന്റെ അനുയായി ആയിരുന്നു. എങ്കിലും നെഹ്റുവിന് അയാളെ ഇഷ്ടമായിരുന്നില്ല. ഫിറോസ് പാഴ്സിയും സാമൂഹ്യപദവിയില്‍ താഴെ തട്ടിലുമായിരുന്നു. ഫിറോസിന്റെ കുടുംബം ബ്രിട്ടീഷ് അനുകൂലികളും നെഹ്റു കുടുംബത്തോട് എതിര്‍പ്പുള്ളവരും ആയിരുന്നു. അവസാനം ഇന്ദിരയുടെ നിര്‍ബന്ധത്തിന് വഴങ്ങി, ഗാന്ധിജിയാണ് നെഹ്റുവിനെ സമ്മതിപ്പിച്ച് ഇന്ദിരയെ ഫിറോസ് ഗണ്ഡിയുമായി വിവാഹം നടത്തിച്ചത്. ഫിറോസ് ഗണ്ഡി വിവാഹം ചെയ്തതുകൊണ്ട് യഥാര്‍ഥത്തില്‍ ഇന്ദിരാഗണ്ഡി എന്നാണ് പേര് വിളിക്കേണ്ടത്. പില്‍ക്കാലത്ത് ഗണ്ഡി ലോപിച്ച് ഗാന്ധിയായി, അത് പിന്‍തുടര്‍ച്ചയായി മദാമ്മ സോണിയാഗാന്ധിവരെ എത്തിനില്‍ക്കുന്നു. സത്യത്തില്‍ ഇന്ദിര-ഫിറോസ് കുടുംബബന്ധം അധികം താമസിയാതെ അലസിപ്പിരിഞ്ഞു.

1964 മെയ് 27ന് പ്രധാനമന്ത്രി നെഹ്റു മരണപ്പെട്ടു. തുടര്‍ന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. അന്ന് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിര ആ മന്ത്രിസഭയില്‍ വാര്‍ത്താ-വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി. 1965ലെ ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ സമാധാനക്കരാറില്‍ ഒപ്പ് വയ്ക്കാനായി താഷ്ക്കന്റില്‍ പോയ പ്രധാനമന്ത്രി ശാസ്ത്രി അവിടെ വച്ച് മരണപ്പെട്ടു.

അന്നുമുതല്‍ക്കാണ് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസില്‍ അധികാര വടംവലി ആരംഭിച്ചത്. ഗുല്‍സാരിലാല്‍ നന്ദയുടെയും മൊറാര്‍ജി ദേശായിയുടെയും പേരുകള്‍ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടു. കോണ്‍ഗ്രസിനകത്ത് രൂപംകൊണ്ടിരുന്ന 'സിന്‍ഡിക്കറ്റ്' വിഭാഗം ഇന്ദിരയെ പ്രധാനമന്ത്രിയാക്കാന്‍ കരുനീക്കം നടത്തി. കാമരാജ് ആയിരുന്നു അതിലെ 'കിങ് മേക്കര്‍'. അങ്ങനെ 1966 ജനുവരി 24ന് ഇന്ദിര ഇന്ത്യയിലെ മൂന്നാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു.

തുടര്‍ന്ന് 1967ല്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് ജയിച്ചെങ്കിലും അംഗബലം 358ല്‍നിന്ന് 279 ആയി കുറഞ്ഞു. കാമരാജ് ഉള്‍പ്പെടെ സിന്‍ഡിക്കറ്റ് സ്ഥാനാര്‍ഥികളായിരുന്നു കൂടുതലും പരാജയപ്പെട്ടത്. സിന്‍ഡിക്കറ്റുമായി ഇന്ദിര തെറ്റി. എന്നാല്‍ പാര്‍ലമെന്ററി പാര്‍ടിയില്‍ സിന്‍ഡിക്കറ്റുകാര്‍ക്കായിരുന്നു മേല്‍കൈ. അത് അധികാര മത്സരത്തിന്റെ ശക്തി വര്‍ധിപ്പിച്ചു. എന്നാല്‍ ആദര്‍ശത്തിന്റെ പരിവേഷം നല്‍കി ഇന്ദിര മുന്‍കൈ നേടി. സിന്‍ഡിക്കറ്റിലുള്ളവര്‍, യാഥാസ്ഥിതിക, മുതലാളിത്തവാദികളാണെന്ന് ഇന്ദിര പ്രചരിപ്പിച്ചു. താന്‍ സോഷ്യലിസം സ്ഥാപിക്കാന്‍ നിലകൊള്ളുന്നു എന്ന് അവര്‍ പ്രഖ്യാപിച്ചു. ബാങ്ക് ദേശവല്‍ക്കരണം, നാട്ടുരാജാക്കന്മാരുടെ പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ എന്നീ പുരോഗമന നടപടികള്‍ സ്വീകരിക്കാന്‍ തുടക്കംകുറിച്ചു.

ഈ ഘട്ടത്തിലാണ് രാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന്‍ മരണപ്പെട്ടത്. അത് ഗവണ്‍മെന്റിലും കോണ്‍ഗ്രസിലും മറ്റൊരു പ്രതിസന്ധിയുളവാക്കി. സിന്‍ഡിക്കറ്റിലെ നിജലിംഗപ്പയായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്. അതിനാല്‍ സിന്‍ഡിക്കറ്റിലെ തന്നെ മറ്റൊരു പ്രധാനിയായ നേതാവ് സഞ്ജീവറെഡ്ഡിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനെ ആദ്യം ഇന്ദിര അനുകൂലിച്ചെങ്കിലും പിന്നെ അഭിപ്രായം മാറ്റി. സഞ്ജീവറെഡ്ഡിയെ പ്രസിഡന്റാക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചതിലെ ഗൂഢതന്ത്രം ഇന്ദിരക്ക് പെട്ടെന്ന് പിടികിട്ടി, തന്റെ പ്രധാനമന്ത്രിപദത്തെ നിയന്ത്രിക്കാനാണെന്ന് ബോധ്യമായി. ഇന്ദിരയുടെ രഹസ്യനീക്കങ്ങളുടെ ഫലമായി അന്നത്തെ വൈസ്പ്രസിഡന്റ്ആയിരുന്ന വി വി ഗിരി സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്ത് വന്നു. ഇന്ദിര ഗിരിയെ പരസ്യമായി പിന്തുണച്ചു. ആ വാശിയേറിയ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ദിര പിന്‍തുണച്ച വിമതസ്ഥാനാര്‍ഥി വി വി ഗിരി വലിയ വിജയം നേടി. അതോടെ കോണ്‍ഗ്രസ് സംഘടന നെടുകെ പിളര്‍ന്നു. കോണ്‍ഗ്രസ്(ഒ) അഥവാ സംഘടനാ കോണ്‍ഗ്രസ് എന്നും ഇന്ദിരവിഭാഗം കോണ്‍ഗ്രസ്(ആര്‍) അഥവാ ഭരണകോണ്‍ഗ്രസ് എന്നും അറിയപ്പെട്ടു. 1970 ഡിസംബറില്‍ ഇന്ദിരാഗാന്ധി പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചു. 1971 ല്‍ തെരഞ്ഞെടുപ്പ് നടന്ന് ഇന്ദിരാഗാന്ധി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍വന്നു.

1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തി, ആറ് വര്‍ഷത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയില്ലെന്നും വിധിച്ചു. ഇന്ദിരയുടെ എതിര്‍സ്ഥാനാര്‍ഥി രാജ്നാരായണന്‍ ഫയല്‍ ചെയ്തിരുന്ന തെരഞ്ഞെടുപ്പ് ഹരജിയിലായിരുന്നു ഈ വിധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനം ഇന്ദിര ഉപയോഗപ്പെടുത്തി എന്നായിരുന്നു ഹരജിയിലെ ആരോപണം. സുപ്രീം കോടതിയും ഈ വിധി ശരിവച്ചു.

അതിനെത്തുടര്‍ന്ന് ഇന്ദിര രാജിവയ്ക്കണം എന്ന് പ്രതിപക്ഷങ്ങള്‍ ആവശ്യപ്പെട്ടു. അത് മാനിക്കുന്നില്ലെന്നുകണ്ടപ്പോള്‍ പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സംയുക്ത പ്രക്ഷോഭസമരങ്ങളുടെ നേതാവ് മഹാനായ ജയപ്രകാശ്നാരായണന്‍ ആയിരുന്നു. പ്രക്ഷോഭസമരങ്ങളെ അടിച്ചമര്‍ത്താനും കാലാവധി തീരുന്നതുവരെ ഭരണം തുടരാനും ഇന്ദിര തീരുമാനിച്ചു. അങ്ങനെ 1975 ജൂണ്‍ 25ന് അര്‍ധരാത്രിയില്‍ ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച് ഭരണഘടനതന്നെ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഭരണഘടന പൌരന്മാര്‍ക്ക് അനുവദിച്ച മൌലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. പത്രമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരുക്കത്തില്‍ 1947 ആഗസ്ത് 14ന് അര്‍ധരാത്രി നിലവില്‍വന്ന സ്വാതന്ത്ര്യം പൌരന്മാര്‍ക്ക് നല്‍കിയ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടു.

പ്രക്ഷോഭകാരികളെയും പ്രതിപക്ഷരാഷ്ട്രീയ നേതാക്കളെയും Misa (Maintanance of Internal Security Act) ഉപയോഗിച്ച് ഒന്നൊന്നായി അറസ്റ്റ് ചെയ്ത്് ജയിലില്‍ അടച്ചു. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, വാജ്പെയ് തുടങ്ങിയ സമുന്നതരായ നേതാക്കള്‍ എല്ലാം ജയിലിലായി. പൊലീസും പട്ടാളവും രംഗത്തുവന്നു. അക്ഷരാര്‍ഥത്തില്‍ പൊലീസ് രാജ് തന്നെ നിലവില്‍ വന്നു. ആര്‍എസ്എസ് മുതല്‍ ജമാഅത്തെ ഇസ്ളാമിവരെ നിരോധിക്കപ്പെട്ടു, നേതാക്കളെ ജയിലിലടച്ചു. അമിതാധികാരത്തിന്റെയും ബലപ്രയോഗങ്ങളുടെയും കൂട്ടനിലവിളികള്‍ ഭാരതം മുഴുവന്‍ അലയടിച്ചു.

അടിയന്തരാവസ്ഥകാലത്തെ മുഴുവന്‍ സംഭവങ്ങളെയും ഇതില്‍ വിവരിക്കാന്‍ ഞാന്‍ മുതിരുന്നില്ല. എന്നാല്‍ അന്നത്തെ കേരളത്തിലെ പൊതു സ്ഥിതിയും മലപ്പുറം ജില്ലയിലെ സംഭവങ്ങളും അതില്‍ എന്റെ അനുഭവങ്ങളും മാത്രമേ ഞാന്‍ പ്രതിപാദിക്കുന്നുള്ളൂ.

