Monday, February 14, 2011

ജനങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നു

ഈജിപ്ത് മുന്നേറ്റത്തെ ലോകമെമ്പാടുമുള്ള ജനത ആഹ്ളാദപൂര്‍വമാണ് വീക്ഷിക്കുന്നത്. മൂന്നാഴ്ചയോളമായി നടക്കുന്ന ജനകീയവിപ്ളവത്തില്‍ ദശലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും പ്രത്യേകിച്ച് യുവജനങ്ങള്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, സാധാരണക്കാര്‍, സ്ത്രീകള്‍ എന്നിവരെല്ലാം ഹൊസ്നി മുബാറക്കിന്റെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ രംഗത്തിറങ്ങി. തഹ്‌രീര്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്ന ജനക്കൂട്ടത്തിന്റെ ഊര്‍ജവും നിശ്ചയദാര്‍ഢ്യവും ധീരതയും കാണിക്കുന്നത് അവര്‍ ചരിത്രം സൃഷ്ടിക്കുന്നുവെന്നാണ്. ഈ പോരാട്ടത്തില്‍ മുന്നൂറില്‍പ്പരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

8.2 കോടി ജനസംഖ്യയുള്ള ഈജിപ്ത് ഏറ്റവും വലിയ അറബ് രാജ്യമാണ്. ചരിത്രപരമായി അറബ് രാജ്യങ്ങളുടെ രാഷ്ട്രീയ-സാംസ്കാരിക തലസ്ഥാനമാണ് ഇത്. ഈജിപ്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മേഖലയിലെ മറ്റു രാജ്യങ്ങളില്‍ നിര്‍ണായക പ്രത്യാഘാതമുണ്ടാക്കും.

1952ല്‍ സൈനികോദ്യോഗസ്ഥരുടെ വിപ്ളവം ഏറെ പഴക്കമുള്ള രാജവംശത്തിന്റെ ഭരണം അട്ടിമറിച്ചു. നാസറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ നിലവില്‍ വന്ന മതനിരപേക്ഷ അറബ് റിപ്പബ്ളിക് അറബ് ദേശീയതയുടെ പതാകവാഹകരായി. സൂയസ് കനാല്‍ പിടിച്ചെടുക്കാന്‍ തക്കംപാര്‍ത്തു കഴിയുകയായിരുന്ന പാശ്ചാത്യശക്തികളെ ഇത് രോഷംകൊള്ളിച്ചു. നാസറിന്റെ നേതൃത്വത്തില്‍ ഈജിപ്ത് ചേരിചേരാപ്രസ്ഥാനത്തിന്റെ പ്രധാന അംഗമായി. പക്ഷേ, 1970കളില്‍ ഇതിന് നാടകീയ തിരിച്ചടി നേരിട്ടു.

എഴുപതുകളില്‍ അന്‍വര്‍ സാദത്ത് ഈജിപ്ത് സമ്പദ്ഘടന പാശ്ചാത്യര്‍ക്ക് തുറന്നുകൊടുത്തു. അമേരിക്കയുടെ മുന്‍കയ്യില്‍ സാദത്ത് 1979ല്‍ ഇസ്രയേലുമായി കുപ്രസിദ്ധ കരാര്‍ ഒപ്പിട്ടു. മധ്യപൌരസ്ത്യ രാജ്യങ്ങളുടെ നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കാന്‍ ഈജിപ്ത്-ഇസ്രയേല്‍ അച്ചുതണ്ട് അമേരിക്കയ്ക്ക് നിര്‍ണായകമായി. സാദത്തിനെയും പിന്നീട് മുബാറക് ഭരണകൂടത്തെയും ഒപ്പംനിര്‍ത്താന്‍ അമേരിക്ക ശതകോടി ഡോളര്‍ ഒഴുക്കി. ഈജിപ്ത് സൈന്യത്തിനു പ്രതിവര്‍ഷം 130 കോടി ഡോളറിന്റെ സഹായമാണ് അമേരിക്കയില്‍നിന്നു ലഭിക്കുന്നത്. പലസ്തീന്‍ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ഈജിപ്ത് ഇസ്രയേലിനു കൂട്ടുനിന്നു. ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം കര്‍ക്കശമായി നടപ്പാക്കാന്‍ ഈജിപ്ത് ഭാഗത്തുനിന്ന് ഗാസയിലേക്കുള്ള പ്രവേശനമാര്‍ഗമായ റാഫ പൂര്‍ണമായി അടച്ചു.

