Sunday, February 6, 2011

പ്രക്ഷോഭ നിലങ്ങളിലൂടെ

ഈജിപ്ത്

പിരമിഡുകളുടെയും പുരാതനസംസ്കാരങ്ങളുടെയും പേരില്‍ പ്രശസ്തമായ ഈജിപ്ത് മധ്യപൌരസ്ത്യ രാജ്യങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള രാജ്യമാണ്. ഇസ്ളാം-ക്രൈസ്തവമതങ്ങളുടെ ചരിത്രത്തിലെ പ്രധാനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ രാജ്യം സൌദി അറേബ്യ കഴിഞ്ഞാല്‍ അറബ്ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയുമാണ്. എട്ടരക്കോടി ജനസംഖ്യയുള്ള ഈജിപ്തിന്റെ ജനജീവിതം പ്രധാനമായും നൈല്‍നദിയെ ആശ്രയിച്ചാണ്. 1948 മുതലുള്ള വിവിധ കാലങ്ങളില്‍ നാല് പ്രാവശ്യം ഇസ്രയേലുമായി ഈജിപ്ത് യുദ്ധത്തില്‍ ഏര്‍പ്പെട്ടു. 1979ല്‍ അന്‍വര്‍ സാദത്തിന്റെ കാലത്ത് ഇസ്രയേലുമായി സമാധാനകരാറിലെത്തി. സാദത്തിനെ 1981ല്‍ വിശാലഅറബ്വാദി വധിച്ചതിനെതുടര്‍ന്ന് അധികാരത്തില്‍ വന്ന ഹൊസ്നി മുബാറക്ക് ഇന്ന് ജനങ്ങള്‍ വെറുക്കുന്ന ഭരണാധികാരിയായി മാറിയിരിക്കുന്നു. മുബാറക്കിന്റെ സാമ്പത്തികനയങ്ങള്‍ ഈജിപ്തിനെ രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും നയിച്ചു.

കൃഷിയും വിനോദസഞ്ചാരവും സൌദി അറേബ്യ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങളുമാണ് ഈജിപ്തുകാരുടെ മുഖ്യഉപജീവനമാര്‍ഗങ്ങള്‍. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും ആഗോളസാമ്പത്തികമാന്ദ്യം വിനോദസഞ്ചാരമേഖലയില്‍ സൃഷ്ടിച്ച തിരിച്ചടിയും ഈജിപ്തില്‍ കുഴപ്പങ്ങള്‍ക്ക് വഴിതെളിച്ചു. അമേരിക്കയുടെ പാവയായി മാറിയ മുബാറക്കിനെ ജനങ്ങള്‍ തെരുവില്‍ വിചാരണ ചെയ്യകയാണ്.

ജോര്‍ദാന്‍

ഒന്നാംലോക മഹായുദ്ധത്തിനുശേഷം പശ്ചിമേഷ്യ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടപ്പോള്‍ രൂപംകൊണ്ട ചെറുരാജ്യമാണ് ജോര്‍ദാന്‍. അന്ന് ബദുവിന്‍ ഗോത്രവംശക്കാരായിരുന്നു ഇവിടെ പാര്‍ത്തിരുന്നത്. പിന്നീട് കുടിയേറ്റങ്ങളെതുടര്‍ന്ന് ജൂത, ക്രൈസ്തവ വിശ്വാസികളുമെത്തി. 65 ലക്ഷം മാത്രമാണ് ജനസംഖ്യ. മന്ത്രിസഭയുണ്ടെങ്കിലും യഥാര്‍ഥഅധികാരം രാജാവില്‍ നിക്ഷിപ്തമാണ്. മറ്റ് അറബ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ജോര്‍ദാനില്‍ എണ്ണനിക്ഷേപമില്ല. കൃഷിയും ഫോസ്ഫേറ്റ് ഖനനവും നടക്കുന്നുണ്ട്. ആരോഗ്യസേവനം, വിനോദസഞ്ചാരം എന്നിവയും വിദേശസഹായവുമാണ് പ്രധാനവരുമാന മാര്‍ഗങ്ങള്‍. അബ്ദുള്ള രണ്ടാമന്‍ രാജാവാണ് 1999 മുതല്‍ ഭരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഭരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ രാജാവ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.

