Friday, February 4, 2011

ഭക്ഷ്യപ്രതിസന്ധിയാണ് ഗുരുതരവിപത്ത്

"എന്തെങ്കിലും ചെയ്യേണ്ട സമയമായി'' എന്ന ലേഖനത്തില്‍ രണ്ടാഴ്‌ച മുമ്പ് ഞാന്‍ എഴുതി: "ഏറ്റവും ദയനീയ വസ്‌തുതയെന്തെന്നാല്‍ ഈ പ്രശ്‌നത്തിന്റെ പരിഹാരം ലോകത്തെ ഏറ്റവും സമ്പന്നവും വികസിതവുമായ രാജ്യങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്, അവര്‍ക്ക് ഇന്നത്തെ അവസ്ഥ നേരിടാന്‍ കഴിയാതെ വന്നാല്‍ അവര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ലോകം അവര്‍ക്കുചുറ്റും തകര്‍ന്നടിയും. അമേരിക്കയിലെ ബുദ്ധിമാന്മാരും പ്രതിഭാശാലികളും പ്രചരിപ്പിക്കുന്നതുപോലെ യുദ്ധക്കെടുതികളെക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിക്കുന്നത്''.

"സാമ്പത്തികനയങ്ങളുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി തിരിച്ചുപോക്കില്ലാത്തവിധം രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചാണ് ഞാന്‍ ആശങ്കപ്പെടുന്നത്. ഇക്കാര്യത്തില്‍ പെട്ടെന്ന് എന്തെങ്കിലും ചെയ്‌തേ തീരൂ.

എല്ലാ ഭൂഖണ്ഡങ്ങളിലും ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണ്: താപവാതങ്ങള്‍, കാട്ടുതീ, റഷ്യയിലെ വിളനാശം, ചൈനയിലെ കാലാവസ്ഥ വ്യതിയാനം, കനത്ത വരള്‍ച്ചയും പ്രളയവും; ഭീതി സൃഷ്‌ടിക്കുന്ന തോതില്‍ ഹിമാലയത്തിലെ ജലശേഖരം താഴ്ന്നുവരുന്നു. ഇന്ത്യയിലും ചൈനയിലും പാകിസ്ഥാനിലും കാലാവസ്ഥ ദുരന്തങ്ങളുണ്ടായി; ഓസ്‌ട്രേലിയയില്‍ വന്‍പ്രളയം (അവിടെ പത്തുലക്ഷം ചതുരശ്ര കിലോമീറ്റര്‍ മേഖല വെള്ളത്തില്‍ മുങ്ങി), യൂറോപ്പില്‍ അഭൂതപൂര്‍വമായ ശൈത്യം,കനഡയില്‍ വരള്‍ച്ച, അമേരിക്കയില്‍ ഇന്നേവരെ ഉണ്ടാകാത്ത വിധത്തില്‍ കൊടുംതണുപ്പ്...'' കൊളംബിയയിലും ബ്രസീലിലും വെനസ്വേലയിലും മഴ കൊടുംനാശം വിതച്ചു.

ആ ലേഖനത്തില്‍ ഞാന്‍ വിശദീകരിച്ചു: "ലോകത്തെ 690 കോടി ജനങ്ങളുടെ ഭക്ഷണമായ ഗോതമ്പ്, അരി, സോയാബീന്‍, ചോളം എന്നിവയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പ്പാദനത്തെ കാലാവസ്ഥ വ്യതിയാനം ബാധിച്ചു; ഇത് ലോകമെങ്ങും ഗുരുതര പ്രശ്‌നമാണ് ''.

പ്രശസ്‌ത അമേരിക്കന്‍ പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ ലെസ്‌റ്റര്‍ ആര്‍ ബ്രൌൺ എഴുതിയ ലേഖനം ജനുവരി 29ന് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. അന്തരീക്ഷത്തില്‍ കാര്‍ബൺ ഡയോക്സൈഡ് അമിതമായി പടരുന്നതിന്റെ ഭവിഷ്യത്തുകള്‍ നേരത്തെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബ്രൌണിന്റെ പുതിയ ലേഖനത്തിലെ ചില വസ്‌തുതകള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കുകയാണ്.
"പുതുവര്‍ഷത്തില്‍ ഗോതമ്പിന്റെ വില സര്‍വകാല റെക്കോഡ് സൃഷ്‌ടിച്ചിരിക്കുന്നു...''

