Monday, February 7, 2011

രാഷ്ട്രീയ സദാചാരഭ്രംശത്തിന്റെ അഴുക്കുചാലുകള്‍

ബീഹാറിലെ പൂര്‍ണിയ സാദര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എ രാജ്കിഷോര്‍ കേസരി ജനുവരി ആദ്യവാരത്തില്‍ സ്വന്തം വസതിയില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്ന സമയത്ത് ഒരു സ്ത്രീയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷമായി തന്നെ എംഎല്‍എ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കഴിഞ്ഞവര്‍ഷം താന്‍ പൊലീസില്‍ കൊടുത്ത പരാതിയിന്മേല്‍ ബലാത്സംഗക്കുറ്റംചുമത്തി കേസെടുത്തെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്നും ആരോപിച്ചുകൊണ്ട് അധ്യാപികയായ രൂപന്‍ പഥക് ആണ് ഈ ആക്രമണം നടത്തിയത്. എംഎല്‍എയുടെ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് രൂപന്‍പഥക് ഇപ്പോള്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലാണ്.

ജനുവരി 13ന് ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ബിഎസ്പി എംഎല്‍എ പുരുഷോത്തം ദ്വിവേദി അറസ്റ്റുചെയ്യപ്പെട്ടു. ഒരുമാസത്തിനുമുമ്പ് ഒരു ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും അവളെ മോഷണക്കുറ്റംചുമത്തി അറസ്റ്റുചെയ്യിപ്പിക്കുകയും ചെയ്തതാണ് കാരണം. എംഎല്‍എയും മൂന്നു സഹായികളും ചേര്‍ന്ന് 17 വയസുള്ള പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നത്രെ!

ജനുവരി അവസാനവാരം മലയാളികളെയാകെ നാണംകെടുത്തിക്കൊണ്ട് പതിനാലുവര്‍ഷം പ്രായമുള്ള ഐസ്ക്രീംകേസ് വീണ്ടും സജീവചര്‍ച്ചയായി. മുസ്ളീംലീഗിന്റെ ജനറല്‍സെക്രട്ടറിയും മുന്‍മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കേസില്ലാതാക്കാന്‍ പണംകൊടുത്തു മൊഴി തിരുത്തുകയും ചെയ്തുവെന്ന പഴയ കേസില്‍ ജുഡീഷ്യറിയെവരെ സ്വാധീനിച്ചതിന്റെ പുതിയ തെളിവുകള്‍.

ഈ മൂന്നു സംഭവങ്ങളും ഒരേ മാസത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്നതല്ല സാദൃശ്യം. ഈ മൂന്നു സംഭവങ്ങളിലും ജനപ്രതിനിധികളും ഭരണാധികാരികളും ഉന്നത പദവിയിലുള്ള രാഷ്ട്രീയ നേതാക്കളുമാണ് പ്രതി സ്ഥാനത്തുള്ളത് എന്നതാണ് പ്രധാനം. തീര്‍ച്ചയായും ഇന്ത്യയിലെ ജീര്‍ണാവസ്ഥയിലായിരിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. അഴിമതി, സുഖഭോഗം, ആഡംബരം എന്നിവ അധികാര രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകവും സ്വാഭാവിക ഉല്‍പന്നങ്ങളുമായി ലളിതവത്കരിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ചീത്തത്തങ്ങളുടെ കഥകള്‍ക്ക് സമകാലിക ഇന്ത്യയില്‍ ഒട്ടും പഞ്ഞമില്ല. ജാതി മേധാവിത്വം, സാമ്പത്തികാസമത്വം, ലിംഗവിവേചനം എന്നിവയൊക്കെ സാധാരണക്കാരുടെ ജനാധിപത്യ അവകാശങ്ങളെ ഇല്ലായ്മചെയ്യുന്ന ആയുധങ്ങളാണ്. ഇവയാണ് ഭരണ നേതൃത്വത്തിലും രാഷ്ട്രീയ നേതൃത്വത്തിലും നിന്നുകൊണ്ട് ഒരു കൂട്ടര്‍ ജനങ്ങള്‍ക്കുനേരെ പ്രയോഗിക്കുന്നത്. പൌരരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ ഭൂരിപക്ഷത്തിന്റെ മനുഷ്യാവകാശങ്ങളെക്കൂടി ചവുട്ടിമെതിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ ഉന്നയിച്ച മൂന്നു സംഭവങ്ങളും.

