Thursday, July 5, 2012

അന്വേഷണത്തിലെ ഇരട്ടത്താപ്പ്

ഇഷ്ടക്കാരായി കാണുന്ന രാഷ്ട്രീയനേതാക്കളെ കുറ്റവിമുക്തരാക്കിയെടുക്കാനും ശത്രുവായിക്കാണുന്ന രാഷ്ട്രീയനേതാക്കളെ കുറ്റക്കാരാക്കിയെടുക്കാനുമുള്ള ഉപകരണമാക്കി അന്വേഷണസംവിധാനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് കേരളത്തില്‍ നിത്യേന അരങ്ങേറുന്നത്. പ്രതിപക്ഷത്തുള്ള നേതാക്കള്‍ പരസ്യമായി നടത്തുന്ന പ്രസംഗങ്ങളെപ്പോലും ഗൂഢാലോചനയായി ചിത്രീകരിച്ച് കേസെടുക്കുക; പൊലീസിനെ വിമര്‍ശിച്ചാലുടന്‍ ഭീഷണിപ്പെടുത്തലിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലിനും കേസെടുക്കുക. ഭരണപക്ഷത്തുള്ള നേതാക്കള്‍ പരസ്യമായി നടത്തുന്ന വധാഹ്വാനങ്ങളെപ്പോലും കേസെടുക്കേണ്ട വിധത്തില്‍ ഗൗരവമുള്ളതല്ലാതായിക്കണ്ട് എഴുതിത്തള്ളുക. അന്വേഷണത്തിന് നിര്‍ബന്ധിതമായാല്‍ ആര്‍ക്കെതിരെയാണോ അന്വേഷണം, അയാള്‍ കല്‍പ്പിക്കുന്ന സ്വീകാര്യനായ ഉദ്യോഗസ്ഥരെ മാത്രംവച്ച് അന്വേഷണസംഘം രൂപീകരിക്കുക. ഈ വിധത്തിലുള്ള ഇരട്ടത്താപ്പുകളുടെ തുടര്‍പരമ്പരയാണ് സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തില്‍ നടക്കുന്നത്. അന്വേഷണ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാകുന്ന അവസ്ഥയാണ് ഇതിലൂടെ യുഡിഎഫ് സര്‍ക്കാരും അതിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സൃഷ്ടിക്കുന്നത്.

ഇത് ഏറ്റവുമൊടുവില്‍ വെളിവായത് ഇ പി ജയരാജന്‍ വധശ്രമം സംബന്ധിച്ചുണ്ടായ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തെ പ്രഹസനമാക്കി മാറ്റാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ വ്യഗ്രതയോടെയാണ്. കണ്ണൂരിലെ പല കൊലപാതകങ്ങളിലും ഇ പി ജയരാജന്‍ വധശ്രമത്തിലും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുള്ള പങ്ക് ഏറെക്കാലം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന പ്രശാന്ത് ബാബു വെളിപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയാന്തരീക്ഷത്തിലാണ് അതേക്കുറിച്ച് അന്വേഷണം നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സ്വാഭാവികമായും ആരും കരുതുക, പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരന്റെ പങ്ക് സമഗ്രമായി പരിശോധിക്കുന്നതാകും അന്വേഷണം എന്നാണ്. എന്നാല്‍, അന്വേഷണം അതിനുള്ളതല്ല എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തൊട്ടുപിന്നാലെതന്നെ പ്രഖ്യാപിച്ചു. കെ സുധാകരന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനല്ല, മറിച്ച് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനുപിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാനാണ് പ്രത്യേക പൊലീസ് സംഘത്തെ വച്ചിട്ടുള്ളത് എന്നാണ് രമേശ് പറഞ്ഞത്. ഇത് അന്വേഷണം പ്രഹസനമാക്കാനാണ് ഉദ്ദേശ്യമെന്നതിന്റെ വിളംബരമാണ്; അന്വേഷണം കെ സുധാകരനെ കുറ്റവിമുക്തനാക്കിയെടുക്കാനുള്ളതാണ് എന്ന നിലയ്ക്ക് പൊലീസ് സംഘത്തിനുള്ള അറിയിപ്പാണ്. സംസ്ഥാനത്ത് ഭരണം നടത്തുന്ന മുന്നണിയിലെ മുഖ്യകക്ഷിയുടെ മുഖ്യനാണ് രമേശ് ചെന്നിത്തല. അദ്ദേഹം പറയുന്നത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും എന്നാല്‍, മുഖ്യമന്ത്രിക്ക് പരസ്യമായി പറയാന്‍ അനുവാദമില്ലാത്തതുമായ കാര്യമാണ്. ഉമ്മന്‍ചാണ്ടി തന്റെ രഹസ്യദൗത്യം രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ചു, അത്രതന്നെ. ഇതറിയാന്‍ വേണ്ട സാമാന്യബോധമില്ലാത്തവരല്ല പൊലീസ് ഓഫീസര്‍മാര്‍. അവര്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി രമേശ് ചെന്നിത്തല വരച്ചിട്ട വഴിയേ മാത്രമേ പോകൂ. അതിനപ്പുറം പോകാന്‍ അവര്‍ക്ക് അധികാരമില്ല; ധൈര്യവുമില്ല.