"...1970നുശേഷം ലോകജനസംഖ്യ ഇരട്ടിച്ചു. ഓരോ വര്‍ഷവും എട്ടു കോടി വീതം ലോകജനസംഖ്യ ഉയരുന്നു. ഇന്ന് രാത്രി അധികമായി 2,19,000 മുഖങ്ങള്‍ അത്താഴമേശയ്‌ക്ക് മുമ്പില്‍ എത്തും. ഇവരില്‍ മിക്കവരെയും വരവേല്‍ക്കുക ഒഴിഞ്ഞ പാത്രങ്ങളായിരിക്കും. നാളെ രാത്രിയും പുതുതായി 2,19,000 പേര്‍ എത്തും. നിരന്തരമായ ഈ വര്‍ധന ഒരു ഘട്ടത്തില്‍ കര്‍ഷകരുടെ ശേഷിയെയും ഭൂമിയിലെ കൃഷിയിടങ്ങളുടെയും ജലസമ്പത്തിന്റെയും പരിധികളെയും മറികടക്കും.

വികസിതരാജ്യങ്ങളില്‍ ഇറച്ചി, പാല്‍, മുട്ട എന്നിവയുടെ ഉപഭോഗം മുമ്പില്ലാത്ത തോതില്‍ വര്‍ധിച്ചിരിക്കുന്നു. അമേരിക്കയില്‍ 2009ല്‍ ഉല്‍പ്പാദിപ്പിച്ച 41.60 കോടി ടൺ ഭക്ഷ്യധാന്യങ്ങളില്‍ 11.90 കോടി ടണ്ണും കാറുകള്‍ക്കുള്ള ഇന്ധനം ഉണ്ടാക്കാനായി എത്തനോള്‍ ഡിസ്‌റ്റിലറികളിലേക്കാണ് പോയത്. ഒരു വര്‍ഷം 35 കോടി ആളുകളെ തീറ്റിപ്പോറ്റാന്‍ ഇത്രയും ഭക്ഷ്യധാന്യം മതി. എത്തനോള്‍ ഡിസ്‌റ്റിലറികള്‍ക്കുവേണ്ടി അമേരിക്ക നടത്തിയ വന്‍നിക്ഷേപം ഭക്ഷ്യധാന്യങ്ങള്‍ക്കായി മനുഷ്യരും കാറുകളും തമ്മില്‍ നേരിട്ട് മത്സരിക്കേണ്ട സ്ഥിതി വരുത്തിയിരിക്കുന്നു. യൂറോപ്പില്‍ വാഹനങ്ങളില്‍ ഏറിയപങ്കും ഫോസില്‍ ഡീസലാണ് ഉപയോഗിക്കുന്നത്, അവിടെയും സസ്യാധിഷ്‌ഠിത ഡീസല്‍ ഉപയോഗിക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരിക്കുന്നു. എണ്ണക്കുരു വിളകളുടെ കൃഷി വര്‍ധിക്കുന്ന ഈ അവസ്ഥ യൂറോപ്പില്‍ ഭക്ഷ്യധാന്യം കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്‌തീര്‍ണം ചുരുക്കുമെന്ന് മാത്രമല്ല, ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും മഴക്കാടുകള്‍ വെട്ടിത്തെളിച്ച് എണ്ണപ്പന കൃഷിചെയ്യാനും തുടങ്ങും.

വര്‍ധിച്ചുവരുന്ന ഈ മൂന്ന് ആവശ്യങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രത്യാഘാതം നടുക്കുന്നതാണ്: ലോകഭക്ഷ്യധാന്യ ഉപഭോഗത്തിലെ വാര്‍ഷികവളര്‍ച്ച ഇരട്ടിയായി, 1990-2005ല്‍ പ്രതിവര്‍ഷ ഭക്ഷ്യധാന്യഉപഭോഗം 2.1 കോടി ടൺ ആയിരുന്നു. 2005-2010ല്‍ ഇത് 4.1 കോടി ടൺ ആയി. ഈ കുതിച്ചുകയറ്റത്തിന്റെ പ്രധാനകാരണം 2006-2008 കാലത്ത് അമേരിക്ക എത്തനോള്‍ ഡിസ്‌റ്റിലറികളില്‍ നടത്തിയ വന്‍നിക്ഷേപമാണ്.

