Friday, February 4, 2011

"ശൂദ്രമക്ഷര സംയുക്തം...''

1817ല്‍ റാണി പാര്‍വതീഭായി ഒരു നീട്ടുമൂലം പ്രഖ്യാപിച്ചു:

"നമ്മുടെ പ്രജകളുടെ വിദ്യാഭ്യാസ സംബന്ധമായി യാതൊരു കുറവും വരാതിരിക്കുന്നതിനും പ്രജകളെ കൂടുതല്‍ പൌരബോധമുള്ളവരും പൊതുജന സേവനത്തിന് യോഗ്യരും ആക്കുന്നതിനും തദ്വാര രാജ്യത്തിന്റെ യശസ്സ് വര്‍ധിപ്പിക്കുന്നതിനും ആയി നാട്ടില്‍ വിദ്യാഭ്യാസ സംബന്ധമായി വേണ്ടിവരുന്ന മുഴുവന്‍ ചെലവുകളും ഗവര്‍മെണ്ടില്‍നിന്ന് വഹിക്കേണ്ടതാണ്.'' തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഈ റാണിയുടെ പ്രഖ്യാപനത്തിലൂടെയാണ് കേരളത്തില്‍ ആദ്യമായി വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയിലാകുന്നത്. വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കാന്‍ തുടങ്ങിയത്.

ചരിത്രകാരന്‍ എത്ര വാചാലമായി ഈ സംഭവത്തെ വിവരിക്കുന്നുവെന്നും നോക്കാം: "1817ല്‍ റാണി പാര്‍വതീഭായി ദിവാനായിരുന്ന കേണല്‍ മണ്‍റോയുടെ സഹായത്തോടുകൂടി സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതിന് ശ്രമിച്ചു. നാട്ടിന്റെ എല്ലാ ഭാഗങ്ങളിലും മലയാളം പ്രൈമറി സ്കൂളുകള്‍ സ്ഥാപിതമായി. അഞ്ചുവയസിനും പത്തുവയസിനും മധ്യേ പ്രായമുള്ള കുട്ടികളെ എല്ലാം രക്ഷാകര്‍ത്താക്കള്‍ സ്കൂളില്‍ അയക്കേണ്ടതാണ് എന്ന് നിയമവും ഉണ്ടാക്കി. നിശ്ചിത യോഗ്യതകളുള്ള അധ്യാപകരെ നിയമിച്ചു. അവര്‍ക്കു സര്‍ക്കാരില്‍നിന്ന് തന്നെ ശമ്പളവും നല്‍കി. വിദ്യാഭ്യാസം പ്രചരിപ്പിക്കേണ്ട ചുമതല സര്‍ക്കാരിന്റെതാണ് എന്ന തത്വം അങ്ങനെ അംഗീകൃതമായി.'' എന്നാല്‍ ഈ ചരിത്രകാരന്‍ കാണാത്ത മറ്റൊരു വലിയ ചരിത്രമുണ്ട്.

അതൊന്ന് നോക്കുക:

റാണിയുടെ പ്രജകളില്‍ 'അവര്‍ണരും അധഃകൃതവര്‍ഗങ്ങളും' ഉള്‍പ്പെട്ടിരുന്നില്ല. ഇത് തെളിയിക്കാന്‍ രണ്ടു സര്‍ക്കാര്‍ ഉത്തരവുകള്‍ കാണുക.

റാണിയുടെ പ്രഖ്യാപനം വന്നു എഴുപത്തിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് കായങ്കുളത്തുള്ള ചില ഈഴവര്‍ തങ്ങളുടെ കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതിന് കൊടുത്ത അപേക്ഷകള്‍ക്ക് ഡിസ്ട്രിക്ട് പള്ളിക്കൂടം സൂപ്രണ്ട് ജെ എ ഡത്തി എം എ കൊടുത്ത മറുപടി.

നമ്പര്‍ 217 1891 ഫെബ്രുവരി 7-ാംനു

കായങ്കുളത്തുകാരായ ഏതാനും ഈഴവര്‍ 1066 മകരം 19-ാം തീയതി ബോധിപ്പിച്ച ഹര്‍ജിക്ക് ഇണ്ടാസ്

ഹര്‍ജിക്കാരുടെ കുട്ടികളെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ നിവൃത്തിയില്ലാത്തതിന്മേല്‍ വ്യസനിക്കുന്നു.