രമേശ് ചെന്നിത്തല വരച്ചുകാട്ടിയില്ലെങ്കില്‍പ്പോലും അദ്ദേഹത്തിന്റെ മനസ്സിലെന്താണുള്ളതെന്ന് അനുമാനിച്ച് ആ വഴിയേമാത്രം നീങ്ങാന്‍ വേണ്ട ദാസ്യമനോഭാവമുള്ളവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. അത്തരക്കാരെമാത്രം ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചതോടെ ഉമ്മന്‍ചാണ്ടി, അന്വേഷണത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ആരിലെങ്കിലും സംശയം അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതുകൂടി ദൂരീകരിച്ചു. കെ സുധാകരന് പ്രത്യേകം സ്വീകാര്യരായവര്‍, ഭരണകക്ഷിയുടെ ഇംഗിതം മനസ്സിലാക്കിമാത്രം പ്രവര്‍ത്തിക്കുന്നവര്‍, അന്വേഷണത്തെ നിയമപാതയില്‍നിന്ന് വഴിതെറ്റിക്കാന്‍ കഴിവുതെളിയിച്ചവര്‍- ഇങ്ങനെയുള്ളവര്‍ക്കേ അന്വേഷണസംഘത്തില്‍ ഇടംകിട്ടിയുള്ളൂ. അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റുചെയ്യേണ്ടതില്ലെന്ന് കേസ് അന്വേഷിക്കുന്നതിനുമുമ്പുതന്നെ പരസ്യമായി പ്രഖ്യാപിച്ചയാളെത്തന്നെ ഈ അന്വേഷണസംഘത്തിന്റെ തലവനാക്കിവച്ചു. കെ സുധാകരന്റെ നോമിനിയായി അറിയപ്പെടുന്നയാളെ മുതല്‍ കേസ് രേഖകള്‍ ഇല്ലായ്മചെയ്ത ചരിത്രമുള്ളയാളെവരെ അന്വേഷണസംഘത്തില്‍ അംഗങ്ങളാക്കി. അന്വേഷണം പ്രഹസനമാക്കുകയും കെ സുധാകരനെതിരായ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് എഴുതിക്കുകയുമാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം എന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്? അന്വേഷണം മുന്‍വിധികളോടെ ആയിക്കൂടാത്തതാണ്. ഇവിടെ കെപിസിസി പ്രസിഡന്റുതന്നെ അതിനെ മുന്‍വിധിയോടെയുള്ളതാക്കി മാറ്റി. അന്വേഷണം നിഷ്പക്ഷരുടെ ചുമതലയില്‍ നടക്കേണ്ട ഒന്നാണ്. ഇവിടെ കൃത്യമായും പക്ഷപാതിത്വമുള്ളവരെക്കൊണ്ട് അന്വേഷിപ്പിക്കുന്നു. ഇതിന്റെ ഉദ്ദേശ്യമെന്താണെന്നത് വിശദീകരിക്കേണ്ടതില്ല.

ഇരട്ടക്കൊലപാതകത്തിലെ പി കെ ബഷീറിന്റെ പങ്ക് എന്നതുപോലെ ഇ പി ജയരാജന്‍ വധശ്രമക്കേസിലെ കെ സുധാകരന്റെ റോളും തേച്ചുമാച്ചുകളയുക എന്ന ദൗത്യമാണ് ഈ അന്വേഷണസംഘം ഏറ്റെടുത്തിട്ടുള്ളത്. സുധാകരന്റെ കാര്യത്തില്‍ ഇ പി ജയരാജന്‍ വധശ്രമക്കേസിലെ പങ്കുമാത്രമല്ല, കണ്ണൂരിലെ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണു എന്ന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസും നാല്‍പ്പാടി വാസുവിനെ സുധാകരന്റെ കല്‍പ്പനപ്രകാരം അദ്ദേഹത്തിന്റെ ഗണ്‍മാന്‍ വെടിവച്ചുകൊന്ന കേസുമൊക്കെ എന്നന്നേക്കുമായി അടച്ചുവയ്ക്കാനുള്ള അവസാനത്തെ ആണി തറയ്ക്കലാണ് ഈ അന്വേഷണസംഘത്തിന്റെ ചുമതല. അങ്ങനെ കുറ്റവിമുക്തനായി സ്വയം ചിത്രീകരിക്കാനുള്ള അവസരമായാണ് കെ സുധാകരന്‍ ഈ അന്വേഷണത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. അതിനുള്ള അവസരമുണ്ടാക്കിക്കൊടുക്കുക എന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്ട്രീയദൗത്യം. അരീക്കോട് ഇരട്ടക്കൊലക്കേസില്‍ എഫ്ഐആറില്‍ പേരുണ്ടായിട്ടും അന്വേഷണത്തിനുമുമ്പ് പി കെ ബഷീറിനെ അറസ്റ്റുചെയ്യില്ല എന്ന് പ്രഖ്യാപിച്ച് ആ കേസ് തേച്ചുമാച്ചുകളയുകയാണ് ഐജി ഗോപിനാഥ് ചെയ്തത്. നാല്‍പ്പാടി വാസു വധക്കേസിലാകട്ടെ, എഫ്ഐആറില്‍ സുധാകരന്റെ പേരുണ്ടായിരുന്നു. എന്നിട്ടും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സുധാകരനെ അറസ്റ്റുചെയ്തില്ല. യഥാര്‍ഥ കുറ്റവാളികളെ പൊലീസിനെ ഉപയോഗിച്ച് ഈ വിധത്തില്‍ രക്ഷപ്പെടുത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ മറുവശത്ത് പരസ്യ പ്രസംഗങ്ങളെപ്പോലും ഗൂഢാലോചനയായി ചിത്രീകരിച്ചും പൊലീസിനെ വിമര്‍ശിച്ചതിനെ ഭീഷണിപ്പെടുത്തലായി ചിത്രീകരിച്ചും എല്‍ഡിഎഫ് നേതാക്കളെ കേസില്‍ കുരുക്കുന്നു. പൊലീസിനെ ഈ വിധത്തില്‍ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നത് നിര്‍ത്തണം; നിര്‍ത്തിയേ പറ്റൂ.

*
ദേശാഭിമാനി മുഖപ്രസംഗം 05 ജൂലൈ 2012

വര്‍ഗസമരത്തിന്റെ പുതിയ വേദി

ബ്രസീലിലെ റിയോ ഡി ജനീറൊയില്‍ ജൂണ്‍ 20 മുതല്‍ 22 വരെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംബന്ധിച്ച് 193 രാഷ്ട്രങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെയും ജനകീയ സംഘടനകളുടെയും സമ്മേളനം നടന്നു. 20 വര്‍ഷംമുമ്പ് അതേ നഗരത്തില്‍ നടന്ന സമാനമായ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍നിന്ന് ഒരിഞ്ചുപോലും ഈ സമ്മേളനത്തിനു മുന്നോട്ടുപോകാനായില്ല. 1992ല്‍ റിയോയില്‍ ഇതുപോലൊരു സാര്‍വദേശീയ സമ്മേളനം ചേര്‍ന്നപ്പോഴാണ് പരിസര മലിനീകരണവും പരിസ്ഥിതിനാശവും രൂക്ഷമായിരിക്കയാണെന്നും അത് ഗുരുതരമായ കാലാവസ്ഥാമാറ്റത്തിന് ഇടയാക്കുമെന്നും ഉള്ള ശാസ്ത്രീയനിഗമനം പൊതുവില്‍ അംഗീകരിക്കപ്പെട്ടത്. ഇതിനുകാരണം മൂന്നു നൂറ്റാണ്ടായി സാമ്രാജ്യത്വം വര്‍ധിച്ച തോതില്‍ നടത്തിവരുന്ന പ്രകൃതിചൂഷണമാണ്. അതുകൊണ്ടായിരുന്നു 1992ലെ റിയോ സമ്മേളനത്തില്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദെല്‍ കാസ്ട്രോ പറഞ്ഞത്, പരിസ്ഥിതി വര്‍ഗസമരത്തിന്റെ പുതിയ വേദിയായിത്തീര്‍ന്നിരിക്കുന്നു എന്ന്.