ഐസ്ക്രീം പാര്‍ലര്‍ കേസ് 1997ല്‍ തുടങ്ങുമ്പോള്‍ പതിനാറോളം പ്രമുഖര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതായിരുന്നു കുറ്റം. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ മൊഴിമാറ്റി. പിന്നീട് 2004ല്‍ റജീന ഉയര്‍ത്തിയ ആരോപണം പീഡനം മാത്രമല്ല, മൊഴി തിരുത്തിച്ചു എന്നതുകൂടിയാണ്. ഇപ്പോള്‍ 2011ല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണമാകട്ടെ, മൊഴി മാത്രമല്ല, വിധിയും തിരുത്താന്‍ അനാവശ്യഇടപെടല്‍ നടത്തി എന്നതാണ്. ഇത് ലൈംഗിക സദാചാരത്തിന്റെ മാത്രമല്ല, രാഷ്ട്രീയ സദാചാരത്തിന്റെകൂടി പ്രശ്നങ്ങളുയര്‍ത്തുന്നു. രാഷ്ട്രീയ സദാചാരം ആദര്‍ശങ്ങളോടും ജനങ്ങളോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്വമാണ്; സത്യസന്ധതയാണ്. രാഷ്ട്രീയരംഗത്തു നില്‍ക്കുന്നവര്‍ തങ്ങളുടെ പ്രവൃത്തികള്‍ക്ക് ജനങ്ങള്‍ക്കുമുന്നില്‍ നീതീകരണം നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. തെറ്റുകള്‍ ചെയ്താല്‍ അത് ജനങ്ങളോട് ഏറ്റുപറയാനും തിരുത്താനും ആര്‍ജ്ജവം കാട്ടേണ്ടവരാണ്. ഇതിനുകൂടി തയ്യാറാകലാണ് രാഷ്ട്രീയ ഉത്തരവാദിത്വം. ജാതി-മത-വര്‍ഗ്ഗ-ലിംഗഭേദമില്ലാതെ എല്ലാര്‍ക്കും തുല്യത വാഗ്ദാനംചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയോട് കൂറുപുലര്‍ത്തേണ്ടവര്‍ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന സ്തംഭങ്ങളെത്തന്നെ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ജനാധിപത്യ വ്യവസ്ഥതന്നെ ദുര്‍ബലമാകുന്നു. രാഷ്ട്രീയ സദാചാരഭ്രംശത്തിന്റെ ആത്യന്തികഫലം സാധാരണക്കാരുടെ ജനാധിപത്യ അവകാശനിഷേധംതന്നെയാണ്.

രാഷ്ട്രീയ സദാചാരഭ്രംശത്തിന്റെ അഴുക്കുചാലാണ് ഐസ്ക്രീം പാര്‍ലര്‍ കേസ്. മുസ്ളീം ലീഗിന്റെ സമുന്നത നേതാവും കേരളത്തില്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായി ഭരണഘടനതൊട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരസ്ഥാനത്തിരുന്നിട്ടുള്ള കുഞ്ഞാലിക്കുട്ടിക്കുനേരെ ഉയരുന്ന കുറ്റങ്ങളെന്തൊക്കെയാണ്?

ഒന്ന്-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു.

ശരീരം വില്‍ക്കാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് പീഡനമാകുമോ എന്ന് പല സ്ത്രീപീഡന സംഭവങ്ങളിലും ചോദ്യങ്ങളുയരാറുണ്ട്. രണ്ടുരീതിയിലാണ് ഇത് പീഡനമാകുന്നത്. ഒന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് ബലാത്സംഗംതന്നെയാണ്. രണ്ട് ദാരിദ്ര്യത്തിന്റെ ഗതികേടില്‍ ശരീരം വില്‍ക്കുക എന്നത് ഏറ്റവും തീവ്രമായ ചൂഷണംതന്നെയാണ്. പെണ്‍കുട്ടികളുടെ ദാരിദ്യ്രത്തെ ചൂഷണംചെയ്ത് അവരെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ട് പണംകൊയ്യുന്ന പെണ്‍വാണിഭസംഘങ്ങളുടെ ഭാഗംതന്നെയായി മാറുന്നു ഇവരെ ഉപയോഗിക്കുന്നവരും. രക്ഷപ്പെടാനാകാത്ത കെണിയിലകപ്പെട്ട പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഇതിനുമുമ്പ് സൂര്യനെല്ലിക്കേസില്‍ ഉയര്‍ന്നിട്ടുണ്ട്. ലിംഗതുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് പെണ്‍വാണിഭസംഘങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് നടത്തുന്ന ലൈംഗിക ചൂഷണവും.

