Wednesday, February 9, 2011

കരുണാകരന്റെ കരുനീക്കം

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

ഭാര്യയുടെ വിയോഗത്തിനുശേഷം ഒരാഴ്ച മാത്രമെ ഞാന്‍ എല്ലാം നിര്‍ത്തിവച്ച് വീട്ടില്‍ ഇരുന്നിട്ടുള്ളൂ. ഒരാഴ്ച കഴിഞ്ഞ് എല്ലാം സഹിച്ചും മറക്കാന്‍ ശ്രമിച്ചും വേദന കടിച്ചമര്‍ത്തി കൂടുതല്‍ ഊര്‍ജസ്വലത കൈവരിച്ച് രംഗത്തിറങ്ങി വീണ്ടും പൊതുപ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം പോയത് പൊന്നാനിയില്‍ പി ടി മോഹനകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. പിന്നെ പ്രവര്‍ത്തനവും പ്രസംഗവും പ്രചാരണവുംതന്നെ. ദേശീയ രാഷ്ട്രീയവും കേരള രാഷ്ട്രീയവും ഇന്ദിരാ കോണ്‍ഗ്രസിന് അനുകൂലമായി മാറിവരുന്ന, ഏറ്റവും നല്ല സ്ഥിതിയാണ് പിന്നീടുണ്ടായത്. ഇന്ദിരാകോണ്‍ഗ്രസിന് മറ്റു കോണ്‍ഗ്രസ് ഗ്രൂപ്പുകളെക്കാള്‍ ശക്തമായ മുന്നേറ്റം തന്നെയുണ്ടായി. ഇന്ത്യയൊട്ടുക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കണ്ടത്. കോണ്‍ഗ്രസ് ഐക്കാര്‍ "ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ'' എന്ന് ഉറക്കെ മുദ്രാവാക്യം മുഴക്കി ആസേതുഹിമാചലം ആവേശംകൊണ്ടു.

എന്നാല്‍ കേരളത്തില്‍ സിപിഐ എമ്മിന്റെ ശക്തമായ അടിത്തറയും അതിനോട് സിപിഐയും ആന്റണി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മുംകൂടി ചേര്‍ന്നപ്പോള്‍ ഉണ്ടായ മിടുക്കും കോണ്‍ഗ്രസ് ഐ യുടെ മുന്നേറ്റത്തെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ് ഐയുടെ കൂടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഈ സാഹചര്യത്തിലാണ് 1980ലെ പൊതുതെരഞ്ഞെടുപ്പു വന്നത്. കേന്ദ്രത്തിലും കേരളത്തിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരവേല നടന്നത്. എന്നാല്‍ നോമിനേഷന്‍ തീയതിയും പോളിങ് തീയതിയും വ്യത്യാസമുണ്ടായിരുന്നു, ആദ്യം പാര്‍ലമെന്റും പിന്നെ കേരളവും. അഖിലേന്ത്യാടിസ്ഥാനത്തില്‍ ജനതാപാര്‍ടിയും ഗവണ്‍മെന്റും തകര്‍ന്നു ചിന്നിച്ചിതറിക്കിടക്കുന്നു. ഉറച്ച ഭരണത്തിനുവേണ്ടി ജനങ്ങള്‍ എല്ലാം മറന്നു ഇന്ദിരാഗാന്ധിക്ക് പിന്തുണ നല്‍കുന്ന കാഴ്ചയാണ് അന്ന് നാം കണ്ടത്. ചുരുക്കത്തില്‍ ഒരു ഇന്ദിരാതരംഗം തന്നെ അടിച്ചുവീശി.

എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഐയും മുസ്ളിംലീഗും മാത്രം ഒരു വശത്തും മറ്റുള്ളവരെല്ലാം ചേര്‍ന്നുള്ള ഇടതുപക്ഷ മുന്നണി മറു ഭാഗത്തും നേരിട്ടുള്ള പോരാട്ടമായിരുന്നു. കോണ്‍ഗ്രസ് ഐ മുന്നണി ശക്തമാണെങ്കിലും ഈ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഇടതുപക്ഷ മുന്നണിയില്‍ ജനശക്തികൊണ്ട് വലിയ പാര്‍ടി സിപിഐ എം തന്നെയായിരുന്നു. പക്ഷേ ശബ്ദകോലാഹലങ്ങളും വിപ്ളവ വായാടിത്തവുംകൊണ്ട് ആന്റണി കോണ്‍ഗ്രസ് അരങ്ങ് തകര്‍ക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയെ രാക്ഷസി എന്നുവരെ അവര്‍ ആര്‍ത്തുവിളിച്ചു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും രാജനെ ഉരുട്ടിക്കൊന്ന സംഭവവും മറ്റും ആന്റണികോണ്‍ഗ്രസുകാര്‍ വിശദീകരിക്കുന്നതു കേട്ട് ജനം ലജ്ജിച്ചു തലതാഴ്ത്തി.

സ്ഥാനാര്‍ഥി നിര്‍ണയത്തിനുവേണ്ടി കോണ്‍ഗ്രസ് ഐയുടെ സംസ്ഥാന എക്സിക്യൂട്ടിവ് എറണാകുളത്ത് വിളിച്ചുചേര്‍ത്തു. ഞാനും ഗാംഗാധരനുമാണ് മലപ്പുറം ജില്ലയില്‍നിന്ന് കമ്മിറ്റിയില്‍ ഉള്ളത്. ചര്‍ച്ച ആരംഭിച്ചു. തെക്കുനിന്ന് ജില്ലതിരിച്ച് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച്, മലപ്പുറം ജില്ലയിലെത്തി ചര്‍ച്ച. സാധ്യതകളെപ്പറ്റിയുള്ള റിപ്പോര്‍ട് ഞാനാണ് അവതരിപ്പിച്ചത്. ആകെയുള്ള പന്ത്രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് ഐക്ക് മത്സരസാധ്യതയുള്ള രണ്ടു സീറ്റുകള്‍ പൊന്നാനിയും നിലമ്പൂരുമാണെന്ന് ഞാന്‍ പറഞ്ഞു. യാതൊരു ചര്‍ച്ചക്കും ഇടംകൊടുക്കാതെ കരുണാകരന്‍ ഇടപെട്ടു പറഞ്ഞു, "ഒന്നും ആലോചിക്കേണ്ട, നിലമ്പൂരില്‍ ഡിസിസിഐ പ്രസിഡന്റ് ടി കെ ഹംസയും പൊന്നാനിയില്‍ ഖജാന്‍ജി മോഹനകൃഷ്ണനും മത്സരിക്കട്ടെ'' എന്ന്. രണ്ടും പരാജയപ്പെടുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ശിഷ്യനായിരുന്ന എം പി ഗംഗാധരന്‍ ജയിച്ചിരുന്ന പൊന്നാനിയില്‍നിന്ന് മാറ്റി പട്ടാമ്പി സീറ്റ് കൊടുത്തു. അത് കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതാന്‍ ന്യായങ്ങളുണ്ടായിരുന്നു.