വര്‍ഷംതോറും ലഭിക്കുന്ന മഴ ഇരട്ടിക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ത്തന്നെ വിതരണമേഖലകളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയരുന്നു, മണ്ണൊലിപ്പ് പോലുള്ള ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. ലോകത്തെ കൃഷിയോഗ്യമായ ഭൂമിയില്‍ മൂന്നിലൊന്ന് സ്ഥലത്തെ മേല്‍മണ്ണ് സ്വാഭാവികപ്രക്രിയയിലൂടെ പുതിയ മണ്ണ് അടിയുന്നതിനേക്കാള്‍ വേഗത്തില്‍ ഒലിച്ചുപോകുന്നു-തല്‍ഫലമായി ഉല്‍പ്പാദനക്ഷമത കുറയുന്നു. രണ്ട് വമ്പന്‍ മണല്‍കൊടുങ്കാറ്റ് മേഖലകള്‍ രൂപംകൊള്ളുകയാണ്. ഒന്ന്, വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഉടനീളം, പടിഞ്ഞാറന്‍ മംഗോളിയ വഴി, മധ്യേഷ്യയില്‍. രണ്ടാമത്തേത്, മധ്യ ആഫ്രിക്കയില്‍. 1930കളില്‍ അമേരിക്കയില്‍ രൂപംകൊണ്ട മണല്‍കൊടുങ്കാറ്റുകളെ നിസ്സാരമാക്കുന്ന പ്രതിഭാസമാണിത്.

മണല്‍ക്കാറ്റുകളുടെ പ്രവാഹം തുടങ്ങിയതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഓരോന്നിലും അമൂല്യമായ ദശലക്ഷക്കണക്കിന് ടൺ മേല്‍മണ്ണ് അടങ്ങിയിരിക്കുന്നു. അമിതചൂഷണത്തിന്റെ ഫലമായി ഭൂഗര്‍ഭജലത്തിന്റെ അളവും വന്‍തോതില്‍ ഇടിയുന്നു. ഇന്ന് ലോകജനസംഖ്യയില്‍ പകുതിയിലേറെ ജീവിക്കുന്ന മേഖലകളില്‍ ഭൂഗര്‍ഭജലനിരപ്പ് ആശങ്കാജനകമായി കുറഞ്ഞിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ, ഇതിന്റെ ഫലമായി ഭക്ഷ്യവിലക്കയറ്റം രൂക്ഷമാകും.
പശ്ചിമേഷ്യയില്‍, പ്രത്യേകിച്ച് സൌദി അറേബ്യ, സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍ ജലസേചനസൌകര്യമുള്ള ഭൂമി വന്‍തോതില്‍ കുറയുകയാണ്. സൌദി അറേബ്യയില്‍ 2007-2010 കാലത്ത് ഗോതമ്പ് ഉല്‍പ്പാദനം മൂന്നില്‍രണ്ട് ഇടിഞ്ഞു. "ഏറ്റവും വേഗത്തില്‍ ജലക്ഷാമം രൂക്ഷമാവുകയും ഭക്ഷ്യധാന്യ ഉല്‍പ്പാദനം ഇടിയുകയും ചെയ്യുന്ന ഭൂപ്രദേശമാണ് അറബ് മേഖല. പക്ഷേ, ജലദൌര്‍ലഭ്യം ഏറ്റവും രൂക്ഷ പ്രശ്‌നമായ രാജ്യം ഇന്ത്യയാണ്. ലോകബാങ്ക് റിപ്പോര്‍ട്ട്പ്രകാരം ഇന്ത്യയില്‍ 17.50 കോടി ആളുകള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കുന്നത് അമിതമായി ഭൂഗര്‍ഭജലം ചൂഷണംചെയ്‌താണ്. ചൈനയില്‍ ഇത്തരത്തില്‍ 13 കോടി പേര്‍ക്ക് വേണ്ട ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കുന്നു. മറ്റൊരു പ്രധാന ഭക്ഷ്യധാന്യ ഉല്‍പ്പാദക രാഷ്‌ട്രമായ അമേരിക്കയില്‍ കാര്‍ഷികമേഖലകളായ കാലിഫോര്‍ണിയയിലും ടെക്സാസിലും ജലസേചനയോഗ്യമായ സ്ഥലം ചുരുങ്ങിവരികയാണ്.

