മറ്റുഭാഗങ്ങള്‍ക്ക് ആള്‍ദൈവങ്ങള്‍ എന്ന ലേബല്‍ നോക്കുക
കെണിയില്‍ വീണത് ധനികരായ സ്ത്രീകള്‍ , പരാതികളുടെ പ്രവാഹം
കോഴിക്കോട്: ഇന്ത്യയ്ക്കകത്തുനിന്നും വിദേശത്തുനിന്നും സ്ത്രീകളടക്കമുള്ള നിരവധി പേരാണ് മുരളീകൃഷ്ണ സ്വാമിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. മണ്ണാര്‍ക്കാട് സ്വദേശിനി തന്റെ വിവാഹ ബന്ധം തകര്‍ക്കാന്‍ സ്വാമി ശ്രമിക്കുന്നു എന്ന പരാതിയുമായി രംഗത്തെത്തി. സ്വാമിയുടെ ഭക്തയും ശ്രീകൃഷ്ണപുരത്തുള്ള ശരവണഭവമഠത്തിലെ സന്ദര്‍ശകയുമായിരുന്നു പരാതിക്കാരി. ഇവരെ വിവാഹം കഴിച്ചത് ബാംഗ്ലൂരില്‍ താമസക്കാരനായ ഒരാളാണ്. ഭര്‍ത്താവിന്റെ പിതാവ് സ്വാമിക്ക് തങ്ങളുടെ സ്ഥലത്ത് താത്ക്കാലികമായ ആശ്രമം കെട്ടാന്‍ സ്ഥലം നല്‍കിയിരുന്നു. പിന്നീട് പിതാവ് മരിക്കുകയും ചെയ്തു. എന്നാല്‍ കോടികള്‍ വില മതിക്കുന്ന ഈ സ്ഥലം തട്ടിയെടുക്കാനാണ് സ്വാമി പിന്നീട് ശ്രമം നടത്തിയത്. ഇതിനെതിരെ യുവതി രംഗത്തെത്തിയപ്പോള്‍ അവ രെയും ഭര്‍ത്താവിനെയും തമ്മില്‍ തെറ്റിക്കാനായിരുന്നു സ്വാമിയുടെ ശ്രമം. ഭര്‍ത്താവിന്റെ വീട്ടുകാരെയും സ്വാമി പാട്ടിലാക്കുകയായിരുന്നെ ന്ന് യുവതി പറയുന്നു. സ്വാമിയുടെ വാക്കുകളില്‍ മയങ്ങിയ വീട്ടുകാര്‍ പിന്നീട് യുവതിക്കെതിരായി. വീട്ടുകാരുടെ പീഡനങ്ങള്‍ രൂക്ഷമായപ്പോള്‍ സ്വാമി പ്രശ്‌നത്തില്‍ ഇടപെടുകയും ഭര്‍ത്താവ് പറയുന്നത് കേട്ട് ജീവിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ ജീവഹാനി വരെ സംഭവിക്കുമെന്നും പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെടുന്നു. ആശ്രമം നില്‍ക്കുന്ന ബാംഗ്ലൂരിലെ സ്ഥലം ഭര്‍ത്തൃവീട്ടുകാരില്‍ നിന്ന് തട്ടിയെടുക്കാനാണ് സ്വാമി തന്നെ ഭീഷണിപ്പെടുത്തുന്നതെന്നാണ് അവരുടെ വാദം. ആശ്രമം നില്‍ക്കുന്ന സ്ഥലത്തിന് ഇപ്പോള്‍ പത്തുകോടി വരെ വില വരും. ഇത് തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃവീട്ടുകാരെയും ഭക്തിയുടെ പേരില്‍ വഴി തെറ്റിക്കുകയാണ് സ്വാമി ചെയ്യുന്നത്. ഭക്തിയുടെ പേരില്‍ ആള്‍ക്കാരെ വശീകരിച്ച് സ്വത്ത് തട്ടിയെടുക്കലാണ് സ്വാമിയുടെ സ്ഥിരം ഏര്‍പ്പാടെന്നും ഈ യുവതി ആരോപിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി തക്കതായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ആഭ്യന്തരമന്ത്രിക്കും പൊലീസ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ലണ്ടനില്‍ ഹെയല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന സ്ത്രീയും സ്വാമിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സ്വാമിയുടെ ലണ്ടന്‍ സന്ദര്‍ശത്തിലാണ് ഇവര്‍ സ്വാമിയുടെ ഭക്തയായത്. പിന്നീട് ഇവര്‍ പാലക്കാട്ട് ആശ്രമത്തില്‍ എത്തി. പാവങ്ങളെ സഹായിക്കാനെന്നും മറ്റും പറഞ്ഞ് സ്വാമി വിദേശരാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് സ്വന്തമാക്കിയതെന്ന് ഇവര്‍ പറയുന്നു. രണ്ട് ലക്ഷത്തോളം രൂപയാണ് ഇവരുടെ കയ്യില്‍ നിന്ന് സ്വാമി വാങ്ങിയത്. അനാഥരുടെയും പാവപ്പെട്ടവരുടെയും പേര് പറഞ്ഞ് ഇത്തരത്തില്‍ പലരില്‍ നിന്നായി കോടികള്‍ സ്വാമി തട്ടിയെടുത്തെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇതില്‍ ഭൂരിപക്ഷം രൂപയും ബിനാമി പേരുകളില്‍ റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു സ്വാമി ചെയ്തത്.
ലണ്ടനില്‍ തന്നെയുള്ള മറ്റൊരു വീട്ടമ്മയും സ്വാമിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ലണ്ടന്‍ സന്ദര്‍ശിക്കുന്ന സ്വാമിയെക്കാണുന്നതിന് ആദ്യകാലങ്ങളില്‍ പത്ത് പൗണ്ടാണ് ദക്ഷിണയായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീടത് അഞ്ഞൂറ് പൗണ്ട് വരെയായതായി ഇവര്‍ പറയുന്നു. 150ലേറെ ഭക്തര്‍ ഓരോ ദിവസവും സ്വാമിയെക്കാണാന്‍ എത്താറുണ്ടായിരുന്നതായി ഇവര്‍ പറയുന്നു. രണ്ടുമാസം മുമ്പാണ് സ്വാമി അവസാനം ലണ്ടന്‍ സന്ദര്‍ശിച്ചത്. വിവിധ സമയങ്ങളിലായി ലക്ഷക്കണക്കിന് രൂപയാണ് ഈ സ്ത്രീയില്‍ നിന്ന് സ്വാമി സ്വന്തമാക്കിയത്. ദുബൈ, സിംഗപ്പൂര്‍, ഷാര്‍ജ, അബുദാബി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരെയും ഇദ്ദേഹം കബളി പ്പിച്ചിട്ടുള്ളതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പാലക്കാട് ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് വിദേശീയരായ പലരും ഞെട്ടിപ്പോയത്. അനാഥാലയവും മറ്റും സ്ഥാപിക്കാനെന്ന് പറഞ്ഞ് കോടികള്‍ വാങ്ങിപ്പോയ സ്വാമിയുടെ ആശ്രമത്തില്‍ ഇതൊന്നും കാണാതെ വന്ന പ്പോള്‍ തങ്ങള്‍ കബളിപ്പിക്കപ്പെ ട്ടതായി ഇവര്‍ തിരിച്ചറിയുകയായിരുന്നു. കണ്ണടച്ച് തുറക്കും മുമ്പുള്ള സ്വാമിയുടെ വളര്‍ച്ചയും ഈ വാക്കുകള്‍ ശരിവെക്കുന്നതാണ്. മുരുകന്റെ അവതാരമാണ് താനെന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ടാണ് മുരളീകൃഷ്ണന്‍ ആശ്രമത്തിലെത്തുന്നവരെ കബളിപ്പിച്ചിരുന്നത്. പഴനിയിലെത്തുമ്പോള്‍ ഇയാള്‍ മുരുകന്റെ വേഷഭൂഷാദികളോടെയാണ് പ്രത്യക്ഷപ്പെടാറുള്ളതെന്ന് ശിഷ്യര്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിനടത്തുള്ള മൈലാടുംകുന്ന് പഴനി ക്ഷേത്രം പോലെ വളര്‍ത്തിയെടുക്കണമെന്ന ലക്ഷ്യമാണ് മുരളീകൃഷ്ണനുള്ളത്. പഴനിയിലെത്തുന്ന