നിലമ്പൂരില്‍ ഞാനും പൊന്നാനിയില്‍ മോഹനകൃഷ്ണനും നോമിനേഷന്‍ കൊടുത്തു പ്രചാരണം ആരംഭിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുന്നതിനിടയില്‍ പാര്‍ലമെന്റ തെരഞ്ഞെടുപ്പിലെ പോളിങ്ദിനം വന്നു. പോളിങ് കഴിഞ്ഞ് രണ്ടു മൂന്ന് ദിവസം കൊണ്ട് ഇന്ത്യ ആകമാനം പാര്‍ലമെന്റ് ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഐ ക്ക് അത്ഭുതകരമായ മുന്നേറ്റം തന്നെ. ഭൂരിപക്ഷം സീറ്റുകളും ജയിച്ചു. ഇന്ദിരാഗാന്ധി വലിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വലിയ ചര്‍ച്ചകളൊന്നും കൂടാതെ ഇന്ദിരാഗാന്ധി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 1980 ജനുവരിയില്‍ തന്നെ ഇന്ദിര പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കേന്ദ്രത്തില്‍ ഇന്ദിരാ ഗവണ്‍മെന്റ് അധികാരത്തില്‍ തിരിച്ചുവന്നപ്പോഴും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരവേല നടന്നുകൊണ്ടിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയായ ഉടനെത്തന്നെ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലേക്ക് വന്നു. മിക്ക നിയോജകമണ്ഡലങ്ങളിലും അവര്‍ പ്രസംഗിച്ചു. ആ കൂട്ടത്തില്‍ നിലമ്പൂര്‍ മണ്ഡലത്തിലും വന്നു. നിലമ്പൂരിലെ എംഎസ്‌പി മൈതാനിയില്‍ ചേര്‍ന്ന വമ്പിച്ച റാലിയെ അവര്‍ അഭിസംബോധനചെയ്തു. യോഗത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അവരോട് എനിക്ക് വോട്ടുചെയ്യാന്‍ അവര്‍ അഭ്യര്‍ഥിച്ചു. ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് അത് സ്വീകരിച്ചത്. പക്ഷേ ഇടതുപക്ഷ മുന്നണിയും ആന്റണി കോണ്‍ഗ്രസും മാണി കേരളയും കൂടി ചേര്‍ന്ന സഖ്യത്തിന്റെ കോട്ട തകര്‍ക്കാന്‍ കഴിഞ്ഞില്ല. നിലമ്പൂരില്‍ ഞാന്‍ ആറായിരം വോട്ടിന് പരാജയപ്പെട്ടു. സി ഹരിദാസാണ് അന്ന് വിജയിച്ചത്. പൊന്നാനിയില്‍ മോഹനകൃഷ്ണനും പരാജയം ഏറ്റുവാങ്ങി. എന്നാല്‍ പട്ടാമ്പിയില്‍ കരുണാകരന്റെ അന്നത്തെ ഇഷ്ടതോഴന്‍ എം പി ഗംഗാധരന്‍ വിജയിച്ചു.

ഈ പൊതുതെരഞ്ഞെടുപ്പ് ചൂടില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടി. 25-1-80ല്‍ സ. നായനാര്‍ മുഖ്യമന്ത്രിയായി ഗവണ്‍മെന്റ് നിലവില്‍വന്നു. ആ ഗവണ്‍മെന്റില്‍ ആന്റണി കോണ്‍ഗ്രസില്‍നിന്ന് ആര്യാടന്‍ മുഹമ്മദ് വനവും തൊഴിലും വകുപ്പ് മന്ത്രിയായി. അദ്ദേഹം അസംബ്ളിയില്‍ അംഗമായിരുന്നില്ല. അംഗമല്ലാതെ ആറുമാസത്തിലധികം മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടുള്ളതല്ല. അതിനാല്‍ ആര്യാടന് നിയമസഭാംഗമാകാന്‍വേണ്ടി സി ഹരിദാസ് രാജിവച്ചു. നിലമ്പൂരില്‍ 1981ല്‍ ഉപതെരഞ്ഞെടുപ്പുവന്നു.