വര്‍ധിച്ചുവരുന്ന ആവശ്യത്തിന് അനുസൃതമായ തോതില്‍ ലോകത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം ഉയര്‍ത്തുന്നതിന് അന്തരീക്ഷ താപനിലയുടെ വര്‍ധന പ്രതിബന്ധം സൃഷ്‌ടിക്കുന്നു. വിള ശാസ്‌ത്രജ്ഞര്‍ ഇക്കാര്യത്തില്‍ എത്തിയിട്ടുള്ള നിഗമനം ഇതാണ്: നിശ്ചിത താപനിലയില്‍നിന്ന് ഓരോ ഡിഗ്രി സെല്‍ഷ്യസ് ഉയരുമ്പോഴും ഓരോ സീസണിലും വിള ഉല്‍പ്പാദനത്തില്‍ 10 ശതമാനം വീതം ഇടിവുണ്ടാകുന്നു.

മലനിരകളിലെ മഞ്ഞുപാളികള്‍ അതിവേഗത്തില്‍ ഉരുകുന്നതാണ് ഭക്ഷ്യസുരക്ഷയ്‌ക്ക് നേരെയുള്ള മറ്റൊരു ഭീഷണി. ഹിമാലയത്തിലെയും തിബറ്റിലെയും മഞ്ഞുപാളികള്‍ വേനല്‍ക്കാലത്ത് സിന്ധു, ഗംഗ, മേക്കോങ്, യാങ്ടിസി, മഞ്ഞനദി എന്നിവയുടെ നിലനില്‍പ്പിന് കാരണമാകുന്നുവെന്നു മാത്രമല്ല, വേനല്‍വിളകളും ഇതിനെ ആശ്രയിച്ചാണ് കൃഷിചെയ്യുന്നത്. മഞ്ഞുപാളികള്‍ അപ്രത്യക്ഷമായാല്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുകയും വിലകള്‍ ക്രമാതീതമായി ഉയരുകയുംചെയ്യും.

ഏറ്റവും ഒടുവിലായി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്രീന്‍ലാന്‍ഡിലെയും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെയും മഞ്ഞുശേഖരത്തിന്റെ ഉരുകലും സമുദ്രങ്ങളുടെ താപവികാസവും കൂടിച്ചേര്‍ന്ന് ഈ നൂറ്റാണ്ടില്‍ത്തന്നെ സമുദ്രനിരപ്പ് ആറടിയോളം ഉയരുമെന്ന ഭീഷണി സൃഷ്‌ടിച്ചിരിക്കുന്നു. സമുദ്രനിരപ്പ് മൂന്നടി ഉയര്‍ന്നാല്‍ത്തന്നെ ബംഗ്ളാദേശിലെ നെല്‍പ്പാടശേഖരങ്ങളുടെ പകുതിയിലേറെ അപ്രത്യക്ഷമാകും. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അരികയറ്റുമതി രാജ്യമായ വിയറ്റ്നാമിലെ നെല്ലുല്‍പ്പാദനത്തിന്റെ പകുതിയോളം നടക്കുന്ന മേക്കോങ് നദീതടവും വെള്ളത്തിനടിയിലാകും. ഏഷ്യയിലെ മറ്റ് 19 നദീതടങ്ങളിലെ നെല്‍കൃഷിയെയും സമുദ്രജലനിരപ്പ് ഉയരുന്നത് പ്രതികൂലമായി ബാധിക്കും.

ഏതാനും ആഴ്‌ചകളായി നടന്നുവരുന്ന ജനകീയപ്രക്ഷോഭങ്ങള്‍ തുടക്കം മാത്രമാണ്. വന്‍തോതില്‍ ആയുധം സംഭരിച്ച വന്‍ശക്തികള്‍ തമ്മിലുള്ള പോരാട്ടമല്ലിത്; മറിച്ച്, ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ചേര്‍ന്ന് സൃഷ്‌ടിച്ച കലാപങ്ങളാണ്. ഇത്തരം രാഷ്‌ട്രീയകലാപങ്ങള്‍ ഉയരുന്ന സാഹചര്യം ലോകത്തിന്റെ ഭാവിക്കു തന്നെ ഭീഷണിയാണ്. സുരക്ഷയുടെ നിര്‍വചനം സര്‍ക്കാരുകള്‍ മാറ്റി എഴുതുകയും ആയുധശേഖരണത്തിനായി ഉപയോഗിക്കുന്ന പണം കാലാവസ്ഥ വ്യതിയാനം നേരിടാനും ജലത്തിന്റെ ഉപഭോഗം കാര്യക്ഷമമാക്കാനും മണ്ണു സംരക്ഷണത്തിനും ജനസംഖ്യ സുസ്ഥിരതയ്‌ക്കും വേണ്ടി വിനിയോഗിക്കുകയും ചെയ്യാത്തപക്ഷം ഭാവിയില്‍ കാലാവസ്ഥ പ്രശ്‌നങ്ങളും ഭക്ഷ്യപ്രതിസന്ധിയും രൂക്ഷമാകും. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ വിലകള്‍ വീണ്ടും കുതിക്കും.''