ജെ എ ഡത്തി എം എ (ഒപ്പ്)

ഡിസ്ട്രിക്ട് പള്ളിക്കൂടം സൂപ്രണ്ട്

പി എം രാമന്‍ 1070 മീനം 27-ാം തീയതി ബോധിപ്പിച്ച ഹര്‍ജിക്ക് ഇണ്ടാസ്.

"ആറ്റിങ്ങല്‍ ഇംഗ്ളീഷ് പള്ളിക്കൂടത്തില്‍ ഒരു ഈഴവക്കുട്ടിയെ ചേര്‍ത്തതിനെ സ്ഥലത്തുകാരായ ആളുകള്‍ സമ്മതിക്കാതിരിക്കുന്നതിനാല്‍ ഹര്‍ജിക്കാരനെ ആ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ നിവൃത്തിയില്ല.

പി രാമസ്വാമി അയ്യര്‍

പള്ളിക്കൂടം ഇന്‍സ്പെക്ടര്‍

ഈ ഉത്തരവിനെപ്പറ്റി കുമാരനാശാന്‍ വളരെ രോഷത്തോടെ എഴുതിയ രണ്ടു വാചകങ്ങള്‍.

"ആറ്റിങ്ങല്‍ സ്കൂളില്‍ മിസ്റ്റര്‍ പി എം രാമനെ ചേര്‍ക്കാതെ ഇരുന്നതിന് മിസ്റ്റര്‍ രാമസ്വാമി അയ്യര്‍ പറഞ്ഞിട്ടുള്ള കാരണം ഈഴവരെ ആ പള്ളിക്കൂടത്തില്‍ ചേര്‍ക്കുന്നതിന് അവിടത്തെ ജനങ്ങള്‍ക്ക് സമ്മതമില്ലെന്നാണ്. നാട്ടിലെ ജനങ്ങള്‍ക്ക് മനസ്സുണ്ടെങ്കില്‍ ഈഴവര്‍ പഠിച്ചാല്‍ മതി. അല്ലെങ്കില്‍ പോയി കഴുവേറട്ടെ എന്നുവയ്ക്കുന്ന ഈ ഇന്‍സ്പെക്ടരേപ്പോലുള്ള ഉദ്യോഗസ്ഥന്മാര്‍ നിമിത്തമാണ് അരിപ്പാടു, പരവൂര് മുതലായ സ്ഥലങ്ങളില്‍ ഈഴവരെ ചേര്‍ത്തപ്പോള്‍ മറ്റു ജാതിക്കാര്‍ വിസമ്മതം കാണിപ്പാന്‍ തുടങ്ങിയത്'' (വിവേകോദയം 1070 മിഥുനം 32).

പണ്ഡിതനായിരുന്ന കെ വാസുദേവന്‍ മൂസത് തന്റെ ആത്മകഥയില്‍ അക്കാലത്തെ നാട്ടിന്‍പുറങ്ങളിലെ വിദ്യാഭ്യാസത്തിന്റെ സ്ഥിതി വിവരിച്ചിട്ടുണ്ട്. അതവസാനിപ്പിക്കുന്നതിങ്ങനെ: "...നാട്ടില്‍ പ്രഭുത്വം നടത്തിയിരുന്ന ആ വക ജന്മികളാണെങ്കില്‍ 'ശൂദ്രമക്ഷര സംയുക്തം ദൂരതഃ പരിവര്‍ജയേല്‍' എന്ന പ്രമാണത്തെ മുറുകെ പിടിക്കുന്നവരായിരുന്നു. തങ്ങളുടെ കൊട്ടാരങ്ങള്‍ക്ക് ചുറ്റും കുടിലുകള്‍ കാണുകയായിരുന്നു അവര്‍ക്കിഷ്ടം''.

1904ല്‍ ജാതിവ്യത്യാസം കൂടാതെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്കൂള്‍ പ്രവേശനം നല്‍കുന്നതാണെന്നു പ്രഖ്യാപിച്ചു. അതിനുമുമ്പു ഈഴവര്‍ തുടങ്ങിയ അവര്‍ണ സമുദായക്കാര്‍ക്കും ഹരിജനങ്ങള്‍ക്കും മറ്റും സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം കിട്ടിയിരുന്നില്ല. ദിവാന്‍ വി പി മാധവരായരാണതിന് തന്റേടം കാട്ടിയത്.

