Sunday, February 20, 2011

തിളച്ചുമറിയുന്ന പശ്ചിമേഷ്യ

പശ്ചിമേഷ്യ തിളച്ചു മറിയുകയാണ്. അവിടെ നടക്കുന്ന സംഭവങ്ങളെകുറിച്ചുള്ള വാര്‍ത്തകള്‍ അവിശ്വസനീയമായ വേഗതയിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓരോമണിക്കൂറിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വായിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സമയം തികയുന്നില്ല. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ചു എല്ലാവരും ബോധവാന്മാരാണ്.

പതിനെട്ടുദിവസത്തെ കടുത്ത പോരാട്ടത്തിനുശേഷം ഈജിപ്തിലെ ജനങ്ങള്‍ പ്രധാനപ്പെട്ട ഒരു ലക്ഷ്യം കൈവരിച്ചു: അറബ് രാജ്യങ്ങളുടെ ഹൃദയഭാഗത്തെ അമേരിക്കയുടെ മുഖ്യ കൂട്ടാളിയെ പരാജയപ്പെടുത്തി. മുബാറക് സ്വന്തം നാട്ടിലെ ജനങ്ങളെ മര്‍ദ്ദിച്ച് ഒതുക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹം പാലസ്റ്റീന്‍കാരുടെ ശത്രുവും ഭൂമുഖത്തെ ആറാമത്തെ ആണവായുധ ശക്തിയും നാറ്റോ സൈനിക ഗ്രൂപ്പിന്റെ സഹായിയുമായ ഇസ്രയേലിന്റെ ഒത്താശക്കാരനുമായിരുന്നു.

ഗമാല്‍ അബ്ദുള്‍ നാസറുടെ നേതൃത്വത്തില്‍ ഈജിപ്തിലെ സായുധസേന രാജഭരണം മറിച്ചിടുകയും ഒരു റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തു. അത് സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ 1956 ലെ ഫ്രഞ്ച് - ബ്രട്ടീഷ് - ഇസ്രയേലി ആക്രമണത്തില്‍ നിന്ന് മാതൃഭൂമിയെ പരിരക്ഷിക്കുകയും സൂയസ് കനാലിന്റെ നിയന്ത്രണം നിലനിര്‍ത്തുകയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്തുരക്ഷിക്കുകയും ചെയ്തു.
മൂന്നാം ലോകത്ത് ഈജിപ്തിന് ഉന്നതസ്ഥാനമുണ്ടായിരുന്നു. ചേരിചേരാപ്രസ്ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയരായ നേതാക്കന്മാരില്‍ ഒരാളായിരുന്നു നാസര്‍. ദേശീയ വിമോചനത്തിനും കോളോണിയല്‍ ശക്തികളില്‍ നിന്നുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിനും വേണ്ടിയും പൊരുതിയ ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് പ്രമുഖ നേതാക്കന്മാര്‍ക്കൊപ്പം ചേരിചേരാ പ്രസ്ഥാനം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പങ്കാളിയായിരുന്നു.

നൂറിലധികം രാജ്യങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുവന്ന ആ സാര്‍വദേശീയ സംഘടനയുടെ പിന്തുണയും ആദരവും എല്ലായ്‌പ്പോഴും ഈജിപ്തിന് ലഭിച്ചിരുന്നു. ചേരിചേരാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷനാണ് ഈജിപ്ത്. ഈജിപ്തിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിന് ചേരിചേരാപ്രസ്ഥാനത്തിലെ പല അംഗങ്ങളുടെയും പിന്തുണയുണ്ടാവും.

