നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് റയില്‍വേ ബജറ്റില്‍ കേരളത്തിന് റയില്‍വേ മന്ത്രി മമത ബാനര്‍ജി വാരിക്കോരി പദ്ധതികള്‍ നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസുകാരും യു ഡി എഫ് അനുകൂല മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണു നട്ടുകൊണ്ടാണ് മമത ഇത്തവണ ബജറ്റ് തയ്യാറാക്കിയതെന്നത് ശരിയാണ്. പക്ഷേ, മമതയുടെ മനസ്സില്‍ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പു മാത്രമാണുള്ളത്. പുതിയ പദ്ധതികളില്‍ മിക്കതും പശ്ചിമബംഗാളിലേയ്ക്ക് അവര്‍ തിരിച്ചുവിടുകയും ചെയ്തു. തൊട്ടടുത്ത് സ്ഥാനം കിട്ടിയത് തിരഞ്ഞെടുപ്പു നടക്കുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടിനാണ്. കേരളത്തിന് ആഴ്ചയില്‍ ഒരിക്കല്‍ ഓടുന്ന ഏതാനും ട്രെയിനുകളല്ലാതെ, സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് ഉത്തേജനം നല്‍കുന്ന പദ്ധതികളൊന്നും ലഭിച്ചില്ല. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് അനിവാര്യമായ റയില്‍വേ സോണ്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി കേരളം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടതുമില്ല.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും ഇപ്പോഴും കടലാസില്‍ അവശേഷിക്കുകയാണ്. അവയുടെ ഗതി എന്താണെന്നു പറയാനുള്ള സാമാന്യ മര്യാദ ഇത്തവണ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മമത ബാനര്‍ജി കാണിച്ചില്ല. റയില്‍വേയുടെ വക മെഡിക്കല്‍ കോളജ്, കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റ്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റയില്‍വേസ്റ്റേഷനുകള്‍ അന്തര്‍ദേശീയ നിലവാരമുള്ളവയാക്കി ഉയര്‍ത്തല്‍, ഷൊര്‍ണൂര്‍-മംഗലാപുരം, എറണാകുളം-തിരുവനന്തപുരം റൂട്ടുകളുടെ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, മെമു സര്‍വീസുകള്‍ തുടങ്ങിയവയെല്ലാം കഴിഞ്ഞ വര്‍ഷത്തെ വാഗ്ദാനങ്ങളായിരുന്നു. ഇവയൊന്നും യാഥാര്‍ഥ്യമായില്ല.
മംഗലാപുരം മുതല്‍ കന്യാകുമാരിവരെ പാത ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്താനും നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെമു സര്‍വീസ് ആരംഭിക്കാനും കഴിയുകയുള്ളൂ. ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളാണിവ. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കുന്നതിനു മതിയായ തുക വക കൊള്ളിച്ചിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ അതുകൊണ്ടു തന്നെ കാത്തിരിക്കേണ്ടിവരും.
പാലക്കാട് കോച്ച് ഫാക്ടറി നടപ്പാക്കുമെന്ന ബജറ്റ് പ്രസംഗത്തിലെ പരാമര്‍ശം കേരളത്തിനു ലഭിച്ച വന്‍ നേട്ടമായി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ചിത്രീകരിക്കുന്നുണ്ട്. പാലക്കാട് കോച്ച് ഫാക്ടറിയോടൊപ്പം പ്രഖ്യാപിച്ചതായിരുന്നു സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ കോച്ച് ഫാക്ടറി. അവിടെ കോച്ച് ഫാക്ടറിയുടെ പണിപൂര്‍ത്തിയാകാറായി. മൂന്നു മാസത്തിനകം റായ്ബറേലിയില്‍ നിന്നു കോച്ചുകള്‍ പൂറത്തിറങ്ങുമെന്നാണ് മമത ബാനര്‍ജി അറിയിച്ചത്. പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിന് തുക വകയിരുത്തിയിട്ടുമില്ല. റയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പാലക്കാട് കോച്ച് ഫാക്ടറിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുന്നുവെന്നായിരുന്നു റയില്‍വേ മന്ത്രി അറിയിച്ചിരുന്നത്. കോച്ചുഫാക്ടറിക്ക് ആവശ്യമായത്ര ഭൂമി സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്തു നല്‍കിയിട്ട് മാസങ്ങളായി. കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെയ്ക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാനും സംസ്ഥാനം തയ്യാറായി. എന്നിട്ടും ഇതുവരെ ഒളിച്ചു കളിക്കുകയായിരുന്ന റയില്‍ മന്ത്രാലയം ഇപ്പോള്‍ നടത്തിയ പ്രഖ്യാപനം തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്.
ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി തുടങ്ങുമെന്ന വാഗ്ദാനവും പുതുമയുള്ളതല്ല. രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതി നടപ്പിലാക്കാന്‍ ഇതുവരെ കേന്ദ്രം നടപടി എടുത്തില്ല. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ തുടങ്ങിയതോടെ ചരക്കു ഗതാഗതത്തിന് പ്രത്യേക ലൈന്‍ സ്ഥാപിക്കേണ്ടത് കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണ്. കോയമ്പത്തൂരിലേക്ക് ഇതിനായി പ്രത്യേക പാതവേണമെന്ന കേരളത്തിന്റെ ആവശ്യം മമത ബാനര്‍ജി പരിഗണിച്ചതേയില്ല.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭമായ റെയില്‍വേ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ധൂര്‍ത്ത് ഒഴിവാക്കിയും മാനേജ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും സാമ്പത്തിക നില ഭദ്രമാക്കാനുള്ള ക്രിയാത്മകമായ നടപടികളൊന്നും റയില്‍വേ സ്വീകരിക്കുന്നില്ല. റയില്‍വേയിലെ ഒഴിവുകള്‍ എല്ലാം സമയ ബന്ധിതമായി നികത്തുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. ഒന്നേമുക്കാല്‍ ലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് മമത ബാനര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. 16000 എക്‌സ് സര്‍വീസുകാരെ നിയമിക്കുമെന്ന പ്രഖ്യാപനത്തില്‍ കവിഞ്ഞ സമയബന്ധിതമായി ഒഴിവുകള്‍ നികത്താനുള്ള പരിപാടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഒഴിവുകള്‍ നികത്താതിരിക്കുമ്പോള്‍ തന്നെ, കൂടുതല്‍ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നു. ഇത് ജീവനക്കാരുടെ ജോലിഭാരം ഗണ്യമായി വര്‍ധിപ്പിക്കും. റയില്‍വേ സുരക്ഷിതത്വത്തിനു തന്നെ ഇത് ഭീഷണിയാകുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിനു ദീര്‍ഘവീക്ഷണമുള്ള പദ്ധതികളോ കാഴ്ചപ്പാടോ ഇല്ലാത്തതാണ് ഇത്തവണത്തെ റയില്‍വേ ബജറ്റ്. കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ റെയില്‍വേ ബജറ്റ് പരിഗണിച്ചതുമില്ല. ആഴ്ചയില്‍ ഒരിക്കല്‍ സര്‍വീസ് നടത്തുന്ന ഏതാനും ട്രെയിനുകള്‍ അനുവദിച്ചതുകൊണ്ടുമാത്രം കേരളത്തിന്റെ റയില്‍വേ വികസന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയില്ല.
*
ജനയുഗം മുഖപ്രസംഗം 26 ഫെബ്രുവരി 2011
Subscribe to:
Post Comments (Atom)
2 comments:
നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് റയില്‍വേ ബജറ്റില്‍ കേരളത്തിന് റയില്‍വേ മന്ത്രി മമത ബാനര്‍ജി വാരിക്കോരി പദ്ധതികള്‍ നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസുകാരും യു ഡി എഫ് അനുകൂല മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണു നട്ടുകൊണ്ടാണ് മമത ഇത്തവണ ബജറ്റ് തയ്യാറാക്കിയതെന്നത് ശരിയാണ്. പക്ഷേ, മമതയുടെ മനസ്സില്‍ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പു മാത്രമാണുള്ളത്. പുതിയ പദ്ധതികളില്‍ മിക്കതും പശ്ചിമബംഗാളിലേയ്ക്ക് അവര്‍ തിരിച്ചുവിടുകയും ചെയ്തു. തൊട്ടടുത്ത് സ്ഥാനം കിട്ടിയത് തിരഞ്ഞെടുപ്പു നടക്കുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടിനാണ്. കേരളത്തിന് ആഴ്ചയില്‍ ഒരിക്കല്‍ ഓടുന്ന ഏതാനും ട്രെയിനുകളല്ലാതെ, സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് ഉത്തേജനം നല്‍കുന്ന പദ്ധതികളൊന്നും ലഭിച്ചില്ല. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് അനിവാര്യമായ റയില്‍വേ സോണ്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി കേരളം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടതുമില്ല.
ബജറ്റ് അലോക്കേഷന്‍ കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ ആണു നട്പ്പാക്കേണ്ടത്, അതിനു മന്ത്രിമാര്‍ ഗവണ്‍ മെണ്റ്റ് (സംസ്ഥാനം) എന്നിവ പ്രഷര്‍ ചെയ്യണം, റെയില്‍ വേയുടെ ഉന്നത തലപ്പത്ത് തമിഴര്‍ ആണു കൂടുതല്‍, അവറ്‍ക്കു എങ്ങിനെയും പുതിയ ഒരു കോച്ച് കേരളത്തില്‍ ഓടുന്ന ട്രെയിനില്‍ ഉണ്ടെങ്കില്‍ അതഴിച്ചു തമിഴ നട്ടില്‍ കൊണ്ടു പോകണം എന്നെയുള്ളു,
ഈ തമിഴ് മേല്‍ക്കോയ്മയെ മറികടക്കാന്‍ കൂട്ടായ ശ്രമം വേണം മലയാളി ഉദ്യോഗസ്ഥര്‍ ഉള്ളവരെ യൂണിയനുകള്‍ സപ്പോര്‍ട് ചെയ്യണം, നമ്മുടെ റെയില്‍ വേ മന്ത്രി കഴിഞ്ഞ കൊല്ലത്തില്‍ എത്ര തവണ മാറി
ഇപ്പോള്‍ ആരാണു തെറ്റയിലോ സുരേന്ദ്രന്‍ പിള്ളയോ? അതോ കൊടിയേരിയോ? ഒന്നും വേണ്ട സംസ്ഥാന റെയില്വേ മന്ത്റി ഇടക്കിടെ ഒന്നു ട്രെയിനില്‍ സഞ്ചരിക്കുകയോ യോഗം വിളിക്കുകയോ ചെയ്താല്‍ മതി,
ഇതൊന്നും നടന്നിട്ടില്ല കേ ബീ ഗണേഷ് കുമാറ്‍ ആണു അവസാനം എന്തെങ്കിലും ചെയ്ത ആള്‍
ബംഗാളിനെ ഓറ്‍ത്തായിരിക്കും വറി
Post a Comment