1992ലെ പരിസ്ഥിതി സമ്മേളനം ലോകമാകെ വലിയ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് (സീനിയര്‍) ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ രാഷ്ട്രത്തലവന്മാര്‍, കാസ്ട്രോയെപ്പോലുള്ള സോഷ്യലിസ്റ്റ് ചേരിയിലെ പ്രമുഖര്‍, ദലൈലാമ, ജെയിന്‍ ഫോണ്ട, പെലെ തുടങ്ങി നാനാമേഖലകളിലെ പ്രാമാണിക വ്യക്തികള്‍ ഇങ്ങനെ 50000ല്‍ അധികം പേര്‍ അന്ന് ഒത്തുകൂടി. ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍, ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ തുടങ്ങി മിക്ക സാമ്രാജ്യത്വ നേതാക്കളും റിയോ സമ്മേളനത്തില്‍ പങ്കെടുത്തില്ല. കാരണം പലതാണ്. റിയോ, ക്യോട്ടോ, കോപ്പന്‍ ഹേഗന്‍, കേപ്ടൗണ്‍ മുതലായ സമ്മേളനങ്ങളിലെല്ലാം പരിസ്ഥിതി സംബന്ധിച്ച് സാര്‍വദേശീയമായി ഏകോപിച്ച തീരുമാനം കൈക്കൊള്ളുന്നതിനെ അമേരിക്ക അനുകൂലിച്ചിരുന്നില്ല. ഓരോ രാജ്യവും പരിസ്ഥിതിക്ക് ഏല്‍പ്പിച്ച ആഘാതത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന മൂന്നാംലോക നിലപാടിനെ സാമ്രാജ്യത്വരാജ്യങ്ങള്‍ അനുകൂലിക്കുന്നില്ല. അരനൂറ്റാണ്ടുമുമ്പ് റേച്ചല്‍ കാര്‍സന്‍ എന്ന വനിത "നിശബ്ദവസന്തം" എന്ന കൃതിയില്‍ വ്യവസായവല്‍ക്കരണത്തിലൂടെയും മറ്റും ഭൗമോപരിതലവും അന്തരീക്ഷവും മലിനപ്പെടുന്നതിന്റെ ഫലമായി ഭൂമിയില്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഹൃദയസ്പൃക്കായി എഴുതിയത് വായനക്കാരെ ഞെട്ടിച്ചിരുന്നു. എന്നാല്‍, ബഹുരാഷ്ട്ര കുത്തകകള്‍ അടക്കം സാമ്രാജ്യത്വശക്തികളും അവരുടെ വൈതാളികരും ആ മുന്നറിയിപ്പിനെ പുച്ഛിച്ചുതള്ളി. 1972ല്‍ സ്വീഡനിലെ സ്റ്റോക് ഹോമില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ആദ്യത്തെ സാര്‍വദേശീയ പരിസ്ഥിതി സമ്മേളനംമുതല്‍ പ്രകൃതിനാശവും മലിനീകരണവും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് സ്പഷ്ടമാക്കി. 1992ല്‍ റിയോ സമ്മേളനം ആയപ്പോഴേക്ക് പരിസ്ഥിതി പ്രശ്നം അന്താരാഷ്ട്രതലത്തിലെ വര്‍ഗസമരത്തിന്റെ വിവിധ രംഗങ്ങളില്‍ ഒന്നായി തീര്‍ന്നുകഴിഞ്ഞിരുന്നു. ലോക ജനസംഖ്യ ആപല്‍ക്കരമായ രീതിയില്‍ വര്‍ധിക്കുകയാണ്. 12-13 വര്‍ഷംകൊണ്ട് 100 കോടി കണ്ട് വര്‍ധിക്കുന്നു. 2011 അവസാനം അത് 700 കോടി കവിഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, കുടിവെള്ളം, പാര്‍പ്പിടം മുതലായവ ലഭ്യമാക്കുക വലിയ വെല്ലുവിളിയാണ്. അതല്ല, പക്ഷേ ഇപ്പോഴത്തെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് നിദാനം. ആവശ്യത്തില്‍ കവിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കല്‍. അത് ചെയ്യുന്നത് മുതലാളിത്തം. സുഖലോലുപതയില്‍ ആറാടാനും പരിധിയില്ലാത്ത തോതില്‍ സമ്പത്ത് കുന്നുകൂട്ടാനും സമ്പന്നരും വ്യവസായികളും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍മൂലം ഒമ്പതു വിപത്തുകള്‍ രൂക്ഷമായി വരുന്നതായി ശാസ്ത്രജ്ഞരും മറ്റും പറയുന്നു: 1. കാലാവസ്ഥാ മാറ്റം 2. സമുദ്രങ്ങളുടെ അമ്ലവല്‍ക്കരണം 3. അന്തരീക്ഷത്തിലെ ഓസോണ്‍ പാളി നേര്‍ത്തുകൊണ്ടിരിക്കുന്നത് 4. നൈട്രജന്‍- ഫോസ്ഫേറ്റ് ചക്രങ്ങളിലെ ഇടപെടല്‍ (ഇത് സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്) 5. വനങ്ങളും മറ്റ് ആള്‍പ്പാര്‍പ്പില്ലാ സ്ഥലങ്ങളും കൃഷിയിടങ്ങളും നഗരങ്ങളുമായി മാറല്‍ 6. വംശനാശങ്ങള്‍ 7. രാസമലിന വസ്തുക്കള്‍ക്ക് ഈട്ടം കൂടല്‍ 8. അന്തരീക്ഷത്തിലെ ചില പ്രത്യേക മലിനകാരികളുടെ നിലവാരം 9. പര്‍വതങ്ങളുടെ കൊടുമുടികളിലും ധ്രുവപ്രദേശങ്ങളിലും ഭൗമതാപനില വര്‍ധിക്കുന്നതുമൂലം മഞ്ഞുകട്ടികള്‍ അതിവേഗം ഉരുകി വെള്ളമാകുന്നത്. ഇവ ഓരോന്നും ഉണ്ടാക്കാവുന്ന വിപത്തുകള്‍ ഭീകരവും ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കാവുന്നവയുമാണ്.

