Wednesday, February 2, 2011

സത്യം പറയാന്‍ ഒരു ദശാബ്ദം!

അസാധാരണവും അവിശ്വസനീയവുമായ ഒരു സംഭവത്തിന്റെ സ്ഫോടനം നടന്നതിന്റെ ഞെട്ടിത്തെറിക്കുള്ളില്‍പ്പെട്ട് ഉലയുകയാണ് ഇപ്പോള്‍ കേരളം ആകെ. പ്രതിപക്ഷത്തിരിക്കുന്ന ഇന്നത്തെ ഐക്യജനാധിപത്യമുന്നണിയുടെ ഒരു പ്രബല ഘടകമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ഒന്നാംനിരയിലെ ഒന്നാംനേതാവായ പി കെ കുഞ്ഞാലിക്കുട്ടി ഒരു ദശാബ്ദത്തിനുശേഷം താന്‍കൂടെ പങ്കാളിയായി നടന്ന കുറെ കയ്പുറ്റ സത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇതു കേട്ട് ഞെട്ടിത്തെറിച്ചതുകൊണ്ടായില്ല. ഇതുമൂലം സന്തോഷിക്കുകയാണോ സങ്കടപ്പെടുകയാണോ വേണ്ടത്? ആദ്യം ഇത് തീരുമാനിച്ചിട്ടുവേണമല്ലോ ഇനി ചെയ്യേണ്ടതിനെപ്പറ്റി ചിന്തിക്കാന്‍.

ഘടകകക്ഷികളുടെ നേതൃസ്ഥാനത്തിരിക്കുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെ ഞെട്ടലൊന്നും ബാധിക്കാതിരിക്കുന്നത് ഭാഗ്യം. വിമോചനയാത്രയുടെ ആവേശത്തിരകളിലേറി നിലംതൊടാതെ സഞ്ചരിക്കുമ്പോഴും ഈ സംഭവത്തില്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നതിനെപ്പറ്റി അദ്ദേഹത്തിന് ഒരു സംശയവുമില്ല. അദ്ദേഹം കുഞ്ഞാലിക്കുട്ടിയെ ഈ സത്യപ്രസ്താവനയില്‍ അഭിനന്ദിച്ചിരിക്കുന്നു. സത്യം പറഞ്ഞു എന്നതിലാണ് നേതാവിന്റെ ശ്രദ്ധ മുഴുവന്‍. 'പത്തു കൊല്ലം കഴിഞ്ഞു' എന്നതില്‍ അത്ര നോട്ടം പോയില്ല. 'സത്യം പറഞ്ഞല്ലോ കുഞ്ഞാലിക്കുട്ടി' എന്നതിലാണ് സന്തോഷം. കുഞ്ഞാലിക്കുട്ടിയുമായി സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഏറെ കാലത്തെ അടുത്ത ബന്ധമുള്ള ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹം പത്തുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും സത്യം പറഞ്ഞല്ലോ എന്ന സന്തോഷം മൂടിവയ്ക്കാനാവുന്നില്ലെന്ന് വളരെ വ്യക്തമാണ്. അദ്ദേഹം അത്ര പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. എത്രകാലം കഴിഞ്ഞാലും സുഹൃത്ത് കുഞ്ഞാലിക്കുട്ടി ഇതുപോലെ സത്യം തുറന്നു പറയില്ലെന്നാണ് പ്രതിപക്ഷനേതാവ് കരുതിയതെന്ന് കണക്കാക്കണം. പത്തുവര്‍ഷമല്ലേ സത്യം പറയാന്‍ എടുത്തുള്ളൂ എന്നതാണ് സന്തോഷത്തിന് കാരണമെന്ന് ഊഹിക്കാം. പല അര്‍ഥസൂചനകള്‍ അടങ്ങിയ ഇത്തരം പ്രസ്താവന നടത്തിയ ആളെയാണ് അഭിനന്ദിക്കേണ്ടത്. തന്റെ രാഷ്ട്രീയ സഹജീവികളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്ന ഈ പ്രസ്താവന സമയം കളയാതെ ഇറക്കിയതിന് അദ്ദേഹത്തെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.