അമേരിക്ക നടത്തിവരുന്ന 'ഭീകരതയ്ക്കെതിരായ യുദ്ധത്തിലെ' പ്രധാന സഖ്യകക്ഷിയാണ് ഈജിപ്ത്. ലോകമെങ്ങുംനിന്ന് സിഐഎ തട്ടിക്കൊണ്ടുവരുന്നവരെ മുബാറക് ഭരണകൂടം സ്വീകരിച്ച് ഈജിപ്തിലെ തടവറകളില്‍ രഹസ്യാന്വേഷണസേനയെ ഉപയോഗിച്ചു പീഡിപ്പിച്ചിരുന്നു. മുബാറക് ഭരണകൂടം അമേരിക്കയുമായി എത്രത്തോളം ഗാഢബന്ധം പുലര്‍ത്തിയിരുന്നെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു.

ടുണീഷ്യന്‍ സംഭവവികാസങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കെയ്റോ, സൂയസ്, അലക്സാന്‍ഡ്രിയ തുടങ്ങിയ നഗരങ്ങളില്‍ വന്‍പ്രകടനത്തോടെ ഈജിപ്തില്‍ ജനുവരി 25നു ജനകീയപ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍, ഈജിപ്ത് വിപ്ളവം ടുണീഷ്യയിലെ ബിന്‍അലി ഭരണകൂടത്തിന്റെ പതനത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്ന് ആഗോളമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. ടുണീഷ്യന്‍വിപ്ളവം ഈജിപ്ത് പ്രക്ഷോഭത്തിന് ഉള്‍പ്രേരകമായെന്നത് സത്യമാണ്, പക്ഷേ, ഇത് പെട്ടെന്നൊരു നാളില്‍ ആവിര്‍ഭവിച്ചതല്ല.

മൂന്നു ദശകമായി മുബാറക് ഭരണകൂടം തുടര്‍ന്നുവന്ന ഉദാരസാമ്പത്തികനയങ്ങള്‍ ജനങ്ങളെ വന്‍ദുരിതത്തില്‍ തള്ളി. ജനസംഖ്യയില്‍ 44 ശതമാനത്തിന്റെയും പ്രതിദിനവരുമാനം 100 രൂപയില്‍ താഴെയായി. തൊഴില്‍ ലഭിക്കാത്ത ചെറുപ്പക്കാരുടെ എണ്ണം റെക്കോഡായി. കാര്‍ഷികപ്രതിസന്ധി കര്‍ഷകജനതയെ തകര്‍ത്തു. ചങ്ങാത്തമുതലാളിത്ത നയം നടപ്പാക്കിയ മുബാറക് ഭരണം രാജ്യത്തെ എല്ലാവിഭവങ്ങളും കയ്യടക്കിയ ചെറുന്യൂനപക്ഷത്തിന്റെ സംരക്ഷകരായി.