1980 ജനുവരിയില്‍ ഞാന്‍ നിലമ്പൂരില്‍ പരാജയപ്പെട്ടപ്പോള്‍തന്നെ കരുണാകരന്റെയും ഗംഗാധരന്റെയും സ്വഭാവത്തില്‍ മാറ്റംവരാന്‍ തുടങ്ങിയതായി ഞാന്‍ മനസിലാക്കുകയുണ്ടായി. പരാജയപ്പെട്ടത് എന്റെ പോരായ്മകൊണ്ടാണെന്നും വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്നും അണികള്‍ക്കിടയില്‍ കരുണാകരന്റെ ചില പ്രഭൃതികള്‍ കുശുകുശുപ്പ് തുടങ്ങിക്കഴിഞ്ഞു. ഈ കുത്തിത്തിരുപ്പുരാഷ്ട്രീയം കരുണാകരന്റെ ജീവിതത്തിലുടനീളം പരിശോധിച്ചാല്‍ കാണാവുന്നതാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം സംഘടന ശക്തിപ്പെടുത്തുന്നതിനെസംബന്ധിച്ച് ഒരു അന്വേഷണവും ചര്‍ച്ചയുംതെളിവെടുപ്പും നടന്നു. കരുണാകരനും ചാണ്ടിസാറും പങ്കെടുത്തിരുന്നു. തെളിവെടുപ്പിന് അവസാനം കരുണാകരന്‍ എന്നെ ഒറ്റക്ക് വിളിച്ച് പറയുകയാണ്, "നിങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറണം, കമ്മിറ്റി പുനഃസംഘടിപ്പിക്കണം'' എന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം എന്ന്.ഇതു കേട്ടപ്പോള്‍ എന്റെ നിഷ്കളങ്കത കൊണ്ട് ഞാന്‍ പറഞ്ഞു, സംഘടന മെച്ചപ്പെടാന്‍ എന്ത് തീരുമാനം എടുക്കുന്നതിനും എനിക്ക് സമ്മതമാണ്. ഞാന്‍ പ്രസിഡന്റ്സ്ഥാനം ഇന്നുതന്നെ ഒഴിഞ്ഞതായി കണക്കാക്കി കമ്മിറ്റി പുനഃസംഘടിപ്പിക്കണം. കരുണാകരന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി. കെപിസിസി പ്രസിഡന്റ് കെ എം ചാണ്ടിസാര്‍ ഒന്നും മിണ്ടാതെ ഗൌരവത്തില്‍ ഇരിക്കുന്നതാണ് കണ്ടത്.

ഈ നടപടി മനഃപൂര്‍വം ആസൂത്രിതമായി ഒപ്പിച്ചതാണെന്ന് പിന്നീട് എനിക്ക് ബോധ്യമായി. രണ്ടുദിവസം കഴിഞ്ഞ് കെപിസിസി ഐ ഓഫീസില്‍നിന്ന് പുതിയ കമ്മിറ്റി നോമിനേറ്റ്ചെയ്തു ഉത്തരവ് കൈയില്‍ കിട്ടി. അതില്‍ എം പി ഗംഗാധരന്‍ പ്രസിഡന്റും ഞാന്‍ സെക്രട്ടറിമാരില്‍ ഒരാളും. ഇത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ എനിക്കെതിരായ രണ്ടാമത്തെ കുതികാല്‍വെട്ടായിരുന്നു. ഒന്നമത്തേത് കെഎസ്‌യു ജില്ലാപ്രസിഡന്റ് തെരഞ്ഞെടുപ്പിലായിരുന്നു. അത് മുമ്പ് വിവരിച്ചിട്ടുണ്ട്. തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലാണെന്ന വ്യാജേന നടത്തിയ ഈ കാലുവാരല്‍ എനിക്ക് വലിയ അപമാനമായി തോന്നി. ഈ ചതി എന്തിനായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി.ഞാന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നാല്‍ എപ്പോഴും ജില്ലയില്‍ ഒന്നാംസ്ഥാനത്തിനര്‍ഹനാണല്ലോ. അതില്ലാതാക്കണം, ഗംഗാധരനെ പട്ടാമ്പിയില്‍നിന്ന് മലപ്പുറത്തേക്ക് തിരിച്ചുകൊണ്ടുവരണം, ഇതായിരുന്നു രഹസ്യ അജന്‍ഡ.

