ഒരു കാലത്ത് വടിയ്ക്ക് നമ്മുടെ നിത്യജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു.
വടിയില്ലാത്ത വീടുകള്‍ അപൂര്‍വമായിരുന്നു. പല വീടുകളുടെയും ഇറയത്ത് അച്ഛന്‍ ഒരു വടി തിരുകി വച്ചിട്ടുണ്ടാകും. എന്റെ വീടിന്റെ ഇറയത്തുമുണ്ടായിരുന്നു ഒരെണ്ണം. കുറുക്കുട്ടി മരത്തിന്റെ ഇല കളഞ്ഞ കമ്പായിരുന്നു അത്. നല്ല ഉറപ്പുണ്ടാകും അതിന്. വളച്ച് അമ്പുപോലെയാക്കിയാലും ഒടിയുകയില്ല. അയല്‍പക്കത്തെ പുരയിലും ഞാന്‍ ഒരു വടി കണ്ടിരുന്നു.
കുട്ടികളെ തല്ലി നേരെയാക്കുവാനാണ് ഈ വടികള്‍. വൈകുന്നേരം സ്കൂള്‍ വിട്ടുവരുമ്പോള്‍ ഷര്‍ട്ടിലോ ട്രൌസറിലോ മണ്ണ് പുരണ്ടിട്ടുണ്ടെങ്കില്‍ കിട്ടും കാലിനൊരു അടി. റൊട്ടിക്കഷ്ണം വെല്ലക്കാപ്പിയില്‍ മുക്കിത്തിന്ന് ഗ്ളാസില്‍ ബാക്കിയുള്ള കാപ്പി അണ്ണാക്കിലൊഴിച്ച് കളിക്കാന്‍ ഓടിപ്പോകും. ഇരുട്ടു വീഴുന്നതിനു മുമ്പ് വീട്ടില്‍ മടങ്ങിയെത്തിയില്ലെങ്കില്‍, ഇറയത്തെ വടികൊണ്ട് കിട്ടും കണങ്കാലിന് ഒരടി. വീട്ടില്‍നിന്ന് കിട്ടുന്ന പ്രഹരങ്ങള്‍ ഏറെയും കാലുകള്‍ക്കാണ്.
ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ എനിക്ക് ഇരു കാലുകളിലും പൊതിരെ തല്ലുകിട്ടി. സ്കൂളിലെ സഹപാഠിയില്‍നിന്ന് കേട്ടുപഠിച്ച ഒരു വാക്ക് വീട്ടില്‍വച്ച് ഉച്ചത്തില്‍ പറഞ്ഞതിനായിരുന്നു ആ പ്രഹരം. ആ വാക്ക് കുട്ടികള്‍ എന്നല്ല മുതിര്‍ന്നവര്‍പോലും പറയാന്‍ പാടില്ലാത്തതായിരുന്നു. പക്ഷേ അന്ന് അതെനിക്ക് അറിയില്ലായിരുന്നു. അറിവില്ലായ്മക്ക് കിട്ടിയ ചുട്ട അടിയായിരുന്നു അത്. പത്തുപന്ത്രണ്ട് വയസ്സായപ്പോള്‍ മാത്രമേ ആ പദത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലായുള്ളൂ. പെണ്ണിന്റെ ഒരു ശരീരഭാഗത്തെക്കുറിച്ചായിരുന്നു അത്.
അതിനുശേഷം ഞാന്‍ അര്‍ഥം അറിയാത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി. സ്നേഹം, കാരുണ്യം തുടങ്ങിയ പദങ്ങള്‍ ഇപ്പോള്‍ ഞാന്‍ തീരെ ഉപയോഗിക്കാറില്ല. കാരണം ആ വാക്കുകളുടെ അര്‍ഥം എനിക്കറിയില്ല.