പക്ഷേ സവര്‍ണര്‍ക്ക് ദിവാന്റെ കല്‍പ്പന ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവര്‍ ഈഴവര്‍ തുടങ്ങിയവരുടെ സ്കൂള്‍ പ്രവേശനത്തെ ശക്തി ഉപയോഗിച്ചുതന്നെ തടയാന്‍ ശ്രമിച്ചു. അവര്‍ണരും അതിനെ പ്രതിരോധിക്കാന്‍ തന്നെ മുന്നോട്ടുവന്നു. ഇതിനെ തുടര്‍ന്നു മധ്യതിരുവിതാംകൂര്‍ ഒട്ടുക്ക് ഭയങ്കരമായ "നായരീഴവ ലഹളകള്‍'' നടന്നു.

സി കേശവന്‍ 'ജീവിതസമര'ത്തില്‍ ഈ ലഹളയെപ്പറ്റി വളരെ രസകരമായി വര്‍ണിച്ചിട്ടുണ്ട്. ഇന്നതു വായിക്കുമ്പോള്‍ അറിയാതെ ചിരിച്ചുപോവുകതന്നെ ചെയ്യും.

നോക്കുക:

"അത് ഒരു രാമരാവണയുദ്ധം തന്നെയായിരുന്നു. കാര്‍ത്തികപ്പിള്ളി മുതല്‍ കൊല്ലം വരെ ഈ ലഹള പടര്‍ന്നുപിടിച്ചു. ഈഴവനെ നായര്‍ കേന്ദ്രങ്ങളില്‍ എവിടെ കണ്ടാലും അവന്റെ കുട മടക്കിച്ചു ഏത്തവുമിടിച്ചു അടി കൊടുത്തുവിടും. അതുതന്നെ ഈഴവകേന്ദ്രങ്ങളില്‍ അകപ്പെടുന്ന നായരുടെയും ഗതി. ഈ കുടമടക്കിപ്പ് ഈ ലഹളയുടെ ഒരു പ്രത്യേക ലക്ഷണമായിരുന്നു.

ഈ രണ്ടു സമുദായങ്ങള്‍ക്കും സ്വൈരജീവിതം ഒരിടത്തും സാധ്യമല്ലെന്നായി... ഞാന്‍ അന്നു കൊല്ലത്ത് ഇംഗ്ളീഷ് പഠിക്കയാണ്. എം എ പരമുപിള്ളയുടെ കാരുണ്യംകൊണ്ട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഈ ലഹള മയ്യനാടു വടക്കുഭാഗം വരെ വന്നു. മയ്യനാട്ടു കടന്നില്ല. വടക്കുംഭാഗത്തുകാരന്‍ ഒരു ഈഴവനാണ് ലഹള ഒടുക്കാനുള്ള അവസാന രംഗത്തിനു കളമൊരുക്കിയത്. അന്നു കൊല്ലം പേഷ്കാര്‍ ഒരു നായരായിരുന്നു. എം എ കേശവപിള്ള ആയിരുന്നു എന്നാണ് എന്റെ ഓര്‍മ. അക്കാലത്തെ സ്ഥിതിക്ക് സ്വാഭാവികമായും നായര്‍ ചട്ടമ്പികളുടെ മുഷ്ക് കൂടിനിന്നു. പേഷ്കാരുടെ ഒരു ശിപായി വടക്കേ റോഡില്‍കൂടി ഒരു ഓലക്കുടയും പിടിച്ചു കച്ചേരിക്കു പോവുകയാണ്. ഈഴവന്‍ ആളൊരു പിശരായിരുന്നു. 'മടക്കെടാ കൊട' എന്നു ഈഴവന്‍ ഗര്‍ജിച്ചു. ഈഴവകേന്ദ്രം എന്ന അഹമ്മതി കൊണ്ടുതന്നെ. നായരെ കുടയോടുകൂടി പിടിച്ചു മാംസം പൊളിച്ചു, കടിച്ചു, കടുംചോര ചാടിച്ചുവിട്ടു. കുട ചവിട്ടി ഒടിച്ചു ദൂരെ എറിഞ്ഞു. ഒരു വലിയ ജനക്കൂട്ടം ഉണ്ടായി.