മണലില്‍നിന്ന് എണ്ണ ആട്ടിയെടുക്കാന്‍ എത്ര വര്‍ഷം വേണം? ഏതായാലും ഇത്ര വൈകിയാണെങ്കിലും സത്യത്തിന്റെ എണ്ണ കള്ളങ്ങളുടെ മണല്‍ക്കൂമ്പാരങ്ങള്‍ ആട്ടി ഒടുവില്‍ പുറത്തുവന്നത് സന്തോഷജനകമാണ്. ആ സന്തോഷത്തിന്റെ സ്വാഭാവികമായ തള്ളല്‍മൂലം പ്രതിപക്ഷനേതാവ് സ്വന്തം നില മറന്നുപോവുകയും തന്റെ സത്യം തുറന്നുപറയുകയുംചെയ്തു. മറ്റൊരു നേതാവും അങ്ങനെ ഹൃദയം തുറന്നില്ല. അവര്‍ തങ്ങളുടെ കൂട്ടുകാരന് വധഭീഷണിയില്‍നിന്ന് സംരക്ഷണം വേണമെന്നും എതിര്‍കക്ഷിയെ നേരിടണമെന്നുംമറ്റും പതിവുരാഷ്ട്രീയ വായ്ത്താരികളാണ് പുറത്തുവിട്ടത്. ഇവരാണ് ബുദ്ധിശാലികള്‍. ഉമ്മന്‍ചാണ്ടി സത്യസന്ധതമൂലം അല്‍പ്പം ആലോചനക്കുറവ് പ്രകടിപ്പിച്ചില്ലേ! കുഞ്ഞാലിക്കുട്ടി പറഞ്ഞ സത്യങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങളല്ല, കേരളത്തിലെ പൊതുജീവിതത്തെ വളരെ ശക്തമായി ബാധിച്ച് പിടിച്ചുകുലുക്കിയ ചില പഴയ സംഭവങ്ങളുടെ ആവരണങ്ങളാണ് അദ്ദേഹം ഇപ്പോള്‍ വലിച്ചുമാറ്റിയിരിക്കുന്നത്. ഐസ്ക്രീം പാര്‍ലര്‍ കേസ് എന്ന കുപ്രശസ്തി നേടിയ കേസില്‍ കള്ളസാക്ഷിമൊഴിയുണ്ടാക്കാനുള്ള ശ്രമം, മൊഴിമാറ്റിപ്പറഞ്ഞതിന് പ്രേരണ, ന്യായാസനങ്ങളെവരെ ഗ്രസിച്ച അവിഹിതമായ ധന സ്വാധീനശക്തികളുടെ ദുരുപയോഗം തുടങ്ങി പല കാര്യങ്ങളില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കാന്‍ പോരുന്നതാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍. താന്‍ ഇത്രയും കാലം ഈ സത്യം മൂടിവച്ചു എന്ന് മുന്‍മന്ത്രി സമ്മതിച്ചിട്ടും ഉണ്ട്. എന്തിന് മൂടിവച്ചു? സത്യം അറിയിക്കാതെ പത്തുകൊല്ലം ജനങ്ങളുടെയും പത്രങ്ങളുടെയും നീതിപീഠങ്ങളുടെയും കണ്ണ് മൂടിയതും പ്രതിജ്ഞാബദ്ധനായ ഒരു ബഹുകാല മന്ത്രി ചെയ്യാന്‍ പാടുള്ളതാണോ?