പരമേശ്വര അയ്യര്‍ എന്ന ഒരു മാഷുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴും വടിയുണ്ടാകും. കൈയില്‍ വടിയില്ലാതെ ഞാന്‍ അദ്ദേഹത്തെ സ്കൂളില്‍ കണ്ടിട്ടില്ല. പരമേശ്വര അയ്യര്‍ മാഷ് മറ്റു മാസ്റ്റര്‍മാരെപ്പോലെ വടി വീട്ടില്‍നിന്ന് കൊണ്ടുവരുന്നുതല്ല. അദ്ദേഹം കുട്ടികളോട് വടി കൊണ്ടുവരാന്‍ പറയും. മാഷ് പറയുന്നതല്ലേ? മാഷെ സന്തോഷിപ്പിക്കാന്‍ വേണ്ടി കുട്ടികള്‍ മത്സരിച്ച് വടികള്‍ കൊണ്ടുവരും. അങ്ങനെ എപ്പോഴും ക്ളാസില്‍ അഞ്ചും ആറും വടികള്‍ കാണാമായിരുന്നു. ഏതെങ്കിലും കുട്ടികളെ തല്ലണമെങ്കില്‍ ചുമരില്‍ ചാരിവച്ച വടികളില്‍നിന്ന് ശ്രദ്ധയോടെ ഒരെണ്ണം തെരഞ്ഞെടുക്കും. പരമേശ്വര അയ്യര്‍ മാഷ് എപ്പോഴും കുട്ടികളെ തല്ലിയത് ഉള്ളം കൈയിലാണ്. ഉള്ളം കൈയില്‍ അടിപ്പാടുകളില്ലാത്ത കുട്ടികള്‍ അന്ന് ഞങ്ങളുടെ ക്ളാസിലുണ്ടായിരുന്നില്ല.
കുട്ടികളെ തല്ലി നേരെയാക്കുക എന്ന രീതിയായിരുന്നു അന്നത്തെ നാടുനടപ്പ്. വീട്ടില്‍ അച്ഛനും അമ്മയും കുട്ടികളെ തല്ലും. സ്കൂളില്‍ അധ്യാപകരും തല്ലും. ഇടയ്ക്കിടെ ചുട്ട അടി കൊടുത്തില്ലെങ്കില്‍ കുട്ടികള്‍ ചീത്തയായിപ്പോകുമെന്ന് രക്ഷിതാക്കളും അധ്യാപകരും ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു.
'നിയ്യിങ്ങ് വാ. നിന്റെ ചന്തിക്ക് ഞാന്‍ നല്ല വീക്കു വച്ചുതരാം. കുറേ ദിവസായി നിനക്കെന്റെ കൈകൊണ്ട് വീക്ക് കിട്ടീട്ട്.
അമ്മമാര്‍ മക്കളോട് അങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
എന്റെ തലമുറയിലെ കുട്ടികള്‍ ചന്തിയിന്മേലും കൈകാലുകളിലും അച്ഛനമ്മമാരും അധ്യാപകരും ഏല്‍പ്പിച്ച അടിയുടെ പാടുകളുമായാണ് വളര്‍ന്നത്. ചൂരല്‍പ്രയോഗംകൊണ്ട് കുട്ടികളെ നേരെയാക്കിയെടുക്കാം എന്ന വിശ്വാസത്തിന്റെ ഫലമായിരുന്നു അത്.
എന്നിട്ട് ഞങ്ങളുടെ തലമുറ നേരെയായോ?
കുറേ പേര്‍ നക്സലൈറ്റുകളായി പൊലീസിന്റെ ചവിട്ടും കുത്തുംകൊണ്ട് ജയിലില്‍ കിടന്നു നശിച്ചു. ചിലര്‍ ചരസും കഞ്ചാവും വലിച്ചു നശിച്ചു. ചിലര്‍ ആത്മഹത്യചെയ്തു. ചിലര്‍ ഒന്നും ചെയ്യാതെ വെറുതെ നശിക്കുകയും ചെയ്തു.