1967 മാര്‍ച്ചില്‍ അധികാരമേറ്റ ഇ എം എസ് മന്ത്രിസഭ രാജിവച്ചശേഷം 1969 നവംബര്‍ ഒന്നിന് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി സിപിഐ നയിക്കുന്ന ആദ്യത്തെ മാര്‍ക്സിസ്റ്റ് ഇതര മന്ത്രിസഭ അധികാരമേറ്റു. അതില്‍ കോണ്‍ഗ്രസും ഉണ്ടായിരുന്നില്ല. ആ ഭരണം ഏഴ്മാസമേ നിലനിന്നുള്ളൂ. മുഖ്യമന്ത്രിയുടെ ശുപാര്‍ശയനുസരിച്ച് 1970 ജൂണ്‍ ആറിന് ഗവര്‍ണര്‍ സഭ പിരിച്ചുവിട്ടു. തുടന്ന് സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -സിപിഐ സംഖ്യം അധികാരത്തില്‍ വന്നു. അതില്‍ കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, മുസ്ളിംലീഗ് എന്നീ കക്ഷികളും ഉണ്ടായിരുന്നു. ആ ഭരണം 1977 വരെ തുടര്‍ന്നു. മുഖ്യമന്ത്രി സി അച്യുതമേനോന്‍ ആഭ്യന്തരമന്ത്രി കെ കരുണാകരന്‍. അടിയന്തരാവസ്ഥയില്‍, ഈ ഭരണമാണ് കേരളത്തില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത്. കമ്യൂണിസ്റ്റുകരെയും, നക്സലൈറ്റുകാരെയും ആര്‍എസ്എസ്, ജമാഅത്തെ ഇസ്ളാമി തുടങ്ങിയവരെയും വേട്ടയാടി. പൊലീസ് മേധാവികളായ മധുസൂദനന്‍, ജയറാം പടിക്കല്‍, ലക്ഷ്മണ എന്നിവരാണ് കേരളത്തില്‍ പൊലീസ് രാജ് നടപ്പാക്കിയത്.വയനാട്ടിലെ വര്‍ഗീസിനെ പൊലീസ് വെടിവച്ചുകൊന്നു. ഈച്ചരവാര്യരുടെ മകന്‍, കോഴിക്കോട് റീജ്യണല്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി രാജനെ ഉരുട്ടിക്കൊന്നു. കക്കയം പൊലീസ് ക്യാമ്പിലെ ദീനരോദനങ്ങള്‍ ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രി അച്യുതമേനോനാണെങ്കിലും പൊതുഭരണവും പൊലീസും ആഭ്യന്തരമന്ത്രി കരുണാകരന്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. കെപിസിസി പ്രസിഡന്റ് എ കെ ആന്റണിയും മലപ്പുറം ഡിസിസി പ്രസിഡന്റ് ആര്യാടന്‍ മുഹമ്മദും ആയിരുന്നു. ഇവരെല്ലാം കൂടിയായിരുന്നു കേരളത്തിലെ കാര്യങ്ങള്‍ അന്നു കൊണ്ടുനടന്നത്. അടിയന്തരാവസ്ഥയിലെ അമിതാധികാരം കേരളത്തെയും നടുക്കിക്കളഞ്ഞു. ഞാനുള്‍പ്പെടെയുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാറ്റിനും മൂകസാക്ഷികളായി നില്‍ക്കേണ്ടതായി വന്നു. ഭയപ്പാടുകൊണ്ട് ആരും പ്രതികരിക്കാന്‍ ധൈര്യപ്പെട്ടില്ല. അന്ന് കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെട്ട കാലമായിരുന്നു. ആന്റണിയും കരുണാകരനും ഇരുചേരികള്‍ക്കും നേതൃത്വം കൊടുക്കുകയും ചെയ്തുപോന്നു. മലപ്പുറം ജില്ലയില്‍ ആന്റണിയുടെ വക്താവ് ആര്യാടനും കരുണാകരന്റെ പ്രതിനിധി എം പി ഗംഗാധരനും ആയിരുന്നു. ഇവരെല്ലാം തന്ത്രശാലികളും കുതികാല്‍ വെട്ടാന്‍ കഴിവുള്ളവരുമാണ്. കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതില്‍ അഗ്രഗണ്യന്‍ ആര്യാടന്‍തന്നെ. എന്നെപ്പോലെയുള്ള സാധാരണ പ്രവര്‍ത്തകര്‍ക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടിരുന്ന കാലമായിരുന്നു അത്. പഠിക്കുന്ന കാലത്ത് പഠനത്തിലും പിന്നെ കോടതിയിലും എത്തിയപ്പോള്‍ വക്കീല്‍ പണിയിലും ശ്രദ്ധിക്കുകയും ബാക്കിയുള്ള സമയം സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുകയുമാണ് ഞാന്‍ ചെയ്തിരുന്നത്. പ്രധാനമായും പ്രചാരണരംഗത്ത്. പൊതുയോഗങ്ങളില്‍ നടന്നു പ്രസംഗിക്കുകയായിരുന്നു പതിവ്. ആര്യാടന്റെ തന്ത്രങ്ങള്‍ ചെറുപ്പത്തിലേ അറിയാമായിരുന്നതുകൊണ്ട് ഞാന്‍ സാങ്കേതികമായി ജില്ലാ രാഷ്ട്രീയത്തില്‍ കരുണാകരന്റെ ഗ്രൂപ്പിന്റെ കൂടെയാണ് നിന്നത്. നിഷ്പക്ഷനായി കോണ്‍ഗ്രസ് സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ടു കൂട്ടരും തഴയും എന്നതായിരുന്നു സ്ഥിതി.

അടിയന്തരാവസ്ഥയിലെ അമിതാധികാരങ്ങള്‍ പ്രയോഗിക്കുന്നതിലും പ്രശ്നങ്ങളില്‍ അവിഹിതമായി ഇടപെടുന്നതിലും ഇരുവിഭാഗം നേതാക്കളും മോശമായിരുന്നില്ല. അതിന്റെ എല്ലാം ഫലമായി മലപ്പുറം ജില്ലയിലും അനാവശ്യമായ നടപടികളും ഒഴിവാക്കാമായിരുന്ന അറസ്റ്റുകളും ഉണ്ടായി. നിലമ്പൂര്‍ വിരാഡൂരിലുള്ള വൈദ്യര്‍ ഉണ്ണിയെ ബിജെപിക്കാരനായി എന്നതുകൊണ്ടുമാത്രം പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട്നിന്ന് ഏതാനും ബിജെപി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. എല്ലാവരെയും ജയിലിലടച്ചു. മഞ്ചേരി കുരിക്കള്‍ ഫുട്വെയര്‍ ഉടമ മുഹമ്മദാലിയുടെ പിതാവ് അബ്ദുറഹിമാന്‍ കുരിക്കളെ ജമാ അത്തെ ഇസ്ളാമിക്കാരനായി എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. പൊന്നാനിയില്‍നിന്ന് ഏതാനും ജമാഅത്ത് നേതാക്കളെയും പൊലീസ് പിടിച്ചുകൊണ്ടുപോയി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മമ്പാട് മധുരക്കറിയന്‍ അത്തന്‍മോയന്‍ അധികാരിയുടെ മമ്പാട്ടുള്ള റൈസ്മില്ലില്‍ പൊലീസ് റെയിഡ് ചെയ്തു. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ റെയിഡ് നീണ്ടു. അരിച്ചുപെറുക്കിയിട്ടും കുറ്റകരമായി ഒന്നുംതന്നെ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഒരു നടപടിക്കും വഴിയില്ലെന്ന് കണ്ട പൊലീസ് മില്ലില്‍ പണിക്കാരെയും അധികാരിയെയും ഒഴിവാക്കി സ്ഥലം വിട്ടു. എന്നാല്‍ രാത്രി ആയപ്പോഴേക്കും മുകളില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് അത്തന്‍മോയന്‍ അധികാരിയെ തന്റെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി ലോക്കപ്പിലിട്ടു, പിറ്റേന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതുപോലെത്തന്നെ തിരൂരങ്ങാടിയിലെ പെട്രോള്‍ ഡീലര്‍ കൂളത്ത് മുഹമ്മതിനെ രാജ്യരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ എടുത്തു, വിചാരണ കൂടാതെ ദീര്‍ഘകാലം ജയിലിലടച്ചു. നിലമ്പൂരിലെ നാലകത്ത് വീരാന്‍ഹാജിക്കും വാറന്റ് ഉണ്ടായിരുന്നു, അദ്ദേഹം പിടുത്തത്തില്‍ പെട്ടില്ല.

മേല്‍പ്പറഞ്ഞ അറസ്റ്റുകളിലൊന്നുംതന്നെ എന്താണ് കുറ്റം എന്ന് പറഞ്ഞിരുന്നില്ല. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നില്ല. DIR (Defence of India Rules) പ്രകാരമാണ് അറസ്റ്റുകളെല്ലാം. ആ നിയമത്തിന്റെ പ്രത്യേകത പ്രതിക്ക് വേണ്ടി ജാമ്യം കിട്ടുന്നതിന് അപേക്ഷ കൊടുത്താല്‍ ഗവണ്‍മെന്റിന് എതിര്‍പ്പില്ല എന്ന് പറഞ്ഞെങ്കില്‍ മാത്രമേ ജാമ്യം അനുവദിക്കാന്‍ പാടുള്ളു എന്നാണ്. ഞങ്ങള്‍ വക്കീലന്മാര്‍ ഇവര്‍ക്കുവേണ്ടി ജാമ്യാപേക്ഷ കൊടുക്കും, ഗവണ്‍മെന്റ് വക്കീല്‍ എതിര്‍ക്കും. ഹരജി നിരുപാധികം തള്ളിപ്പോകും. ഇതായിരുന്നു പതിവ്.