ക്യാമ്പ് ഡേവിഡ് കരാറിന്റെ അര്‍ഥമെന്താണ്! ധീരരായ പാലസ്തീന്‍ ജനത അവരുടെ ഏറ്റവും ജീവത്തായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി വികാരവായ്‌പോടെ പൊരുതുന്നത് എന്തുകൊണ്ടാണ്? അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മികാര്‍ട്ടറുടെ മധ്യസ്ഥതയില്‍ ഈജിപ്തിലെ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്തും ഇസ്രായേലി പ്രധാനമന്ത്രിയായിരുന്ന മെനാച്ചം ബെഗിനും തമ്മില്‍ ഒപ്പു വെച്ചതാണ് ക്യാമ്പ് ഡേവിഡ് കരാര്‍. 12 ദിവസത്തെ രഹസ്യ ചര്‍ച്ചകള്‍ക്കുശേഷം 1979 സെപ്റ്റംബര്‍ 17 ന് രണ്ടു പ്രധാന ഒത്തുതീര്‍പ്പുകളില്‍ ഒപ്പുവെച്ചു. ഈജിപ്തും ഇസ്രായേലും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നതിനെ പരാമര്‍ശിക്കുന്നതാണ് ഒന്ന്. ഗാസാ മുനമ്പിലും പടിഞ്ഞാറെ കരയിലും സ്വയംഭരണാവകാശമുള്ള പ്രദേശം സൃഷ്ടിക്കുന്നതിനെകുറിച്ചുള്ളതാണ് രണ്ടാമത്തേത്. പാലസ്തീന്‍ രാഷ്ട്രത്തിന്റെ ആസ്ഥാനമാകും അതെന്നായിരുന്നു സാദത്ത് കരുതിയത്.
ഇസ്രായേലിനും അതറിയാമായിരുന്നു. ഇസ്രായേലിനൊപ്പം പാലസ്റ്റിന്‍ രാഷ്ട്രം നിലനില്‍ക്കുന്നതിന് 1947 നവംബര്‍ 26 ലെ പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭ സമ്മതിച്ചതാണ്. വിഷമകരവും സങ്കീര്‍ണവുമായ ചര്‍ച്ചകള്‍ക്കുശേഷം ഈജിപ്തിന്റെ ഭൂപ്രദേശമായ സിനായില്‍ നിന്നും പട്ടാളത്തെ പിന്‍വലിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു. എന്നാല്‍ സമാധാന ചര്‍ച്ചകളിലെ പാലസ്തീന്‍ പ്രതിനിധികളുടെ പങ്കാളിത്തത്തെ ഇസ്രായേല്‍ നിരാകരിച്ചു. ആദ്യ കരാറിന്റെ ഫലമായി അറബ് - ഇസ്രായേലി യുദ്ധത്തില്‍ കയ്യടക്കിയ സിനായ് പ്രദേശത്തു നിന്നും ഇസ്രായേല്‍ പിന്മാറി.

രണ്ടാമത്തെ ഒത്തുതീര്‍പ്പനുസരിച്ചു പടിഞ്ഞാറെകരയിലും ഗാസാ മുനമ്പിലും സ്വയം ഭരണാവകാശമുള്ള ഭരണം സ്ഥാപിക്കുന്നതിന് ചര്‍ച്ചകള്‍ നടത്താന്‍ ഇരു കക്ഷികളും സമ്മതിച്ചതാണ്. പടിഞ്ഞാറെകര 5640 ചതുരശ്രകിലോമീറ്ററുള്ളതാണ്. 21 ലക്ഷമാണ് ജനസംഖ്യ. ഗാസാ മുനമ്പ് 360 ചതുരശ്രകിലോമീറ്ററും. അവിടെ ജനസംഖ്യ 15 ലക്ഷമാണ്.

അറബ് രാജ്യങ്ങള്‍ ഈ കരാറില്‍ രോഷാകുലരായിരുന്നു. പാലസ്തീന്‍ രാഷ്ട്രത്തെ ദൃഢതയോടെ പ്രതിരോധിക്കാന്‍ ഈജിപ്ത് ശ്രമിച്ചില്ലെന്നാണ് അറബ് രാജ്യങ്ങളുടെ അഭിപ്രായം. അറബ് രാഷ്ട്രങ്ങള്‍ ദശാബ്ദങ്ങളായി നടത്തിയ സമരത്തിന്റെ കേന്ദ്രവിഷയം പാലസ്തീന്‍ രാഷ്ട്രത്തിന് നിലിനില്‍ക്കാനുള്ള അവകാശമായിരുന്നു. ഈജിപ്തുമായുള്ള ബന്ധങ്ങള്‍ അവയില്‍ പലതും വിഛേദിക്കുന്നേടംവരെ എത്തി അറബ് രാജ്യങ്ങളുടെ പ്രതിഷേധം. 1947 നവംബറിലെ യു എന്‍ പ്രമേയം വിസ്മരിക്കപ്പെടുകയും ചെയ്തു. സ്വയംഭരണാവകാശമുള്ള ഭരണകൂടം നിലവില്‍ വന്നില്ല. ഒരു സ്വതന്ത്ര രാഷ്ട്രമായി നില നില്‍ക്കാനുള്ള പാലസ്തീന്‍കാരുടെ അവകാശം നിഷേധിക്കപ്പെട്ടു. ഇത് വിവരണാതീതമായ ദുരന്തങ്ങളിലേക്ക് നയിച്ചു.