ഭരണകൂടത്തെ എതിര്‍ത്ത രാഷ്ട്രീയപാര്‍ടികളെയും ഗ്രൂപ്പുകളെയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധാരണക്കാരുടെ പോരാട്ടങ്ങള്‍ വളര്‍ന്നുവന്നു. തൊഴിലാളിവര്‍ഗപ്രസ്ഥാനമാണ് ഏറ്റവും കടുത്ത അടിച്ചമര്‍ത്തല്‍ നേരിട്ടത്. ഔദ്യോഗികമായി പ്രോത്സാഹനം നല്‍കിയ ട്രേഡ് യൂണിയന്‍ ഫെഡറേഷനില്‍ അഫിലിയേഷന്‍ ചെയ്ത ട്രേഡ് യൂണിയനുകള്‍ക്കു മാത്രമാണ് പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചത്. മൃഗീയമായ ഈ അടിച്ചമര്‍ത്തലിനെതിരെ 1980കളിലും '90കളിലും തൊഴിലാളികള്‍ ഉണര്‍ന്നെഴുന്നേറ്റു. കഴിഞ്ഞ ദശകത്തോടെ തൊഴിലാളികളുടെ രോഷപ്രകടനം ശക്തമായി
.ആഗോളസാമ്പത്തിക പ്രതിസന്ധി ഈജിപ്തിലെ തൊഴിലാളി വര്‍ഗത്തെ വളരെ മോശമായി ബാധിച്ചു. നൂറുകണക്കിനു ഫാക്ടറി അടച്ചുപൂട്ടി. 2008 മുതല്‍ തൊഴിലാളിപ്രക്ഷോഭങ്ങള്‍ തീക്ഷ്ണമായി. അക്കൊല്ലം ഏപ്രില്‍ ആറിന് മഹല്ല അല്‍ കുബ്ര നഗരത്തില്‍ തൊഴിലാളികള്‍ നടത്തിയ ചരിത്രപരമായ പണിമുടക്ക് ഉശിരന്‍ മുന്നേറ്റമായി. 28,000 തൊഴിലാളികള്‍ മഹല്ലയില്‍ നടത്തിയ പണിമുടക്കിനെ ഭരണകൂടം കിരാതമായ നിലയില്‍ നേരിട്ടു. പക്ഷേ, നദീതട മേഖലയിലെ മറ്റു നഗരങ്ങളിലും സമാനമായ പ്രക്ഷോഭങ്ങള്‍ ഉയരാന്‍ മഹല്ലസമരം വഴിയൊരുക്കി. 2009ല്‍ 478 വ്യവസായപ്രക്ഷോഭം നടന്നു എന്നതില്‍നിന്ന് തൊഴിലാളികളുടെ പോരാട്ടത്തിന്റെ തീവ്രത മനസ്സിലാക്കാം. അടച്ചിട്ട ഫാക്ടറികളില്‍ 184 കുത്തിയിരിപ്പു സമരം, 123 പണിമുടക്ക്, 79 പ്രകടനം, 27 റാലി എന്നിവ ഇതില്‍പ്പെടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം തൊഴിലില്ലാത്തവരുടെ എണ്ണം പെരുകിയതിനോടൊപ്പം റൊട്ടിയുടെയും ഭക്ഷ്യഎണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വില കുതിച്ചുയര്‍ന്നു. മുബാറക് ഭരണം നേരിട്ട രാഷ്ട്രീയപ്രതിസന്ധിക്ക് കാരണമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യമിതാണ്.

ഇസ്ളാമിക തീവ്രവാദികളെയാണ് പ്രക്ഷോഭത്തിനു കാരണക്കാരായി മുബാറക് ഭരണകൂടം കുറ്റപ്പെടുത്തിയത്. ജനാധിപത്യത്തിനുവേണ്ടി പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്രസ്ഥാനമായി തഹ്രിര്‍ ചത്വരപ്രക്ഷോഭത്തെ പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. രണ്ടും ശരിയായ നിഗമനമല്ല. ഇത് യഥാര്‍ഥ ജനകീയമുന്നേറ്റമായി മാറിയതിനു പിന്നില്‍ നിരവധി ധാരയുണ്ട്. മഹല്ല തൊഴിലാളികളുടെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ന്നുവന്നതാണ് യുവാക്കളുടെയും യുവതികളുടെയും ഏപ്രില്‍ ആറ് സമിതി. ഈ മുന്നേറ്റത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത് ഏപ്രില്‍ ആറ് സമിതിയാണ്. തൊഴിലാളിവര്‍ഗപ്രസ്ഥാനവും പൊതുജനാധിപത്യപ്രസ്ഥാനവും തമ്മിലുള്ള കണ്ണിയായി വര്‍ത്തിച്ചത് ഈ സമിതിയാണ്. പൊലീസ് പീഡനത്തില്‍ മരിച്ച യുവാവിന്റെ പേരില്‍ ഉയര്‍ന്നുവന്ന 'ഞങ്ങളെല്ലാം ഖാലിദ് സെയ്ദുമാരാണ്' എന്ന പ്രസ്ഥാനമാണ് മറ്റൊരു നിര്‍ണായക സമിതി. ഏകാധിപത്യത്തിനെതിരായും പൌരസ്വാതന്ത്ര്യത്തിനുവേണ്ടിയുമുള്ള പോരാട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നത് ഇവരാണ്. പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള ഇടത്തരക്കാര്‍, ബുദ്ധിജീവികള്‍, വൈറ്റ്കോളര്‍ ജീവനക്കാര്‍ എന്നിവരും ജനകീയപ്രസ്ഥാനത്തിന് കരുത്തുപകര്‍ന്നു. മുന്നേറ്റത്തിന്റെ മുദ്രാവാക്യങ്ങളും ആവശ്യങ്ങളും തീരുമാനിച്ചത് തികച്ചും മതനിരപേക്ഷമായാണ്. 'പ്രക്ഷോഭദിനമായി' പ്രഖ്യാപിച്ച ജനുവരി 25ന് ഉയര്‍ത്തിയ ഒന്നാമത്തെ ആവശ്യം പ്രതിമാസ കുറഞ്ഞകൂലി 1200 ഈജിപ്ത് പൌണ്ടായി ഉയര്‍ത്തുക, തൊഴിലില്ലാത്തവര്‍ക്ക് സബ്സിഡികള്‍ നല്‍കുക എന്നിവയായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കുക, തടവുകാരെ വിട്ടയക്കുക, പാര്‍ലമെന്റ് പിരിച്ചുവിടുക, ഭരണഘടന പൊളിച്ചെഴുതുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങള്‍. പ്രധാന പ്രതിപക്ഷകക്ഷിയായ മുസ്ളിം ബ്രദര്‍ഹുഡിന്റെ മുന്‍കയ്യില്‍ ആരംഭിച്ച പ്രസ്ഥാനമല്ല ഇത്. അവര്‍ പിന്നീട് അണിചേരുകയായിരുന്നു. മതനിരപേക്ഷ, ജനാധിപത്യ കക്ഷികളും ഉള്‍പ്പെട്ട 'മാറ്റത്തിനു വേണ്ടിയുള്ള ദേശീയ മുന്നണിയിലെ' ഒരു ഘടകകക്ഷി മാത്രമാണ് ബ്രദര്‍ഹുഡ്. രാഷ്ട്രീയമാറ്റത്തിനു വേണ്ടിയുള്ള കൂടിയാലോചനകള്‍ നടത്താനായി രൂപീകരിച്ച സമിതിയുടെ തലവനായി മുഹമ്മദ് അല്‍ബറാദേയിയെ നിയോഗിച്ചത് ഈ സംഘടനയെല്ലാം ചേര്‍ന്നാണ്.

