ഈജിപ്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു പുതിയ വാക്ക് പ്രചാരത്തിലായിരിക്കുന്നു - ടുണിഷ്യാമി; ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ആര്‍ത്തലച്ച് ഉയര്‍ന്ന് ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാല. ടുണീഷ്യക്കാര്‍ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭത്തിന് നല്‍കിയ പേര് മുല്ലപ്പൂ വിപ്ളവം (Jasmine Revolution) എന്നാണ്. മുല്ലപ്പൂവും മുല്ലപ്പൂവിന്റെ സുഗന്ധവും അറബികള്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്. അറേബ്യന്‍ ജാസ്മിന്റെ ഉണക്കിയെടുത്ത പൂക്കള്‍ അറബികളുടെ ഇഷ്ടപാനീയങ്ങളിലൊന്നായ ജാസ്മിന്‍ ടീ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഇപ്പോള്‍ ടുണീഷ്യയില്‍ വിടര്‍ന്ന മുല്ലപ്പൂവിന്റെ സുഗന്ധം അറബിലോകത്താകെ പരക്കുകയാണ്.
ടുണീഷ്യയില്‍ ഡിസംബര്‍ 17ന് മുഹമ്മദ് ബൌസിസി എന്ന തൊഴില്‍രഹിതനും അഭ്യസ്തവിദ്യനുമായ യുവാവിന്റെ ആത്മാഹുതിയെത്തുടര്‍ന്ന് ആ രാജ്യമാകെ കത്തിപ്പടര്‍ന്ന ജനകീയ പ്രതിഷേധം, അവിടെ 23 വര്‍ഷമായി തുടര്‍ന്നിരുന്ന സെയിന്‍ അല്‍ - അബിദിന്‍ ബെന്‍ അലിയുടെ അഴിമതിയില്‍ മുങ്ങിയ ഏകാധിപത്യവാഴ്ചയ്ക്ക് അറുതിവരുത്താനും ബെന്‍ അലിയും കുടുംബാംഗങ്ങളും സൌദി അറേബ്യയിലേക്ക് ഒളിച്ചോടാനും ഇടയാക്കിയത്, ഏകാധിപത്യവാഴ്ചയ്ക്കുകീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന, വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് പൊറുതിമുട്ടിയിരുന്ന, അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആശയും ആവേശവും പകര്‍ന്നുനല്‍കി. മധ്യപൂര്‍വ പ്രദേശത്തെ ഏറ്റവും അധികം ജനസംഖ്യയുള്ള (8 കോടി) വലിയ രാജ്യത്തെയാണ്, പുരാതന രാജ്യങ്ങളിലൊന്നായ ഈജിപ്തിനെയാണ്, അത് ഇപ്പോള്‍ ഇളക്കിമറിച്ചിരിക്കുന്നത്. മുപ്പതുവര്‍ഷമായി ഈജിപ്തില്‍ തുടരുന്ന ഹോസ്നി മുബാറക്കിന്റെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ ആ രാജ്യത്തെ നാനാവിഭാഗം ജനങ്ങള്‍ നാടും നഗരവുമാകെ സ്തംഭിപ്പിച്ച് തെരുവുകളില്‍ ഇറങ്ങിയിരിക്കുകയാണ്.
പലസ്തീന്‍ ജനതയുടെ വിമോചന പോരാട്ടങ്ങളെ അടിച്ചമര്‍ത്താനും എണ്ണസമ്പന്നമായ മധ്യപൂര്‍വ പ്രദേശത്ത് സമ്പൂര്‍ണമായ ആധിപത്യമുറപ്പിക്കാനും ശ്രമിക്കുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏറ്റവും വിശ്വസ്തനായ കൂട്ടാളിയാണ് ഈജിപ്തിലെ ഹോസ്നി മുബാറക്കിന്റെ ഭരണം. പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയ ഉടന്‍ തന്നെ ടുണീഷ്യയിലെ ചുവരെഴുത്ത് കണ്ട് അമ്പരന്ന മുബാറക് (82കാരനായ മുബാറക് അടുത്ത ഭരണാധികാരിയായി തന്റെ പുത്രന്‍ ഗമാലിനെ അണിയിച്ചൊരുക്കി നിര്‍ത്തിയിരിക്കുകയുമാണ്) ടുണീഷ്യയില്‍ ബെന്‍ അലി ചെയ്തതിനേക്കാള്‍ ഒരുപടി കൂടി കടന്ന ചില ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത് - സ്വന്തം മന്ത്രിസഭ ഒന്നാകെ തന്നെ പിരിച്ചുവിട്ട് പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കി. മുന്‍ വ്യോമസേനാ തലവന്‍ അഹമ്മദ് ഷഫീക്കിനെയും ദീര്‍ഘകാലമായി ഇന്റലിജന്‍സ് വിഭാഗം മേധാവിയായി തുടരുന്ന ഒമര്‍ സുലൈമാനെയും പുതുതായി വൈസ് പ്രസിഡന്റുമാരായി നിയമിക്കുകയും ചെയ്തു. രാഷ്ട്രീയ - സാമ്പത്തിക - ഭരണനയങ്ങളില്‍ പരിഷ്കരണം വരുത്താനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. എന്നാല്‍ ഈജിപ്തിലെ ജനങ്ങള്‍ ഈ സമവായ നീക്കങ്ങളെയെല്ലാം പരിഹസിച്ച് തള്ളിക്കൊണ്ടാണ് പ്രതിഷേധ പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നത്. മുബാറക്ക് അധികാരം ഒഴിയുകയും കുടുംബസഹിതം നാടുവിട്ട് പോവുകയും ചെയ്യണമെന്ന ആവശ്യത്തില്‍ ജനങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്.
ഒരാഴ്ചയില്‍ ഏറെയായി തുടരുന്ന കലാപത്തില്‍ മുന്നൂറിലേറെ ജനങ്ങളാണ് ഇതിനകം കൊല്ലപ്പെട്ടത്. മൂവായിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്ത് ഭീകരമായി മര്‍ദ്ദിച്ചതായും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും വാര്‍ത്തയുണ്ട്. പക്ഷേ മര്‍ദ്ദനമുറകള്‍ ജനങ്ങളെ പ്രകോപിപ്പിക്കാനും സമരം തീക്ഷ്ണമാക്കാനും മാത്രമേ ഉപകരിച്ചിട്ടുള്ളൂ. മുബാറക്കിന്റെ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ടി ആസ്ഥാനം തീയിട്ട് നശിപ്പിക്കുകയും ഔദ്യോഗിക ടെലിവിഷന്‍ കേന്ദ്രവും ആഭ്യന്തരമന്ത്രാലയവും വിദേശമന്ത്രാലയവും ആക്രമിക്കുകയും ചെയ്തു. പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന അല്‍ ജസീറ ടിവിയുടെ പ്രവര്‍ത്തനം ഈജിപ്തില്‍ നിരോധിച്ചെങ്കിലും ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണ്‍ ശൃംഖലയുടെയും ലഭ്യത ഇല്ലാതാക്കിയെങ്കിലും ബദല്‍ സംവിധാനങ്ങളിലൂടെ വാര്‍ത്തകള്‍ അപ്പപ്പോള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുന്നുണ്ട്.
ടുണീഷ്യയില്‍ എന്നപോലെ ഈജിപ്തിലും പ്രക്ഷോഭം പടര്‍ന്നുപിടിച്ചതിന്റെ പ്രധാന കാരണങ്ങള്‍ ദീര്‍ഘകാലമായി തുടരുന്ന തൊഴിലില്ലായ്മയും അനിയന്ത്രിതമായി കുതിച്ചുയരുന്ന വിലക്കയറ്റവും അഴിമതിയും പോലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും കൊടുംക്രൂരതകളുമാണ്. ജനങ്ങളില്‍ 40 ശതമാനത്തിലധികംപേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് - അതായത് പ്രതിദിനവരുമാനം 2 ഡോളറില്‍ താഴെ മാത്രമുള്ളവര്‍. ജനങ്ങളുടെ ജനാധിപത്യ പൌരാവകാശങ്ങള്‍ ഒന്നും തന്നെ അനുവദിക്കപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കേവലം പ്രഹസനമാണ് ഈജിപ്തില്‍. പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ക്കൊന്നും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. രാജ്യത്തെ പ്രധാന ട്രേഡ് യൂണിയന്‍പോലും ഭരണകക്ഷിയുടെ ആധിപത്യത്തിലാണ്. 1977ല്‍ നടന്ന ഭക്ഷ്യപ്രക്ഷോഭത്തെ തുടര്‍ന്ന് അന്ന് പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്ത് ഭക്ഷ്യധാന്യങ്ങള്‍ക്കും ഇന്ധനത്തിനും സബ്സിഡി ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായി. അതോടെ പ്രക്ഷോഭവും കെട്ടടങ്ങി. എന്നാല്‍ ഇന്ന് താല്‍ക്കാലിക സാമ്പത്തികാവശ്യങ്ങള്‍ക്കുപരി അധികാര സംവിധാനമാകെ മാറ്റണമെന്ന് വിട്ടുവീഴ്ച ഇല്ലാത്ത മുദ്രാവാക്യമാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്.