കഴിഞ്ഞ അരനൂറ്റാണ്ടുകാലത്ത് മഞ്ഞുകട്ടികള്‍ ഉരുകി വെള്ളമാകുന്നതിന്റെ തോത് ഹിമാലയം ഉള്‍പ്പെടെയുള്ള പര്‍വതപ്രദേശങ്ങളിലും ധ്രുവപ്രദേശങ്ങളിലും വ്യത്യസ്തമാണ്. ദക്ഷിണ- ഉത്തരധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടികള്‍ വലിയതോതില്‍ ഉരുകുന്ന സ്ഥിതി വന്നാല്‍ സമുദ്രനിരപ്പ് ലോകത്താകെ ഏഴു മീറ്റര്‍ (ഏതാണ്ട് 23 അടി) ഉയരുമെന്ന് കണക്കാക്കുന്നു. സമുദ്രതീരങ്ങളിലുള്ള മുംബൈ, ചെന്നൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ നിരവധി നഗരങ്ങള്‍ വെള്ളത്തിലാണ്ടുപോകാന്‍ സാധ്യതയുണ്ട്. ഇവയേക്കാള്‍ വലിയ നഗരങ്ങളാണ് മറ്റു പല രാജ്യങ്ങളിലും മുങ്ങിപ്പോവുക. പല സസ്യ- ജീവിജാലങ്ങള്‍ക്കും നിലനില്‍ക്കാനാകാത്ത സ്ഥിതി നാനാതരം പരിസ്ഥിതി നാശങ്ങള്‍മൂലം ഉണ്ടാകും. കഴിയുന്നത്ര മരങ്ങളും സസ്യങ്ങളും വളര്‍ത്തി ഇലകളിലെ ക്ലോറോഫില്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡ് ആഗീരണം ചെയ്യിക്കണം. അത് നാനാതരം ഫലമൂലാദികള്‍ ലഭ്യമാക്കുന്നതിനൊപ്പം അന്തരീക്ഷ താപനത്തിന്റെ തോത് കുറയ്ക്കും. ഇതിനായി കൃഷി ചെയ്യുന്നതോടൊപ്പം കഴിയുന്നത്ര സ്ഥലത്ത് വനങ്ങള്‍ നിലനിര്‍ത്തുകയും പുതിയവ നിര്‍മിക്കുകയും വേണം. ഊര്‍ജ ഉല്‍പ്പാദനത്തിന് കല്‍ക്കരി, എണ്ണ മുതലായവ ഉപയോഗിക്കുന്നത് നന്നെ കുറയ്ക്കണം. സൗരോര്‍ജത്തെ പ്രധാന ഊര്‍ജസ്രോതസ്സാക്കി മാറ്റണം. കാറ്റ്, തിരമാല മുതലായ പ്രകൃതി പ്രതിഭാസങ്ങളില്‍നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കാം. ഊര്‍ജത്തിന്റെ ഉപയോഗം പരമാവധി കാര്യക്ഷമമാക്കണം. മാലിന്യങ്ങള്‍ മുഴുവന്‍ കരയില്‍ കുഴിച്ചിടുകയോ പുഴ, കായല്‍, കടല്‍ മുതലായ ജലസ്രോതസ്സുകളില്‍ കലക്കുകയോ ആണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് പലതരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനുപുറമെ ശുദ്ധജല ലഭ്യതയ്ക്ക് വലിയ പ്രയാസം സൃഷ്ടിക്കും.

ജൈവമാലിന്യങ്ങള്‍ മുഴുവന്‍ ബയോഗ്യാസ്, കമ്പോസ്റ്റിങ് മുതലായ രീതികളിലൂടെ ജൈവവളമായി മാറ്റണം. അവ കൃഷിക്ക് ഉപയോഗിക്കണം. അജൈവ മാലിന്യങ്ങള്‍ മനുഷ്യനും ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും പ്രകൃതിക്കുതന്നെയും ദോഷകരമല്ലാത്തവയായി മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പൗരന്മാര്‍ ഇക്കാര്യത്തില്‍ ഒരുവശത്ത് നിതാന്തജാഗ്രതയും മറുവശത്ത് സേവനമനോഭാവവും കാണിക്കണം. പരിസ്ഥിതിയും പാരിസ്ഥിതിക പ്രശ്നങ്ങളും ജനജീവിതത്തില്‍നിന്ന് അകന്ന് ഒരുകൂട്ടം പരിസ്ഥിതി ഭ്രാന്തന്മാരുടെ വിഹാരരംഗമാണെന്ന പ്രചാരണം ശക്തമാണ്. പരിസ്ഥിതി നശിപ്പിക്കപ്പെടുന്നത് ഒരു വിവേചനവുമില്ലാതെ നടത്തപ്പെടുന്ന ഉല്‍പ്പാദന- വിതരണങ്ങളുടെയും ലാഭക്കൊതിയുടെയും ഫലമായാണെന്ന് മാര്‍ക്സും എംഗല്‍സും വെളിവാക്കിയിരുന്നു. അതിനെ സ്ഥിരീകരിക്കുകയാണ് ഇരുപതാം നൂറ്റാണ്ടില്‍ മാര്‍ക്സിസ്റ്റുകാരും അല്ലാത്തവരുമായ ശാസ്ത്രജ്ഞന്മാര്‍ ചെയ്തത്. പിന്നീട് ഇക്കാര്യം സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യശാസ്ത്രജ്ഞരും എഴുത്തുകാരും കലാകാരന്മാരും മറ്റ് പൗരരുമൊക്കെ കണ്ടെത്തി. പരിസ്ഥിതിനാശത്തെയും പ്രത്യാഘാതങ്ങളെയുംകുറിച്ച് അവരൊക്കെ മുന്നറിയിപ്പു നല്‍കി. പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇവയില്‍നിന്ന് ഏറ്റവും ഫലപ്രദമായവ തെരഞ്ഞെടുത്ത് നടപ്പാക്കുന്നതിന് തടസ്സംനിന്നതും ഇപ്പോഴും നില്‍ക്കുന്നതും വന്‍കിട ബിസിനസുകാരാണ്.

