Monday, February 28, 2011

വളഞ്ഞ കാഞ്ഞിരമരങ്ങള്‍

വക്രബുദ്ധി എന്ന പ്രതിഭാസം അത്ര അസാധാരണമൊന്നുമല്ല. പണ്ടേ മനുഷ്യരെ രണ്ടുവര്‍ഗമായി തിരിച്ചുവെച്ചിട്ടുണ്ട്. വക്രബുദ്ധിയെന്നും ഋജുബുദ്ധിയെന്നും. വളഞ്ഞ ബുദ്ധിയും നേര്‍ബുദ്ധിയും ഇന്ന് പ്രശ്‌നമായിമാറിയത്, പൊതു പ്രസ്ഥാനങ്ങളും അവയിലെ വ്യക്തികളും നേര്‍ബുദ്ധി വെടിഞ്ഞ് വളഞ്ഞ ബുദ്ധി കൈക്കൊണ്ടുവരുന്നു എന്നതുകൊണ്ടാണ്.

പണ്ട് വക്രബുദ്ധികള്‍ വിളയാടിയിരുന്നത് വ്യക്തികളുടെ ബന്ധങ്ങളിലും ഇടപാടുകളിലും കുടുംബ ബന്ധങ്ങളിലും മാത്രമായിരുന്നു. ഏഷണി കൂട്ടി സുഹൃത്തുക്കളെ അകറ്റുന്ന വക്രബുദ്ധികളെ പഞ്ചതന്ത്രത്തില്‍ അനേകം കഥകളിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. വളരെ സ്‌നേഹത്തില്‍ കഴിഞ്ഞ സിംഹത്തെയും കാളക്കുറ്റനെയും വളഞ്ഞ വഴിയിലൂടെ പിണക്കി നശിപ്പിച്ച നൃപബുകനാണ് ഈ വര്‍ഗത്തിന്റെ 'ബ്രാന്‍ഡ് അംബാസഡര്‍! അനേകം വിവാഹങ്ങള്‍ താറുമാറാക്കിയും ഇവര്‍ കുടുംബക്ഷേമം വളര്‍ത്തിപ്പോന്നിട്ടുണ്ട്.

ഈ പരിമിതമായ പരിപാടികളില്‍ ഇവരുടെ വിജയം കണ്ടിട്ടാകാം ഇന്ന് രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ വളഞ്ഞ ബുദ്ധിയുടെ സൃഷ്ടിയായ അസത്യത്തിന്റെ ആരാധകരായി തീര്‍ന്നിരിക്കുന്നു. സുപ്രിംകോടതിയിലെ ചീഫ് ജസ്റ്റിസ് ആയ- ഒരാള്‍ കള്ളം പറയുമെന്ന് നാം കരുതുമോ? പക്ഷേ കളവ് ചെറിയ തോതിലല്ല, സുപ്രിം എന്ന് വിശേഷിപ്പിക്കാവുന്നതുതന്നെ. കേന്ദ്രത്തില്‍ മന്ത്രിയായി വിലസുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്ര വമ്പന്‍ പൊതുധനം സ്വകാര്യ വ്യക്തികള്‍ക്ക് ലാഭമായി കിട്ടത്തക്കവണ്ണം സര്‍വ നിയമവ്യവസ്ഥകളും ലംഘിച്ചുകൊണ്ട് അനന്തകോടി രൂപ നഷ്ടം വരുത്തിവെച്ചു. അദ്ദേഹത്തെ എത്രയോ കാലം നിരുപദ്രവിയെന്ന് പറഞ്ഞുകൊണ്ട് സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ തലോടി സംരക്ഷിച്ചുപോന്നു. ഒടുവില്‍ നിവൃത്തികെട്ടപ്പോള്‍ പുറത്തായി. അഴിമതി 'രാജന്‍' തുറുങ്കില്‍ ഇപ്പോള്‍ വിശ്രമിക്കുന്നു. അങ്ങോരെ ഇത്രകാലം സംരക്ഷിച്ചവര്‍ക്ക് ശിക്ഷയില്ലേ?

ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെ ഋജുബുദ്ധികളായ മഹാവ്യക്തികള്‍ വിളയാടിയ വേദികളിലാണ് ഈ വക്രസ്വഭാവക്കാര്‍ പരമാധിപത്യം ആളുന്നത്. ഇവരുടെ മനസ്സിന്റെ വളവ് അവര്‍ണനീയമാണ്. നമ്മുടെ അനുഗ്രഹീത കവി പി കുഞ്ഞിരാമന്‍ നായര്‍ ഇത്തരക്കാരെ കണ്ടുമനസ്സിലാക്കി അന്നേ ഇവരെ അതിമനോഹരമായി വര്‍ണിച്ചു- ''ആയിരം വളവുളള കാഞ്ഞിരത്തെപ്പോലെ'' എന്ന്. കാഞ്ഞിരമാവുക, അതില്‍ ആയിരം വളവുണ്ടാവുക എന്ന് സങ്കല്‍പിക്കാന്‍ ഒരു മഹാകവിക്കേ കഴിയുകയുളളൂ. പക്ഷേ നമ്മുടെയിടയില്‍ ഇത്തരം കാഞ്ഞിരമരങ്ങള്‍ കണക്കില്ലാതെ വളര്‍ന്നുകൊണ്ടിരിക്കുന്നു. മഹാഭാരതത്തില്‍ വ്യാസഭഗവാന്‍ ഈ വര്‍ഗ്ഗത്തെ 'അധര്‍മ്മവൃക്ഷം' എന്നാണ് വിളിച്ചത്. അടുത്തുതന്നെ ഉള്ള 'ധര്‍മ്മവൃക്ഷം' ഇലയും ചില്ലയും ഉണങ്ങി പൂവും കായും ഇല്ലാതെ ശുഷ്‌കിച്ച് നില്‍ക്കുമ്പോള്‍ അധര്‍മ്മവൃക്ഷം തടിച്ച ശാഖകളോടും നിബിഡമായ പച്ചിലകളോടും ദുര്‍ഗന്ധം വമിക്കുന്ന പൂക്കളോടും കൂടെ തടിച്ചുകൊഴുത്ത് വളരുന്നു.

അതുകൊണ്ട് നേരും നെറിയും നന്‍മയും കാണാന്‍ എങ്ങോട്ടാണ് നോക്കേണ്ടതെന്നറിയാതെ നമ്മുടെ കണ്ണ് തള്ളിക്കഴിയുന്നു. കേന്ദ്രമന്ത്രിസഭയിലോ സുപ്രിം-ഹൈക്കോടതികളിലോ നോക്കിയാലത്തെ കഥകള്‍ നേരത്തെ സൂചിപ്പിച്ചു. സൈനിക രംഗത്ത് നോക്കിയാല്‍ ഞെട്ടിപ്പോകും. പ്രതിരോധ വകുപ്പാണ് കളവിന്റെ വിളഭൂമി. ബോഫോഴ്‌സ് തോക്കിടപാട് കേസ് മറന്നുപോയോ? കാട്ടുകളവിന്റെ അടഞ്ഞുകിടന്ന വാതില്‍ നമുക്ക് തുറന്നുതന്നത് ആ കേസാണ്. പിന്നീട് അത് അടഞ്ഞിട്ടില്ല. കവാടത്തിന്റെ വിസ്‌തൃതി കൂടിക്കൊണ്ടിരിക്കുകയാണ്.

വന്‍ കടലുകളിലെ തിമിംഗലങ്ങളും വന്‍ ജലാശയങ്ങളിലെ ഭീകര ജീവികളും മാത്രമല്ല വക്രബുദ്ധിയും കാപട്യവും കൊണ്ട് കഴിഞ്ഞുകൂടുന്നത്. ചെറിയ പുഴുക്കളും പഴുതാരകളും കൃമികീടങ്ങളും ഈ വിഷഭക്ഷണം കഴിച്ച് വളരാന്‍ ശ്രമിച്ചുവരുന്ന കാഴ്ചയും ഇന്ന് സുലഭമാണ്. വന്‍കിടക്കാര്‍ പുഴുത്തു നശിച്ചാലും ജനസമൂഹം വലിയ കുഴപ്പമില്ലാതെ ബാക്കിനില്‍പ്പുണ്ടല്ലോ എന്ന് ആശ്വസിക്കുവാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്. ഏറ്റവും വലിയ വിപത്ത് അവരും വളവുളള കാഞ്ഞിരമാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്.