ഒരു ദിവസം, കോടതിയില്‍വച്ച് എന്റെ സഹപ്രവര്‍ത്തകനും വളര്‍ന്നുവരുന്ന യുവ അഭിഭാഷകനുമായ സി ശ്രീധരനും വാറന്റ് ഉണ്ടെന്ന് അറിഞ്ഞു. അദ്ദേഹം ഒരു കമ്യൂണിസ്റ്റ്കാരന്‍ എന്നല്ലാതെ ഒരു കുറ്റകരമായ പ്രവൃത്തിയും ചെയ്യുകയോ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിരുന്നില്ല. ശ്രീധരന് വാറന്റുണ്ടെന്ന വിവരം എന്നോട് പറഞ്ഞത് ഗവ. വക്കീല്‍ (APP) ആയിരുന്ന ഗോവിന്ദന്‍ നമ്പ്യാരായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. യാതൊരു കാരണവും കൂടാതെ ഒരാളെ ഉപദ്രവിക്കുന്നത് ശരിയല്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്നു. കുറേക്കഴിഞ്ഞു വിട്ടുവരുമ്പോള്‍, കേസും ജോലിയും എല്ലാം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന സ്ഥിതി ഒരിക്കലും പാടില്ല. ഒരു യുവാവിന്റെ ഭാവി നശിപ്പിക്കുന്നത് നീതീകരിക്കാനാവുന്നതല്ല.

ഞങ്ങളുടെ ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഞാനും നമ്പ്യാരും കൂടി, അടിയന്തരാവസ്ഥയില്‍ മലപ്പുറം ജില്ലയിലെ വാറന്റും അറസ്റ്റും കൈകാര്യം ചെയ്തിരുന്ന ഡിവൈഎസ്പി കെ ജി കെ കുറുപ്പിനെ പോയി കണ്ടു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു എന്താണ് ശ്രീധരന്‍ വക്കീല്‍ ചെയ്ത തെറ്റ് എന്ന്. ഡിവൈഎസ്പി പറഞ്ഞു. ശ്രീധരന്‍ ഫാറൂഖ് കോളേജില്‍ പഠിക്കുന്ന കാലത്ത് നക്സലൈറ്റുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് നടപടിക്ക് കാരണം. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, കുട്ടിക്കാലത്ത് എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടാകും. അതും ആശയപരമായി, ഒരു ചിന്ത മാത്രം. അക്രമ സംഭവങ്ങളില്‍ ഒന്നും ബന്ധമില്ലാത്ത അയാളെ ഒന്നും ചെയ്യാന്‍ പാടില്ല. ശ്രീധരന്റെ പേര് ലിസ്റ്റില്‍നിന്ന് ഒഴിവാക്കണം എന്ന് ഞങ്ങള്‍ ശക്തിയായി ആവശ്യപ്പെട്ടു. ഞങ്ങളും കുറുപ്പുമായി ഉണ്ടായിരുന്ന വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീധരനെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കി. ഇങ്ങനെ ഒരു കാര്യം മാത്രമാണ് അടിയന്തരാവസ്ഥയില്‍ എന്റെ ഇടപെടല്‍കൊണ്ടുണ്ടായത്.

മേല്‍പ്പറഞ്ഞ റെയ്ഡിന്റെയും അറസ്റ്റുകളുടെയും ഒക്കെ കാര്യങ്ങളില്‍ പൊലീസ് മാത്രമല്ല ചില പ്രാദേശികനേതാക്കളുടെയും ദുഷ്ടലാക്കും മുന്‍വിരോധത്തിന്റെ പ്രതികാരങ്ങളും എല്ലാം ഉണ്ടായിരുന്നു എന്ന് കരുതാന്‍ ന്യായങ്ങളുണ്ടായിരുന്നു. ആകപ്പാടെ കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോഴാണ്, തൃക്കുളം കൃഷ്ണന്‍കുട്ടിയുടെ പാട്ടിലെ ചില വരികള്‍ അന്വര്‍ഥമായി തോന്നിയത്.

"ഒന്നരലക്ഷം തന്നാ നിങ്ങളെ ഇപ്പത്തന്നെ വിട്ടീടും
ഒന്നുംതന്നില്ലെങ്കില്‍ പിന്നെ ക്യാമ്പിലിട്ടുരുട്ടീടും''

അടിയന്തരാവസ്ഥയിലെ നടപടികളും നീതിനിര്‍വഹണവും ഇങ്ങനെ മോശമായി വരാന്‍ തുടങ്ങി. ഇത്രത്തോളമായപ്പോള്‍ ഞാനും എന്നെപ്പോലെ ചിന്തിക്കുന്ന ചിലരും കൂടി ഒരു ദിവസം ആഭ്യന്തരമന്ത്രി കരുണാകരനെ കണ്ടു മേല്‍നടപടികളിലെ തെറ്റും മനുഷ്യത്വമില്ലായ്മയും ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു.

ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു, ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയും വടക്കെ ഇന്ത്യയിലും ഈജിപ്തിലും മറ്റും അക്രമകാരികളായേക്കാം. എന്നാല്‍ ഇവിടെ കേരളത്തില്‍ അവര്‍ ഒരു അക്രമവും ചെയ്തിട്ടില്ല, ചെയ്യാന്‍ അടുത്തകാലത്ത് കഴിയുകയുമില്ല. അത് പോലെത്തന്നെ അറസ്റ്റിന് വിധേയരായ മറ്റു വ്യക്തികളും ഒരു കുറ്റവും ചെയ്തതായി പൊലീസ് കോടതിയില്‍പ്പോലും പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് മേല്‍പ്പറഞ്ഞ നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ നല്ല അഭിപ്രായമല്ല ഉണ്ടാക്കിയിട്ടുളളത്. ഇത് നാളെ രാഷ്ട്രീയമായി തിരിച്ചടിക്ക് കാരണമാവും.

ഇതു കേട്ടപ്പോള്‍ ആഭ്യന്തരമന്ത്രി കരുണാകരന്‍ ചോദിച്ചു സംസ്ഥാന ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന്. ഞാന്‍ പറഞ്ഞു അടിയന്തരാവസ്ഥ മുഴുവന്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. എന്നാല്‍ കുറ്റം ചെയ്യാത്തവരെ, മേലിലും ചെയ്യില്ലെന്ന് ഒരു ഉറപ്പ് എഴുതിത്തന്നാല്‍ ജാമ്യത്തിന് എതിര്‍ക്കേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം കൊടുക്കണം. വിവേചനാടിസ്ഥാനത്തില്‍ നിരപരാധികളെ ജാമ്യത്തില്‍ വിട്ടയക്കണം. ഈ നിര്‍ദേശം തത്വത്തില്‍ കരുണാകരന്‍ അംഗീകരിച്ചു.