ഇന്നത്തെ ലോകക്രമം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക അടിച്ചേല്‍പ്പിച്ചതാണ്; അവരുടെ പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം.

അവര്‍തന്നെ സൃഷ്‌ടിച്ച കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഒബാമയുടെ കൈയില്‍ വഴിയൊന്നുമില്ല. ഏതാനും നാള്‍മുമ്പ് ടുണീഷ്യയില്‍ സര്‍ക്കാര്‍ തകര്‍ന്നു; അമേരിക്ക നവഉദാരവല്‍ക്കരണം അടിച്ചേല്‍പ്പിച്ച രാജ്യമായിരുന്നു ടുണീഷ്യ. അവിടത്തെ നേതൃത്വത്തിന്റെ രാഷ്‌ട്രീയനിലപാടുകളില്‍ അമേരിക്ക സംതൃപ്‌തരുമായിരുന്നു. അവിടെ ജനാധിപത്യം എന്ന പദം കേട്ടുകേള്‍വി പോലുമില്ലായിരുന്നു. ഇപ്പോള്‍ ചൂഷിതജനത ഉയര്‍ത്തെഴുന്നേല്‍ക്കുകയും രക്തം ചിന്തുകയും ചെയ്‌തപ്പോള്‍ തങ്ങളുടെ നിലപാടിന്റെ പരാജയത്തിലും വാഷിങ്ടൺ തൃപ്‌തി പ്രകടിപ്പിച്ചിരിക്കുന്നു.

ഈജിപ്‌തിനെ അമേരിക്ക അറബ്‌ലോകത്തെ തങ്ങളുടെ ശിങ്കിടിയായി പോറ്റിവരികയായിരുന്നുവെന്ന് പൊതുവെ ബോധ്യമുള്ള സംഗതിയാണ്. ഏതാനും മാസംമുമ്പ് ഒരു വിമാനവാഹിനി കപ്പലും ആണവ അന്തര്‍വാഹിനിയും അമേരിക്കന്‍-ഇസ്രയേല്‍ യുദ്ധക്കപ്പലുകളുടെ അകമ്പടിയില്‍ സൂയസ് കനാല്‍ വഴി പേര്‍ഷ്യന്‍ കടലിടുക്കിലേക്ക് കടന്നു, എന്താണ് സംഭവിക്കുന്നതെന്ന് ലോകമാധ്യമങ്ങള്‍ അറിഞ്ഞില്ല. വന്‍തോതില്‍ ആയുധങ്ങള്‍ ലഭിക്കുന്ന അറബ് രാജ്യമാണ് ഈജിപ്‌ത്. ദശലക്ഷക്കണക്കിന് ഈജിപ്‌ഷ്യന്‍ യുവാക്കള്‍ക്ക് തൊഴിലില്ല, രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷവുമാണ്. ഇതാണ് പ്രകോപനത്തിന് തിരികൊളുത്തിയത്. ഈജിപ്‌ത് സര്‍ക്കാരിനെ വന്‍തോതില്‍ ആയുധമണിയിക്കുമ്പോള്‍ത്തന്നെ അവിടത്തെ പ്രതിപക്ഷത്തിന് ദശലക്ഷക്കണക്കിന് ഡോളര്‍ സഹായവും നല്‍കുന്ന മാക്കിയവെല്ലിയന്‍തന്ത്രമാണ് അമേരിക്ക പയറ്റുന്നത്. മൂന്നാം ലോകത്തെ പിടിച്ചുകുലുക്കുന്ന വിപ്ലവ തരംഗത്തെ തടഞ്ഞു നിർത്താൻ അമേരിക്കയ്‌ക്ക് കഴിയുമോ?

അടുത്തിടെ സമാപിച്ച ദാവോസ് സാമ്പത്തിക ഉച്ചകോടി ബാബേൽ ഗോപുരം പോലെ തകർന്നു; ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ സമ്പന്ന യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുമായി കടുത്ത ഭിന്നതയിലാണ് പിരിഞ്ഞത്.