ശിപായി റോഡുവഴി നേരെ ഓടി പേഷ്കാരുടെ മുമ്പില്‍ വീണു മുറവിളിയായി. ഒരുസംഘം പൊലീസ് മയ്യനാട്ടു വടക്കുംഭാഗത്തേക്ക് നിയോഗിക്കപ്പെട്ടു. പിന്നെ ആ ദിക്കില്‍ നടന്ന പിശാചനൃത്തം അവര്‍ണനീയമായിരുന്നു. പെണ്ണുങ്ങളും കുഞ്ഞുങ്ങളുമെല്ലാം മയ്യനാട്ടു അഭയം പ്രാപിച്ചു. പുരുഷന്മാരില്‍ ഒട്ടുമുക്കാലും പല ദിക്കിലും പോയൊളിച്ചു. കൈയില്‍ കിട്ടിയ സകല ഈഴവരേയും സുമാറായി പൊലീസ് മര്‍ദിച്ചു.

നായരീഴവ ലഹളയുടെ അലകള്‍ ശക്തിയായി പരവൂരും ഇളകി. സുജനാ നന്ദിനി പ്രസ്സിനു നായന്മാര്‍ തീവച്ചു. മണിയംകുളം പള്ളിക്കൂടത്തില്‍ ഈഴവരെ പ്രവേശിപ്പിച്ചു എന്ന കാരണത്താല്‍ നായര്‍ കുട്ടികള്‍ ഇറങ്ങിക്കളഞ്ഞു. നായന്മാര്‍ സ്കൂള്‍ കെട്ടിടം തന്നെ തള്ളിമറിച്ചിട്ടു. വേറെ സ്കൂളുണ്ടാക്കി.

മണിയംകുളം പാലവും അന്നു ജാതി പാലിച്ചിരുന്നു. നായരും ഈഴവനും ഒന്നിച്ചു പാലം കടക്കാന്‍ സമ്മതിച്ചിരുന്നില്ല. ഈഴവര്‍ പാലത്തില്‍ നിന്നുമാറി വഴി വഴങ്ങിക്കൊടുക്കണം. അതിനും നടന്നു ഒരു വലിയ അടി.

പരേതനായ എഎസ്പി, കെ എന്‍ കേശവനാണ് പാലത്തിന്റെ ജാതിക്കുശുമ്പു തീര്‍ത്തത്. അന്നു അദ്ദേഹം മെട്രിക്കുലേഷന്‍ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ നില്‍പ്പാണ്. ഒരു ദിവസം വൈകുന്നേരം കരുതിക്കൂട്ടിത്തന്നെ ഒരു മലാക്ക ചൂരലുമായി വിദ്വാന്‍ പാലത്തിന്റെ മധ്യത്തില്‍ നദീപ്രവാഹവും നോക്കി എന്നപോലെ ചെന്നു നിലയായി. നായന്മാര്‍ക്കും നിവൃത്തിയില്ലാതായി.

അടിയും ലഹളയും നടന്നു. കെ എന്‍ കേശവനു ശിക്ഷയും ഈഴവനു പാലത്തിനുമേല്‍ സ്വാതന്ത്ര്യവും കിട്ടി''.

*
ആണ്ടലാട്ട് കടപ്പാട്: ദേശാഭിമാനി വാരിക 06 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1817ല്‍ റാണി പാര്‍വതീഭായി ഒരു നീട്ടുമൂലം പ്രഖ്യാപിച്ചു:

"നമ്മുടെ പ്രജകളുടെ വിദ്യാഭ്യാസ സംബന്ധമായി യാതൊരു കുറവും വരാതിരിക്കുന്നതിനും പ്രജകളെ കൂടുതല്‍ പൌരബോധമുള്ളവരും പൊതുജന സേവനത്തിന് യോഗ്യരും ആക്കുന്നതിനും തദ്വാര രാജ്യത്തിന്റെ യശസ്സ് വര്‍ധിപ്പിക്കുന്നതിനും ആയി നാട്ടില്‍ വിദ്യാഭ്യാസ സംബന്ധമായി വേണ്ടിവരുന്ന മുഴുവന്‍ ചെലവുകളും ഗവര്‍മെണ്ടില്‍നിന്ന് വഹിക്കേണ്ടതാണ്.'' തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഈ റാണിയുടെ പ്രഖ്യാപനത്തിലൂടെയാണ് കേരളത്തില്‍ ആദ്യമായി വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയിലാകുന്നത്. വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കാന്‍ തുടങ്ങിയത്.