ഭക്തരെല്ലാം ഇവിടെയും വന്ന് തന്നെ ദര്‍ശിക്കണമെന്ന് അദ്ദേഹം പറയുന്നു. ദൈവാവതാരമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ മുരളീകൃഷ്ണനെപ്പറ്റി പല കഥകളും അദ്ദേഹത്തിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ ഒന്ന് മയിലുമായി ബന്ധപ്പെട്ട ഒരു കഥയാണ്. മയിലാടിക്കുന്നില്‍ പണ്ട് കാലത്ത് ധാരാളം മയിലുകള്‍ ഉണ്ടായിരുന്നതായി ഇവര്‍ പറയുന്നു. കാലങ്ങള്‍ക്ക് ശേഷം ഇവിടേക്ക് മുരുകന്റെ അവതാരമായ ഒരാള്‍ വരുമെന്ന് അന്ന് ദിവ്യന്‍മാര്‍ പ്രവചിച്ചിരുന്നു. ആ പ്രവചനമാണ് സ്വാമിയുടെ വരവോടെ സത്യമായിരിക്കുന്നതെന്നും കഥകള്‍ പറയുന്നു. സ്വാമി വന്നതോടെ പ്രദേശത്ത് മയിലുകളുടെ സാന്നിധ്യമുണ്ടായതായാണ് മറ്റൊരു പ്രചാരം. കൂടാതെ ആശ്രമത്തിനടുത്ത് ഉണങ്ങിക്കിടന്ന ഒരു മരം സ്വാമി കെട്ടിപ്പിടിച്ചതോടെ വീണ്ടും തളിര്‍ത്തുവെന്നും ശിക്ഷ്യര്‍ പ്രചരിപ്പിക്കുന്നു.പക്ഷെ ഈ പ്രചാരമെല്ലാം തട്ടിപ്പാണെന്ന് ഇന്ന് കൂടുതല്‍ പേര്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. തന്റെ അനുഭവം താന്‍ പലരോടും പങ്കുവെച്ചപ്പോള്‍ ആരും അത് വിശ്വസിച്ചിരുന്നില്ലെന്ന് മുരളീകൃഷ്ണ സ്വാമിയുടെ ആശ്രമത്തിലെ പൂജാരിയുമായിരുന്ന സുമേഷ് സി ബി പറയുന്നു. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അനുഭവങ്ങള്‍ ഉണ്ടായതോടെ എല്ലാവരും കാര്യങ്ങള്‍ മനസ്സിലാക്കി. ഭയം കൊണ്ട് താന്‍ ആദ്യം പുറത്ത് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ധൈര്യമായിരിക്കുകയാണെന്നും സുമേഷ് പറയുന്നു.ഇത്തരം കള്ളസ്വാമിമാരുടെ തട്ടിപ്പ് ഇതോടെ അവസാനിക്കണമെന്ന് മുമ്പ് സ്വാമിയുടെ ഭക്തനായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി എം മോഹനന്‍ പറയുന്നു. താനുള്‍പ്പെടെ നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടത്. ഇനി ഇങ്ങനെ ഉണ്ടാവരുത്. കാവിയുടെ മറവില്‍ തോന്ന്യാസങ്ങള്‍ ചെയ്യുന്ന ഇത്തരക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു.വ്യക്തികളും പ്രസ്ഥാനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിലനില്‍പ്പിനായുള്ള പരക്കം പാച്ചിലിലാണ് മുരളീകൃഷ്ണന്‍. വിദേശത്തു നിന്നും ട്രിച്ചിയിലെത്തി ലോഡ്ജില്‍ താമസിക്കുകയായിരുന്ന ഇദ്ദേഹം ഇന്നലെ എറണാകുളത്ത് ഹൈക്കോടതിയിലെത്തി മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്.
*
ഷിബു ടി ജോസഫ്, കെ കെ ജയേഷ് കടപ്പാട്: ജനയുഗം ദിനപത്രം
Subscribe to:
Post Comments (Atom)
1 comment:
തലപൊക്കുന്ന ആള്‍ദൈവങ്ങള്‍--3
Post a Comment