നീതിനിര്‍വഹണം വഴിതെറ്റിക്കപ്പെട്ടു, ധനശക്തികൊണ്ട് അനീതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഈ മന്ത്രി കോടതിയില്‍ പ്രതിക്കൂട്ടില്‍ സ്ഥാനം പിടിച്ചിരിക്കയാണ്. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് എന്നാല്‍ ഒരു തരം അളിയന്‍ തന്നെ. അളിയന്മാര്‍ വളരെ ഇഷ്ടപ്പെട്ടവരായിരുന്നു. പക്ഷേ ഈ ഭാര്യാസഹോദരി ഭര്‍തൃബന്ധം അഴിമതിയുടെ ചരിത്രത്തില്‍ ഒരു പുതിയ കുടുംബബന്ധത്തിന് തുടക്കം കുറിക്കുന്നുവെന്നും ഭാര്യയുടെ ഭര്‍ത്താവായിരിക്കുന്ന വ്യക്തിയും ഭാര്യയുടെ സഹോദരീഭര്‍ത്താവായിരിക്കുന്ന മറ്റേ വ്യക്തിയും തമ്മില്‍ യോജിച്ച് കുറേക്കാലം കൂട്ടുകച്ചവടം നടത്തിയെന്നും പിന്നെ ചില സംഗതികളില്‍ താല്‍പ്പര്യങ്ങള്‍ എതിരായിത്തീര്‍ന്നതാകാമെന്നും ജനങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ തെറ്റ് പറഞ്ഞുകൂടാ. റൌഫിനെതിരായി കൊണ്ടുവരുന്ന ക്രിമിനല്‍ കുറ്റാരോപണവും നമ്മുടെ പൂര്‍വമന്ത്രിയെയും ബാധിക്കുമെന്ന് തീര്‍ച്ചയാണ്. രണ്ടുപേരും ഈ ഗൂഢങ്ങളായ അവിഹിതകൃത്യങ്ങളില്‍ തുല്യപങ്കാളികളായിരുന്നു. അതാണ് പത്ത് വര്‍ഷത്തിന്റെ ഇടവേളയുടെ അര്‍ഥം. ഈ കാലത്തൊക്കെ നിര്‍ദോഷനായ നമ്മുടെ മുന്‍ മന്ത്രി കണ്ണടച്ച് കഴിയുകയായിരുന്നില്ലേ. കൂട്ടുകാരന്റെ കുറ്റങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആളും അതേതരത്തില്‍ കുറ്റവാളിയെന്നതാണ് നിയമം എന്നാണ് നാമൊക്കെ മനസിലാക്കിയിരിക്കുന്നത്.

കുറ്റം ചെയ്യുന്ന ഗൂഢസംഘങ്ങളുടെ അക്രമപ്രവൃത്തികളില്‍നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കാന്‍ പ്രകൃതി ഉണ്ടാക്കിയ ഒരു രക്ഷാമാര്‍ഗമാണ് കള്ളന്മാര്‍ തമ്മിലടി. തൃശിനാപ്പള്ളിക്കള്ളനും തഞ്ചാവൂര്‍ കള്ളനും എന്ന് കേട്ടിട്ടില്ലേ? ഒടുവില്‍ അവര്‍ അടിച്ചുപിരിയും, സത്യം പുറത്തുവരും, ജനങ്ങള്‍ രക്ഷപ്പെടും. ഇതാണ് ചുരുക്കത്തില്‍ റൌഫ്-കുഞ്ഞാലിക്കുട്ടി അച്ചുതണ്ടിന് സംഭവിച്ചത്. ഇവര്‍ ഇപ്പോഴും യോജിപ്പിലായിരുന്നെങ്കില്‍, ഇപ്പോള്‍ കിട്ടിയ സത്യത്തിന്റെ അംശങ്ങള്‍ ലഭിക്കാന്‍ ഇനിയും ഒരു ദശാബ്ദം കഴിയേണ്ടിവന്നേനെ? അപ്പോള്‍ ഉമ്മന്‍ചാണ്ടി (ഇവരെല്ലാം പത്തുകൊല്ലം കഴിയുമ്പോള്‍ ഭൂമിയില്‍ ഉണ്ടാവട്ടെ എന്ന് ആശംസയോടുകൂടിയാണ് ഇതെഴുതുന്നത്!) തന്റെ സഹപ്രവര്‍ത്തകനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടാന്‍ മടിക്കില്ല 20 കൊല്ലം ആയിട്ടും സത്യം പറഞ്ഞില്ലേ എന്ന്! മുന്‍മന്ത്രി മുനീറിനെ ചീത്തയാക്കാന്‍ ഇരുവരും പല ഗൂഢ പരിപാടികളും ചെയ്തിരുന്നു എന്ന് 'കുറ്റസമ്മതം' വഴി നാം അറിയുന്നു. റൌഫിനെക്കാള്‍ താന്‍ കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കുന്നു എന്നോ മറ്റോ മുനീര്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ഒരു വാചകം പറഞ്ഞതായി കണ്ടു. റൌഫ് മഹാ മോശക്കാരനാണെന്ന് കുഞ്ഞാലിക്കുട്ടിതന്നെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആ വ്യക്തിയോട് മുനീര്‍ തന്റെ സഹപ്രവര്‍ത്തകനെന്ന് താരതമ്യപ്പെടുത്തിപ്പറഞ്ഞത് കുഞ്ഞാലിക്കുട്ടിക്ക് ഭൂഷണമാണെന്ന് ജനങ്ങള്‍ക്ക് തോന്നാന്‍ വഴിയില്ല. സ്പെക്ട്രം അഴിമതിക്കാരനായ രാജയെക്കാള്‍ ഭേദം കോമണ്‍വെല്‍ത്ത് അഴിമതി നടത്തിയ കല്‍മാഡിയാണെന്ന് പറഞ്ഞാല്‍ അതൊരു പ്രശംസയാകാന്‍ പ്രയാസമുണ്ട്. ഇംഗ്ളീഷില്‍ പറയാറുള്ളതുപോലെ അത് 'ഇടതുകൈകൊണ്ടുള്ള ഒരു പ്രശംസ' മാത്രമാണ്.

കഥ ആരംഭിച്ചിട്ടേയുള്ളൂ എന്നതാണ് വലിയ തമാശ. ഇനിയും റൌഫ് പലതും പുറത്തുകൊണ്ടുവരുമെന്ന ഒരു ഭീഷണി നിലവിലുണ്ട്. അത് പുറത്തുവരുമ്പോള്‍ പഴയ മന്ത്രി മൂകനായി കഴിയുമോ. അദ്ദേഹം നിശ്ശബ്ദത ഭഞ്ജിച്ചു തീരുമ്പോഴേക്കും ഏറെക്കുറെ മുഖംമൂടികള്‍ എല്ലാം പുറത്തുവീണ് സത്യം പ്രത്യക്ഷമാകും. സ്വര്‍ണപ്പാത്രംകൊണ്ട് മൂടിയാലും സത്യത്തെ നീ വെളിപ്പെടുത്തേണമേ എന്ന് ഉപനിഷത്തില്‍ ഋഷിയുടെ ഒരു പ്രാര്‍ഥനയുണ്ട്. ആ പഴയ പ്രാര്‍ഥന ഇന്ന് നമ്മുടെ രക്ഷയ്ക്കെത്തിയിരിക്കുന്നു. പണംകൊണ്ടും പൊന്നുകൊണ്ടും പദവികൊണ്ടും എല്ലാം സത്യത്തിന്റെ മുഖം മൂടാന്‍ ശ്രമിച്ചവരെ പരാജയപ്പെടുത്തുവാന്‍ പ്രകൃതിയും തന്റെ നയത്തിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അളിയന്മാരും ഇളിയന്മാരും മക്കളും മരുമക്കളും എല്ലാം സൂക്ഷിക്കുക. ഇവിടെ വിസ്തരിച്ച ഈ അഴിമതിക്കൂട്ടുകെട്ടിന്റെ കഥ ഇതില്‍ പേരെടുത്തുപറഞ്ഞ ഒന്നുരണ്ടു വ്യക്തികളില്‍ ഒതുങ്ങിനില്‍ക്കുന്ന കാര്യമല്ലെന്നുകൂടി പറഞ്ഞാലേ ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അടവരയിട്ടു പറയേണ്ടതാണിത്.