പ്രക്ഷോഭം തുടങ്ങിയശേഷം മുബാറക് നിയോഗിച്ച വൈസ് പ്രസിഡന്റ് ഒമര്‍ സുലൈമാന്‍ ചര്‍ച്ചകളില്‍ പ്രതിപക്ഷകക്ഷികള്‍ക്കു മുന്നില്‍ ഏതാനും വാഗ്ദാനം വച്ചു. ശമ്പളവര്‍ധന, റൊട്ടിയുടെ വിലകുറയ്ക്കാന്‍ നടപടി തുടങ്ങിയ സൌജന്യങ്ങളാണ് ജനകീയപ്രസ്ഥാനത്തിന്റെ രാഷ്ട്രീയാവശ്യങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഭരണകൂടം മുന്നോട്ടുവച്ചത്.

ഈജിപ്ത് വിപ്ളവം ഒബാമസര്‍ക്കാരിനെ അങ്ങേയറ്റം അത്ഭുതപ്പെടുത്തി. ഈജിപ്ത് ഭരണകൂടത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും മുബാറക്കിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ വന്‍തോതില്‍ സ്വത്ത് കുന്നുകൂട്ടുന്നതായും അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വാഷിങ്ടണിലേക്ക് സന്ദേശങ്ങള്‍ അയച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തിയെങ്കിലും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ക്ക് ഒരു ധാരണയുമില്ലായിരുന്നു. പ്രക്ഷോഭം ഒരാഴ്ച പിന്നിട്ടപ്പോള്‍ മുബാറക് ഇടക്കാല സര്‍ക്കാരിനായി വഴിമാറണമെന്ന് അമേരിക്ക തീരുമാനിച്ചു. ഇസ്രയേലുമായുള്ള ഈജിപ്തിന്റെ ബന്ധത്തെ ബാധിക്കാത്ത വിധത്തില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പുതിയ സംവിധാനമുണ്ടാകണമെന്നാണ് 'ക്രമപ്രകാരമുള്ള ഭരണമാറ്റം' എന്ന പ്രയോഗം വഴി അമേരിക്ക ഉദ്ദേശിച്ചത്. കുപ്രസിദ്ധനായ രഹസ്യാന്വേഷണമേധാവിയും പുതിയ വൈസ് പ്രസിഡന്റുമായ ഒമര്‍ സുലൈമാനെ ഇടക്കാല സര്‍ക്കാരിന്റെ തലവനാക്കാന്‍ അമേരിക്ക കരുക്കള്‍ നീക്കിയത് ഈ ലക്ഷ്യത്തോടെയാണ്.