ജപ്പാനിലെ ക്യോട്ടോയില്‍ അമേരിക്ക ഒഴികെ മറ്റ് ലോക രാജ്യങ്ങളെല്ലാം ഇങ്ങനെ നടപ്പാക്കേണ്ട സംഗതികളുടെ പാക്കേജ് തയ്യാറാക്കി അംഗീകരിച്ചു. അമേരിക്ക അംഗീകരിക്കാത്തതുകൊണ്ട് ക്യോട്ടോ ഉടമ്പടി വ്യവസ്ഥകള്‍ ഇതേവരെ നടപ്പാക്കിയിട്ടില്ല. പിന്നീട് റിയോയില്‍ ഇപ്പോള്‍ നടന്ന സാര്‍വദേശീയ സമ്മേളനങ്ങളില്‍ തീരുമാനം ഉണ്ടാകാത്തത് അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്നരാഷ്ട്രങ്ങളുടെ നിഷേധാത്മക സമീപനംമൂലമാണ്. വെട്ടിപ്പിടിച്ചോ കമ്പോളങ്ങള്‍ കൈയടക്കിയോ കൊടുംചൂഷണം നടത്തിയോ മാത്രമല്ല സാമ്രാജ്യത്വം മാനവരാശിയെ ദ്രോഹിക്കുന്നത്. അതിന്റെ ഏറ്റവും ഭീകരരൂപമാണ് പരിസ്ഥിതിനാശത്തിലൂടെ നടത്തുന്നത്. അതിനാല്‍, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം സാമ്പത്തികരംഗത്തു മാത്രമല്ല, തൊഴിലാളികളുടെ ഭാഗത്തുനിന്നു മാത്രമല്ല നടത്തേണ്ടത്, അത് മനുഷ്യജീവിതത്തെയാകെ ചൂഴ്ന്നുനില്‍ക്കുന്നതാണ്. അതിനാല്‍, മനുഷ്യവിമോചനത്തിനായുള്ള സമരം പരിസ്ഥിതിനാശത്തിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും ഉള്ള സമരംകൂടിയാണ്.

*
സി പി നാരായണന്‍ ദേശാഭിമാനി 04 ജൂലൈ 2012

Wednesday, July 4, 2012

പാപികളുടെ കല്ലേറ്

അധ്യാപകന്റെ കൈവെട്ടിയ കേസിനെത്തുടര്‍ന്ന് പൊതുസമൂഹത്തില്‍നിന്ന് വല്ലാതെ ഒറ്റപ്പെടുകയും തുറന്നുകാട്ടപ്പെടുകയും ചെയ്ത എന്‍ഡിഎഫിനുപോലും തലപൊക്കാന്‍ പഴുതുകിട്ടിയതിപ്പോഴാണ്. "ആരാണ് ഭീകരര്‍" എന്ന തലക്കെട്ടില്‍ കേരളമാകെ ഒരു പോസ്റ്റര്‍ അവര്‍ പ്രചരിപ്പിക്കുന്നു. ഫസല്‍, ഷുക്കൂര്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ നാലാമത്തെ കള്ളി വെറുതെയിട്ടിരിക്കുന്നു. മാര്‍ക്സിസ്റ്റുകാര്‍ ഇനിയും കൊല്ലുമെന്നും അതാരാണെന്ന് നോക്കിയിരുന്നു കൊള്ളാന്‍ ആഹ്വാനംചെയ്യുന്നതുമാണ് അതിന്റെ യുക്തി. അത് പൂരിപ്പിക്കാന്‍ ഇടംപോരാതെ വന്നിരിക്കുന്നു. അവസാനമുണ്ടായത് മലപ്പുറം ജില്ലയിലെ കുനിയില്‍ ഇരട്ടക്കൊലപാതകമാണ്. ചീമേനിയില്‍ അഞ്ചുപേരെ ചുട്ടുകൊന്ന കോണ്‍ഗ്രസിനോളം വളര്‍ന്നില്ലെങ്കിലും ലീഗ് തങ്ങളുടെ കഴിവിനൊത്ത് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇരട്ടക്കൊലപാതകമായത്. സ്വാഭാവികമായും മാധ്യമങ്ങള്‍ക്ക് രോഷം ഇരട്ടിക്കേണ്ടതാണ്. ഒഞ്ചിയത്തെ ഒരാളുടെ കൊലപാതകംതന്നെ സഹിക്കാഞ്ഞ് ഇത്രയേറെ പ്രചാരണം നടത്തി. എല്ലാ കൊലപാതകങ്ങള്‍ക്കെതിരെയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതായി നടിക്കുമ്പോഴാണ് ഇരട്ടക്കൊലപാതകവുമായി മുസ്ലിംലീഗ് വരുന്നത്. ഒഞ്ചിയത്തുനിന്ന് ചാനല്‍സംഘവും മാധ്യമപ്പടയും മലപ്പുറത്തേക്ക് കുതിക്കുമെന്ന് കരുതിയ നിക്ഷ്പക്ഷവാദികള്‍ക്ക് തെറ്റി. മലപ്പുറത്തെ മാധ്യമനീതി വേറെയാണ്. റജീനയെന്ന സ്ത്രീ എം കെ മുനീര്‍ അധ്യക്ഷനായ ഇന്ത്യാവിഷന്‍ ചാനലില്‍ നടത്തിയ വെളിപ്പെടുത്തലിനുശേഷം വിമാനത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ മുഖം പകര്‍ത്താന്‍ പോയ ചാനല്‍സംഘത്തിന് ലീഗ് നല്‍കിയ സമ്മാനം അണ്ണാറക്കണ്ണന്റെ പുറത്തെ വരകള്‍പോലെ മായാതെ കിടപ്പാണ്. അതുകൊണ്ട് പാണക്കാട്ടേക്ക് പോകുമ്പോള്‍ എല്ലാ മാധ്യമങ്ങള്‍ക്കും നല്ല കരുതലുണ്ട്.