അതിനിടയില്‍ നിലമ്പൂരില്‍ ആര്യാടനുവേണ്ടിയുള്ള ഉപതെരഞ്ഞെടുപ്പു വന്നു. കോണ്‍ഗ്രസ് ഐയ്ക്കുവേണ്ടി സ്ഥാനാര്‍ഥിയെപ്പറ്റി പല ആലോചനകളും നടത്തി. അവസാനം യൂത്ത്കോണ്‍ഗ്രസ് ഐ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നിശ്ചയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു. നേതാക്കന്മാരുടെ ബാഹുല്യം, പണക്കൊഴുപ്പ്, ഇരുഭാഗത്തിന്റെയും സമ്മര്‍ദം എല്ലാം കൂടി നിലമ്പൂരിലെ ജനങ്ങള്‍ ശ്വാസംമുട്ടി കഷ്ടത്തിലായി. ഞാന്‍ ഒരു അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോട് നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ സത്യസന്ധമായി ചെയ്തുവന്നു.

അവസാനം പോളിങ് കഴിഞ്ഞ് വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 19800 വോട്ടിന് പരാജയപ്പെട്ടു. അതും കരുണാകരന്‍ നേരിട്ടു തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തപ്പോഴാണ് ഈ സ്ഥിതി വന്നത്. ഒരു കൊല്ലം മുമ്പ് ഞാന്‍, ഒരു നേതാവിന്റെയും അകമ്പടിയില്ലാതെ, പണക്കൊഴുപ്പില്ലാതെ മത്സരിച്ചപ്പോള്‍ വെറും 6000 വോട്ടിനാണ് പരാജയപ്പെട്ടത്.

ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ കോണ്‍ഗ്രസ് ഐ പ്രവര്‍ത്തനം ജില്ലയില്‍ വട്ടപ്പൂജ്യമാണെന്ന് ബോധ്യമായി. ഡിസിസി ഐ ഓഫീസ് ആഴ്ചയില്‍ ഒരു ദിവസം മാത്രം, ഗംഗാധരന്‍ തിരുവനന്തപുരത്തുനിന്ന് വരുന്ന ദിവസം മാത്രം തുറക്കുന്ന ഓഫീസായി മാറി. നാലു സെക്രട്ടറിമാരില്‍ ഒരാളായ ഞാന്‍ കൂടുതല്‍ അധ്വാനിച്ച് പാര്‍ടിയെ ക്ഷീണിപ്പിക്കേണ്ടതില്ലെന്ന് കരുതി കുറച്ചു മാറിനിന്നു.

ആറുമാസം തികയുന്നതിനു മുമ്പ് ഇടതുപക്ഷ- ആന്റണി കോണ്‍ഗ്രസ് മുന്നണിയില്‍ മുറുമുറുപ്പും തൊഴുത്തില്‍കുത്തും തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും ആന്റണി കോണ്‍ഗ്രസിനാണ് രോഗം. ഇന്ദിരാ കോണ്‍ഗ്രസ് ഇന്ത്യയില്‍ ഭൂരിപക്ഷം നേടുകയും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്തപ്പോള്‍ തന്നെ ഭിക്ഷാംദേഹികളായ അവസരവാദികള്‍ക്ക് അധികാരത്തിന്റെ അഭിനിവേശം തുടങ്ങിക്കഴിഞ്ഞിരുന്നു. അവര്‍ കോണ്‍ഗ്രസ് ഐ യിലേക്ക് ചേക്കേറാനുള്ള ഗൂഢനീക്കങ്ങള്‍ തുടങ്ങി.

കുശാഗ്രബുദ്ധിയായ കരുണാകരന്‍ ഈ അവസരം ഉപയോഗിക്കാനുള്ള കരുനീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇടതുപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാതെ ഒരിക്കലും രക്ഷയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ആന്റണിയും മാണിയും വിളിച്ചാല്‍ പടിയിറങ്ങാന്‍ കാത്തുകിടക്കുകയായിരുന്നു.