പാലസ്തീനിലെ അറബ് ജനത കൂട്ടക്കുരുതികള്‍ക്ക് ഇരയായി. അവരുടെ ഭൂമി കവര്‍ന്നെടുക്കപ്പെട്ടു. അവര്‍ക്ക് വെള്ളം നിഷേധിക്കപ്പെട്ടു. വീടുകള്‍ തകര്‍ത്തു. ഗാസ മുനമ്പിലെ പതിനഞ്ചുലക്ഷം ജനങ്ങള്‍ക്ക് നേരെ സ്‌ഫോടകവസ്തുക്കളുപയോഗിക്കുന്ന മിസൈലുകൊണ്ടുള്ള ആക്രമണങ്ങള്‍ പതിവാക്കി. രാസായുധങ്ങള്‍ അവര്‍ക്കുനേരെ ഉപയോഗിച്ചു. ഗാസാ മുനമ്പ് കടലില്‍ നിന്നും കരയില്‍ നിന്നും ഉപരോധിച്ചു. ക്യാമ്പ് ഡേവിഡ് കരാറിനെകുറിച്ചു ഏറെ പറയുമ്പോഴും പാലസ്തീനിനെകുറിച്ചു ഒരു പരാമര്‍ശവുമുണ്ടാകാത്തത് എന്തുകൊണ്ടാണ്!

അമേരിക്ക ഓരോ വര്‍ഷവും നൂറുകണക്കിനുകോടി ഡോളറിന്റെ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ ഇസ്രായേലിനു നല്‍കുന്നു. അറബ് രാജ്യമായ ഈജിപ്ത് അമേരിക്കയില്‍ നിന്നും ഏറ്റവുമധികം ആയുധങ്ങള്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി മാറി. ഈ ആയുധങ്ങള്‍ ആര്‍ക്ക് എതിരെ പൊരുതാനാണ്?

മറ്റൊരു അറബ് രാജ്യത്തിന് എതിരായാണോ? അതോ ഈജിപതിലെ ജനങ്ങള്‍ക്ക് എതിരായിതന്നെയാണോ?

തങ്ങളുടെ പ്രാഥമികമായ അവകാശങ്ങള്‍ മാനിക്കണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന നയങ്ങള്‍ അനുവര്‍ത്തിക്കുന്ന പ്രസഡന്റ് രാജിവെയ്ക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അമേരിക്ക പരിശീലിപ്പിച്ച മര്‍ദ്ദകസേനകള്‍ അവര്‍ക്കുനേരെ വെടിവെച്ചു. നൂറുകണക്കിനാളുകള്‍ മരിച്ചു. ആയിരങ്ങള്‍ക്കു പരിക്കുപറ്റി.

ഈജിപ്തിലെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തെ ഗവണ്‍മെന്റില്‍ നിന്നും വിശദീകരണങ്ങള്‍ കാത്തിരിക്കുമ്പോള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നോ അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിന്നോ ആണ് മറുപടികള്‍ വന്നത്. ഈജിപ്തിലെ ഉദ്യോഗസ്ഥന്മാരെ അവര്‍ മാനിച്ചതേയില്ല.

മുബാറക്ക് ഗവണ്‍മെന്റ് നടത്തിയ ഭീമമായ കൊള്ളയെകുറിച്ച് അമേരിക്കയുടെ നേതാക്കന്മാര്‍ക്കും അവരുടെ ഇന്റലിജന്‍സ് സര്‍വീസുകള്‍ക്കും ഒന്നും അറിയില്ലായിരുന്നോ? കോടാനുകോടി ഡോളര്‍ കൊള്ളയടിച്ചതിനെകുറിച്ചു അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഒരക്ഷരം പറഞ്ഞില്ല.