പക്ഷെ ആരും വിഷമിക്കേണ്ടതില്ല; ഹെയ്‌ത്തി പുനർനിർമ്മാണത്തിന് സഹായം നൽകാമെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി ആവർത്തിച്ചിരിക്കുന്നു.


*****


ഫിദല്‍ കാസ്‌ട്രോ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"...1970നുശേഷം ലോകജനസംഖ്യ ഇരട്ടിച്ചു. ഓരോ വര്‍ഷവും എട്ടു കോടി വീതം ലോകജനസംഖ്യ ഉയരുന്നു. ഇന്ന് രാത്രി അധികമായി 2,19,000 മുഖങ്ങള്‍ അത്താഴമേശയ്‌ക്ക് മുമ്പില്‍ എത്തും. ഇവരില്‍ മിക്കവരെയും വരവേല്‍ക്കുക ഒഴിഞ്ഞ പാത്രങ്ങളായിരിക്കും. നാളെ രാത്രിയും പുതുതായി 2,19,000 പേര്‍ എത്തും. നിരന്തരമായ ഈ വര്‍ധന ഒരു ഘട്ടത്തില്‍ കര്‍ഷകരുടെ ശേഷിയെയും ഭൂമിയിലെ കൃഷിയിടങ്ങളുടെയും ജലസമ്പത്തിന്റെയും പരിധികളെയും മറികടക്കും.

വികസിതരാജ്യങ്ങളില്‍ ഇറച്ചി, പാല്‍, മുട്ട എന്നിവയുടെ ഉപഭോഗം മുമ്പില്ലാത്ത തോതില്‍ വര്‍ധിച്ചിരിക്കുന്നു. അമേരിക്കയില്‍ 2009ല്‍ ഉല്‍പ്പാദിപ്പിച്ച 41.60 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളില്‍ 11.90 കോടി ടണ്ണും കാറുകള്‍ക്കുള്ള ഇന്ധനം ഉണ്ടാക്കാനായി എത്തനോള്‍ ഡിസ്‌റ്റിലറികളിലേക്കാണ് പോയത്. ഒരു വര്‍ഷം 35 കോടി ആളുകളെ തീറ്റിപ്പോറ്റാന്‍ ഇത്രയും ഭക്ഷ്യധാന്യം മതി. എത്തനോള്‍ ഡിസ്‌റ്റിലറികള്‍ക്കുവേണ്ടി അമേരിക്ക നടത്തിയ വന്‍നിക്ഷേപം ഭക്ഷ്യധാന്യങ്ങള്‍ക്കായി മനുഷ്യരും കാറുകളും തമ്മില്‍ നേരിട്ട് മത്സരിക്കേണ്ട സ്ഥിതി വരുത്തിയിരിക്കുന്നു. യൂറോപ്പില്‍ വാഹനങ്ങളില്‍ ഏറിയപങ്കും ഫോസില്‍ ഡീസലാണ് ഉപയോഗിക്കുന്നത്, അവിടെയും സസ്യാധിഷ്‌ഠിത ഡീസല്‍ ഉപയോഗിക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരിക്കുന്നു. എണ്ണക്കുരു വിളകളുടെ കൃഷി വര്‍ധിക്കുന്ന ഈ അവസ്ഥ യൂറോപ്പില്‍ ഭക്ഷ്യധാന്യം കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്‌തീര്‍ണം ചുരുക്കുമെന്ന് മാത്രമല്ല, ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും മഴക്കാടുകള്‍ വെട്ടിത്തെളിച്ച് എണ്ണപ്പന കൃഷിചെയ്യാനും തുടങ്ങും.

വര്‍ധിച്ചുവരുന്ന ഈ മൂന്ന് ആവശ്യങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രത്യാഘാതം നടുക്കുന്നതാണ്: ലോകഭക്ഷ്യധാന്യ ഉപഭോഗത്തിലെ വാര്‍ഷികവളര്‍ച്ച ഇരട്ടിയായി, 1990-2005ല്‍ പ്രതിവര്‍ഷ ഭക്ഷ്യധാന്യഉപഭോഗം 2.1 കോടി ടണ്‍ ആയിരുന്നു. 2005-2010ല്‍ ഇത് 4.1 കോടി ടണ്‍ ആയി. ഈ കുതിച്ചുകയറ്റത്തിന്റെ പ്രധാനകാരണം 2006-2008 കാലത്ത് അമേരിക്ക എത്തനോള്‍ ഡിസ്‌റ്റിലറികളില്‍ നടത്തിയ വന്‍നിക്ഷേപമാണ്