ഇപ്പോഴത്തെ പ്രക്ഷോഭകരമായ വാര്‍ത്ത നമ്മുടെ മുഖ്യമന്ത്രിയുടെ പുത്രന്റെ ധനാര്‍ജ്ജനത്തിന്റെ കഥകളാണല്ലോ. പ്രതിപക്ഷം അതിനെ എതിര്‍ക്കുന്നത് കാണുമ്പോള്‍, പണ്ടൊരു ഭ്രാന്താസ്പത്രിയില്‍ നടന്ന സംഭവം ഓര്‍ത്തുപോകും. ഒരു ഭ്രാന്തിപ്പെണ്ണ് കീറിനാശമായ തുണി അരയില്‍ ചുറ്റി നടക്കുന്നത് കണ്ട മറ്റൊരു പെണ്‍ ഭ്രാന്ത 'എന്ത് നാണക്കേടാണ് ഇത്' എന്ന് ചോദിച്ച് തന്റെ ഒരേയൊരു തുണി ഉരിഞ്ഞ് കൂട്ടുകാരിക്ക് കൊടുത്തത്രെ. നഗ്‌നതയുടെ കാര്യത്തില്‍ നാം ഇവരില്‍ ആരെയാണ് സ്വീകരിക്കുക?

അച്യുതാനന്ദ പുത്രന്റെ കഥ പുറത്തുവരേണ്ടതാകുന്നു. യു പി എ യുടെയും കേന്ദ്രമന്ത്രിസഭയുടെയും യു ഡി എഫിന്റെയും അഴിമതികള്‍ പുറത്തുവന്നു. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ്‌ഫ്ളാറ്റ്, ഇടമലയാര്‍ എന്നിങ്ങനെ കൊടും അഴിമതികള്‍ ആയാണ് അവ പുറത്തായത്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി പുത്രനെയും ഒരു ചെറിയ നേതാവ് പഴിയ്ക്കുകയുണ്ടായി. പറഞ്ഞ് പറഞ്ഞ് കയറിയപ്പോള്‍ മുഖ്യമന്ത്രിസുതന്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞു. ഉടനെ ആ നേതാവ് പറഞ്ഞുപോയതില്‍ ഖേദം പ്രകടിപ്പിച്ച്, കേസ് പിന്‍വലിച്ചു.

കേസ് സംബന്ധിച്ച് ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞതിനുശേഷമാകാം, അത് തനിക്ക് മാനഹാനിയുളവാക്കുന്നതാണല്ലോ എന്ന് പിന്നണി ബുദ്ധി അദ്ദേഹത്തില്‍ ഉദിച്ചത്. ഉടനെ പ്രസ്താവന വന്നൂ, മന്ത്രി പുത്രന്‍ കാല്‍ക്കല്‍ വീണതുകൊണ്ടാണ് താന്‍ ഖേദം പ്രകടിപ്പിച്ചത് എന്ന്.

താഴെ വീണെങ്കിലും കാല് മേലെയാണെന്നതുകൊണ്ട് വീഴ്ചയില്ലെന്ന് ജനം സമ്മതിക്കണം. സമ്മതിക്കുകയല്ലാതെ ജനം എന്തുചെയ്യും? പക്ഷേ സമ്മതിക്കാന്‍ ഒരു ചെറുപ്രയാസം! സാധാരണ ലോക നടപ്പ് മാനനഷ്ടക്കേസുകൊടുത്താല്‍ പ്രതി കേസു കൊടുത്തയാളിന്റെ കൂറ് നേടുക എന്നതാണ്. ഈ കലിയുഗത്തിലും പതിവ് മറ്റൊന്നല്ല. പക്ഷേ ഇവിടെ മാനനഷ്ടക്കാരന്‍ കേസ് കൊടുത്തില്ല. പിന്നീട് സ്വയം കേസ് പിന്‍വലിക്കുന്നതിനു വേണ്ടി പ്രതിയുടെ കാല്‍ക്കല്‍ വീണതുകൊണ്ട് ഖേദം പ്രകടിപ്പിച്ചുവെന്നാണ് അവകാശവാദം.