ഈജിപ്തിലെ വിപ്ലവകരമായ ജനകീയ പ്രസ്ഥാനം ഏറ്റവും മൗലികമായ അവകാശങ്ങളുടെ ലംഘനത്തിനെതിരായ കേവലമായ പ്രതികരണം മാത്രമാണെന്നു കരുതാനാവില്ല. ഔപചാരികമായ പ്രശ്‌നങ്ങളുടെ പേരില്‍ ജനങ്ങള്‍ മര്‍ദ്ദനങ്ങളും മരണംപോലും നേരിടാന്‍ മുന്നോട്ടുവരില്ല. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കൊള്ളയ്ക്കും രാജ്യത്തെ നാടനും മറുനാടനുമായ ശക്തികള്‍ ഊറ്റികുടിക്കുന്നതിനും ഏതിരായാണ് ജനങ്ങള്‍ പൊരുതാന്‍ തയ്യാറായത്. ഭൂരിപക്ഷം പേരെയും ബാധിക്കുന്ന പട്ടിണി. തങ്ങളുടെ അന്തസ്സും വിശ്വാസങ്ങളും ആക്രമിക്കപ്പെടുന്നതിനെതിരായി യുവാക്കളുടെയും മറ്റ് ദേശാഭിമാനികളുടെയും പ്രതിഷേധം. പ്രസിഡന്റ് മുബാറക്കും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിലെയും സമൂഹത്തിലെയും വരേണ്യ വിഭാഗങ്ങളും കോടിക്കണക്കിന് ഡോളര്‍ കൊള്ളയടിക്കുമ്പോള്‍ ഭക്ഷ്യവില കുതിച്ചുയരുന്നതുമായി ജനങ്ങള്‍ക്ക് എങ്ങനെ പൊരുത്തപ്പെടാന്‍ കഴിയും?

കൊള്ളയടിക്കപ്പെട്ട പണത്തിന്റെ തോത് അറിഞ്ഞതുകൊണ്ട് മാത്രമായില്ല. ആ പണം രാജ്യത്തിനു തിരിച്ചുകിട്ടണം.

രാഷ്ട്രീയ അവകാശങ്ങള്‍ക്കും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള സമരത്തില്‍ ഈജിപ്തിലെ ധീരരായ ജനങ്ങള്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കുന്നു.

ഇസ്രായേലിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ എതിരല്ല. പാലസ്തീന്‍ ജനതയെ കൂട്ടക്കുരുതി ചെയ്യുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഒരു സ്വതന്ത്രരാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ അവകാശത്തെ ഞങ്ങള്‍ അനുകൂലിക്കുന്നു.

ഞങ്ങള്‍ യുദ്ധത്തെ അനുകൂലിക്കുന്നില്ല. എല്ലാ ജനതകളും തമ്മിലുള്ള സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം ദിനപത്രം 20 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചിമേഷ്യ തിളച്ചു മറിയുകയാണ്. അവിടെ നടക്കുന്ന സംഭവങ്ങളെകുറിച്ചുള്ള വാര്‍ത്തകള്‍ അവിശ്വസനീയമായ വേഗതയിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓരോമണിക്കൂറിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വായിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സമയം തികയുന്നില്ല. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ചു എല്ലാവരും ബോധവാന്മാരാണ്.

പതിനെട്ടുദിവസത്തെ കടുത്ത പോരാട്ടത്തിനുശേഷം ഈജിപ്തിലെ ജനങ്ങള്‍ പ്രധാനപ്പെട്ട ഒരു ലക്ഷ്യം കൈവരിച്ചു: അറബ് രാജ്യങ്ങളുടെ ഹൃദയഭാഗത്തെ അമേരിക്കയുടെ മുഖ്യ കൂട്ടാളിയെ പരാജയപ്പെടുത്തി. മുബാറക് സ്വന്തം നാട്ടിലെ ജനങ്ങളെ മര്‍ദ്ദിച്ച് ഒതുക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹം പാലസ്റ്റീന്‍കാരുടെ ശത്രുവും ഭൂമുഖത്തെ ആറാമത്തെ ആണവായുധ ശക്തിയും നാറ്റോ സൈനിക ഗ്രൂപ്പിന്റെ സഹായിയുമായ ഇസ്രയേലിന്റെ ഒത്താശക്കാരനുമായിരുന്നു.