Saturday, February 26, 2011

വാതില്‍ ഒരു വഴിയാണ് കണ്ടെത്താനുള്ള വഴി

മലയാളത്തിലെ ചെറുമാസികകള്‍ക്ക് വായനക്കാരുടെ ഇടയില്‍ വളരെ സ്വീകാര്യതയാണുള്ളത്. വായിക്കുന്നവരില്‍ അധികംപേരും പ്രതികരിക്കാറുണ്ട് എന്നതും ഒരു സവിശേഷതയാണ്. അമ്പതുപൈസയുടെ ഒരു കാര്‍ഡില്‍ ഒരഭിപ്രായം എഴുതാത്തവരെ മേല്‍വിലാസപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നകാര്യം മിക്ക ചെറുമാസികകളും മുന്‍കൂട്ടിപ്പറയാറുണ്ട്. ഈ കൗതുകങ്ങളോട് പ്രതികരിക്കാതെ ഇരിക്കുകയാണ് ശരിയായ പ്രതികരണമെന്നു കരുതുന്ന സാംസ്‌കാരിക നായകരും നമ്മള്‍ക്കുണ്ട്.

ഇന്നും ഉണ്‍മയും തോര്‍ച്ചയും വിശകലനവുമടക്കം സ്വീകാര്യത ലഭിച്ചിട്ടുള്ള എല്ലാ സമാന്തര പ്രസിദ്ധീകരണങ്ങളും വര്‍ഗീയതയുടെ കാര്യത്തില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. മതേതര രചനകള്‍ അവതരിപ്പിച്ചുകൊണ്ടാണ് അവര്‍ അതു സാധിക്കുന്നത്. പാഠഭേദം പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ പാര്‍ശ്വവല്‍കൃത ജനതയുടെ പതാക കൂടി പിടിക്കുന്നുണ്ട്. അപൂര്‍വം മാസികകള്‍ മാത്രമേ വര്‍ഗീയ ഗ്രാമങ്ങള്‍ ലക്ഷ്യം വച്ച് അവരുടെ ലാവണ്യ ധിഷണ വിനിയോഗിക്കാറുള്ളൂ.

അതുമാത്രമല്ല, മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ മുന്‍നിര പ്രസിദ്ധീകരണങ്ങള്‍ക്ക് പറയാന്‍ കഴിയാത്ത ചില ആശയങ്ങള്‍ ചെറു മാസികകള്‍ മുഖവുരയായിത്തന്നെ പറയാറുണ്ട്. കൊടുങ്കാറ്റുകള്‍ വന്‍ വൃക്ഷങ്ങളെയാണ് ബാധിക്കാറുള്ളത്. ചെറു സസ്യങ്ങള്‍ വലിയ വിപത്തുകളെ അതിജീവിക്കുക തന്നെ ചെയ്യും.

കുറച്ചു പ്രതികള്‍ മാത്രം പ്രചരിക്കുന്ന ഒരു യുവമാസികയാണ് ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാതില്‍. എന്‍ വിജയമോഹനന്‍ എന്ന യുവ കവിയാണ് ഈ മാസികയുടെ പത്രാധിപര്‍. വാതിലിന്റെ ഒരു ലക്കത്തിലെ പത്രാധിപക്കുറിപ്പ് ആരംഭിക്കുന്നത് നമ്മുടെ ജാതിക്കാരോട് എന്ന വാചകത്തോടെയാണ്. 'നാറിയ ഈ മുദ്രാവാക്യം നമുക്കിടയിലൂടെ നട്ടെല്ലു നിവര്‍ത്തി മിനുങ്ങി നടക്കുകയാണ്. രഹസ്യമായും പരസ്യമായും ഈ മുദ്രാവാക്യത്തിന്റെ ലഹരിയില്‍ വീണുപോകുന്ന വിവരദോഷികളെക്കൊണ്ട് നാടു നിറയുന്നു'. ഇങ്ങനെയാണ് ആ പത്രാധിപക്കുറിപ്പ് തുടരുന്നത്.

ഈയൊരു തന്റേടം നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കോ മുഖ്യ സാംസ്‌കാരിക പ്രഭാഷകര്‍ക്കോ ഇല്ല. കേരളം കണ്ട എക്കാലത്തേയും മഹാമനീഷികള്‍ ജാതിമതപിശാചിനെതിരേ പോരാടിയതിന്റെ ഫലമാണ് നവീന മലയാള നാട്. പ്രത്യക്ഷത്തിലെങ്കിലും ജാതി ചോദിക്കാത്ത ഒരു നാടായി നമ്മുടെ നാട് മാറിയതിന്റെ പിന്നില്‍ ധീരതയുടെയും പീഡാനുഭവങ്ങളുടെയും ചരിത്രമുണ്ട്. അതില്ലാതാക്കുകയാണ് നമ്മുടെ ജാതിക്കാരോട് എന്ന മുദ്രാവാക്യം ചെയ്യുന്നത്. ഇതു കണ്ടെത്താനും ഉറക്കെപ്പറയാനും ഈ കുഞ്ഞുമാസികയ്ക്ക് കരളുറപ്പുണ്ടായിരിക്കുന്നു. നഷ്ടപ്പെടാനൊന്നുമില്ലാത്തതുകൊണ്ടാകാം ഇത്തരം സത്യദര്‍ശനങ്ങള്‍ പ്രകാശിതമാകുന്നത്.

ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ എന്നായിരുന്നു ഒരു കാലത്ത് പാടിയിരുന്നതെങ്കില്‍ ഇന്ന് ജാതിയേ ചോദിക്കാവൂ എന്ന തകര്‍ച്ചയില്‍ കേരളം എത്തിയിരിക്കുന്നു. ഇന്ത്യ ഒരു മതേതര രാജ്യമാകയാല്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ജാതിയും മതവും ഉപയോഗിക്കുന്നത് തെറ്റാണ്. അതു തെറ്റാണെന്നു തോന്നാന്‍ വര്‍ഗീയ സംഘടനകള്‍ ഇന്ത്യന്‍ ഭരണഘടനയിലോ ശിക്ഷാ നിയമങ്ങളിലോ വിശ്വസിച്ചിട്ടുവേണ്ടേ?

വാതില്‍ മാസിക മുഖത്താളില്‍ത്തന്നെ മറ്റൊരു ചിന്തയും മുന്നോട്ടു വയ്ക്കുന്നുണ്ട്. ''ദൈവത്തെ പ്രാര്‍ഥിക്കുവാന്‍ സംസ്‌കൃതവും അറബിയും ലാറ്റിനും സുറിയാനിയും തന്നെ വേണമെന്ന് ശഠിക്കുന്ന വിശ്വാസികളുടെ ദൈവങ്ങള്‍ക്ക് ഒരു ഭാഷ മാത്രമേ മനസ്സിലാവുകയുള്ളോ? എങ്കില്‍ ഈ ദൈവങ്ങള്‍ സര്‍വജ്ഞാനികളാകുന്നതെങ്ങനെ?''

സാഹിത്യത്തിനും സംസ്‌ക്കാരത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു മാസിക തീര്‍ച്ചയായും ചോദിക്കേണ്ട ചോദ്യമാണിത്. അബദ്ധധാരണകളെ ചോദ്യം ചെയ്യുന്നതിലൂടെയാണ് ശാസ്ത്രീയമായ ശരിയുത്തരങ്ങള്‍ ലഭിക്കുന്നത്. ഈ തിരിച്ചറിവാണ് വാതില്‍ മാസികയ്ക്കുള്ളത്. വാതില്‍ മാസികയുടെ മുദ്രാവാക്യം 'വാതില്‍ ഒരു വഴിയാണ്. കടന്നുവരാനും കണ്ടെത്താനുമുള്ള വഴി'. അങ്ങനെയാണെങ്കില്‍ നമ്മുടെ ജാതിക്കാരെയും ദൈവ ഭാഷാ പരിമിതിയെയും കേരളത്തില്‍ ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുചിന്തയ്ക്ക് കേരളത്തില്‍ വലിയ വേരോട്ടം ലഭിച്ചിരുന്നു. മതമേതായാലും മനുഷ്യന്‍ നന്നാവുകയില്ലെന്നും സ്വന്തം മതത്തിലൂടെ മാത്രമേ നന്നാകാന്‍ കഴിയുകയുള്ളൂ എന്നും ഉറപ്പു വരുത്താനുള്ള കഠിന ശ്രമത്തിലാണ് കേരളത്തിലെ പൗരോഹിത്യം. ഒരു മതവും ഈ അന്ധതയില്‍ നിന്നു മോചിതമല്ല. ഒന്നിപ്പുകളില്‍ നിന്നും ഭിന്നിപ്പുകളിലേയ്ക്ക് കേരളീയരെ നയിക്കുകയാണ് മതങ്ങളും അവയുടെ അനുഗ്രഹമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും.

*
കുരീപ്പുഴ ശ്രീകുമാര്‍ കടപ്പാട്: ജനയുഗം ദിനപത്രം 26 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാളത്തിലെ ചെറുമാസികകള്‍ക്ക് വായനക്കാരുടെ ഇടയില്‍ വളരെ സ്വീകാര്യതയാണുള്ളത്. വായിക്കുന്നവരില്‍ അധികംപേരും പ്രതികരിക്കാറുണ്ട് എന്നതും ഒരു സവിശേഷതയാണ്. അമ്പതുപൈസയുടെ ഒരു കാര്‍ഡില്‍ ഒരഭിപ്രായം എഴുതാത്തവരെ മേല്‍വിലാസപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നകാര്യം മിക്ക ചെറുമാസികകളും മുന്‍കൂട്ടിപ്പറയാറുണ്ട്. ഈ കൗതുകങ്ങളോട് പ്രതികരിക്കാതെ ഇരിക്കുകയാണ് ശരിയായ പ്രതികരണമെന്നു കരുതുന്ന സാംസ്‌കാരിക നായകരും നമ്മള്‍ക്കുണ്ട്.