കഥ തീരുന്നില്ല. കളവ് തീരില്ലല്ലോ. തന്റെ കാല്‍ക്കല്‍ വീണ് ഖേദം പ്രകടിപ്പിച്ച പാവത്തിനെ പിന്നെ ദ്രോഹിക്കാന്‍ പാടുണ്ടോ? അത് വഞ്ചനയാവില്ലേ? ഇതു പറഞ്ഞ നേതാവ് പിറ്റേന്ന്, ഈ പുത്രനെതിരെ മാർക്‌സിസ്റ്റു കേന്ദ്ര സമിതി നടപടിയെടുക്കണമെന്ന് ഒപ്പിട്ട് കത്തയച്ചതായി വാര്‍ത്ത. കഥയിലെ സംഭവങ്ങള്‍ ഒന്നും വിട്ടുപോകരുത്. (1) മുഖ്യമന്ത്രിയുടെ പുത്രനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തി. (2) പുത്രന്‍ മാനനഷ്ടക്കേസ് കൊടുത്തു. (3) ആ പുത്രന്‍ ഉടനെ മാനം നഷ്ടപ്പെടുത്തിയ പ്രതിയുടെ കാല്‍ക്കല്‍ വീണ് രക്ഷിക്കാന്‍ പറഞ്ഞു. (4) പ്രതി തന്റെ കുറ്റപ്പെടുത്തലില്‍ ഖേദിച്ചതായി പ്രസ്താവിക്കുന്നു. (5) പിന്നെ അദ്ദേഹം ഖേദത്തോടെ പൊറുത്ത മന്ത്രിപുത്രനെതിരായി നടപടി വേണമെന്ന് കേന്ദ്ര മാര്‍ക്‌സിസ്റ്റ് ഭരണ സമിതിക്ക് എഴുതിയിരിക്കുന്നു.

എന്തോ തലയ്ക്ക് കുഴപ്പം പറ്റിയതുപോലെ, യുക്തി ചിന്ത വനവാസത്തിനു പോയോ? പറയുന്നത് ഒന്നും മറ്റൊന്നിനോട് ഇണങ്ങുന്നില്ല. ''എരിശ്ശേരിയില്‍ ഉപ്പില്ലാഞ്ഞിട്ട് തലയണ നീക്കിവെച്ചു, എന്നിട്ടും പോയില്ല പറമ്പില്‍ കയറിയ കുരങ്ങന്‍'' എന്ന മട്ടില്‍ നേതാക്കള്‍ പ്രസ്താവിച്ചു തുടങ്ങിയിരിക്കുന്നു. കളവിനെ മൂടിവെയ്ക്കാനുള്ള ശ്രമത്തില്‍ കളവിന്റെ ബ്രഹ്മാണ്ഡ വേഷങ്ങള്‍ പുറത്തുവരുന്നു.

പത്ര പ്രവര്‍ത്തനത്തില്‍ നിന്ന് ചെറിയൊരുദാഹരണം. എന്നോട് ഒരു പത്രപ്രവര്‍ത്തകന്‍ പുന്നയൂര്‍ക്കുളത്ത് സാഹിത്യ അക്കാദമി സ്‌മാരക മന്ദിരം പണിയാതിരുന്നതിനെപ്പറ്റി ചോദിച്ചു; അക്കാദമിയും ഗവണ്‍മെന്റുമെല്ലാം കാളവണ്ടിയുടെ വേഗത്തിലേ പോവുകയുളളൂ എന്നോ മറ്റോ പണ്ട് ഞാന്‍ പറഞ്ഞത് ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയമാകയാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന എന്തെങ്കിലും ഒരു വാക്യം എന്നില്‍ നിന്നും കിട്ടണമെന്നതാണ് പത്രപ്രവര്‍ത്തകന്റെ ലക്ഷ്യമെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. അത് മനസ്സിലാക്കാത്ത ഒരാള്‍ ആ ലേഖകന്‍ മാത്രമാണ്. മറുപടിയായി ഞാന്‍ പറഞ്ഞു, 'അഡ്‌മിനിസ്‌ട്രേഷന്‍ സിസ്റ്റം' എപ്പോഴും ഈവക കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കില്ല. പോക്ക് മെല്ലെയായിരിക്കും. നാം എപ്പോഴും ഇടപെടേണ്ടിവരും' എന്നു പറഞ്ഞു.