അതിന്റ അടിസ്ഥാനത്തില്‍ ജയിലിലുള്ള ഏതാനും ആളുകള്‍ക്കുവേണ്ടി ഞാന്‍ തന്നെ ജാമ്യാപേക്ഷ ബോധിപ്പിച്ചു. ഓരോരുത്തരായി പുറത്തിറങ്ങി. ആദ്യം പുറത്തിറങ്ങിയത് ബിജെപിക്കാരനായ നിലമ്പൂരിലെ വൈദ്യര്‍ ഉണ്ണിയായിരുന്നു. പിന്നെ ജമാഅത്തെ പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ കുരിക്കളും പൊന്നാനിയിലെ ജമാഅത്തെ നേതാക്കളും.

എന്നാല്‍ മമ്പാട് അത്തന്‍ മോയന്‍ അധികാരി മേലില്‍ ഒരു തെറ്റുംചെയ്യുന്നതല്ലെന്ന് നിരുപാധികം എഴുതിക്കൊടുക്കാന്‍ തയാറല്ലായിരുന്നു. ഒരു മാസത്തിലധികമായി അദ്ദേഹം മഞ്ചേരി സബ്ജയിലില്‍ കിടക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞത് "എന്നെ പൊലീസിനെക്കൊണ്ടു പിടിപ്പിച്ചത് ആരാണെന്ന് എനിക്കറിയാം, ഞാന്‍ ഇവിടെക്കിടന്ന് മരിച്ചോട്ടെ'' എന്നായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണക്കാരായ നേതാക്കളോട് അത്രക്ക് വെറുപ്പായിരുന്നു എന്ന് ആ വികാര പ്രകടനത്തിലൂടെ മനസ്സിലാക്കാം.

ഞാനും അധികാരിയും ബന്ധുക്കളാണ്. അദ്ദേഹത്തിന്റെ മറ്റൊരു ബന്ധുവായ കോണ്‍ഗ്രസ് നേതാവ് പി വി ഷൌക്കത്തലിയും ഞാനും കൂടി അവസാനം ജയിലില്‍ പോയി. അദ്ദേഹത്തെ പലതരത്തിലും പറഞ്ഞു സമ്മതിപ്പിച്ചു. ഞാന്‍ എഴുതിക്കൊണ്ടുപോയിരുന്ന പ്രസ്താവനയില്‍ ഒപ്പ് വയ്പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ കൊടുത്ത് ജയിലില്‍നിന്ന് ഇറക്കി.

അങ്ങനെ അടിയന്തരാവസ്ഥക്കാലത്തെ സംഭവങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ കഥനരസം കരകവിഞ്ഞൊഴുകുന്ന കഥകള്‍ പലതും പറയുവാനുണ്ട്. കക്കയംക്യാമ്പില്‍വച്ച് ഉരുട്ടിക്കൊന്ന രാജന്‍ തന്നെ നിരപരാധി ആയിരുന്നുവെന്ന് പലര്‍ക്കും അറിയാമായിരുന്നു. 1976 ഫെബ്രുവരി 28ന് ചിലര്‍ കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു തോക്ക് കവര്‍ന്നെടുത്ത് കൊണ്ടുപോയി.

ഈ കേസിന്റെ തെളിവെടുപ്പിനു വേണ്ടിയാണ് കക്കയം ക്യാമ്പ് സ്ഥാപിച്ചത്. യാതൊരു തെളിവും സൂചന പോലുമില്ലാതെ നിരവധി ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായ മര്‍ദിച്ചു, ആ കേസ് തെളിയിക്കാന്‍ ശ്രമിച്ച് പൊലീസ് വിജയിച്ചില്ല. ആ കൂട്ടത്തില്‍ ചാത്തമംഗലം എന്‍ജിനിയറിങ് കോളേജിലെ ചില വിദ്യാര്‍ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം പൊലീസിനുണ്ടായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം നടന്ന 1976 ഫെബ്രുവരി 28ന് രാത്രിമുഴുവന്‍ മരണപ്പെട്ട രാജന്‍ ഫാറൂഖ് കോളേജില്‍ കലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ യൂത്ത്ഫെസ്റ്റിവല്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ആര്‍ഇസി ഹോസ്റ്റല്‍ മുറ്റത്ത് കോളേജ് ബസ്സില്‍ കൂട്ടുകാരോടൊപ്പം വന്നിറങ്ങിയ രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

രാജന്‍ പൊലീസ് അധികാരികളോടും തന്റെ അച്ഛന്‍ ഭരണാധികാരികളോടും കരഞ്ഞുപറഞ്ഞ നിരപരാധിത്വം ശരിയാണോ എന്ന് ഒരു നിമിഷം അന്വേഷിക്കാന്‍ അവര്‍ തയാറായിരുന്നെങ്കില്‍ ഒരു നിരപരാധി ക്രൂരമായ മര്‍ദനങ്ങള്‍ സഹിച്ച് ദയനീയമായി കൊലചെയ്യപ്പെടുമായിരുന്നില്ല. പൊലീസിന് പിടികിട്ടേണ്ടതായ പുള്ളി മടപ്പളളി കോളേജില്‍ പഠിച്ചിരുന്ന മറ്റേതോ രാജനാണെന്ന് പിന്നീട് പൊലീസിന് ബോധ്യമായി.

ഏകമകന്റെ വിരഹദുഃഖം കടിച്ചമര്‍ത്തി വൃദ്ധനായ അച്ഛന്‍ ഈച്ചരവാര്യര്‍ മരണപ്പെട്ടു. അദ്ദേഹം പലതവണ കരുണാകരനെ കണ്ട് സങ്കടം പറഞ്ഞിട്ടും അദ്ദേഹം ശ്രദ്ധിച്ചതുപോലുമില്ലെന്ന് വാര്യര്‍ക്ക് വലിയ ആക്ഷേപവും സങ്കടവും ഉണ്ടായിരുന്നു. പൊലീസുകാരുടെ തെറ്റ് കണ്ണടച്ച് ന്യായീകരിക്കുകയും തെറ്റ് ചെയ്ത സ്വന്തക്കാരായ ഉദ്യോഗസ്ഥരെ രണ്ടും കല്‍പ്പിച്ച് രക്ഷപ്പെടുത്തുകയും ചെയ്യുക എന്നത് കരുണാകരന്റെ ഒരു സ്വഭാവമായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തിലും ഭരണത്തിലും പലപ്പോഴും തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്. മരിച്ച മകന്റെ കാര്യത്തില്‍ താന്‍ അനുഭവിച്ച വേദന, ജീവിച്ചിരിപ്പുള്ള മകനെക്കൊണ്ട് കരുണാകരന്‍ അനുഭവിക്കും എന്ന് ഈച്ചരവാര്യര്‍ ശപിച്ചതായി കേട്ടിട്ടുണ്ട്.