ടുണീഷ്യയുടെ കാര്യത്തില്‍നിന്ന് വ്യത്യസ്തമായി ഈജിപ്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും വന്‍തോതിലുള്ള താല്‍പ്പര്യങ്ങളുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രപ്രധാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാജ്യമായി ഈജിപ്ത് തുടരുന്നതിന് കഴിയുന്നതെല്ലാം അവര്‍ ചെയ്യും. ഇതിനായി അമേരിക്ക ഈജിപ്തിലെ ഭരണവര്‍ഗവുമായും സൈന്യവുമായും ഇടപാടുകള്‍ നടത്തും.

ഈജിപ്ത് സംഭവവികാസങ്ങളെപ്പറ്റി വളരെ മോശമായ നിലയിലുള്ള നിഗമനങ്ങളാണ് ഉറുദു മാധ്യമങ്ങളില്‍ ഒരുവിഭാഗവും ഇന്ത്യയിലെ ചില മുസ്ളിം മതനേതാക്കളും പ്രചരിപ്പിക്കുന്നത്. മുബാറക്കിനെ പുറത്താക്കാന്‍ അമേരിക്ക ആസൂത്രണം ചെയ്തതാണ് ഈജിപ്ത് മുന്നേറ്റമെന്ന് ഉറുദു പത്രങ്ങളിലെ ചില പംക്തികാരന്മാര്‍ പറയുന്നു. ഉടന്‍ തന്നെ ഭരണമാറ്റം ഉണ്ടാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ പ്രസ്താവന ഇതിനുള്ള തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ പ്രക്ഷോഭം ഒരാഴ്ച പിന്നിട്ടപ്പോള്‍, തങ്ങള്‍ക്കുണ്ടാകുന്ന കോട്ടം പരിമിതപ്പെടുത്താനാണ് തങ്ങളുടെ വിശ്വസ്തനായ മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടതെന്ന വസ്തുത ഇത്തരം പ്രചാരകര്‍ അവഗണിക്കുന്നു. മുബാറക് പിന്തുടര്‍ന്ന വിദേശനയങ്ങളുടെ ബലത്തില്‍ തങ്ങള്‍ നേടിവന്ന കാര്യങ്ങള്‍ നിലനിര്‍ത്താന്‍ സൈന്യത്തിന്റെ സഹായത്തോടെ പുതിയ സര്‍ക്കാരിനെ കൊണ്ടുവരിക മാത്രമാണ് വഴിയെന്നും ജനാധിപത്യപരമായ തെരഞ്ഞെടുപ്പു വഴി ഇതിനു സാധിക്കില്ലെന്നുംഅമേരിക്ക കണ്ടു. ജനുവരി 25ന് ആരംഭിച്ച ജനകീയപ്രക്ഷോഭത്തെ അമേരിക്കയുടെ ഗൂഢാലോചനയായി കാണുന്നത് അവിവേകമാണെന്ന് ഇതില്‍നിന്നു വ്യക്തം. സൌദി അറേബ്യയുടെ സ്വാധീനം കാരണമാണ് മുബാറക്കിനെ സംരക്ഷിക്കാന്‍ ചില മതപണ്ഡിതര്‍ ശ്രമിച്ചത്. അറബ് ജനതയുടെ വിപ്ളവം സൌദി രാജകുടുംബത്തെ സ്തബ്ധരാക്കിയിരിക്കയാണ്. ഇസ്ളാം മതമൌലികവാദവും അമേരിക്കന്‍ വിധേയത്വവും കൂടിച്ചേര്‍ന്ന സൌദി ഏകാധിപത്യഭരണം വെല്ലുവിളി നേരിടുകയാണ്. ശക്തമായ മതനിരപേക്ഷ, ജനാധിപത്യശക്തികള്‍ക്കും ഇസ്ളാമിനും സഹവര്‍ത്തിത്വത്തോടെ ഒന്നിച്ചുനീങ്ങാന്‍ കഴിയുമെന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈജിപ്ത് മുന്നേറ്റം.