അരീക്കോട്, കൂനിയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പേരില്ല. ഉണ്ടെങ്കില്‍ത്തന്നെ അതാര്‍ക്കും അറിയില്ല. അവര്‍ കൊലക്കേസ് പ്രതികളായിരുന്നെന്നു മാത്രമാണ് പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന മാധ്യമങ്ങള്‍ അറിയിച്ചത്. അവരുടെ വീട്ടില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട വിധവകള്‍ കരഞ്ഞിട്ടുണ്ടാകുമോ ആവോ? ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ള ജില്ലയായ മലപ്പുറം ജില്ലയിലെ മന്ത്രിമാരില്‍ ആരെങ്കിലും ഒരാള്‍ അവരെ ആശ്വസിപ്പിച്ചിട്ടുണ്ടാകുമോ? ചന്ദ്രശേഖരന്റെ വീട്ടില്‍ പോകാത്ത മാര്‍ക്സിസ്റ്റുകാരെല്ലാം മനുഷ്യത്വമില്ലാത്തവരാണെന്ന് വീരേന്ദ്രനും കുഞ്ഞനന്തന്‍നായരും ചാനലില്‍ പറയുന്നത് തത്സമയം കേട്ടതാണ്. ഇരട്ടക്കൊലപാതകം നടന്ന വീട്ടിലേക്കും ആര്‍എംപിക്കാരും ജനതാദളുകാരും പോയില്ല. ഇരട്ട കൊലപാതകത്തിന് വിധേയരായ സഹോദരന്മാരുടെ കുടുംബം കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീടായിട്ടുകൂടി കോണ്‍ഗ്രസ് നേതാക്കളാരും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ചന്ദ്രശേഖരന്റെ വീട്ടില്‍ പോകാത്തവരെയൊക്കെ മനുഷ്യത്വമില്ലാത്തവരെന്ന് വര്‍ഗീകരിച്ച മാധ്യമ സംഘം ഇരട്ടക്കൊലപാതകം നടന്നിടത്ത് തിരിഞ്ഞുനോക്കാത്തവരെപ്പറ്റി എന്തെഴുതി? ഇവിടെയാണ് പുതിയ മാധ്യമനയം വെളിപ്പെടുന്നത്. എല്ലാ കൊലയും കൊലപാതകമല്ല, മാര്‍ക്സിസ്റ്റുകാര്‍ കൊല്ലപ്പെട്ടുവെന്നത് സാധാരണപോലെ നടക്കേണ്ട ഒരുകാര്യംമാത്രം. അതില്‍ വാര്‍ത്തയില്ല. പി മോഹനന്റെ അറസ്റ്റ് വല്ലാതെ വൈകിയെന്നാണ് ചന്ദ്രശേഖരന്റെ വിധവയുടെ പരാതി. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. ആരാണ് പ്രതികളെ കണ്ടെത്തുന്നത്. പൊലീസോ ആര്‍എംപി നേതാക്കളോ?

ഏതൊരു ഫോണ്‍കോളും കൊലക്കേസിലെ പ്രതിക്കൂട്ടിലേക്കുള്ള വാതിലാകാമെന്നാണ് കോഴിക്കോട്ടെ പൊലീസിന്റെ ന്യായം. തീവ്രവാദ സ്വഭാവമുള്ള ദേശവിരുദ്ധകേസുകളില്‍മാത്രം അത് തെളിവായി പരിഗണിക്കും. കാരണം, ഇത്തരം കേസുകളില്‍ പ്രതിക്കാണ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത. ഒഞ്ചിയംകേസില്‍ പൊലീസ് നടത്തുന്ന കോപ്രായങ്ങള്‍, തെളിവ് നിയമത്തെ കീഴ്മേല്‍ മറിച്ചാണ്. എന്നാല്‍, മലപ്പുറത്ത് എത്തുമ്പോള്‍ ക്രിമിനല്‍നടപടി നിയമം വേറെയാണ്. ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍, എംഎല്‍എയെ സംഭവത്തിനുമുമ്പും പിമ്പും വിളിച്ചിരുന്നു. അത് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുന്നതിനെപ്പറ്റി പറയാനാണെന്ന് എംഎല്‍എ ന്യായം പറഞ്ഞപ്പോള്‍, പൊലീസ് അതേപടി വിശ്വസിച്ചു. ഒരേ പന്തിയില്‍ രണ്ടു വിളമ്പ്, മാധ്യമങ്ങള്‍ക്കു മാത്രമല്ല, പൊലീസിനും ഇതുതന്നെ രീതിയെന്നുവന്നാല്‍ ചെറുക്കാതിരിക്കുന്നതെങ്ങനെ. പി മോഹനനെ കോടതിയില്‍ ഹാജരാക്കുന്ന ഘട്ടത്തില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടക്കുമ്പോള്‍ ഫ്ളാഷ് ന്യൂസ് കോടതിക്കുനേരെ കല്ലേറ് എന്നായിരുന്നു. ആഭ്യന്തരമന്ത്രി ഉടന്‍ പ്രതികരിച്ചു. പ്രതിയെ ഹാജരാക്കുമ്പോള്‍ കോടതിയെ കല്ലെറിയുന്നവര്‍, ശിക്ഷ വിധിക്കുന്ന ദിവസം ജഡ്ജിയെ എന്തുചെയ്യുമെന്നാണ് ചോദ്യം. വടകരയില്‍ കോടതിയെ ലക്ഷ്യമാക്കി കല്ലേറ് നടന്നിട്ടില്ല. പുറത്തുണ്ടായ സംഭവങ്ങള്‍ കോടതിക്കറിയില്ല. മാധ്യമങ്ങളും ആഭ്യന്തരമന്ത്രിയും ആടിനെ പട്ടിയാക്കുന്നതിന് മറ്റൊരു ഉദാഹരണംകൂടിയാണിത്. നൂറുവാര അകലത്തില്‍ മിനിട്ടുകള്‍ക്കകം രണ്ടു സഹോദരങ്ങള്‍ കൊല്ലപ്പെടുന്നതിനു പിന്നില്‍ നല്ല ഗൂഢാലോചനയുണ്ടാകണം. ഇവരെ വകവരുത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ഭരണത്തിലിരിക്കുമ്പോള്‍ അത് ഒതുക്കിത്തീര്‍ക്കുമെന്നു കരുതാന്‍ എല്ലാ ന്യായവുമുണ്ട്. അതിനാല്‍, മാധ്യമ ജാഗ്രത ഏറെ വേണ്ടത് ഇരട്ടക്കൊലപാതകക്കേസിലാണ്. അതിലെ മുഖ്യ പ്രതി ഖത്തറിലേക്ക് കടന്നു. അയാളെ വിമനത്താവളത്തിലെത്തിച്ചതാരൊക്കെയാണ്?ടിക്കറ്റ് ഏര്‍പ്പാടാക്കി കൊടുത്തവരെത്ര പേരുണ്ട്? ഒളിയിടം നല്‍കിയവര്‍ ആരൊക്കെയാണ്?

ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ സഞ്ചാരവഴികളിലോ ഒളിയിടങ്ങളിലോ പൊലീസ് സഞ്ചരിക്കുന്നില്ല. ഭരണകൂടം കുറ്റവാളികളെ പരിരക്ഷിക്കുന്നുവെന്ന് ഉറപ്പുള്ള ഒരു കേസില്‍ മാധ്യമങ്ങള്‍ ഭരണകൂടത്തോടൊപ്പം നില്‍ക്കുന്നു. ലീഗിനു മുന്നില്‍ ഉമ്മന്‍ചാണ്ടി കാട്ടുന്ന ദാസ്യം മനസ്സിലാക്കാം. ഇരട്ടക്കൊലക്കേസിലെ മാധ്യമ ദാസ്യമാണ് ലജ്ജാകരമാകുന്നത്. ഭരണകൂടം ഇങ്ങനെ കൂട്ടക്കൊല ചെയ്യുമ്പോള്‍ അതിനും ന്യായങ്ങള്‍ എഴുതപ്പെടുന്നു. മതകലഹങ്ങളില്‍ കൂട്ടക്കൊലചെയ്തപ്പോള്‍ അത് വിശുദ്ധമായ കൊലപാതകങ്ങളായിരുന്നു. കുറ്റവാളിയെ രാഷ്ട്രം തൂക്കിലേറ്റുമ്പോള്‍ അത് നീതിക്കുവേണ്ടിയുള്ള കൊലയാണ്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിഖുകാര്‍ അനുഭവിച്ചത് രാഷ്ട്രത്തിനുവേണ്ടിയുള്ള കൊലയാണ്. ഗുജറാത്തിലെ മുസ്ലിം ജനസമൂഹം അനുഭവിച്ചത് ദേശീയതയ്ക്കുവേണ്ടിയുള്ള കൂട്ടക്കൊലയാണ്. ഈ ഘട്ടങ്ങളിലെല്ലാം തങ്ങളുടെ ഭാഗംപിടിച്ച് ന്യായം ചമയ്ക്കുകയും ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്ത ഭിന്നഭാവങ്ങള്‍ നമ്മുടെ ഓര്‍മകളിലുണ്ട്. ഏതോ ശൂന്യതയില്‍നിന്ന് വന്നവരെപ്പോലെ ഒഞ്ചിയത്തുനിന്നും കൊലപാതകങ്ങളുടെ ചരിത്രം ആരംഭിക്കുന്നതായി നടിക്കുന്നവരുടെ പൊയ്മുഖങ്ങള്‍ ഇവിടെ തുറന്നുകാട്ടപ്പെടുകയാണ്. ആദ്യത്തെയും അവസാനത്തെയും കൊലപാതകത്തെപ്പറ്റി മൗനം പാലിക്കുന്നവരുടെ നീതിബോധം അപമാനകരമാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

*
അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 04 ജൂലൈ 2012

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍

ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിസ്ഥാനത്തെത്തിക്കാന്‍ യുഡിഎഫിനെക്കാള്‍ ആവേശം കാണിക്കുന്നത് സംസ്ഥാനത്തെ വലതുപക്ഷ പത്ര- ദൃശ്യമാധ്യമങ്ങളാണ് എന്ന് ഞങ്ങള്‍ പലവട്ടം തെളിവുസഹിതം ചൂണ്ടിക്കാട്ടിയതാണ്. സത്യസന്ധതയും മര്യാദയും യുക്തിബോധവും പണയംവച്ച് മാര്‍ക്സിസ്റ്റ് വിരോധം എന്ന ഏക അജന്‍ഡയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഏതാനും മാധ്യമങ്ങള്‍ കോടതിയെപ്പോലും തങ്ങളുടെ വഴിക്കുകൊണ്ടുവരാന്‍ നടത്തുന്ന നിലവിട്ട ശ്രമങ്ങള്‍ ജനാധിപത്യസംവിധാനത്തെത്തന്നെ അപായപ്പെടുത്തുന്നതിലേക്കാണ് വളര്‍ന്നത്. നിരന്തരം വ്യാജവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിച്ച് വൈകാരികമായി അവതരിപ്പിക്കുകയും അതിനുകൂലമായ ബഹുജനവികാരം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ മാധ്യമ അധമത്വത്തിന് ഭരണാധികാരികളുടെ ഉള്ളുതുറന്ന പിന്തുണയും ലഭിക്കുന്നു. ഒരു വാര്‍ത്തയില്‍ത്തന്നെ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന അപഹാസ്യതപോലും ഈ വികാരത്തള്ളിച്ചയില്‍ വിസ്മരിക്കപ്പെടുകയും നീതിയെയും നിയമത്തെയും യുക്തിയെയും കുറിച്ചുള്ള ചൂണ്ടിക്കാട്ടലുകള്‍ "കൊലപാതകത്തിന്റെ ന്യായീകരണ"മാകുകയും ചെയ്യുന്ന ദുഃസ്ഥിതിയാണ് ഇങ്ങനെ ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. മാധ്യമങ്ങളെ വിമര്‍ശിക്കുന്നവര്‍ ആരായാലും, ബഹിഷ്കരിക്കപ്പെടണം; അവരുടെ സര്‍ഗസൃഷ്ടികള്‍ നിരോധിക്കപ്പെടണം എന്ന കാടന്‍നീതിയുമായി ചിലര്‍ രംഗത്തുവന്നത് ഈ ദുരവസ്ഥയുടെ മറവിലാണ്. വാക്കിന്റെ സദാചാരത്തെക്കുറിച്ചുള്ള ചിന്ത കവിയെ ബഹിഷ്കരിക്കുന്നതിന് കാരണമായെടുത്ത സാംസ്കാരിക അധഃപതനം ന്യായീകരിക്കപ്പെട്ടതും ഇതിന്റെ ചുവടുപിടിച്ചുതന്നെ.