1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു, ഇന്ദിരാഗാന്ധി ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാട്ടില്‍ മുമ്പുള്ള രണ്ട് വര്‍ഷം നടന്നതും നടക്കുന്നതുമായ സംഭവങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് അറിയുമായിരുന്നില്ല. ഉദ്യോഗസ്ഥരും പാര്‍ടിയിലെ ആജ്ഞാനുവര്‍ത്തികളായ നേതാക്കളും കൊടുക്കുന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് അവരെ നയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഒരുഭാഗത്ത് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും മറുഭാഗത്ത് അടിയന്തരാവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ടവരും നിരോധിക്കപ്പെട്ടവരുമായ മുഴുവന്‍ കക്ഷികളും ശക്തികളും അണിനിരന്നു. അതിരൂക്ഷമായ തെരഞ്ഞെടുപ്പ് യുദ്ധംതന്നെ നടന്നു.

തെരഞ്ഞെടുപ്പ് പ്രചാരവേലകളില്‍ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളുടെ കരളലിയിക്കുന്ന കഥകള്‍ ആസേതു ഹിമാചലം അലയടിച്ചുയര്‍ന്നു. അടിയന്തരാവസ്ഥയില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്ന എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ഒത്തുപിടിച്ചു. ജയിലിലടയ്ക്കപ്പെട്ടിരുന്ന നേതാക്കള്‍, വിവിധ പാര്‍ടികളിലുള്ളവര്‍ ഓരോന്നായി ജയില്‍ വിമോചിതരായി ഇറങ്ങിവരുന്നത് തെരഞ്ഞെടുപ്പ് ഗോദയിലേക്കായിരുന്നു. ആവേശഭരിതമായ കൊടുങ്കാറ്റ് അടിച്ചുവീശി. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെത്തന്നെ, കോണ്‍ഗ്രസ് പൂര്‍ണമായി തറപറ്റി. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു. ഇന്ദിരാവിരുദ്ധ പാര്‍ടികളെല്ലാം ജയിച്ചു. ജയിച്ച പാര്‍ടികളെല്ലാം ഒത്തുകൂടി അവര്‍ ഒറ്റ പാര്‍ടിയായി മാറി. ആ പാര്‍ടിക്ക് ജനതാപാര്‍ടി എന്ന് നാമകരണം ചെയ്തു. അതില്‍ സംഘടനാ കോണ്‍ഗ്രസും ജനസംഘവും സോഷ്യലിസ്റ്റ് പാര്‍ടികളും ഉണ്ടായിരുന്നു. അതിന്റെ നേതാവായി മൊറാര്‍ജി ദേശായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ഇടതുപക്ഷ പാര്‍ടികളും പിന്തുണ കൊടുത്തു. അങ്ങനെ ജനതാ പാര്‍ടി ഇന്ത്യയില്‍ അധികാരത്തില്‍ വന്നു, മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി.

അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിക്കെതിരായി കോണ്‍ഗ്രസിനകത്തും പുറത്തും എതിര്‍പ്പുകളും ശക്തിപ്പെട്ടു. കോണ്‍ഗ്രസില്‍നിന്ന് പ്രഗത്ഭരായ നേതാക്കള്‍ ഓരോന്നായി വിട്ടുപോയി. "ബഹുഗുണ പോയി ഗുണവും പോയി, ജഗജീവന്‍പോയ് ജീവനും പോയി, നന്ദിനി പോയി നാറിപ്പോയി'' എന്ന് എതിരാളികള്‍ മുദ്രാവാക്യം വിളിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് ബ്രഹ്മാനന്ദറെഡ്ഡിയും കേരളപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് എ കെ ആന്റണിയും നിര്‍ദാക്ഷിണ്യം ഇന്ദിരയെ തള്ളിപ്പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആര്യാടന്‍ മുഹമ്മദും അക്കൂട്ടത്തിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യ-ഇന്ദിര, ഇന്ദിര-ഇന്ത്യ എന്ന് മുദ്രാവാക്യം വിളിച്ചവര്‍, അടിയന്തരാവസ്ഥയിലെ അമിതാധികാരത്തില്‍ പുരവെന്ത വെളിച്ചത്തില്‍ വാഴക്കുല വെട്ടിയവര്‍, ഇന്ദിരാമ്മയെ പുച്ഛിച്ചു തള്ളി. അധികാരത്തിന്റെ മാധുര്യമുള്ള മിഠായി നുണഞ്ഞ അമ്മയുടെ സാരി തൂങ്ങിപ്പിടിച്ച് ചാടിക്കളിച്ചവര്‍ അമ്മ തകര്‍ന്ന് തളര്‍ന്നുവീണുകിടന്നപ്പോള്‍ നെഞ്ചത്ത് കഠാരി കുത്തിയിറക്കി. അവര്‍ ചന്തിക്കടിച്ച് അട്ടഹസിച്ചു. ഇന്ദിര-രാക്ഷസി എന്നു വിളിച്ചു പറഞ്ഞു. അടിയന്തരാവസ്ഥയില്‍ പാര്‍ടി നയിച്ച് ഇന്ദിരക്ക് എല്ലാ പിന്തുണയും നല്‍കിയവര്‍ തങ്ങളാണെന്നും പറ്റിയ തെറ്റുകള്‍ക്ക് തങ്ങളും പങ്കാളികളാണെന്നും റെഡ്ഡി-ആന്റണി-ആര്യാടന്‍ പ്രഭൃതികള്‍ മറന്നുപോയി.

കോണ്‍ഗ്രസ് സംഘടന നയിച്ച നേതാക്കളുടെ അവസരവാദപരമായ ഈ നിലപാടില്‍ എന്നെപ്പോലെയുള്ള പ്രവര്‍ത്തകര്‍ക്കും ബഹുജനങ്ങള്‍ക്കും പരമ പുച്ഛമാണ് തോന്നിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തത് ഈ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. അതിന്റെ അമിതാധികാരത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എല്ലാ അതിക്രമങ്ങളും ചെയ്തിരുന്നതും അവര്‍തന്നെ. അത്തരം ദുഷ്ചെയ്തികള്‍ കൊണ്ടു പരാജയപ്പെട്ടപ്പോള്‍ തികച്ചും വഞ്ചനാപരമായ നിലപാട് സ്വീകരിക്കുകയും എല്ലാറ്റിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഇന്ദിരാഗാന്ധിയില്‍ മാത്രം ആരോപിച്ച് മാറിനില്‍ക്കുകയും ചെയ്തു. അവര്‍ പുതിയ ഭരണകൂടത്തിന്റെ ഒറ്റുകാരായി മാറി.

ഡോ. സെയ്ത് മുഹമ്മത് എറണാകുളം എടവനക്കാട് സ്വദേശി ഉന്നത ശീര്‍ഷനായ അഡ്വക്കേറ്റും കോണ്‍ഗ്രസ് അനുകൂലിയുമായിരുന്നു. കോണ്‍ഗ്രസില്‍ ന്യൂനപക്ഷവിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് പാര്‍ലമെന്റ് സീറ്റില്‍ മത്സരിപ്പിക്കുകയും കേന്ദ്രത്തില്‍ നിയമകാര്യമന്ത്രിയായി ഇന്ദിരാഗാന്ധി നിയമിക്കുകയുമുണ്ടായി. അഞ്ചുകൊല്ലം മന്ത്രിയായി അടിയന്തരാവസ്ഥക്കാലത്ത് വിലസി, പിന്നെ വന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും ജയിച്ചു. പക്ഷേ ഇന്ദിര തോറ്റു. അന്ന് മുതല്‍ അദ്ദേഹവും ഇന്ദിരാ വിരുദ്ധനായി. 'ബുധനാഴ്ച ക്ളബ്' എന്ന പേരില്‍ ഒരു ആഴ്ചക്കൂട്ടം സംഘടിപ്പിച്ച് ഇന്ദിരാവിരുദ്ധ പ്രചാരണം ആരംഭിച്ചു. നോക്കണേ നന്ദികേട്. പത്രപ്രവര്‍ത്തകനായ ഉണ്ണികൃഷ്ണനെ വടകരയില്‍ നിര്‍ത്തി ജയിപ്പിച്ചു. അദ്ദേഹം പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ മുന്നണിപ്പോരാളിയായിരുന്നു. 1977ല്‍ വീണ്ടും ജയിച്ച് ഡല്‍ഹിയില്‍ ചെന്നപ്പോള്‍ ഇന്ദിര തോറ്റ് വീണുകിടക്കുന്നു, പുറംകാല് കൊണ്ടു തട്ടാന്‍ ഒരു മടിയും ഉണ്ടായില്ല. ഇങ്ങനെ വഞ്ചകന്മാരുടെയും ചതിയന്മാരുടെയും കൂടാരമായി കോണ്‍ഗ്രസ് മാറുന്നു എന്ന് ഇന്ദിരാഗാന്ധിക്കും ബോധ്യമായി.

ഇന്ദിരാഗാന്ധി ഒറ്റപ്പെടുന്നു എന്ന് കണ്ടപ്പോള്‍ അവര്‍ കോണ്‍ഗ്രസില്‍ തന്നെ അനുകൂലിക്കുന്നവരുടെ ഒരു കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. മൂന്നുദിവസം നീണ്ടു ആ സമ്മേളനം. ഒടുവില്‍ ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ബ്രഹ്മാനന്ദ റെഡ്ഡിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയും സമ്മേളനം പ്രഖ്യാപിച്ചു. ഫലത്തില്‍ കോണ്‍ഗ്രസ് രണ്ടാമതും നെടുകെ പിളര്‍ന്നു. ചരിത്രപ്രധാനമായ ആ സംഭവം 1978 ജനുവരി രണ്ടിന് ആയിരുന്നു. അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) എന്ന പേരില്‍ ഇന്ദിരാഗാന്ധി നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് നിലവില്‍വന്നു.

മുമ്പ് പറഞ്ഞ സംഘടനാ നേതാക്കളുടെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് എന്നെപ്പോലെയുള്ള പ്രവര്‍ത്തകര്‍ ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങി. ഞങ്ങള്‍ കോണ്‍ഗ്രസ് ഐ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് ജാഥ നടത്തി. ഭൂരിപക്ഷം സാധാരണ പ്രവര്‍ത്തകരും ഇതില്‍ പങ്കുചേര്‍ന്നു. ഔദ്യോഗിക ഭാരവാഹികളും ഓഫീസ് കെട്ടിടങ്ങളുടെ മേലാളന്മാരും റെഡ്ഡി- ആന്റണി കോണ്‍ഗ്രസില്‍ പിടിച്ചുനിന്നു. ഈ ശക്തിപരീക്ഷണത്തിന്റെ തുടക്കത്തില്‍ വേലിപ്പുറത്തിരുന്ന് കളി കണ്ട നേതാക്കളില്‍ മുമ്പനും വമ്പനുമായിരുന്നു കെ കരുണാകരന്‍. ഇന്ദിരാഗാന്ധി വിളിച്ച ഡല്‍ഹി കണ്‍വന്‍ഷനില്‍ ക്ഷണം കിട്ടിയിട്ടും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്‍എസ്എസിന്റെ സമ്മേളനത്തില്‍ സംബന്ധിക്കാനുണ്ടെന്ന ഒഴിവ്കഴിവ് പറഞ്ഞു മാറിനില്‍ക്കുകയാണ് ചെയ്തത്.

ഏതാനും ദിവസം കാത്തിരുന്ന് ഇന്ദിര കോണ്‍ഗ്രസ് ശക്തിപ്പട്ടുവരുന്നു എന്ന് കണ്ടപ്പോള്‍ കരുണാകരനും രംഗത്ത് വരാന്‍ തുടങ്ങി. ആദ്യം അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ചു. അതിന്റെ ഭാഗമായി മഞ്ചേരിയിലും എത്തി. മഞ്ചേരിയില്‍ ഞങ്ങള്‍ ഒരു നല്ല റാലി നടത്താന്‍ തീരുമാനിച്ച ദിവസമാണ് അദ്ദേഹം വന്നത്. അദ്ദേഹത്തെ ആശുപത്രിപ്പടിക്കല്‍ ഒരു കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ഇരുത്തി. കച്ചേരിപ്പടിയില്‍നിന്ന് ആരംഭിച്ച ജാഥ മേലാക്കംവരെ പോയി പിരിച്ചുവിട്ടു. ഞാനും മംഗലം ഗോപിനാഥും പ്രൊഫ. വേണുഗോപാലും ആയിരുന്നു മുന്‍നിരയില്‍. ഗംഗാധരന്‍, കരുണാകരന്റെ കൂടെയിരുന്ന് ജാഥ കണ്ടു. സാമാന്യം നല്ല പ്രകടനംതന്നെ ആയിരുന്നു. ആവേശഭരിതരായ യുവാക്കള്‍ അന്തരീക്ഷം ഭേദിക്കുമാറ് മുദ്രാവാക്യം വിളിച്ചു ചിട്ടയായി നീങ്ങി. ഇന്ദിരാഗാന്ധിക്കും മുന്‍നിരയില്‍ ഉള്ള ഞങ്ങള്‍ക്കും സിന്ദാബാദ് വിളിച്ചും വഞ്ചകരെ ശക്തിയായി വിമര്‍ശിച്ചുമാണ് ജാഥ നീങ്ങിയത്. ഒരാഴ്ചയ്ക്കകത്ത് കരുണാകരന്‍ ഇന്ദിരാ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തു.