റിപ്പോര്‍ട്ടുവന്നപ്പോള്‍ ഈ ഗവണ്‍മെന്റ് ഇതിനൊന്നും പ്രാധാന്യം നല്‍കില്ലെന്നും മെല്ലെപ്പോകലാണ് അവരുടെ രീതിയെന്നും. കാര്യങ്ങള്‍ കണ്ടത് വായിച്ചവരെല്ലാം ഈ ഗവണ്‍മെന്റിനെ ഞാന്‍ കുറ്റപ്പെടുത്തി എന്ന് വിശ്വസിക്കും. എന്നാലെന്ത്, നാലു വോട്ട് ഭരണപക്ഷത്തിന് കുറയുമെങ്കില്‍! അത് പോരേ കളവിന് പ്രതിഫലം?

ഈ റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയ പ്രത്യാഘാതം എന്തുമാകട്ടെ, കുറച്ചെങ്കിലും പേരുടെ മനസ്സില്‍ ഈ റിപ്പോര്‍ട്ടര്‍ക്കും ആ പത്രത്തിനും അല്‍പ്പമൊരു മങ്ങലും മോശത്തരവും സംഭവിക്കാതിരിക്കുമോ? വാര്‍ത്ത സൂര്യനാണെങ്കില്‍ ഒരു കടലാസുകൊണ്ട് അത് മറയ്ക്കാമെന്ന് ഇവര്‍ കരുതുന്നു.

ഇത്തരത്തില്‍ നാം പുകകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്, കാഞ്ഞിരമരങ്ങള്‍, വലുതും ചെറുതും എരിഞ്ഞു പുകയുകയാണ്.


*****


സുകുമാര്‍ അഴീക്കോട്, കടപ്പാട് :ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വക്രബുദ്ധി എന്ന പ്രതിഭാസം അത്ര അസാധാരണമൊന്നുമല്ല. പണ്ടേ മനുഷ്യരെ രണ്ടുവര്‍ഗമായി തിരിച്ചുവെച്ചിട്ടുണ്ട്. വക്രബുദ്ധിയെന്നും ഋജുബുദ്ധിയെന്നും. വളഞ്ഞ ബുദ്ധിയും നേര്‍ബുദ്ധിയും ഇന്ന് പ്രശ്‌നമായിമാറിയത്, പൊതു പ്രസ്ഥാനങ്ങളും അവയിലെ വ്യക്തികളും നേര്‍ബുദ്ധി വെടിഞ്ഞ് വളഞ്ഞ ബുദ്ധി കൈക്കൊണ്ടുവരുന്നു എന്നതുകൊണ്ടാണ്.

പണ്ട് വക്രബുദ്ധികള്‍ വിളയാടിയിരുന്നത് വ്യക്തികളുടെ ബന്ധങ്ങളിലും ഇടപാടുകളിലും കുടുംബ ബന്ധങ്ങളിലും മാത്രമായിരുന്നു. ഏഷണി കൂട്ടി സുഹൃത്തുക്കളെ അകറ്റുന്ന വക്രബുദ്ധികളെ പഞ്ചതന്ത്രത്തില്‍ അനേകം കഥകളിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. വളരെ സ്‌നേഹത്തില്‍ കഴിഞ്ഞ സിംഹത്തെയും കാളക്കുറ്റനെയും വളഞ്ഞ വഴിയിലൂടെ പിണക്കി നശിപ്പിച്ച നൃപബുകനാണ് ഈ വര്‍ഗത്തിന്റെ 'ബ്രാന്‍ഡ് അംബാസഡര്‍! അനേകം വിവാഹങ്ങള്‍ താറുമാറാക്കിയും ഇവര്‍ കുടുംബക്ഷേമം വളര്‍ത്തിപ്പോന്നിട്ടുണ്ട്.