കേരളത്തില്‍ പുറത്തുവന്ന ഈ ഭരണനീതിലംഘന വലയത്തിന്റെ കഥ ഇന്ത്യയാകെ നിര്‍ബാധമായി നടന്നുവരുന്നതായി കുറെ ദശാബ്ദങ്ങളായി പുറത്തുവന്ന ഭീകരങ്ങളായ അഴിമതിയുടെ ഇതിഹാസത്തിന്റെ ഒരു ഭാഗം മാത്രമാണ്. ബൊഫോഴ്സ് തൊട്ട് കേട്ടുതുടങ്ങിയതാണ്. ഈ വര്‍ഷം നാം കേട്ട കഥകള്‍തന്നെ ഞെട്ടിക്കുന്നവയാണ്. ബോംബെയിലെ ആദര്‍ശ് ഫ്ളാറ്റ് നിര്‍മാണം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടന്ന കൊടുംകൊള്ള, അഴിമതിയില്‍ വീരചക്രം നല്‍കി ആദരിക്കേണ്ട 2 ജി സ്പെക്ട്രം തട്ടിപ്പ്, സുഖറാമിന്റെ കേളികള്‍ എന്നിവ. ഇന്ത്യക്കകത്ത് വെളിയിലുള്ള കടലുകളേക്കാള്‍ ആഴമേറിയതും കൊടുംതിരകള്‍ തീര്‍ക്കുന്നതും പാറക്കെട്ടുകള്‍ നിറഞ്ഞതും ആയ ഒരു വിഷക്കടല്‍ ഉണ്ട്. അതിനെ അഴിമതിക്കടല്‍ എന്ന് വിളിക്കാം. ആ കടലിലെ ഒരു തിരമാലയാണ് ഇക്കണ്ട റൌഫ്- കുഞ്ഞാലിക്കുട്ടി കെട്ടുപിണയലിന്റെ പീറക്കഥ. ഈ കഥ ഇത്രകാലം പൂഴ്ത്തിവച്ചിട്ടും ഇപ്പോള്‍ തെരഞ്ഞെടുപ്പ് അത്യാസന്നമായ ഈ നിര്‍ണായക മുഹൂര്‍ത്തത്തില്‍ വെളിയിലേക്ക് വിടണമെന്ന് മുന്‍മന്ത്രിക്ക് തോന്നിയതും എന്തുകൊണ്ടാണെന്ന് ആരും ആലോചിച്ചുപോകും. തെരഞ്ഞെടുപ്പില്‍ ഈ കഥ പറഞ്ഞ് ജയസാധ്യത കൂട്ടുവാന്‍ ആവില്ലെന്ന് പ്രകടം. വല്ല ചാന്‍സും ഉണ്ടെങ്കില്‍ അതു നഷ്ടപ്പെടുവാന്‍ പറ്റിയ സംഭവമാണ് ഇത്. സാധാരണയായി എതിര്‍ കക്ഷിയാണ് ഇത്തരം കഥകള്‍ പുറത്ത് പറത്തിവിടുക. എന്നാല്‍, ഇവിടെ നാം പ്രതീക്ഷിക്കാത്ത തരത്തില്‍ തെരഞ്ഞെടുപ്പില്‍ അപകടസാധ്യതയുള്ള ആള്‍തന്നെ വേദിയില്‍ വന്നിരിക്കുകയാണ്. എനിക്ക് തോന്നുന്നത് ഇതാണ്. തന്റെ സ്യാലന്‍ ആക്ഷേപവുംകൊണ്ട് ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ഉദ്ദേശ്യമുണ്ടെന്ന് മനസിലാക്കിയ തന്ത്രശാലിയായ പൂര്‍വമന്ത്രി, ആ ഇടിമുഴക്കത്തിന്റെ ഒച്ച കുറയ്ക്കാന്‍വേണ്ടി തന്റെ ഒരു വെടിക്കെട്ട് നേരത്തെ നടത്താന്‍ നിശ്ചയിച്ചതാകാം. ഒന്നാമത്തെ വെടിവച്ച ആള്‍ക്ക് ചെറിയൊരു മുന്‍തൂക്കം കിട്ടുമെന്നായിരിക്കും കണക്കൂകൂട്ടല്‍. പക്ഷേ, വിവാദം മൂത്തുവരുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു വ്യക്തിക്ക് വരുന്ന മുറിവുകള്‍ പുറത്തുനിന്ന് കല്ലെറിയുന്ന ഒരാള്‍ക്ക് പറ്റുകയില്ല. അതിനാല്‍ വിപല്‍സാധ്യത കൂടുതല്‍ മന്ത്രിപദമോഹിയായി രംഗത്തിറങ്ങുന്ന വ്യക്തിക്കുതന്നെയാണ്.