ഡല്‍ഹി കണ്‍വന്‍ഷന്‍, കേരള സംസ്ഥാന കമ്മിറ്റിയെ നോമിനേറ്റ്ചെയ്തു. അതില്‍ ഞാനും ഒരംഗമായിരുന്നു. പിന്നീട് പ്രൊഫ. കെ എം ചാണ്ടിയെ കെപിസിസി പ്രസിഡന്റായി നിയോഗിച്ചു. കരുണാകരനും കെ എം ചാണ്ടിയും കേരളത്തിലെ കോണ്‍ഗ്രസ് ഐയുടെ അമരക്കാരായി. അവര്‍ കൂടി ആലോചിച്ച് ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചു തുടങ്ങി. അതിന്റെ ഭാഗമായി കെ ജി അടിയോടിയും എം എം ജേക്കബും മഞ്ചേരിയില്‍ വന്നു. അവരുടെ ദൌത്യം എന്നെ ഡിസിസിഐ പ്രസിഡന്റാക്കണം എന്നായിരുന്നു. എന്റെ ദൌര്‍ബല്യങ്ങളും പ്രയാസങ്ങളും ഞാന്‍ അവരോട് വിവരിച്ചുപറഞ്ഞു. യാതൊരു കാരണവശാലും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ലെന്ന് അവരോട് ഉറപ്പിച്ചുപറഞ്ഞു. എന്റെ പ്രശ്നങ്ങള്‍ ശരിയാണെന്ന ധാരണയില്‍ അവര്‍ സ്ഥലംവിട്ടു.

എന്നാല്‍, നാലുദിവസം കഴിഞ്ഞ് ഒരു ദിവസം രാത്രി പത്തിന് കരുണാകരന്‍ നേരിട്ട് എന്റെ വീട്ടില്‍ വന്നു. ജില്ലാ പ്രസിഡന്റാകണം എന്ന നിര്‍ദേശം ശക്തിയായി മുന്നില്‍വച്ചു. ഞാന്‍ അദ്ദേഹത്തോട് എന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ത്തന്നെ എന്റെ പ്രയാസങ്ങള്‍ നിരത്തിവച്ചു. കോടതിയില്‍ സാമാനാന്‍ കാണുന്നു. അതില്‍ ശ്രദ്ധിക്കാന്‍ തന്നെ കഴിയാത്തതാണ് വീട്ടിലെ പ്രശ്നം. ഭാര്യയുടെ ആസ്ത്മ രോഗം അഞ്ചുകൊല്ലം വിട കിട്ടിയതിന്റെ പ്രതിഫലനം അഥവാ കോര്‍ടിസോണ്‍ ചികിത്സയുടെ അനന്തരഫലം പൂര്‍വാധികം ശക്തിയില്‍ ആസ്തമയാല്‍ ആക്രമിക്കപ്പെട്ട് ശ്വാസം വലിക്കാന്‍ കഴിയാതെ, ഭക്ഷണം കഴിക്കാതെ മെലിഞ്ഞ് രോഗശയ്യയില്‍ കിടക്കുന്ന സ്ഥിതി ഞാന്‍ വിവരിച്ചു, കരുണാകരന് കാണിച്ചുകൊടുത്തു.

ജോലി നഷ്ടപ്പെട്ടാലുള്ള സാമ്പത്തിക പ്രയാസം, രോഗാതുരമായ കുടുംബപ്രശ്നം- ഇതെല്ലാം കേട്ട് അവസാനം അദ്ദേഹം പറഞ്ഞു. "ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ സ്ഥാനം ഏറ്റെടുക്കാന്‍ ജില്ലയില്‍ വേറെ ആരെയും ഞാന്‍ കാണുന്നില്ല, നിന്റെ പ്രയാസങ്ങളിലെല്ലാം സഹായിക്കാന്‍ ഞാനുണ്ടാകും, തീര്‍ച്ച.'' അവസാനം ആ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഡിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങി. അത് 1978 ജനുവരി 10ന് ആയിരുന്നു.

കെ കരുണാകരന്റെ കഴിവുകളില്‍ വലിയ മതിപ്പും വാക്കുകളില്‍ വലിയ വിശ്വാസവും ഉള്ള ആളായിരുന്നു ഞാന്‍. അതുകൊണ്ട് കൈയും മെയ്യും മറന്നുള്ള പ്രവര്‍ത്തന ശൈലിയാണ് ഞാന്‍ സ്വീകരിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓടിനടന്ന് പ്രസംഗ പ്രചാരണം തന്നെ. ഒരു ദിവസം നാലും അഞ്ചും സ്ഥലങ്ങളില്‍ യോഗത്തിന് ഓടി എത്തും. അതിനിടയില്‍ സംഘടന രൂപീകരിക്കുകയും ചിട്ടപ്പെടുത്തുകയും വേണം. യൂണിറ്റ് കമ്മിറ്റി മുതല്‍ മണ്ഡലം, ബ്ളോക്ക് കമ്മിറ്റി, മലപ്പുറം ജില്ലാ കമ്മിറ്റിയും കോണ്‍ഗ്രസ് ഐ ബാനറില്‍ നിലവില്‍ വന്നു.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 30 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തി, ആറ് വര്‍ഷത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയില്ലെന്നും വിധിച്ചു. ഇന്ദിരയുടെ എതിര്‍സ്ഥാനാര്‍ഥി രാജ്നാരായണന്‍ ഫയല്‍ ചെയ്തിരുന്ന തെരഞ്ഞെടുപ്പ് ഹരജിയിലായിരുന്നു ഈ വിധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനം ഇന്ദിര ഉപയോഗപ്പെടുത്തി എന്നായിരുന്നു ഹരജിയിലെ ആരോപണം. സുപ്രീം കോടതിയും ഈ വിധി ശരിവച്ചു.

അതിനെത്തുടര്‍ന്ന് ഇന്ദിര രാജിവയ്ക്കണം എന്ന് പ്രതിപക്ഷങ്ങള്‍ ആവശ്യപ്പെട്ടു. അത് മാനിക്കുന്നില്ലെന്നുകണ്ടപ്പോള്‍ പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സംയുക്ത പ്രക്ഷോഭസമരങ്ങളുടെ നേതാവ് മഹാനായ ജയപ്രകാശ്നാരായണന്‍ ആയിരുന്നു. പ്രക്ഷോഭസമരങ്ങളെ അടിച്ചമര്‍ത്താനും കാലാവധി തീരുന്നതുവരെ ഭരണം തുടരാനും ഇന്ദിര തീരുമാനിച്ചു. അങ്ങനെ 1975 ജൂണ്‍ 25ന് അര്‍ധരാത്രിയില്‍ ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.