രണ്ട്. കുഞ്ഞാലിക്കുട്ടിക്കുനേരെ ഉയരുന്ന രണ്ടാമത്തെ കുറ്റം മൊഴി തിരുത്തലാണ്. 1997ലും പിന്നീടും തനിക്കെതിരായ മൊഴി തിരുത്തുന്നതിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍ ക്രിമിനല്‍ ബുദ്ധിയെയാണ് കാണിക്കുന്നത്. പണംകൊടുത്തും വിവാഹംകഴിപ്പിച്ചും ഗള്‍ഫിലേക്കു കടത്തിയും ഭീഷണിപ്പെടുത്തിയും ഭ്രാന്തിയാക്കാന്‍നോക്കിയും ഇരകളെ നിശ്ശബ്ദരാക്കാന്‍വേണ്ടി നടത്തിയ പരിശ്രമങ്ങളാണ് അതിനീചമായിട്ടുള്ളത്. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രാമാണ്യത്തിന്റെയും മുന്നില്‍ ഇരകള്‍ നിസ്സഹായരും നിശ്ശബ്ദരുമായതാണ് ഈ കേസിലെ നിര്‍ണ്ണായക ഘട്ടം. ഇങ്ങനെ പത്തോളം സ്ത്രീകള്‍ക്ക് പണം നല്‍കിയെന്ന കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫിന്റെ വാക്കുകള്‍ സത്യത്തില്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ഇതിനായി പ്രവര്‍ത്തിച്ചത് ക്രിമിനല്‍ ബുദ്ധിയും പണവും കായികബലവുമാണ്. ആരൊക്കെയാണ് ഈ ശ്രമങ്ങളില്‍ പങ്കാളികളായത്? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ നേരിട്ട ചൂഷണത്തിനെതിരെ നീതിക്കായി പോരാടുന്നതിനുള്ള ജനാധിപത്യ അവകാശമാണ് ഇത്തരത്തില്‍ നിഷേധിക്കപ്പെട്ടത്.

മൂന്ന്. ഏറ്റവുമൊടുവില്‍ റൌഫ് പുറത്തുവിട്ട കാര്യങ്ങള്‍ ഗുരുതരമായ മൂന്നാമത്തെ കുറ്റത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

ഭരണഘടനയുടെ സത്ത കാത്തുസൂക്ഷിക്കേണ്ട, ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്തേണ്ട ജുഡീഷ്യറിയെ പണംകൊണ്ടും രാഷ്ട്രീയ സ്വാധീനംകൊണ്ടും വശത്താക്കാനായി നടത്തിയ ശ്രമങ്ങള്‍ വിശേഷണങ്ങള്‍ക്കപ്പുറമാണ്. ജഡ്ജിമാര്‍ക്ക് പണം നല്‍കി വിധിന്യായങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കുക എന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഭൂരിപക്ഷം ന്യായാധിപന്മാരും നീതിഷ്ഠരായിട്ടുള്ള നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനും സാധാരണക്കാരുടെ പ്രതീക്ഷ തകര്‍ക്കുന്നതിനും ഇത്തരം അനുഭവങ്ങള്‍ ധാരാളം. ഇത് സമ്പൂര്‍ണ്ണമായനീതിനിഷേധമാണ്. ഇരകള്‍ക്ക് നീതിനിഷേധിക്കാന്‍ നീതിന്യായ സംവിധാനത്തെത്തന്നെ ഉപയോഗിച്ചു എന്നത് കടുത്ത അഴിമതിക്കുറ്റമാണ്.