മാര്‍ക്സ് എഴുതി: "മനുഷ്യന്‍ അവന്റെ സ്വന്തം ചരിത്രം സൃഷ്ടിക്കുന്നു, പക്ഷേ അവര്‍ ആഗ്രഹിക്കുന്ന രീതിയിലല്ല ഇത് സൃഷ്ടിക്കുന്നത്; അവര്‍ സ്വയം തെരഞ്ഞെടുക്കുന്ന സാഹചര്യങ്ങളിലുമല്ല ഇത് ചെയ്യുന്നത്. എന്നാല്‍, ഭൂതകാലത്തില്‍നിന്ന് പ്രക്ഷേപണം ചെയ്യപ്പെടുകയും ലഭിക്കുകയും നേരിടേണ്ടിവരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍''. ഈജിപ്ത് ജനത ചരിത്രം സൃഷ്ടിക്കുകയാണ്, പക്ഷേ, ചരിത്രസംഭവങ്ങളും ഭൂതകാല സാഹചര്യങ്ങളും ചേര്‍ന്നാണ് ചരിത്രത്തെ വ്യവസ്ഥപ്പെടുത്തുന്നത്. കോളനിവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും മതനിരപേക്ഷതയുടെയും ചരിത്രം ഈജിപ്തിനുണ്ട്. തൊഴിലാളിവര്‍ഗപ്രസ്ഥാനം നേരിട്ട മൃഗീയ അടിച്ചമര്‍ത്തലുകളുടെയും ജനാധിപത്യശക്തികളെ കടുത്ത നിയന്ത്രണത്തിനു വിധേയമാക്കിയതിന്റെയും ചരിത്രവും ഈജിപ്തിനുണ്ട്. കഴിഞ്ഞ 40 വര്‍ഷം മധ്യപൌരസ്ത്യനാടുകളില്‍ അമേരിക്കയുടെ വിനീതദല്ലാളായി നിലകൊണ്ട ചരിത്രവും ഈജിപ്തിനുണ്ട്. നവഉദാരവല്‍ക്കരണനയങ്ങള്‍ സൃഷ്ടിച്ച കെടുതികളും ഈജിപ്ത്ജനത അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളുടെയെല്ലാം മുദ്രകള്‍ പേറുന്നതാണ് ജനുവരി 25 പ്രസ്ഥാനം. തങ്ങളുടെ ഭാവി മാറ്റിമറിക്കാനുള്ള ഈജിപ്ത് ജനതയുടെ പ്രക്ഷോഭം ശരിയായ ദിശയിലുള്ളതാണ്. പക്ഷേ, സുദീര്‍ഘമായ പോരാട്ടത്തിനായി അവര്‍ തയ്യാറെടുക്കണം. വിപ്ളവകരമായ മാറ്റം സാധ്യമല്ലെങ്കിലും പഴയ സംവിധാനത്തിലേക്ക് അവര്‍ക്ക് തിരിച്ചുപോകാനാകില്ല. എത്രത്തോളം മാറ്റം പിടിച്ചെടുക്കാന്‍ കഴിയുമെന്നത് യോജിച്ച പോരാട്ടങ്ങളുടെ കരുത്തിനെയും പ്രാപ്തിയെയും ആശ്രയിച്ചിരിക്കുന്നു.


*****

പ്രകാശ് കാരാട്ട്

2 comments:

SMASH said...

""ഈജിപ്ത് സംഭവവികാസങ്ങളെപ്പറ്റി വളരെ മോശമായ നിലയിലുള്ള നിഗമനങ്ങളാണ് ഉറുദു മാധ്യമങ്ങളില്‍ ഒരുവിഭാഗവും ഇന്ത്യയിലെ ചില മുസ്ളിം മതനേതാക്കളും പ്രചരിപ്പിക്കുന്നത്. മുബാറക്കിനെ പുറത്താക്കാന്‍ അമേരിക്ക ആസൂത്രണം ചെയ്തതാണ് ഈജിപ്ത് മുന്നേറ്റമെന്ന് ഉറുദു പത്രങ്ങളിലെ ചില പംക്തികാരന്മാര്‍ പറയുന്നു""

ഇത് എന്തുകൊണ്ടായിരിക്കാം?

FILL THE LACUNA said...

The progress in middle east is commendable. But the Government of Bahrain brutally attack the people with out any mercy. In these developments, Our Chinese Government started to close all the loops for people agitation. Very early they warned the entry of Social net working sites in their Country. Even now people don't have the right to search the names Egypt, Tunisia, Jasmine etc. Where is the right of people and in this occasion what is Your commend about the rights of people. Any way after the emergence of Capitalism and Communalism - an era has come - which is Knowledge era. A third factor - that is knowledge which is beyond capital and labor. So let's decide, what we - the people of globe can do for raising human rights .....?