ജനുവരി 25 ഈജിപ്തില്‍ പോലീസ് ദിനമായിരുന്നു. അന്നേദിവസം "രോഷപ്രകടനത്തിന്റെ ദിന''മായി ആചരിക്കാന്‍ ചില ചെറുകിട പ്രതിപക്ഷകക്ഷികളും പ്രക്ഷോഭക സംഘങ്ങളും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റും ആഹ്വാനം പുറപ്പെടുവിച്ചു. അതിനുമുമ്പു തന്നെ കെയ്റോയിലും മറ്റും ചില പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ജനുവരി 25ന് മുബാറക് ഭരണത്തിന്റെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ഉണ്ടാകാത്തത്ര വന്‍ജനമുന്നേറ്റമാണ് ഈജിപ്തിലുടനീളം കണ്ടത്. തലസ്ഥാനമായ കെയ്റോയിലും രണ്ടാമത്തെ പ്രധാന നഗരമായ അലക്സാണ്ഡ്രിയയിലും മാത്രമല്ല രാജ്യത്തുടനീളം അന്ന് പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അതൊരു തുടക്കം മാത്രമായിരുന്നു. ഫെബ്രുവരി ഒന്നിന് കെയ്റോയിലെ പ്രധാന കേന്ദ്രമായ തഹ്റിര്‍ സ്ക്വയറില്‍ മാത്രം 20 ലക്ഷത്തിലധികം ജനങ്ങള്‍ പ്രതിഷേധറാലിയില്‍ അണിനിരന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ അന്ന് പ്രതിഷേധ പ്രകടനത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കാളികളായി. തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ത്ഥികളും യുവാക്കളും വൃദ്ധന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം പ്രകടനത്തില്‍ അണിനിരന്നു. പ്രകടനത്തില്‍ പങ്കെടുക്കാനാവാത്തവര്‍ വീടുകളുടെ മട്ടുപ്പാവുകളില്‍നിന്നുകൊണ്ട് പ്രകടനക്കാരെ അഭിവാദ്യം ചെയ്യുകയും കണ്ണീര്‍വാതക പ്രയോഗത്തെ ചെറുക്കാന്‍ ഉള്ളികളും പ്ളാസ്റ്റിക് കുപ്പികളും എറിഞ്ഞുകൊടുക്കുകയും ചെയ്തു.
ഈ ജനമുന്നേറ്റത്തിനുമുന്നിലും വഴങ്ങില്ല എന്ന പിടിവാശി തുടരുന്ന മുബാറക്, ഈജിപ്തിനെ ആഭ്യന്തര കലാപത്തിലേക്ക് തള്ളിനീക്കുകയാണ്. മുബാറക് പോക്കറ്റ് സംഘടനയാക്കി മാറ്റിയിരുന്ന ഈജിപ്തിലെ ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ തുടക്കത്തില്‍ തന്നെ ജനവികാരം മനസ്സിലാക്കി പ്രക്ഷോഭത്തോടൊപ്പം ചേരുകയും സൈന്യത്തില്‍ ഒരു വിഭാഗം പ്രക്ഷോഭത്തിന് അനുകൂലമാകുകയും പ്രതിരോധമന്ത്രി മുഹമ്മദ് താന്താവി മുബാറക്കിനെ കൈവെടിയുകയും പുതുതായി നിയമിച്ച വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ തന്നെ മുബാറക് അധികാരം ഒഴിയുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടും സ്വന്തം അനുയായികള്‍ എന്ന പേരില്‍ ഗുണ്ടാപ്പടയെ പോലീസിനൊപ്പം ജനങ്ങളെ ആക്രമിക്കാന്‍ കയറൂരി വിട്ടിരിക്കുന്നതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത.
പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ ഭാവിപരിപാടിയെക്കുറിച്ച് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത കക്ഷികള്‍ക്കും സംഘടനകള്‍ക്കും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ലെങ്കിലും ജനുവരി 30ന് വിവിധ പ്രതിപക്ഷ സംഘടനകള്‍ യോഗം ചേര്‍ന്ന് മാറ്റത്തിനായുള്ള ദേശീയ സഖ്യത്തിന് (National Coalition for Change) രൂപം നല്‍കുകയും പൊതുസമ്മതനായ നേതാവായി സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിട്ടുള്ള മുന്‍ ഐഎഇഎ മേധാവി മുഹമ്മദ് എല്‍ ബറാദേയിയെ തീരുമാനിക്കുകയും ചെയ്തു. മുസ്ളീം മതമൌലികവാദികളുടെ സംഘടനയായ മുസ്ളീം ബ്രദര്‍ ഹുഡും വിവിധ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഈ സംയുക്ത വേദിയില്‍ ചേര്‍ന്നിട്ടുണ്ട്. പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കണം എന്ന പൊതുഅഭിപ്രായവും മുന്നോട്ടുവെച്ചു കഴിഞ്ഞു. കേവലം അധികാരമാറ്റമോ തൊലിപ്പുറമെയുള്ള പരിഷ്കാരങ്ങളോ പോര എന്ന് ചുരുക്കം.
അറബ് ലോകത്ത് പ്രക്ഷോഭത്തിന് തുടക്കംകുറിച്ച ടുണീഷ്യയില്‍ പ്രസിഡന്റ് ബെന്‍ അലി നാടുവിട്ട് ഓടിയെങ്കിലും പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. ടുണീഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഫൊയേദ് മെബാസ താല്‍ക്കാലിക പ്രസിഡന്റായി അധികാരമേറ്റെങ്കിലും പുതുതായി രൂപീകരിച്ച മന്ത്രിസഭയില്‍ ബെന്‍ അലിയുടെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഡെമോക്രാറ്റിക് റാലി പാര്‍ടിയെ ഉള്‍പ്പെടുത്തിയതിലും മുഖ്യവകുപ്പുകള്‍ മുന്‍ മന്ത്രിമാരെ തന്നെ ഏല്‍പിച്ചതിലും പ്രതിഷേധിച്ച് തുടര്‍ന്ന പ്രക്ഷോഭം ആര്‍സിഡി പാര്‍ടി തന്നെ പിരിച്ചുവിടപ്പെടുകയും മന്ത്രിസഭ വീണ്ടും പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തിട്ടും തുടരുകയാണ്. 40 കള്ളന്മാര്‍ ചേര്‍ന്ന് നടത്തിയിരുന്ന ഭരണത്തില്‍ കൊള്ളത്തലവന്‍ ഒഴിഞ്ഞെങ്കിലും ബാക്കി കള്ളന്മാര്‍ അവശേഷിക്കുകയാണെന്നും സമൂലമായ മാറ്റം ആവശ്യമാണെന്നുമാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന മുദ്രാവാക്യം. പുതുതായി ചുമതലയേറ്റ പ്രസിഡന്റും പ്രധാനമന്ത്രി മുഹമ്മദ് ഗനൌച്ചിയും ബെന്‍ അലിയുടെ കൂട്ടാളികളായിരുന്നതിനാല്‍ അവരും അധികാരമൊഴിയണമെന്നും പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രക്ഷോഭം. സൈനികമേധാവി ജനറല്‍ റഷീദ് അമ്മാര്‍ "സൈന്യം വിപ്ളവത്തെ സംരക്ഷിക്കു''മെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് സമരത്തിന് നേതൃത്വം നല്‍കുന്ന ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷനും മറ്റു പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായിട്ടില്ല. എങ്കിലും സമവായത്തിനുള്ള ശ്രമം നടക്കുന്നുണ്ട്.
ടുണീഷ്യയിലും ഈജിപ്തിലും മാത്രമല്ല, യെമനിലും ജോര്‍ഡാനിലും അള്‍ജീരിയയിലും മൊറോക്കോവിലും പ്രക്ഷോഭം പടര്‍ന്ന് പിടിച്ചിട്ടുണ്ട്. യെമനില്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലേ 2013ല്‍ തന്റെ കാലാവധി അവസാനിക്കുന്നതോടെ അധികാരം ഒഴിയാമെന്നും കുടുംബവാഴ്ചയ്ക്ക് ശ്രമിക്കില്ലെന്നും ഉറപ്പ് പറയുന്നുണ്ടെങ്കിലും യെമന്‍ തലസ്ഥാനമായ സനയിലും മറ്റു പട്ടണങ്ങളിലും തൊഴിലാളികളും വിദ്യാര്‍ത്ഥികളും യുവാക്കളും പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്.