ലീഗ് ഇതിനെ ഒറ്റക്കെട്ടായി നേരിടും എന്നൊരു പ്രസ്താവന തങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. അത്തരം ആവേശകരങ്ങളായ വാക്കുകള്‍ ഇപ്പോള്‍ അല്‍പ്പം ആശ്വാസം നല്‍കിയേക്കാം. പക്ഷേ, ചെയ്തുകൂട്ടിയ കൊള്ളരുതായ്മകളുടെ കെട്ടഴിഞ്ഞപ്പോള്‍ സംഘടന ഒരുതടിയായി നില്‍ക്കണമെങ്കില്‍ ആരോപണവിധേയനായ വ്യക്തിയില്‍നിന്ന് അകലം പാലിക്കുന്നതായിരിക്കും ബുദ്ധി എന്ന് സംഘടനാ നേതാക്കള്‍ക്ക് അപ്പോള്‍ തോന്നാതിരിക്കില്ല. കുഞ്ഞാലിക്കുട്ടിയോ ലീഗോ എന്നമട്ടില്‍ പ്രശ്നം രൂപപ്പെടുകയാണെങ്കില്‍ ആശ്വാസവചനങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരും. കപടകൂട്ടുസംഘങ്ങള്‍ക്ക് ഇത്തരം നാശം സംഭവിച്ചെങ്കിലും നാടിന് അല്‍പ്പം ആശ്വാസം കൈവരുമാറാകട്ടെ എന്ന് നമുക്ക് ആശിക്കാം.

*
സുകുമാര്‍ അഴീക്കോട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 02 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കുറ്റം ചെയ്യുന്ന ഗൂഢസംഘങ്ങളുടെ അക്രമപ്രവൃത്തികളില്‍നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കാന്‍ പ്രകൃതി ഉണ്ടാക്കിയ ഒരു രക്ഷാമാര്‍ഗമാണ് കള്ളന്മാര്‍ തമ്മിലടി. തൃശിനാപ്പള്ളിക്കള്ളനും തഞ്ചാവൂര്‍ കള്ളനും എന്ന് കേട്ടിട്ടില്ലേ? ഒടുവില്‍ അവര്‍ അടിച്ചുപിരിയും, സത്യം പുറത്തുവരും, ജനങ്ങള്‍ രക്ഷപ്പെടും. ഇതാണ് ചുരുക്കത്തില്‍ റൌഫ്-കുഞ്ഞാലിക്കുട്ടി അച്ചുതണ്ടിന് സംഭവിച്ചത്. ഇവര്‍ ഇപ്പോഴും യോജിപ്പിലായിരുന്നെങ്കില്‍, ഇപ്പോള്‍ കിട്ടിയ സത്യത്തിന്റെ അംശങ്ങള്‍ ലഭിക്കാന്‍ ഇനിയും ഒരു ദശാബ്ദം കഴിയേണ്ടിവന്നേനെ? അപ്പോള്‍ ഉമ്മന്‍ചാണ്ടി (ഇവരെല്ലാം പത്തുകൊല്ലം കഴിയുമ്പോള്‍ ഭൂമിയില്‍ ഉണ്ടാവട്ടെ എന്ന് ആശംസയോടുകൂടിയാണ് ഇതെഴുതുന്നത്!) തന്റെ സഹപ്രവര്‍ത്തകനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടാന്‍ മടിക്കില്ല 20 കൊല്ലം ആയിട്ടും സത്യം പറഞ്ഞില്ലേ എന്ന്!