എന്നാല്‍ നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഏറ്റവും ഗുരുതരമായ കുറ്റംചെയ്തിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയല്ല. കുഞ്ഞാലിക്കുട്ടിയുടെയും കൂട്ടാളികളുടെയും കുറ്റകൃത്യങ്ങളെക്കാള്‍ ആഴമുള്ളതും ദൂരവ്യാപകഫലമുണ്ടാക്കുന്നതുമാണ് മുസ്ളീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍. കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട കാര്യങ്ങളെക്കുറിച്ചുള്ള കുമ്പസാരം പ്രതിപക്ഷ നേതാവിനു നന്നേ ബോധിച്ചു. മുസ്ളീംലീഗാകട്ടെ കുഞ്ഞാലിക്കുട്ടിക്കുപിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന പ്രതിജ്ഞയുമെടുത്തു. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്ക്രീം പാര്‍ലര്‍ കേസ് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നമല്ല. മുസ്ളീംലീഗും കോണ്‍ഗ്രസും പിന്തുണയ്ക്കുന്നതോടെ പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളല്ല, പൌരസമൂഹത്തിനുമുന്നില്‍ മറുപടി പറയേണ്ട ഗുരുതരമായ ധാര്‍മ്മിക പ്രശ്നങ്ങളാണ് ഈ കേസുയര്‍ത്തുന്നത്. നിസ്സഹായരായ കുറച്ചു സ്ത്രീകളെ പീഡിപ്പിച്ച്, അവകാശങ്ങള്‍ ഇല്ലാതാക്കി, നീതിനിഷേധിച്ച, പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിന് പിന്തുണ നല്‍കുന്ന യുഡിഎഫിന്റെ സദാചാരഭ്രംശമാണ് വിചാരണ ചെയ്യപ്പെടേണ്ടത്.

1997ല്‍ ആദ്യമായി ഐസ്ക്രീം പാര്‍ലര്‍ കേസ് ഉയര്‍ന്നപ്പോള്‍ മുതല്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഇരകളാക്കപ്പെട്ടവരുടെ നീതിക്കായി തുടര്‍ച്ചയായി സമരങ്ങള്‍ നടത്തി, മര്‍ദ്ദനങ്ങളടക്കം ഏറ്റുവാങ്ങി. ഇരകള്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന നിരവധി പെണ്‍വാണിഭങ്ങളുടെ നിരയിലേക്ക് ഈ കേസും പെട്ടുപോകരുതെന്ന ശക്തമായ നിലപാടാണ് ഐഡ്വ സ്വീകരിച്ചത്. 2004ല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും പരാതിയുമായി റജീന സമൂഹത്തിനുമുന്നിലെത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രങ്ങളില്‍ കരി ഓയില്‍ ഒഴിച്ചുകൊണ്ട്, പ്രതീകാത്മകമായി ഭ്രഷ്ടനാക്കുന്ന സമരമാണ് ഐഡ്വ നടത്തിയത്. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുകവഴി യുഡിഎഫ് മൂന്നരക്കോടിയോളം വരുന്ന മലയാളികളുടെ മുഖത്ത് കരിതേച്ചിരിക്കുന്നു. ഇത് മായ്ക്കാന്‍ യുഡിഎഫ് തയ്യാറാകുമോ എന്നതാണ്, അവര്‍ മറുപടി പറയേണ്ട ചോദ്യം.

*
ഡോ. ടി എന്‍ സീമ കടപ്പാട്: ചിന്ത വാരിക 11 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏറ്റവും ഗുരുതരമായ കുറ്റംചെയ്തിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയല്ല. കുഞ്ഞാലിക്കുട്ടിയുടെയും കൂട്ടാളികളുടെയും കുറ്റകൃത്യങ്ങളെക്കാള്‍ ആഴമുള്ളതും ദൂരവ്യാപകഫലമുണ്ടാക്കുന്നതുമാണ് മുസ്ളീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍. കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട കാര്യങ്ങളെക്കുറിച്ചുള്ള കുമ്പസാരം പ്രതിപക്ഷ നേതാവിനു നന്നേ ബോധിച്ചു. മുസ്ളീംലീഗാകട്ടെ കുഞ്ഞാലിക്കുട്ടിക്കുപിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന പ്രതിജ്ഞയുമെടുത്തു. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്ക്രീം പാര്‍ലര്‍ കേസ് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നമല്ല. മുസ്ളീംലീഗും കോണ്‍ഗ്രസും പിന്തുണയ്ക്കുന്നതോടെ പരിഹരിക്കപ്പെടുന്ന പ്രശ്നങ്ങളല്ല, പൌരസമൂഹത്തിനുമുന്നില്‍ മറുപടി പറയേണ്ട ഗുരുതരമായ ധാര്‍മ്മിക പ്രശ്നങ്ങളാണ് ഈ കേസുയര്‍ത്തുന്നത്. നിസ്സഹായരായ കുറച്ചു സ്ത്രീകളെ പീഡിപ്പിച്ച്, അവകാശങ്ങള്‍ ഇല്ലാതാക്കി, നീതിനിഷേധിച്ച, പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിന് പിന്തുണ നല്‍കുന്ന യുഡിഎഫിന്റെ സദാചാരഭ്രംശമാണ് വിചാരണ ചെയ്യപ്പെടേണ്ടത്.