മധ്യപൂര്‍വദേശത്ത് അമേരിക്കയുടെ വിശ്വസ്ത കൂട്ടാളികളായ രാജ്യങ്ങളിലാണ് ഇപ്പോള്‍ കലാപം പടര്‍ന്നത്. ഈ രാജ്യങ്ങളെല്ലാം ലോകബാങ്ക് - ഐഎംഎഫ് കുറിപ്പടി പ്രകാരമുള്ള നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിവരുന്നവയുമാണ്. സാമ്രാജ്യത്വത്തിനും നവലിബറല്‍ നയങ്ങള്‍ക്കും എതിരായ ജനമുന്നേറ്റം കൂടിയാണ് ഈ രാജ്യങ്ങളില്‍ നടക്കുന്നത്. ഇറാഖില്‍ സൈനിക അധിനിവേശത്തിലൂടെ 'ജനാധിപത്യം' സ്ഥാപിക്കുകയാണെന്ന അമേരിക്കയുടെ മുഖംമൂടിയും പിച്ചിച്ചീന്തപ്പെട്ടിരിക്കുകയാണ്. ഈജിപ്തിലെ മുബാറക് സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിന് അമേരിക്ക പ്രതിവര്‍ഷം 200 കോടി ഡോളറാണ് സഹായം നല്‍കിയിരുന്നത്. നാടുവിടേണ്ടതായി വന്നാല്‍ മുബാറക് ഇസ്രയേലിലേക്കായിരിക്കും പോകുന്നത് എന്നും വാര്‍ത്തയുണ്ട്. മധ്യപൂര്‍വദേശത്തെ അമേരിക്കന്‍ - ഇസ്രയേല്‍ ആധിപത്യത്തിനും ഈ ജനമുന്നേറ്റം കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ മൌലികമാറ്റങ്ങള്‍ ഉണ്ടാകാതെ തടയുന്നതിന് സാമ്രാജ്യത്വം സര്‍വശക്തിയും പ്രയോഗിക്കുന്നുമുണ്ട്.
ഈ പ്രക്ഷോഭത്തിന്റെ ശ്രദ്ധേയമായ പ്രത്യേകത ഇതില്‍ സാര്‍വത്രികമായി കാണുന്ന തൊഴിലാളിവര്‍ഗ പങ്കാളിത്തവും മുന്‍കൈയുമാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മുന്‍തൂക്കം - പ്രത്യേകിച്ചും ടുണീഷ്യയിലും ജോര്‍ഡാനിലും - ഉണ്ട്. ഈ രാജ്യങ്ങളിലാകെ സ്വാധീനം ഉള്ള മുസ്ളീം ബ്രദര്‍ഹുഡ്പോലെയുള്ള മതമൌലിക സംഘടനകള്‍ക്ക് ഇതേവരെ ആശയപരമായോ സംഘടനാപരമായോ ഈ ജനകീയ പ്രസ്ഥാനത്തില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. മതമൌലികവാദികളുടെ പിടിയില്‍ അകപ്പെടാതെ പ്രക്ഷോഭത്തെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.
ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം യഥാര്‍ത്ഥത്തില്‍ ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി നടന്നുകൊണ്ടിരുന്ന ചെറുതും വലുതുമായ പ്രതിഷേധങ്ങളുടെയും പണിമുടക്കുകളുടെയും പ്രകടനങ്ങളുടെയും മൂര്‍ദ്ധന്യരൂപമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈജിപ്തില്‍ 1998 മുതല്‍ സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ പണിമുടക്കുകളും പ്രതിഷേധങ്ങളും നിരന്തരം നടക്കുകയായിരുന്നു. 2006ലും 2007ലും പണിമുടക്കുകളും ധര്‍ണകളും പ്രകടനങ്ങളും ഉള്‍പ്പെടെ 800ഓളം പ്രക്ഷോഭങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. 2008 ഏപ്രില്‍ 6ന് വേതനപരിഷ്കരണം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നീ സേവനരംഗങ്ങളില്‍ ജനങ്ങള്‍ക്കുള്ള സേവന ലഭ്യത, അഴിമതി ഇല്ലാതാക്കല്‍, രാഷ്ട്രീയമാറ്റം എന്നീ ആവശ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞതാണ് ഈ പ്രക്ഷോഭ പരമ്പരകളിലെ ഇതിന് മുമ്പത്തെ ഉയര്‍ന്ന ഘട്ടം. എന്നാല്‍ 2009ലും 2010ലും ദേശീയ പൊതുപണിമുടക്ക് നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല. പ്രക്ഷോഭത്തിന്റെ വിവിധ ധാരകള്‍ - സാമ്പത്തികാവശ്യങ്ങള്‍ ഉന്നയിച്ചുള്ളവയും രാഷ്ട്രീയമാറ്റം ഉന്നയിച്ചുള്ളവയും - സംയോജിപ്പിക്കാത്തതും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെയും സംഘടനകളുടെയും ഏകോപനം ഇല്ലാത്തതുമായിരുന്നു ഇതേവരെ പ്രക്ഷോഭം കരുത്താര്‍ജിക്കാതിരുന്നതിന് കാരണം. എന്നാലും 2009ല്‍ ഏകദേശം ആയിരത്തോളം തൊഴിലാളി പണിമുടക്കുകളും പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടന്നിരുന്നു. 2010ല്‍ ആദ്യ ആറ് മാസത്തിനകം മുന്നൂറിലധികം പണിമുടക്കുകള്‍ നടന്നു. ടുണീഷ്യയിലും ജോര്‍ഡാനിലും മൊറോക്കോയിലും അള്‍ജീരിയയിലുമെല്ലാം കഴിഞ്ഞ 10 വര്‍ഷക്കാലത്ത് നിരവധി തൊഴിലാളി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഭരണമാറ്റത്തിനായുള്ളതോ ജനാധിപത്യം സ്ഥാപിക്കുന്നതിനുള്ളതോ ആയി അത് ഇതേവരെ മാറിയിരുന്നില്ല.
ജോര്‍ഡാനും മൊറോക്കോയും ഒഴികെയുള്ള രാജ്യങ്ങളില്‍ 1950കളില്‍ ഇടതുപക്ഷ യുവസൈനികര്‍ അധികാരം പിടിച്ചെടുക്കുകയും ശീതയുദ്ധകാലത്ത് സോവിയറ്റ് ചേരിയില്‍ നിലയുറപ്പിക്കുകയും ചെയ്തവരാണ്. ടുണീഷ്യയിലും അള്‍ജീരിയയിലും കോളനിവാഴ്ചയ്ക്കെതിരെ നടന്ന വിമോചന പോരാട്ടത്തിന്റെ നേതൃത്വം ഇടതുപക്ഷ ദേശീയവാദികള്‍ക്കായിരുന്നതിനാല്‍ വിമോചനാനന്തര ഭരണം അവര്‍ക്കായിരുന്നു. 1970കളിലും 1980കളിലും സിഐഎ പിന്തുണയോടെ വലതുപക്ഷ സൈനിക അട്ടിമറികളിലൂടെ സ്ഥാപിക്കപ്പെട്ടതാണ് ഇപ്പോഴത്തെ ഭരണാധികാരികള്‍. തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ടികള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടായിരുന്ന സ്വാധീനം ഏകാധിപത്യവാഴ്ചയുടെ കാലത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നിട്ടും ചാരം മൂടിയിരുന്ന തീക്കനല്‍പോലെ ഇപ്പോള്‍ ആളിക്കത്തുകയാണ്. എന്നാല്‍ സജീവമായ സാമ്രാജ്യത്വ സാന്നിധ്യവും വിപ്ളവശക്തികളുടെ ഏകോപനത്തിലെ അഭാവവും അന്തിമഫലം പ്രവചനാതീതമാക്കുന്നു.
*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 11 ഫെബ്രുവരി 2011
Subscribe to:
Post Comments (Atom)
1 comment:
ഈജിപ്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു പുതിയ വാക്ക് പ്രചാരത്തിലായിരിക്കുന്നു - ടുണിഷ്യാമി; ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ആര്‍ത്തലച്ച് ഉയര്‍ന്ന് ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാല. ടുണീഷ്യക്കാര്‍ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭത്തിന് നല്‍കിയ പേര് മുല്ലപ്പൂ വിപ്ളവം (Jasmine Revolution) എന്നാണ്. മുല്ലപ്പൂവും മുല്ലപ്പൂവിന്റെ സുഗന്ധവും അറബികള്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്. അറേബ്യന്‍ ജാസ്മിന്റെ ഉണക്കിയെടുത്ത പൂക്കള്‍ അറബികളുടെ ഇഷ്ടപാനീയങ്ങളിലൊന്നായ ജാസ്മിന്‍ ടീ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഇപ്പോള്‍ ടുണീഷ്യയില്‍ വിടര്‍ന്ന മുല്ലപ്പൂവിന്റെ സുഗന്ധം അറബിലോകത്താകെ പരക്കുകയാണ്.
Post a Comment