അള്‍ജീരിയ

ആഫ്രിക്കയ്ക്കും യൂറോപ്പിനുമിടയിലെ കവാടമെന്ന് അറിയപ്പെടുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യം. അരനൂറ്റാണ്ടായി കലാപകലുഷം. വലിപ്പത്തില്‍ ലോകത്ത് 11-ാമത്. ടുണീഷ്യ, ലിബിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തെ ഏറ്റവും വലിയ രാജ്യത്തിന്റെ നാലിലൊന്ന് ഭാഗവും സഹാറ മരുപ്രദേശം. മൂന്നരക്കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്തിന്റെ തലസ്ഥാനം അള്‍ജിയേഴ്സ്. സമ്പന്നമായ പ്രകൃതിവാതകം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത് സമ്പദ്വ്യവസ്ഥയുടെ പ്രധാന നട്ടെല്ല്.

ഏഴാംനൂറ്റാണ്ടില്‍ അറബികള്‍ വടക്കെ ആഫ്രിക്ക കീഴടക്കിയതോടെ ആദിമജനതയായ ബെര്‍ബെര്‍സ് ജനസംഖ്യയുടെ 30 ശതമാനമായി ചുരുങ്ങി. തുര്‍ക്കിഷ് ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ രാജ്യം 1830ല്‍ ഫ്രഞ്ച് കോളനിയായി. 1954ല്‍ തുടങ്ങിയ സ്വാതന്ത്ര്യപോരാട്ടത്തിനൊടുവില്‍ 1962ല്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് അധികാരത്തിലെത്തി. പോരാട്ടത്തില്‍ പത്തുലക്ഷത്തിലേറെ അള്‍ജീരിയക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. തൊണ്ണൂറുകള്‍വരെ പട്ടാളവും തീവ്രവാദികളും തമ്മില്‍ പോരാട്ടം നീണ്ടു. 1999ല്‍ സേനയുടെ പിന്തുണയോടെ അബ്ദുള്‍ അസീസ് ബൌത്തിഫ്ളിക്ക പ്രസിഡന്റായി. 2004ലും 2009ലും വിജയം ആവര്‍ത്തിച്ചു. അമേരിക്കയുടെ 'തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍' ഒപ്പം കൂടി. നാല്‍പ്പതിലേറെ രാഷ്ട്രീയപാര്‍ടികളുണ്ടെങ്കിലും അധികാരം പൂര്‍ണമായി പ്രസിഡന്റില്‍ കേന്ദ്രീകരിച്ചതോടെ പാര്‍ലമെന്റ് റബര്‍സ്റാമ്പായി മാറി. റേഡിയോ- ടിവി സ്റേഷനുകള്‍ സര്‍ക്കാര്‍നിയന്ത്രണത്തില്‍. സ്വകാര്യ പത്രമാധ്യമങ്ങള്‍ ശക്തമാണെങ്കിലും സെന്‍സര്‍ഷിപ് നിയമങ്ങള്‍ അതിലും ശക്തം. പ്രസിഡന്റിനെയും സേനയെയും വിമര്‍ശിച്ചാല്‍ കടുത്തശിക്ഷ.

ടുണീഷ്യ

ആഫ്രിക്കയുടെ വടക്കേ അറ്റത്തുള്ള കൊച്ചുരാജ്യം. വടക്ക് സഹാറ മരുഭൂമി ഒഴിച്ചാല്‍ ഫലഭൂയിഷ്ടമായ മണ്ണ്. 1300 കിലോമീറ്റര്‍ കടല്‍ത്തീരം. പ്രധാന കപ്പല്‍ ചാലുകള്‍ തൊട്ടുരുമ്മി പോകുന്നതിനാല്‍ പ്രാചീനകാലംമുതല്‍ മെഡിറ്ററേനിയന്‍ തീരത്തെ ശക്തികേന്ദ്രം. കൃഷി, ഖനനം, പ്രകൃതിവാതകഉല്‍പ്പന്നങ്ങള്‍, ടൂറിസം എന്നിവ പ്രധാന വരുമാനമാര്‍ഗം. യൂറോപ്യന്‍ യൂണിയനുമായി ഗാഢമായ കച്ചവടബന്ധം. റോമാക്കാരും അറബികളും ഒട്ടോമാന്‍ തുര്‍ക്കികളും ഫ്രഞ്ചുകാരും കാലാകാലങ്ങളില്‍ ടുണീഷ്യയെ നിയന്ത്രിച്ചു. ഫ്രഞ്ച് കോളനിഭരണം 1956ല്‍ അവസാനിച്ചതോടെ താരതമ്യേന മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഹബീബ് ബൌര്‍ഗ്വിബ ആദ്യ പ്രസിഡന്റായി. എന്നാല്‍ 1987ല്‍ പ്രായാധിക്യം മൂലം അധികാരം വിടേണ്ടിവരുമ്പോഴേക്കും ബൌര്‍ഗ്വിബ ഏകാധിപതിയായി മാറി. തുടര്‍ന്ന് പ്രസിഡന്റായി സ്ഥാനമേറ്റ സെനല്‍ അബിദിന്‍ ബിന്‍ അലി മുല്ലപ്പുവിപ്ളവം എന്ന് അറിയപ്പെട്ട ജനകീയ പ്രക്ഷോഭത്തിലൂടെ തിരസ്കൃതനാക്കപ്പെട്ടു. ബിന്‍ അലിയുടെ പാര്‍ടി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ 99.9 ശതമാനം വിജയം വരിച്ചതിനുപിന്നില്‍ ക്രമക്കേട് ആയിരുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു.

യമന്‍

ഷേബ രാജ്ഞിയുടെ ആസ്ഥാനം എന്നറിയപ്പെട്ടിരുന്ന യമന്‍ പശ്ചിമേഷ്യയില്‍നിന്ന് ആഫ്രിക്കയിലേക്കുള്ള വഴിത്താരയായിരുന്നു. പശ്ചിമേഷ്യയില്‍ സാമ്പത്തികമായി ഏറ്റവും ദുര്‍ബലമായ രാജ്യം. വടക്കന്‍ യമനില്‍ അല്‍ ഖായിദ പ്രവര്‍ത്തനം സജീവമാണ്. 1978 മുതല്‍ അലി അബ്ദുള്ള സലേഹിയുടെ ഭരണത്തിലാണ്. കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന ദക്ഷിണയമനെ 1990ല്‍ അമേരിക്ക ഇടപെട്ട് വടക്കന്‍ യമനൊപ്പം ചേര്‍ക്കുകയായിരുന്നു. ഇത് നിന്നീട് ആഭ്യന്തരയുദ്ധത്തിന് കാരണമായി. സലേഹി അമേരിക്കയോടൊപ്പം ഭീകരവിരുദ്ധ യുദ്ധത്തിലാണെങ്കിലും വടക്കന്‍മേഖല അല്‍ ഖായിദ നിയന്ത്രണത്തിലാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ദുഃസ്സഹമായതോടെ ജനങ്ങള്‍ സലേഹിയുടെ ഭരണത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നു.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 06 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പിരമിഡുകളുടെയും പുരാതനസംസ്കാരങ്ങളുടെയും പേരില്‍ പ്രശസ്തമായ ഈജിപ്ത് മധ്യപൌരസ്ത്യ രാജ്യങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള രാജ്യമാണ്. ഇസ്ളാം-ക്രൈസ്തവമതങ്ങളുടെ ചരിത്രത്തിലെ പ്രധാനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ രാജ്യം സൌദി അറേബ്യ കഴിഞ്ഞാല്‍ അറബ്ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയുമാണ്. എട്ടരക്കോടി ജനസംഖ്യയുള്ള ഈജിപ്തിന്റെ ജനജീവിതം പ്രധാനമായും നൈല്‍നദിയെ ആശ്രയിച്ചാണ്. 1948 മുതലുള്ള വിവിധ കാലങ്ങളില്‍ നാല് പ്രാവശ്യം ഇസ്രയേലുമായി ഈജിപ്ത് യുദ്ധത്തില്‍ ഏര്‍പ്പെട്ടു. 1979ല്‍ അന്‍വര്‍ സാദത്തിന്റെ കാലത്ത് ഇസ്രയേലുമായി സമാധാനകരാറിലെത്തി. സാദത്തിനെ 1981ല്‍ വിശാലഅറബ്വാദി വധിച്ചതിനെതുടര്‍ന്ന് അധികാരത്തില്‍ വന്ന ഹൊസ്നി മുബാറക്ക് ഇന്ന് ജനങ്ങള്‍ വെറുക്കുന്ന ഭരണാധികാരിയായി മാറിയിരിക്കുന്നു. മുബാറക്കിന്റെ സാമ്പത്തികനയങ്ങള്‍ ഈജിപ്തിനെ രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും നയിച്ചു.