അച്ഛനമ്മമാരും അധ്യാപകരും മാത്രമല്ല ചൂരല്‍പ്രയോഗം നടത്തിയത്. അക്കാലത്ത് സാഹിത്യവിമര്‍ശകരും കൈയില്‍ വടിയുമായി നടന്നിരുന്നു.എഴുത്തുകാരെ തല്ലി നേരെയാക്കാന്‍ കഴിയുമെന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. വിമര്‍ശകരുടെ തല്ലുകൊള്ളാത്ത ഏത് എഴുത്തുകാരനുണ്ടായിരുന്നു?
കുട്ടിക്കാലത്ത് അച്ഛനമ്മമാരുയുെം അധ്യാപകരുടെയും കൈയിലെ വടിയെ പേടിച്ചതിലേറെ മുതിര്‍ന്ന് എഴുത്തുകാരനായപ്പോള്‍ ഞാന്‍ വിമര്‍ശകരുടെ കൈയിലെ ചൂരലിനെ പേടിച്ചിരുന്നു.
നമ്മുടെ ഇടയില്‍നിന്ന് യാത്രപറഞ്ഞുപോയവരെപ്പറ്റി കുറ്റം പറയരുതല്ലോ. എങ്കിലും ഒരുകാര്യം പറയാതിരിക്കാന്‍ വയ്യ. പ്രൊഫ. എം കൃഷ്ണന്‍ നായര്‍ സാറിനെ ആദ്യമായി തിരുവനന്തപുരത്തുവച്ച് കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് കുട്ടിക്കാലത്തെ എന്റെ അധ്യാപകന്‍ പരമേശ്വര അയ്യരെയാണ്. കൃഷ്ണന്‍ നായര്‍ സാര്‍ കൈയില്‍ വടിയുമായി നടന്ന വിമര്‍ശകനായിരുന്നു. പരമേശ്വര അയ്യര്‍ എന്നെ തല്ലിയതിലേറെ കൃഷ്ണന്‍നായര്‍ സാര്‍ എന്നെ തല്ലിയിട്ടുണ്ട്. എം മുകുന്ദന്‍ എന്ന എഴുത്തുകാരന്റെ കൈകാലുകളില്‍ അതിന്റെ പാടുകള്‍ ഇപ്പോഴും കാണാം.
പരമേശ്വര അയ്യരുടെ അടികൊണ്ടു വളര്‍ന്നതു കൊണ്ടായിരിക്കാം എനിക്ക് ഫ്രഞ്ച് എംബസിയില്‍ ഉദ്യോഗം കിട്ടിയതും ഞാന്‍ സുഖസൌകര്യങ്ങളോടെ ജീവിച്ചുപോന്നതും . എനിക്ക് ഷെവലിയര്‍ ഓഫ് ആര്‍ട് ആന്‍ഡ് ലിറ്ററേച്ചര്‍ ബഹുമതി ലഭിച്ചതും. അതുപോലെ എം കൃഷ്ണന്‍നായരുടെ ചൂരല്‍ പ്രയോഗം സഹിച്ച് എഴുതിയതിനാലായിരിക്കാം എനിക്ക് സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും കിട്ടിയതും.
പി കുഞ്ഞിരാമന്‍ നായരും ഉറൂബും ബഷീറുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളി എഴുത്തുകാര്‍. അവരെ ഞാന്‍ ഓര്‍ക്കുന്നത് അവരുടെ കൈയിലെ പേനയുടെ രൂപത്തിലാണ്. പക്ഷേ കൃഷ്ണന്‍നായര്‍ സാറിനെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ക്ക് വടിയുടെ ആകൃതിയാണ്. എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മകള്‍ പേനയുടെ മാത്രമല്ല ചൂരലിന്റെ ആകൃതിയിലും പ്രത്യക്ഷപ്പെടും എന്ന് എനിക്കങ്ങനെയാണ് മനസ്സിലായത്.
ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. അധ്യാപകര്‍ ചൂരലുമായി സ്കൂളില്‍ പോകുന്ന സ്വഭാവം എന്നോ നിര്‍ത്തിയിരിക്കുന്നു. അഥവാ ക്ളാസില്‍ വടിയുണ്ടെങ്കില്‍ അതവര്‍ അവിടെ സൂക്ഷിക്കുന്നത് കാലഹരണപ്പെട്ട ഒരു സമ്പ്രദായം എന്ന നിലയിലാണ്.
സാഹിത്യ വിമര്‍ശകരോ?
സ്കൂള്‍ പഠിത്തം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് അധ്യാപകരുടെ ചൂരല്‍ പ്രയോഗത്തില്‍നിന്ന് രക്ഷപ്പെടാം. എന്നാല്‍ എഴുത്തുകാര്‍ക്കോ? അവര്‍ എത്ര വളര്‍ന്നു വലുതായാലും അവര്‍ക്ക് വാര്‍ധക്യം വന്നാലും സാഹിത്യ വിമര്‍ശകരുടെ കൈയിലെ വടി അവരെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. എഴുത്തുകാര്‍ മരിച്ചു മണ്ണടിഞ്ഞാലും അവര്‍ക്ക് വിമര്‍ശകരുടെ തല്ല് കൊള്ളേണ്ടിവരും. അത് എഴുത്തുകാരുടെ നിയോഗമാണ്. അതില്‍നിന്ന് തുഞ്ചത്തെഴുത്തച്ഛനുപോലും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അടുത്ത കാലത്ത് ഭാഷാപിതാവിനെതിരെയുണ്ടായ വിമര്‍ശനം സൂചിപ്പിക്കുന്നു.
അധ്യാപകര്‍ വടി ഉപേക്ഷിക്കുകയാണ്. വിമര്‍ശകര്‍ എപ്പോഴാണ് അവരുടെ കൈയിലെ വടി ഉപേക്ഷിക്കുക?
വടികളില്ലാത്ത പള്ളിക്കൂടങ്ങളും സാഹിത്യപ്പുരകളും നമുക്കുണ്ടാകണം. പക്ഷേ അതുകൊണ്ട് നമ്മള്‍ രക്ഷപ്പെടുമോ?
വടികള്‍ ഇല്ലാതെയാകുമ്പോള്‍ വടിവാളുകളും കൈബോംബുകളും ഉണ്ടാകുന്നു. അധ്യാപകര്‍ അവരുടെ വിദ്യാര്‍ഥികള്‍ ബുദ്ധിമാന്മാരും സല്‍സ്വഭാവികളുമായി വളര്‍ന്നു കാണുവാന്‍ വേണ്ടിയാണ് അവരെ തല്ലിയത്. സാഹിത്യകാരന്മാരെ അവരുടെ വഴിപിഴച്ച രഥ്യകളില്‍നിന്ന് നേരെ നടത്തിക്കുവാന്‍ വേണ്ടിയാണ് വിമര്‍ശകര്‍ അവരുടെ നേരെ ചൂരലോങ്ങുന്നത്. എന്നാല്‍ ആരെ നേരെ നടത്തിക്കാന്‍വേണ്ടിയാണ് വാളുകൊണ്ട് കൈ വെട്ടുന്നതും ബോംബെറിഞ്ഞു തല തകര്‍ക്കുന്നതും?
വടി വടിവാളാകുന്ന കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്.
*****
എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
2 comments:
വടിയുടെയും വടിവാളിന്റെയും പ്രത്യയശാസ്ത്രം.. നന്നായി..
നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുറവാണ്, നല്ലൊരു ചൂരല് കൊണ്ട് ചന്തിക്ക് നല്ല നാലെണ്ണം കൊടുത്താല് ശരിയാകും ...
Post a Comment