കേരളത്തിലാകമാനം കോണ്‍ഗ്രസ് ഐക്ക് അനുകൂലമായ സ്ഥിതി വരുന്നു. ഭരണം മാറും എന്ന സൂചനയും ജനങ്ങള്‍ക്കിടയില്‍ പരന്നു. പക്ഷേ മലപ്പുറം ജില്ലയിലെ സംഘടന മൃതപ്രായമായിക്കിടക്കുന്നു എന്ന് കരുണാകരന്‍ മനസ്സിലാക്കി. അങ്ങനെ ഒരു ദിവസം ആലുവ ഗസ്റ്റ് ഹൌസില്‍വച്ച് കെപിസിസി ഐ എക്സിക്യൂട്ടീവ് നടക്കുകയാണ്. യോഗം കഴിഞ്ഞ് കരുണാകരന്‍ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു.ഞാന്‍ ഒരു ചെറിയ അകലം സൂക്ഷിച്ചുവരികയായിരുന്നു. മലപ്പുറം ജില്ലയിലെ ജില്ലാ പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കണം എന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു. യാതൊരു കാരണവശാലും വീണ്ടും വരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും എന്നെ ഇനി ഉപദ്രവിക്കരുതെന്നും ഞാന്‍ ദൃഢമായി പറഞ്ഞു. ആ സംഭാഷണം അദ്ദേഹം മരിച്ചുപോയതുകൊണ്ടു ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

അവസാനം കരുണാകരന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി 1981ല്‍ വീണ്ടും ഞാന്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. ഓഫീസ് തുറന്നു, പ്രവര്‍ത്തകര്‍ വന്നു തുടങ്ങി, കമ്മിറ്റികളും ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായി. പൊതുയോഗങ്ങളും. വീണ്ടും തകൃതിയായി. ഇത്, 1980 ജനുവരിയില്‍ അധികാരത്തില്‍ വന്ന നായനാര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ ഇരിക്കുന്ന കാലമായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ വിള്ളലുണ്ടാക്കി ആന്റണി-മാണി പ്രഭൃതികളെ തിരിച്ചുകൊണ്ടുവന്ന് അധികാരം പിടിക്കാന്‍ കരുണാകര ന്‍ കരുനീക്കം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ വീണ്ടും ഡിസിസി ഐപ്രസിഡന്റാകുന്നത്.


*****


ടി കെ ഹംസ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

25-1-80ല്‍ സ. നായനാര്‍ മുഖ്യമന്ത്രിയായി ഗവണ്‍മെന്റ് നിലവില്‍വന്നു. ആ ഗവണ്‍മെന്റില്‍ ആന്റണി കോണ്‍ഗ്രസില്‍നിന്ന് ആര്യാടന്‍ മുഹമ്മദ് വനവും തൊഴിലും വകുപ്പ് മന്ത്രിയായി. അദ്ദേഹം അസംബ്ളിയില്‍ അംഗമായിരുന്നില്ല. അംഗമല്ലാതെ ആറുമാസത്തിലധികം മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടുള്ളതല്ല. അതിനാല്‍ ആര്യാടന് നിയമസഭാംഗമാകാന്‍വേണ്ടി സി ഹരിദാസ് രാജിവച്ചു. നിലമ്പൂരില്‍ 1981ല്‍ ഉപതെരഞ്ഞെടുപ്പുവന്നു.

1980 ജനുവരിയില്‍ ഞാന്‍ നിലമ്പൂരില്‍ പരാജയപ്പെട്ടപ്പോള്‍തന്നെ കരുണാകരന്റെയും ഗംഗാധരന്റെയും സ്വഭാവത്തില്‍ മാറ്റംവരാന്‍ തുടങ്ങിയതായി ഞാന്‍ മനസിലാക്കുകയുണ്ടായി. പരാജയപ്പെട്ടത് എന്റെ പോരായ്മകൊണ്ടാണെന്നും വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്നും അണികള്‍ക്കിടയില്‍ കരുണാകരന്റെ ചില പ്രഭൃതികള്‍ കുശുകുശുപ്പ് തുടങ്ങിക്കഴിഞ്ഞു. ഈ കുത്തിത്തിരുപ്പുരാഷ്ട്രീയം കരുണാകരന്റെ ജീവിതത്തിലുടനീളം പരിശോധിച്ചാല്‍ കാണാവുന്നതാണ്.