വലതുപക്ഷ മാധ്യമങ്ങളുടെ സംഘടിതമായ ഇടപെടലാണ്, ചന്ദ്രശേഖരന്‍വധം സിപിഐ എം വേട്ടയാക്കി ആഘോഷിക്കപ്പെടാന്‍ അരങ്ങൊരുക്കിയത്. അതിനവര്‍ പ്രയോഗിച്ചതാകട്ടെ, മാധ്യമ മര്യാദകളുടെ അയലത്തുപോലും ചെന്നെത്താത്ത തരംതാണ രീതികളാണ്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കാന്‍ വടകരയില്‍ ക്യാമ്പ് ചെയ്യുന്ന പൊലീസ്സംഘം യുഡിഎഫ് യജമാനന്മാര്‍ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് പ്രതികളെ ഉണ്ടാക്കുകയും ആഘോഷപൂര്‍വം അറസ്റ്റുകള്‍ നടത്തുകയും ചെയ്യുന്നു. മുഖ്യകുറ്റവാളിയെന്ന് പ്രചരിപ്പിച്ച് തുറുങ്കിലടച്ച സി എച്ച് അശോകനെ ചോദ്യംചെയ്യാന്‍ തുടങ്ങിയപ്പോള്‍, അദ്ദേഹം "കുറ്റം സമ്മതിച്ചു" എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍, ഹൈക്കോടതി അശോകന് ജാമ്യം അനുവദിച്ചതോടെ അത്തരം കള്ളങ്ങളാകെ പൊളിഞ്ഞിരിക്കുന്നു. പൊലീസ് കോടതിയില്‍ ബോധിപ്പിച്ചത്, അന്വേഷണവിവരങ്ങള്‍ തങ്ങള്‍ പുറത്തുവിടുന്നില്ല എന്നാണ്. അങ്ങനെ പുറത്തുവിടുന്നത് നിസ്സംശയം നിയമവിരുദ്ധമാണ്. എന്നിട്ടും ഇടതടവില്ലാതെ കഥകള്‍ വരുന്നു. കുറെ ദിവസം പ്രചരിച്ചശേഷമേ, അവ സത്യവിരുദ്ധമാണെന്ന് തെളിയുന്നുള്ളൂ. ഇത്തരം നുണകളുടെ ഉറവിടം പൊലീസാണോ മാധ്യമങ്ങളാണോ യുഡിഎഫ് നേതൃത്വമാണോ എന്ന സംശയം പിന്നെയും ബാക്കിയാകുന്നു. ഈ നുണകള്‍ കേസിന്റെ ഗതിയെത്തന്നെ ബാധിക്കുംവിധം വളരുമ്പോഴാണ്, തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രളയം സൃഷ്ടിക്കുമ്പോഴാണ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസും മാധ്യമങ്ങളും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ആ ഹര്‍ജിയെ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമായി ചിത്രീകരിക്കാനും ഈ കേരളത്തില്‍ ശ്രമമുണ്ടായി. ഇപ്പോഴിതാ, ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ മൊഴിയെന്നപേരില്‍ വളച്ചൊടിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നു.

കേസില്‍ അറസ്റ്റിലായ സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്റെ ഭാര്യ എം കെ യശോദ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എസ് എസ് സതീശ്ചന്ദ്രനാണ് മലയാള മനോരമ, മാതൃഭൂമി, മാധ്യമം എന്നീ പത്രങ്ങള്‍ക്കും ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ്, മനോരമ എന്നീ ചാനലുള്‍ക്കും നോട്ടീസ് അയച്ചത്. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ വന്നതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അഡ്വ. എം കെ ദാമോദരന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡിജിപിയുള്‍പ്പെടെയുള്ള പൊലീസ് അധികാരികള്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. അന്വേഷണവിവരങ്ങള്‍ അന്വേഷണഘട്ടത്തില്‍ പ്രസിദ്ധീകരിക്കുന്നത് കോടതിയുടെ അധികാരത്തിലുള്ള ഇടപെടലാണെന്നും അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുംമുമ്പ് അന്വേഷണവിവരം ചോര്‍ത്തിനല്‍കാന്‍ പൊലീസിന് അവകാശമില്ലെന്നും സമ്പത്ത് കസ്റ്റഡിമരണക്കേസില്‍ ജസ്റ്റിസ് വി രാംകുമാര്‍ 2010 ഡിസംബര്‍ 22ന് വിധിച്ചതാണ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷിമൊഴികളും പ്രതികളുടെ മൊഴികളും അന്വേഷണപുരോഗതിയും മറ്റു വിവരങ്ങളും പൊലീസില്‍നിന്ന് ലഭിച്ചെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. രാഷ്ട്രീയലക്ഷ്യം വച്ചുള്ള നിരന്തരമായ മാധ്യമപ്രചാരണം നിരപരാധികളെ അപരാധികളാക്കുകയാണ്. ഇത് നീതിപീഠത്തെ സ്വാധീനിക്കുന്ന തലത്തില്‍വരെ ഉയരാമെന്ന ഭീതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സത്യസന്ധമല്ലാത്ത വാര്‍ത്തകളിലൂടെ കേസുകളെ സ്വാധീനിച്ച അനുഭവങ്ങളും അത്തരം സന്ദര്‍ഭങ്ങളില്‍ സുപ്രീം കോടതിയുള്‍പ്പെടെ ഇടപെട്ടതിന്റെ ഉദാഹരണങ്ങളും ഹര്‍ജിയില്‍ നിരത്തുന്നു.

മാധ്യമങ്ങള്‍ക്കെതിരായ നീക്കമായി ഇതിനെ വ്യാഖ്യാനിക്കാന്‍ പുറപ്പെടുന്നവരുണ്ട്. മാധ്യമങ്ങള്‍ നിശ്ചയമായും പാലിക്കേണ്ട മര്യാദകളും നീതിബോധവും എന്തൊക്കെ എന്ന ഗൗരവമായ ചര്‍ച്ചയ്ക്കാണ് കോടതി നടപടി വഴിമരുന്നിടേണ്ടത്. മാധ്യമസ്വാതന്ത്ര്യം എന്നാല്‍, തങ്ങള്‍ നിശ്ചയിക്കുന്ന ശത്രുവിനെതിരെ അമ്പരപ്പിക്കുന്ന നുണപ്രചാരണം നടത്തുന്നതിനുള്ള സ്വാതന്ത്ര്യമല്ല; നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കുന്നതിനുള്ള സ്വാതന്ത്ര്യമല്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അത്തരം ആരോഗ്യകരമായ ചിന്തയ്ക്കും ആത്മപരിശോധനയ്ക്കും ഈ കേസിന്റെ തുടര്‍നടപടികള്‍ കാരണമാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം